ടി. പദ്മനാഭന്റെ കഥകൾ എന്ന വിശുദ്ധപ്രാർഥനകൾ

#എം. തോമസ് മാത്യു
ടി.പത്മനാഭൻ ,ആത്മാവിന്റെ മുറിവുകൾ(Book Cover)
ടി.പത്മനാഭൻ ,ആത്മാവിന്റെ മുറിവുകൾ(Book Cover)

‘ചെറുകഥ എഴുതാൻ തീരുമാനിക്കുമ്പോൾ നിങ്ങൾ ഒരു മതത്തിൽ ചേരുകയാണ്’ എന്നു പ്രസ്താവിച്ചത് മാധവിക്കുട്ടിയാണ്. കേൾക്കുന്ന മാത്രയിൽ അമ്പരപ്പു തോന്നുമെങ്കിലും ഏറെ അർത്ഥമുള്ളതാണ് ആ പ്രസ്താവന. ചെറുകഥാമതമോ എന്ന നടുക്കമാണ് ആദ്യം ഉണ്ടാവുക. ആയിരംകൂട്ടം അനുഷ്ഠാനക്രമങ്ങളും അവയെയെല്ലാം ചിട്ട തെറ്റാതെ പാലിക്കാൻ ഒരുങ്ങിയ പുരോഹിതപ്പരിഷയുടെ ശ്രേണീവിന്യാസവും മതമെന്നു കേൾക്കുമ്പോൾ മനസ്സിൽ വരുന്നതുകൊണ്ടാണ് അമ്പരപ്പുണ്ടാകുന്നത്. അതു പതുക്കെ അടങ്ങിക്കഴിഞ്ഞാൽ, ഏതോ സവിശേഷ ജീവിതബോധത്തിന്റെ അനിവാര്യമായ കാഴ്ചയിലാണ് ചെറുകഥ ഉളവാകുന്നതെന്ന സത്യത്തിലേക്ക് ഉണരാൻ കഴിയും. കഥാസാഹിത്യത്തെ സംബന്ധിച്ച്, വിശേഷിച്ച് നമ്മൾ പുലർത്തുന്ന ഒരു തെറ്റിദ്ധാരണയുണ്ട്. കൃതിയുടെ വലിപ്പമാണ് കഥയെ നോവലോ ചെറുകഥയോ ആക്കുന്നതെന്നതാണ് ആ തെറ്റിദ്ധാരണ. ആ തെറ്റിദ്ധാരണ പരത്തുന്നതിൽ പണ്ഡിതന്മാർക്കും വിമർശകന്മാർക്കും കഥാകൃത്തുക്കൾക്കുതന്നെയും നന്നേ കൈയുണ്ടായിരുന്നു എന്ന കാര്യവും വിസ്മരിക്കേണ്ടതില്ല. ‘അയ്യായിരം വാക്കുകളിൽ കവിയാത്ത,’ ‘ഒറ്റയിരിപ്പിൽ വായിച്ചുപോകാവുന്ന’ എന്നൊക്കെ കഥയുടെ സ്വരൂപം നിർവ്വചിച്ചവർ കഥയുടെ ദൈർഘ്യത്തിൽത്തന്നെയല്ലേ ഊന്നിയത്? എന്നാൽ ഈ ദൈർഘ്യംതന്നെയും ഭാവപരമായ ചില അനിവാര്യതകളോട് ബന്ധപ്പെട്ടിരിക്കുന്നുവെന്ന് എത്ര പറഞ്ഞുകൊടുത്തിട്ടും ബോദ്ധ്യംവരാത്ത മൂഢബുദ്ധികളെ ഒരു ചൊട്ടു കൊടുത്തിട്ടെങ്കിലും ഉണർത്താൻ കഴിയുമോ എന്നാണ് മാധവിക്കുട്ടി പരീക്ഷിച്ചത്.

