എഴുത്ത് വന്നുമുട്ടിയാല്‍ എനിക്ക് ജോലി വിടണം;എഴുതാന്‍ വന്നിരുന്നാലോ,വീര്‍പ്പുമുട്ടി എഴുന്നേറ്റ് പോണം

#അമല്‍
-
-

ണ്ണാടിവാതില്‍ തുറന്ന് അകത്ത് കയറി. മേലാസകലം മറച്ച പത്ത് മുപ്പത് പേര്‍ ഓടിനടന്ന് പണിയെടുക്കുന്നു. എന്റെ മനസ്സ് വീഴാന്‍ തുടങ്ങി. കൈയുറകള്‍ നിറച്ച കവറുകള്‍ എമ്പാടും കാണാം. ഒരു നീല കൈയുറ ധരിച്ച് ഞാന്‍ അലറി: ''ഒഹായോ ഗോസൈമാസ്.'' ചില ശബ്ദങ്ങള്‍ ഉപചാരം മടക്കി. അകത്തെ കാര്യങ്ങള്‍ ഫോട്ടോ എടുക്കരുത്, പുറത്ത് പറയരുത് എന്ന് എഴുതിവാങ്ങിയിട്ടുണ്ട്. ഉവ്വ്, ഒരുപക്ഷേ, ഒരു ചെറിയ നോവലിലൂടെ എല്ലാം ഞാന്‍ എഴുതും. അതാണെന്റെ പദ്ധതി. അതിനുവേണ്ടിമാത്രമാവാം ഞാന്‍ കടിച്ചുപിടിച്ച് തളര്‍ന്നുപോകുന്ന മനസ്സിനെ ഉത്സാഹിപ്പിച്ചുപിടിച്ച് നില്‍ക്കുന്നത്. പക്ഷേ, എഴുത്ത് മാത്രം നടക്കുന്നില്ല. അതാണ് എന്റെ പ്രശ്‌നങ്ങള്‍ക്ക് കാരണം. ജോലികള്‍ എന്തും ഏതും ചെയ്യാന്‍ എനിക്ക് സന്തോഷമാണ്. പക്ഷേ, എഴുത്തിനെ അത് ബാധിച്ചാല്‍ അതിനെ ഒഴിവാക്കിയാണ് സ്വഭാവം. അതാ ശീലം. കാര്‍ട്ടൂണ്‍ വരയും ചിത്രം വരയും, കലാചരിത്രം പഠനവും പ്രിയപ്പെട്ട അധ്യാപനജോലിയും ഒക്കെ പല ഘട്ടങ്ങളിലും എഴുത്ത് വേണോ, ഞാന്‍ വേണോ എന്ന് ചോദിച്ചപ്പോള്‍ എഴുത്ത് മതി എന്ന ഉത്തരം കേട്ട് എന്നെ വിട്ടുപോയിരിക്കുന്നു.

വിമ്മിട്ടം പെരുകിയതോടെ ജോലികള്‍ ശ്രദ്ധിക്കാന്‍ പറ്റാതായി. സെക്കിഗുച്ചി സാന്‍ ചെറിയ പാത്രങ്ങളില്‍ മിസോ സൂപ്പ് ദ്രാവകം 5.5 ഗ്രാം നിറയ്ക്കാന്‍ പറഞ്ഞു. എന്റെ ശ്രദ്ധ എന്നെ പഴിക്കുന്നതില്‍ ആയതിനാല്‍ 10 ഗ്രാമോ, അതിനുമുകളിലോ ആണ് ഞാന്‍ നിറച്ചത്. സെക്കിഗുചി സാന്‍ ദേഷ്യപ്പെട്ടില്ല. എല്ലാം തിരികെ ഒഴിച്ച് 5.5 ഗ്രാം ആക്കാന്‍ പതിയെ പറഞ്ഞു. അങ്ങനെ അബദ്ധത്തോടെ ഇന്നത്തെ ജോലികള്‍ തുടങ്ങുകയായി. ഭക്ഷണം പാത്രങ്ങളില്‍ നിറയ്ക്കുക, പാത്രങ്ങള്‍ ട്രേകളില്‍ നിരത്തുക, എല്ലാം അടുക്കി അലമാരകളില്‍വെച്ച് കൂളിങ് റൂമില്‍ വെക്കുക, നിലം കഴുകുക, അനേകം അട്ടി പാത്രങ്ങള്‍ കഴുകുക, അത് നല്ല ചൂട് വമിപ്പിക്കുന്ന അലമാരയില്‍ അടുക്കുക, പച്ചക്കറിയോ പഴമോ അരിയുക, മീനോ മാംസമോ നിരത്തുക അങ്ങനെയങ്ങനെ പോകും ജോലികള്‍. അത് ചെയ്യുന്ന നേരത്തെല്ലാം എല്ലാം ഇട്ടെറിഞ്ഞ് വീട്ടില്‍ പോയാല്‍ മതി എന്ന് തോന്നും. വീട്ടില്‍ പോയാലോ എന്ത് ജോലി ആയാലും മതി പോയി ചെയ്‌തോളാം എന്ന് തോന്നും. ജോലിക്ക് കയറിയാലോ, എഴുത്ത് വന്നുമുട്ടി മാനസികമായി പൊരുത്തക്കേട് തോന്നി ജോലി വിടാന്‍ തോന്നും. എഴുതാന്‍ വന്നിരുന്നാലോ, കുറച്ച് എഴുതുമ്പോഴേക്കും വീര്‍പ്പ് മുട്ടലായി എഴുന്നേറ്റ് പോകാന്‍ തോന്നും. വല്ലാത്ത ചക്രശ്വാസംവലി തന്നെ. 

