'അവരുണ്ടാക്കി തന്ന കാപ്പി ചുണ്ടത്ത് വെച്ചപ്പോള്‍ ചോര മണക്കുന്നില്ലെന്ന് ഞാന്‍ ഉറപ്പുവരുത്തി'

വാടകയ്ക്ക് ഒരു വീട് കിട്ടിയെന്നും അത് ഇന്നയിടത്താണെന്നും ആ നാട്ടുകാരനായ സുഹൃത്തിനോട് ഫോണിലൂടെ പറഞ്ഞപ്പോള്‍ നല്ല പോലെ ആലോചിച്ചിട്ടാണോ എന്നവന്‍ ചോദിച്ചു.
നാലും കൂടിയ ഒരു കവലയ്ക്കുള്ളില്‍ തന്നെയായിരുന്നു ആ വീട്. കവലയുടെ വെട്ടം എപ്പോഴും പതിയുന്നിടം. മുമ്പ്, പരിചയമുള്ള അധ്യാപകനാണ് താമസിച്ചിരുന്നത് എന്നതും മുകള്‍ നിലയില്‍ സഹാധ്യാപിക കൂടിയുണ്ടെന്നതും കൂടുതലൊന്നും ചിന്തിക്കാന്‍ അവസരം നല്‍കിയില്ല.
ആ വീട് കുറച്ച് പെശകാണല്ലോ എന്ന് അവന്‍ വീണ്ടും പറഞ്ഞു. അച്ചുമടയാളവുമൊക്കെപ്പറഞ്ഞ് നീ ഉദ്ദേശിച്ച വീടായിരിക്കില്ലെന്ന് തര്‍ക്കിച്ചു.
ജയം എന്റെ ഭാഗത്തു തന്നെയായിരുന്നു. അവന്‍ പറഞ്ഞ പ്രേതബാധയുളള വീടായിരുന്നില്ല അത്! എന്നാല്‍, മതിലിനപ്പുറത്തെ അടഞ്ഞുകിടന്ന വീടായിരുന്നു ആ പ്രേതഭവനം!
അപൂര്‍വ്വമായി അവിടെ ഒരു വൃദ്ധയും മകളും വന്നു താമസിച്ചു. മകള്‍ക്ക് തന്നെ അറുപത് കഴിഞ്ഞിരുന്നതായി തോന്നിച്ചു. വലിയ വര്‍ത്തമാനക്കാരി. ഇവര്‍ മനുഷ്യര്‍ തന്നെയോ? ചിന്തിക്കാതിരുന്നില്ല.
ഒന്നുരണ്ടുവട്ടം അവരുടെ ആതിഥ്യം സ്വീകരിക്കുകയുണ്ടായി. അവരുണ്ടാക്കി തന്ന കാപ്പി ചുണ്ടത്ത് വെച്ചപ്പോള്‍ ചോര മണക്കുന്നില്ലെന്ന് ഉറപ്പുവരുത്തി. പുറത്ത് നിന്ന് നോക്കുമ്പോള്‍ പഴയ കെട്ടിടം. അകം കുറേക്കൂടി പുതുമയുളളതായി തോന്നി. എന്നാലും കോണിപ്പടിയില്‍, ഓരോ മുക്കിലും മൂലയിലും വരെ അസാധാരണമായി വല്ലതുമുണ്ടോ എന്ന് ഞാന്‍ പരതി.
മുകളിലെ താമസക്കാര്‍ നാട്ടിലേക്ക് പോയൊരു നാള്‍, മകളും എന്നോടൊപ്പമില്ലാതിരുന്ന ദിവസം ഒറ്റയ്ക്കായി. സന്ധ്യക്ക് തന്നെ ഗേറ്റു പൂട്ടി. ഫേസ്ബുക്കും വാട്‌സാപ്പും കുറേ പുസ്തകങ്ങളും വിരല്‍ത്തുമ്പില്‍ ആരെയും വിളിക്കാവുന്ന സാഹചര്യമുണ്ടായിരുന്നിട്ടും അയല്‍വക്കത്തെ പ്രേതഭവനത്തിലായിരുന്നു മനസ്.... ഏത് മുറിയില്‍ കിടക്കും എന്നൊരാശങ്കയുണ്ടായിരുന്നു. രണ്ടു മുറികളും മറ്റേവീടിനു ചേര്‍ന്നായിരുന്നു. ഏറ്റവും സുരക്ഷിതം അടക്കളയാണെന്ന് തോന്നി. അടുക്കളയുടെ തെക്കുവശത്തും കിഴക്കുവശത്തും ഓരോ വര്‍ക്കേരിയയുണ്ടായിരുന്നുവെന്നതായിരുന്നു ആ തോന്നിലിനു പിന്നില്‍ ....
