തിരുമിറ്റക്കോട് ബാലകൃഷ്ണൻ ചരിഞ്ഞു...ആനയല്ല ....

തിരുമിറ്റക്കോട് ബാലകൃഷ്ണൻ ചരിഞ്ഞു എന്നൊരു വാർത്തയോടെയാണ് മാതംഗലീല എന്ന നോവൽ ആരംഭിക്കുന്നത്. മലയാളത്തിന്റെ പ്രീയപ്പെട്ട കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവലാണ് മാതംഗലീല.ചരിഞ്ഞു എന്ന് നമ്മൾ സാധാരണ ഉപയോഗിക്കാറ് ആനയുമായി ബന്ധപ്പെട്ട കാര്യങ്ങൾ പറയുമ്പോഴാണല്ലോ.എന്നാൽ തിരുമിറ്റക്കോട് ബാലകൃഷ്‌ണൻ ഒരു മനുഷ്യനായിരുന്നു...കൊലയാളിയും ജയിൽപ്പുള്ളിയുമായ ഒരു മനുഷ്യൻ.അപ്പോൾ ചരിഞ്ഞു എന്ന പ്രയോഗത്തിന്റെ സാംഗത്യം എന്താവും? ആ കഥയാണ് സന്തോഷ് ഏച്ചിക്കാനത്തിന്റെ മാതംഗലീല…
കൊമാലയിലൂടെ , ബിരിയാണിയിലൂടെ , ഉഭയജീവിതത്തിലൂടെയൊക്കെ മലയാളിയെ വിസ്മയിപ്പിച്ച സന്തോഷ് ഏച്ചിക്കാനത്തിന്റെ ആദ്യ നോവലാണ് മാതംഗലീല...ഒടിവിദ്യയിലൂടെ ആനയായി മാറിയ ബാലകൃഷ്ണൻ എന്ന ആന പ്രേമിയായ പാലക്കാടുകാരന്റെ കഥയാണ് അടിസ്ഥാനം...പക്ഷെ അതിന് സമാന്തരമായി എഴുത്തുകാരൻ ജാതി, ജന്മിത്വ, നാടുവാഴി വ്യവസ്ഥയുടെ കെട്ടകാലത്തെയും മനുഷ്യ മൃഗ സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും മറ്റൊരു കരുത്തുള്ള കഥ കൂടി ഇണക്കിച്ചേർത്തിട്ടുണ്ട്. മാജിക്കൽ റിയലിസത്തിനു മലയാളത്തിൽ ചൂണ്ടിക്കാട്ടാവുന്ന മറ്റൊരു മികച്ച ഉദാഹരണമാണ് മാതംഗലീല.
പാലക്കാടിന്റെ വരണ്ടതും അതെ സമയം നിഗൂഢ സൗന്ദര്യം ഒളിപ്പിക്കുന്നതുമായ ഭൂമികയിലൂടെ കഥ വികസിക്കുന്നത്. തെചോരൻ എന്ന ഒടിയൻ മുത്തപ്പൻ, മയിൽക്കുഞ്ഞിനെ പെറ്റ താഴമ്പൂ, സർപ്പങ്ങളെ സഖാക്കളാക്കിയ ചിത്തിര സെൽവി അങ്ങനെ വിസ്മയിപ്പിക്കുന്ന അനേകം കഥാപാത്രങ്ങളിലൂടെയാണ് കഥ മുന്നേറുന്നത്.ഒരു കാലഘട്ടത്തിന്റെയും മനുഷ്യരുടെയും കഥയിലൂടെ എക്കാലത്തെയും സാമൂഹികാവസ്ഥകളെ കാണിക്കാനും നോവലിന് കഴിയുന്നു.