'ഏറ്റവും വലിയ സന്തോഷം ഒത്തുകൂടാനും സംസാരിക്കാനും മതേതരമായ ഒരിടം ഒരുങ്ങുന്നു എന്നതില്‍'

കൊച്ചി: ''ഭൂതത്തിലേക്കും വര്‍ത്തമാനത്തിലേക്കും മാറിമാറി സൈക്കിളോടിച്ച് പോകുന്ന ഒരു കഥാപാത്രമുണ്ടല്ലോ...ഓര്‍മ്മയുണ്ടോ?'' പാതിരാനേരത്ത് ഫോണ്‍വിളിച്ച് ശാന്തി നിര്‍മലയോട് ചോദിച്ച ചോദ്യം. പി.എഫ്. മാത്യൂസിന്റെ 'ഏഴുനിറത്തില്‍ ഒരു നിമിഷം' എന്ന കഥ തുടങ്ങുന്നത് പോലെയാണ് ചില നേരങ്ങളില്‍ ചില ചോദ്യങ്ങള്‍ അപ്രതീക്ഷിതമായി മനസ്സിലേക്ക് കയറിവരുന്നത്. പുസ്തകങ്ങളുടെ ലോകത്തേക്ക് നമ്മള്‍ സഞ്ചരിക്കുമ്പോള്‍ മാത്രം തുറക്കുന്ന ചില വാതിലുകളുണ്ട്. അത് തുറന്ന് നമ്മള്‍ പ്രവേശിക്കുന്ന ലോകത്തിന്റെ ഭംഗിയും സുഗന്ധവും ആവോളം നുകരണമെങ്കില്‍ ആ യാത്രയ്ക്ക് നമ്മള്‍ മനസ്സുകൊണ്ട് തയ്യാറാകണം. ആ ലോകത്തേക്കുള്ള യാത്രയുടെ പാസ്പോര്‍ട്ടാണ് സത്യത്തില്‍ ഓരോ പുസ്തകശാലയും.
കാക്കനാട് മാതൃഭൂമിയുടെ പുതിയ പുസ്തകശാല വരുമ്പോള്‍ എഴുത്തുകാരന്‍ പി.എഫ്. മാത്യൂസിന് പുതിയൊരു 'പാസ്പോര്‍ട്ട്' കിട്ടുന്നതിന്റെ സന്തോഷമാണ്. ''മാതൃഭൂമി പുതിയൊരു പുസ്തകശാല തുടങ്ങുന്നുവെന്ന് അറിയുമ്പോള്‍ എന്റെ ഏറ്റവും വലിയ സന്തോഷം നമുക്ക് ഒത്തുകൂടാനും സംസാരിക്കാനും മതേതരമായ ഒരിടം ഒരുങ്ങുന്നു എന്നതാണ്. മതേതരമായ ഇടങ്ങള്‍ കുറഞ്ഞുവരുന്ന ഒരു കാലത്തിലൂടെയാണ് നമ്മള്‍ സഞ്ചരിക്കുന്നത്. കുറേ പുസ്തകങ്ങള്‍ വിറ്റഴിക്കുക എന്നതിനപ്പുറം സാംസ്‌കാരിക പരിപാടികള്‍ക്കും ചര്‍ച്ചകള്‍ക്കുമൊക്കെ മാതൃഭൂമി ബുക്‌സ് ഷോറൂം വേദിയാകാറുണ്ട്.
നമ്മുടെ സംസ്‌കാരത്തിന്റെയും കൂട്ടായ്മയുടെയും അടയാളങ്ങളായ അത്തരം വേദികള്‍ കാക്കനാട്ടെ മാതൃഭൂമി ബുക്‌സ് ഷോറൂമിലൂടെയും തുടരുമെന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്.'' മാത്യൂസ് പറയുന്നു.
പുസ്തകങ്ങളുടെ പുതിയൊരു ലോകം കാക്കനാട് ഒരുങ്ങുമ്പോള്‍ ആ നാട്ടുകാരന്‍ എന്ന നിലയില്‍ അഭിമാനവും സന്തോഷവും ഏറെയുള്ളയാളാണ് മാത്യൂസ്. ''കിട്ടുന്ന ശമ്പളത്തിന്റെ നല്ലൊരുഭാഗം പുസ്തകങ്ങള്‍ക്കും സിനിമകള്‍ക്കുമായി ചെലവഴിച്ച ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായിരുന്നു ഞാന്‍. മാസാവസാനമാകുമ്പോള്‍ പലപ്പോഴും കാശില്ലാതെ ഏറെ ബുദ്ധിമുട്ടിയിട്ടുമുണ്ട്. പക്ഷേ, അപ്പോഴും പുസ്തകങ്ങള്‍ എന്നൊരു സമ്പാദ്യം ഉണ്ടായതിന്റെ സന്തോഷം അനുഭവിച്ചിരുന്നയാളാണ് ഞാന്‍. എന്റെ ഷെല്‍ഫിലുള്ള ഓരോ പുസ്തകം കാണുമ്പോഴും വലിയ സന്തോഷം തോന്നാറുണ്ട്. കാരണം അതെന്റെ കൂടെയുണ്ടാകണമെന്ന ആഗ്രഹത്തില്‍ ഞാന്‍ വാങ്ങിച്ച ഒന്നാണല്ലോ അത്. നമ്മുടെ ജീവിതത്തിന് അര്‍ഥമുണ്ടാക്കുന്ന ഒന്നാണ് ആ പുസ്തകം എന്ന തിരിച്ചറിവ് തന്നെയാണ് അത് ഏറ്റവും പ്രിയപ്പെട്ട ഒന്നാക്കുന്നത്. എന്റെ ഷെല്‍ഫിലേക്ക് ഇനിയുംവന്ന് നിറയാനുള്ള പുസ്തകങ്ങളുടെ ഒരൊഴുക്ക് കേന്ദ്രമായി കാക്കനാട്ടെ മാതൃഭൂമി ബുക്‌സ് ഷോറൂമും മാറുമായിരിക്കും...'' മാത്യൂസ് പറയുന്നു.
പുസ്തകത്തിന്റെയും വായനയുടെയും പുഴകള്‍ ഒഴുക്കി കാക്കനാട് മാതൃഭൂമി തുടങ്ങുന്ന ഇടം കാത്തിരിക്കുന്നത് മാത്യൂസിനെപ്പോലെ ഒരുപാടൊരുപാട് മനുഷ്യരാണ്. ഒട്ടേറെ സൗകര്യങ്ങളോടെ മാതൃഭൂമി ബുക്സ്റ്റാള്‍ കാക്കനാട് വായനയുടെ പുതിയ ഇടം ഒരുക്കുമ്പോള്‍ അവരെല്ലാം നിറഞ്ഞ പ്രതീക്ഷയിലാണ്. ഏപ്രില്‍ 30-നാണ് മാതൃഭൂമി ബുക്‌സിന്റെ കാക്കനാട് ഷോറൂം വായനക്കാരുടെ സ്വപ്നങ്ങളിലേക്കുള്ള വാതിലുകള്‍ തുറക്കുന്നത്.
Content Highlights: mathrubhumi books kakkanad showroom opening writer pf mathews comments