കുട്ടികള്‍ക്ക് അറിവല്ല, തിരിച്ചറിവാണ് സമ്മാനിക്കേണ്ടത് - കല്‍പറ്റ നാരായണന്‍

തൃശ്ശൂര്‍: സദസ്സാകെയും കഥകളിലലിഞ്ഞുചേര്‍ന്ന സായാഹ്നത്തില്‍ നവീകരിച്ച മാതൃഭൂമി പുസ്തകശാലയുടെ ഒന്‍പതാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനം. കല്പറ്റ നാരായണന്‍ കുട്ടികള്‍ക്കായെഴുതിയ 'എന്താ കഥ'യെന്ന പുസ്തകത്തിലെ കഥകള്‍ പറഞ്ഞ് പ്രിയരാജ് ഗോവിന്ദരാജ് മുതിര്‍ന്നവരെയും കുട്ടികളാക്കി. പ്രിയരാജ് ഗോവിന്ദരാജും ടി.വി. ബിന്ദുവും ചേര്‍ന്ന് 'എന്താ കഥ' പ്രകാശനം ചെയ്തു. കുട്ടികള്‍ക്ക് അറിവല്ല, തിരിച്ചറിവാണ് സമ്മാനിക്കേണ്ടത് എന്ന ബോധ്യത്തിലാണ് ഈ കഥകളൊക്കെയും എഴുതിയതെന്ന് കല്പറ്റ നാരായണന്‍ പറഞ്ഞു.
പുസ്തകോത്സവം സമാപനത്തിന്റെ ഭാഗമായി നടന്ന വായനക്കാരുടെ സംഗമത്തില്‍ സ്‌നേഹതീരം പ്രിയദര്‍ശിനി ലൈബ്രറിക്കായുള്ള മാതൃഭൂമിയുടെ പുസ്തകോപഹാരം മുന്‍ എംപി ടി.എന്‍. പ്രതാപന്‍ ഏറ്റുവാങ്ങി. ഡോ. എന്‍.ആര്‍. ഗ്രാമപ്രകാശ്, ഡോ. സ്വപ്ന സി. കോമ്പാത്ത്, നിത്യാ വിശ്വം, നന്ദകിഷോര്‍ വര്‍മ, സുബീഷ് തെക്കൂട്ട്, റോസി തമ്പി, കുസുമം ജോസഫ്, നൈന വൈദേഹി സുഭാഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
ഒന്‍പതുദിവസങ്ങളിലായി പുസ്തകപ്രകാശനങ്ങള്‍, വായനക്കാരുടെ ഒത്തുചേരല്‍, പുസ്തകചര്‍ച്ച, എഴുത്തുകാരുമായുള്ള മുഖാമുഖം തുടങ്ങിയ പരിപാടികള്‍ നടന്നു.