'ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി'; പ്രതിരോധത്തിന്റെ കഥാശില്പങ്ങള്‍

#ഡെല്‍സണ്‍ എം. സ്‌കറിയ
ടി.ഡി. രാമകൃഷ്ണന്‍, പുസ്തകത്തിന്റെ കവര്‍ പേജ്
ടി.ഡി. രാമകൃഷ്ണന്‍, പുസ്തകത്തിന്റെ കവര്‍ പേജ്

ടി.ഡി. രാമകൃഷ്ണന്റെ 'ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി' എന്ന കഥാസമാഹാരത്തെക്കുറിച്ച്; 

കേരളക്കരയില്‍ നിന്ന് ലോകത്തിന്റെ വിവിധ ഭൂരാശികളിലേക്ക് ഇട്ട റെയില്‍പാളമാണ് ടി.ഡി രാമകൃഷ്ണന്റെ നോവലുകളെന്ന് പറയാം. നോവലെന്ന വലിയ ക്യാന്‍വാസില്‍ നിന്ന് ചെറുകഥയെന്ന സൂക്ഷ്മഘടനയിലേക്ക് ടി.ഡി. രാമകൃഷ്ണന്റെ എഴുത്തിന്റെ തച്ചുശാസ്ത്രം വ്യത്യാസപ്പെടുന്നതിന്റെ ഡോക്യുമെന്റാണ് ആറു വിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന കഥാപുസ്തകം. അനുഭവമൂശയില്‍ ഉരുവം കൊണ്ട രാഷ്ട്രീയ ഇന്ധനം നിറച്ച ഏഴ് കഥകള്‍ നമ്മുടെ കാലത്തെ തിരുത്താനും പുതുക്കാനുമുള്ള ശ്രമമാണ് നടത്തുന്നത്.  

ഗ്രാമീണ ചായക്കടകളില്‍ 'ഇവിടെ രാഷ്ട്രീയം പാടില്ല' എന്ന ചുമരെഴുത്തുകള്‍ ഒരു തലമുറയുടെ ഓര്‍മയിലുണ്ട്! എങ്കിലും പ്രാദേശിക-ദേശീയ അന്തര്‍ദേശീയ രാഷ്ട്രീയ ചര്‍ച്ചകള്‍ അത്തരം ഇടങ്ങളില്‍ നിര്‍ബാധം നടന്നിരുന്നു എന്നതാണ് വസ്തുത. ഇന്ത്യയുടെ വര്‍ത്തമാനകാലത്ത്, ഭരണകൂട താക്കീതുകള്‍ അദൃശ്യമായി നിലനില്‍ക്കേ, ഇന്ത്യന്‍ സാമൂഹ്യജീവിതത്തെ അടയാളപ്പെടുത്തുന്ന നിലപാടും വ്യാകുലതകളും ഒരേ സമയം പേറുന്ന ഈ കഥകള്‍ രാഷ്ട്രീയം ഉറക്കെ സംസാരിക്കുന്നു. 

കര്‍ത്തൃത്വം, മത-ജാതി അടിസ്ഥാനത്തില്‍ നിര്‍ണയിക്കപ്പെടുന്ന അപകടകരമായ ഒരു കാലത്തില്‍ നമ്മുടെ എഴുത്തുജീവിതവും കലാജീവിതവും ഒരു വലിയ പ്രതിസന്ധിയെ അതിജീവിക്കേണ്ടതുണ്ടെന്ന മുന്നറിയിപ്പ് ടി.ഡിയുടെ കഥകള്‍ നല്‍കുന്നു. ചരിത്രവും വര്‍ത്തമാനവും ദേശവും സമൂഹവും നീതിയും രോഗവും മരണവും മതവും വിമതവും ഒക്കെ പ്രതിഫലിക്കുന്ന ഏഴ് കഥകളുടെ ഈ പുസ്തകം, ' കൂടുതല്‍ മനുഷ്യനായിരിക്കുക' എന്നു തന്നെയാണ് ഓര്‍മപ്പെടുത്തുന്നത്.

ചാവക്കാട് കടപ്പുറത്തു നിന്ന് നോക്കുമ്പോള്‍ പച്ചത്തുരുത്തു പോലെ ഒരു ദ്വീപ് ഉണ്ടായിരുന്നെന്നും അവിടെ ഒരു ഉണ്ണിയേശുവിന്റെ പള്ളിയുണ്ടായിരുന്നെന്നുമുള്ള ഒരു ഭാവനാ സഞ്ചാരത്തില്‍ നിന്നാണ് ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി എന്ന കഥയുടെ പിറവി. ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്താളിന് മിത്തുകളും കെട്ടുകഥകളും പുരാവൃത്തങ്ങളുമെല്ലാം യാഥാര്‍ഥ്യങ്ങളാക്കി വിളക്കിച്ചേര്‍ക്കാനുള്ള അസാമാന്യ കഴിവ്, വായനക്കാര്‍ക്കറിയാം. അങ്ങനെയൊരു ആഖ്യാനപരിസരമാണ് ഇവിടെയും കഥയായി സംഭവിക്കുന്നത്. സെമിനാരി പഠനം ഇടയ്ക്കു വെച്ച് അവസാനിപ്പിച്ച ലാസര്‍ എന്ന ലാസറച്ചനാണ് ഇവിടെ ഈ അത്ഭുത കഥയുടെ ചുരുളുകളഴിക്കുന്നത്.

