പുസ്തകങ്ങളുടെ വീട്: 'സൂക്ഷിക്കുക നിങ്ങള്‍ നിരീക്ഷണത്തിലാണ്' എന്ന് ബോധ്യപ്പെടുത്തുന്ന കഥകള്‍

#ഡോ.സ്വപ്ന സി. കോമ്പാത്ത്
ഷാഹിന ഇ.കെ
ഷാഹിന ഇ.കെ

'Some old-fashioned things like fresh air and sunshine are hard to beat.'

                                       Laura Ingalls Wilder

കഥയുടെ കാഴ്ചകള്‍ക്കു പിറകില്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ നിഴലുകള്‍ അവശേഷിപ്പിക്കുന്ന, കഥയയെയും ജീവിതത്തെയും രണ്ടായി തന്നെ കാണുന്ന ഒരെഴുത്തുകാരിയുടെ മികച്ച കഥകളുടെ സമാഹാരമാണ് ഷാഹിന ഇ.കെ. എഴുതിയ 'പുസ്തകങ്ങളുടെ വീട്'. ജീവിച്ചിരിക്കുന്നവരുടെയും, മരിച്ചതുപോലെ ജീവിക്കുന്നവരുടെയും, മരിച്ചവരുടെയും മനസ്സിലേക്കു നോക്കുകയും ഹിപ്‌നോട്ടിസത്തിലെന്ന പോലെ അവരുടെ ഉന്മാദങ്ങളെ നമുക്ക് വെളിപ്പെടുത്തുകയും ചെയ്യുന്ന ഈ പത്തു കഥകള്‍ ശുദ്ധവായുവും സൂര്യപ്രകാശവും പോലെ മനുഷ്യന് നിഷേധിക്കാനാവാത്ത നിഗൂഢമായ പ്രാപഞ്ചികരഹസ്യങ്ങളെ ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം മനുഷ്യന്റെ ദുരൂഹവും വിചിത്രയുമായ മാനസികാവസ്ഥകളെ തുറന്നു കാട്ടുകയും ചെയ്യുന്നു.

മനുഷ്യചലനങ്ങളെ സസൂക്ഷ്മം നിരീക്ഷിക്കുന്ന എഴുത്തുകാരിയെയാണ് ഈ സമാഹാരത്തിലുള്ള കഥാപാത്രങ്ങള്‍ വെളിപ്പെടുത്തുന്നത്. കുടുംബവും ജോലിയും പ്രാരബ്ധങ്ങളും ഉത്തരവാദിത്തവും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഒരു വൃത്തത്തിനുള്ളിലെ ചലനം മാത്രമാണ് സാധാരണ മനുഷ്യനുള്ളത്. ആ വൃത്തത്തെ അതിജീവിച്ച 'പെണ്ണും പിള്ളരും' ഇല്ലാത്ത ഒരാളുടെ പുതിയ ജീവിതക്രമത്തിലെ ഒരു സന്ദര്‍ഭമാണ് ചിന്നബുദ്ധന്‍ എന്ന കഥയിലെ ഇതിവൃത്തം. കാലങ്ങളായി ആഗ്രഹിച്ചു കൊണ്ടിരുന്ന വിശ്രമ ജീവിതത്തിന്റെ സംഗീതസാന്ദ്രമായ അനുഭവങ്ങളോടൊപ്പം ചെങ്കുത്തിക്കുന്നിലേക്കുള്ള കയറ്റവും അയാള്‍ ശീലിക്കുന്നു. അവിടെ അയാള്‍ നിത്യവും കണ്ടിരുന്ന ഒരു കുഞ്ഞില്‍ നിന്നും പുറപ്പെട്ട വെളിച്ചത്തിന്റെ മഹാപ്രവാഹമാണ് ചിന്നബുദ്ധനില്‍ തെളിയുന്നത്.