ചൊട്ടു കിട്ടിയാലല്ല, തലയിൽ തേങ്ങ വീണാൽപ്പോലും ഉണരുകയില്ല എന്ന കുംഭകർണ്ണവൈഭവത്തെ തോൽപ്പിക്കാൻ ആർക്കുള്ളൂ കഴിയുന്നു! ടി. പത്മനാഭൻ ഈ ഒരൊറ്റക്കാര്യത്തിനുവേണ്ടി വ്യയം ചെയ്ത ഊർജ്ജത്തിനു കണക്കുണ്ടോ? അതു തീർത്തും നിഷ്‌കാമ കർമ്മമായിരുന്നെന്നൊന്നും നാം പറയേണ്ട. ആത്മബോധത്തിന്റെ കാര്യത്തിൽ ഒട്ടും പിശുക്കു വേണ്ട, ഒരു മാത്രകൂടിയിരുന്നോട്ടെ എന്നു വിചാരിച്ചുതന്നെയാണ് വിധാതാവ് പത്മനാഭസൃഷ്ടി നിർവ്വഹിച്ചത്. അതുകൊണ്ട്, താൻ വ്യാപരിക്കുന്ന സർഗ്ഗമണ്ഡലത്തിന്റെ അനന്യാപേക്ഷികതവും സ്വതന്ത്രവുമായ ഉണ്മ അവിതർക്കിതമായി അംഗീകരിച്ചുകിട്ടുക താൻ ഉണ്ട് എന്ന് അംഗീകരിക്കുന്നതിൽനിന്ന് വേറിട്ടല്ല എന്ന് അദ്ദേഹം കണ്ടു. എഴുത്തിനോട് ഇത്ര ഗാഢമായ, അവിഭക്തമായ, എന്റെ വാക്ക് ഈ ഞാൻതന്നെ എന്നിടത്തോളം പോകുന്ന ബന്ധം, ഈ അളവിലും അനുപാതത്തിലും വേറെയധികം കണ്ടു ശീലിച്ചിട്ടില്ല എന്നതല്ലേ സത്യം? ‘കൊഞ്ചം മാനം എനിക്കുമിരിക്കട്ടെ’ എന്ന ഉദാസീനകൗതുകത്തിൽ ഒതുങ്ങുന്നില്ലേ മിക്കവരുടെയും സർഗ്ഗവ്യാപാരം? പത്മനാഭന് അതു വയ്യ; വേണമെന്നുവെച്ചാൽപ്പോലും വയ്യ! വിശുദ്ധമായ ഒരു ബലിയർപ്പണംപോലെ അദ്ദേഹം ഈ കർമ്മം ചെയ്യുന്നു. ഒരു നയതന്ത്രജ്ഞന്റെ റോളിൽ ടി. പത്മനാഭനെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് കഴിയുമെങ്കിൽ ലോകോത്തരമായ ദുരന്തനർമ്മങ്ങളിലൊന്ന് ആസ്വദിച്ചു എന്ന സന്തോഷം അനുഭവിക്കാം!
‘ആത്മാവിന്റെ വിശുദ്ധമായ പ്രാർത്ഥനകൾ’ എന്ന ചെറിയ കുറിപ്പിൽ ടി. പത്മനാഭൻ ഇങ്ങനെ എഴുതി:
‘അക്ഷരവിദ്യ അത്യന്തം പാവനമാണ് എന്നു വിശ്വസിക്കുന്നവനാണ് ഞാൻ. നിസ്സാരകാര്യങ്ങൾക്കുവേണ്ടി അതിനെ വ്യഭിചരിക്കരുത്.
തൂവിടായ്കതു ചിതാശവങ്ങളിൽ
പൂവുപോൽ അശുഭനശ്വരങ്ങളിൽ.
