ഉദയകാന്തി ചൊരിയുന്ന അസ്തമനം

#ഡോ. കെ.എസ്. രവികുമാര്‍
കെ.പി കേശവമേനോൻ, പുസ്കത്തിൻ്റെ കവർ
കെ.പി കേശവമേനോൻ, പുസ്കത്തിൻ്റെ കവർ

കെ. പി. കേശവമേനോന്റെ അസ്തമനം എന്ന ചെറുകഥയ്ക്ക് ഡോ. കെ. എസ്. രവികുമാർ എഴുതിയ പഠനം

'ഞാനെഴുതിയ ആദ്യത്തെ ലേഖനം കോഴിക്കോട് നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥയെപ്പറ്റി അന്നത്തെ കേരളപത്രികയിലേക്ക് എഴുതിയ ഒരു കുറിപ്പായിരുന്നു. എന്നെ അതിനു പ്രേരിപ്പിച്ചത് റോഡുകളുടെ സ്ഥിതി കണ്ട് എന്റെ മനസ്സില്‍ ഉദിച്ച വികാരങ്ങളാണ്. ആരും എന്നോട് ആവശ്യപ്പെട്ടിട്ടല്ല ഞാനത് എഴുതിയത്. എന്റെ മനസ്സില്‍ ഒതുക്കിനിര്‍ത്തുവാന്‍ സാധിക്കാത്ത അടങ്ങാത്ത വെമ്പല്‍കൊണ്ടു മാത്രമായിരുന്നു. ആ കുറിപ്പ് കടലാസില്‍ അച്ചടിച്ചുകണ്ടപ്പോള്‍ എനിക്കുണ്ടായ ആനന്ദം ഞാനെങ്ങനെ വിവരിക്കട്ടെ!' എഴുത്തുകാരന്‍ എന്ന നിലയില്‍ തന്റെ ആദ്യത്തെ ചുവടുവെപ്പിനെക്കുറിച്ച്  കെ.പി. കേശവമേനോന്‍ ആത്മകഥയില്‍ പറഞ്ഞതാണിത്. കോഴിക്കോട്ട് കേരള വിദ്യാശാലയില്‍ (ഇപ്പോഴത്തെ ഗുരുവായൂരപ്പന്‍ കോളേജ്) മെട്രിക്കുലേഷന്‍ വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് (1905-ലോ അതിനു മുമ്പോ) അദ്ദേഹം ആ കുറിപ്പെഴുതിയത്. 

ഇത് വ്യക്തമാക്കുന്നത്, തനിക്ക് നേരിട്ടനുഭവമുള്ള ജീവിതപ്രശ്നങ്ങളോടുള്ള പ്രതികരണം എന്ന നിലയിലാണ് ചെറുപ്പത്തില്‍ത്തന്നെ കെ.പി. കേശവമേനോന്‍ എഴുതാന്‍ തുടങ്ങിയത് എന്നാണ്. സ്വയം പ്രചോദിതനായി എഴുത്തിന്റെ രംഗത്തേക്ക് കടന്നുവന്ന അദ്ദേഹം, സുദീര്‍ഘമായ ജീവിതത്തില്‍ പ്രവാസത്തിന്റെ ഒരിടവേളയൊഴിച്ചാല്‍ പത്രപ്രവര്‍ത്തനവും സാഹിത്യരചനയും എന്നും വിടാതെ കൊണ്ടുനടന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഉഷ്ണദിനങ്ങള്‍ കേരളസമൂഹത്തെ ചൂടുപിടിപ്പിച്ചുകൊണ്ടിരുന്ന കാലത്ത് വ്യക്തമായ ലക്ഷ്യബോധത്തോടെയായിരുന്നു അദ്ദേഹം എഴുത്തിന്റെ മേഖലയില്‍ വളര്‍ന്നുവന്നത്. 
നവകേരളശില്‍പ്പികളില്‍ പ്രമുഖനായ കെ.പി. കേശവമേനോന്‍ സ്വാതന്ത്ര്യസമരനായകന്‍, മാതൃഭൂമിയുടെ സ്ഥാപകപത്രാധിപര്‍, ഐക്യകേരളപ്രസ്ഥാനത്തിന്റെ നേതാവ് എന്നീ നിലകളില്‍ കേരളത്തിന്റെ സാംസ്‌കാരികചരിത്രത്തില്‍ അതിപ്രധാനമായ സ്ഥാനം നേടിയിട്ടുണ്ട്.  അദ്ദേഹത്തിന്റെ ബഹുമുഖവ്യക്തിത്വത്തിലെ ഏറ്റവും തിളക്കമുള്ള ഘടകമാണ് സാഹിത്യരചന. പത്രപ്രവര്‍ത്തനത്തിന്റെ ഭാഗമായ പ്രയുക്ത രചനകള്‍ക്കു പുറമെ സാംസ്‌കാരികപ്രാധാന്യമുള്ള ഒട്ടേറെ സ്വതന്ത്രകൃതികള്‍ അദ്ദേഹം രചിച്ചു.

മനുഷ്യനെ ഇതര ജീവജാലങ്ങളില്‍നിന്നു വേര്‍തിരിച്ച് ഉയര്‍ത്തിനിര്‍ത്തുന്ന പ്രധാനഘടകങ്ങള്‍ അവന്‍ നേടിയ മനഃപരിപാകവും സാംസ്‌കാരികവികാസവുമാണ്. ജീവിസാധാരണമായ അതിജീവനത്വരയ്ക്കപ്പുറം,  മൂല്യാധിഷ്ഠിതമായ മാനസികവികാസം വ്യക്തികളില്‍ ഉണ്ടായാല്‍ മാത്രമേ സമൂഹം സാംസ്‌കാരികമായി ഉന്നമിക്കുകയുള്ളൂ. അത്തരം ഒരന്തരീക്ഷം കേരളസമൂഹത്തില്‍ രൂപപ്പെടാന്‍ വേണ്ടിയുള്ള പ്രവര്‍ത്തനങ്ങളിലാണ് അദ്ദേഹം പൊതുജീവിതത്തിന്റെ തുടക്കംമുതല്‍ ഏര്‍പ്പെട്ടത്. വൈദേശികാധിപത്യത്തില്‍നിന്ന് സ്വാതന്ത്ര്യം നേടാന്‍ വേണ്ടി രാഷ്ട്രീയപ്രവര്‍ത്തനത്തിനിറങ്ങിയപ്പോള്‍, ആ പ്രാഥമികലക്ഷ്യത്തിനപ്പുറം സമൂഹത്തിന്റെ എല്ലാ നിലയിലുമുള്ള സ്വാതന്ത്ര്യത്തിനും വികാസത്തിനും വേണ്ടിയുള്ള വിശാലലക്ഷ്യമാണ് അദ്ദേഹത്തെ നയിച്ചത്. അതിന്റെ ഉന്നതവും മാനവികവുമായ തലമാണ് കെ.പി. കേശവമേനോന്‍ പത്രപ്രവര്‍ത്തനത്തിലും ഗ്രന്ഥരചനയിലും സാക്ഷാത്കരിക്കാന്‍ ശ്രമിച്ചത്. ഓരോ വാക്കും എഴുതുമ്പോള്‍ ജനതയുടെ സാംസ്‌കാരികോന്നമനത്തെക്കുറിച്ചുള്ള ലക്ഷ്യബോധം അദ്ദേഹത്തെ നയിച്ചിരുന്നു. 