'കേള്‍ക്കുമ്പോള്‍ ഉള്ളില്‍ പച്ച പൊട്ടണം. കാണുമ്പോള്‍ കണ്ണു കുളിര്‍ക്കണം. അതായിരുന്നു വാസഭൂമിയെ പ്രതി ഞങ്ങളുടെ സ്വപ്നം' 'ചിന്നബുദ്ധനില്‍ ഏതുപോലെ വിശ്രമജീവിതത്തിലെ പച്ചപ്പിലേക്ക്, പച്ചിലക്കാട് എന്ന വീട്ടിലേക്ക്, സ്വാസ്ഥ്യത്തിന്റെ തണലിലേക്ക്, ചേക്കേറിയ ദമ്പതികളുടെ ജീവിതത്തിലുണ്ടായ അപ്രതീക്ഷിത അനുഭവത്തിന്റെ ഞെട്ടലിലേക്കാണ് പച്ചിലക്കാട് എന്ന കഥയെ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നത്. ഇക്കോഫെമിനിസ്റ്റ് സിദ്ധാന്തങ്ങളുടെ പശ്ചാത്തലത്തില്‍ പാഠാന്തരവായനകളും തുടര്‍പഠനങ്ങളും സാധ്യമാകുന്ന ഈ കൃതി ഇരുപത്തൊന്നാം നൂറ്റാണ്ടിലും പുരുഷന്‍ പിന്തുടരുന്ന സ്ത്രീനോട്ടങ്ങളെ പകര്‍ത്തി വെക്കുന്നു.

ലളിതം ചില ചോദ്യങ്ങള്‍ എന്ന കഥ ഒരു എഴുത്തുകാരി എന്ന നിലയില്‍ ഷാഹിന ഇ. കെ യുടെ വളര്‍ച്ച വ്യക്തമാക്കുന്നു. പ്രമേയത്തെക്കാളുപരിയായി അതിന്റെ പരിചരണരീതി കൊണ്ട്, അതിലെ സാങ്കേതിക വൈദഗ്ധ്യം കൊണ്ട് ഭാവിയില്‍ മലയാളകഥാസാഹിത്യത്തിലെ എണ്ണപ്പെട്ട ഒന്നായി മാറേണ്ട കഥയാണിത്. കഥയുടെ കാലം പഴയതാണെങ്കിലും സ്വത്വപ്രതിസന്ധിയെ മറികടന്ന, മാമൂലുകളെ മറികടന്ന ലളിതയെ പോലെനിരവധി സ്ത്രീകള്‍ നമുക്കിടയില്‍ ഉണ്ടാകട്ടെ എന്ന് ആരും ആശിച്ചു പോകുന്നു. കഥയും കഥാകൃത്തും വായനക്കാരനും വരെ കഥാപാത്രങ്ങളാകുന്ന പരീക്ഷണാത്മക ശൈലി ഏറെ ഹൃദ്യമാണ്. കാലം മാറിയിട്ടും മാറാത്ത നമ്മുടെ ജാതിബോധത്തെ, താന്‍ നേരിടുന്ന അപമാനത്തെയും അപഹാസ്യതയെയും പങ്കാളിയുടെ മേല്‍ മര്‍ദ്ദനമായി കോരിച്ചൊരിയുന്ന, തന്റെ വിജയത്തിന്റെ വിളനിലമാണ് സ്ത്രീയെന്ന് തെറ്റിദ്ധരിക്കുന്ന പുരുഷന്റെ ഉയര്‍ച്ചയെ കീഴ്‌പ്പെടുത്തുന്ന ലളിതമാരിനിയും ഉണ്ടാകേണ്ടിയിരിക്കുന്നു.

ഉറ്റവരുടെ മരണം കൊണ്ട് അന്യമാകുന്ന ജീവിതങ്ങളെ അടയാളപ്പെടുത്തുന്ന കൃതിയാണ് അലിഖിതം. ഇത്തരം ഒരു പ്രമേയം പുതുമയുള്ളതാണ് ആത്മഹത്യകൊണ്ട് ചിലര്‍ ജീവിതനിയോഗങ്ങളെ പൂര്‍ത്തീകരിക്കുമ്പോള്‍, ഉറ്റവരില്‍ പലപ്പോഴും എന്തിന് എന്ന് ചോദ്യം മാത്രമാണ് അവശേഷിക്കുക. ആത്മഹത്യയുടെ മുറിവിനാല്‍ ചോരയിറ്റുന്ന ലോകം മുഴുവനുമുള്ള മനുഷ്യരെ അഭിസംബോധന ചെയ്യുന്ന കഥ, ഏതൊക്കെ കൊടിയ ബന്ധങ്ങള്‍ കൊണ്ട് വേരാഴ്ത്തപ്പെട്ട ഹൃദയങ്ങള്‍ക്കിടയിലും വ്യക്തികള്‍ക്ക് അവനവന്റേതായ സ്വകാര്യതയുണ്ടെന്ന് ഉറപ്പിക്കുന്നു. 