ഞായറാഴ്ചസന്ധ്യകളില്‍ തോമസിന്റെ ഷാപ്പിലെ അന്തിക്കള്ള് നുണഞ്ഞ് കൂട്ടുകാരോട് കഥ പറയുന്നതാണ് മൂപ്പരുടെ ഹോബി. വാസ്‌കോഡഗാമ വരുന്നതിനു മുമ്പുള്ള ഒരു കാലത്തിലേക്കാണ് നമ്മുടെ ശ്രദ്ധയെ ലാസറച്ചന്‍ ക്ഷണിക്കുന്നത്. ജെറുസലേംകാരനായ ഒരു ശാമുവേലച്ചന്‍, ദ്വീപില്‍ ഒരു ഉണ്ണിയേശുവിന്റെ പള്ളി പണിതുവെന്നും ആ ഉണ്ണിയേശുവിന് ആറ് വിരലുകള്‍ ഉണ്ടായിരുന്നുവെന്നും ക്രിസ്തുമസ് രാത്രി പാതിരാ കുര്‍ബാന കഴിഞ്ഞ് ആറാമത്തെ വിരലിന്റെ അറ്റത്ത് നിന്ന് ഓരോ തുള്ളി ചോര ഇറ്റിറ്റു വീഴുമെന്നും ആ ചോരയ്ക്ക് ഒരു അത്ഭുത ശക്തി ഉണ്ടായിരുന്നുവെന്നും ലാസറച്ചന്‍ കഥ പറയും. ഉണ്ണിയേശുവിന്റെ പ്രതിമ ജെറുസലേംകാരനായ ശാമുവലച്ചന്‍ റോമയില്‍ നിന്ന് കൊണ്ടുവന്നതല്ല, ക്രിസ്തുമസ് രാത്രി കടലീന്ന് പൊന്തിവന്നതാണത്രേ! ഇങ്ങനെയാണ് കഥയുടെ ഭ്രമാത്മകമായ അവതരണം. ഉണ്ണീശോയുടെ ഇരു ഭാഗങ്ങളിലും ഉണ്ടായിരുന്ന വെളുത്ത മാലാഖയും കറുത്ത മാലാഖയും കഥയിലെ മറ്റൊരു സൂചകമാണ്. 

കറുത്ത മാലാഖയാണ് ശാമുവലച്ചന് ദര്‍ശനം കൊടുക്കുന്നത്; കൂടെയുള്ള യെമനികളായ അടിമമനുഷ്യരോട്, സമഭാവത്തോടെ പെരുമാറണമെന്നു ഉദ്‌ബോധിപ്പിക്കുന്നത്. ഉണ്ണീശോപള്ളി കീര്‍ത്തികേട്ടു. പലര്‍ക്കും ആറാം വിരലിലെ രക്തത്തുള്ളിയില്‍ നിന്ന് രോഗശാന്തി ലഭിച്ചു. തുര്‍ന്ന് മുസരിസ്സിലെ അന്നത്തെ രാജാവ് ഭാസ്‌കരവിവര്‍മ്മനെ കഥയിലേക്ക് കൊണ്ടുവരുന്നു. (തികച്ചും സാങ്കല്‍പികം) അന്ധയായ മകള്‍ക്ക് കാഴ്ച ലഭിക്കാന്‍ അയാളും പരിവാരങ്ങളും എത്തിച്ചേരുന്നു. മകള്‍ക്കും രോഗശാന്തി കിട്ടുന്നു. അധികാരികള്‍ക്ക് സംഭവിക്കുന്ന വ്യാമോഹം രാജാവിനും കലശലാകുന്നു.. ഉണ്ണീശോയെ മുസരിസ്സിലേക്ക് കൊണ്ടുപോയാലോ? സേനാനായകന്‍ പ്രതിമയെടുക്കാന്‍ ശ്രമിക്കവേ കടല്‍ക്ഷോഭിക്കുന്നു. കൂറ്റന്‍ തിരമാലകള്‍ അലച്ചുവന്നു. ദ്വീപും പള്ളീം കപ്പലുകളും കടല്‍ വലിച്ചെടുത്തു. 

