'നിങ്ങള്‍ ഈ കൃതിയില്‍ തൊടുമ്പോള്‍ എം.ടിയെ തൊടുന്നു, നാടിനെയും കാലത്തെയും ജീവിതത്തെയും...'

മഹത്തുക്കളുടെ ജീവചരിത്രമല്ലാതെ മറ്റൊന്നുമല്ല ലോകചരിത്രം എന്നും മഹത്വമുള്ള ഒരാളുടെയും ജീവിതം വൃഥാവിലാവുന്നില്ല എന്നും പറഞ്ഞത് കാര്‍ലൈലാണ്. മഹത്തുക്കളായ പലരുടെയും ജീവിതത്തെ രൂപപ്പെടുത്തിയ ഉദാത്തമായ സര്‍ഗ്ഗാത്മക ജീവിതസന്ദര്‍ഭങ്ങള്‍ വേണ്ടവിധത്തില്‍ അടയാളപ്പെടുത്തപ്പെടാതെ പോകുന്നു എന്നതാണ്, പക്ഷെ നിര്‍ഭാഗ്യം. ധന്യമായ ജീവിതങ്ങളെ അവയുടെ സൂക്ഷ്മാംശങ്ങളിലേക്കു കടന്നുചെന്ന് സമഗ്രമായി ഒപ്പിയെടുക്കുന്നതിന് നിസ്തന്ദ്രവും സമര്‍പ്പിതവുമായ ഒരു സപര്യ തന്നെ വേണം. താനിതു ചെയ്യുന്നില്ലെങ്കില്‍ മറ്റൊരാളിതു ചെയ്യാനില്ല എന്നു ബോധ്യത്തോടെയുള്ള ജീവിതസമര്‍പ്പണം. ആ വിധത്തിലുള്ള ഒരു സമര്‍പ്പിത സപര്യയുടെ ഫലമാണ് ഡോ. കെ ശ്രീകുമാറിന്റെ 'എം.ടി വാസുദേവന്‍ നായര്‍' എന്ന ജീവചരിത്ര ഗ്രന്ഥം.
നിങ്ങള്‍ ഒരു കൃതിയെ തൊടുമ്പോള്‍ ഒരു വ്യക്തിയെ തൊടുന്നു എന്ന് വാള്‍ട്ട് വിറ്റ്മാന്‍ പറഞ്ഞതാണ് ഓര്‍മ്മ വരുന്നത്. അദ്ദേഹത്തിന്റെ നിരീക്ഷണം കടമെടുത്തുകൊണ്ട് പറയട്ടെ, 'നിങ്ങള്‍ ഈ കൃതിയില്‍ തൊടുമ്പോള്‍ എം.ടിയെ തൊടുന്നു, എം.ടിയുടെ നാടിനെയും കാലത്തെയും ജീവിതത്തെയും ഭാഷയെയും സാഹിത്യലോകത്തെയും തൊടുന്നു'. സഹൃദയലോകം അറിഞ്ഞിട്ടില്ലാത്ത, അഥവാ അറിഞ്ഞിട്ടുണ്ടെങ്കില്‍ തന്നെ വേണ്ട വിധത്തില്‍ മനസ്സിലാക്കിയിട്ടില്ലാത്ത എം.ടിയുടെ സ്വഭാവ വൈശിഷ്ട്യങ്ങളുടെ സാരസത്ത പകര്‍ന്നുവച്ചിരിക്കുന്നു ഈ കൃതി.
എഴുത്തുകാരനായ എം.ടിയുടെ വ്യക്തിത്വവും ആ വ്യക്തിത്വം ഉള്‍ച്ചേര്‍ന്ന എഴുത്തുലോകവും ഗാഢമായി പരിചയിച്ചതിന്റെ ഉപോല്‍പന്നമാണ് ഈ കൃതി എന്നു പറയാം. എം.ടിയുടെ സര്‍ഗ്ഗസൃഷ്ടികളെ പശ്ചാത്തലത്തില്‍ നിര്‍ത്തി അതിലെ എം.ടിയെ കണ്ടെത്തുന്ന മൗലികമായ സമീപനവ്യതിരിക്തത ഈ കൃതിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു.
വള്ളുവനാടന്‍ കഥകളുടെ ആഖ്യാനകാരന്‍ എന്നതുപോലെയുള്ള വിശേഷണങ്ങളുടെ പരിമിതികളില്‍ ഒതുങ്ങിനില്‍ക്കാത്തതും വാരണാസിയെയും മഞ്ഞിനെയും പോലുള്ള കൃതികള്‍ വ്യക്തമാക്കിത്തരുന്ന ദേശാതീതമായ മാനസിക സാമ്രാജ്യത്വത്തിന്റെ ചക്രവാളങ്ങളെ തിരയുന്നതുമായ ഒരു മൗലികത ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.
