ഇന്നും അനസ്യൂതം ഒഴുകുന്ന ടോള്‍സ്‌റ്റോയ്, എന്നും പ്രണയരക്തത്തില്‍ തളംകെട്ടി നിന്ന സോണിയ; ഒഴുകാതെ ഒരു പുഴ!

#ഡോ. സ്വപ്ന.സി. കോമ്പാത്ത്
സോണിയ ടോൾസ്‌റ്റോയ്, ടോൾസ്‌റ്റോയ്‌
സോണിയ ടോൾസ്‌റ്റോയ്, ടോൾസ്‌റ്റോയ്‌

യാത്ര എന്റെ സ്വപ്നമായിരുന്നു. നിന്നെയും ചേര്‍ത്തുപിടിച്ച്, ഒരു കുതിരപ്പുറത്ത് മേഘങ്ങള്‍ക്കിടയിലൂടെ... ആദ്യ കുതിരസവാരിക്കിടെ ഉണ്ടായ ഈ വര്‍ത്തമാനത്തില്‍ മഴമേഘം പോലെ അലിഞ്ഞുപോയ ഒരു പെണ്‍കുട്ടിയായിരുന്നു സോഫിയ. തന്റെ ഇരട്ടിയിലധികം പ്രായമുള്ള, സ്വന്തം അമ്മയുടെ ബാല്യകാല സുഹൃത്തായ ടോള്‍സ്റ്റോയിയെ വിവാഹം കഴിക്കാന്‍, അവളിലെ പ്രണയത്തെ ആളിക്കത്തിക്കാന്‍ ആ വാക്കുകള്‍ക്ക് സാധിച്ചിരുന്നു. പിന്നീട് ഇതേ സോഫിയ തന്നെ 'പ്രണയം എന്നൊന്നില്ല. ശാരീരികബന്ധത്തിനുള്ള തൃഷ്ണയും പിന്നെ കൂട്ടിന് ഒരാള്‍ വേണമെന്ന പ്രായോഗിക ചിന്തയും, അത്രേയുള്ളൂ' എന്ന് ടോള്‍സ്റ്റോയി തന്റെ ഡയറിയില്‍ രേഖപ്പെടുത്തിയത് വായിക്കുമ്പോള്‍, ജീവിക്കാന്‍ അവളെ പ്രേരിപ്പിച്ചിരുന്ന, അവളുടെ ജീവിതത്തെ നിലനിര്‍ത്തിയിരുന്ന ടോള്‍സ്റ്റോയിയുടെ പ്രണയം  വെറുംവാക്കായിരുന്നോ എന്ന് സംശയിച്ചുപോവുകയാണ്.

സര്‍ഗാത്മകത ഏറ്റവും മഹത്വമേറിയ അനുഗ്രഹമാണ്. പക്ഷേ കലാകാരന്മാരുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങിയാല്‍ അവരുടെ വിജയത്തിന് പിന്നില്‍ നിരന്തരം പ്രയത്‌നിക്കുകയും എന്നാല്‍ ഒട്ടും പരാമര്‍ശിക്കപ്പെടാതെ പോവുകയും ചെയ്യുന്ന ധാരാളം പേരെ കാണാം. ലോകപ്രസിദ്ധരായ എഴുത്തുകാരുടെ ജീവിതത്തിലും ഇത്തരം ധാരാളംപേര്‍ ഉണ്ടായിരുന്നിരിക്കാം. മാത്രമല്ല അവരില്‍ ഭൂരിഭാഗവും എഴുത്തുകാരുടെ ഭാര്യമാരും ആയിരുന്നിരിക്കാം. ഈ ചിന്തയില്‍ നിന്നാണ് ടോള്‍സ്റ്റോയിയുടെ ഭാര്യ സോഫിയയെ ചന്ദ്രമതി ടീച്ചര്‍ കണ്ടെത്തുന്നത്.

ഒഴുകാതെ ഒരു പുഴ എന്ന പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ, സര്‍ഗധനയായ ഒരുപാട് കഴിവുകളുള്ള , പുഴ പോലെ പാടാനും ചിരിക്കാനും കൊതിച്ച സുന്ദരിയായ പെണ്‍കുട്ടി. വീട്, എസ്റ്റേറ്റ്, ജോലിക്കാര്‍, പ്രസവം, പ്രാരബ്ധം, ഭര്‍ത്താവിന്റെ സ്‌നേഹനിരാസം, അദ്ദേഹത്തിന്റെ സര്‍ഗാത്മകത, അദ്ദേഹത്തിന്റെ ആരാധകര്‍, അഭ്യുദയകാംക്ഷികള്‍, മക്കളുടെ രോഗം, മരണം, മരണച്ചെലവുകള്‍ എന്നിവയുടെ അണക്കെട്ടിനുള്ളില്‍ തളച്ചിടപ്പെടുന്നു.

