'തന്റെ കാപ്പിറ്റലിസ്റ്റ് എതിരാളി അമ്മായിഅപ്പന്റെ കാശുമായി മുങ്ങി,സാറാമ്മയുടെ ആഭരണങ്ങൾ കാണാനില്ല'

കുമരകംകരയുടെ ഭാഷയും സംസ്‌കാരവും ജീവിതവും തെളിമയോടെ അവതരിപ്പിക്കുന്ന നോവലാണ് ജയന്ത് കാമിച്ചേരിലിന്റെ വേമ്പനാടൻ ബ്വാന. നോവലില്‍ നിന്നുള്ള ഒരു ഭാഗം വായിക്കാം.
ചെറുപ്പം മുതല്‍ക്കെ പലതരം ദീനക്കാരത്തിയായിരുന്നതിനാല്‍ ലീലയെ പള്ളിക്കൂടത്തില്‍ വിടാന്‍ സാധിക്കാഞ്ഞതിലുള്ള കാര്‍ത്തുവിന്റെ ദണ്ണം കുറച്ചെങ്കിലും മാറിയത് ഇമ്മാക്കുലേറ്റമ്മ മുഖാന്തിരമായിരുന്നു, കന്യാസ്ത്രീമഠത്തില്‍ തുണിയലക്കാന്‍ പോയിരുന്ന കാര്‍ത്തുവിനോട് ഇടുക്കിക്കാരി മദറ് അവിടത്തെ മലയോരങ്ങളില്‍ വല്ലപ്പോഴും ഉണ്ടാകുന്ന പ്രതിഭാസത്തെ വര്‍ണ്ണിച്ചപ്പോള്‍.
'നിന്റെ മകള് നീലക്കുറിഞ്ഞിപോലെയാണെന്ന് വിചാരിച്ചാല്‍ മതി. അത് പൂക്കുന്നത് വളരെ താമസിച്ചാണ്. പക്ഷേ, പൂക്കുമ്പോള്‍ നാട് മുഴുവന്‍ അറിയും. ഞാന്‍ അവളുടെ പേര്‍ക്ക് യൂദാശ്ലീഹായുടെ നൊവേനയും എത്തിക്കുന്നുണ്ട്, അത് അച്ചട്ടാ.'
കാര്‍ത്തുവിന്റെയൊപ്പം ലീലയും ചെറുപ്പം മുതല്‍ക്കെ ചെറിയ സഹായങ്ങള്‍ അലക്കിലും മഠത്തിലെ അടുക്കളപ്പണിയിലും ചെയ്തുപോന്നു. പഠിപ്പുമുറികളില്‍ കിട്ടാതെ പോയ വിദ്യാഭ്യാസം അവള്‍ക്ക് മറ്റൊരു ദിക്കില്‍നിന്നും കാര്‍ത്തുവും ശിവനും എല്ലാ വെള്ളിയാഴ്ചയും എത്തിച്ചുകൊടുത്തു-സെല്ലുലോയ്ഡ്. കുമരകത്തെ വൈ.എം.സി.എയുടെ പിന്നിലുള്ള അപ്സര ടാക്കീസില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ അവര്‍ ഒന്നുപോലും വിടാതെ കണ്ടു, എല്ലാ സന്ധ്യയ്ക്കും മുടങ്ങാതെ ദീപാരാധന നടത്തുന്ന പാവനതയോടെ. തറ ടിക്കറ്റ് മേടിച്ച് വെളുത്ത തുണിയിട്ട സ്‌ക്രീനിന്റെ തൊട്ടുമുന്നില്‍ കായലിന്റെ അടിത്തട്ടില്‍നിന്നും കോരിയ മിനുസമുള്ള ഇടിമണ്ണില്‍ ചമ്പളക്കുടുക്ക ഇട്ടിരുന്ന് വെള്ളിത്തിരയിലേക്ക് നോക്കുമ്പോള്‍ അവളുടെ മനസ്സ് ചിറകടിച്ച് പറന്നുയരും, പലതരം മായാലോകങ്ങളിലേക്ക്. അവിടെ വീരശൂരന്മാരായ ക്ഷത്രിയ രാജാക്കന്മാര്‍, കുശാഗ്രബുദ്ധിയുളള ബ്രാഹ്‌മണ ഉപദേഷ്ടാക്കള്‍, പിന്നെ പല രൂപത്തില്‍ അവതരിക്കുന്ന ഈശ്വരന്മാര്‍, ഇവരൊക്കെ തക്ക സമയത്തെത്തി നീചന്മാരെ ഹിംസിക്കുന്നു. അങ്ങനെ ഒടുവില്‍ എല്ലാം ശുഭം. രണ്ട് മണിക്കൂറിന്റെ മായാപ്രപഞ്ച സവാരി പര്യവസാനിച്ച് വീണ്ടും കുമരകത്തിന്റെ ചെളിക്കുഴിയില്‍ തിരിച്ചെത്തും.
പക്ഷേ, ഇതിന്റെ ഫലം കൊയ്യുന്നത് പിന്നീടാണ്. പാടത്ത് ശിവന്റെ കൂടെ ഞാറു നടുമ്പോള്‍, ഐപ്പച്ചന്‍ മുതലാളിയുടെ പറമ്പില്‍ ചെടികള്‍ക്ക് വെള്ളം നനയ്ക്കുമ്പോള്‍, അടുക്കളയില്‍ കെടാറാകുന്ന വിറകിലേക്ക് ഊതുമ്പോള്‍, അപ്പോഴൊക്കെ മനസ്സിന് കുളിര്‍മ്മയേകുന്ന സിനിമയിലെ പാട്ടുകള്‍ അവള്‍ ഈണത്തില്‍ മൂളും, പാടും. വാകച്ചാര്‍ത്തുകഴിയുമ്പോള്‍ വാസനപ്പൂ അണിയുമ്പോള്‍ ഗോപികമാര്‍ കൊതിക്കുന്നൊരുടല്‍ കാണേണം, ചെത്തിമന്ദാരം തുളസി, കണികാണും നേരം കമലനേത്രന്റെ നിറമേറും മഞ്ഞത്തുകില്‍ ചാര്‍ത്തീ, ആടണം എനിക്കൊന്നു മനം കുളിരേ ദേവാ പ്രിയ മാനസാ നീ വാവാ എന്നിങ്ങനെ അവളെ പുളകംകൊള്ളിക്കുന്ന സുശീലയുടെയും പി. ലീലയുടെയും ഒക്കെ ഗാനങ്ങള്‍.
നേരത്തെയൊക്കെ അവര്‍ മൂവരും ഒന്നിച്ചാണ് പോയിരുന്നത്. പക്ഷേ, കാര്‍ത്തു ഐപ്പച്ചന്‍ മുതലാളിയുടെ കയറ് കമ്പനിയില്‍ പണിയാന്‍ തുടങ്ങിയതില്‍ പിന്നെ ഫാക്ടറിയില്‍ തിരക്കുള്ള ദിവസങ്ങളില്‍ ശിവനും ലീലയും മാത്രമായി സിനിമ വിദ്യാഭ്യാസം.
ശിവന് എന്തുകൊണ്ടോ കാര്‍ത്തു മുതലാളിയുടെ ഫാക്ടറിയില്‍ പണിയുന്നതും ചില രാത്രികളില്‍ വളരെ വൈകി മടങ്ങുന്നതും ഒട്ടും പിടിക്കുന്നില്ലായിരുന്നു. ആദ്യമൊക്കെ സൗമ്യമായി പറഞ്ഞുനോക്കീട്ട് ഫലിക്കാതെ വന്നപ്പോള്‍ വഴക്കായി, കഴിഞ്ഞ കുറെ മാസങ്ങളായി ദേഹോപദ്രവവും തുടങ്ങി. അങ്ങനെ സംഭവിക്കുന്ന രാത്രികളുടെ പിറ്റേന്ന് ഇമ്മാക്കുലേറ്റമ്മ വന്ന് സഹാനുഭൂതിയോടെ ഉപദേശിക്കുമ്പോള്‍ ശിവന്‍ താഴ്മയായി ശരിയാണ്, തെറ്റു പറ്റി എന്നൊക്കെ സമ്മതിക്കും. പക്ഷേ, വൈകുന്നേരം മൂന്നാം നമ്പര്‍ ഷാപ്പില്‍ കയറിയിട്ട് വരുമ്പോള്‍, 'നാട്ടുകാര്‍ പറയുമ്പോള്‍ എന്റെ തൊലി ഉരിഞ്ഞുപോകുന്നെടീ,' എന്നൊക്കെ അലറിക്കൊണ്ടാണ് പൊതിക്കുന്നത്. മകളെ നല്ലൊരു ചെറുക്കനെക്കൊണ്ട് കെട്ടിക്കാന്‍ സ്ത്രീധനത്തിനും സ്വര്‍ണ്ണപ്പണ്ടങ്ങള്‍ക്കുമൊക്കെ ഇപ്പോഴേ സമ്പാദിച്ചുതുടങ്ങണ്ടേ എന്നുളളതായിരുന്നു കാര്‍ത്തുവിന്റെ വാദം, മഠത്തിലെ പണിക്ക് ഉപരിയായി മുതലാളിയുടെയങ്ങ് പണി തേടാന്‍. ശിവന്‍ അതേയുക്തി, കൂടുതല്‍ വരുമാനം എന്നുള്ളത് ഉപയോഗിച്ച് വയലിലെ പണിയുടെ കൂടെ പഴയ തൊഴില്‍ പുനരാരംഭിച്ചു-പപ്പടം.
ഉഴുന്നും വെളിച്ചെണ്ണയും കുഴച്ച്, തല്ലി വട്ടത്തില്‍ പരത്തി പപ്പടം പായില്‍ വിരിച്ച് വെയിലത്ത് ഉണക്കുന്ന വൃത്തിയില്‍ ലീലയും അപ്പന്റെകൂടെ കൂടി. എന്നാല്‍ എല്ലാ ആഴ്ചയും ബസ്സില്‍ കോട്ടയത്തെ കടകളില്‍ എത്തിച്ചുകൊടുക്കുന്ന പണി ശിവന്‍തന്നെ ചെയ്യേണ്ടി വന്നു. എല്ലാംകൂടി ആയപ്പോള്‍ ശിവന്റെ ആരോഗ്യം പതിയെ താഴാന്‍ തുടങ്ങിയിരുന്നു. ശിവന്റെ അപ്പനുണ്ടായിരുന്ന അസുഖത്തിന്റെ നാമ്പുകള്‍ അവിടവിടെയായി പൊങ്ങിയും വന്നു, ക്ഷയം.