പ്രതിമ മാത്രം ആലിലയില്‍ കിടക്കുന്ന ഒരു കൊച്ചുകുട്ടിയായി പൊന്തിക്കിടന്നു. അതോടെ ഭാസ്‌കരരവിവര്‍മ്മന്റെ രാജവംശം അവസാനിച്ചത്രേ! കഥയവസാനിപ്പിച്ച് ലാസറച്ചനെഴുന്നേല്‍ക്കുമ്പോള്‍ കടപ്പുറത്ത് ഇരുട്ട് പരന്നിരുന്നു. ലാസറച്ചന്റെ ഭരതവാക്യം: സത്യന്നൊക്കെ പറേണ ഒന്ന് ണ്ടാ, എല്ലാം കഥല്ലേ... കഥ... ചാവക്കാട് കടപ്പുറത്തിരുത്തി കഥാകാരന്‍ ഒരു അത്ഭുത കഥ പറയുക മാത്രമല്ല, ലോക ക്രൈസ്തവ സഭ, അതിന്റെ ചരിത്രത്തില്‍ നടത്തിയ ഒരു വലിയ അട്ടിമറിയെ സൂചിപ്പിക്കുക കൂടിയാണ്. ആദി ക്രൈസ്തവ സഭ സാമാന്യ ജനതയുടെ സംയോഗമായിരുന്നെന്നും റോമിലെ കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തി ആദിമസഭ പിടിച്ചെടുത്ത് രാജകീയ സഭയാക്കി മാറ്റിയപ്പോള്‍ സംഭവിച്ച അപഭ്രംശം ഒരു അത്ഭുത കഥയിലൂടെ എഴുത്തുകാരന്‍ അവതരിപ്പിക്കുകയാണ്. 

ഉണ്ണീയേശുവിന്റെ പിറവിതൊട്ട് കുരിശുയുദ്ധങ്ങളിലൂടെ ചിന്തപ്പെട്ട മനുഷ്യക്കുഞ്ഞുങ്ങളുടെ നിലവിളിയുടെ രുധിരോര്‍മയാണ് ഈ കഥ. രക്തത്തുള്ളി ഇറ്റുന്ന ഉണ്ണീശോയുടെ ആറാമത്തെ വിരല്‍ ചരിത്രത്തില്‍ നിന്ന് വര്‍ത്തമാനത്തിലേക്കുള്ള ചൂണ്ടലാണ്. ചരിത്രത്തെ കഥയാക്കി മാറ്റുന്ന ലാസറച്ചന്‍ അതിന് ഒരു നിമിത്തമായെന്നു മാത്രം!

11 പേര്‍ മരണപ്പെട്ട പാട്ടുകാരത്തെരുവിലേക്ക് റിവേഴ്‌സ് ക്വാറന്റൈന്റെ ഭാഗമായി ഒറ്റമുറി ഫ്‌ലാറ്റിലേക്ക് എത്തിച്ചേരേണ്ടി വരുന്ന ദമ്പതികള്‍. പലു കേ ബംഗാരമായേനാ എന്ന കഥ ആരംഭിക്കുകയാണ്. കോവിഡ് കാലമാണ് കഥയുടെ പശ്ചാത്തലം. തുറന്നിട്ട ജാലകത്തിലൂടെയും കെയര്‍ടേക്കര്‍ വഴിയും കിട്ടുന്ന അവിടുത്തെ മനുഷ്യരെക്കുറിച്ചുള്ള വിവരങ്ങളാണ് കഥാഖ്യാനത്തെ നിര്‍ണയിക്കുന്നത്. ജനലിലൂടെ വരുന്ന ഒരു കീര്‍ത്തനം- അത് ചാമ്യേട്ടന്റെയാണ് എന്ന് തിരിച്ചറിയുന്നതും അങ്ങനെയാണ്. അയാള്‍ നാദസ്വര വാദകനാണ്. ഇപ്പോള്‍ അയാള്‍ തുടരെ വായിച്ചുകൊണ്ടിരിക്കുന്നത് പലു കേ ബംഗാരമായേനാ എന്ന ഭദ്രാചല രാമദാസിന്റെ കീര്‍ത്തനമാണ്. 

ഭാര്യയെയും തന്റെ സഹോദരനെയും കോവിഡ് കവര്‍ന്നതിന് സാക്ഷിയായ 70-കാരന്‍. അതില്‍പ്പിന്നെ ഈ കീര്‍ത്തനമല്ലാതെ മറ്റൊന്നും അയാള്‍ വായിക്കാറില്ല. ടൈറ്റാനിക് സിനിമയില്‍ കപ്പല്‍ തകര്‍ന്ന് കടലിന്റെ ആഴങ്ങളിലേക്ക് ജീവനുകള്‍ നിപതിക്കുമ്പോള്‍ ആ കപ്പലിലെ വാദ്യസംഘത്തിലെ ഒരാള്‍ അപ്പോഴും നിര്‍ത്താതെ തന്റെ വയലിന്‍ വായിക്കുന്നുണ്ട്. പാട്ടുകാരത്തെരുവില്‍ ഓരോരുത്തരെയായി മരണം കൂട്ടിക്കൊണ്ടുപോകുന്നു. ഓഷ്വിറ്റ്‌സ് ക്യാമ്പില്‍ തന്റെ ഊഴം എപ്പോള്‍ വരുമെന്നറിയാതെ മരണത്തെ ഒരു ദുഃസ്വപ്നം പോലെ പ്രതീക്ഷിയിരുന്ന മനുഷ്യരെക്കുറിച്ച് നമ്മള്‍ വായിച്ചറിഞ്ഞിട്ടുണ്ട്. 

