ബുക്കർ പ്രൈസ് 2026: ഒരു വിയോജനക്കുറിപ്പ്

#ഗാഥാ മാധവ്
എം ജോൺ ഹാരിസണും അദ്ദേഹത്തിന്റെ ബുക്കർ പ്രൈസ് നേടിയ ' ദി  ഏൻഡ് ഓഫ് എവെരിതിങ്' എന്ന പുസ്തകത്തിന്റെ കവറും
എം ജോൺ ഹാരിസണും അദ്ദേഹത്തിന്റെ ബുക്കർ പ്രൈസ് നേടിയ ' ദി ഏൻഡ് ഓഫ് എവെരിതിങ്' എന്ന പുസ്തകത്തിന്റെ കവറും

അൻപത് വർഷത്തോളമായി സയൻസ് ഫിക്ഷൻ നോവലുകളെ മെയിൻ സ്ട്രീം ലിറ്റററി ഫിക്ഷന്റെ നിരയിലേക്ക് കൊണ്ട് വരണമെന്ന് ആഗ്രഹിക്കുകയും അതിനു വേണ്ടി പ്രയത്നിക്കുകയും ചെയ്ത എം ജോൺ ഹാരിസൺനാണ് ഇത്തവണത്തെ ബുക്കർ പ്രൈസ്. വിരിക്കോണിയം പോലെയുള്ള അദ്ദേഹത്തിന്റെ പൂർവ കൃതികളിലെ സാങ്കല്പിക ലോക പശ്ചാത്തലവും അരാഷ്ട്രീയതയിലേക്കു കൂപ്പു കുത്തുന്ന അതിന്റെ ഭീതിജനകമായ രാഷ്ട്രീയവും ഒക്കെ ഗംഭീരമായിരിക്കുമ്പോഴും ബുക്കർ പ്രൈസ് ഒരു ലൈഫ് ടൈം അചീവമെന്റ് അവാർഡ് അല്ല എന്ന സത്യം നമ്മൾ മറന്നു കൂടാ. ആ വർഷം ഇറങ്ങുന്ന, ഇംഗ്ലീഷ് ഭാഷയിൽ രചിക്കപ്പെട്ട ഏറ്റവും മികച്ച ഒരു കൃതിക്ക്, അതിന്റെ ഗദ്യത്തിന്റെ മികവ്, ആഖ്യാനശൈലിയിലെ മൗലികത, ഭാവനയുടെ ആഴം, ആഖ്യാനരീതിയുടെ കൈയടക്കം തുടങ്ങിയവ മുൻനിർത്തിയാണ് ബുക്കർ നൽകുന്നത്. അതുകൊണ്ടു തന്നെ ഇത്തവണത്തെ ബുക്കർ പ്രൈസ് നിരാശപ്പെടുത്തി എന്ന് പറയാതിരിക്കാൻ തരമില്ല.

ലോങ്‌ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ തന്നെ ബെൻ ലേണറുടെ Transcription, യാൻ മാർട്ടലിന്റെ Son of Nobody, സുഫിയാൻ സലാമിന്റെ Wimmy Road Boys എന്നിങ്ങനെ ചില പുസ്തകങ്ങളുടെ അഭാവം കുറച്ചൊന്നു അമ്പരപ്പിച്ചിരുന്നു. അപ്പോഴും ലോങ്‌ലിസ്റ്റിലുള്ള പതിമൂന്ന് പുസ്തകങ്ങളിൽ പതിനൊന്നെണ്ണവും വായിച്ചിട്ടില്ലാത്തതിനാൽ, ചിലപ്പോൾ അവയിൽ ഇതിലും മികച്ച പുസ്തകങ്ങളുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാൽ ഗദ്യഘടനയിൽ നടത്തിയിട്ടുള്ള പരീക്ഷണങ്ങളിൽ Son of Nobody യെ പോലെ, എഴുത്തിന്റെ മികവിലും ഭാഷയിലെ വ്യതിയാനത്തിലും Wimmy Road Boys നെ പോലെ, ചർച്ച ചെയ്തിട്ടുള്ള കാലിക വിഷയങ്ങളെ ആറ്റിക്കുറുക്കി അവതരിപ്പിച്ച ബൗദ്ധിക രചനയിൽ Transcription നെ പോലെ, വായനക്കാരെ പിടിച്ചിരുത്താൻ മാത്രം പോന്ന പുസ്തകങ്ങളായിരുന്നില്ല ലോങ്‌ലിസ്റിൽ പലതും. എങ്കിലും ജോൺ ഓഫ് ജോൺ, ബ്ലാക്ക് ബാഗ്, മേ വി ഫീഡ് ദി കിംഗ്, ദി ഡിസപ്പിയറേഴ്സ് പോലെയുമുള്ള പുസ്തകങ്ങൾ പ്രതീക്ഷ പുലർത്തുന്നവയായിരുന്നു.