ഭര്‍ത്താവിന്റെ സര്‍ഗാത്മകതയില്‍ ഏറെ ആകൃഷ്ടയായ ആ പെണ്‍കുട്ടി അവളുടെ ഉറക്കവും സ്വാസ്ഥ്യവും ഉപേക്ഷിച്ചുകൊണ്ട് അദ്ദേഹത്തെ എഴുതാന്‍ പ്രേരിപ്പിക്കുകയും എഴുതിയത് മുഴുവന്‍ പകര്‍ത്തി എഴുതുകയും ചെയ്യുന്നു.

യുദ്ധവും സമാധാനവും പോലുള്ള മഹത്തായ കൃതികള്‍ക്ക് വേണ്ട ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അത്രയും വലിയ കൃതി ഏഴുതവണ പകര്‍ത്തി എഴുതുകയും ചെയ്തു. അവളുടെ ശ്രമങ്ങളെ ഒരു വിലയും കല്‍പ്പിക്കാതെ, അതവളുടെ ധര്‍മ്മമെന്ന മട്ടില്‍ വിലകുറച്ചു കാണുകയായിരുന്നു ടോള്‍സ്റ്റോയ് ചെയ്തത്. ടോള്‍സ്റ്റോയ് എന്ന കലാകാരനെ വിലകുറച്ചു കാണുക, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ കാപട്യം വെളിവാക്കുക എന്ന ഉദ്ദേശത്തോടുകൂടി എഴുതിയ ഒരു നോവലാണിത് എന്ന് തെറ്റിദ്ധരിക്കരുത്.

ഒരു എഴുത്തുകാരന്റെ സര്‍ഗാത്മകതയില്‍ അദ്ദേഹത്തിന്റെ ഭാര്യ നടത്തുന്ന ഇടപെടലുകളെ, തന്നെ തളച്ചിടുന്ന വീടിനും തന്നെ താനാകാന്‍ അനുവദിക്കാത്ത ഉത്തരവാദിത്തങ്ങളെയും ഒരു സ്ത്രീ എങ്ങനെ മറികടക്കുന്നു എന്ന് നോവല്‍ വെളിപ്പെടുത്തുന്നുണ്ട്.

സ്‌നേഹം, പരസ്പരമുള്ള സ്‌നേഹം അതാണ് ടോള്‍സ്റ്റോയിയെയും ഭാര്യയെയും അന്ധരാക്കുന്നത്. യൗവനത്തില്‍ തന്റെ കാമനകള്‍ക്ക് മാത്രം പ്രാധാന്യം നല്‍കുകയും മധ്യവയസ്സ് മുതല്‍ തനിക്കപ്പുറമുള്ള ലോകത്തെ കാണുകയും സ്‌നേഹിക്കുകയും ജീവിതംകൊണ്ട് മറ്റുള്ളവരെ സഹായിക്കുകയും ചെയ്ത ടോള്‍സ്റ്റോയിയെ ചന്ദ്രമതി അവതരിപ്പിക്കുന്നു. ഒപ്പം 'ഓരോ ഹൃദയത്തിലും ഓരോ ഗാനമുണ്ട്. അപൂര്‍ണ്ണമായ ഗാനം. മറ്റൊരു ഹൃദയം അത് തിരികെ മന്ത്രിക്കുന്നതു വരെ ഗാനം അപൂര്‍ണ്ണമായിരിക്കും. പ്രണയിയുടെ സ്പര്‍ശത്താല്‍ ഓരോരുത്തരും കവിയായി മാറും' എന്ന് വിശ്വസിച്ച സോഫിയയും

തമ്മിലുള്ള ചേര്‍ച്ച വൈരുദ്ധ്യങ്ങളെ മറയ്ക്കുകയും മറികടക്കുകയും ചെയ്യുന്ന പ്രണയം കൊണ്ട് മുറിവേറ്റവരാണ്. ആ മുറിവില്‍ നിന്നൊഴുകുന്ന രക്തമാണ് ഒഴുകാത്ത പുഴയുടെ ജീവന്‍.