ചുമരില്‍ തന്റെ സഹോദരന്റെ തകില്‍ തൂങ്ങിക്കിടക്കുന്നു. ഭാര്യയുടെ മണം അവിടെ ചുറ്റി നടക്കുന്നു. മരണം ചാമ്യേട്ടനെയും കാത്തിരിക്കുന്നു. അപ്പോഴും ഒരു ക്ഷേത്രനടയില്‍ നിന്ന് ഏകാഗ്രതയോടെ പ്രാര്‍ഥിക്കുന്നതുപോലെ തന്റെ നാദസ്വര വായന അയാള്‍ തുടരുന്നു. കഥയുടെ ആന്തരിക പൊരുളിനെ പ്രതിഫലിപ്പിക്കുന്ന ഒരു സന്ദര്‍ഭം ഇങ്ങനെ: ആ പക്ഷി നാദസ്വരം ആസ്വദിക്കുകയാണെന്ന് തോന്നുന്നു ലോകത്തിലെ എല്ലാ ജീവികള്‍ക്കും ആസ്വദിക്കാവുന്ന കലയാണല്ലോ സംഗീതം പക്ഷേ, അതിന്റെ ചിറകുകള്‍ ഏത് നിമിഷവും അടുത്ത ലൈനില്‍ മുട്ടാവുന്ന സ്ഥിതിയിലാണ്. മരണം തൊട്ടടുത്തുള്ള കാര്യം ആ പാവത്തിന് അറിയില്ല.

പുസ്തകത്തിന്റെ കവര്‍ പേജ്

ആ പക്ഷി നമ്മള്‍ തന്നെയല്ലേ? ചാമിയേട്ടന്റെ നാദസ്വര വായന മരണത്തിനെതിരെയുള്ള ജീവിതത്തിന്റെ കീര്‍ത്തനമാണ്. എങ്കിലും കടുത്ത ദുഃഖത്തില്‍ നിന്നാണ് അത് ഉറവപൊട്ടുന്നത്. മഹാഭാരതത്തില്‍ യക്ഷന്‍ ധര്‍മപുത്രനോട് ചോദിക്കുന്ന ഒരു ചോദ്യം: ഭൂമിയില്‍ കാണാവുന്ന ഏറ്റവും വലിയ അത്ഭുതം എന്താണ്? ധര്‍മപുത്രരുടെ മറുപടി, 'ജീവികള്‍ മരിക്കുന്നത് ദിനംപ്രതി കാണുന്നു. എങ്കിലും മനുഷ്യര്‍ ആയുഷ്മാന്‍മാരായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഒരിക്കല്‍ മരണപ്പെടുമെന്ന് തീര്‍ച്ചയുള്ള മനുഷ്യന്‍, മരിച്ചവനെച്ചൊല്ലി ദുഃഖിക്കുന്നു. ഇതാണ് ഭൂമിയില്‍ കാണുന്ന ഏറ്റവും വലിയ അത്ഭുതം.

എന്നാല്‍, ചാമ്യേട്ടന്‍ മരണത്തെ മുഖാമുഖം കണ്ടുകൊണ്ടുതന്നെ നിസ്സംഗനായി, ദുഃഖസമുദ്രങ്ങള്‍ ചാടിക്കടന്ന് തന്റെ നാദസ്വരത്തിലൂടെ സംഗീതബുദ്ധനാകുന്നു.. കഥയുടെ ഒടുവില്‍ പലുകേ ബംഗാരമായേനാ... എന്ന കീര്‍ത്തനം വായിച്ചു തന്നെ മരണത്തിലേക്ക് അയാള്‍ക്ക് കൊഴിഞ്ഞു വീഴുന്നു. ജീവിതവും മരണവും മുഖാമുഖം നില്‍ക്കുന്ന കഥയാണിത്.

മൂന്നു പതിറ്റാണ്ടിലേറെയുള്ള റെയില്‍ ജീവിതം ടി.ഡി. രാമകൃഷ്ണന്‍ എന്ന എഴുത്താളിന്റെ എഴുത്തിനെയും രാഷ്ട്രീയത്തെയും രൂപപ്പെടുത്തിയ കാലയളവാണെന്ന് അദ്ദേഹം തന്നെ എഴുതിയിട്ടുണ്ട്. ഇന്ത്യന്‍ ജനതയുടെ സാമൂഹ്യ ജീവിതത്തില്‍ നിന്നുകൊണ്ട്, അധികാരത്തെയും നൈതികതയെയും സംബന്ധിക്കുന്ന ആഴമേറിയ ചോദ്യങ്ങള്‍ക്ക് അത് കാരണമായിട്ടുണ്ട്. അഭയാര്‍ത്ഥികള്‍ എന്ന കഥ അങ്ങനെയൊരു പ്രശ്‌നപരിസരമാണ് മുന്നോട്ടു വെയ്ക്കുന്നത്. 1974 കാലത്തെ രേഖപ്പെടുത്തിയാണ് കഥാഖ്യാനം ആരംഭിക്കുന്നത്. 

അക്കാലയളവില്‍ ഇന്ത്യന്‍ റെയില്‍വേ തൊഴിലാളികള്‍ കൂലിവര്‍ധനവിനും അടിസ്ഥാനാവശ്യങ്ങള്‍ക്കുമായി ദേശവ്യാപക സമരത്തിലായിരുന്നു. സമരം ചെയ്തതുമൂലം ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് പുറത്താക്കപ്പെട്ട ഒലവക്കോട് ഗാങ്മാന്‍ മാരിമുത്തുവിന്റെ കുടുംബം റെയില്‍വേ കോളനിയില്‍ നിന്ന് കാളവണ്ടിയില്‍ കൊഴിഞ്ഞാമ്പാറയിലേക്ക് അഭയാര്‍ത്ഥികളായി പോകുന്ന റാന്തല്‍ വിളക്കിന്റെ വെളിച്ചത്തിലാണ് കഥ നടക്കുന്നത്.   

ഇടതുപക്ഷ യൂണിയന്‍ പ്രവര്‍ത്തകനായ മാരിമുത്തുവിനുമേല്‍ ചുമത്തപ്പെട്ടത് കള്ളക്കേസാണ്. ഇപ്പോള്‍ ഒളിവിലാണ്. പോലീസ് അതിദാരുണമായാണ് മാരിമുത്തുവിന്റെ കുടുംബത്തെ റെയില്‍വേ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും അടിച്ചോടിക്കുന്നത്.  മാരിമുത്തുവിന്റെ ഭാര്യ ലച്ച്മിയുടെ വീട്ടിലേക്ക്  കുട്ടികള്‍, മുത്തുവിന്റെ അച്ഛന്‍ ചാമിയാര്, അമ്മ വള്ളി എന്നിവരുമായി അഭയാര്‍ത്ഥികളായി യാത്രയാകുന്നു. ചാമിയാര് വളരെ സങ്കടപ്പെടുത്തുന്ന കഥാപാത്രമാണ്. വയോധികനായ ആ മനുഷ്യനാണ് കളവണ്ടിയില്‍ ഒരു കുടുംബവുമായി ചുമച്ചു തുപ്പി യാത്രയാകുന്നത്. കാളവണ്ടിയോടിക്കുന്ന കണ്ടമുത്തന്‍ ക്ഷീണിച്ച കാളകളെ ഒരു ദയയുമില്ലാതെ ചാട്ടവാറുകൊണ്ട്  തല്ലുന്നുണ്ട്. കാളകളെപ്പോലെ ഭാരം വലിച്ച് ക്രൂരമായി പ്രഹരമേല്‍ക്കുന്ന നീതി കിട്ടാത്ത നിസ്വജനതയെ ഇത് പ്രതീകവല്‍ക്കരിക്കുന്നു. ലച്ച്മിയുടെ വീട്ടിലെത്തിയപ്പോഴാകട്ടെ നിര്‍ദയമായ അവഹേളനവും നിരാസവുമാണ് ഉണ്ടായത്. 

മാരിമുത്തുവിനെ തമിഴ്‌നാട് പോലീസ് അറസ്റ്റു ചെയ്തതായി ലച്ച്മിയുടെ അച്ഛന്‍ അറിയിക്കുന്നു. തൊഴിലാളി പ്രസ്ഥാനത്തെ അയാള്‍ പുലഭ്യം പറയുന്നു. മുറിവേറ്റ, അപമാനിക്കപ്പെട്ട ലച്ച്മി, കഥയുടെ ഒടുവില്‍ കുട്ടികളേയും വൃദ്ധമനുഷ്യരെയും കൂട്ടി പുറത്തേക്ക് നടക്കുമ്പോള്‍ കഥ തീരുന്നു. കഥയുടെ പിന്‍കുറിപ്പിലൂടെ അവളുടെ തുടര്‍ന്നുള്ള അതിജീവന കഥ ചേര്‍ക്കുന്നുമുണ്ട്.

അഭയാര്‍ത്ഥികള്‍ക്ക് ലോകത്ത് എവിടെയും അരക്ഷിതത്വത്തിന്റെ മുഖമാണ്. അതുകൊണ്ടു തന്നെ അതിരുകളെ ഭേദിക്കുന്ന മനുഷ്യാനുഭവം ഈ കഥ വിനിമയിപ്പിക്കുന്നു. ജോസെ സാരമാഗുവിന്റെ മണി മുഴങ്ങുന്നതാര്‍ക്കു വേണ്ടി എന്ന കഥയിലെ ഗ്രാമീണരുടെ അവസ്ഥയാണ് നമ്മുടേത്. പള്ളി മണി മുഴങ്ങുന്നു. പക്ഷേ ഗ്രാമത്തില്‍ ആരും മരിച്ചതായി അവര്‍ക്ക് അറിവില്ല. ഒടുവില്‍ പള്ളിയിലെത്തി മണിയടിക്കുന്ന ആളോട് കാര്യം തിരക്കിയപ്പോള്‍ അദ്ദേഹം പറഞ്ഞു: നിങ്ങള്‍ അറിഞ്ഞില്ലേ നീതി മരിച്ചു പോയി. ഓരോ അഭയാര്‍ത്ഥി ജീവിതവും ആരംഭിക്കുന്നത് നീതി മരിക്കുമ്പോഴാണ്.

മണ്ണും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം മലയാള സാഹിത്യത്തില്‍ സവിശേഷമായി അടയാളപ്പെട്ടിട്ടുണ്ട്. തകഴി, പൊന്‍കുന്നം വര്‍ക്കി, ചെറുകാട്, എം.ടി, എന്നിവരൊക്കെക്കെ കേരളത്തിന്റെ കാര്‍ഷികവ്യവസ്ഥയുടെ ആന്തരിക സംഘര്‍ഷങ്ങളെയും വൈരുധ്യങ്ങളെയും  എഴുതിച്ചേര്‍ത്തവരാണ്.  അവശേഷിക്കുന്ന നെല്‍പ്പാടം കൂടി എരിഞ്ഞു തീരുന്നതിന്റെ  ആധിയാണ് അന്നം എന്ന കഥ. കര്‍ഷകനായ അച്ചുതന്‍കുട്ടി എന്ന ജൈവമനുഷ്യന്റെ ജീവിതവും ദുരന്തവുമാണ് ഇതിവൃത്തം. കൃഷിയോടുള്ള ആത്മബന്ധംകൊണ്ട് കോള്‍പ്പാടത്തു കൃഷിയിറക്കുന്ന ഒരു കര്‍ഷകന്റെ ഒരു വര്‍ഷത്തെ അധ്വാനം തീയിട്ട് നശിപ്പിക്കപ്പെടുന്ന കാഴ്ച നമ്മുടെ ഉള്ളുരുക്കും. നവവികസനത്തില്‍ എരിഞ്ഞു തീരുന്ന കാര്‍ഷികജീവിതം തുറന്നവതരിപ്പിക്കുന്നു. 

പരിചിതമായ ഒരു ദുരന്തകഥ എന്ന് നമ്മള്‍ വിചാരിക്കേ, കഥാന്ത്യത്തില്‍ ഒരു മാന്ത്രിക മുഹൂര്‍ത്തത്തിന് വായനക്കാര്‍ സാക്ഷിയാകുന്നു.. കോള്‍പ്പാടത്ത് മരിച്ച നിലയില്‍ കാണപ്പെട്ട അച്ചുതന്‍കുട്ടിയെ അവസാനമായി കാണാന്‍ പ്രായം ചെന്ന സ്ത്രീ വരുന്നു. അപ്പോഴേക്കും പട്ടടയില്‍ വെച്ചിരുന്ന ശരീരത്തില്‍ നിന്ന് വിറകെടുത്തു മാറ്റി അവരെ കാണാന്‍ അനുവദിക്കുന്നു. അവര്‍ മകന്റെ നെറ്റിയിലൊരു ഉമ്മ കൊടുത്തു. അടുത്ത നിമിഷത്തില്‍ തന്നെ അവര്‍ അപ്രത്യക്ഷയാകുന്നു...  (അയാള്‍ സേവിക്കുന്ന ചിരുതേവി, ഭൂമി തന്നെയെന്ന് നമുക്ക് വ്യാഖ്യാനിക്കാനുള്ള ഒരു സാധ്യത കഥ തുറന്നു തരുന്നു) പ്രവചിക്കാനാകാത്ത ഇങ്ങനെയുള്ള ടേണിങ് കഥയ്ക്ക് ഒറ്റ നിമിഷംകൊണ്ട് ഹരിതരാഷ്ട്രീയത്തിന്റെ സംവാദ ഇടം ഒരുക്കുന്നു. 

കാശിയില്‍ നടക്കുന്ന സമകാലിക ഭാരതചരിത്രരചന നേരിടുന്ന വെല്ലുവിളികള്‍ എന്ന ദേശീയ സെമിനാറിന്റെ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിക്കാനെത്തിയ 88 കഴിഞ്ഞ പ്രൊഫസര്‍ ബാനര്‍ജിയുടെ സ്റ്റേറ്റ്‌മെന്റ് ആണ് കാശി എന്ന കഥ. വാര്‍ധക്യത്തിലും തെളിഞ്ഞു നില്‍ക്കുന്ന വിവേകവും രാഷ്ട്രീയ ജാഗ്രതയുമാണ് പ്രൊഫസറില്‍ കാണാന്‍ കഴിയുക. സയന്റിഫിക് ടെമ്പര്‍ അവസാനിക്കുകയും മതാത്മക ഭീകരത റീപ്ലെയ്‌സ് ചെയ്യപ്പെടുകയും ഉണ്ടായി എന്നതാണ് ഇന്ത്യയുടെ വര്‍ത്തമാന പരിസരം. മിത്തും പുരാണവും പുരാവൃത്തവും ചരിത്രത്തിന്റെ സ്ഥാനം കയ്യാളി കൊലവിളി നടത്താന്‍ തുടങ്ങിയിട്ട് കാലമേറെയായി. വിദ്യാര്‍ഥി സമൂഹത്തോട് തുറന്നുപറയണമെന്നാഗ്രഹിക്കുന്ന ചില കാര്യങ്ങള്‍ പ്രൊഫ. ബാനര്‍ജിയെ അലട്ടുന്നു. ഉദ്ഘാടനയോഗത്തിന്റെ അന്ത്യത്തില്‍ തനിക്ക് കിട്ടിയ അവസരത്തെ പ്രൊഫസര്‍ വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്യുന്നു. 

ഭരണകൂടത്തിന്റെ മതാത്മക ചരിത്ര നിര്‍മിതികളെ വാക്കുകള്‍കൊണ്ട് ഉടയ്ക്കുന്നു. ഉത്തരങ്ങള്‍ മുന്‍കൂറായി തീരുമാനിക്കപ്പെട്ട ഗവേഷണങ്ങള്‍ എത്ര മാത്രം അര്‍ഥശൂന്യമാണെന്ന് വിളിച്ചു പറയുന്നു. എന്‍.എസ്. മാധവന്റെ തിരുത്ത് എന്ന കഥയിലെ ചുല്യാറ്റ് എന്ന പത്രാധിപരെ പോലെ ധീരമായ നിലപാട് എടുക്കുന്നു. പ്രഭാഷണത്തിനൊടുവില്‍ സദസ്സിന്റെ അക്രാമാത്മകത വെളിവാകുന്നിടത്ത് മാറിയ ഇന്ത്യയുടെ ചരിത്രബോധവും മതഭീകര വര്‍ത്തമാനവും ആഴത്തില്‍ അസ്വസ്ഥപ്പെടുത്തുന്നു. ചരിത്ര സത്യങ്ങളെ റദ്ദാക്കിയും മിത്തിനെ ചരിത്രവല്‍ക്കരിച്ചും ഭീതിവിതച്ച് മുന്നേറുന്ന ഭരണകൂട താല്പര്യങ്ങളില്‍, ദൃക്‌സാക്ഷിയാകാതെ പ്രൊഫസര്‍ ഇടപെടുന്നു. വര്‍ത്തമാന ഇന്ത്യന്‍ അവസ്ഥയുടെ ഒരു നേര്‍ച്ചിത്രമാണ് ഈ കഥ. ഇതര ദേവാലയങ്ങള്‍ കുഴിച്ചു നോക്കലാണ് ചരിത്രഖനനം എന്ന സമകാലിക ചരിത്രവിരുദ്ധതകളെയും ജനാധിപത്യ ധ്വംസനങ്ങളെയും വര്‍ഗീയ അജണ്ടകളെയും ഈ കഥ നന്നായി പരിക്കേല്‍പ്പിക്കുന്നുണ്ട്.

ഹിംസാത്മകമായ അധികാരത്തിനു കീഴില്‍ തടവുപുള്ളിയായി ജീവിച്ച് ഭരണകൂട പീഡനത്തില്‍ ജീവന്‍ വെടിഞ്ഞ ഇരയിലെ ഫാ. പൗലോസ്പാലാട്ട് സ്റ്റാന്‍സ്വാമിയാണെന്ന് മനസ്സിലാക്കാന്‍ വലിയ പ്രയാസമില്ല. പടിഞ്ഞാറന്‍ ഒഡീഷയിലെ മലമ്പ്രദേശത്ത് ഒരു കൊച്ചു പള്ളിയിലെ പുരോഹിതനായ ഫാ. പൗലോസിനെ അടയാളപ്പെടുത്തിക്കൊണ്ടാണ് കഥയുടെ ആരംഭം. അധികാരം അടിസ്ഥാനപരമായി ഹിംസയാണ് എന്നാണ് അച്ചന്റെ പ്രസംഗങ്ങളിലെ അന്തസ്സത്ത. അധികാരത്തിനെതിരെ സംസാരിക്കുന്നവര്‍, അസമത്വത്തിന് എതിരെ സംസാരിക്കുന്നവര്‍, ആസാദി എന്ന വാക്ക് പറയുന്നവര്‍, പരിസ്ഥിതിക്കു വേണ്ടി ശബ്ദമുയര്‍ത്തുന്നവര്‍ ഒക്കെ ദേശദ്രോഹിയും അര്‍ബന്‍ നക്‌സലൈറ്റുമാകുന്ന നമ്മുടെ കാലത്തിന്റെ ഇരയാണ് പലോസച്ചന്‍. 'ഹി ഈസ് ഡെഡ്ലി ഡെയ്ഞ്ചറസ്' എന്നാണ് ഭരണകൂട ജാഗ്രത! നീതിക്കു വേണ്ടിയുള്ള ഈ പുരോഹിതന്റെ നിലപാടുകള്‍ മറ്റൊരു ഭരണകൂടമായ സഭയെയും അസ്വസ്ഥമാക്കുന്നു. സഭയുടെ അധികാര ഘടനയ്ക്ക് പൗലോസച്ചന്റെ ചിന്തയും ജീവിതവും അലോസരമുണ്ടാക്കിയ ഒരു ഘട്ടത്തിലാണ് ഒഡീഷയിലേക്കുള്ള മാറ്റവും ഉണ്ടാകുന്നത്.