നമ്മുടെ ജീവിതത്തിൽ മുദ്രാവാക്യങ്ങൾക്കും ചുമരെഴുത്തുകൾക്കും തീർച്ചയായും സ്ഥാനമുണ്ട്. പക്ഷേ, മുദ്രാവാക്യങ്ങളും ചുമരെഴുത്തുകളും ഒരിക്കലും സാഹിത്യമാവില്ല. സംഗീതം വേറെ; ഒച്ചപ്പാടുകൾ വേറെ. ഒച്ചപ്പാടുകൾ സംഗീതമാകുന്ന കാലമാണ് ഇത് എന്ന് അറിഞ്ഞതുകൊണ്ടുതന്നെയാണ് പറയുന്നത്...’
എഴുത്ത് എന്ന കർമ്മത്തോടു കാണിക്കുന്ന മതവിശ്വാസതുല്യം പ്രഗാഢമായ ഈ പരിബദ്ധത പത്മനാഭനെ സംബന്ധിച്ചിടത്തോളം നീക്കുപോക്കില്ലാത്ത ഒരു ജൈവസുനിശ്ചിതത്വമാണ്. ധാരാളം എഴുതാൻ, എഴുതിക്കൊണ്ടേയിരിക്കാൻ, ഇതു സമ്മതിക്കുകയില്ലെന്നു നമുക്കറിയാം. അത്താഴമൂണു കഴിഞ്ഞാൽ ഒരു നോവൽ എഴുതിത്തീർത്തിട്ട് ഉറങ്ങിക്കളയാം എന്നു തീരുമാനിക്കുന്ന ഭാഗ്യജന്മങ്ങളുടെ പട്ടികയിൽ ടി. പത്മനാഭൻ എന്ന പേർ ഇല്ല. 1948–ൽ സ്‌കൂൾ ഫൈനൽ ക്ലാസിൽ പഠിക്കുന്ന കാലത്താണ് അദ്ദേഹത്തിന്റെ ആദ്യകഥ പ്രസിദ്ധീകരിക്കുന്നത്. ഇപ്പോൾ പ്രായം എൺപതു കഴിഞ്ഞു ( ഇതു പഴയ കണക്ക്‌). ഇപ്പോൾ ശതാബ്ദിയെക്കുറിച്ച്‌ ആലോചിക്കാറായിരിക്കുന്നു. തീരേ ചെറുതെന്നു പറഞ്ഞുകൂടാത്ത ഈ ആയുസ്സിനിടയിൽ ഇരുന്നൂറു കഥകൾ തികച്ചെഴുതാൻ കഴിയാത്ത ജന്മമാണ് അത്. അതിൽ അദ്ദേഹത്തിനു കുണ്ഠിതമില്ല. അതൊരു കുറവാണെന്ന ജാള്യവും ഇല്ല. ധാരാളം എഴുതുന്നതും എഴുതാൻ കഴിയുന്നതും ചീത്തക്കാര്യമാണെന്ന് ഇവിടെ വിവക്ഷിക്കുന്നില്ലെന്നു ദയവായി ഓർക്കുക. എഴുതാൻ കഴിയുന്നവർ എഴുതിക്കൊള്ളട്ടെ. അവരുടെ നിസ്തന്ദ്രമായ ഭാഷാസേവനംകൊണ്ട് മലയാളസാഹിത്യം സമ്പന്നവുമായിക്കൊള്ളട്ടെ. പത്മനാഭൻ ഈ ജനുസ്സിൽ പെടുന്നില്ലെന്നു മാത്രം. സൃഷ്ടിയുടെ നാഥൻ ടി. പത്മനാഭൻ ഇങ്ങനെ ആയിരിക്കട്ടെ എന്നു തീരുമാനിച്ചു; ആ ദിവ്യഹിതത്തിനു വഴങ്ങാനുള്ള വിനയവും വിവേകവും ആത്മബലവും അദ്ദേഹം ജീവിതത്തിലുടനീളം പരിപാലിക്കുകയും ചെയ്തു.
