അനന്തതയെ തൊട്ട് 'ഇദം പാരമിതം'; അടിമുടി കാവ്യാത്മകമായ നോവല്‍ | ആസ്വാദനം

കവി, അധ്യാപകന്‍, പത്രപ്രവര്‍ത്തകന്‍, എഴുത്തുകാരന്‍ എന്നീ നിലകളില്‍ പ്രശസ്തനായ വി.ജി. തമ്പിയുടെ, മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഇദം പാരമിതം' എന്ന നോവല്‍, സ്‌നേഹത്തിന്റെ അനന്തമാനങ്ങളിലേക്ക് തുറക്കുന്ന ഒരു കിളിവാതിലാണ്. സാമ്പ്രദായിക നോവലുകളുടെ ചട്ടക്കൂടില്‍ ഒതുങ്ങുന്നതല്ല ഈ കൃതി. സമകാലിക കൃതികളുടെ വായന നല്‍കുന്ന പാഠം, കഥയല്ല, മറ്റെന്തൊക്കെയോ ആണ് ഒരു നോവലിനെ മൂല്യവത്താക്കുന്നതെന്നാണ്. സാഹിത്യരൂപങ്ങളില്‍വെച്ച് ഏറ്റവും ആഴവും പരപ്പുമുള്ള പ്രപഞ്ചമാണ് നോവല്‍ അനാവരണം ചെയ്യുക. അതിനാല്‍ നോവലിനെ ഒരു സ്വതന്ത്ര വിജ്ഞാനശാഖയായിപ്പോലും ചിത്രീകരിക്കാവുന്നതാണ്.
വൈകാരികവും ബൗദ്ധികവുമായ പക്വത കൈവരിക്കുമ്പോഴേ നോവല്‍ രചനയ്ക്ക് മുതിരാവൂ എന്ന് ചിലര്‍ പറയാറുണ്ട്. എന്നാല്‍ പ്രായം ഇതിലൊരു ഘടകമേയല്ല. ഒരു നോവല്‍ പൂര്‍ത്തിയാക്കുന്നതിന് ദീര്‍ഘകാലത്തെ വായനയ്ക്കും പരിശീലനത്തിനും പുറമേ, ധ്യാനവും മനനവും കൂടി ആവശ്യമാണ്. 2023-ല്‍ സാഹിത്യത്തിനുള്ള നൊബേല്‍ പുരസ്‌കാരം ലഭിച്ച യോന്‍ ഫോസ്സെ എന്ന നോര്‍വീജിയന്‍ സാഹിത്യകാരന്റെ തയാറെടുപ്പിന്റെ കഥ ഉദാഹരണം.
കവിതയിലും നാടകത്തിലും പയറ്റിത്തെളിഞ്ഞതിനു ശേഷമാണ് ഫോസ്സെ ഫിക്ഷനില്‍ കൈവച്ചത്. അദ്ദേഹത്തിന്റെ നാടകങ്ങളിലും ഫിക്ഷനിലും പോലും കവിത കണ്ടെത്താനെളുപ്പമാണ്. കവിതയാണ് മഹത്തായ സാഹിത്യത്തിന്റെ അടിസ്ഥാനമെന്ന വിശ്വാസത്തെ ബലപ്പെടുത്തുന്ന തരം രചനകളാണ് വിശ്വസാഹിത്യത്തില്‍ ഇപ്പോള്‍ വന്നുകൊണ്ടിരിക്കുന്നത്.
കവിതയുടെ കളരിയില്‍ പയറ്റിത്തെളിഞ്ഞ എഴുത്തുകാരനാണ് താനെന്ന് 'ഇദം പാരമിത' ത്തിലൂടെ തമ്പിതെളിയിക്കുന്നു. ചെറിയ അധ്യായങ്ങള്‍, അവയോരോന്നിലും മുഖക്കുറിപ്പായി ഒരു ഉദ്ധരണി, അരേഖീയ കാലക്രമം, അടിമുടി കാവ്യാത്മകത, സ്വന്തം ദര്‍ശന ശകലങ്ങളുടെ സാന്നിധ്യം തുടങ്ങിയവയാണ് ഈ കൃതിയെ അടയാളപ്പെടുത്തുക. ഉത്തുംഗ ഭാവനയുടെ ലീലാവിലാസവും ഇതില്‍ കാണാം.
അടുത്ത കാലത്ത് വായിച്ച, അന്താരാഷ്ട്ര പ്രശസ്തി നേടിയ നോവലുകളാണ് ഗോസ്‌പോഡിനോവിന്റെ 'ടൈം ഷെല്‍ട്ടറും' കാര്‍ത്ത രെസ്‌ക്യൂവിന്റെ 'സോള
നോയിഡും'. ഭ്രമാത്മകഭാവനയാണ് 'ടൈം ഷെല്‍ട്ടറി'ന്റെ സവിശേഷതയെങ്കിലും, വേഗവായന സാധ്യമാണ്. 'ഇദം പാരമിത'ത്തിനും ഒരളവോളം ഇതേ ഗുണങ്ങളുണ്ടെന്ന് മാത്രമല്ല, റിയാലിറ്റിയില്‍നിന്ന് പൂര്‍ണമായി വേര്‍പെടാത്ത ഒരു കഥാതന്തുവാണുള്ളതും. അതിസാന്ദ്രമായ ഭ്രമാത്മകതയുള്ള 'സോളനോയ്ഡ്'പാരായണസുഖം തരുന്നില്ല. സോമര്‍സെറ്റ് മോമിന്റെ 'ദി റേസേഴ്‌സ് എഡ്ജ്', ഒ.വി. വിജയന്റെ 'ഖസാക്കിന്റെ ഇതിഹാസം' എന്നീ നോവലുകളുമായി പ്രകൃത നോവലിനെ, പ്രമേയങ്ങളുടെ തലത്തില്‍, താരതമ്യംചെയ്യാന്‍ തോന്നും.
മോമിന്റെ 'ലാറി ഡാറെല്ലും' തമ്പിയുടെ ലെവിനും സാദൃശ്യങ്ങളുള്ള കഥാപാത്രങ്ങളാണ്. ഇരുവരും ഒരാത്മീയാന്വേഷണത്തിലാണ്. ഡാറെല്‍ കേവല സത്യവും, ലെവിന്‍ സ്‌നേഹത്തിന്റെ പാരമ്യവുമാണ് തേടുന്നതെന്ന അന്തരമേ ഉള്ളൂ. ലെവിനെയും ഖസാക്കിലെ രവിയേയും മഥിക്കുന്നത് പാപബോധമാണ്. സഹോദരന്റെ അപമൃത്യുവിന് താനാണ് കാരണക്കാരനെന്ന തെറ്റിദ്ധാരണയാണ് ലെവിനെ നയിക്കുന്നത്. അച്ഛന്റെ രണ്ടാം ഭാര്യയുമായി നടത്തിയ അവിഹിത വേഴ്ചയാണ് രവിയെ പ്രായശ്ചിത്തത്തിനായുള്ള അലച്ചിലിലേക്ക് തള്ളിവിടുന്നത്. എന്നാല്‍ രവിക്ക് മോചനം ലഭിക്കുന്നില്ലെന്നുവേണം കരുതാന്‍. ലെവിന്റെ സ്‌നേഹക്കടല്‍ വികസിച്ചൊടുവില്‍,'വാസ്തവക്കടലി'ല്‍ വിലയം പ്രാപിക്കുകയാണ് ചെയ്യുന്നത്.
ഇംഗ്ലീഷുള്‍പ്പടെ ദേശീയവും വിദേശീയവുമായ നിരവധി ഭാഷകളിലേക്ക് വിവര്‍ത്തനംചെയ്യുന്ന പക്ഷം, അന്താരാഷ്ട്ര ശ്രദ്ധ ലഭിക്കാന്‍ അര്‍ഹതയുള്ള കൃതിയാണ് 'ഇദം പാരമിതം'.
Content Highlights: Book review on Idam paramitham novel by Mathrubhumi books