മദിരാശിയില്‍ കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന കാലത്താണ് കെ.പി. കേശവമേനോന്‍ എഴുതിയ ആദ്യത്തെ പുസ്തകം പ്രസിദ്ധീകരിച്ചത്.  അപ്പോഴേക്കും രാഷ്ട്രീയകാര്യങ്ങള്‍ മനസ്സിലാക്കുന്നതിലും ദേശീയനേതാക്കളുടെ ജീവിതത്തെക്കുറിച്ചറിയുന്നതിലും അദ്ദേഹത്തിന് ഏറെ  ആഭിമുഖ്യമുണ്ടായിക്കഴിഞ്ഞിരുന്നു. അതിന്റെ ഫലമായാണ് ലാലാ ലാജ്പത് റായിയുടെ ലഘുജീവചരിത്രം എഴുതി പ്രസിദ്ധം ചെയ്തത്. ബി.എ. ബിരുദം നേടിയ കേശവമേനോന്‍ ബാരിസ്റ്റര്‍ പരീക്ഷയ്ക്ക് പഠിക്കാനായി1912-ല്‍ ഇംഗ്ലണ്ടിലേക്ക് പോയി. ബിലാത്തി (ലണ്ടന്‍) യിലേക്ക് പോകുമ്പോള്‍ അക്കാലത്ത് കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചിരുന്ന മനോരമയുടെ പത്രാധിപര്‍ പുളിയമ്പൊറ്റ കുഞ്ഞിരാമമേനോന്‍ ബിലാത്തിയില്‍നിന്നുള്ള വിശേഷങ്ങള്‍ പത്രത്തിനുവേണ്ടി എഴുതി അയയ്ക്കണമെന്ന് അദ്ദേഹത്തോട് ആവശ്യപ്പെട്ടിരുന്നു. അങ്ങനെ കെ.പി. കേശവമേനോന്‍ ലണ്ടനില്‍നിന്ന് എഴുതിയ 'ബിലാത്തിവിശേഷം' എന്ന പരമ്പര കോഴിക്കോടന്‍ മനോരമയില്‍ അച്ചടിച്ചുവന്നു. 1915-ല്‍ ബാരിസ്റ്റര്‍ ബിരുദം നേടി നാട്ടിലെത്തിയ അദ്ദേഹം കോഴിക്കോട്ട് വക്കീലായി പ്രാക്ടീസ് ചെയ്തുതുടങ്ങി. അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ആ കുറിപ്പുകള്‍ ബിലാത്തിവിശേഷം എന്ന പേരില്‍ത്തന്നെ പുസ്തകമായി പ്രസിദ്ധീകരിച്ചു. 

അഭിഭാഷകവൃത്തിയോടൊപ്പം രാഷ്ട്രീയത്തിലും വ്യാപരിച്ചുതുടങ്ങിയ കേശവമേനോന്‍ വേഗംതന്നെ മലബാറിലെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രമുഖ നേതാവായി വളര്‍ന്നു. 1920-ല്‍ അഭിഭാഷകവൃത്തി ഉപേക്ഷിച്ച് അദ്ദേഹം പൂര്‍ണ്ണസമയ രാഷ്ട്രീയപ്രവര്‍ത്തകനായി മാറി. 1922-ല്‍ നിസ്സഹകരണപ്രസ്ഥാനത്തിനു നേതൃത്വം കൊടുത്തതിന്റെ പേരില്‍ ഗാന്ധിജിയെ അറസ്റ്റുചെയ്ത് വിചാരണയ്ക്കു വിധേയനാക്കി. ആ സന്ദര്‍ഭത്തില്‍ ബോംബെയിലുണ്ടായിരുന്ന കേശവമേനോന്‍ കോടതില്‍ പോയി വിചാരണ നേരിട്ടു കണ്ടിരുന്നു. അതിന്റെ വിശദാംശങ്ങളെക്കുറിച്ചു മനസ്സിലാക്കിയ അദ്ദേഹം ഇംഗ്ലീഷില്‍ ദി ഗ്രേറ്റ് ട്രയല്‍ എന്ന പുസ്തകമെഴുതി പ്രസിദ്ധീകരിച്ചു. ഇതൊക്കെയായിരുന്നു 'അസ്തമനം' എന്ന കഥയെഴുതുന്നതിനു മുമ്പ് എഴുത്തുകാരന്‍ എന്ന നിലയില്‍ കെ.പി. കേശവമേനോന്റെ സംഭാവനകള്‍.