ഒരാളെ സമൂഹം എങ്ങനെയാണ് വേരില്‍ നിന്നടര്‍ത്തി മറ്റൊരാളാക്കി മാറ്റുന്നതെന്ന് രാഷ്ട്രീയമായി വിശകലനം ചെയ്യുന്ന അനുഭവമാണ് ചരിത്രാതീതകാലത്തെ അപ്പാപ്പന്‍ അഥവാ ഭഗവാനും തങ്ങളുപ്പാപ്പയും. പകല്‍ മാന്യമാരുടെ ജീവിതത്തെ, അപരലോകങ്ങളില്‍ പായുന്ന മനുഷ്യമനസ്സുകളെ അടയാളപ്പെടുത്തുന്നതിനോടൊപ്പം ഗാര്‍ഹിക ജീവിതത്തില്‍ ഇന്നും സ്ത്രീകള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്ഥയിലേക്ക് വിരല്‍ ചൂടുന്ന കഥ. കൊതിപ്പിക്കുന്ന ജീവിതമുള്ള ഒരു പെണ്‍കുട്ടി ആകസ്മികമായി പരിചയപ്പെട്ട ഒരു സ്ത്രീയുടെ ജീവിതത്തിലേക്കും മകനിലേക്കും പുസ്തകങ്ങള്‍ കൊണ്ട് ചേര്‍ത്തു വെക്കപ്പെടുകയും വിദഗ്ധമായി അടര്‍ന്നു മാറുകയും ചെയ്യുന്നു. ശ്ലീലാശ്ലീലങ്ങളുടെ നനുത്ത അതിര്‍ത്തിരേഖകളില്‍ 
നിസ്സഹനായി നില്‍ക്കേണ്ടി വരുന്ന പഴയ തലമുറയുടെ പ്രതിനിധിയായ ബര്‍ന്നാസും മറകളോ ഭയമോ ഇല്ലാത്ത പുതിയ തലമുറകളിലെ പുള്ളിപുലികളും തമ്മിലുള്ള വാഗ്വാദവും കാലം ജീവിതത്തിന് വരുത്തുന്ന വിചിത്രമായ പരിണാമവുമാണ് ബര്‍ന്നബാസും പുള്ളിപ്പുലികളും കാണിച്ചു തരുന്നത്. അമ്മ - മകള്‍ ബന്ധത്തിന്റെ പുനര്‍നിര്‍വചനമാണ് യക്ഷിരാത്രി. സ്‌നേഹത്തിന്റെയും വിശ്വാസത്തിന്റെയും ഇഴകളാണ് ആ ബന്ധത്തെ ദൃഢമാക്കുന്നത്. ചങ്ങലകളില്ലാത്ത പരസ്പരം താങ്ങാവുന്ന ബന്ധത്തിന്റെ അപൂര്‍വതയാണ് ആ കൃതിയുടെ ഭദ്രത.'

'എന്തിന് മര്‍ത്ത്യായുസ്സില്‍ സാരമായത്
ചില മുന്തിയ സന്ദര്‍ഭങ്ങള്‍-
അല്ല മാത്രകള്‍ മാത്രം'

എന്ന് വൈലോപ്പിള്ളി പാടിയത് പോലെ ഒരു ചെറിയ നിമിഷത്തില്‍ അപ്രതീക്ഷിതമായി സംഭവിക്കുന്ന ട്വിസ്റ്റുകളാണ് ഓരോ കഥയുടെയും മര്‍മ്മം. മനുഷ്യ ജീവിതത്തെയും മനസ്സിനെയും അടയാളപ്പെടുത്തുമ്പോള്‍ സന്ദേഹങ്ങളും സംഘര്‍ഷങ്ങളും അനിശ്ചിതത്വവും ഉണ്ടാവുക സാധാരണമാണ്. ജീവിതത്തിന്റെ നേര്‍ചിത്രണമെന്ന് തോന്നുന്ന രീതിയില്‍ കഥകളെ പരുവപ്പെടുത്തുന്ന ഒരു തന്ത്രമാണ് എഴുത്തുകാരി കൈകൊണ്ടിരിക്കുന്നത്. സമൂഹത്തില്‍ നിലവിലുള്ള ഇനിയും റദ്ദ് ചെയ്യപ്പെടാത്ത ജാതിബോധം, പുരുഷാധിപത്യം തുടങ്ങിയ പ്രവണതകളെ അനാവരണം ചെയ്യുന്ന രചനകള്‍ എന്ന മട്ടില്‍ എക്കാലവും പരിഗണിക്കപ്പെടുന്നവയാണ് പുസ്തകങ്ങളുടെ വീട്ടിലെ ഓരോ കഥകളും.


 

Content Highlights: dr swapna c kombath shahina ek book review pusthakangalude veedu