ഞാനൊരു ലൈബ്രറി പുസ്തകം പോലെ, ആവശ്യക്കാർ വരും, വായിക്കും, തിരിച്ചു വെക്കും...!

#വിനീത

കുഞ്ഞു പെൻസിൽ സ്‌കെച്ചിന് കാരണമായത് ജെ.കെ എഴുതിയ 'Someഭാഷണങ്ങൾ' എന്ന കുഞ്ഞു പുസ്തകത്തിലെ ഈ വരികൾ : 'ഞാൻ ഒരു ലൈബ്രറി പുസ്തകം പോലെയാണ് ! ആവശ്യക്കാർ വരും, എടുക്കും, മറിച്ചു നോക്കും, വായിക്കും, തിരിച്ചു വെക്കും. ചിലർ അവരുടെ ഇടങ്ങളിലേക്ക് കൊണ്ട് പോവും, പക്ഷെ തിരിച്ചു വെക്കും. ഉടമസ്ഥതയുടെ കെട്ടുപാടുകൾ ഇല്ല, എടുത്തു കൊണ്ട് പോയ ആൾ എന്നെ സ്‌നേഹിക്കുമോ വെറുക്കുമോ എന്ന ആകാംക്ഷയുമില്ല. ഇത് രണ്ടുമില്ലെങ്കിൽ ഓർമ്മകളുമില്ല.'

ഇത്തിരി വരയ്ക്കാനും വായിക്കാനും എഴുതാനും പാട്ടുകൾ മൂളാനും ഒക്കെ ഇഷ്ടമാണ് നിങ്ങൾക്കെങ്കിൽ, 'ജീവിതമെന്ന സൂക്ഷ്മമായ പരിഹാസം' അനുഭവിച്ചു തീർക്കുന്നതിനിടയിലും ഇതൊക്കെ ഇടയ്‌ക്കെങ്കിലും ആസ്വദിക്കാൻ സ്വയം അനുവദിക്കാറുണ്ടെങ്കിൽ 'Someഭാഷണങ്ങൾ' നിങ്ങളും നിങ്ങളുമായുള്ള നല്ലൊരു സംഭാഷണത്തിന് വഴിയൊരുക്കും.
 

'ഒരു സംഗീത കദന കഥ'യിലൂടെ പറഞ്ഞു പോയത് എത്ര മാത്രം relatable ആയെന്ന് എങ്ങനെ പറയാൻ? പ്രണയം ചിലപ്പോൾ ഹൃദയത്തിലും ചിലപ്പോൾ തലച്ചോറിലും ആവുന്ന അവസ്ഥകൾ ഇതിലും ലളിതമായും ആഴത്തിലും എവിടെയും വായിച്ചിട്ടില്ല. ആനന്ദ് ബക്ഷിയുടെ വരികൾക്ക് ലക്ഷ്മി -പ്യാരേ കോമ്പിനേഷനിലൂടെ കിട്ടിയ ഈണം വർഷങ്ങൾക്കു ശേഷവും മനസ്സിൽ മൂളിച്ചു ഒരിക്കലും വറ്റാത്ത nostalgia യുടെ കിണറ്റിൻ കരയിൽ ഇത്തിരി നേരമെങ്കിലും നമ്മളെ തനിച്ചിരുത്തുന്ന ഒരു കഥയാണ് The Swan Song. ശരികൾക്കും തെറ്റിനുമിടയിൽ അലഞ്ഞു ജീവിച്ചു തീർക്കുമ്പോൾ ശാപമാണോ പ്രാർത്ഥനകളാണോ ഒടുവിൽ കൂട്ടായി വരുന്നത് എന്നറിയാൻ വൈകിപ്പോവുന്ന മനുഷ്യർ. JK യുടെ വാക്കുകളിൽ 'ഹൃദയത്തെ പറഞ്ഞു മനസ്സിലാക്കാൻ ഒരു തലച്ചോറിനും സാധിക്കില്ലെന്ന് തിരിച്ചറിയുമ്പോഴേക്കും ഒരുപാട് വൈകിപ്പോവും.'

അറിവുകൾ തിരിച്ചറിവുകളാവാൻ ഒരു ജീവിതം മുഴുവൻ എടുക്കുമ്പോൾ 'ശ്വാസം ഉണ്ടെങ്കിലും ജീവനില്ലാത്ത' ഒരു കൂട്ടം മനുഷ്യർ മാത്രം ബാക്കിയാവുന്നു ഈ ലോകത്തു. 'കണ്ണാടി നോക്കുമ്പോൾ മറ്റൊരാളെ കാണാൻ സഹായിക്കുന്ന മായക്കണ്ണാടിക്കായി' മാത്രം വൃഥാ കൊതിക്കുന്ന ഒരു കൂട്ടം മനുഷ്യർ !

ചിലരെങ്കിലും പക്ഷെ ഓരോ നിമിഷവും സ്വയമറിയുന്നു. സ്വന്തം ഉള്ളിലെ ഇരുട്ടിനും വെളിച്ചത്തിനും മുൻപിൽ ഒരുപോലെ കീഴടങ്ങി ഓരോ ശ്വാസോച്ഛാസത്തിനും ഇടയിലെ ജീവനും മരണവും തിരിച്ചറിഞ്ഞു ജീവിതത്തെ അനുഭവിക്കുന്നു.

സ്വയം ക്ഷമിക്കാൻ പഠിച്ചു 'മരണമെന്നാൽ പാപങ്ങൾ അവസാനിക്കുന്ന വിധിയുടെ ദിവ്യ മാപ്പാണ്' എന്ന് തിരിച്ചറിഞ്ഞു തുടങ്ങുമ്പോൾ മാത്രമാണ് നമുക്ക് നമ്മളിലെ യഥാർത്ഥ മനുഷ്യനെ കാണാൻ സാധിക്കുന്നത്. അങ്ങനെ ഒരു എത്തിനോട്ടത്തിലേക്കു ഒരു മൂളിപ്പാട്ടും പാടി ഒരു കുഞ്ഞു ചിത്രവും വരച്ച് ഈ വൈകുന്നേരം എന്നെ ഇരുത്തിച്ചതിനു നന്ദി JK.