സ്വാതന്ത്ര്യസമരത്തിലേക്ക് ജനങ്ങളെ ആകര്‍ഷിക്കാനും ആശയപ്രചാരണം നടത്താനുമായി കെ.പി. കേശവമേനോന്റെ നേതൃത്വത്തില്‍ മലബാറിലെ ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ ചേര്‍ന്ന് ആരംഭിച്ച മാതൃഭൂമി പത്രം 1923 മാര്‍ച്ച് 17 മുതല്‍ കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങി. മാതൃഭൂമിയുടെ മുഖ്യ പത്രാധിപരായിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലുള്ള ചുമതലകള്‍ കാരണം പലപ്പോഴും കേശവമേനോന് പത്രത്തിന്റെ ദൈനംദിനപ്രവര്‍ത്തനങ്ങളില്‍നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. വൈക്കം സത്യാഗ്രഹത്തിന് നേതൃത്വം കൊടുത്ത കേശവമേനോനെ 1924 ഏപ്രില്‍ ഏഴാം തീയതി തിരുവിതാംകൂര്‍ പോലീസ് അറസ്റ്റ് ചെയ്തു. ആറുമാസത്തെ തടവുശിക്ഷ ലഭിച്ച അദ്ദേഹത്തെ തിരുവനന്തപുരത്തെ പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ അടച്ചു. ജയില്‍വിമോചിതനായ അദ്ദേഹം വീണ്ടും മാതൃഭൂമിയുടെ പത്രാധിപത്യം ഏറ്റു. എന്നാല്‍ ഭാര്യയുടെ രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ചികിത്സയ്ക്കായി മദിരാശിയിലേക്ക് താമസം മാറ്റേണ്ടിവന്നതോടെ കേശവമേനോന്‍ അഞ്ചുമാസത്തിനു ശേഷം പത്രാധിപത്യം ഒഴിഞ്ഞു. 
സാമ്പത്തികസ്ഥിതി മോശമായതിനാല്‍ കുടുംബം പുലര്‍ത്താന്‍ മദിരാശിയില്‍ വക്കീല്‍ ജോലി പുനരാരംഭിക്കുകയും ചെയ്തു. ഭാര്യയും പിന്നാലെ മകളും ക്ഷയരോഗം മൂര്‍ച്ഛിച്ചു മരണമടഞ്ഞു. തുടര്‍ച്ചയായ ഈ മരണങ്ങള്‍ വലിയ ആഘാതമായി. ആ സാഹചര്യത്തില്‍ കടബാദ്ധ്യതകളില്‍നിന്ന് രക്ഷനേടാന്‍ കേശവമേനോന്‍ 1927 ഓഗസ്റ്റില്‍ മലയായിലേക്ക് കപ്പല്‍ കയറി. അവിടെ അഭിഭാഷകവൃത്തി ആരംഭിച്ചു.

പത്രാധിപത്യം ഒഴിയുന്ന വിവരം അറിയിച്ചുകൊണ്ട് 1925 ജനുവരി 31ലെ മാതൃഭൂമി പത്രത്തില്‍ കെ.പി. കേശവമേനോന്‍ പേരുവെച്ചെഴുതിയ മുഖപ്രസംഗത്തില്‍ ഇങ്ങനെ പറഞ്ഞു: 'മൂന്നുവയസ്സു പൂര്‍ത്തിയാകാത്ത ഒരു കുട്ടിയെ വിട്ടുപിരിയുന്ന സമയത്ത് അതിന്റെ മാതാവിനുണ്ടാകുന്നതില്‍ ഒട്ടും കുറയാത്ത വേദനയോടുകൂടിയാണ് ഇന്നു ഞാന്‍ മാതൃഭൂമിയെ വിട്ടുപിരിയുന്നത്. മറ്റെന്ത് ശല്യങ്ങള്‍ ഉണ്ടായിരുന്നാലും മാതൃഭൂമിയില്‍ എഴുതുന്നതും അതിന്നായി അദ്ധ്വാനിക്കുന്നതും അതിനു വേണ്ടി ക്ലേശങ്ങള്‍ അനുഭവിക്കുന്നതും എന്തെന്നറിയാത്ത സന്തോഷവും സമാധാനവും എന്റെ മനസ്സിനു നല്‍കിയിരുന്നു. ഈ പ്രവൃത്തി തുടരുവാന്‍ ഭാഗ്യമുണ്ടായിരുന്നുവെങ്കില്‍ അത് എനിക്ക് വലിയ കൃതാര്‍ത്ഥതയ്ക്കു കാരണമാകുമായിരുന്നു. പത്രാധിപത്യം കൈവിടുന്നതുകൊണ്ട് പത്രവുമായുള്ള എന്റെ ബന്ധം തീര്‍ന്നുവെന്നു വിചാരിക്കരുത്. മാതൃഭൂമിക്ക് എഴുതിയിരുന്ന തൂലിക എപ്പോഴും ഞാന്‍ ഉപയോഗപ്പെടുത്തും.'

ഈ പ്രസ്താവനയെ സാധൂകരിക്കുന്ന വിധത്തിലാണ്, 1925 മാര്‍ച്ച് 19ന് പുറത്തു വന്ന മാതൃഭൂമി പത്രത്തിന്റെ മൂന്നാം പിറന്നാള്‍ പതിപ്പില്‍ കെ.പി. കേശവമേനോന്റെ 'അസ്തമനം' എന്ന ചെറുകഥ പ്രസിദ്ധപ്പെടുത്തിയത്. മഹാകവി വള്ളത്തോളിന്റെ ആശംസാരൂപമായ കവിതയും ഈ കഥയുമായിരുന്നു അതിലെ സാഹിത്യവിഭവങ്ങളില്‍ പ്രധാനം. 

ആത്മകഥ, ജീവചരിത്രം, പ്രചോദനസാഹിത്യം എന്നീ വിഭാഗങ്ങളില്‍ പെടുന്ന കേശവമേനോന്റെ രചനകളാണ് സാഹിത്യചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുള്ളത്. സാമാന്യമായി പറഞ്ഞാല്‍ സര്‍ഗ്ഗാത്മകസാഹിത്യത്തിന്റെ ഗണത്തില്‍ പെടുന്നവയല്ല അദ്ദേഹത്തിന്റെ പ്രധാനകൃതികള്‍. എന്നാല്‍ ആ വിഭാഗത്തില്‍പ്പെട്ട വിരലിലെണ്ണാവുന്ന ചില കൃതികള്‍ അദ്ദഹം എഴുതിയിട്ടുണ്ട്. അവയില്‍ പ്രധാനം അസ്തമനം (1935), ദാനഭൂമി (1956) എന്നീ കഥാസമാഹാരങ്ങളാണ്. ദാനഭൂമിയില്‍ ചരിത്രകഥകളാണ് സമാഹരിച്ചിരിക്കുന്നത്. അസ്തമനം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയ അതേ പേരുള്ള ആദ്യത്തെ കഥയും ചരിത്രസംഭവങ്ങളെ മുന്‍നിര്‍ത്തിയുള്ളതാണ്. അതിലെ മറ്റു മൂന്നു കഥകളും സാമൂഹിക കഥകളാണ്.