എഴുതാനുള്ള പല ആശയങ്ങളും ആലോചിച്ചുനിന്ന് വിരസത നീക്കാന്‍ ശ്രമിച്ചു. മുകളില്‍ പല നിലകളിലായി അഞ്ഞൂറ് രോഗികള്‍ മിനിമം ഉണ്ടാകണം. അഞ്ഞൂറോളം കുഞ്ഞ് പാത്രങ്ങള്‍ നിരത്തുമ്പോള്‍ ഞാന്‍ ഊഹിച്ചു. ക്ലോക്കില്‍ നോക്കി നോക്കി ഒരു വിധം സമയം പന്ത്രണ്ടായി. 

എനിക്ക് അര മണിക്കൂര്‍ ബ്രേക്ക് ഉണ്ട്. റൊട്ടിയും വെള്ളവും എടുത്ത് മീറ്റിങ് റൂമില്‍ പോയിരുന്നു. ഫ്രിഡ്ജിനുമുകളില്‍ ജാപ്പനീസ് കുക്കീസ് ഇരിക്കുന്നത് കണ്ടു. ഇടക്കിടയ്ക്ക് എന്റെ കാബിനിലും ആരോ കുക്കികള്‍ വയ്ക്കും. വല്ല ചടങ്ങും ആകും. ഒന്നെടുത്ത് രുചിച്ചുനോക്കി. ഹോ എന്താ രുചി!  ചുറ്റും നോക്കി ആരും ഇല്ലെന്ന് കണ്ട് നാലെണ്ണം എടുത്ത് തിന്നു. ഊലോങ്ങ് ചായയും കുടിച്ച് റൊട്ടിയും തിന്ന് കൈഫോണില്‍ പിഡിഎഫ് വായിച്ചിരുന്നു. ഇടയ്ക്ക് നോട്ട് ബുക്കില്‍ ചില സംഭവങ്ങള്‍ എഴുതിവെച്ചു. ചിലപ്പോ എന്തെങ്കിലും എഴുതാന്‍ സഹായകമായാലോ. 

ആഴ്ചപ്പതിപ്പ് വാങ്ങാം

മൂന്നുവര്‍ഷം ജപ്പാനില്‍ പല തരം ജോലികള്‍ ചെയ്തിട്ടും ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച  ഈനു, കെനിയാസാന്‍ എന്നീ രണ്ടു കഥകള്‍ക്കൊപ്പം ഹന, സക്കാന എന്നീ നാലേ നാല് കഥകളെ ജപ്പാന്‍ പശ്ചാത്തലമാക്കി എഴുതിയിട്ടുള്ളൂ. നമുക്കൊരു രണ്ട് ചെറിയ നോവലൊക്കെ എഴുതണ്ടേ...? അതോര്‍ത്ത് ചിരിച്ചിരിക്കവേ മണി പന്ത്രണ്ടരയായി. എന്നത്തെയും പോലെ ഇന്നും പന്ത്രണ്ടര കഴിഞ്ഞപ്പോള്‍ എല്ലാവരും വട്ടത്തില്‍ വന്ന് നില്‍ക്കാന്‍ തുടങ്ങി. അതുവരെ ചെയ്ത ജോലികള്‍ ഓരോ വകുപ്പിലെയും തലവന്മാര്‍/തലൈവികള്‍ ചുരുക്കി അവതരിപ്പിച്ചു. ഇനി ചെയ്യാനുള്ള കാര്യങ്ങള്‍ എല്ലാവരെയും ഓര്‍മിപ്പിച്ചു. ഓഫീസില്‍നിന്ന് ഇഷികാവ സാന്‍ വന്ന് എന്തൊക്കെയോ സംസാരിച്ചു. ഫയലുകള്‍ നോക്കി എന്തോ വായിച്ചു. ഒന്നും മനസ്സിലായില്ല. ഓരോരുത്തരുടെയും കണ്ണുകള്‍ നോക്കി ഞാന്‍ നിന്നു. ജോലിസമയത്ത് ഇരിക്കാന്‍ പാടില്ല എന്നത് അലിഖിതനിയമമാണ്.

അമല്‍ എഴുതിയ അനുഭവക്കുറിപ്പിന്റെ പൂര്‍ണരൂപം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം

Content Highlight: Writer Amal shares life experience in Japan

Content Highlights: