മലയാളി മറക്കരുതാത്ത ആ സംഭവത്തിന്റെ ഓര്‍മപ്പെടുത്തലായി ഒരു നോവല്‍

റിഹാന്‍ റാഷിദ്, നോവല്‍ കവര്‍
റിഹാന്‍ റാഷിദ്, നോവല്‍ കവര്‍

ടൈറ്റാനിക്ക് പോലെ കേരളത്തിനൊരു കപ്പല്‍ക്കഥയുണ്ട്. അറബിക്കടലില്‍ അപ്രത്യക്ഷമായ എംവി കൈരളിയുടെ കഥ. ഇതുവരെ ഉത്തരം കിട്ടാത്ത കഥ! ഒരു നൂറ്റാണ്ട് മുമ്പ് ടൈറ്റാനിക്ക് മുങ്ങിയതിന്റെ കാരണമറിയാമെങ്കിലും 46 വര്‍ഷം മുമ്പ് കാണാതായ കൈരളിയെക്കുറിച്ച് ലോകത്തിന് ഇന്നും ഒന്നും അറിയില്ല. ആ കപ്പലിലുണ്ടായിരുന്ന 51 മനുഷ്യര്‍ ആവിയായിപ്പോയോ? ഉത്തരത്തിന്റെ എണ്ണപ്പാട പോലും കടല്‍പ്പരപ്പില്‍ ശേഷിച്ചില്ല.

കേരളം ഒരു കപ്പല്‍ കോര്‍പ്പറേഷന്‍ തുടങ്ങിയത് 1974-ല്‍ ആണ്. ഒരു കപ്പല്‍ സ്വന്തമാക്കാനായി അന്വേഷണം തുടങ്ങി. അങ്ങനെ 1967-ല്‍ നീറ്റിലിറക്കിയ നോര്‍വേയില്‍ നിര്‍മിച്ച സാഗ സോര്‍ഡ് എന്ന കപ്പല്‍ 1976-ല്‍ കേരളം അന്നത്തെ വലിയ വിലയായ 5.81 കോടി രൂപ കൊടുത്ത് വാങ്ങി. ആ കപ്പല്‍ അറബിക്കടലിലെത്തിയപ്പോള്‍ 'എംവി കൈരളി' ആയി. 1976 മുതല്‍ 1979 വരെ മൂന്ന് വര്‍ഷക്കാലം ചരക്കുകളുമായി കൈരളി ലോകത്തുടനീളം സഞ്ചരിച്ചു.

ആ കൈരളിയുടെ അവസാനയാത്ര 1979 ജൂണ്‍ 30-ന് മര്‍മ്മഗോവയില്‍ നിന്ന് 20,538 ടണ്‍ ഇരുമ്പയിരുമായി കിഴക്കന്‍ ജര്‍മ്മനിയിലെ റോസ്‌തോക്കിലേക്കായിരുന്നു. കോട്ടയം സ്വദേശി മരിയദാസ് ജോസഫ് ക്യാപ്റ്റനും എറണാകുളം സ്വദേശി അബി മത്തായി ചീഫ് എന്‍ജിനീയറും മലപ്പുറം സ്വദേശി ബേബി സെബാസ്റ്റിയന്‍ റേഡിയോ ഓഫീസറുമായ കപ്പലില്‍ 23 മലയാളികളുള്‍പ്പെടെ 51 പേരുണ്ടായിരുന്നു.

ജൂലായ് മൂന്നിന് രാത്രി എട്ട് മണിക്ക് ശേഷം കപ്പലില്‍നിന്ന് റേഡിയോ സന്ദേശങ്ങളൊന്നും ലഭിക്കാതെയായി. എന്‍ജിന്‍ മുറിയില്‍ ഒരു ബോയ്‌ലര്‍ ഫീഡ് പൈപ്പ് പൊട്ടിപ്പോയെന്നും താത്ക്കാലികമായി റിപ്പയര്‍ ചെയ്‌തെന്നുമാണ് ക്യാപ്റ്റന്‍ മരിയദാസ് ജോസഫ് കപ്പലില്‍നിന്ന് അയച്ച അവസാന സന്ദേശം. യാത്രക്കിടെ ജൂലായ് എട്ടിന് ആഫ്രിക്കന്‍ തീരമായ ജിബൂത്തിയില്‍ നിന്നായിരുന്നു കൈരളിയില്‍ ഇന്ധനം നിറക്കേണ്ടിയിരുന്നത്. ജൂലായ് 11 ആയിട്ടും കൈരളി എത്തിയിട്ടില്ലെന്ന് ജിബൂത്തിയിലെ ഷിപ്പിങ് ഏജന്റ് അറിയിച്ചതോടെ ജൂലായ് 15ന് കേരളത്തിലെ പത്രങ്ങളില്‍ എം.വി കൈരളിയെ കാണാനില്ലെന്ന വാര്‍ത്തകള്‍ നിറഞ്ഞു.

വര്‍ഷങ്ങളായി ഒരുപാട് അന്വേഷണങ്ങളൊക്കെ നടന്നെങ്കിലും കപ്പലിനെക്കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചില്ല. എംവി കൈരളിയും 51 മനുഷ്യരും പതിയെ പതിയെ വിസ്മൃതിയിലേക്ക് പോയി. ഒരിക്കല്‍ ക്യാപ്റ്റന്‍ മരിയദാസിന്റെ ഭാര്യ മേരിക്കുട്ടി ഇങ്ങനെ പറഞ്ഞു 'കൈരളി മുങ്ങിപ്പോയെന്ന് ഞാനൊരിക്കലും വിശ്വസിക്കില്ല കൈരളിയുടെ തിരോധാനം ഒരു ഗൂഢാലോചനയുടെ ഫലമാണ്. കൈരളിയിലെ ഒരാളെങ്കിലും ഒരുനാള്‍ തിരിച്ചുവരും. അന്ന് സത്യം വെളിച്ചത്താകും.'

മാതൃഭൂമി ദിനപത്രത്തിന്റെ നൂറാംവാര്‍ഷിക സപ്ലിമെന്റില്‍ 'കേരളത്തിലെ ദുരൂഹസംഭവങ്ങള്‍' പ്രസിദ്ധീകരിച്ചു. അതിലൊന്ന് കൈരളിയുടെ ഉത്തരം കിട്ടാത്ത കഥയായിരുന്നു. അതില്‍ നിന്നാണ് കൊയിലാണ്ടിക്കാരന്‍ റിഹാന്‍ റാഷിദിന്റെ മനസ്സില്‍ ഒരു നോവലിന്റെ ആശയമുണരുന്നത്. കൈരളിക്കെന്ത് സംഭവിച്ചെന്ന ഭാവനാന്വേഷണം അങ്ങനെ 'ഒരു നാവികന്റെ ഡയറിക്കുറിപ്പുകള്‍' എന്ന നോവലായി മാറി.

അതിലെ ചില ഏടുകള്‍ ഇങ്ങനെയാണ്;

'വീട്ടിലേക്കു മടങ്ങിയെത്തിയെങ്കിലും മനസ്സു മുഴുവന്‍ ആഞ്ചലോസ് പറഞ്ഞ കാര്യങ്ങളിലായിരുന്നു. അന്നയാള്‍ എന്താവും കണ്ടതെന്ന് ഒരു പിടിയുമില്ല. അപ്പന്‍ പഞ്ഞതനുസരിച്ചാണേല്‍ അയാളെ വിശ്വസിക്കാം. മുറിയില്‍ കയറി രണ്ടുകൊല്ലത്തെ നേവിജീവിതത്തിനിടയില്‍ തയ്യാറാക്കിയ കപ്പലപകടങ്ങളെക്കുറിച്ചുള്ള കുറിപ്പുകള്‍ ഒന്നുകൂടെ പരിശോധിക്കാനിരുന്നു...'

*************
'അന്ന് ആ റൂട്ടില്‍ സഞ്ചരിച്ച ഇരുപതോളം കപ്പലുകളില്‍ ഒരെണ്ണം പോലും കൈരളിയുടെ സാമീപ്യം കണ്ടതായി രേഖപ്പെടുത്തിയിട്ടില്ല. പാക് സബ്മൈറന്റെ സന്നിധ്യം തിരിച്ചറിഞ്ഞതു മുതല്‍ ഇന്റലിജന്‍സ് സംവിധാനങ്ങള്‍ ജാഗ്രതയിലായി. അതിനെ പിന്തുടര്‍ന്ന് കടലിലും കരയിലും പല അന്വേഷണങ്ങളും നടന്നു...'

********

'അങ്ങനെ ഞാന്‍ കട്ടമരത്തില്‍ കിടന്നും ഇരുന്നും ഒഴുകി നടക്കുമ്പോള്‍ ദൂരെ, ഏകദേശം പത്തുകമ്പ ദൂരത്തൊരു കപ്പലിനെ ഒരു കൂറ്റന്‍ തിര എടുത്തുയര്‍ത്തന്നത് കണ്ടു. അങ്ങനെയൊരു തിര അതിന് മുമ്പോ പിമ്പോ ഞാന്‍ കണ്ടിട്ടില്ല. അതൊരു തിരയല്ലെന്ന് എനിക്കുറപ്പാണ്...'

*********

കൊള്ളക്കാര്‍ കൈരളിയെ കൊണ്ടുപോയിട്ടില്ലെടോ... എനിക്കത് ഉറപ്പാണ്. ഞാന്‍ കൈരളിയെ കണ്ട ദിവസം ആ റൂട്ടില്‍ ഞങ്ങളുടെ കപ്പലോ മറ്റേതെങ്കിലും കപ്പലോ ആക്രമിക്കപ്പെടുകയോ ചെയ്തിട്ടുമില്ല. പല കപ്പലുകളും അവിടെ അപകടത്തില്‍പ്പെട്ടതായി പുരാതനകാലം മുതല്‍ക്കുള്ള ചരിത്രകാരന്‍മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതിലേറ്റവും പ്രധാനപ്പെട്ടത് മരിയ എന്ന കപ്പലിന് സംഭവിച്ച അപകടമാണ്. ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ കപ്പലില്‍ ഇന്ത്യയിലെ ക്ഷേത്രങ്ങളില്‍ നിന്ന് കൊള്ളയടിച്ച രത്നങ്ങളും സ്വര്‍ണങ്ങളുമായിരുന്നു. കമ്പനി ആ കപ്പലിന് നല്‍കിയ രഹസ്യപ്പേര് 'ട്രഷര്‍' എന്നായിരുന്നു.

ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടം കാണാന്‍ ഇന്നും കടലാഴങ്ങളിലേക്ക് ഗവേഷകരുള്‍പ്പടെ പോകുന്നു. പക്ഷെ കൈരളിയെ കേരളം പോലും ഇന്ന് ഓര്‍ക്കുന്നില്ല. മലയാളി മറക്കരുതാത്ത ആ സംഭവത്തിന്റെ ഓര്‍മപ്പെടുത്തല്‍ കൂടിയാണ് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്ന 'ഒരു നാവികന്റെ ഡയറിക്കുറിപ്പുകള്‍'

Content Highlights: Rihan Rashid Novel about MV Kairali ship Oru Navikante Diarykkurippukal