മലയാളചെറുകഥയില്‍ 1930കളുടെ തുടക്കമായപ്പോഴേക്കും കേശവദേവ്, തകഴി, എസ്.കെ. പൊറ്റെക്കാട്ട് തുടങ്ങിയവരിലൂടെ ചെറുകഥ എന്ന സാഹിത്യരൂപത്തിന് സൗന്ദര്യാത്മകമായ വികാസം ഉണ്ടായിക്കഴിഞ്ഞിരുന്നു. ആ സാഹിത്യരൂപത്തിന്റെ അടിസ്ഥാനഗുണങ്ങളായ ഏകാഗ്രതയും സംക്ഷിപ്തതയും ദീക്ഷിച്ച് ജീവിതയാഥാര്‍ത്ഥ്യങ്ങളെ ആവിഷ്‌കരിക്കുന്ന ജൈവസമഗ്രതയുള്ള കഥകളെഴുതുവാന്‍ കഥാകൃത്തുക്കള്‍ ശ്രദ്ധിച്ചുതുടങ്ങിയ കാലമാണത്. മലയാളത്തില്‍ ചെറുകഥാസാഹിത്യത്തിനു തുടക്കംകുറിച്ച വേങ്ങയില്‍ കുഞ്ഞിരാമന്‍ നായനാരും മൂര്‍ക്കോത്തു കുമാരനും മറ്റും പത്തൊമ്പതാം നൂറ്റാണ്ടില്‍ എഴുതിയ ചെറുകഥകളില്‍ത്തന്നെ ഈ അടിസ്ഥാനഗുണങ്ങള്‍ കാണാം. എന്നാല്‍ ആദ്യകാല കഥാകൃത്തുക്കളില്‍ ജനപ്രീതി നേടിയ ഒടുവില്‍ കുഞ്ഞിക്കൃഷ്ണമേനോനെപ്പോലെയുള്ളവര്‍ സംഭവബഹുലവും ഇതിവൃത്തപ്രധാനവുമായ ദൈര്‍ഘ്യം കൂടിയ കഥകളാണ് എഴുതിയിരുന്നത്. ഒരളവോളം ആ രചനാരീതിയെ പിന്തുടര്‍ന്നെഴുതിയവയാണ് കെ.പി. കേശവമേനോന്റെ കഥകള്‍. സാങ്കേതികമായിപ്പറഞ്ഞാല്‍ അവ ചെറുകഥ എന്ന സാഹിത്യഗണത്തെക്കാള്‍, നോവലെറ്റ് എന്ന സാഹിത്യരൂപത്തോടാണ് അടുത്തുനില്‍ക്കുന്നത്. 

നോവലിന് ആവശ്യമായ കാലവ്യാപ്തിയും സംഭവബാഹുല്യവും ജീവിതപരിണാമങ്ങളിലൂടെ കടന്നുപോകുന്ന കഥാപാത്രങ്ങളുമൊന്നും ചെറുകഥയ്ക്കിണങ്ങിയതല്ല. എന്നാല്‍ നോവലോളം അക്കാര്യങ്ങളില്‍ വികാസമില്ലാത്തതും ചെറുകഥയുടെ ശില്‍പ്പപരിധിയില്‍ ഒതുങ്ങാത്തതുമായ രചനകളെയാണ് നോവലെറ്റ് എന്നു വിളിക്കാറുള്ളത്. ആ നിലയില്‍ നോക്കിയാല്‍ നോവലെറ്റിന്റെ സ്വഭാവമാണ് കെ.പി. കേശവമേനോന്റെ കഥകള്‍ക്കുള്ളത്. 

പതിനെട്ടാം നൂറ്റാണ്ടിലെ ദക്ഷിണേന്ത്യന്‍ ചരിത്രം പശ്ചാത്തലമാക്കിയുള്ള ഇതിവൃത്തമാണ് 'അസ്തമനം' എന്ന കഥയുടേത്. അന്ന് ചെറിയ നാട്ടുരാജ്യമായിരുന്ന പാലക്കാടും കുറേക്കൂടി പ്രബലമായിരുന്ന കോഴിക്കോടും (സാമൂതിരിയുടെ രാജ്യം) തമ്മിലുള്ള സംഘര്‍ഷത്തില്‍ പരാജയം അനുഭവിച്ച പാലക്കാട്ടു രാജാവ് സഹായത്തിനായി മൈസൂരിലെ ഹൈദരാലിയെ ഇവിടേക്ക് ക്ഷണിച്ചു. അതേത്തുടര്‍ന്നുള്ള സംഭവവികാസങ്ങളുടെ ഫലമായി ഹൈദരാലിയുടെയും ഒരു പതിറ്റാണ്ടിനു ശേഷം മകന്‍ ടിപ്പു സുല്‍ത്താന്റെയും ആക്രമണത്തില്‍ മലബാര്‍പ്രദേശമാകെത്തന്നെ ടിപ്പുവിന്റെ ആധിപത്യത്തിലായി. ആ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് 'അസ്തമനം' എന്ന കഥ രൂപപ്പെടുത്തിയിട്ടുള്ളത്.    