സഖാവ് പുഷ്‌കരന്റെ നിര്‍ദ്ദേശപ്രകാരം കുമരകത്തെ ചില വലിയ വീടുകളില്‍ ലീല എല്ലാ ആഴ്ചയും പപ്പടം എത്തിച്ചു. അതില്‍ അവള്‍ക്ക് പോകാന്‍ താത്പര്യമുണ്ടായിരുന്ന വീട് ബ്വാനയുടേതായിരുന്നു. കാരണം, അടുക്കളയില്‍ മേരിയമ്മയെ പപ്പടം ഏല്‍പ്പിക്കുമ്പോഴൊക്കെ കാശിന്റെ കൂടെ പറമ്പില്‍ കിളുക്കുന്ന ഏതെങ്കിലും കനിയും കിട്ടും. ലോലോലിക്ക, ഞാവല്‍പ്പഴം, വാളന്‍പുളി, ഇരുമ്പന്‍പുളി, ആത്തക്ക, ചാമ്പങ്ങ, സീതാഫല്‍ എന്നിങ്ങനെ മാസം അനുസരിച്ച് പലതും.
ലീലയുടെ ഏറ്റവും പ്രിയപ്പെട്ടത് ബാഡ്മിന്റന്‍ കോര്‍ട്ടിനെ തൊട്ടു നിന്നിരുന്ന മാതളനാരങ്ങയായിരുന്നു, അതിന്റെ നിമിത്തം ഉദയായുടെ ഒരു സിനിമയും. ഓണത്തിന് പൂക്കളം ഇടാന്‍ അവള്‍ ഒരിക്കല്‍ മേരിയമ്മയോട് നാരകത്തിന്റെ പൂവ് പറിച്ചോട്ടേയെന്ന് ചോദിച്ചപ്പോഴാണ് അതിന്റെ വടക്കേ ഇന്ത്യയിലെ പേര് അവള്‍ക്ക് പറഞ്ഞുകൊടുത്തത്-അനാര്‍ക്കലി. ഓണത്തിന് ഇറങ്ങിയ അവള്‍ കണ്ടുകഴിഞ്ഞ് ഒത്തിരി ഇഷ്ടപ്പെട്ട സിനിമയാണെന്നും അതിന്റെ പാട്ടുകള്‍ ഏതാണെന്നും മേരിയമ്മയോടു പറഞ്ഞപ്പോള്‍ മേരിയമ്മ അതില്‍ ഒരെണ്ണം അവളോട് പാടാന്‍ പറഞ്ഞു. ആദ്യം നാണിച്ച് മടിച്ചെങ്കിലും മേരിയമ്മയുടെ അടുക്കളപ്പണിക്കാരി കാളിയമ്മയും കൂടി നിര്‍ബ്ബന്ധിച്ചപ്പോള്‍ അവള്‍ വഴങ്ങി. രാഗിണി പാടുന്ന ഏഴ് ചിറകുള്ള തേര് അവള്‍ പാടിയപ്പോള്‍ ഈണത്തില്‍ അല്ലേലും കാളിയമ്മ കൂടെ പാടി.
ബ്വാനയുടെ വീട്ടില്‍ ഒരിക്കല്‍ പപ്പടം കൊടുക്കാന്‍ ചെന്നപ്പോഴാണ് തെക്കേ ആറ്റുമണലിട്ട മുറ്റത്ത് ലീല ജോണിയെയും, ബാഡ്മിന്റന്‍ കളിച്ചുകൊണ്ടിരുന്ന ജോണി ലീലയെയും കാണുന്നത്. മുറ്റത്തിന്റെ അരികിലൂടെ കോര്‍ട്ടില്‍ കടക്കാതെ അവള്‍ നടന്നു നീങ്ങുമ്പോള്‍ ബ്വാനയുടെ ഒരു അടി ഔട്ട് ആയിപ്പോയി. കോര്‍ക്കില്‍ കോഴിപ്പൂട കുത്തിക്കേറ്റിയ ഷട്ടില്‍ അവളുടെ മേല്‍ അറിയാതെ കൊണ്ടപ്പോള്‍, 'സോറി മോളെ,' എന്ന് ബ്വാനയും, 'അയ്യോ വേദനിച്ചോ?' എന്ന് ജോണിയും കുറ്റബോധത്തോടെ ചോദിച്ചു. നാണിച്ചു കുണുങ്ങി ചിരിച്ചുകൊണ്ട് അവള്‍ വേഗം അവിടുന്ന് ഓടിപ്പോയി.
ഉച്ചയടുപ്പിച്ചും പിന്നെ വൈകുന്നേരം ഫസ്റ്റ്ഷോ തുടങ്ങുന്നതിനു മുന്നെയുമാണ് സിനിമ കൊട്ടകയുടെ വള്ളം ചന്തത്തോടിന്റെ കിഴക്കേ അറ്റത്തുള്ള ജപ്പാന്‍മുക്കില്‍നിന്നും തുടങ്ങി പടിഞ്ഞാറുള്ള ശ്രീകുമാരമംഗലം ക്ഷേത്രം വരെ സിനിമയുടെ പരസ്യം പറഞ്ഞറിയിക്കുന്നത്. ബ്വാനയുടെ തെക്കേക്കുറ്റ് താമസിച്ചിരുന്ന ചുമ്മാരിന്റെ മകന്‍ സണ്ണി തുഴയും, അവന്റെ കിഴക്കേപ്പറമ്പിലെ കട്ടയേപ്പിന്റെ കടിഞ്ഞൂല്‍ പുത്രനായിരുന്ന ജോണി കരയ്ക്ക് നില്‍ക്കുന്നവര്‍ക്ക് സിനിമാ നോട്ടീസുകള്‍ മടക്കി കൂര്‍ത്ത ശരമാക്കി എറിഞ്ഞുകൊടുക്കും. പിന്നെ തുടങ്ങും, ഉച്ചഭാഷിണിയിലൂടെ, 'ഇദംപ്രഥമമായി നീലായുടെ ഉടനീളം കളര്‍ചിത്രം. പ്രേംനസീര്‍, ഷീല, ബഹദൂര്‍, തിക്കുറിശ്ശി' എന്നിങ്ങനെ അഭിനേതാക്കളുടെ പേരുകള്‍ എണ്ണിപ്പറഞ്ഞ് വള്ളം മുന്നോട്ടുനീങ്ങും.
ആ വെള്ളിയാഴ്ച തിലോത്തമയുടെ പരസ്യം പറയാന്‍ ഇറങ്ങിയപ്പോള്‍ ജോണി നിര്‍ബ്ബന്ധിച്ച് ക്ഷേത്രത്തില്‍ നിറുത്താതെ പടിഞ്ഞാട്ട് തുഴഞ്ഞു, അവിടെ പറയത്തക്ക ആള്‍ത്താമസം ഇല്ലാഞ്ഞിട്ടും. കായലിനോടു ചേര്‍ന്നുകിടക്കുന്ന ഐപ്പച്ചന്‍ മുതലാളിയുടെ പറമ്പീന്നുള്ള കടവില്‍ ഏതോ പെണ്ണ് പാവാടയും ബ്ലൗസും ഇട്ട് ഈറനായി നിന്ന് വെളുത്ത തുണികള്‍ അലക്കുകല്ലില്‍ പൊക്കിയടിക്കുന്നത് സണ്ണി ദൂരെനിന്നും കണ്ടു.
'എടാ ജോണി, ദേ അവിടെയൊരു ചരക്ക് നിപ്പുണ്ട്, പൂച്ചയാണെന്ന് തോന്നുന്നു.'
'അങ്ങോട്ടടിപ്പിക്കെടാ.'
'അതു ശരി, എടാ കൊച്ചുകള്ളാ, ഏതാ ഇത്? ഇതിനെ കിട്ടുവോടാ?'
'നീയൊന്നും മിണ്ടല്ലേ.'
കടവിന്റെ അരികില്‍ എത്തിയപ്പോഴാണ് ലീല വള്ളത്തേല്‍ തിലോത്തമയുടെ പോസ്റ്റര്‍ കാണുന്നത്-അവരുടെ ഭാഗത്ത് ഒരിക്കലും വരാത്ത സിനിമാവള്ളം! ലീല അടക്കാത്ത ആവേശത്തില്‍ പൊട്ടിയതും പൊട്ടാത്തതുമായ കുപ്പിവളകള്‍ നിറഞ്ഞ കൈ ജോണിയുടെ നേര്‍ക്ക് നീട്ടി, സിനിമാ പരസ്യത്തിനായി. സമതല തെറ്റി വള്ളം മറിഞ്ഞു നാണക്കേടാകാതിരിക്കാന്‍ ജോണി അവളുടെ വശത്തേക്ക് അധികം ചെരിയാതെ ലീലയുടെ നീട്ടിയ കൈകളിലേക്ക് സത്യന്റെയും ശാരദയുടെയും പടമടങ്ങിയ കടലാസ്സ് കൈമാറുമ്പോള്‍ നിമിഷനേരത്തേക്ക് കൈകള്‍ സ്പര്‍ശിച്ചു. മൃദുലമായി ഉരുമ്മിയ അവരുടെ വിരലുകളിലൂടെ പ്രവഹിച്ച 11 കെ.വി. വിദ്യുച്ഛക്തി കാമദേവന്റെ കണ്‍ട്രോള്‍ റൂമില്‍ എത്തി അവിടെ അനുരാഗത്തിന്റെ ഒരു ചുവന്ന ലൈറ്റ് തെളിഞ്ഞു കത്തി.