ഇപ്പോള്‍ ഇതെല്ലാമോര്‍മിക്കാന്‍ കാരണം മരിയ റോസിന്റെ 'ബെറ്റി'യാണ്. 'കാലില്‍ കുളമ്പുളള മനുഷ്യന്‍' ആണ്. പിന്നെ, റൈറ്റേഴ്‌സ് ബ്ലോക്കു മാറ്റാന്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം സാനഡുവിലെത്തിയ അജയനും. ഡോസന്‍ സായിപ്പും കുടുംബവും താമസിച്ച ബംഗ്ലാവ്.... അവിടെ ആഗ്‌നസ് പാമ്പിന്‍ കൈകള്‍ നീട്ടി നിലവിളിച്ചു കൊണ്ടിരുന്നു. മേരിയുടെ ജഡം കുളത്തില്‍ പൊങ്ങിയും താണുമിരുന്നു. ഗ്രെയ്‌സ് ഓരിയിട്ടു കൊണ്ടുമിരുന്നു !
ചുരത്തില്‍ വനത്തിനുളളില്‍ സൂര്യപ്രകാശം കടന്നുചെല്ലാത്തയിടങ്ങളില്‍ അസാധാരണമായ വലിപ്പമുളളതും രൂപരഹിതവുമായ എന്തോ ഒന്ന്... 1979 ഡിസം. 3 ന് ഈ ചുരത്തില്‍ വെച്ച് പ്രൊഫ. ഐസക് തോമസ് കാറപകടത്തില്‍ അസ്വാഭാവികമായി മരണപ്പെടുന്നു! നീരാളിക്കൈകള്‍, ജെല്ലിപ്പശപ്പ്...
'ഗ്രന്ഥകരന്റെ മരണവും മറ്റു ഭീതികഥകളും' എന്ന പുസ്തകത്തിലെ പ്രിയപ്പെട്ട കഥകള്‍ 'കെ നഗരത്തിന്റെ പതനവും' 'സേതുവിന്റെ മരണം: ഒരു കേസ് സ്റ്റഡിയും' ആണ്. 'കെ നഗരത്തിന്റെ പതനം' ഒരു നോവലാക്കാമായിരുന്നു. സ്‌കെല്‍ട്ടണ്‍ ആണിത്. അസ്ഥിരൂപത്തില്‍ നിന്ന് മാംസം വളര്‍ന്ന് പൂര്‍ണതയിലേക്ക് ഇനിയും വികസിപ്പിക്കാവുന്നതാണത്.
സിദ്ധിഖ് -ലാല്‍ സംവിധാനം ചെയ്ത 'ഇന്‍ ഹരിഹര്‍ നഗര്‍' മുമ്പെന്നോ കണ്ടതാണ്. ഒരു തമാശപ്പടം, അധോലോകം അത്രയൊക്കെ വിചാരിച്ച് ടി വി യില്‍ വീണ്ടും കാണുമ്പോള്‍ ചാനല്‍ മാറ്റാറാണ്. ബോധമനസ്സിന് അജ്ഞാതമായ അബോധം മനുഷ്യന്റെ ജീവിതത്തില്‍ വലിയ പങ്കു വഹിക്കുന്നുണ്ട് എന്ന് മനശാസ്ത്രം. അങ്ങനെയൊരു അന്വേഷണമാണ് ദേ - ജാവൂവിലൂടെ, ഒമേര്‍ട്ടായിലൂടെ, ആന്‍ഡ്രൂസിലൂടെ, മരണത്തിന്റെ ട്രിഗറിലൂടെ സേതുവിന്റെ മരണം: ഒരു കേസ് സ്റ്റഡിയായി വികസിപ്പിക്കുന്നത്.
വ്യക്തിപരമായി പറഞ്ഞാല്‍, സിനിമയേക്കാള്‍ എത്രയോ മനോഹരമായ കഥ!
സിനിമയിലെ ഒരു കഥാപാത്രം കഥയായി പരിണമിക്കുന്നു. അതും മനശാസ്ത്രത്തിന്റെ വീക്ഷണകോണിലൂടെ.
മരിയ റോസിന്റെ ഫേസ്ബുക്കിലും മറ്റും ഗോഥിക്, ക്രൈം വായനാനുഭവങ്ങളും ചലച്ചിത്രാനുഭവങ്ങളും മുമ്പിറങ്ങിയ വിവര്‍ത്തന കൃതികളുമാണ് വായിച്ചിട്ടുള്ളത്. ഏറെ പ്രതീക്ഷ നല്‍കുന്നു ഈ കഥാകൃത്ത്.
മരിയ റോസിന്റെ ആദ്യത്തെ സ്വതന്ത്ര രചനയാണ് ഗ്രന്ഥകാരന്റെ മരണവും മറ്റു ഭീതി കഥകളും.
മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച മരിയ റോസിന്റെ ഗ്രന്ഥകാരന്റെ മരണവും മറ്റു ഭീതി കഥകളും എന്ന പുസ്തകത്തെ കുറിച്ച് എഴുത്തുകാരി മൈന ഉമൈബാന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ്.
Content Highlights: Maria Rose New Book Malayalam Book Review
Content Highlights: