കൊമ്പുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യചരിത്രത്തിന്റെ രാഷ്ട്രീയം

#റസീന ഹൈദർ
സന്തോഷ് ഏച്ചിക്കാനം , മാതംഗലീല (Book Cover)
സന്തോഷ് ഏച്ചിക്കാനം , മാതംഗലീല (Book Cover)

മാതംഗലീല വായിച്ചു തീർന്നപ്പോൾ ഒരുപാട് കാര്യങ്ങൾ പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അനുഭവിച്ച കാര്യങ്ങളെല്ലാം വാക്കുകളിലേക്ക് പകർത്തുക അത്ര എളുപ്പമല്ല. കാരണം ഇത് ഒരു ആനയുടെ കഥ മാത്രമല്ല,മനുഷ്യന്റെ ഉള്ളിലെ മൃഗീയതയുടെയും നിസ്സഹായതയുടെയും പ്രണയത്തിന്റെയും കാമത്തിന്റെയും ജാതിയുടെയും അധികാരത്തിന്റെയും പ്രതികാരത്തിന്റെയും സങ്കീർണമായൊരു ജീവിതാഖ്യാനമാണ്.

തിരുമിറ്റക്കോട് ബാലകൃഷ്ണനിൽ തുടങ്ങി തെച്ചോരനിലൂടെയും ചിത്തിര സെൽവിയിലൂടെയും ആര്യ അന്തർജനത്തിലൂടെയും പച്ചോലയിലൂടെയും താഴമ്പൂവിലൂടെയും സുഭദ്രയിലൂടെയും പാർവതിയിലൂടെയും കടന്നുപോകുമ്പോൾ ഓരോ കഥാപാത്രവും ഓരോ ലോകമാണ് തുറന്നിടുന്നത്. ഒരാളുടെ വേദന മറ്റൊരാളുടെ പ്രതികാരമാകുന്നു. ഒരാളുടെ നിസ്സഹായത മറ്റൊരാളുടെ ചെറുത്തുനിൽപ്പായി മാറുന്നു. മനുഷ്യർ മാത്രമല്ല, മൂരിയൻ എന്ന മൂർഖൻ പാമ്പും കടമ്പൻ എന്ന മയിലും വെള്ളാങ്കിരിയും ഹൈദരലിയും ഈ വിചിത്രമായ ആഖ്യാനലോകത്ത് അവരുടേതായ ഇടം കണ്ടെത്തുന്നു.

തെച്ചോരനെ പ്രത്യേകം പറയാതെ വയ്യ. ജാതിവ്യവസ്ഥയുടെ ക്രൂരത ശരീരത്തിലും ജീവിതത്തിലും അനുഭവിച്ച ഒരാൾക്ക് അതേ വ്യവസ്ഥിതിയോട് എത്രമാത്രം പകയുണ്ടാകാമെന്ന് അയാളിലൂടെ തിരിച്ചറിയുന്നു. അയാളുടെ ഒടിവിദ്യ കേവലം ഒരു അത്ഭുതവിദ്യയല്ല,അധികാരം നിർണയിച്ച മനുഷ്യന്റെ സ്വത്വത്തെത്തന്നെ ചോദ്യം ചെയ്യുന്ന പ്രതീകമായി എനിക്ക് തോന്നി. എന്നാൽ രൂപം മാറിയാലും മനുഷ്യൻ പേറുന്ന ചരിത്രവും മുറിവുകളും എളുപ്പത്തിൽ മാഞ്ഞുപോകുന്നില്ല എന്ന തിരിച്ചറിവും നോവൽ നൽകുന്നു.