പിന്നീടുള്ള ജോണിയുടെ വരവുകള്‍ ഒറ്റയ്ക്കായി. സണ്ണിയെ നാരായണഗുരു നേരിട്ടുവന്ന് പ്രതിഷ്ഠ സ്ഥാപിച്ച സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തിന്റെ വലിയ കടവില്‍ ഇറക്കും, സമയം പോകാന്‍ ഒരു കാജായും കൊടുക്കും. അങ്ങനെ കായല്‍വരെ നീട്ടിയ പല സിനിമാ പരസ്യ ഓട്ടങ്ങള്‍ കഴിയുമ്പോഴാണ് ജോണി ലീലയുടെ ശബ്ദം ആദ്യമായി കേള്‍ക്കുന്നത്, 'ഭക്തകുചേലയില്‍ ഡാന്‍സ് ഉണ്ടോ?'
ഭക്തകുചേല കാണാന്‍ കാര്‍ത്തു വന്നില്ല, പക്ഷേ, ശിവന്‍ പരാതിയൊന്നും ഉരുവിട്ടില്ല. ഷാപ്പില്‍ പോക്ക് കുറഞ്ഞില്ലെങ്കിലും രാത്രിയിലെ കശപിശ കുറച്ചുനാളായി നിന്നിരുന്നു. അങ്ങനെ ആയത് കാര്‍ത്തുവില്‍നിന്നും ശിവനെ മാത്രം ഞെട്ടിപ്പിക്കുന്ന വിളംബരത്തോടെയാണ്. പതിവുപോലെ ഒരു രാത്രി ശിവന്‍ പൂസായി വന്ന് കൈപ്പെരുമാറ്റം തുടങ്ങാന്‍ ഓങ്ങിയപ്പോഴാണ് കാര്‍ത്തു ആ വാക്കുകള്‍ ഉരുവിടുന്നത്, 'തല്ലല്ല്, എനിക്ക് വയറ്റിലുണ്ട്.' ഈവക കാര്യങ്ങളില്‍ ഗ്രാഹ്യം കമ്മിയായിരുന്ന ലീലയ്ക്ക് ശിവന്റെ പ്രതികരണം കണ്ടപ്പോള്‍ അദ്ഭുതം തോന്നി, ആഹ്ലാദിക്കുന്നതിനു പകരം കുടിലിന്റെ മൂലയില്‍ പായിട്ട് അതില്‍ ചുരുണ്ടുകൂടി കിടന്ന് പതുക്കെ തേങ്ങി.
അതിന്റെ രണ്ടുമാസം കഴിഞ്ഞ് 'ഉണ്ണിയാര്‍ച്ച' ഫസ്റ്റ്ഷോ കണ്ട് മടങ്ങുമ്പോള്‍ ശിവന്റെ കൈ കോര്‍ത്തുപിടിച്ച് ലീല സന്തോഷത്തിമിര്‍പ്പില്‍ ചാടിച്ചാടി നടന്ന് രാഗിണിയുടെ പാട്ട് ഉറക്കെ പാടി: പോ കുതിരേ, പടക്കുതിരേ, ടക്ക്, ടക്ക്, ടക്ക്, ടക്ക് നട കുതിരേ... വീട്ടിനടുത്ത് എത്തിയപ്പോഴാണ് ഐപ്പച്ചന്‍ മുതലാളിയുടെ പറമ്പിലെ പ്ലാവില്‍ നിശ്ചലയായി കാര്‍ത്തു കയറില്‍ തൂങ്ങി കിടക്കുന്ന കാഴ്ച അപ്പനും മകളും ഒപ്പം കാണുന്നത്. പിന്നെയെല്ലാം ഒരു മായ ആയിട്ടാണ് ലീലയ്ക്ക് തോന്നിയത്. ആരൊക്കെയോ വന്നു, ഒത്തിരി കരഞ്ഞു, കന്യാസ്ത്രീകള്‍ മാറി മാറി സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷേ, ഒടുവില്‍ എല്ലാം വ്യര്‍ത്ഥം. അമ്മ പോയി, സിനിമാക്കൊട്ടകയില്‍ പെട്ടെന്ന് റീല്‍ പൊട്ടിയപോലെ, അഭ്രപാളി ശൂന്യം.
കാര്‍ത്തു മരിച്ച് രണ്ടാഴ്ച കഴിഞ്ഞൊരു ദിവസം പ്രതീക്ഷിക്കാത്ത വിരുന്നുകാരന്‍ ശിവന്റെ ഓലപ്പുരയില്‍ എത്തി. മൃദുലമായി അച്ചടിഭാഷയില്‍ സംസാരിച്ചിരുന്ന ഉപദേശി പതിവ് ശുഭ്രവേഷത്തിലായിരുന്നു, കൈയില്‍ ആയുധവുമായി-കറുത്ത തടിയന്‍ പുസ്തകം. വന്ന കാര്യം പറഞ്ഞുമനസ്സിലാക്കുമ്പോള്‍ അടുക്കളയില്‍ അരകല്ലേല്‍ മുളക് അരച്ചുകൊണ്ടിരുന്ന ലീല കാതോര്‍ത്ത് എല്ലാം ശ്രദ്ധിച്ചു ശ്രവിച്ചു.
കാര്‍ത്തു മരിച്ചപ്പോള്‍ നഷ്ടപ്പെട്ട വരുമാനം വീണ്ടെടുക്കാന്‍ അവരുടെ ക്രിസ്തീയ സഭയില്‍ ചേര്‍ന്നാല്‍ വലിയൊരു തുക ആദ്യം, പിന്നെ സുവിശേഷം പറയാന്‍ ഓരോ ദിക്കിലും പോകുമ്പോള്‍ അതിനും പ്രതിഫലം. യാതൊരു ദേഹണ്ണവും വേണ്ടാത്ത ഇടപാട്. 'ഇപ്പോള്‍ തീരുമാനിക്കാനല്ല ഞാന്‍ വന്നത്. അടുത്ത പ്രാര്‍ത്ഥനായോഗം അക്കരത്തെ മിഡില്‍ സ്‌കൂളിന്റെ മുന്നിലുള്ള ഗ്രൗണ്ടിലാണ്. അടുത്ത ശനിയാഴ്ച വൈകുന്നേരം വന്ന് കണ്ടിട്ട് തൃപ്തിപ്പെട്ടാല്‍ മാത്രം തീരുമാനം എടുത്താല്‍ മതി. മകളെയും കൊണ്ടുവരാം, അവള്‍ക്കും പുതിയ അനുഭവമാകും.'
ഉപദേശി പോയ പിറകെ ലീല ചന്തത്തോട്ടില്‍ വേലിയിറക്കം തുടങ്ങും മുന്നെ മുടി നനച്ച് കുളിക്കാന്‍ തീരുമാനിച്ചു. കുളി കഴിഞ്ഞ് കടവിന്റെ നനവില്ലാത്ത പടിയില്‍ തല കുനിഞ്ഞുനിന്ന് നീണ്ട മുടി കാറ്റത്ത് ചാഞ്ചാടി ഉണക്കാന്‍ നില്‍ക്കുമ്പോള്‍ ലീലയ്ക്ക് അമ്മയുടെ ഓര്‍മ്മ വന്നു.
അമ്മ ജീവന്‍ ഒടുക്കുന്നതിന് ഒരാഴ്ച മുന്നെയാണ് അവര്‍ രണ്ടും ഒടുവിലായി ഈ കടവില്‍ ആബേലിന്റെയങ്ങുന്ന് മേടിച്ച നീലഭൃംഗാദി എണ്ണ തേച്ച് കുളിച്ചതും ലീലയുടെ വിവാഹക്കാര്യം സംസാരിച്ചതും.
കടവില്‍ ഒരുപടി മീതെ കാലുകള്‍ വിടര്‍ത്തിയിരുന്ന അമ്മയുടെ മടിയില്‍ തലവെച്ചിരുന്ന ലീലയുടെ തലമുടി പേന്‍ചീപ്പ് വെച്ച് കാര്‍ത്തു മെല്ലെ, വേദന എടുക്കാത്ത വിധമാണ് ചീകിയത്. അമ്മയുടെ പ്രതീക്ഷയും സന്തോഷവും നിറഞ്ഞ വാക്കുകള്‍ അവള്‍ ഓര്‍മ്മിച്ചു. 'മോളെ, നിന്റെ കല്യാണം നമുക്ക് ഗംഭീരമാക്കണം. പുഷ്‌കരന്റെ മകളുടെ കല്യാണത്തിനെ കടത്തിവെട്ടണോടി. ആലപ്പുഴയില്‍നിന്നും സാംബന്റെ കച്ചേരിക്കാരെ ഞാന്‍ കൊണ്ടുവരും, കുമരകംകാര് ഞെട്ടും, നീ നോക്കിക്കോ. അതിനിപ്പം പതിനായിരം രൂപ ആയാലും വേണ്ടിയില്ല, ഞാനത് നടത്തും,' കാര്‍ത്തു ശപഥം ചെയ്തു. എന്നിട്ട് ഇത് ശപഥം, ഇത് ശപഥം, ഇത് ശപഥം എന്ന് പലവട്ടം ആവര്‍ത്തിച്ചു പറഞ്ഞ് അമ്മയും മകളും കുറെ ചിരിച്ചു.
ദൂരത്തുനിന്നും വന്ന ചൂളംവിളി കേട്ടപ്പോള്‍ ലീല അമ്മയുടെ സ്മൃതിയില്‍നിന്നും മടങ്ങി. നോക്കിയപ്പോള്‍ ജോണി വള്ളത്തേല്‍ വന്നുകൊണ്ടിരിക്കുന്നു. ലീല വേഗം ഉപദേശിയുടെ സന്ദര്‍ശനവും ഉദ്ദേശവും വെളിപ്പെടുത്തി.
'നല്ല കാര്യമാണെന്നാ എനിക്കു തോന്നുന്നത്. എനിക്കു വേണ്ടിയെങ്കിലും ചെയ്താല്‍ നന്നായേനെ.'
'ജോണിച്ചന് വേണ്ടിയോ?'
'എനിക്ക് ലീലയെ കല്യാണം കഴിക്കാന്‍ എളുപ്പമായേനെ.'