അപ്പോഴാണ് ദി ഏൻഡ് ഓഫ് എവെരിതിങ് നു അവാർഡ് ലഭിക്കുന്നത്. പുരസ്കാരങ്ങൾ ഒരു പുസ്തകത്തിന്റെ മേന്മ നിശ്ചയിക്കുന്നവയല്ലെന്നും, അതു ചുരുക്കം ചില ആൾക്കാരുടെ മാത്രം ഇഷ്ടവും സാഹിത്യാഭിരുചിയും അനുസരിച്ചു മാത്രം വിതരണം ചെയ്യപ്പെടുന്നവയാണെന്നും വിശ്വസിക്കുമ്പോഴും ബുക്കർ പ്രൈസ് പോലെ വായനാ ലോകം ഉറ്റുനോക്കുന്ന പുരസ്‌കാരങ്ങൾ അവയുടെ തെരഞ്ഞെടുപ്പിൽ കുറച്ചുകൂടി ശ്രദ്ധ പുലർത്തണമെന്നാണ് അഭിപ്രായം. പുസ്തകങ്ങളുടെ സാഹിത്യപരമായ മേന്മയോടൊപ്പം തന്നെ പ്രാധാന്യമുള്ള കാര്യങ്ങളാണ് അവ ചർച്ച ചെയ്യുന്ന വിഷയങ്ങളും മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയവും. സങ്കടകരമായ കാര്യം ഇതിലേത് അളവുകോലിൽ നോക്കിയാലും ദി ഏൻഡ് ഓഫ് എവെരിതിങ് നേക്കാൾ മികച്ച പുസ്തകങ്ങൾ ഷോർട് ലിസ്റ്റിൽ തന്നെ ഉണ്ടായിരുന്നു എന്നതാണ്.

സങ്കീർണമായ വികാരങ്ങളേയും കഥാപാത്രങ്ങളുടെ ആന്തരിക സംഘർഷങ്ങളെയും ഭാഷയിലെ സൂക്ഷ്മതയും ഒഴുക്കും ആഖ്യാനത്തിലെ ആത്മവിശ്വാസവും കൊണ്ട് വായനക്കാരിലേക്ക് എത്തിക്കുന്ന ജോൺ ഓഫ് ജോൺ, ചരിത്രവും സമകാലികതയും ഇടകലർത്തിക്കൊണ്ട് യുദ്ധം, അധികാരം, അധിനിവേശം, ആഗോള രാഷ്ട്രീയത്തിലെ അസംബന്ധങ്ങൾ എന്നിവയെ അസാധാരണമായൊരു ആഖ്യാനരീതിയിലൂടെ ആവിഷ്കരിക്കുന്ന മേ വി ഫീഡ് ദി കിംഗ്, സ്വത്വം എന്നത് സ്ഥിരവും ഏകശിലാത്മകവുമായ ഒന്നല്ലെന്നും മാസ്കുലിനിറ്റിയെക്കുറിച്ചുള്ള പരമ്പരാഗത സങ്കൽപ്പങ്ങൾ പുനഃപരിശോധിക്കപ്പെടേണ്ടതാണെന്നും തുടങ്ങി സമൂഹം സ്വാഭാവികമെന്ന് കരുതുന്ന നിർവചനങ്ങളെയും ചട്ടക്കൂടുകളെയും ചോദ്യം ചെയ്യുന്ന പരമ്പരാഗത എഴുത്തു സങ്കല്പങ്ങളിൽ നിന്നും മാറി നടന്ന ബ്ലാക്ക് ബാഗ്, ലൈംഗിക സ്വത്വത്തിന്റെ പേരിൽ മനുഷ്യർ നേരിടുന്ന ഹിംസയും അതിന്റെ വ്യക്തിപരവും സാമൂഹികവുമായ ആഘാതങ്ങളും അടയാളപ്പെടുത്തുകയും അത്തരം അതിക്രമങ്ങളെ വിസ്മൃതിക്ക് വിട്ടുകൊടുക്കാതിരിക്കുകയും ചെയ്യുന്നതിനുമൊപ്പം മോഡേൺ ക്ലാസിക് എന്ന് വിശേഷിപ്പിക്കാവുന്ന തരം തീക്ഷ്ണമായ ഭാഷയിൽ രചിക്കപ്പെട്ട ദി ഡിസപ്പിയറേഴ്സ് എന്നിവയെ പിന്തള്ളി, സമകാലിക രാഷ്ട്രീയ സാഹചര്യങ്ങളെ തൊട്ടു പോലും നോക്കാതെ, സാമൂഹ്യ വിമര്ശനമോ ആത്മ പരിശോധനയോ ഇല്ലാതെ, ഭാഷാപരമായോ സാഹിത്യപരമായോ പുതിയത് അല്ലെങ്കിൽ മേന്മയേറിയത് എന്ന് പറയാവുന്ന തരം പരീക്ഷണങ്ങളൊന്നും മുന്നോട്ടു വയ്ക്കാത്ത ഒരു പുസ്തകം ബുക്കർ നേടുക  എന്നത് വിചിത്രമെന്നേ പറയാനാകൂ.

Content Highlights: M. John Harrison wins the Booker Prize for The End of Everything., Critical analysis of the selection compared to other notable shortlisted books., Discussion on missing longlist contenders like Son of Nobody and Wimmy Road Boys., Evaluation of the literary merits, political relevance, and prose style of the winning book.