കഥയുടെ പ്രമേയത്തില്‍ കെ.പി. കേശവമേനോന്റെ ഹൃദയത്തില്‍ തിളച്ചു നിന്നിരുന്ന നാടിന്റെ സ്വാതന്ത്ര്യം എന്ന ആശയമാണ് പ്രധാനഘടകം. കേരളത്തിന്റെ ദേശീയതയെ സംബന്ധിച്ച അദ്ദേഹത്തിന്റെ സങ്കല്‍പ്പവും അതില്‍ അന്തര്‍ഭവിച്ചിട്ടുണ്ട്. ഈ ആശയങ്ങള്‍ ആഖ്യാനത്തില്‍ കടന്നുവരുന്നതു നോക്കുക. യുദ്ധം ആസന്നമായപ്പോള്‍ സാമൂതിരി കൂടെയുള്ളവരോടു പറയുന്നു: 'ഈ പുണ്യഭൂമി പരദേശക്കാരനായ ഒരു പരാക്രമി കയ്യടക്കി എന്ന ദുഷ്‌കീര്‍ത്തി ഉണ്ടാകാതിരിക്കുവാന്‍ നിങ്ങള്‍ സൂക്ഷിക്കണം. സ്വാതന്ത്ര്യത്തോടുകൂടിയ ജീവിതം നമുക്കു സാധ്യമല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനായുള്ള മരണം നാം സ്വാഗതം ചെയ്യണം. കേരളഭൂമിയുടെ ഈ വിഷമഘട്ടത്തില്‍ നിങ്ങളുടെ സര്‍വ്വസ്വവും സ്വരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി സമര്‍പ്പണം ചെയ്യുവാന്‍ ഒരുങ്ങുമെന്ന് നിങ്ങളോരോരുത്തരും പ്രതിജ്ഞ ചെയ്യുവിന്‍.' ഇതിലെ 'സ്വാതന്ത്ര്യത്തോടുകൂടിയ ജീവിതം നമുക്കു സാധ്യമല്ലെങ്കില്‍ സ്വാതന്ത്ര്യത്തിനായുള്ള മരണം നാം സ്വാഗതം ചെയ്യണം' എന്ന വാക്യം ഇന്ത്യന്‍ സ്വാതന്ത്ര്യസമരം ആളിക്കത്തിക്കൊണ്ടിരുന്ന ആ കാലഘട്ടത്തില്‍ കേശവമേനോന്റെയും മറ്റു സ്വാതന്ത്ര്യസമരസേനാനികളുടെയും ഏറ്റവും പ്രധാനപ്പെട്ട ആദര്‍ശമായിരുന്നു.

കേരളദേശീയത എന്ന തന്റെ പ്രിയപ്പെട്ട ആശയവും കേശവമേനോന്‍ ഈ കഥയുടെ പ്രമേയത്തില്‍ സന്നിവേശിപ്പിക്കുന്നുണ്ട്. ഭരണപരമായി മൂന്നായി മുറിഞ്ഞുകിടന്നിരുന്നെങ്കിലും മലയാളം സംസാരിക്കുകയും ഒരേ സംസ്‌കാരത്തെ പിന്തുടരുകയും ചെയ്തിരുന്ന ജനങ്ങള്‍ അധിവസിച്ചിരുന്ന കേരളം എന്ന ഭൂവിഭാഗത്തെ സംയോജിപ്പിച്ച് ഇന്ത്യാരാജ്യത്തെ ഒരു സംസ്ഥാനമാക്കി മാറ്റണമെന്ന ആശയം ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളില്‍ത്തന്നെ കേശവമേനോന്‍ മുന്നോട്ടു വെച്ചിരുന്നു. അതിനു വേണ്ടി അന്നേ അദ്ദേഹം  പ്രചാരണപ്രവര്‍ത്തനങ്ങള്‍ നടത്തിത്തുടങ്ങിയിരുന്നു. സ്വാതന്ത്ര്യാനന്തരം ഐക്യകേരളം സ്ഥാപിച്ചുകിട്ടാന്‍ വേണ്ടിയുള്ള പ്രക്ഷോഭവും പ്രസ്ഥാനവും അദ്ദേഹത്തിന്റെ നേതൃത്വത്തിലാണ് ശക്തമായി മുന്നോട്ടു പോയത്. കേരളദേശീയത എന്ന അദ്ദേഹത്തിന്റെ പ്രിയപ്പെട്ട ആശയം ഈ കഥയില്‍ ശക്തമായി ആവിഷ്‌കരിക്കപ്പെടുന്നുണ്ട്.

കഥയുടെ തുടക്കത്തില്‍ പശ്ചാത്തലവിവരണം കുറച്ചു പരന്നുപോയെങ്കിലും, ചടുലമായ ആഖ്യാനഗദ്യത്തിന്റെ ചലനാത്മകസാന്നിദ്ധ്യം വിവരണകലയില്‍ പല ഭാഗങ്ങളിലും കാണാനാകും. മാനവിക്രമന്‍ തന്റെ സൈന്യത്തോട് പുറപ്പെടാന്‍ ആജ്ഞാപിച്ചപ്പോള്‍ ഉണ്ടായ പ്രതികരണം ഇങ്ങനെ: ''കൊടിക്കൂറകള്‍ വീശി. വെടി മുഴങ്ങി. കാഹളം ശബ്ദിച്ചു. ഭേരിയടി തുടങ്ങി.'' അന്ത്യപ്രാസത്തിന്റെ വിന്യാസഭംഗി തിളങ്ങുന്ന ക്രിയാപദങ്ങളില്‍ അവസാനിക്കുന്ന ഭാഷാരീതി ആഖ്യാനത്തെ ചൊടിയുള്ളതാക്കുന്നു. താളാത്മകഗദ്യത്തിന്റെ സാന്നിദ്ധ്യം കഥയുടെ അന്ത്യഖണ്ഡികയിലും കാണാം: ''ഷെയ്ക്ക് ആയിസ്സ് നിന്നിരുന്ന പലക പിന്നോക്കം വലിഞ്ഞു. കയറില്‍ തൂങ്ങിയിരുന്ന ശരീരം അങ്ങോട്ടും ഇങ്ങോട്ടും ഉലഞ്ഞു. കാണികള്‍ മിക്കവരും ആലസ്യംകൊണ്ടു വലഞ്ഞു. തങ്ങള്‍ അറിയാതെ പലരും വിങ്ങിവിങ്ങിക്കരഞ്ഞു. ആ ധീരാത്മാവ് പരലോകം അണഞ്ഞു. ഇതിനെല്ലാം സാക്ഷിയായിരുന്ന ആദിത്യന്‍ സമുദ്രത്തില്‍ ഒളിഞ്ഞു. കേരളത്തിലെ സ്വാതന്ത്ര്യസൂര്യനും അതോടുകൂടി മറഞ്ഞു.'' (സ്വന്തം നാടിനെതിരേ യുദ്ധം ചെയ്യാനാവില്ല എന്നു പറഞ്ഞതിന്റെ പേരിലാണ് മലബാറില്‍ ജനിച്ചു വളര്‍ന്ന ഷെയ്ക്ക് ആയിസ്സിനെ, തന്റെ വിശ്വസ്തനായിരുന്നിട്ടും ടിപ്പു കൊലമരത്തിലേറ്റിയത്.) 