ഈ നോവലിലെ സ്ത്രീകളെക്കുറിച്ച് പ്രത്യേകം പറയാനുണ്ട്. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് സ്ത്രീകളെ വെറും സഹനത്തിന്റെ പ്രതീകങ്ങളാക്കി മാറ്റാതിരുന്നതാണ്. അവർ സ്നേഹിക്കുന്നു, ആഗ്രഹിക്കുന്നു, ശരീരത്തിന്റെ സ്വാതന്ത്ര്യം തേടുന്നു, അപമാനിക്കപ്പെടുന്നു, മുറിവേൽക്കുന്നു, ചിലപ്പോൾ പ്രതികാരത്തിനായി ഇറങ്ങിത്തിരിക്കുന്നു. ആര്യ അന്തർജനം അതിന് അസാധാരണമായ ഉദാഹരണമാണ്. അവളുടെ പ്രണയം കേവലം പ്രണയമല്ല,അവളുടെ ശരീരത്തിനും ആത്മാഭിമാനത്തിനും നേരെ നടന്ന അതിക്രമത്തിനെതിരെയുള്ള ഒരു തിരിച്ചടിയുടെ വഴികൂടിയാണ്. പണിക്കരോടുള്ള അവളുടെ പ്രതികാരം വായിക്കുമ്പോൾ സ്ത്രീയുടെ നിശ്ശബ്ദതയെ സമ്മതമായി തെറ്റിദ്ധരിക്കുന്ന പുരുഷാധിപത്യത്തിന്റെ അഹങ്കാരത്തെക്കുറിച്ച് ചിന്തിക്കാതിരിക്കാനാവില്ല. ചിത്തിര സെൽവിയും പച്ചോലയും താഴമ്പൂവും സുഭദ്രയും പാർവതിയും ഓരോരുത്തരും സ്ത്രീജീവിതത്തിന്റെ വ്യത്യസ്തമായ അതിജീവനമുഖങ്ങളാണ്.

പിന്നെ ലൈംഗികത! ഈ നോവലിൽ എന്നെ ഏറെ ആകർഷിച്ച ഒരു കാര്യമാണത്. ലൈംഗികതയെക്കുറിച്ച് എഴുതുമ്പോൾ അശ്ലീലതയുടെ അതിരുകളിലേക്ക് വീഴാതെ, മനുഷ്യന്റെ സ്വാഭാവികമായ ആഗ്രഹങ്ങളെയും ശരീരത്തിന്റെ രാഷ്ട്രീയത്തെയും അതിന്റെ സങ്കീർണതകളെയും അവതരിപ്പിക്കാൻ സാധിച്ചിട്ടുണ്ട് . കാമത്തെ മറച്ചുവെക്കേണ്ട ഒന്നായോ ആഘോഷിക്കേണ്ട ഒന്നായോ മാത്രം കാണുന്നില്ല. അതിന്റെ പിന്നിലെ അധികാരവും ചൂഷണവും ആസക്തിയും പ്രണയവും പ്രതികാരവും ഒരുപോലെ തുറന്നുകാട്ടുന്നു. ശരീരത്തെക്കുറിച്ച് എഴുതുന്നത് അശ്ലീലമല്ലെന്നും ശരീരത്തിന്മേൽ സമൂഹം നടത്തുന്ന അധികാരപ്രയോഗങ്ങളെ തുറന്നുകാട്ടുന്നതും സാഹിത്യത്തിന്റെ ഉത്തരവാദിത്വമാണെന്നും ഈ നോവൽ എന്നെ ഓർമിപ്പിച്ചു.

Read also:‘ജീവിതത്തിൽ മഷി മുക്കി മനസ്സിന്റെ വിരലുകൾ കൊണ്ട് കഥയെഴുതിയ പപ്പേട്ടൻ’ 

നോവലിന്റെ രാഷ്ട്രീയം മറ്റൊരു വലിയ വായനയാണ്. ജാതി എന്നത് ഒരു സാമൂഹിക തിരിച്ചറിയൽ മാത്രമല്ല, ഒരാളുടെ ശരീരത്തെയും പ്രണയത്തെയും തൊഴിൽ ചെയ്യാനുള്ള അവകാശത്തെയും ജീവിക്കാനുള്ള സ്വാതന്ത്ര്യത്തെയും നിർണയിക്കുന്ന അധികാരഘടന കൂടിയാണെന്ന് കഥാപാത്രങ്ങളുടെ ജീവിതം പറയുന്നു. വിപ്ലവപ്രസ്ഥാനങ്ങളും ഫ്യൂഡൽ അധികാരവും ജാതിവിരുദ്ധ പോരാട്ടങ്ങളും അവയുടെ പരിമിതികളും നോവലിൽ പരസ്പരം ഏറ്റുമുട്ടുന്നു. മണ്ണൂർ ശങ്കുണ്ണിയുടെ ജീവിതവും തെച്ചോരന്റെ പോരാട്ടവും വ്യത്യസ്തമായ രാഷ്ട്രീയ വായനകൾക്ക് ഇടം നൽകുന്നു.

