മരണവംശം: പകയുടെയും ആസക്തിയുടെയും പതിനെട്ട് അധ്യായങ്ങള്‍

#ധനുഷ് ഗോപിനാഥ്
പുസ്തകത്തിന്റെ കവര്‍ പേജ്‌, നോവലിസ്റ്റ് പി.വി. ഷാജികുമാർ | ഫോട്ടോ: മാതൃഭൂമി
പുസ്തകത്തിന്റെ കവര്‍ പേജ്‌, നോവലിസ്റ്റ് പി.വി. ഷാജികുമാർ | ഫോട്ടോ: മാതൃഭൂമി

ഉത്തരമലബാറില്‍ കാസറഗോഡന്‍ ഭൂപ്രകൃതിയില്‍ നടക്കുന്ന ഒരു കുടിപ്പകയുടെ കഥയാണ് മരണവംശം എന്ന് ഒറ്റവരിയില്‍ പറഞ്ഞാല്‍ അത് ഈ പുസ്തകത്തിനോട് ചെയ്യുന്ന ഒരപരാധമായിരിക്കും. പുസ്തകത്തിന്റെ തുടക്കത്തില്‍ കണ്ട ഏര്‍ക്കാന എന്ന ദേശത്തിന്റെ ഭൂപടവും, കുടുംബ വംശാവലിയും മാര്‍കേസിന്റെ ഏകാന്തതയുടെ നൂറ് വര്‍ഷങ്ങളെ ഓര്‍മ്മിപ്പിച്ചു. എന്നാല്‍ മക്കോണ്ടോ അല്ല ഏര്‍ക്കാന. അവിടുത്തെ ജനങ്ങളില്‍ വെറുപ്പും പകയുമാണ് കുടിയിരിക്കുന്നത്. 

ആ കഥ മംഗലാപുരത്തെ കള്ളന്‍ കോമനില്‍ നിന്ന് തുടങ്ങുന്നു. വശ്യമായി ഇളകി മറയുന്ന കടലും  ഉള്ളില്‍ ഇരമ്പുന്ന റാക്കിന്റെ ലഹരിയും ഒരു നാള്‍ അയാളെ ഏര്‍ക്കാനയിലെ ബല്ലാള്‍ മനയില്‍ എത്തിക്കുന്നു. അവിടെ നാലാളെ ഇട്ടുമൂടാനുള്ള സ്വര്‍ണ്ണമുണ്ടെന്ന് കേട്ടുകേള്‍വി. പെരുമഴയുള്ള രാത്രിയില്‍ ആ രാവണന്‍കോട്ടയില്‍ കയറിയ അയാള്‍ കാണുന്നത് ആ മനയുടെ നാഥരായ തങ്കത്തിനെയും പൊന്നുവിനെയുമാണ്. അന്ന് അവിടെ വച്ച് ആദ്യമായി മോഷണത്തില്‍ അയാള്‍ക്ക് പാപം ചെയ്യേണ്ടി വന്നു. അവിടുന്ന് രക്ഷപ്പെടാനുള്ള അയാളുടെ ശ്രമത്തിനിടയില്‍ ആ രണ്ടു സ്ത്രീകളും കൊല്ലപ്പെടുന്നു. അതിന് മുന്‍പ് പൊന്നു ഇങ്ങനെ പറയുന്നു- 'മനുഷ്യന് മനുഷ്യന്‍ പക, നായ്ക്ക് നായ പക. തലയില്‍ വരച്ചത് ഇല കൊണ്ട് മായ്ച്ചാല്‍ പോവില്ല.''

 സ്വര്‍ണ്ണം ഏര്‍ക്കാനയിലെ പലയിടങ്ങളില്‍ കഴിച്ചിട്ട് അയാള്‍ മംഗലാപുരത്തേക്ക് തിരികെ പോയി. അധികം വൈകാതെ ബ്രിട്ടീഷ് പോലീസിന്റെ പിടിയില്‍ പെടുകയും പിന്നീട് തൂക്കികൊല്ലപ്പെടുകയും ചെയ്യുന്നു. എന്നാല്‍ അയാള്‍ ചെയ്ത ആ പാപത്തിന്റെ വിത്ത് ഏര്‍ക്കാനയില്‍ അലഞ്ഞുനടന്നു. അത് പകയായി പല കുടുംബങ്ങളിലും ചേക്കേറി. പതിയെ കുഞ്ഞമ്മാറിന്റെ കുടുംബത്തിലേക്കും അവരുടെ കൊച്ചുമക്കളായ ഭാസ്‌കരനിലേക്കും ചന്ദ്രനിലേക്കും അരവിന്ദനിലേക്കും അത് പടര്‍ന്നു. അവരുടെ കഥയാണ് മരണവംശം. 

