വൈബിനും റീലിനുമിടയിലെ മിന്നൽ ജീവിതം.

കഥ സാങ്കേതികത മാത്രമല്ല അതിൽ ജീവിച്ചയിടവും, ദർശനവും, ആഴക്കാഴ്ചയും ചേർന്നു കിടക്കുന്നു. തനിമ പകർത്തുമ്പോൾ തന്നെ ചുറ്റുപാടിന്റെ ബഹുസ്വരത അത് പകർത്തുന്നു. അങ്ങനെ സാംസ്കാരത്തിന്റെ മണ്ണിൽ നിന്ന് ഇലകൾ പൊടിച്ചു വരുന്നു. ഓർമ്മ, സഞ്ചാരം, ഭാവി പ്രത്യയം കെട്ടിക്കിടക്കാതെ ഒഴുകുന്നു. നിശ്ചലമാകുമ്പോൾ അവൻ / അവൾ എഴുത്തിൽ പരേതരാകുന്നു. അത് പ്രത്യാശയെ റദ്ദ് ചെയ്യുന്നു. ജനസേവനത്തിലെ ലാളിത്യം പോലെ എഴുതുന്നതിലും ഭാഷ പ്രധാനമാകുന്നു. തേഞ്ഞ് പഴകിയത് ഒഴിവാക്കും പോലെ പുതിയത് പുതുക്കപ്പെടണം.ആ സാംസ്കാരിക പ്രകാശനം മിന്നലാട്ടം ഒരുക്കുമ്പോൾ നമ്മൾ എഴുത്ത് തിരിച്ചറിയുന്നു. ലോകത്തിന്റെ രണ്ട് അറകൾ എഴുത്ത് / എഴുതുന്നവർ വാതിൽ തുറക്കുമ്പോൾ ജീവിതം കണ്ടവരുടെ പൂന്തോട്ടം നമ്മൾ കാണുന്നു. അത് കൊണ്ട് പ്രതീകാത്മകമായി ചെല്ലുന്നിടത്തെല്ലാം പൂന്തോട്ടം ഉണ്ടാക്കിയ ബഷീർ ജീവിത ദർശനം കാണിച്ചു തന്നതാണോ പൂന്തോട്ടം എന്ന് ഇടക്കിടക്ക് ഓർത്തു പോകുന്നു.
റഫീഖ് മേമുണ്ടയുടെ 'മിന്നൽ ജീവിതം ' എന്ന കഥാപുസ്തകം വായിച്ചപ്പോൾ മനസ്സിൽ ഉരുത്തിരിഞ്ഞ സംഗതിയാണ് മുകളിൽ എഴുതിയത്. റഫീഖിൽ ഒരു വിഷാദച്ചിരിയുണ്ട്. പ്രത്യാശ നഷ്ടപ്പെടാത്ത ചിരി. അത് കേസരി സൂചിപ്പിച്ച കേരള മനുഷ്യരുടെ ജീനിൽ അലിഞ്ഞുചേർന്ന ഫലിത പാരമ്പര്യത്തിന്റെ സ്വാംശീകരണം ആകുന്നു.
ബൃഹദാഖ്യാനങ്ങളുടെ ലോകത്ത് റീലിനും, വാചകമേളക്കും ജെൻസി തലമുറയിൽ നേടിയെടുക്കാൻ കഴിഞ്ഞ സ്വാധീനം മിന്നൽക്കഥകൾക്കും കവിതകൾക്കും സാധിക്കുമെന്നിരിക്കെ ഈ കഥകൾ അങ്ങനെയുള്ള ആയിരക്കണക്കിന് വായനക്കാരിലേക്ക് എത്തിക്കാനാവും. കൊള്ളേണ്ടിടത്ത് കൊള്ളിക്കുന്ന ഭാഷാ മിടുക്ക് വേണമെന്നു മാത്രം. റഫീഖിന്റെ കഥകളിൽ അത്തരമൊരു സ്പെയ്സ് ഉണ്ട്. ചെറുവാചകത്തിൽ അകം-പുറം ഫ്ലാഷ് അടിച്ചു കാണിക്കുമ്പോൾ നമ്മളെ വികാരത്തോടൊപ്പം ചിന്തയിലേക്കുമത് നയിക്കുന്നു. ഈ സമാഹാരത്തിൽ അത്തരം നിരവധി കൊച്ചുകഥകൾ ഉണ്ട്. ഒരു സ്പാർക്ക് അതിലൂടെ അവനവനിലേക്ക് ഒരു പരിശോധന അതാണീ മിന്നൽ ജീവിതത്തിന്റെ ന്യൂക്ലിയസ്സ്. ചില കഥകൾ പ്രസ്താവനകളായി മാറുമ്പോൾ അത് യുക്തി കൊണ്ട് തോല്പിക്കാനാവുമെന്ന് തിരിച്ചറിയുന്നിടത്താണ് കഥാരചനയിലെ വൈഭവം തെളിയേണ്ടത്. അല്ലെങ്കിൽ എളുപ്പം തോല്പിക്കാൻ കഴിയും. ചില കഥകൾ അത്തരത്തിൽ ഉണ്ടെന്നത് മറച്ചുവെക്കുന്നില്ല. എങ്കിലും റീൽ അനുഭവം പോലെ വെളിച്ചം അടിച്ച് വെളിച്ചപ്പെടുത്തുന്ന ആനുകാലിക ജീവിത വിമർശനം, പ്രവാസിയുടെ കണ്ണീരും കഷ്ടപ്പാടും നിറഞ്ഞ ജീവിത ദുഃഖം, സ്വയം വിചാരണ കഥകൾക്ക് പുതുമ നൽകുന്നു. "ഈ ഫുഡ്" എന്ന കഥ വായിച്ചപ്പോൾ മുല്ലാ നസീറുദ്ദീൻ കഥയിലെ കഴുതയെപ്പറ്റിയാണ് ഓർമ്മിച്ചത്. ഫലിതം ജീവിതക്കാഴ്ചയായി മാറുന്ന വായന എന്തുകൊണ്ടും ആധുനിക നഗര (നരക ) ജീവിതത്തിലെ വായനക്കാർക്കുള്ള ചൂട്ട് കത്തിച്ച് പൊള്ളിക്കലാണ്. മസില് പിടിക്കുന്നവരുടെ പെരുക്കത്തിൽ ലളിതമായി നാട്ടുമ്പുറതമാശക്കാരനായി ആഗോള പൗര ജീവിതം, സോഷ്യൽ മീഡിയ, പൊതുജീവിതം, സ്വന്തം ജീവിതം മറ്റൊരാളായി നോക്കിക്കാണൽ ശ്രദ്ധ അർഹിക്കുന്നു. റഫീഖിന്റെ ഭാഷയിൽ
"ചെരിപ്പുകൾക്ക് സ്വയം നടക്കാനോ നടത്തിക്കാനോ കഴിവുണ്ടായിരുന്നെങ്കിൽ, ചെരുപ്പ് എല്ലാവരെയും നേർവഴിയിൽ നടത്തിക്കുമായിരുന്നുവെന്ന് അയാൾക്ക് ബോധ്യമായി. "
(ചെരിപ്പ് എന്ന കഥ ).