വൈകാരികപ്രാധാന്യമുള്ള ഇതിവൃത്തമാണ് 'ഒരു സഞ്ചാരി' എന്ന കഥയുടേത്. അതിലെ നായകകഥാപാത്രം പലവിധം ജീവിതദുരിതങ്ങളിലൂടെയും കടന്നുപോകേണ്ടിവന്ന ഒരു ദുരന്തമൂര്‍ത്തിയാണ്. അന്നത്തെ നിലയില്‍ ഉന്നതവിദ്യാഭ്യാസവും മികച്ച ജീവിതപശ്ചാത്തലവുമുണ്ടായിരുന്ന അയാള്‍ക്ക് ജീവിതഗതിയില്‍ വന്നുചേര്‍ന്ന യാതനകളും, അതിന്റെ പാരമ്യത്തിനിടയിലും അപ്രതീക്ഷിതമായി സന്തോഷം പകര്‍ന്ന ജീവിതാന്ത്യവുമാണ് കഥയിലുള്ളത്. കേശവമേനോന്റെ ആത്മാംശത്തിന്റെ ചില സ്ഫുരണങ്ങള്‍ ഈ കഥയില്‍ മുദ്രിതമായിട്ടുണ്ട്. നായകന്‍ തൊഴില്‍ തേടി കപ്പല്‍ കയറി മലയായിലേക്ക് പോകുന്നതും അവിടെ തോട്ടം തൊഴിലാളിയായി പ്രവര്‍ത്തിക്കുന്നതുമൊക്കെ കേശവമേനോന്റെ മലയാജീവിതത്തില്‍നിന്നു കിട്ടിയ നേരിട്ടുള്ള അറിവും അനുഭവവുമൊക്കെ കലര്‍ന്നുണ്ടായതാണ്. അതിന്റേതായ വൈകാരികത ആ കഥയില്‍ പ്രകടമാണ്. അവിടേക്കു പോകുന്ന ഇന്ത്യക്കാരായ തോട്ടം തൊഴിലാളികള്‍ കപ്പല്‍യാത്രയില്‍ അനുഭവിച്ച യാതനകളും അപമാനങ്ങളും, തോട്ടത്തില്‍ പണിയെടുക്കുന്നതിനിടയില്‍ അനുഭവിക്കുന്ന ദുരിതങ്ങളും വേദനകളും സാന്ദര്‍ഭികമായി നടത്തിയ ചിത്രീകരണം ഹൃദയസ്പര്‍ശിയായിട്ടുണ്ട്.

'പിതാവും പുത്രിയും' എന്ന കഥയുടെ ഇതിവൃത്തത്തിനും കഥാകൃത്തിന്റെ വ്യക്തിജീവിതത്തിലെ അനുഭവവുമായി ബന്ധമുണ്ട്. കഴിഞ്ഞകാലം എന്ന ആത്മകഥയില്‍ വികാരതീവ്രതയോടെ എഴുതിയിട്ടുള്ളതാണ്, ദീര്‍ഘനാള്‍ രോഗാതുരയായി കിടന്ന ഭാര്യയും അധികം വൈകാതെ അതേ രോഗത്താല്‍ പത്തൊമ്പതുകാരിയായ മകളും മരിച്ചതിന്റെ അനുഭവങ്ങള്‍. കഥയില്‍, നേരത്തേ അമ്മ മരിച്ച മകള്‍ക്ക് രോഗം മൂര്‍ച്ഛിച്ചപ്പോള്‍ ചികിത്സയ്ക്ക് പണമില്ലാതിരുന്നതുകൊണ്ട് വീട് പണയപ്പെടുത്തി അച്ഛന്‍ മകളുടെ ചികിത്സ നടത്തുന്നു. ആസന്നമരണയായ പുത്രിയുടെ സമീപത്തിരുന്ന് ശുശ്രൂഷിക്കുന്ന പിതാവിന്റെ അവസ്ഥയെ ആണ് ഈ കഥ പ്രധാനമായും ആവിഷ്‌കരിക്കുന്നത്. കടം വാങ്ങിയവന്റെ കിടപ്പാടം പോലും കള്ളക്കണക്കു പറഞ്ഞ് സ്വന്തമാക്കിയിരുന്ന നാടന്‍ പണമിടപാടുകാരുടെ ചിത്രം അന്നത്തെ ഒരു സാമൂഹികയാഥാര്‍ത്ഥ്യം വരച്ചുകാട്ടുന്നു. ഇന്നും സ്ഥിതിയില്‍ വലിയ മാറ്റമൊന്നും വന്നിട്ടില്ലല്ലോ. 