കാമം എന്നത് മനുഷ്യന്റെ ജന്മവാസനയാണ്. അതിന് ശരിതെറ്റുകളൊന്നും നോക്കേണ്ട എന്നാണു ഏര്‍ക്കാന പറയുന്നത്. ദൈവം കൊന്നുകളഞ്ഞ കാമത്തെ തിരിച്ചുവിളിച്ച ഓര്‍മ്മയാണ് ഉത്തരമലബാറുകാര്‍ക്ക് പൂരം എന്ന് നോവലിസ്റ്റ് പറയുന്നു. പൂരക്കളിക്ക് പാടുന്ന പൂരമാലയുടെ ഒന്ന് മുതല്‍ പതിനെട്ട് നിറങ്ങളാണ് ഈ നോവലില്‍ ആസക്തിയുടെ അദ്ധ്യായങ്ങളായി വേര്‍തിരിച്ചിരിക്കുന്നത്. 

സദാചാരവിധികളെ അട്ടിമറിക്കുന്ന ആണ്‍-പെണ്‍ ബന്ധങ്ങളാണ് ഈ നോവലില്‍ നമുക്ക് കാണാനാവുക. ആ കാര്യത്തില്‍ തികച്ചും സ്വതന്ത്രരാണ് അവര്‍. പ്രത്യേകിച്ചും സ്ത്രീകള്‍. അവര്‍ അവര്‍ക്കിഷ്ടമുള്ള പുരുഷന്മാരുടെ കൂടെ പൊറുക്കുന്നു, ശയിക്കുന്നു. അഞ്ച് മംഗലം കഴിച്ച കുഞ്ഞമ്മാര്‍ അവസാനം 
സംതൃപ്തയാകുന്നത് കൂടെ പണിയെടുക്കുന്ന കൊട്ടനിലാണ്. അതിന് അവരുടെ ഭര്‍ത്തൃമാതാവായ വെള്ളച്ചി സന്തോഷത്തോടെ എല്ലാ ഒത്താശകളും ചെയ്തു കൊടുക്കുന്നു. വെള്ളച്ചിക്കും ഉണ്ട് ഒരു രഹസ്യക്കാരന്‍. കുഞ്ഞമ്മാറിന്റെ മകന്റെ ഭാര്യയായ മാധവിയും തനിക്കിഷ്ടമുള്ളയാളുടെ കൂടെ ശയിക്കുമ്പോള്‍ കുഞ്ഞമ്മാര്‍ പറയുന്നുണ്ട് - ''നീ വേറെ ഒരുത്തന്റെയൊപ്പരം പോന്ന്ണ്ടെകില് അത് എന്റെ അമ്പാടിക്ക് സ്‌നേഹിക്കാന്‍ അറിയാത്തോണ്ടാ.. അത് നിന്റെ തെറ്റല്ല മാധവി. ചെല ഇഷ്ടങ്ങളുടെ തെറ്റും ശരിയുമൊന്നും നിശ്ചയിക്കാന്‍ നമ്മള്‍ ആരുമല്ല. പിന്നെ ഇതില് തെറ്റ് ശരിയെന്നൊന്നും ഇല്ല.''

 അങ്ങനെ തങ്കത്തിനെയും പൊന്നുവിനെയും പോലെ ഒട്ടനവധി സ്വാതന്ത്രത്തോടെയാണ് ഏര്‍ക്കാനയിലെ പെണ്ണങ്ങള്‍ ആദ്യകാലത്ത് ജീവിച്ചുവരുന്നത്. പരസ്പര സമ്മതത്തോടെ അത് പിന്നീട് നടക്കുമ്പോളും, കാലക്രമേണ കാര്യങ്ങള്‍ രഹസ്യസ്വഭാവം കൈവരിക്കുന്നു.

 അതേ ശരിതെറ്റുകളുടെ തട്ടില്‍ നിന്നാണ് ഭാസ്‌കരനും നളിനിയും സ്‌നേഹിക്കുന്നത്. ഭാസ്‌കരന്റെ അച്ഛന്റെ സഹോദരി ഭര്‍ത്താവിന് രണ്ടാമത്തെ വിവാഹത്തിലുണ്ടായ കുട്ടിയാണ് നളിനി, മച്ചൂനനായ ചന്ദ്രന്റെ പെങ്ങള്‍. ചെറുപ്പത്തില്‍ അവരെല്ലാം നല്ല കൂട്ടാണെങ്കിലും പതിയെ ചന്ദ്രന്റെ മനസ്സിന്റെയുള്ളിലേക്ക് അവന്റെ അച്ഛന്‍ കൃഷ്ണനും അച്ഛമ്മ ജാനകിയും പകയുടെ കനലുകള്‍ ഈതി കത്തിക്കുന്നു. കാരണം, ചതി തന്നെ.
വളരുമ്പോള്‍ ചന്ദ്രനും ഭാസ്‌കരനും അകലുന്നു. ബദ്ധശത്രുക്കളാകുന്ന അവര്‍ക്കിടയില്‍ കിടന്ന് നളിനിയുടെ ജീവിതം നരകതുല്യമാകുന്നു. 