ഏതോ ഒരു പുരോഹിതൻ ‘ഏറ്റവും വിശുദ്ധവും മനോഹരവുമായ പ്രാർത്ഥനകളാണ്’ തന്റെ കഥകൾ എന്നു പറഞ്ഞത് ടി. പത്മനാഭൻ ഒരു അനുസ്മരണലേഖനത്തിൽ ഉദ്ധരിച്ചിട്ടുണ്ട്. അതൊരു പ്രശംസയായിരുന്നില്ല; കേവലമായ അനുഭവസാക്ഷ്യമായിരുന്നു. എന്തുകൊണ്ടാണ് താൻ അങ്ങനെ വിശേഷിപ്പിച്ചതെന്നു വിശദീകരിക്കുകയൊന്നും ഉണ്ടായില്ല ആ പുരോഹിതൻ. എന്നാൽ, പത്മനാഭന്റെ കഥകൾ സാക്ഷാത്കരിക്കുന്ന ഭാവലോകത്തിൽ ആമഗ്നമാകുന്ന മനസ്സ് വിശുദ്ധമായ ഒരനുഷ്ഠാനത്തിൽ ഭാഗഭാക്കാവുന്ന അനുഭവത്തിലേക്ക് ഉയർത്തപ്പെടുന്നു എന്ന് അറിയാതിരിക്കുകയില്ല.
എന്തുകൊണ്ട്, എങ്ങനെ, എന്നു ചോദിക്കുമ്പോൾ ആ കഥകളുടെ സത്തയുടെ മുമ്പിൽ നാം ആനയിക്കപ്പെടുന്നു.
ലോകം മുഴുവൻ നന്മയുടെ നിലാവിൽ കുളിച്ചുനിൽക്കുന്നു എന്ന വിചാരമൊന്നും പത്മനാഭനില്ല. ഈ ലോകം ദുഃഖിതരുടെയും പരിത്യക്തരുടെയും വീടു നഷ്ടപ്പെട്ടവരുടെയും ലോകമാണ്. സച്‌ദേവിന്റെ ബാംസുരിയിൽനിന്നെന്നപോലെ ‘വേർപെട്ടവന്റെ ദുഃഖവും വിരഹിയുടെ വേദനയും ആത്മാവിന്റെ അഗാധതകളിൽനിന്ന്’ ഉറഞ്ഞൊഴുകിനിറയുന്ന ലോകംതന്നെയാണ് ഇത്. സ്‌പോർട്‌സ് കാറുകളുടെ ഇരമ്പലിൽ, ശകടാസുരഗർജ്ജനങ്ങളുടെ ഭീകരമുഴക്കങ്ങളിൽ, പക്ഷേ, ബാംസുരിയുടെ സംഗീതം നഷ്ടപ്പെട്ടുപോകുന്നു. എന്നാൽ, അതു നഷ്ടപ്പെട്ടുകൂടാ എന്നു നിഷ്ഠയും ശാഠ്യവുമുള്ള എഴുത്തുകാരനാണ് ടി. പത്മനാഭൻ. ആസുരഘോഷങ്ങൾക്കു നടുവിലും എല്ലാ നറുമുളകളെയും ചവിട്ടിയരച്ച് പാഞ്ഞുകയറുന്ന സ്വാർത്ഥതകൾക്കിടയിലും മനുഷ്യന്റെ അന്തരാത്മാവിൽ ഒരു മൺചിരാത് എരിഞ്ഞുകൊണ്ടിരിക്കുന്നു എന്നു വിശ്വസിക്കുന്ന എഴുത്തുകാരനാണ് അദ്ദേഹം. അതിനെ ഊതിക്കെടുത്താൻ കെടുവാതങ്ങൾ പാഞ്ഞണയുന്നുണ്ട്. അതു കെട്ടുപോകാതെ കൈപ്പടംകൊണ്ടെങ്കിലും പ്രതിരോധം ചമയ്ക്കാൻ, അതവിടെയുണ്ട് എന്ന് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കാൻ കഴിയുന്നിടത്താണ് അക്ഷരകലയുടെ സാഫല്യം എന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. ആ വിശ്വാസം ഭദ്രരൂപമിയന്ന്, ഹൃദ്യമായ ചെറുകഥയായി വിരിഞ്ഞ്, അനുഭവപൂർണ്ണിമയായിത്തീരുന്നതെങ്ങനെ എന്ന് ഉദാഹരിക്കുന്നവയാണ് ടി. പത്മനാഭന്റെ കഥകൾ.

