സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ അവകാശമുള്ള കുട്ടികളെ നാം വളര്‍ത്തുന്ന രീതിയെതെങ്ങനെ?

ഷൗക്കത്ത് എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്' എന്ന പുസ്തകം എന്‍. പി ഹാഫിസ് മുഹമ്മദിന്റെ വായനയില്‍...
ഫലവത്തായ രക്ഷാകര്‍ത്തൃത്വം വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ ഏറെ പ്രസക്തമായി നിലകൊള്ളുന്നുണ്ട്. ഇന്ന് കുട്ടികളെ വളര്‍ത്തുന്നതിലെ പ്രശ്‌നങ്ങളും പ്രതിസന്ധികളും മുമ്പ് അനുഭവിച്ചവയല്ല. ഭൗതിക സാമൂഹിക ജീവിതത്തിലെ മാറ്റങ്ങള്‍ കുട്ടികളുടെ സാമൂഹീകരണത്തേയും അവരുടെ വിദ്യാഭ്യാസത്തേയും സാരമായി ബാധിക്കുന്നു. കൗമാരക്കാരുടെ പ്രശ്‌നങ്ങള്‍ രക്ഷാകര്‍ത്തൃത്വത്തിന്റെ സാധ്യതകളും ഉത്തരവാദിത്വങ്ങളും അസ്വസ്ഥതപ്പെടുത്തുമാറ് കൂടിവരുന്നുണ്ട്. എന്നാല്‍ മുതിര്‍ന്നവര്‍ പഠിച്ചതോ, മറ്റുള്ളവര്‍ പഠിപ്പിച്ചതോ ആയ ഇടപെടലുകള്‍ക്ക് ഇന്ന് വലിയ പ്രയോജനമൊന്നും ഇല്ലാതായിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട്തന്നെ രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള പാഠങ്ങളും പരിശീലനങ്ങളും പുതുക്കിക്കൊണ്ടേയിരിക്കുന്നു. രക്ഷാകര്‍ത്താക്കള്‍ക്കുള്ള പാരന്റിങ് പുസ്തകങ്ങള്‍ ധാരാളം ലഭ്യമാണെങ്കിലും കാലാനുസൃതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട പ്രായോഗികമായി നടപ്പിലാക്കാവുന്ന പാഠങ്ങള്‍ മുതിര്‍ന്നവര്‍ക്ക് ലഭ്യമല്ല. രക്ഷാകര്‍ത്താക്കള്‍ക്കുളള കൈപുസ്തകങ്ങളുടേയും പരിശീലന കളരികളുടേയും ആവശ്യകത എന്നത്തേക്കാളും ഏറിവരുന്നുമുണ്ട്. കുട്ടികളുടെ വളര്‍ച്ചയില്‍ സജീവമായി പങ്കാളികളാകുന്ന രക്ഷാകര്‍ത്താക്കള്‍ക്കും അധ്യാപകര്‍ക്കുമുള്ള പുസ്തകങ്ങളില്‍ വ്യത്യസ്തവും പുതിയതുമായ ഒന്നാണ് ദാര്‍ശനികനും മെന്ററുമായ ഷൗക്കത്തിന്റെ 'കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്' എന്ന പുസ്തകം.
കുട്ടി എന്ന വ്യക്തി
പാരന്റിങ് പാഠങ്ങളുടെ ഭാഷീകരണം നടത്തി അവതരിപ്പിക്കുന്ന രീതിയല്ല, കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട് എന്ന മുതിര്‍ന്നവര്‍ക്കുള്ള കൈപ്പുസ്തകം. അപ്രായോഗികമായ ഉപദേശങ്ങളുടെയോ കല്‍പ്പനകളുടെയോ സമാഹരമല്ല മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഈ ഗ്രന്ഥം. ഗുരു നിത്യചൈതന്യയതിക്കൊപ്പമുള്ള സഹവാസം നല്കിയ അനുഭവജ്ഞാനവും ദശാബ്ദങ്ങളുടെ വായനയും സ്വരൂപിച്ച ഒരു ഏകാകിയുടെ വിചാരങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സമാഹരിച്ചിരിക്കുന്ന അസാധാരണമായ സഹായക ഗ്രന്ഥമാണിത്.