ആദിവാസികളുടെ ജീവിതപ്രശ്‌നങ്ങളില്‍ ഇടപെട്ടുവെന്ന ഒറ്റക്കാരണംകൊണ്ട് ചങ്ങലകളാല്‍ ബന്ധിക്കപ്പെട്ട് പഴുത്ത വ്രണങ്ങളില്‍ ചങ്ങലക്കണ്ണികള്‍ ഉരഞ്ഞ്, വിറയ്ക്കുന്ന കൈകള്‍കൊണ്ട് ഒരു സ്‌ട്രോയ്ക്കു വേണ്ടി അപേക്ഷിച്ച്, ജാമ്യം നിഷേധിക്കപ്പെട്ട് ജീവിതം ബലിയായി മാറിയ ഒരു പുരോഹിതന്‍' കഥാന്ത്യത്തില്‍ പൗലോസച്ചന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഒരു കത്തെഴുതുന്നുണ്ട്. 82 കഴിഞ്ഞ ഈ വൃദ്ധപുരോഹിതനെ കൂടുതല്‍ കഷ്ടപ്പെടുത്താതെ എത്രയും വേഗം വെടിവെച്ചു കൊല്ലാന്‍ ഉത്തരവിടണം എന്നായിരുന്നു അത്. സ്റ്റാന്‍സ്വാമിയുടെ ജീവിതവും രക്തസാക്ഷിത്വവും അടയാളപ്പെടുത്തുന്ന ഈ കഥ ഭരണകൂടത്തോട് തീക്ഷ്ണമായ ചോദ്യങ്ങള്‍ അവശേഷിപ്പിക്കുന്നു കാരണം നീതിന്മാരുടെ രക്തം ഭരണകൂടത്തിന്മേല്‍ പതിയുന്ന മായാത്ത കറയാണല്ലോ!

'ശിവലേഖയുടെ അമ്മ' എന്ന അവസാന കഥ തന്റെ വായനക്കാര്‍ക്കുള്ള ടി.ഡി. രാമകൃഷ്ണന്റെ സല്യൂട്ടാണ്. വായനക്കാരെ പൂവിട്ട് തൊഴണം എന്ന് എം.പി. നാരായണപിള്ള! ഒരെഴുത്തുകാരന്റെ ഏറ്റവുമടുത്ത ബന്ധുക്കള്‍ വായനക്കാര്‍ തന്നെയല്ലേ എന്ന ഒരു പ്രസ്താവന ഈ കഥയുടെ താക്കോല്‍ വാക്കാണ്. സുഗന്ധിയെന്ന ദേവനായകിയെ പുനരാനയിക്കുന്ന ഒരു കഥ കൂടിയാണിത്. മറവിക്കും സൂക്ഷുപ്തിക്കും ഇടയിലെപ്പൊഴോ വന്നുചേരുന്ന ഓര്‍മയുടെ മിന്നലില്‍ ജീവിക്കുന്ന തന്റെ വൃദ്ധയായ വായനക്കാരിയെ കാണാന്‍ ടി.ഡി. രാമകൃഷ്ണന്‍ എത്തുന്നു. ദിവസത്തില്‍ എപ്പോഴെങ്കിലുമൊരിക്കല്‍ കണ്ണ് തുറക്കും. ചിലപ്പോഴൊന്നു പുഞ്ചിരിക്കും. ആ പുഞ്ചിരി കാണാന്‍ മാത്രം പ്രതീക്ഷയോടെ നോക്കിയിരിക്കുന്ന വൃദ്ധയുടെ മകള്‍ ശിവലേഖ. കണ്ണ് തുറന്ന ഒരു വേളയില്‍ അമ്മയുടെ വാക്കുകള്‍ കഥാകൃത്ത് കേള്‍ക്കുന്നു. (കഥയിലെ അവസാന വാചകവും അതാണ്!) 'ഇന്ന് ദേവനായകിയുടെ പിറന്നാളാ....' തന്റെ നോവലില്‍ ചിത്രീകരിക്കപ്പെട്ട സുഗന്ധിയെ മറ്റൊരു സ്ത്രീസ്വത്വം ഏറ്റെടുക്കുന്ന മനോഹര മുഹൂര്‍ത്തം രേഖപ്പെടുത്തുമ്പോള്‍ കഥാപാത്രവും വായനക്കാരിയും എഴുത്താളും ഒന്നിക്കുന്നതിന്റെ സമ്മോഹനത ഈ കഥ പങ്കുവെയ്ക്കുന്നു.

അനുഭവങ്ങള്‍ കൊണ്ടുപണിത കഥാശില്‍പങ്ങള്‍ എന്ന് ഈ സമാഹാരത്തെ വിശേഷിപ്പിക്കുമ്പോള്‍ തന്നെ, തന്റെ രാഷ്ട്രീയ ബോധ്യങ്ങളും സാമൂഹ്യമായ സംഘര്‍ഷങ്ങളും കഥയ്ക്ക് തീക്ഷണത പകരുന്നു. ചരിത്രത്തിലും വര്‍ത്തമാനത്തിലും ഇടപെടുന്ന നീതിയുടെ കഥകള്‍ എന്ന് ഈ കഥാസമാഹാരത്തെ വായിച്ചവസാനിപ്പിക്കുന്നു. അധികാരഹിംസയ്‌ക്കെതിരെയുള്ള അപായ മുന്നറിയിപ്പു കൂടിയാണ് 'ആറുവിരലുകളുള്ള ഉണ്ണിയേശുവിന്റെ പള്ളി' എന്ന കഥാപുസ്തകം. നമ്മുടെ ദേശത്തിന്റെ വര്‍ത്തമാനകാലം ഓരോ കഥയിലും കണ്ണാടി നോക്കുന്നു. പ്രതിരോധത്തിന്റെ ആറാം വിരലിനായി അന്വേഷണം തുടരുന്നു.

Content Highlights: Book review of 'Aaru viralukalulla unniyesuvinte palli'