ലീല കുറച്ച് നിമിഷം ഒന്നും ഉരിയാടാനാവാതെ സ്തംഭിച്ചുനിന്നു. അവര്‍ തമ്മില്‍ ഉണ്ടായിട്ടുള്ള സംഭാഷണങ്ങളില്‍ വിവാഹം എന്നുള്ള വിഷയം ഒരിക്കലും വന്നിരുന്നില്ല. നാക്കിന് ശക്തികിട്ടിയപ്പോഴേക്കും കള്ളന്‍ ജോണിച്ചന്‍ ഇറക്കത്തിന് എതിരെ ശക്തമായി കിഴക്കോട്ട് ആഞ്ഞ് തുഴയുന്നതിന്റെ ശബ്ദത്തില്‍ അവളുടെ എതിര്‍പ്പുകള്‍ മുങ്ങിത്താന്നു. വിദൂരത്തുനിന്നും ജോണി വള്ളത്തില്‍ തിരിഞ്ഞിരുന്ന് കൈയുമ്മ ലീലയുടെ നേര്‍ക്ക് വായുവിലൂടെ ഊതി വിക്ഷേപിച്ചു, ശാകുന്തളത്തില്‍ കുതിരപ്പുറത്തിരിക്കുന്ന ദുഷ്യന്തന്‍ ശകുന്തളയ്ക്ക് കൊടുത്തിരിക്കാവുന്ന കൂട്ട്, എന്നവള്‍ സങ്കല്‍പ്പിച്ചു.
ലീലയുടെ ഇടത്തെ കണ്‍പുരികം ബോധമില്ലാതെ തുടിച്ചപ്പോള്‍ ഈശ്വരാ, എന്നുറക്കെ ഉരുവിട്ടുകൊണ്ട് അവള്‍ ഓടിച്ചെന്ന് കട്ടിലേല്‍ കമഴ്ന്നുകിടന്ന് അവരുടെ സ്വയംവരം കിനാവു കണ്ടു. മണവാട്ടി കണ്ണഞ്ചിപ്പിക്കുന്ന കാഞ്ചീപുരത്തുണ്ടാക്കിയ മഞ്ഞ സാരിയില്‍, മണവാളന്‍ ഉടുത്തത് തൂവെള്ള നേരിയത്. പിന്നണിയില്‍ സാംബന്റെ വില്ലടിച്ചാന്‍പാട്ട് തകര്‍ക്കുന്നു, നാട്ടുകാര്‍ ഒന്നടങ്കം കുരവയിടുന്നു, അപ്പോള്‍ ലീല ജോണിയുടെ കഴുത്തിലേക്ക് ഒന്നിനു പിറകെ ഒന്നായി ജമന്തിപ്പൂമാലകള്‍ ഉന്നം പിഴക്കാതെ എറിഞ്ഞ് വീഴിക്കുന്നു.
ശനിയാഴ്ച വൈകുന്നേരം അക്കരത്തെ പള്ളിക്കൂടത്തിന്റെ മുന്നിലുള്ള മൈതാനത്ത് സാമാന്യം തരക്കേടില്ലാത്ത ആള്‍ക്കൂട്ടം എത്തിയിരുന്നു. ഭൂരിഭാഗം ജനം കപ്പയും മത്തിക്കറിയും കാംക്ഷിച്ച് വന്നവരാണെങ്കിലും അതില്‍ ഒരുപിടി ആള്‍ക്കാരെങ്കിലും ആത്മാവിന്റെ ദാഹം ശമിപ്പിക്കാന്‍ വന്നവരായിരുന്നു. പിന്നെ ശിവന്‍ കാശിനും, ലീല വിവാഹം എന്നുള്ള കൂദാശ നടക്കാനും.
സാത്താന്‍, തീയും പല്ലുകടിയും നിറഞ്ഞൊരു നരകം, എന്നിങ്ങനെ സാധാരണക്കാരുടെ മനസ്സുകളില്‍ അനായാസം ഭീതി ഉളവാക്കുന്ന വര്‍ണ്ണനകള്‍ ഉപദേശിയുടെ താടിമീശയില്‍ ചുറ്റപ്പെട്ട വായില്‍നിന്നും ഗോമൂത്രംപോലെ തോരാതെ ഒഴുകി. നിലത്തുനിന്ന് മൂന്നടി പൊക്കത്തില്‍ നിന്നിരുന്ന സ്റ്റേജിലെ പ്രസംഗപീഠത്തില്‍ ഇടയ്ക്കിടെ ഉപദേശി ധാര്‍മ്മികരോഷത്തില്‍ മുഷ്ടി ചുരുട്ടി ഇടിച്ചപ്പോള്‍ കാണികളുടെ ചെവിയില്‍ പതിയുന്ന വാക്കുകള്‍ക്ക് ഗാംഭീര്യം വന്നു, അതവരെ കിടിലം കൊള്ളിച്ചു.
ഉപദേശിയോടൊപ്പം വേദിയില്‍ കേറിയവര്‍, സഹധര്‍മ്മിണി സാറാമ്മയും, ചെറിയ പറ്റം ഈശോഭക്തരായ സ്ത്രീജനങ്ങളും, എല്ലാവരും ഒരേ വേഷ്ടിയിലായിരുന്നു. വെളുത്ത ഫുള്‍ക്കൈ ബ്ലൗസ്, വെള്ള സാരി. പാവങ്ങളെ കറപ്പ് തീറ്റിക്കുന്നതെങ്ങനെയെന്ന് അടുത്തറിഞ്ഞ് പഠിക്കാന്‍ മൈതാനത്തിന്റെ പിന്നിലായി പുഷ്‌കരന്‍ നില്‍പ്പുണ്ടായിരുന്നു. വെള്ള സാരിയുടെ തുമ്പുവെച്ച് തല മൂടിനിന്ന സ്ത്രീകളെ കണ്ടപ്പോള്‍ കൂടെയുണ്ടായിരുന്ന ട്രെയിനി സഖാവ് പയ്യന്‍സിന് പുഷ്‌കരന്‍ ട്രെയിനിങ് കൊടുത്തു. 'എടാ ചെങ്ങളത്തുള്ള മുസ്ലിം പെണ്ണുങ്ങള്‍ ഹിജാബ് ഇട്ട് തലമൂടുന്നതു കണ്ടിട്ടില്ലേ? രണ്ടിന്റെയും ഉദ്ദേശ്യം മുടിയിലൂടെ ഇബിലീസ് വരാതിരിക്കാനാ. ഇവരുടെ കുലങ്ങള്‍ തുടങ്ങിയ ഇസഹാക്കും, ഇസ്മയേലും ഒരേ തന്തയ്ക്ക് പിറന്നവരാ.'
തീ ചീറ്റുന്ന പ്രസംഗം കഴിഞ്ഞയുടനെ ഉന്തും തള്ളുമായി, ഓസ്സില്‍ കിട്ടുന്ന കപ്പയ്ക്കും കറിയ്ക്കും. അതും വെട്ടി ആള്‍ക്കൂട്ടം പിരിഞ്ഞപ്പോള്‍ അരങ്ങില്‍ ബാക്കിയായത് ഉപദേശി, ഭാര്യ, ശിവനും മകളും, പിന്നെ വൈകി എത്തിയ, അതിനാല്‍ അല്‍പ്പം മാറി നിന്നിരുന്ന ജോണിയും. ജോണിക്ക് ഇവിടെ എന്തു കാര്യം എന്ന മട്ടില്‍ അവനെ ഗൗനിക്കാതെ ശിവന്റെ മാത്രം നേരെ തിരിഞ്ഞ് ഉപദേശി അന്വേഷിച്ചു, 'എന്തു തീരുമാനിച്ചു ശിവന്‍?'
'പാര്‍ട്ടിക്കാര്‍ എന്നെ തള്ളിപ്പറയുമായിരിക്കും, പക്ഷേ, ഞങ്ങള്‍ ചേരാന്‍ തീരുമാനിച്ചു.'
'നല്ല തീരുമാനം, ഹല്ലേലൂയാ, ദൈവത്തിന് സ്തോത്രം.'
അച്ചന്‍ തിരിഞ്ഞ് പുതുക്രിസ്ത്യാനികളെ സാറാമ്മയ്ക്ക് പരിചയപ്പെടുത്തിയിട്ട് കരുണ തുടിക്കുന്ന സ്വരത്തില്‍ പറഞ്ഞു: 'ശിവനിനി കൂടുതല്‍ സമയം ലീലയുടെയൊപ്പം ചെലവഴിക്കണം. കോട്ടയത്ത് പപ്പടം എത്തിക്കുന്ന കാര്യം ഞാന്‍ മോളിമോള്‍ ബസ്സിന്റെ ഡ്രൈവറിനോട് സംസാരിക്കാം, അവന്‍ സാറാമ്മയുടെ ബന്ധുവുംകൂടിയാ.'
ബ്രസീലിന്റെ ഫുട്ബോള്‍ താരം, പത്താം നമ്പര്‍ മഞ്ഞ ജഴ്സിയണിഞ്ഞ് കളിച്ച പെലെയെക്കൂട്ട് തനിക്ക് അപ്രതീക്ഷിതമായി ലഭിച്ച ചെറിയ പഴുതിലൂടെ ജോണി പന്തു കയറ്റി. 'അത് ഞാനേറ്റു. എല്ലാ വ്യാഴാഴ്ചയും പുതിയ സിനിമാ റീലുകള്‍ കൊണ്ടുവരാന്‍ എനിക്ക് കോട്ടയത്തിന് ഏതായാലും പോകണം. ഞാന്‍ കടകളില്‍ പപ്പടം എത്തിച്ച് കാശും മേടിച്ചോളാം.'
ലീലയുടെ പുഞ്ചിരിയില്‍ കൃതാര്‍ത്ഥത നിറഞ്ഞിരുന്നു. പതിവായി അവരുടെ കടവില്‍ വന്നിരുന്ന സിനിമാ വള്ളക്കാരനെ നേരത്തെ തന്നെ സംശയിച്ചിരുന്ന ശിവന്റെ പുഞ്ചിരിക്ക്, 'അതു ശരി,' എന്നൊരു എങ്ങും തൊടാത്ത ധ്വനിയുണ്ടായിരുന്നു.
എപ്പോഴും പ്രശാന്തനായി സംസാരിച്ചിരുന്ന ഉപദേശി ജോണിയെ അഭിസംബോധന ചെയ്തപ്പോള്‍ കേട്ടുനിന്നവര്‍ക്ക് യേശുവിലും കൂടുതല്‍ ലൂസിഫറിനെ ഓര്‍മ്മ വന്നു.
'നീയാരാ? നിനക്കെന്താ ഇവിടെ കാര്യം?'
'ഞാനൊരു നല്ല സമരിയക്കാരനാണെന്ന് കരുതിയാല്‍ മതി. അതില്‍ കുഴപ്പമുണ്ടോ?'
'ഉഷ്ണം ഉഷ്ണേന ശാന്തി' എന്നൊരു നീക്കം ഉപദേശി എങ്ങാണ്ടു കിടന്ന ഈ ഊപ്പ ചെക്കനില്‍നിന്നും പ്രതീക്ഷിച്ചില്ല. പരുക്കേറ്റ മൂര്‍ഖനെക്കൂട്ട്, 'ഉം, നിന്നെ ഞാന്‍ എടുത്തോളാം' എന്നൊരു മട്ടില്‍ ഉപദേശി ജോണിയെ തുറിച്ചുനോക്കുകമാത്രം ചെയ്തു. തന്റെ ഇവിടുത്തെ റോള് കഴിഞ്ഞു എന്നു മനസ്സിലാക്കിയ ജോണി സത്യന്‍ വേഷമിട്ട ആരോമലുണ്ണിയെപ്പോലെ പൗരുഷം ഊറുന്ന രീതിയില്‍ കൈ രണ്ടും വീശി ചന്തയുടെ നേര്‍ക്കു നടന്നു.
മേല്‍ക്കോയ്മ വീണ്ടെടുക്കാന്‍ തുറുപ്പുഗുലാന്‍ അടിച്ചുപോയ സ്ഥിതിക്ക് ഉപദേശി പെരിശ് ഗുലാന്‍ ഇറക്കി: 'കാലം മോശമാണ് ശിവാ, ആരെയാ വിശ്വസിക്കാന്‍ ആവുക എന്നറിയാന്‍ മാര്‍ഗ്ഗമില്ല. ജോണി നല്ലവനായിരിക്കും. പക്ഷെ അവന്റെ കൂട്ടുകെട്ട്, സണ്ണിയും നിരീശ്വരവാദിയായ പുഷ്‌കരന്റെയും മറ്റും കാര്യം നമുക്ക് പറയാന്‍ പറ്റില്ല.'
എട്ടും പൊട്ടും തിരിയാത്ത പതിനാറു വയസ്സുകാരി ലീലയ്ക്ക് പെട്ടെന്ന് ഉപദേശിയില്‍ വിശ്വാസം ഉറച്ചു-തന്റെയും അച്ഛന്റെയും സുരക്ഷ കാംക്ഷിക്കുന്ന ഒരു സത്യക്രിസ്ത്യാനി.
എല്ലാ വ്യാഴാഴ്ച രാവിലെയും ജോണിക്ക് പുതിയ പതിവു തുടങ്ങി. ശിവന്റെ വീട്ടില്‍നിന്നും കോട്ടയത്തെ കടക്കാര്‍ക്കുള്ള ഒരാഴ്ചത്തെ സ്റ്റോക്ക് തുണിസഞ്ചിയില്‍ കയറ്റി തിരുനക്കര മൈതാനത്തിന്റെയും കളക്ട്രേറ്റിന്റെയും ചുറ്റുമുള്ള ഹോട്ടലുകളില്‍ കയറിയിറങ്ങി വിതരണം ചെയ്യണം. അതിന് മുന്നേയുള്ള ആഴ്ചത്തെ പറ്റും മേടിക്കണം.
ശിവന്റെ ക്ഷയവും കുടിയും ചതയംനാള്‍ വള്ളംകളിയില്‍ ഇരുട്ടുകുത്തി വിഭാഗത്തില്‍ കല്ലൂപ്പറമ്പനും പടക്കുതിരയും ഫിനിഷിങ് പോയിന്റ് എത്തുമ്പോള്‍ വാശിക്ക് കൊത്തിവലിക്കുന്നപോലെയായിരുന്നു, രണ്ടും കട്ടയ്ക്ക് മുന്നോട്ട് കുതിച്ചു.
ജോണി സന്ദര്‍ശിക്കുമ്പോഴൊക്കെ ശിവന്‍ എണീറ്റുകാണില്ല. അതിനാല്‍ ലീലയുമായി കൂടുതല്‍ നേരം ഒറ്റയ്ക്ക് ചെലവാക്കാന്‍ അവസരം കിട്ടി. ഒരിക്കല്‍ പപ്പടം സഞ്ചിയില്‍ നിക്ഷേപിക്കുമ്പോള്‍ സമീപത്തു നിന്നിരുന്ന ലീലയെ ജോണി കെട്ടിപ്പിടിച്ച് ചുംബിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവള്‍ ഒതറിച്ച് മാറിക്കളഞ്ഞു. കണ്ണുകളില്‍ ഭീതി നിറഞ്ഞിരുന്ന ലീലയോട്, 'ഒരുമ്മകൊണ്ട് ഒന്നും സംഭവിക്കത്തില്ല,' എന്ന് ജോണി ലാഘവത്തില്‍ പറഞ്ഞപ്പോള്‍ അവളുടെ ശക്തമായ മറുപടി അപ്രതീക്ഷിതമായിരുന്നു.
'വേണ്ട, വേണ്ട. ഞാന്‍ ഗര്‍ഭിണിയാകും.'
സണ്ണിയോട് ഈ അനുഭവം പങ്കുവെച്ചപ്പോള്‍, 'ഞാന്‍ നിന്നോട് എപ്പഴേ പറഞ്ഞതാ ഇവള് പൊട്ടിയാന്ന്. ആര്‍ക്കും അവളെ എളുപ്പത്തില്‍ പറ്റിക്കാവടാ,' എന്നായിരുന്നു കൂട്ടുകാരന്റെ ഉപദേശം. അതിനെ പുറമേ ഗൗരവത്തില്‍ ഉള്‍ക്കൊണ്ടെങ്കിലും, ഉള്ളുകൊണ്ട് അവന് സന്തോഷമാണ് തോന്നിയത്-എന്റെ പവിത്രയായ വധു കന്യകയും നിഷ്‌കളങ്കയും ആണല്ലോ എന്നുള്ള യാഥാര്‍ത്ഥ്യം ഓര്‍ത്ത് ജോണിയുടെ മനസ്സ് കോരിത്തരിച്ചു.
ജോണി, പപ്പടം എത്തിച്ചിരുന്ന ഒരു സ്ഥാപനം വടിയുമേന്തി നടക്കുന്ന ഗാന്ധിപ്രതിമയുടെ തൊട്ടടുത്തുള്ള ഹോട്ടല്‍ കുമരകം ആയിരുന്നു. അതിന്റെ ഉടമസ്ഥന്‍ ഒരിക്കല്‍ ജോണിയോട് പാചകക്കാരന്റെ ആവശ്യം ഉന്നയിച്ചു. 'എന്റെ അനിയന്‍ ബോംബെയിലൊരു മലയാളി ഹോട്ടല്‍ തുടങ്ങാനുള്ള പ്ലാനുണ്ട്. നിനക്കാരെയെങ്കിലും അറിയാമോ?'
വളരെക്കാലം അമ്മ അസുഖക്കാരി ആയിരുന്നതിനാല്‍ ഇളയത്തുങ്ങളെ പോറ്റാന്‍ ജോണിതന്നെയായിരുന്നു വീട്ടിലെ വെപ്പുകാരന്‍. ഒരുമാതിരി കറികളെല്ലാം അവന്‍ ചെറുപ്പത്തില്‍ അമ്മ ചെയ്യുന്നത് കണ്ട് പഠിച്ചിരുന്നതിനാല്‍ ഒന്നും ആലോചിക്കാതെ സമ്മതം മൂളി. മൂളിക്കഴിഞ്ഞാണ് ലീലയുടെ കാര്യം എന്തു ചെയ്യും എന്നുള്ള വിചാരം ഉദിച്ചത്.
വൈകുന്നേരം ബാഡ്മിന്റന്‍ കളി കഴിഞ്ഞ് ബ്വാനയുടെ ഉപദേശം തേടിയപ്പോള്‍ പുഷ്‌കരന്റെ കൂട്ടുകാരന്റെ മകള്‍ ആയതിനാല്‍ സഖാവുമായി കൂടിയാലോചിച്ചിട്ട് പറയാം എന്നുത്തരം കിട്ടി. പുഷ്‌കരനോട് വിഷയം അവതരിപ്പിച്ചപ്പോള്‍ ഇതിന് വേറെ രണ്ടു വശങ്ങള്‍ കൂടി ഉണ്ടെന്ന് മറുപടി വന്നു.
'കാര്‍ത്തുവിനെ കൊന്ന് തൂക്കിയിട്ട പിറ്റേന്നുതന്നെ തുടങ്ങി ഐപ്പച്ചന്‍ മുതലാളിയുടെ കൈയാങ്കളി.'
'എടോ, താന്‍ കുറെ ദിവസമായി പറയുന്നുണ്ടല്ലോ ഐപ്പച്ചന്‍ കൊലപ്പുള്ളിയാണെന്ന്. അതിനെന്താ അടിസ്ഥാനം?'
'സാഹചര്യതെളിവ്.'
'കേള്‍ക്കട്ടെ.'
'പരേതന്‍ സാറ് ഇമ്മാക്കുലേറ്റമ്മയെ ചോദ്യം ചെയ്തപ്പോള്‍ കിട്ടിയ മൊഴിയനുസരിച്ച് കാര്‍ത്തു മരിക്കുമ്പോള്‍ നാലോ, അഞ്ചോ മാസം ഗര്‍ഭിണിയാ.'