കുട്ടിയെ ഒരു വ്യക്തിയായി അംഗീകരിക്കുന്ന മനോഭാവമാണ് ഈ ഗ്രന്ഥത്തിലുള്ള പാഠങ്ങളുടെ അടിത്തറ. വ്യതിരിക്ത വ്യക്തിത്വം പ്രകടിപ്പിക്കുന്ന കുട്ടികളുടെ ലോകമാണ് ഇന്നിന്റേത്. സ്വന്തമായ അഭിപ്രായം പ്രകടിപ്പിക്കുവാന്‍ ഓരോ കുട്ടികള്‍ക്കും അവകാശമുണ്ട്. വ്യക്തിപരമായ സ്വാതന്ത്ര്യം അവരുടെ ഉച്ഛ്വാസവായുവാണ്. അവരുടെ ഇഷ്ടാനിഷ്ടങ്ങള്‍ അവഗണിക്കുന്നില്ല. കുട്ടികളെ അവരുടെ സ്ഥാനത്തുനിന്ന് സാത്മ്യം പ്രാപിക്കാന്‍ ഷൗക്കത്ത് ആവശ്യപ്പെടുന്നു. സമഭാവത്തില്‍നിന്ന് മാത്രമേ കുട്ടികളെ മനസ്സിലാക്കാന്‍ പറ്റൂ. അതുകൊണ്ടുതന്നെ മുതിര്‍ന്നവരുടെ ബോധനിലവാരം കുട്ടികളുടേതുമായി ഇഴുകിച്ചേര്‍ന്നിരിക്കേണ്ടതിന്റെ അനിവാര്യത ഷൗക്കത്ത് ചൂണ്ടിക്കാണിക്കുന്നു.
സ്വാനുഭവങ്ങളുടെ രുചിക്കൂട്ട്
കുട്ടികളുടെ പ്രശ്നങ്ങള്‍ പുതിയതാണ്. പഠനവും പരീക്ഷയും കുട്ടികള്‍ക്ക് അധിക സമ്മര്‍ദ്ദത്തിനും ആന്തരിക സംഘര്‍ഷങ്ങള്‍ക്കും കാരണമാകുന്നുണ്ട്. സാഹചര്യങ്ങള്‍ തീര്‍ത്തും വ്യത്യാസപ്പെട്ടുകൊണ്ടിരിക്കുന്നു. കുട്ടികളുടെ പ്രശ്നങ്ങളും മുമ്പുള്ളതിനേക്കാള്‍ വ്യത്യസ്തവും സങ്കീര്‍ണ്ണവുമാണ്. ഗെയിമുകളും സോഷ്യല്‍ മീഡിയയും മൊബൈലും അവരുടെ വ്യവഹാരത്തെ സാരമായി സ്വാധീനിക്കുന്നു. ലഹരിപദാര്‍ത്ഥങ്ങളുടെ ദുരുപയോഗവും ചിലരുടെയെങ്കിലും വിധേയത്വവും പുതിയ പ്രശ്നങ്ങളാണ്. കുട്ടികളുടെ മീതേ വെച്ചുപുലര്‍ത്തുന്ന അമിത പ്രതീക്ഷകള്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും അസ്വസ്ഥതകള്‍ ഏറ്റുന്നു. മുതിര്‍ന്നവര്‍ കുട്ടികളായിരുന്നപ്പോള്‍ അഭിമുഖീകരിച്ച സാഹചര്യങ്ങളോ പ്രശ്നങ്ങളോ അല്ല ഇന്നിന്റെത്. ഇത്തരം പ്രശ്നങ്ങള്‍ അഭിമുഖീകരിക്കാനും പരിഹാരം കാണാനും പുതിയ ഉള്‍ക്കണ്ണും ഉപകരണങ്ങള്‍ും അനിവാര്യമാണെന്ന് ഷൗക്കത്ത് ആവശ്യപ്പെടുന്നു. സ്വാനുഭവങ്ങളുടെ അടുപ്പില്‍നിന്ന് വേവിച്ചെടുക്കുന്ന രുചിക്കൂട്ടുകള്‍ ഷൗക്കത്ത് മുതിര്‍ന്നവര്‍ക്ക് നല്കുന്നു. മനഃശാസ്ത്രജ്ഞന്‍ കൂടിയായിരുന്ന ഗുരു നിത്യയുമായുള്ള ശിഷ്യത്വം ആധുനിക