കൃഷ്ണകുമാര്‍ യാത്ര തുടരുന്നു, ഇനി പുതുവഴികള്‍; 'നൂറ്റാണ്ടുകളുടെ നടകളില്‍' ഡിസംബര്‍ 15-ന് റിലീസ് ചെയ്യും

#പി. ദീപുകുമാര്‍
കൃഷ്ണകുമാര്‍, പുസ്തകത്തിന്റെ കവര്‍ പേജ്‌
കൃഷ്ണകുമാര്‍, പുസ്തകത്തിന്റെ കവര്‍ പേജ്‌

കൊല്ലം: രോഗം ഒരു ചക്രക്കസേരയിലേക്ക് വരിഞ്ഞുമുറുക്കിയിട്ടും തോല്‍ക്കാന്‍ തയ്യാറായില്ല. കഴിയില്ലെന്ന് എല്ലാവരും വിധിച്ചയിടങ്ങളിലൊക്കെ കൃഷ്ണകുമാറിനെയും കൊണ്ട് ആ ചക്രക്കസേര ഉരുണ്ടുകയറി. 

പ്രതിസന്ധികളുടെ കയത്തില്‍ മുങ്ങിത്താഴ്ന്ന ഒരുപാട് പേര്‍ക്ക് ആ വാക്കുകള്‍ ആശ്വാസത്തിന്റെ പൊങ്ങുതടിയായി. ഇപ്പോള്‍ കൃഷ്ണകുമാറിന്റെ യാത്ര എഴുത്തിന്റെ ലോകത്തേക്കുകൂടി കടക്കുകയാണ്. മാതൃഭൂമി ബുക്‌സ് പുറത്തിറക്കുന്ന കൃഷ്ണകുമാറിന്റെ 'നൂറ്റാണ്ടുകളുടെ നടകളില്‍' എന്ന പുസ്തകം 15-ന് പ്രകാശനം ചെയ്യും.

'ഐ ട്രാക്കിങ്' സങ്കേതമുപയോഗിച്ച് കണ്ണുകള്‍ കൊണ്ടാണ് എഴുത്ത്. കാഴ്ചകള്‍ കണ്ട കണ്ണുകള്‍ നേരിട്ട് പറയുന്ന അനുഭവങ്ങളായി കൃഷ്ണകുമാറിന്റെ എഴുത്ത് മാറുന്നു. സമാനമായ രോഗാവസ്ഥയുള്ളവര്‍ക്ക് ഇരിക്കുന്നിടത്തുനിന്ന് അനങ്ങുന്നതുതന്നെ വലിയൊരു യാത്രയുടെ ആയാസമുണ്ടാക്കും. അവിടെയാണ് പുതിയ ദൂരങ്ങള്‍ താണ്ടിയുള്ള കൃഷ്ണകുമാറിന്റെ യാത്ര.

ചവറയിലെ വീട്ടില്‍നിന്ന് ആര്യങ്കാവ് കടന്ന് തെങ്കാശി, മധുര, തഞ്ചാവൂര്‍, രാമനാഥപുരം, ധനുഷ്‌കോടി എന്നിവിടങ്ങളിലൂടെയുള്ള യാത്രയുടെ അനുഭവങ്ങളാണ് 'നൂറ്റാണ്ടിന്റെ നടകളില്‍'. ചോള-പാണ്ഡ്യ-പല്ലവ രാജവംശങ്ങളാല്‍ സമ്പന്നമായ തമിഴ്‌നാടിന്റെ ചരിത്രത്തിലേക്കുള്ള യാത്രകൂടിയായി പുസ്തകം മാറുന്നു. ഒപ്പം കൃഷ്ണകുമാറിന്റെ ജീവിതവും യാത്രയില്‍ അനാവരണം ചെയ്യുന്നു.

കൃഷ്ണകുമാറിന് ആറുമാസം പ്രായമുള്ളപ്പോഴാണ് സ്‌പൈനല്‍ മസ്‌കുലര്‍ അട്രോഫി ടൈപ്പ്-2 രോഗബാധ തിരിച്ചറിയുന്നത്. രോഗിക്കൊപ്പം വളരുന്ന രോഗം. കണ്ണുകളും നാവും മാത്രമേ സ്വന്തം ഇഷ്ടപ്രകാരം ചലിപ്പിക്കാനാകൂ. സഹകരണബാങ്ക് ഉദ്യോഗസ്ഥനായിരുന്ന അച്ഛന്‍ പ്രസന്നനാണ് ഒറ്റപ്പെടലിന്റെ ചുവരുകള്‍ക്കപ്പുറത്ത് പുസ്തകങ്ങളുടെ ലോകത്തിലേക്കുള്ള വാതില്‍ തുറന്നുനല്‍കിയത്.

12 വര്‍ഷംമുന്‍പ് ജീവിതം തന്നെ കീഴ്‌മേല്‍മറിച്ച വാഹനാപകടത്തില്‍ അച്ഛനെയും അനുജത്തി ദേവികയെയും കൃഷ്ണകുമാറിന് നഷ്ടമായി. അപകടത്തെ അതിജീവിച്ച അമ്മ ശ്രീലതയാണ് പിന്നെ ജീവിക്കാനുള്ള ഇന്ധനമായത്. പിന്നീട് സുഹൃത്തുക്കളായി ജീവിതത്തിലേക്കെത്തിയ മനുഷ്യരൊക്കെയും ജീവിതയാത്രയില്‍ കൃഷ്ണകുമാറിന്റെ കൈപിടിച്ചു.

സ്റ്റോറി ടെല്ലര്‍ കൂടിയായ കൃഷ്ണകുമാര്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്. മസ്‌കുലാര്‍ ഡിസ്‌ട്രോഫി, അട്രോഫി ബാധിതര്‍ക്കായി തുടങ്ങിയ മൈന്‍ഡ് ട്രസ്റ്റിന്റെ വൈസ് ചെയര്‍മാനാണ്. അനാരോഗ്യത്തിനും പരിമിതികള്‍ക്കുമിടയില്‍ ഭിന്നശേഷിക്കാരായവര്‍ക്കായി പുനരധിവാസകേന്ദ്രം എന്ന ആശയത്തോടെ 'ഒരിടം' എന്ന സ്വപ്നപദ്ധതി യാഥാര്‍ഥ്യമാക്കാനുള്ള പരിശ്രമത്തിലാണ് കൃഷ്ണകുമാര്‍.

2018-ലെ സ്റ്റേറ്റ് യൂത്ത് ഐക്കണ്‍ പുരസ്‌കാരം, 2022-ല്‍ സാമൂഹികനീതിവകുപ്പിന്റെ പ്രത്യേക ജൂറി പുരസ്‌കാരം തുടങ്ങി ഒട്ടേറെ പുരസ്‌കാരങ്ങളും നേടി.

Content Highlights: Despite physical challenges, Krishna Kumar pens `Noottaandukalile Nadakalil` about his journey Book released Dec 15.