ഈ സമാഹാരത്തിൽ പ്രവാസത്തിലൂന്നി നിരവധി കഥകൾ ഉണ്ട്. അറേബ്യയിലെ ഈന്തപ്പഴം പഴുക്കുന്ന കനത്ത ചൂട് കാറ്റ് യാഥാർത്ഥ്യം. അതിനെ ഒപ്പിയെടുത്ത കഥയാണ്" ചുടു ചുംബനം".
" അറബി നാട്ടിലുള്ള ഭർത്താവ് പ്രിയതമയ്ക്ക് ഒരു മുത്തം അയച്ചു.
അവളുടെ മുഖം കരിഞ്ഞു പോയി. അമ്പത്തൊന്ന് ഡിഗ്രി ചൂടിൽ നിന്നായിരുന്നു അയാൾ മുത്തം അയച്ചത് ".
ചെറിയ വാചകത്തിലൂടെ പരദേശ ജീവിതത്തിന്റെ ചിത്രം തന്ന് കടൽ കടന്നവരുടെ പ്രണയം റഫീഖ് വായനയിലേക്കെത്തിക്കുന്നു. അതേ പോലെ തന്നെയുള്ള കഥകളാണ് പ്രവാസി ആത്മാവ്, പെട്ടിനിറയെ സ്നേഹം, വാഹകൻ എന്നിവയൊക്കെത്തന്നെ.
വലുതിൽ നിന്ന് ചെറുതിലേക്ക് നടക്കുന്ന ഉത്തരാധുനികതയുടെ കാലത്ത് അനുഭവ ചിത്രങ്ങൾ നിറഞ്ഞ 'മിന്നൽ ജീവിതം' പല ആവർത്തി വായിച്ചാലും കുഴപ്പമില്ല. വായന ഒരു ഭാരമാക്കിത്തീർക്കാൻ റഫീഖ് ഇഷ്ടപ്പെടുന്നില്ല. ചെറിയ സമയം കൊണ്ട് വായിച്ചു തീർന്നാലും നിങ്ങൾ ചിന്താകുലതയിലെത്തണം എന്ന് കഥകൾ പ്രഖ്യാപിക്കുന്നു.ആ പ്രഖ്യാപനം സത്യസന്ധമാകുമ്പോൾ സമകാലിക ലോകക്രമത്തിൽ ഇടപെടലിന്റെ പ്രസക്തി കഥകൾ നല്കുന്നു. ചെറുതെങ്കിൽ ചെറുത് എന്ന് മിനി മാസികയെക്കുറിച്ച് എം.ഗോവിന്ദൻ എഴുതിയത് ഞാനിപ്പോൾ ഓർക്കുന്നു.
മിന്നാമിനുങ്ങിനെ കൂടുതൽ അമർത്തിപ്പിടിച്ചാൽ അത് ചത്തുപോകും. ഇരുട്ടിൽ മിന്നാമിനുങ്ങ് വെളിച്ചം തേടുന്നവർക്ക് ഇത് പാഠം. പ്രകൃതിപാഠങ്ങൾ സാഹിത്യ സിദ്ധാന്തത്തിലും കടന്നുവരാറുണ്ട്. അതൊന്നും വേണ്ടത്ര ശ്രദ്ധിക്കാറില്ല. പ്രകൃതിയിലെ ചില സന്ദർഭങ്ങൾ കഥയോട് ചേർത്തു വെച്ച് റഫീഖ് കഥ പറയുന്നുണ്ട്. അതൊരു ജീവിത മൂല്യമാണ്. വ്യക്തിയും വ്യക്തിത്വങ്ങളും വിട പറയുമ്പോൾ മത്സരത്തിൽ നിന്ന് ഒഴിഞ്ഞ സൂക്ഷിപ്പിടം
വായനക്കാർ തിരിച്ചറിയട്ടെ. കഥ തീരുന്നില്ല എന്നാണല്ലോ ആയിരത്തൊന്ന് രാവുകൾ തുറക്കുമ്പോഴേയുള്ള അനുഭവം.
Content Highlights: Explores Rafique Memunda's short story collection 'Minnal Jeevitham', Highlights themes of diaspora life, social critique, and subtle humor, Connects modern flash fiction with Gen Z reading habits, Available to buy online with direct purchasing options