മനഃശാസ്ത്രജ്ഞരെ അറിയാനും അവരുടെ സിദ്ധാന്തങ്ങള്‍ മനസ്സിലാക്കാനും ഷൗക്കത്തിന് അവസരം നല്‍കിയിട്ടുണ്ട്. നടരാജഗുരുവിന്റെയും ശ്രീനാരായണഗുരുവിന്റെയും ജീവിതദര്‍ശനങ്ങള്‍ ഷൗക്കത്ത് യതിയിലൂടെ അംഗീകരിച്ചിട്ടുണ്ട്. ഈ ഘടകങ്ങള്‍ 'കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നമുണ്ട്' എന്ന ഗ്രന്ഥത്തെ വ്യത്യസ്തമാക്കുന്നു. പുതുകാലത്തെ പ്രശ്നങ്ങളെ അഭിമുഖീകരിക്കാനുള്ള നൈപുണ്യം വളര്‍ത്തിയെടുക്കാന്‍ മുതിര്‍ന്നവര്‍ക്ക് ഈ ഗ്രന്ഥം ഒരു വഴികാട്ടിയായിത്തീരുകയും ചെയ്യുന്നു.
നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല
കുട്ടികളെക്കുറിച്ച് ഖലീല്‍ ജിബ്രാന്റെ 'പ്രവാചക'നില്‍ നിന്ന് ഉദ്ധരിക്കുന്നു: നിങ്ങളുടെ കുഞ്ഞുങ്ങള്‍ നിങ്ങളുടേതല്ല. നിങ്ങളിലൂടെയാണ് വന്നതെങ്കിലും നിങ്ങളില്‍നിന്നല്ല. നിങ്ങളോടൊപ്പമുണ്ടെങ്കിലും നിങ്ങളുടേതല്ല. നിങ്ങളുടെ ചിന്തകളല്ല അവര്‍ക്കുള്ളത്, അവര്‍ക്ക് അവരുടേതായ സ്വപ്നങ്ങളുടെ. അവരുടെ ആത്മാവിനെ തളച്ചിടുന്നത് പ്രകൃതിവിരുദ്ധമായ കാര്യമായി ഖലീല്‍ ജിബ്രാന്‍ കാണുന്നു. ഈ ആശയങ്ങള്‍ ആദ്യാദ്ധ്യായങ്ങളില്‍ ഷൗക്കത്ത് അവതരിപ്പിക്കുന്നു. കുട്ടികളോടുള്ള സമീപനങ്ങളിലും പെരുമാറ്റങ്ങളിലും പുതിയ മാറ്റങ്ങള്‍ ഉണ്ടാകേണ്ടതിന്റെ ആവശ്യകത ഷൗക്കത്ത് വിശദീകരിക്കുന്നു. കുട്ടികളോടുള്ള പെരുമാറ്റങ്ങളില്‍ പഴയ ശീലങ്ങളില്‍നിന്നുള്ള വിമോചനം ആവശ്യമാണെന്ന് അദ്ദേഹം കരുതുന്നു. കുഞ്ഞുങ്ങള്‍ എങ്ങനെയായിരിക്കണമെന്ന ചിന്ത മാറ്റിവെച്ച്, എങ്ങിനെ പെരുമാറണമെന്നതിന് പുതുപാഠങ്ങള്‍ പഠിക്കേണ്ടതിന്റെ ആവശ്യകത ഷൗക്കത്ത് വ്യക്തമാക്കുന്നു. കുട്ടികളോട് സൗഹൃദം ഉണ്ടാക്കുന്നവര്‍ക്കേ അവരെ അറിയാനും അറിയിക്കാനും സാധിക്കൂ. കുഞ്ഞുങ്ങളോട് പെരുമാറാനുള്ള പുതു മര്യാദകള്‍ മുതിര്‍ന്നവര്‍ സ്വയവത്താക്കേണ്ടതുണ്ട് എന്ന് ഷൗക്കത്ത് നിഷ്‌കര്‍ഷിക്കുന്നു. കുട്ടികളെ ചേര്‍ത്തുനിര്‍ത്താന്‍ മുതിര്‍ന്നവര്‍ സമയം കണ്ടെത്തേണ്ടതുണ്ട്; അവസരങ്ങള്‍ ഉണ്ടാക്കേണ്ടതുമുണ്ട്.
കുഞ്ഞുങ്ങള്‍ക്ക് വേണ്ടി ജീവിക്കേണ്ടതില്ല
കുട്ടികളെ കുടുംബത്തിന്റെ അച്ചുതണ്ടാക്കുന്ന മനോഭാവം പ്രശ്നങ്ങള്‍ അധികരിപ്പിക്കുന്നു എന്ന് ഷൗക്കത്ത് കരുതുന്നു. ഷൗക്കത്ത് പറയുന്നു: 'കുഞ്ഞുങ്ങള്‍ക്ക് വേണ്ടി നാം ജീവിക്കേണ്ടതില്ല. കുഞ്ഞുങ്ങള്‍ നമുക്കൊപ്പം ജീവിക്കട്ടെ. കുട്ടികളെ കൂട്ടത്തിലൊരാളായി കണക്കാക്കിയുള്ള ശിക്ഷണമാണ് രക്ഷകര്‍ത്താക്കള്‍ സ്വായത്തമാക്കേണ്ടത്; ശിക്ഷാമാര്‍ഗ്ഗമല്ല ഫലപ്രദം. കുട്ടികളുടെ സ്വഭാവവിശേഷങ്ങള്‍ സ്വയമേവ ഉണ്ടാകുന്നതല്ല, മുതിര്‍ന്നവര്‍ ഉണ്ടാക്കിയെടുക്കുന്നതാണ്. പഠിച്ചതിനെ സ്വന്തം ജീവിതത്തില്‍ സ്വാംശീകരിച്ച് പ്രസരിപ്പിക്കുന്ന ഗുരുവിനെയാണ് കുട്ടികള്‍ക്കാവശ്യം. കല്‍പ്പിക്കുകയും കുറ്റപ്പെടുത്തുകയും ചെയ്യുന്ന ടീച്ചര്‍മാരെയല്ല.
ഓരോ കുറിപ്പുകളിലായി പാരന്റിങ്ങ് പാഠങ്ങള്‍ ഷൗക്കത്ത് മുന്നോട്ട് വെക്കുന്നു. പങ്കുവെക്കലിന്റെ പാഠങ്ങള്‍ക്ക് പ്രാധാന്യമുണ്ട്. കുട്ടികള്‍ കണ്ടുപഠിക്കുന്നു, കേട്ടുപഠിക്കുകയല്ല. കുട്ടികളെ ശബ്ദമടക്കിക്കൊണ്ട് ബോദ്ധ്യപ്പെടുത്താനാണ് മുതിര്‍ന്നവര്‍ ശ്രദ്ധിക്കേണ്ടത്. നല്ല കേള്‍വിക്കാര്‍ക്കു മുന്നില്‍ കുട്ടികള്‍ മനസ്സു തുറക്കുന്നു. അപ്പോള്‍ അവരുരെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാനുള്ള മാര്‍ഗ്ഗം ഒരുക്കാവുന്നതാണ്. മൊബൈല്‍ ദുരുപയോഗം, സോഷ്യല്‍ മീഡിയ വിധേയത്വം, ലഹരിപദാര്‍ത്ഥ ദുരുപയോഗം തുടങ്ങിയ പ്രശ്നങ്ങള്‍ക്ക് ഗ്രന്ഥകര്‍ത്താവ് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. ലിംഗവിവേചനത്തിന്റെയും ചൂഷണങ്ങളുടെയും വേരുകള്‍ പൊട്ടിമുളയ്ക്കുന്നത് കുടുംബത്തില്‍നിന്നാണ് എന്ന് ഷൗക്കത്ത് കരുതുന്നു. ഈ സമൂഹനിര്‍മ്മിതികളെ മറികടക്കാനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ ഗ്രന്ഥകര്‍ത്താവ് നല്കുന്നുണ്ട്.