ഒടിവിദ്യയും രൂപാന്തരങ്ങളും മിത്തും യാഥാർഥ്യവും ഇഴചേരുന്ന ആഖ്യാനവും വായനക്കാരനെ മറ്റൊരു ലോകത്തേക്ക് കൊണ്ടുപോകുന്നു. ചിലപ്പോൾ ഇതൊരു ചരിത്രനോവലാണെന്ന് തോന്നും,മറ്റുചിലപ്പോൾ മിത്തുകളുടെ ലോകത്താണ് നമ്മൾ. പിന്നെ പെട്ടെന്ന് ജീവിതത്തിന്റെ ഏറ്റവും പരുക്കനായ യാഥാർഥ്യത്തിലേക്ക് വലിച്ചെറിയപ്പെടും. ഈ മാറ്റങ്ങളാണ് നോവലിന്റെ ആഖ്യാനത്തിന് അതിന്റെ പ്രത്യേകത നൽകുന്നത്. 

Read also:അതിജീവനക്ഷമതയുടെ പുസ്തകം, പ്രത്യാശയുടെയും… 

ഭാഷയെക്കുറിച്ചും പറയണം. ചില പദപ്രയോഗങ്ങൾ വെറുതെ വായിച്ചുപോകാനാവില്ല. അവയുടെ അർഥം മാത്രമല്ല, അവ സൃഷ്ടിക്കുന്ന ദൃശ്യവും അനുഭവവും മനസ്സിൽ തങ്ങിനിൽക്കും. മണ്ണിന്റെയും കാടിന്റെയും ശരീരത്തിന്റെയും മനുഷ്യന്റെയും ഗന്ധമുള്ള ഭാഷ. കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്നതിലുപരി അവരുടെ ജീവിതത്തിലേക്ക് വായനക്കാരനെ ഇറക്കിവിടുന്ന ആഖ്യാനശൈലി.

എനിക്ക് തോന്നുന്നത്, മാതംഗലീലയിൽ ആനയായി മാറുന്നത് ബാലകൃഷ്ണൻ മാത്രമല്ല,മനുഷ്യനെന്ന പേരിൽ ജീവിക്കുന്നവരുടെ ഉള്ളിലെ പല മുഖങ്ങളും ഇവിടെ രൂപം മാറുന്നുണ്ട്. മനുഷ്യന്റെ ക്രൂരതയ്ക്കുമുന്നിൽ മൃഗം പോലും ചിലപ്പോൾ കൂടുതൽ മനുഷ്യനായി തോന്നുന്നു.

ഒടുവിൽ, ഒരു ചോദ്യം മാത്രം ബാക്കിയാകുന്നു,മനുഷ്യനെ മനുഷ്യനായി ജീവിക്കാൻ അനുവദിക്കാത്ത ഒരു സമൂഹത്തിൽ യഥാർഥത്തിൽ മൃഗം ആരാണ്?

ഈ പുസ്തകം എനിക്ക് തന്നത് ഒരു കഥയുടെ ഓർമ മാത്രമല്ല,ജാതിയെക്കുറിച്ചും സ്ത്രീയുടെ ശരീരത്തെക്കുറിച്ചും പ്രണയത്തെക്കുറിച്ചും പ്രതികാരത്തെക്കുറിച്ചും മനുഷ്യന്റെ സ്വാതന്ത്ര്യത്തെക്കുറിച്ചും വീണ്ടും ചിന്തിക്കാനുള്ള അവസരമാണ്.

എല്ലാ കഥാപാത്രങ്ങളെയും ഒരുപോലെ ഓർക്കാൻ കഴിയുന്നില്ലെങ്കിലും അവരിൽ ചിലർ മനസ്സിൽ തങ്ങിനിൽക്കുന്നു. അതാണ് ഈ വായനയുടെ സൗന്ദര്യം.

ഒരു നല്ല പുസ്തകം വായനക്കാരനെ രസിപ്പിക്കും. എന്നാൽ ഒരു മികച്ച പുസ്തകം വായനക്കാരന്റെ ചിന്തകളെ അസ്വസ്ഥമാക്കും. മാതംഗലീല എനിക്ക് രണ്ടാമത്തെ അനുഭവമാണ് സമ്മാനിച്ചത്.

Read also:പൈന്റടിയില്ല; പെയിന്റടി മാത്രം