'ഹേ!'
'കുറഞ്ഞത് ഒരു വര്‍ഷം മുന്നെതന്നെ ജനസംസാരം തുടങ്ങിയതാ, മുതലാളിയും കാര്‍ത്തുവും തമ്മിലുള്ള ബന്ധം. ചിലപ്പോഴൊക്കെ ഷാപ്പില്‍ പാവം ശിവന്‍ ഇരിക്കെയായിരുന്നു ചില വര്‍ക്കത്തുകെട്ടവന്മാരുടെ
ഇമ്മാതിരി സംസാരം.'
'അസൂയക്കാര് കാണില്ലേ, ചുമ്മാ പറഞ്ഞുണ്ടാക്കാന്‍?'
'ഇതു കേക്ക്. ഷാപ്പില്‍ ഇരിക്കുമ്പോള്‍ ഇവന്മാരുടെ സ്ഥിരം കുത്തുവാക്ക് കേട്ട് ഒരിക്കല്‍ ശിവന്‍ പൊട്ടിത്തെറിച്ചു. എന്നിട്ട് പരസ്യമായി ശപഥം എടുത്തു. ഇവിടുത്തെ തോമായോട് ചോദിച്ച് നോക്ക് അവനും കേട്ടതാ.'
'എന്ത് ശപഥം?'
'ഒരു വര്‍ഷത്തേക്ക് ഭാര്യയെ തൊടത്തില്ലെന്ന്. എന്നിട്ട് ഗര്‍ഭിണി ആയില്ലേല്‍ തീര്‍ന്നില്ലേ നിന്റെയൊക്കെ മൈര് ആരോപണം എന്ന് അവരുടെ നേരെ തിരിഞ്ഞുചോദിച്ചപ്പോള്‍ അവന്മാരുടെ വായിലെ നാവ് ഇറങ്ങിപ്പോയി.'
'താന്‍ എന്താ പറഞ്ഞുവരുന്നത്?'
'ശിവന്‍ അല്ലേല്‍ പിന്നെ ആരാ കാര്‍ത്തുവിനെ ഗര്‍ഭിണിയാക്കിയത്? ഗബ്രിയേല്‍ മാലാഖയോ?'
'പക്ഷേ, അതിന് കൊല്ലണോ? വേറെ മാര്‍ഗ്ഗങ്ങളില്ലേ?'
'എന്റെ ചിറ്റയുടെ മകന്‍ ഒരു കമ്യൂണിസ്റ്റ് വിരോധി ബി.കോംകാരനുണ്ട്. പക്ഷേ, അവന് എന്നെ വലിയ കാര്യമാ, അവനാ ഐപ്പച്ചന്‍ മുതലാളിയുടെ കണക്കെഴുത്തുപിള്ള. അവന്‍ അറിയാതെ കേട്ട സംഭാഷണമാ, മുതലാളിയും വാവയും തമ്മില്‍.'
'എന്ത്?'
'ഒരു കണക്കാണ് അവന്‍ കേട്ടത്, മുതലാളി വാവയോട് പറയുന്നത്. നിനക്ക് രണ്ടായിരം, പരേതനും കുട്ടപ്പനും ആയിരം വീതം, അങ്ങനെ ആകെ നാലായിരം. അവള് ചോദിച്ചതാണേല്‍ പതിനായിരം.'
'അതൊക്കെ കേട്ടുകേള്‍വിയല്ലേ?'
'എന്റെ ബ്വാന, അവനാ എസ്.ബി.റ്റിയില്‍ പോയി നാലായിരം രൂപ ആ വെള്ളിയാഴ്ച എടുക്കുന്നതും വാവയെ ഏല്‍പ്പിച്ചതും.'
'ഹോ! ആട്ടെ, ആട്ടെ. താന്‍ രണ്ടുവശം ഉണ്ടെന്ന് പറഞ്ഞല്ലോ.'
'ഐപ്പച്ചന്‍ മുതലാളിയുടെ പത്തി പൊങ്ങിക്കഴിഞ്ഞു, ലീലയെ സഹായിച്ചുവീഴ്ത്താന്‍.'
'എങ്ങനെ?'
'മുതലാളിയുടെ മദ്രാസിലുള്ള ചങ്ങാതിയുടെ വീട്ടില്‍ വേലയ്ക്കായി നില്‍ക്കാന്‍ അയാള്‍ ശിവന് വലിയ തുക വാഗ്ദാനം ചെയ്തു കഴിഞ്ഞൂന്നാ കേള്‍വി.'
'അതു ശരി.'
'കാര്‍ത്തുവിനെ വശീകരിച്ച് ഉപയോഗിച്ചിട്ട് കാശിറക്കേണ്ട സമയം വന്നപ്പോള്‍ തട്ടിക്കളഞ്ഞ ഇയാളുടെ ഉദ്ദേശശുദ്ധി വിശ്വസിക്കാമോ, ബ്വാന പറ.'
'ഉം.'
'മറ്റേ വശത്തൂന്നുള്ള അക്രമം ആ ഉപദേശി ക്രിമിയാണ്.'
'ആഹാ, തനിക്കയാളെ അറിയാവോ?'
'അയാള് തെക്കുംഭാഗത്ത് നിന്നുള്ളയാളാ, കുമരകംകാരനാ.'
'ഇവിടങ്ങളില്‍ കണ്ടിട്ടില്ലല്ലോ.'
'ചെറുപ്പത്തില്‍ വീട്ടിലെ പ്രശ്നങ്ങളായിട്ട് പുറപ്പെട്ടുപോയതാ. കുറെ നാള് കോട്ടയം-വൈക്കം ബസ്റൂട്ടില്‍ പോക്കറ്റടിയായിരുന്നു പണി. പിന്നെ വേല മാറി. കിഴക്കുംപ്രദേശത്തെ കുഗ്രാമങ്ങളില്‍നിന്ന് ശീമാട്ടിയിലും പാര്‍ത്താസിലുമൊക്കെ ജോലി മോഹിപ്പിച്ച് കൊണ്ടുവരുന്ന ചെറുപ്പക്കാരി പെണ്ണുങ്ങളെ ലോഡ്ജില്‍ താമസിപ്പിച്ച് മറ്റേ പണിക്ക് കൊടുക്കലായിരുന്നു.'
'ഓഹോ, പിമ്പ്.'
'അങ്ങനെയിരിക്കുമ്പഴാ ലോട്ടറി അടിക്കുന്നത്.'
'എന്തോന്ന് ലോട്ടറി?'
'യേശു ബംപര്‍ അടിച്ചു. ഏതോ ബൂര്‍ഷ്വാസി അമേരിക്കന്‍സഭയെ മുതലെടുക്കാന്‍ അവസരം കിട്ടി. ഓടി നടന്ന് പാവങ്ങളെ മാര്‍ഗ്ഗം കൂട്ടുമ്പോള്‍ ആളൊന്നിന് നല്ല ചിക്കിളി എണ്ണിക്കൊടുക്കും. പക്ഷേ, ആളിപ്പോഴും പഴയ കുറുക്കന്‍തന്നെയാ, എനിക്കുറപ്പാ.'
'ഇപ്പോള്‍ ജോണിയുടെ കാര്യത്തില്‍ എന്ത് നടപടിയാ എടുക്കേണ്ടത്?'
'അവനിപ്പം ബോംബെയ്ക്ക് പോകാതിരിക്കുന്നതാ ഉത്തമം. ഇവിടെ നിന്നിട്ട് ഈ കഴുകന്മാരില്‍നിന്നും അവളെ കാക്കട്ടെ.'
'എടോ ഉടനെ കേറി എടുത്തില്ലേല്‍ വേറെ ആണുങ്ങള് ഈ പണിയുംകൊണ്ട് പോകും.'
'എന്നാല്‍ പിന്നെ കെട്ടിയിട്ട് പോട്ടെ. ഒരാളുടെ ഭാര്യ ആയിക്കഴിഞ്ഞാല്‍ പിന്നെ പൊത്തുപൊരുത്തമുണ്ടല്ലോ.'
അങ്ങനെയാണ് അതിന്റെ രണ്ടുദിനം കഴിഞ്ഞ് ഒരു ബുധനാഴ്ച രാവിലെ കോട്ടയത്തെ പോലീസ് ഗ്രൗണ്ടിന് തൊട്ടുള്ള രജിസ്ട്രാര്‍ കച്ചേരിയില്‍ കുമരകത്തുനിന്ന് മൂന്നുപേര്‍ ഹാജരാകുന്നത്. ജോണി ഒപ്പിട്ടും, ലീല മഷിയില്‍ ഇടത്തെ തള്ളവിരല്‍ അടയാളം പതിപ്പിച്ചുമാണ് വിവാഹം എന്നുള്ള കൂദാശ സ്വീകരിച്ചത്. ആനാംവെള്ളം തളിക്കാതെ, ജമന്തിപ്പൂമാലകള്‍ കഴുത്തില്‍ വീഴാതെ, കടലാസില്‍ വിവാഹം ഉടലെടുത്തു.
വിവാഹം ആഘോഷിക്കാന്‍ അവര്‍ കുമരകം ഹോട്ടലില്‍ ആട്ടുംബിരിയാണി കഴിച്ചു, കടുകുമാങ്ങ അച്ചാറും ചള്ളാസും കൂട്ടി. കല്യാണസദ്യ ആണെന്ന് അറിഞ്ഞ ഉടമസ്ഥന്‍ ബില്ലടിച്ചില്ല, 'എന്റെ വക, മൂന്ന് പേരുടെ സദ്യ വല്ലപ്പോഴുമല്ലേ സംഭവിക്കുന്നത്.' വൈകുന്നേരമായപ്പോള്‍ അവര്‍ മൂന്നും കുമരകത്ത് എത്തി; ഭാര്യ, ഭര്‍ത്താവ്, പിന്നെ ചുമച്ചും ശ്വാസം മുട്ടിയും മൂക്കറ്റം കുടിച്ചും ഫിനിഷിങ് പോയിന്റ് അടുത്തുകൊണ്ടിരിക്കുന്ന അമ്മായിയപ്പന്‍.