ബഹുമുഖ വ്യക്തിത്വങ്ങളെ കുറിച്ചെഴുതുമ്പോള്‍ അവരുടെ ഏതെങ്കിലും ഒരു മുഖം മാത്രം കൂടുതല്‍ ദീപ്തമാവുകയും ഇതര മുഖങ്ങള്‍ ആ ദീപ്തിയില്‍ മങ്ങിപ്പോവുകയും ചെയ്യുക എന്ന വൈഷമ്യം ഉണ്ടാകാറുണ്ട്. എന്നാല്‍ കെ ശ്രീകുമാര്‍ എം.ടിയെ കുറിച്ചെഴുതുമ്പോള്‍ ആ വൈഷമ്യം ഉണ്ടാകുന്നതേയില്ല. നാടിന്റെ സംസ്‌കാരത്തിലും നാട്ടുജനതയുടെ മനസ്സിലും ഒരുപോലെ അലിഞ്ഞുചേര്‍ന്ന സത്തയായി എം.ടി എന്ന മിത്ത് കാലാതീതമായി മാറുന്നതിന്റെ പിന്നിലെ ഘടകങ്ങളെ കുറിച്ചുള്ള അന്വേഷണം, പരീക്ഷണതാത്മകതയുടെ വഴിയേ മലയാളത്തിന്റെ എഴുത്തുരീതികള്‍ അതിവേഗം മാറിപ്പോകുമ്പോഴും എം.ടിയുടെ ഭാഷ എങ്ങനെ അതിജീവിക്കുന്നു എന്നതിനെ കുറിച്ചുള്ള നിരീക്ഷണങ്ങള്‍, ഫ്യൂഡല്‍ വ്യവസ്ഥിതിയുടെ തകര്‍ച്ച, മരുമക്കത്തായത്തിന്റെ തകര്‍ച്ച തുടങ്ങിയവ സാമൂഹിക ഭാഷയിലല്ലാതെ മാനസിക ഭാഷയിലൂടെ കഥാപാത്രങ്ങളെ രൂപകങ്ങളാക്കി അവതരിപ്പിക്കുന്നതെങ്ങനെ എന്ന ആരായലുകള്‍ എന്നിവയ്ക്കൊക്കെ ഉത്തരം നല്‍കുന്ന പലതുമുണ്ട് ഈ കൃതിയില്‍. ആ ജീവിതത്തിന്റെ നാള്‍വഴികളെ അതു കടന്നുപോയ സ്ഥലരാശികളെയും അതു പരിവര്‍ത്തിപ്പിച്ച സാഹിത്യലോകത്തെയും ഒക്കെ അവയുടെ സൂക്ഷ്മതയിലും സമഗ്രതയിലും ഉള്‍ക്കൊള്ളുന്ന കെ ശ്രീകുമാറിന്റെ ഈ ജീവചരിത്രകൃതി നമ്മുടെ ഭാഷയുടെയും സാഹിത്യത്തിന്റെയും സംസ്‌കാരത്തിന്റെയും ഈടുവെയ്പ്പുകളിലേക്കുള്ള കനപ്പെട്ട സംഭാവനയാകുന്നു എന്നു പറയാന്‍ എനിക്ക് ചെറുതല്ല സന്തോഷം.
ഈ കൃതിക്കു പിന്നിലെ ശ്രീകുമാറിന്റെ ക്ലേശപൂര്‍ണമായ യത്നത്തെ ഞാന്‍ തിരിച്ചറിയുന്നു. ജിജ്ഞാസാപൂര്‍ണമായ അന്വേഷണ കൗതുകങ്ങളെ ഞാന്‍ സ്നേഹിക്കുന്നു. എല്ലാ കാലത്തിനും എല്ലാ തലമുറകള്‍ക്കും വേണ്ടി ഉല്‍കൃഷ്ടമായ ഈ ജീവചരിത്ര രചനാദൗത്യം ഏറ്റെടുത്ത ആ വലിയ മനസ്സിനെ ഞാന്‍ അഭിവാദ്യം ചെയ്യുന്നു.
Content Highlights: Prabha Varma Reviews the Biography of MT Vasudevan Nair Written by Dr. K Sreekumar