ചന്ദ്രന്‍ പ്രമാണിയും ദുഷ്ടനും കോണ്‍ഗ്രസ്തുകാരനുമായ കോമന്‍ നായരുടെ വലംകൈയാകുമ്പോള്‍ ഭാസ്‌കരന്റെ കൂടെ ഏര്‍ക്കാനയില്‍ വേര് മുളച്ചുതുടങ്ങുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നില്‍ക്കുന്നു. മെല്ലെ മെല്ലെ വളരെ സ്വകാര്യമായ, കുടുംബങ്ങള്‍ തമ്മിലുള്ള ഒരു കുടിപ്പക, രാഷ്ട്രീയമാനങ്ങള്‍ കൈവരിക്കുന്നു. ഭാസ്‌കരനാല്‍ കൊല്ലപ്പെടുന്ന ചന്ദ്രനുശേഷം പകയും കൊണ്ട് ഇറങ്ങുന്നത് അയാളുടെ അനിയനായ അരവിന്ദനാണ്. ഭാസ്‌കരനെ ഇല്ലാതാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമേ അയാള്‍ക്കുള്ളൂ. കൊല്ലാനായി അരവിന്ദനും ചാവാതിരിക്കാനായി ഭാസ്‌കരനും. തലയില്‍ വരച്ചത് മായ്ക്കാനാകാതെ പകയും അതിന്റെ പരിണിതഫലങ്ങളും ഏര്‍ക്കാനയിലെ ഒരു കൂട്ടം മനുഷ്യരെ തകര്‍ക്കുന്നു. ഒന്നിനും പോകാതെ അടങ്ങിയൊതുങ്ങി ജീവിച്ച ചന്ദ്രന്റെ മറ്റൊരനിയന്‍ രാജേന്ദ്രന്‍ വരെ ആ പകയുടെ ദുരന്തഫലം അനുഭവിക്കുന്നുണ്ട്.

കഥാപാത്രസൃഷ്ടിയില്‍ വളരെ മികച്ചു നില്‍ക്കുന്നുണ്ട് മരണവംശം. പ്രത്യേകിച്ചും സ്ത്രീ കഥാപാത്രങ്ങള്‍. നല്ലവരായ കുഞ്ഞമ്മാറും പകയുടെ ആള്‍രൂപമായ ജാനകിയും പക്ഷേ കുടുംബം എന്ന സിദ്ധാന്തത്തില്‍ തികച്ചും വിരുദ്ധ ശ്രേണിയിലാണ്. പകയ്ക്ക് പക തന്നെ ഉത്തരം എന്ന് കരുതിപോകുന്ന ജാനകിയും അവരുടെ കുടുംബത്തിലെ സ്ത്രീകളും മറ്റൊരു പുരുഷന്റെ പിറകെ പോകാത്തവരാണ്. മറിച്ചു കുഞ്ഞമ്മാറിന്റെ കുടുംബത്തിലെ സ്ത്രീകള്‍ എല്ലാവരും തന്നെ നമ്മുടെ സാമാന്യ സദാചാരബോധത്തെ അട്ടിമറിക്കുന്നു. പ്രകൃതിയും തെയ്യവും പക്ഷിമൃഗാദികളും ഇതില്‍ കഥാപാത്രമാണ്. നോവലില്‍ നിസ്സാരമെന്നു നമ്മള്‍ കരുതിയേക്കാവുന്ന, എന്നാല്‍ കഥയുടെ ഗതിയില്‍ പ്രധാനമായ പല കൊച്ചു കാര്യങ്ങളും വായനക്കാരെ അറിയിക്കുന്നത് തെയ്യവും ഉപ്പൂപ്പനും ഉടുമ്പുമൊക്കെയാണ്. വളരെ മനോഹരമായാണ് അവരെയൊക്കെ നോവലിസ്റ്റ് ഉപയോഗിച്ചിരിക്കുന്നത്. 

അരവിന്ദനോട് അപകടത്തിന്ന് മുന്‍പ് 'വേഗം വീട്ടിലോട്ടു പോകൂ' എന്ന് കേണപേക്ഷിക്കുന്നത് മൂളിക്കാറ്റാണ്. അത് പോലെ ചന്ദ്രന്‍ മരിച്ചു കിടക്കുമ്പോള്‍ അരികിലിരുന്ന് കരയുന്നത് വണ്ണാത്തിക്കിളിയും വിചാരണ ചെയ്യുന്നത് കുരുതിക്കളമായ വടക്കന്‍ വാതിലുമാണ്. തന്റെ പകയും ദുഷ്ടതയും താനുണ്ടാക്കിയതല്ലെന്നും അച്ഛന്റെയും അച്ഛമ്മയുടെയും അടുത്ത് നിന്ന് കിട്ടിയതാണെന്നുമുള്ള സത്യം വടക്കന്‍ വാതിലിനോടാണ് ചന്ദ്രന്‍ പറയുന്നത്. അതിലെ ശരി വടക്കന്‍ വാതിലിന് ബോധ്യപ്പെടുന്നുമുണ്ട്. മാജിക്കല്‍ റിയലിസത്തിന്റെ പ്രതിഫലനങ്ങള്‍ ഈ നോവലില്‍ അനുഭവിക്കാന്‍ കഴിയുന്നുണ്ട്.

നോവലില്‍ വളരെ സൂക്ഷ്മമായി പറഞ്ഞുപോകുന്ന ഒന്നാണ് ജാതി. ജാനകിയില്‍, രഘുവില്‍, നായര്‍ തറവാട്ടിലേക്ക് കയറിപ്പോയ തെയ്യത്തിനെ വിലക്കിയ കമ്മിറ്റിയില്‍ ഒക്കെ നമ്മള്‍ ജാതിവേര്‍തിരിവുകള്‍ കാണുന്നു. സൗഹൃദത്തില്‍ ഒന്നിച്ചു കഴിയുമ്പോളും ഉള്ളിലെ ജാതിയെ കുടഞ്ഞെറിയാന്‍ കഴിയാത്തവരുമാണ് ഏര്‍ക്കാനയിലെ മനുഷ്യര്‍.

അറുനൂറില്‍ പരം പേജുകളില്‍ തുടങ്ങി ഒടുക്കം പല എഡിറ്റുകള്‍ക്കൊടുവില്‍ മൂന്നുറിലധികം പേജുകളിലായാണ് ഈ നോവല്‍ എഴുതിയിരിക്കുന്നത്. അതിനാല്‍ എഡിറ്റിംഗില്‍ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് പറയാതിരിക്കാന്‍ ആവില്ല. ഭാസ്‌ക്കരന്‍, ചന്ദ്രന്‍, അരവിന്ദന്‍, നളിനി എന്നിവരുള്‍പ്പടെയുള്ള എല്ലാ മുന്‍നിര കഥാപാത്രങ്ങള്‍ക്കും വ്യക്തമായ ഒരു പരിസമാപ്തി ലഭിക്കുമ്പോള്‍, ജിനന്‍ പോലുള്ള ചില കഥാപാത്രങ്ങള്‍, വളരെയേറെ പ്രാധാന്യത്തോടെ കഥയിലേക്ക് കയറിവരുന്നുണ്ടെങ്കിലും പിന്നെ പതുക്കെ പ്രാധാന്യം കുറഞ്ഞു അപ്രത്യക്ഷരാകുന്നു. പിന്നീട് എപ്പോഴെങ്കിലും ജിനന്‍ കഥയിലേക്ക് കയറിവരുമെന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു. മരണവംശത്തെപ്പറ്റി എഴുതുമ്പോള്‍ ഒട്ടും വിട്ടുപോകാന്‍പാടില്ലാത്ത ഒന്നാണ് അതിന്റെ ഭാഷ. പൂര്‍ണ്ണമായും ഉത്തര മലബാറിനോട് ചേര്‍ന്ന് നില്‍ക്കുന്ന ഭാഷയാണത്. പല കഥകളും അതിനേക്കാളേറെ കഥാപാത്രങ്ങളും നിസ്സഹായരായ ദൈവങ്ങളും പലതരം പക്ഷിമൃഗാദികളും പ്രകൃതിയുമൊക്കെ നിറഞ്ഞുനില്‍ക്കുന്ന ഒരു നോവലാണ് മരണവംശം.

 വടക്കന്‍ മലബാറിലെ ഏര്‍ക്കാനയെന്ന ദേശത്ത് തലമുറകള്‍ പടര്‍ന്ന് നില്‍ക്കുന്ന ഒരു പകയുടെ കഥ പറയുമ്പോളും അതെഴുതിയ രീതിയും അതിലെ ഭാഷയും വിസ്മയിപ്പിക്കുന്നതാണ്. ഈയടുത്ത് വായിച്ച ഹെമിങ്‌വേയുടെ ഒരുദ്ധരണി ഓര്‍മ വരുന്നു: ''എല്ലാ കഥകളും നീണ്ടുപോകുമ്പോള്‍ മരണത്തിലവസാനിക്കുന്നു. അത് മാറ്റിനിര്‍ത്തി കഥ പറയുന്നയാള്‍ നല്ല കാഥികനുമല്ല.'' (Death in the Afternoon)


 

Content Highlights: dhanush gopinath reviews pv shajikumar novel maranavamsam