ലീല ക്രിസ്ത്യാനിയായി മാറിയതിനാല്‍ ജോണിക്ക് തെല്ലൊരു പ്രതീക്ഷയുണ്ടായിരുന്നു, പക്ഷെ, അത് മുഖേന കട്ടയേപ്പില്‍നിന്നും അനുകമ്പയൊന്നും വന്നില്ല. പപ്പടക്കാരിയുമായുള്ള വേളിയില്‍ തീര്‍ത്തും എതിര്‍പ്പ് രേഖപ്പെടുത്തി. അപ്പന്റെ പ്രതികരണം ജോണി ഏറക്കുറെ പ്രതീക്ഷിച്ചതാണ്, എന്നാല്‍ ഉപദേശിയുടെ പൊട്ടിത്തെറിയും അതിന്റെ ശക്തിയും അപ്രതീക്ഷിതമായിരുന്നു. ജോണിക്ക് മാത്രമല്ല, ശിവനും മകള്‍ക്കും ഇങ്ങേയറ്റം സാറാമ്മയ്ക്കും വിസ്മയം തോന്നി. കുറെ ആഴ്ചകള്‍ ഉപദേശി അവരെ തിരിഞ്ഞുനോക്കിയില്ല. ജോണിക്ക് പണികിട്ടി ബോംബെയ്ക്ക് പോയി എന്നുള്ള വിവരം കിട്ടിയപ്പോള്‍ വഴിതെറ്റി പോകുന്ന ചെമ്മരിയാടുകളെ രക്ഷിക്കണം എന്നുള്ള രീതിയില്‍ ശിവനെ വന്ന് സന്ദര്‍ശിച്ചു.
വന്നു കണ്ടപ്പോഴാണ് പാവം ശിവന്‍ ചുമയ്ക്കുമ്പോള്‍ കഫത്തിന്റെ കൂടെ ചോരയും തുപ്പി തുടങ്ങിയതായി അറിയുന്നത്. പിന്നെ എല്ലാ ദിവസം വൈകുന്നേരം ഉപദേശിയും പ്രാര്‍ത്ഥനക്കൂട്ടവും ശിവന്റെ തലയില്‍ കൈവെച്ച് സങ്കീര്‍ത്തനം 91 പോലെയുള്ള പഴയനിയമത്തിലെ ഒറ്റമൂലികള്‍ പ്രയോഗിക്കാന്‍ തുടങ്ങി.
ശിവന്‍ മരിച്ച ദിവസം മുഴുവന്‍ ഉപദേശിയും സംഘവും ഇടവിടാതെ ലീലയെ ആശ്വസിപ്പിച്ചു. ചന്തയിലുള്ള ശാന്തിയുടെയും ലാസന്റെയും പീടികകളില്‍നിന്ന് പലചരക്ക് എത്തിച്ച് പാചകം ചെയ്തു വിളമ്പിക്കൊടുത്തു. ആശ്വാസവാക്കുകള്‍, കൂട്ടപ്രാര്‍ത്ഥന എന്നിങ്ങനെ വേണ്ടുന്നതെല്ലാം അവര്‍ ചെയ്തു. സഖാക്കള്‍ സഹായഹസ്തം നീട്ടി ചെന്നെങ്കിലും അവര്‍ക്ക് കയറിപ്പറ്റാന്‍ പഴുതുകള്‍ ഒന്നും ഉപദേശി കൊടുത്തില്ല.
ആദ്യനാളുകളില്‍ ഉപദേശി സംഘത്തിലെ സ്ത്രീകളെ കൂട്ടി സന്ദര്‍ശിച്ചു, പലഹാരങ്ങളുമായി. ജോസ് ബേക്കറിയില്‍നിന്നും റസ്‌ക്, പഫ്സ്, മിക്സ്ച്ചര്‍, പാരീസ് മിഠായി എന്നിത്യാദി. അത് കഴിഞ്ഞപ്പോള്‍ ഉപദേശിയുടെ സന്ദര്‍ശനം ഒറ്റയ്ക്കായി. അങ്ങനെ ഒരു സന്ദര്‍ശനവേളയില്‍ പതിവില്ലാതെ ലീല പ്രസന്നവതിയായി തോന്നിയതിനാല്‍ ഉപദേശി കാര്യം അന്വേഷിച്ചു. ആദ്യമൊന്നും അവള്‍ മിണ്ടിയില്ല, പിന്നെ നിര്‍ബ്ബന്ധിച്ച് ചോദിച്ചപ്പോള്‍ ലീല നാണത്തോടെ ആ വാര്‍ത്ത അറിയിച്ചു, 'എനിക്ക് വയറ്റിലുണ്ട്,' എന്നിട്ട് തലകുനിച്ച് ലജ്ജയില്‍ പതുക്കെ ചിരിച്ചു.
ഉപദേശി സന്തോഷം പ്രകടിപ്പിക്കുന്നതിനു പകരം പുരികം ചുളുക്കി മിണ്ടാതിരുന്നു. ഗൗരവവും വേദനയും നിറഞ്ഞ ഉപദേശിയുടെ മുഖം കണ്ടപ്പോള്‍ അവള്‍ക്ക് ഭീതിയായി, ഈശോയ്ക്ക് നിരക്കാത്ത എന്തെങ്കിലും അവള്‍ ചെയ്തുവോ എന്ന് പേടിയായി.
'എന്ത് പറ്റി ഉപദേശീ? എന്തായി?'
പലവട്ടം കെഞ്ചി ചോദിച്ച് കഴിഞ്ഞപ്പോഴാണ് ഉപദേശി ദയനിറഞ്ഞ ശബ്ദത്തില്‍ കാര്യത്തിന്റെ ഗൗരവം വളരെ സാവധാനത്തില്‍, എളുപ്പത്തില്‍ ഗ്രഹിക്കാവുന്ന രീതിയില്‍ പറഞ്ഞു മനസ്സിലാക്കുന്നത്. കേട്ടപാടെ ലീല നിലത്ത് കുത്തിയിരുന്ന് നെഞ്ചത്തടിച്ച് നിലവിളി തുടങ്ങി.
'അയ്യോ, എന്റെ കുഞ്ഞിന് ഒന്നും ആവല്ലേ, ആപത്തൊന്നും വരുത്തല്ലേ, അയ്യോ...'
'മോളേ, നീ വേവലാതിപ്പെടാതെ. ഇതിന് പരിഹാരമുണ്ട്. ഞാനൊന്ന് സാറാമ്മയുമായി ആലോചിക്കട്ടെ. നീ തല്‍ക്കാലം ധൈര്യം അവലംബിച്ചിരിക്കണം. മ്ലേഛമായ കാര്യമായതിനാല്‍ ആരോടും പറയണ്ട, ജോണിക്കാണ് പേരുദോഷം. ഞാന്‍ സാറാമ്മയുടെ അഭിപ്രായം അറിഞ്ഞിട്ട് നാളെ വന്ന് പ്രതിവിധി കണ്ടുപിടിക്കാം.'
ഉപദേശി വെളിപ്പെടുത്തിയ കാര്യം ഓര്‍ത്തോര്‍ത്ത് ലീലയ്ക്ക് അന്ന് രാത്രി ഉറക്കം വരാന്‍ വളരെ വൈകി. ഒടുവില്‍ വന്നെത്തിയ ഉറക്കത്തില്‍ ഭീകരരൂപങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. ചാപിള്ള, കൈയില്ല, കാലില്ല, മുഖം പകുതിയില്ല എന്നീവിധം പല ചീത്ത സ്വപ്നങ്ങള്‍ കണ്ട് ഉറങ്ങിയും പലവട്ടം ഞെട്ടി എണീറ്റും നേരം വെളുത്തു.
അതിരാവിലെതന്നെ ഉപദേശിയെത്തി, സന്തോഷവാര്‍ത്തയുമായി. നന്മ നിറഞ്ഞ സാറാമ്മ ഈശോയെ ഓര്‍ത്ത് നമുക്കീ കുഞ്ഞിന് ഒരാപത്തും വരാതിരിക്കാന്‍ വേണ്ടുന്ന നടപടികള്‍ എടുക്കണം എന്നുള്ള വിവരം അറിയിച്ചു. എല്ലാം അറിയുകയും കാണുകയും ചെയ്യുന്ന യഹോവ ഇതിനായി നമ്മളോട് പൊറുക്കും എന്നവര്‍ പ്രാര്‍ത്ഥിച്ച് തീരുമാനിച്ചു.
മാസങ്ങള്‍ കടന്നുപോയി. ചന്തത്തോട്ടില്‍ ഓര് വെള്ളം കേറാതിരിക്കാനുള്ള ബണ്ട് കെട്ടി, കിഴക്കന്‍ മഴവെള്ളം വന്നപ്പോള്‍ ബണ്ട് തുറന്നു. ലീലയുടെ വയറ് അടിക്കടി വലുതായി വന്നു. താമസിയാതെ ഉള്ളില്‍നിന്നുള്ള ചവിട്ട് നിരന്തരം വലതുവശത്തായിരുന്നതിനാല്‍ പെണ്ണുതന്നെ എന്ന് ലീല മനസ്സില്‍ തീരുമാനിച്ചു. ജനുവരിയാവാന്‍ അവള്‍ കൊതിച്ചു, ജോണി വരാനായി, ഇനി മേലില്‍ ഒരിക്കലും മാറി നില്‍ക്കാതെ എക്കാലവും ഒന്നിച്ച് ജീവിക്കാന്‍.