'ഋണദുഃഖം' എന്ന കഥ മരുമക്കത്തായ തറവാടുകള്‍ തകര്‍ച്ചയിലേക്ക് നീങ്ങിയിരുന്ന സാമൂഹികസന്ദര്‍ഭത്തെ കേന്ദ്രീകരിച്ചുള്ളതാണ്. ജീര്‍ണ്ണിച്ച  കുടുംബവ്യവസ്ഥയ്ക്കുള്ളില്‍ മനുഷ്യബന്ധങ്ങള്‍ക്കു വന്ന അപചയത്തെ ആവിഷ്‌കരിക്കുന്ന ഈ കഥ കടബാദ്ധ്യത എങ്ങനെ അഭിമാനിയായ ഒരു മനുഷ്യനെ മാനസികത്തകര്‍ച്ചയിലേക്ക് തള്ളിവിടും എന്നതിന്റെ ആഖ്യാനരൂപംകൂടിയാണ്. സ്വാതന്ത്ര്യസമരപ്രവര്‍ത്തനങ്ങളില്‍ പൂര്‍ണ്ണമായും മുഴുകുന്നതു വരെ നല്ല നിലയില്‍ വരുമാനമുണ്ടായിരുന്ന അഭിഭാഷകനായിരുന്നു കെ.പി. കേശവമേനോന്‍. മാതൃഭൂമി പത്രം ആരംഭിച്ചതില്‍പ്പിന്നെ രാപകലില്ലാതെ അതിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കേണ്ടിവന്ന അദ്ദേഹത്തിന് പലപ്പോഴും പിറ്റേന്ന് പത്രമിറക്കാന്‍ പണം കണ്ടെത്തേണ്ടിവന്നു. അതിനിടെ ജയില്‍വാസവും അനുഭവിച്ചു. കുടുംബം പുലര്‍ത്താനും രോഗം ബാധിച്ച ഭാര്യയെയും മകളെയും വേണ്ടവണ്ണം ചികിത്സിപ്പിക്കാനും പണമില്ലാതെ അദ്ദേഹം ഏറെ ബുദ്ധിമുട്ടി. അങ്ങനെയുള്ള അവസരങ്ങളില്‍ കടം വാങ്ങേണ്ടിവന്നിട്ടുണ്ട്. പറഞ്ഞ സമയത്ത് കടം വീട്ടാനാകാതെ അഭിമാനിയായ അദ്ദേഹം വല്ലാതെ വിഷമിച്ചുപോയ സന്ദര്‍ഭങ്ങളുണ്ടായി. ഋണദുഃഖം എന്നത് കേശവമേനോന്‍ സ്വജീവിതത്തില്‍  അഭിമുഖീകരിച്ച കഠിനമായ ജീവിതയാഥാര്‍ത്ഥ്യങ്ങളിലൊന്നാണ്. അതുകൊണ്ട് 'ഋണദുഃഖം' എന്ന കഥയും രചയിതാവിന്റെ അനുഭവത്തിന്റെ ഊഷ്മളതയുള്ള കഥാവസ്തുവിനെയാണ് ആവിഷ്‌കരിക്കുന്നത്. കഥയില്‍ ഇങ്ങനെ പറയുന്നു: ''ഋണദേവതയുടെ ക്രൂരതയെപ്പറ്റി എന്തു പറയട്ടെ. അതിന്ന് അടിമപ്പെടാത്ത മനുഷ്യന്‍ തന്നെ ഭാഗ്യവാന്‍. അവനു മാത്രമേ ലോകത്ത് നിര്‍ഭയമായി ജീവിക്കാന്‍ സാധിക്കുകയുള്ളൂ. അവനു മാത്രമേ മനുഷ്യജീവിതത്തിന്റെ ശരിയായ സൌഖ്യം അനുഭവിക്കാന്‍ കഴിയുകയുള്ളൂ. അവനെ മാത്രമേ മനുഷ്യന്‍ എന്നു പറഞ്ഞുകൂടൂ.''

ഈ സമാഹാരത്തിലെ കഥകളുടെ രൂപശില്‍പ്പത്തിന്റെ പ്രകടമായ ഒരു സവിശേഷത കഥകള്‍ അദ്ധ്യായങ്ങളായി തിരിച്ച് ആഖ്യാനം ചെയ്തിരിക്കുന്നു എന്നതാണ്. ഓരോ അദ്ധ്യായത്തിന്റെയും തുടക്കത്തില്‍ തുടര്‍ന്ന് ആഖ്യാനം ചെയ്യാന്‍ പോകുന്ന സംഭവങ്ങളുടെയോ ഭാവങ്ങളുടെയോ സൂചന നല്‍കുന്ന വിധം പ്രശസ്തമായ കവിതകളില്‍നിന്നുള്ള ശ്ലോകമോ ഈരടികളോ ആമുഖപദ്യമായി (ലുശഴൃമുവ) എടുത്തുചേര്‍ത്തിട്ടുണ്ട്. ഇംഗ്ലീഷില്‍ വാള്‍ട്ടര്‍ സ്‌കോട്ട് ചെയ്തതു മാതൃകയാക്കി മലയാളനോവലില്‍ ഈ സമ്പ്രദായം അവതരിപ്പിച്ചത് സി.വി. രാമന്‍ പിള്ളയാണ്. പിന്നീട് അപ്പന്‍ തമ്പുരാനെപ്പോലെ ചിലര്‍ അത് പിന്തുടര്‍ന്നു. അവരൊക്കെ പഴയ കൃതികളില്‍നിന്നുള്ള കാവ്യഭാഗങ്ങളാണ് ഉദ്ധരിച്ചിരുന്നത്. എന്നാല്‍ കെ.പി. കേശവമേനോന്‍ പഴയ കൃതികളില്‍നിന്നു മാത്രമല്ല, കുമാരനാശാന്‍, വള്ളത്തോള്‍, നാലപ്പാട്ട് തുടങ്ങിയ സമകാലികരുടെ കൃതികളില്‍നിന്നും ഉചിതമായ നിലയില്‍ പദ്യഭാഗങ്ങള്‍ അദ്ധ്യായാരംഭങ്ങളില്‍ എടുത്തു ചേര്‍ത്തിട്ടുണ്ട്.

സരളവും പ്രസന്നമധുരവുമായ ഗദ്യശൈലിയുടെ ഉടമ എന്ന നിലയില്‍ മലയാള സാഹിത്യരംഗത്ത് കെ.പി. കേശവമേനോന്‍ പ്രസിദ്ധനാണ്. ആ ഗദ്യശൈലിയുടെ വികാസഘട്ടത്തിന്റെ പ്രതിനിധികളാണ് ഈ സമാഹാരത്തിലെ കഥകള്‍. സന്ദര്‍ഭങ്ങളുടെ വികാരം ഉള്‍ക്കൊണ്ട് വാക്യങ്ങള്‍ക്ക് ഭാവശക്തി പകരാനും കാവ്യാത്മകതയുടെ പ്രസരം നല്‍കാനും കഴിഞ്ഞിട്ടുള്ള ആഖ്യാനഭാഷയാണ് ഈ കഥകളുടേത്.

പത്രപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ആദ്യഘട്ടത്തില്‍ മുഖപ്രസംഗങ്ങളും  രാഷ്ട്രീയലേഖനങ്ങളുമായിരുന്നു കേശവമേനോന്‍ എഴുതിയിരുന്നത്. അവയില്‍  നിന്ന് വ്യത്യസ്തമായ സര്‍ഗ്ഗാത്മകരചനകളുടെ വിഭാഗത്തില്‍ പെടുന്ന ആദ്യകൃതികളാണ് അസ്തമനം എന്ന സമാഹാരത്തില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കഥകള്‍.  അദ്ദേഹത്തിന്റെ ബിലാത്തിവിശേഷം ഒഴിച്ചുള്ള പ്രശസ്തമായ കൃതികള്‍ 1948-ല്‍ വീണ്ടും മാതൃഭൂമിയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു തുടങ്ങിയതില്‍ പിന്നെ രചിച്ചവയാണ്. (1951 ജൂണ്‍ മുതല്‍ 1952 സെപ്റ്റംബര്‍ വരെ സിലോണിലെ ഹൈക്കമ്മീഷണറായിയിരുന്ന കാലം ഒഴിച്ചാല്‍ ജീവിതാന്ത്യം വരെ കേശവമേനോന്‍ മാതൃഭൂമിയുടെ പത്രാധിപരായിരുന്നു.) ആ കാലത്താണ് ജീവചരിത്രം, ആത്മകഥ തുടങ്ങിയ വിഭാഗങ്ങളില്‍പ്പെട്ട കൃതികള്‍ എഴുതിയത്. പ്രചോദനസാഹിത്യം എന്നൊരു വിഭാഗം തന്നെ മലയാളത്തില്‍ ഉണ്ടാകാന്‍ വഴിയൊരുക്കിയ നാം മുന്നോട്ട്, ജീവിതചിന്തകള്‍, സായാഹ്നചിന്തകള്‍ തുടങ്ങിയ കൃതികള്‍ രചിച്ചതും ആ കാലയളവിലാണ്. 

നാം മുന്നോട്ട് തുടങ്ങിയ പ്രചോദനാത്മകമായ കൃതികളില്‍ സഞ്ചയിച്ചിട്ടുള്ള ഉപന്യാസങ്ങള്‍ മനുഷ്യര്‍ ജീവിതത്തില്‍ പുലര്‍ത്തേണ്ട മൂല്യബോധത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്നു. പ്രതിസന്ധികളില്‍ തളരാതെ ജീവിതത്തെ നേരിടാനുള്ള ആത്മബലം ആര്‍ജ്ജിക്കാനും ആ ലേഖനങ്ങള്‍ വായനക്കാരെ സജ്ജരാക്കി. മാതൃഭൂമി പത്രത്തില്‍ ആഴ്ചതോറും പ്രസിദ്ധീകരിച്ചിരുന്ന ആ പംക്തി പല തലമുറകളിലെ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ വഴികാട്ടിയായിരുന്നു. കേശവമേനോന്‍ അന്തരിച്ചിട്ട് അരനൂറ്റാണ്ടാകാറാകുന്ന ഇക്കാലത്തും ആ പുസ്തകങ്ങള്‍ക്ക് വായനക്കാരുണ്ട്. അവ പകരുന്ന മൂല്യവിവേകത്തോടുള്ള വായനാസമൂഹത്തിന്റെ ആഭിമുഖ്യത്തെയാണ് അത് വെളിപ്പെടുത്തുന്നത്. വായനക്കാരിലേക്ക് ജീവിതമൂല്യങ്ങള്‍ പകരുന്ന പല മാനുഷികസന്ദര്‍ഭങ്ങളും ഈ സമാഹാരത്തിലെ കഥകളില്‍ കാണാം. സ്വാതന്ത്ര്യബോധം, ദേശസ്നേഹം, കാരുണ്യം, സഹജീവിസ്നേഹം, കുടുംബബന്ധങ്ങളുടെ പ്രാധാന്യം തുടങ്ങിയവയൊക്കെ ഈ കഥകളുടെ പ്രമേയങ്ങളില്‍ ഇഴചേരുന്നുണ്ട്.

ഏതാണ്ട് നാലു പതിറ്റാണ്ടു നീണ്ടുനിന്ന മലയാളത്തിലെ കഥാസാഹിത്യത്തിന്റെ പ്രാരംഭഘട്ടത്തിലെ രചനകളുടെ മട്ടും മാതിരിയുമാണ് ഈ സമാഹാരത്തിലെ കഥകള്‍ക്കുള്ളത്. ഇതിലുള്‍പ്പെടുത്തിയിട്ടുള്ള ആദ്യകഥയായ 'അസ്തമനം' മാതൃഭൂമി പത്രത്തില്‍ പ്രസിദ്ധപ്പടുത്തിയിട്ട് ഒരു നൂറ്റാണ്ടാകുന്നു. മറ്റു കഥകള്‍ പുറത്തുവന്നിട്ട് തൊണ്ണൂറു വര്‍ഷത്തിലേറെയായി. ഈ കഥകള്‍ സമാഹാരമായി പുറത്തുവന്ന കാലത്ത് മലയാളകഥയില്‍ വലിയൊരു ഭാവുകത്വപരിവര്‍ത്തനം സംഭവിച്ചിരുന്നു. 

ആ സംക്രമണഘട്ടത്തില്‍ ഒരളവുവരെ പഴയ രചനാരീതി പുലര്‍ത്തിയിരുന്ന കെ.പി. കേശവമേനോന്‍ കഥാസാഹിത്യത്തിലെ ഒരു പ്രബലസാന്നിദ്ധ്യമായി മാറിയില്ല. പ്രവാസജീവിതവും അവിടെ നേരിട്ട ജീവിതപ്രശ്നങ്ങളും രാഷ്ട്രീയസംഘര്‍ഷങ്ങളുമൊക്കെ ഏറെക്കാലത്തേക്ക് അദ്ദേഹത്തിന് എഴുത്തില്‍ ശ്രദ്ധിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാക്കി. പിന്നീട് 1950കളിലാണ് എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചുവരുന്നത്. അപ്പോള്‍ അദ്ദേഹം ശ്രദ്ധിച്ച മേഖല ജീവചരിത്രവും പ്രചോദനസാഹിത്യവും മറ്റുമായിരുന്നു. തെളിച്ചമുള്ള ആഖ്യാനശൈലിയില്‍ എഴുതിയ, ജീവിതമൂല്യങ്ങളുടെ വെളിച്ചം പ്രസരിപ്പിക്കുന്ന ഈ കഥകള്‍ മലയാള കഥാസാഹിത്യത്തിലെ വിദൂരതാരകകളായി നിലനില്‍ക്കുക തന്നെ ചെയ്യും.

Content Highlights: asthamanam book wrote by kp kesavamenon