'ചീനപ്പെണ്‍കുട്ടിയുടെ മുന്‍പില്‍ ഞാനും വിലപേശലുകള്‍ നടത്തി, അവസാനം 3 വെള്ളിക്കു കച്ചവടം ഉറപ്പിച്ചു'

എന്‍.എന്‍. പിള്ളയുടെ ആത്മകഥയായ ഞാന്‍ എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം...
ഒരു തെരുവുതെണ്ടിയില്‍നിന്നും വിശ്വവിനാശകാരിയായ ഒരു ബ്രഹ്‌മരക്ഷസ്സായി വളര്‍ന്ന അഡോള്‍ഫ് ഹിറ്റ്‌ലറെപ്പറ്റി കൂടുതല്‍ കേള്‍ക്കാനും കൂടുതല്‍ക്കൂടുതല്‍ പഠിക്കാനും ഇടയായത് സെംബവാങ്ങിലെ എന്റെ ജീവിതകാലത്താണ്. ഹിറ്റ്‌ലറുടെ മീന്‍ക്യാംഫ് വായിച്ചതും ആയിടയ്ക്കാണ്. ആ ഗ്രന്ഥവും ആ മനുഷ്യനും എന്നെ അസാമാന്യമായി ആകര്‍ഷിച്ചു. ഒരര്‍ഥത്തില്‍ ഞാന്‍ ഹിറ്റ്‌ലറുടെ ഒരാരാധകനായി മാറി; അന്ധമായ, അടിസ്ഥാനരഹിതമായ, യുക്തിഹീനമായ ആരാധന.
എ.കെ. ഗോപാലന്‍ എന്ന പേരു കേട്ടതും ആ മനുഷ്യനെ ആദ്യമായി ഞാന്‍ കണ്ടതും സിലേത്താറില്‍ വെച്ചാണ്. മൂക്കിനു താഴെ മുക്കാല്‍ ഇഞ്ച് സമചതുരത്തിലുള്ള ഒരു പൊടിമീശ, ഖദര്‍ മുണ്ടും ഖദര്‍ ഷര്‍ട്ടും, ഭംഗിയില്‍ മടക്കി തോളത്തിട്ട ഒരു ഖദര്‍ ഷാളും. ദേശാഭിമാനി പത്രത്തിനു വേണ്ടിയുള്ള പണപ്പിരിവിനു വന്നതാണ്. അന്ന് ഞാന്‍ സിലേത്താറില്‍ വെച്ച് എ.കെ. ഗോപാലന്റെ ഒരു പ്രസംഗം കേട്ടു, ഇംഗ്ലീഷില്‍.
ലോകാന്തരീക്ഷത്തില്‍ മഹായുദ്ധത്തിന്റെ കാളമേഘം ഉരുണ്ടുകൂടാന്‍ തുടങ്ങി. അകലെനിന്നാണെങ്കിലും ആ ചരിത്രപരിണാമം ആകാംക്ഷയോടെ ഉറ്റുനോക്കിക്കൊണ്ട് ദിവസങ്ങള്‍ തള്ളിനീക്കി. അവസാനം ആ ഇടിവെട്ടല്‍ ഞങ്ങള്‍ കേട്ടു. യുദ്ധം തുടങ്ങി.