Read also:സ്ത്രീകളിൽ നീ അനുഗ്രഹിക്കപ്പെട്ടവളാകുന്നു 
ഒരു മിഥുനസന്ധ്യയുടെ ഈറൻപശ്ചാത്തലത്തിൽ ജനൽവാതിലുകളടച്ച് സൈ്വരമായി എഴുതിക്കൊണ്ടിരിക്കുന്നതിനിടയിലാണ് വെളിയിൽ ആരോ തന്നെ വിളിക്കുന്നതായി തോന്നിയത്. ഇറങ്ങിച്ചെന്നു നോക്കുമ്പോൾ ഒരു പയ്യൻ. ഒട്ടിയ വയർ, മുഷിഞ്ഞുകീറിയ വസ്ത്രം അരയിൽ മുറുക്കി ഉടുത്തിരിക്കുന്നു. കൈയിൽ ഒരു കിളിക്കുഞ്ഞ്. ‘മാടത്തയുടെ കുഞ്ഞിനെ തരട്ടെ’ എന്നു ചോദ്യം. അവന്റെ നിൽപ്പിലെയും സ്വരത്തിലെയും ദൈന്യത വകവെക്കാതെ വേണ്ട എന്ന് ഉത്തരം പറഞ്ഞു മടങ്ങുന്നു. തനിക്ക് എന്തിനാണ് ഒരു കിളിക്കുഞ്ഞ്? അതുകൊണ്ട് ആ പ്രതികരണം തികച്ചും സ്വാഭാവികമാണ്. എന്നാൽ, ഒരു മുള്ള് മനസ്സിൽ തറച്ചുവെച്ചിട്ടാണ് ആ പയ്യൻ പോയത്. അതുകൊണ്ട് എഴുതിവന്നത് തുടരാൻ കഴിയുന്നില്ല. വീണ്ടും പുറത്തിറങ്ങി നോക്കി. ഇല്ല, ആ പയ്യനെ വഴിയിലങ്ങോളം കാണാനില്ല. വല്ല വീട്ടുവാതിൽക്കലും മുട്ടി മാടത്തയുടെ കുഞ്ഞിനെ തരട്ടെ എന്നു ചോദിച്ച് അവൻ നിൽക്കുന്നുണ്ടാകും!
കഷ്ടി ഒന്നര പേജു വരുന്ന ‘ഒരു ചെറിയ കഥ’ എന്ന കഥയിലെ സംഭവങ്ങൾ ഇത്രയേയുള്ളൂ. ഗൗരവമായി എന്തെങ്കിലും ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ ഒരു പക്ഷിക്കുഞ്ഞിനെ വിൽക്കാൻ വരുന്നവനോട് ആരും പ്രതികരിക്കുന്ന രീതി ഇതായിരിക്കും. ലോകസാധാരണത്വത്തിന്റെ അതിരുകൾക്കുള്ളിൽ സ്വാഭാവികതയുടെ പരിക്കില്ലാത്ത പൂർണ്ണതയിൽ സംഭവങ്ങൾ അരങ്ങേറുന്നു. എന്നാൽ, അതോടെ ഏകാഗ്രത നശിക്കുന്നു. കഥാകൃത്ത് ഒന്നും വിവരിച്ചുതരുന്നില്ല. പക്ഷേ, കഥ തീരുന്നിടത്ത് കഥ ആരംഭിക്കുകയും ആ കഥ നിങ്ങളുടെ മനസ്സിൽ അരങ്ങേറട്ടെ എന്ന് വിടുകയും ചെയ്യുന്ന പത്മനാഭന്റെ കലാരീതി ഇവിടെ കാണാം. അയാളുടെ ഏകാഗ്രത ശിഥിലമാക്കിയ വിചാരങ്ങൾ എന്തൊക്കെയാവാം എന്ന് ആലോചിക്കാതിരിക്കാൻ നിർവ്വാഹമില്ലാത്ത ഒരഭിസന്ധിയിൽ വായനക്കാരനെ നിർത്തുകയും, ആ ആലോചനകളത്രയും മനുഷ്യനന്മയുടെ ഉറവെടുക്കലായി തീർക്കുകയും ചെയ്യുന്ന കലാവിദ്യയാണിത്. കഥാന്ത്യത്തെ ഗോപ്യമാക്കിവെക്കുന്ന ആഖ്യാനകൗശലമല്ല ഇത്. കഥ നടക്കേണ്ടത് അക്ഷരങ്ങൾ നിരന്ന അച്ചടിത്താളിലല്ല, വായിക്കുന്നവന്റെ ഹൃദയത്തിലാണ് എന്നു നിശ്ചയമുള്ള എഴുത്തുകാരന്റെ വിജയസൗഭാഗ്യമാണ് ഇവിടെ തെളിയുന്നത്.
ഇതുപോലെ ചെറിയ ഒരു കഥയാണ് ‘അശ്വതി.’ അതും മഴ പെയ്യുന്ന ഒരു സന്ധ്യയിൽ നടക്കുന്നു. മഴയും സന്ധ്യയും നിമ്‌നഗയെപ്പോലെ കൂരിരുട്ടിലേക്ക് ഒഴുകിപ്പോകുന്ന അരണ്ട വെളിച്ചവും ഈ കഥാകൃത്തിന് എത്ര ഇഷ്ടമാണെന്ന് ഓർക്കുക. ഇവിടെ ഈ സന്ധ്യയിൽ, പകലെല്ലാം മഴയായിരുന്നതിനാൽ പുറത്തിറങ്ങാൻ മടിച്ച കഥാപാത്രം വീട്ടുസാമാനങ്ങൾ വാങ്ങാൻ ആ ചെറിയ കടയിൽ എത്തുന്നു. അവിടെ നന്നേ തിരക്കായതിനാൽ അയാൾ ഒതുങ്ങി മാറി നിന്നു. അപ്പോഴാണ് ആ ബാലിക–അശ്വതി–അയാളുടെ കണ്ണിൽപ്പെട്ടത്. ദാരിദ്ര്യം മുഴുവൻ വെളിവാക്കുന്ന രൂപം. തിളക്കമുള്ളത് ആ വലിയ കണ്ണുകൾക്കു മാത്രം. ഏതു ദൈന്യത്തിലും തിളക്കം പോകാതെ നിൽക്കുന്ന എന്തെങ്കിലുമൊന്ന് ഈ കഥാകൃത്തിനു ശ്രദ്ധിക്കാതിരിക്കാനാവുകയില്ല. അശ്വതി ഒരു മിഠായിഭരണിയുടെ മേൽ കൈ വെച്ചാണ് നിൽക്കുന്നത്. അവളുടെ കൈയിൽ ആകെയുള്ളത് ക്ലാവു പിടിച്ച ഒരു ഇരുപതുപൈസത്തുട്ടു മാത്രമാണ്. ആ കടയിലാകട്ടെ, അൻപതു പൈസയിൽ കുറഞ്ഞ മിഠായി ഇല്ലതാനും. അലിവു തോന്നിയ അയാൾ ഒന്നരരൂപ വിലയുള്ള ഒരു ലോലിപോപ്പ് അവൾക്കു വാങ്ങിക്കൊടുക്കുന്നു. അപ്പോൾ ആ കടക്കാരനും തോന്നി അൽപ്പം അലിവ്. അയാൾ ഇരുപതു പൈസ വാങ്ങി വെച്ചിട്ട് അൻപതുപൈസയുടെ ഒരു മിഠായി അവൾക്കു കൊടുക്കുന്നു. ‘എന്നാലും എനിക്കു നഷ്ടമാ’ എന്നു കൂട്ടിച്ചേർക്കുകയും ചെയ്തു. എന്നാൽ, കഥാകൃത്തിന്റെ സവിശേഷശ്രദ്ധ പതിയുന്നത് കടക്കാരന്റെ മുഖത്തു തെളിഞ്ഞ ജാള്യത്തിലാണ്.