ലീലയുടെ വയറ്റില്‍ കുഞ്ഞ് വളരുമ്പോള്‍ ഉപദേശിയുടെ ജീവിതത്തില്‍ പെട്ടെന്നാണ് മാറ്റങ്ങള്‍ വന്നുകൂടിയത്. ഒരു സുപ്രഭാതത്തില്‍, താന്‍ എപ്പോഴും ആഗ്രഹിച്ചിരുന്ന സംഗതി നിവര്‍ത്തിയായി എന്ന് സാറാമ്മ ഉപദേശിയെ അറിയിച്ചു. സാറാമ്മയുടെ മദ്രാസിലുള്ള സഹോദരന്‍ അവിടുത്തെ ഉദ്യോഗം നഷ്ടപ്പെട്ടതിനാല്‍ അപ്പന്റെ കൊപ്രാക്കളം കച്ചവടം നടത്താനായി ഉടനെ മടങ്ങുന്നു. സാറാമ്മയുടെ അപ്പന് കാഴ്ച കുറഞ്ഞ നാള് മുതല്‍ക്കെ ഉപദേശിയുടെ മേല്‍നോട്ടത്തിലായിരുന്ന കൊപ്രാക്കളം ബിസിനസ് എന്ന ധാരാളം സമയമെടുക്കുന്ന ചുമതല ഇനി ഉണ്ടാവില്ല. അവര്‍ക്ക് രണ്ടിനും ഇനി രാവും പകലും മുഴുവന്‍നേരം സുവിശേഷം പ്രചരിപ്പിക്കാം.
ഒരു മാസം പിന്നിട്ടപ്പോള്‍ ഉപദേശിയെ കാണ്മാനില്ല എന്നുള്ള ചൂടു വാര്‍ത്ത പ്രചരിപ്പിക്കാന്‍ ഏറ്റവുമധികം താത്പര്യം കാണിച്ചത് പുഷ്‌കരനായിരുന്നു. തന്റെ കാപ്പിറ്റലിസ്റ്റ് എതിരാളി അമ്മായിഅപ്പന്റെ കാശും പിടുങ്ങി മുങ്ങിയിരിക്കുന്നു, സാറാമ്മയുടെ ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കാണ്മാനില്ല. ഈ വര്‍ത്തമാനങ്ങള്‍ ഷാപ്പുകളിലും തയ്യക്കടകളിലും മുടിവെട്ട് ശാലകളിലും പ്രധാന സംസാരവിഷയമായി.
ഈ വിവരം കന്യാസ്ത്രീമാര്‍ വഴി ലീല അറിഞ്ഞെങ്കിലും എന്തായിരിക്കും കാരണം എന്ന് എത്ര ആലോചിച്ചിട്ടും മനസ്സില്‍ പതിഞ്ഞില്ല. ഒടുവില്‍ ഉപദേശി പ്രാര്‍ത്ഥനായോഗങ്ങളില്‍ ഉദ്ധരിക്കാറുണ്ടായിരുന്ന വേദവാക്യത്തില്‍ അഭയം കണ്ടു. 'യഹോവയുടെ മാര്‍ഗ്ഗങ്ങള്‍ വിചിത്രമാണ്, അവ ഗ്രഹിക്കാന്‍ വെറും മര്‍ത്യരായ നമുക്ക് ഒരിക്കലും ആവില്ല.'
പ്രസവവേദന എത്തിയപ്പോള്‍ ഇമ്മാക്കുലേറ്ററമ്മയും കന്യാസ്ത്രീകളും ആശുപത്രിയില്‍ എത്തിക്കുകയും, പിന്നീടുള്ള ആവശ്യങ്ങളെല്ലാം മുറപോലെ നടത്തുകയും ചെയ്തു. പിഞ്ചുകുഞ്ഞിനെ പരിപാലിക്കുക, കമുകിന്റെ പോളയില്‍ എണ്ണ തേച്ചു കുളിപ്പിക്കുക, തുണികൊണ്ടുള്ള തൊട്ടില്‍ എന്നിങ്ങനെ കൊച്ചിന്റെ സംരക്ഷണപ്രവൃത്തികള്‍ ചെയ്യുന്നതിനിടയില്‍ ജോണിയെത്തി. ലീല സന്തോഷംകൊണ്ട് തുള്ളിമറിഞ്ഞു, പിതാവായ സന്തോഷത്തില്‍ ജോണിയും. അവന്‍ വന്നതിന്റെ പിറ്റേന്ന് രാത്രി തന്നെ അവരുടെ പരിപാടിയില്‍ മാറ്റം വരുത്തേണ്ടി വന്ന വിവരം ജോണി മടിച്ചുമടിച്ച് അവതരിപ്പിച്ചു. ആദ്യം പകടി കൊടുത്ത് കരസ്ഥമാക്കിയ മുറി ആരോ കൂടുതല്‍ പണം കാണിച്ച് മറിച്ചു. മറ്റൊരു സ്ഥലത്തിന് ഏര്‍പ്പാടാക്കിയിട്ടുണ്ട്. പക്ഷെ അതിന് ഏഴുമാസം കൂടി കാക്കണം. അതിനാല്‍ അവന്‍ വീണ്ടും വരുമ്പോള്‍ ലീലയെയും കുഞ്ഞിനെയും കൊണ്ടുപോകാനാണ് പദ്ധതി.
ആദ്യം പൊട്ടിത്തെറിച്ചു, പിന്നെ കുറെ കരഞ്ഞു, അതും കഴിഞ്ഞപ്പോള്‍ പിണക്കമായി പരിണമിച്ചു. അങ്ങനെ ഇടഞ്ഞിരിക്കുന്ന ലീലയ്ക്ക് ജോണി ബോംബെയില്‍നിന്നും കൊണ്ടുവന്ന ട്രങ്ക് പെട്ടി തുറന്നു കാട്ടി. അതില്‍ അമ്മയ്ക്കും മകള്‍ക്കും കൊണ്ടുവന്ന തുണികളും ചില്ലിന്റെ ആഭരണങ്ങളും കളിപ്പാവകളും കണ്ടപ്പോള്‍ കടല്‍ ആകെ ശാന്തമായി, വീണ്ടും ഇണക്കമായി.
ജോണി, മടങ്ങി എത്തിയ നാലാമത്തെ രാത്രി കൊച്ചിനെ ഉറക്കി കഴിഞ്ഞപ്പോള്‍ മാസങ്ങളോളം വിരഹം അനുഭവിച്ചതിന്റെ കേടു തീര്‍ക്കാന്‍ ശൃംഗാരലോലുപനായി കിടക്കയില്‍ അവളുടെ അടുത്തു കൂടി. പക്ഷേ, ലീല ആ വഴിക്ക് ഗമിക്കാന്‍ കൂട്ടാക്കിയില്ല. കുറെ മാസങ്ങളായില്ലേ, ചെറിയ പരിചയക്കേട് വന്നുകാണും, എന്ന് മാനിച്ച് ജോണി പതുക്കെ ആവാം എന്നാക്കി. രണ്ട് ദിവസം കഴിഞ്ഞ് ഒരുപിടി മുല്ലപ്പൂവൊക്കെ കൊണ്ടുവന്ന് കൊടുത്ത് വീണ്ടും സുരതത്തിന് ശ്രമിച്ചപ്പോള്‍ അതേ ഗതി. ജോണി ഈര്‍ഷ്യയോടെ ചോദിച്ചു, 'നിനക്ക് എന്തുപറ്റി?' കുപിതയായ ലീലയുടെ രൂക്ഷമായ മറുപടി കേട്ട ജോണിക്ക് ഒരു തുമ്പും കിട്ടിയില്ല.
'ജോണിച്ചന്‍ ഇവിടെ ഒരു മാസമല്ലേയുള്ളൂ എന്നെ വയറ്റിലാക്കിയിട്ട് പോയാല്‍ ഞാന്‍ വീണ്ടും കഴിഞ്ഞ തവണത്തെപ്പോലെ അവതാളത്തിലാകും. ഇപ്പോഴാണേല്‍ ഉപദേശിയുമില്ല സഹായിക്കാന്‍.'
'നീ എന്തായീ പറയുന്നത്?'
'ജോണിച്ചന് ഇതിനെപ്പറ്റി എന്തെങ്കിലും അറിയാമോ? നമ്മുടെ മോള് കൈയും കാലും ഇല്ലാതെ ജനിച്ചേനെ. അത് വരാതിരിക്കാന്‍ ഞാന്‍ എന്തെല്ലാം ചെയ്യേണ്ടി വന്നെന്നോ? ജോണിച്ചന്‍ ഇത് വല്ലതും അറിയുന്നുണ്ടോ?'
'എടി മണ്ടീ, നീ എന്തൊക്കെ പൊട്ടത്തരമാ പറയുന്നത്?'
'ഞാന്‍ മണ്ടിയോ? ജോണിച്ചനാ മുതുമണ്ടന്‍. ജോണിച്ചന് അറിയില്ലേ ആറ് മാസത്തേക്ക് നമ്മളത് ചെയ്തുകൊണ്ടിരിക്കണമെന്ന്? കൊച്ചിന്റെ അവയവങ്ങള്‍ വളരാനുള്ള സത്ത് അല്ലാതെ എവിടുന്നാ കിട്ടുന്നത്? വയറ്റിലാക്കിയിട്ട് ഒറ്റ പോക്ക്, ഞാനെന്താ അരകൊച്ചിനെ പ്രസവിക്കണായിരുന്നോ? ആ പാവം സാറാമ്മ അനുവാദം തന്ന കാരണം ജോണിച്ചന്‍ തീര്‍ക്കാതെപോയ പണി ഉപദേശി തീര്‍ക്കേണ്ടി വന്നു. അപ്പോഴെല്ലാം ഞാന്‍ ജോണിച്ചനെ പ്രാകി.' ജോണി പതിയെ മഴ ചാറുന്ന രാത്രിയിലേക്ക് ഇറങ്ങി നടക്കുമ്പോള്‍ ലീലയുടെ തല്ലിയലച്ചുള്ള രോദനം കേട്ട് കൊച്ചും എണീറ്റ് കരയുന്നുണ്ടായിരുന്നു. പക്ഷേ, ജോണിയുടെ ചെവിയില്‍ അതൊന്നും പതിഞ്ഞില്ല. എങ്ങോട്ടെന്നില്ലാതെ അവന്‍ നടന്നു, പരിസരബോധമില്ലാതെ തുമ്പിക്കൈ വലിപ്പത്തിലുള്ള മഴത്തുള്ളികള്‍ വീഴാന്‍ തുടങ്ങിയ ആ തണുത്ത ജനുവരി രാത്രിയിലൂടെ.
Content Highlights: vembanadan bwan by jayanth kamicheril