ചേര്‍ത്തുപിടിക്കാം, ചേര്‍ന്നിരിക്കാം
'നമ്മുടെ കുഞ്ഞുങ്ങളി'ല്‍ തുടങ്ങി, 'ചേര്‍ത്തുപിടിക്കാം ചേര്‍ന്നിരിക്കാം' വരെയുള്ള നാല്‍പ്പത്തിമൂന്ന് താരതമ്യേന ഹ്രസ്വമായ കുറിപ്പുകളാണ് 'കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്' എന്ന ഗ്രന്ഥത്തില്‍ സമാഹരിച്ചിരിക്കുന്നത്. അതിനിടയില്‍ മുതിര്‍ന്നവര്‍ സ്വീകരിക്കേണ്ടതും ഉപേക്ഷിക്കേണ്ടതുമായ കാര്യങ്ങളും കുട്ടികളെ പരിശീലിപ്പിക്കേണ്ട നൈപുണ്യങ്ങളും ഷൗക്കത്ത് ലളിതമായി തെളിമയുറ്റ ആഖ്യാനത്തോടെ അവതരിപ്പിക്കുന്നു. സിദ്ധാന്തങ്ങളുടെയോ ദര്‍ശനങ്ങളുടെയോ ഭാരമേതുമില്ലാതെ ഗ്രന്ഥകര്‍ത്താവ് പ്രായോഗിക പാഠങ്ങള്‍ അവതരിപ്പിക്കുന്നു. ലളിതമായ ശൈലി ആശയങ്ങള്‍ക്ക് ആഴമുള്ളതാക്കുന്നു. കൗണ്‍സലര്‍, സോഷ്യല്‍ വര്‍ക്കര്‍, അദ്ധ്യാപകര്‍, രക്ഷാകര്‍ത്താക്കള്‍ തുടങ്ങിയവര്‍ക്ക് പ്രായോഗിക തലങ്ങളില്‍ അനുവര്‍ത്തിക്കാന്‍ കഴിയുന്ന കാര്യങ്ങളാണ് ഷൗക്കത്ത് നിര്‍ദ്ദേശിക്കുന്നത്. കുട്ടികളുടെ വിചാര-വികാര-വ്യവഹാരങ്ങളെ ഫലവത്തായ രീതിയില്‍ വളര്‍ത്തിക്കൊണ്ടുവരാനുള്ള ശ്രമങ്ങളെയാണ് ഷൗക്കത്ത് അടയാളപ്പെടുത്തുന്നത്. വ്യക്തിത്വത്തിന്റെ സമഗ്രതലങ്ങളിലും മാറ്റങ്ങളുണ്ടാക്കുവാന്‍ കുട്ടികളെ സ്നേഹിക്കുന്ന മുതിര്‍ന്നവര്‍ക്കുള്ള ഒരു കൈപ്പുസ്തകമാണ് 'കുഞ്ഞുങ്ങള്‍ക്ക് അവരുടേതായ സ്വപ്നങ്ങളുണ്ട്' എന്ന ഗ്രന്ഥം എന്നതില്‍ സംശയമില്ല.
Content Highlights: np hafiz muhammed reviews the book by shoukath kunjungalkku avarudethaya swapnangalund