Read also:ബാറ്റൺ ബോസിന്റെ ആത്മകഥ 

മുഴുവൻ നഷ്ടവും സഹിക്കുന്ന മനുഷ്യത്വത്തിലേക്ക് ഉയരാൻ കഴിഞ്ഞില്ലല്ലോ എന്നാണ് ആ ജാള്യത സാക്ഷ്യപ്പെടുത്തുന്നത്. ഇതാണ് ടി. പത്മനാഭന്റെ രീതി. ഏതു വണികനിസ്സംഗതയ്ക്കടിയിലും മനുഷ്യത്വം വറ്റാതെ നിൽക്കുന്നു എന്ന് അദ്ദേഹം കാണുന്നു. ആ മനുഷ്യനന്മയുടെ സങ്കീർത്തനമാകണം തന്റെ കഥ എന്നു നിഷ്ഠവെക്കുകയും ചെയ്യുന്നു.
ബാഗ്മതിയുടെ തീരത്ത് എരിഞ്ഞടങ്ങുന്ന ചിതയുടെ മേൽ കണ്ണുംനട്ട്, തന്റെയുള്ളിൽ എരിയുന്ന ചിതകളുടെ ചൂടറിഞ്ഞ് നിസ്സഹായയായി നിൽക്കുന്ന ഗൗരിയെ അണച്ചുപിടിക്കുമ്പോൾ കരുതലും കാരുണ്യവുമല്ലാതെ ആസക്തിയുടെ ലാഞ്ഛനപോലും ‘അയാളി’ൽ ഇല്ല. ‘രണ്ടു ദുഃഖിതാത്മാക്കൾ ഒരുമിച്ചിരുന്നു കരയുമ്പോൾ ലോകം പുതിയതായി ജനിക്കുന്നു’ എന്ന് ദസ്തയേവ്‌സ്‌കി കുറ്റവും ശിക്ഷയും എന്ന നോവലിൽ എഴുതിയിട്ടുണ്ട്. റസ്‌കോൽനിക്കോഫ് എന്ന കൊലപാതകിയും സോണിയ എന്ന വേശ്യയും ഒരുമിച്ചിരുന്ന് വേദപുസ്തകം തുറന്നു വായിച്ചു കരയുന്ന നിമിഷത്തെ മുൻനിർത്തിയാണ് അത്യന്തവിശുദ്ധമായ ഈ വാക്യം ദസ്തയേവ്‌സ്‌കി കുറിച്ചിട്ടത്. ഭാരപ്പെടുന്ന രണ്ടു മനുഷ്യജീവികൾ പരസ്പരം തങ്ങളുടെ ഭാരങ്ങൾ പകുത്തെടുക്കുന്ന മറ്റൊരു വിശുദ്ധമുഹൂർത്തത്തിനു സാക്ഷ്യംനിൽക്കാനാണ് ‘ഗൗരി’ എന്ന കഥ നമ്മെ ക്ഷണിക്കുന്നത്. ആ ബന്ധത്തെ എങ്ങനെ പേരിട്ടു വിളിക്കണമെന്ന് നമുക്കു നിശ്ചയമില്ല. അഥവാ, ഏതു ഭാവമാണ് പേരിടുമ്പോൾ അതിന്റെ തനിമ കൈവിടാത്തത്? വാഗീകരണത്തിനപ്പുറത്താണ് കലയുടെ വിഹാരഭൂമി എന്ന സത്യം പത്മനാഭൻ തന്റെ കഥകളിലൂടെ സമർത്ഥിക്കുന്നു. ആ ലോകത്തിൽ എല്ലാ ബന്ധങ്ങളും വിശുദ്ധമാണ്; നന്മയുടെ ഉത്സവമാണ് അവിടെ നടക്കുന്നത്. ശുദ്ധ സ്വത്ത്വത്തിലേക്കുള്ള മഹാപ്രസ്ഥാനമായി ജീവിതത്തെ കാണുന്ന ഒരു മതാത്മക അവബോധത്തിൽനിന്നു മാത്രമേ ആ കഥകൾ ജനിക്കുകയുള്ളൂ. അവയുടെ ലോകത്തിൽ ദുഃഖങ്ങളും വേദനകളും നന്മ തെളിച്ചുകാട്ടാനുള്ള ഉപകരണങ്ങൾ മാത്രം. ഗംഗയുടെ തീരത്ത്, ദശാശ്വമേധഘട്ടിലെ കൽപ്പടവുകളിലൊന്നിൽ, ചോദ്യങ്ങളും ആത്മാഖ്യാനങ്ങളും ഇഴചേർത്തു നെയ്യുന്ന അയ്യരുടെ വിറയ്ക്കുന്ന വാക്കുകൾ വിതുമ്പുന്ന ആത്മാവോടെ കേൾക്കുന്ന ആ കഥാപാത്രം താൻ പറയാതെയൊളിപ്പിച്ച കഥയാണ് ആഖ്യാനം ചെയ്യുന്നതെന്നു തിരിച്ചറിയുകയും ഒടുവിൽ സന്ന്യാസി എന്നു വിളിക്കാനാവാത്ത ഗുരുവിന്റെ മുമ്പിലിരുന്ന് കാലഭൈരവന്റെ കഥ കേട്ടിട്ട്, അവനവന്റെ കാശി അവനവൻ കണ്ടെത്തേണ്ടതാണെന്നു തിരിച്ചറിഞ്ഞ് ഇറങ്ങിനടക്കുമ്പോൾ ഇതാണ് ജീവിതം, ഈ അന്വേഷണമാണ് അതിനെ അർത്ഥമുള്ളതാക്കുന്നത് എന്നു നാം തിരിച്ചറിയുന്നു. ടി. പത്മനാഭന്റെ കഥകൾ വിശുദ്ധമായ പ്രാർത്ഥനയാണ് എന്നു പറയുന്നതിന്റെ അർത്ഥം ഇതാണ്. ഇരുട്ടിന്റെ നേരെ കണ്ണടയ്ക്കുകയല്ല ആ കഥ ചെയ്യുന്നത്. ഇരുട്ടുണ്ട്; പക്ഷേ, ആയിരം അമാവാസികൾ ഒരുമിച്ചു തിക്കിത്തിരക്കിവന്നാലും ഒരു മെഴുകുതിരിനാളത്തെ തോൽപ്പിക്കാനാവുകയില്ലെന്ന് സൗമ്യമധുരമായി ആ കഥകൾ നമ്മോടു പറയുന്നു. അതുകൊണ്ട്, മനുഷ്യത്വത്തിന്റെ, മനുഷ്യനന്മയുടെ ഉത്സവമായി അതു നിലനിൽക്കുകയും ചെയ്യുന്നു.

Read also: വാൻഗോഗ് മരിക്കണ്ടായിരുന്നു. എന്തോരു ഭാവിയുള്ള ചിത്രകാരനായിരുന്നു. എന്തിനാണാവോ... 

Content Highlights: T. Padmanabhan views writing as a sacred ritual rather than a mere mechanical act., His stories reflect the profound sorrow and resilience of the marginalized and heartbroken., Works like 'Oru Cheriya Katha', 'Aswathy', and 'Gouri' highlight innate human goodness and compassion., Literature, for Padmanabhan, is a timeless prayer that keeps the flame of humanity alive amidst darkness.