എന്റെ ഉള്ളില്‍ പറഞ്ഞറിയിക്കാന്‍ വയ്യാത്ത ഒരു ഉദ്വേഗം. ലോകത്തില്‍ എന്തൊക്കെയോ സംഭവിക്കുന്നു. ഞാനും അതിലെ ഒരു സജീവപങ്കാളിയാണെന്ന് ഒരു തോന്നല്‍. യുദ്ധവാര്‍ത്തയുമായി എത്തുന്ന പത്രങ്ങളുടെ ഒരു വരിപോലും വിടാതെ ഞാന്‍ വായിക്കാന്‍ തുടങ്ങി. യുദ്ധകാര്യങ്ങളെപ്പറ്റിയുള്ള ചര്‍ച്ചകളിലും വാഗ്വാദങ്ങളിലും അഹോരാത്രം മുഴുകാന്‍ തുടങ്ങി. ഹിറ്റ്‌ലറും ഗോറിങ്ങും റിബണ്‍ടോപ്പും ഗീബല്‍സും എല്ലാം എന്റെ ബന്ധുക്കളായിമാറി. അനിരുദ്ധമായ 'മാഷിനോലൈന്‍' തകര്‍ത്തു കയറിയ ജര്‍മന്‍ ടാങ്കുകള്‍ എന്റെ കണ്‍മുന്‍പില്‍ക്കൂടി നീങ്ങുന്നതായി എനിക്കു തോന്നി. ഫ്രാന്‍സ്, ബെല്‍ജിയം, ഹോളണ്ട്, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ഞൊടിയിടകൊണ്ട് തകര്‍ത്തുകയറുന്ന ജര്‍മന്‍ പാന്‍സര്‍ ആക്രമണങ്ങളില്‍ ഞാന്‍ അഭിമാനംകൊണ്ടു. കഷ്ടം! ഞാന്‍ ജര്‍മനിയില്‍ ജനിക്കേണ്ടവനായിരുന്നു. ജര്‍മന്‍കാരന്‍ സാമ്രാജ്യം സൃഷ്ടിക്കുന്നു. സിലേത്താറില്‍ ഞാന്‍ പട്ടിണിയോടടുക്കുന്നു.
ഞാന്‍ സിലേത്താറില്‍ എത്തിയിട്ട് മാസങ്ങള്‍ കഴിഞ്ഞു. ഉദ്യോഗം കിട്ടുമെന്നുള്ള നേരിയ ആശപോലും എന്നെ വിട്ടൊഴിഞ്ഞു. ആയിടയ്ക്ക് രണ്ടു പ്രാവശ്യം ഞാന്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചു. ഒരിക്കല്‍ കടലില്‍ ചാടാന്‍, പിന്നെയൊരിക്കല്‍ സിംഗപ്പൂര്‍ ജനറല്‍ പോസ്റ്റാഫീസിന്റെ മേലത്തെ നിലയില്‍നിന്ന് തലകുത്തി തെരുവീഥിയിലേക്കു ചാടാന്‍. പക്ഷേ, രണ്ടു തവണയും അവസാനനിമിഷത്തില്‍ ആ തീരുമാനങ്ങള്‍ ഉപേക്ഷിച്ചു; കാലനങ്ങുന്നില്ല, ധൈര്യം വരുന്നില്ല.
ഒരു ദിവസം ഞങ്ങളുടെ ഒരു സുഹൃത്ത് ഒരു വിശേഷവര്‍ത്തമാനം അറിയിച്ചു. സിംഗപ്പൂരില്‍ 'അഡല്‍ഫി' ഹോട്ടലിലെ സ്റ്റോര്‍ കീപ്പറായ ഒരു മിസ്റ്റര്‍ കെ.എസ്. പിള്ളയുടെ ഉടമസ്ഥതയില്‍ കേരളബന്ധു എന്നു പേരായി ഒരു മലയാള ദിനപത്രം ആരംഭിച്ചിരിക്കുന്നു. മലബാറുകാരനായ ഒരു അബ്ദുള്‍ റഹിമാനാണ് എഡിറ്റര്‍. സബ് എഡിറ്ററായി അബ്ദുള്ള എന്ന ഒരു ചെറുപ്പക്കാരനുമുണ്ട്. ഒരാളെക്കൂടി എടുക്കാന്‍ മിസ്റ്റര്‍ പിള്ളയ്ക്ക് ആലോചനയുണ്ടത്രേ! പിറ്റേന്നുതന്നെ ഞാന്‍ കെ.എസ്. പിള്ളയെ കാണണം. എന്റെ ഉള്ളൊന്നു തുള്ളി. ഞാന്‍ ഒറ്റയടിക്ക് ഒരു പത്രത്തിന്റെ സബ് എഡിറ്റര്‍ ആകാനോ? എന്തുകൊണ്ടായിക്കൂടാ? ഭാഗ്യം ഏതു വഴിക്കും വരാം.
പിറ്റേന്നു രാവിലെത്തന്നെ ഞാന്‍ കെ.എസ്. പിള്ളയെ അദ്ദേഹത്തിന്റെ ആഫീസില്‍ ചെന്നു കണ്ടു. കഷ്ടിച്ച് ഒരു പത്തു മിനിട്ട് സംസാരിച്ചു. നിയമനവും നടന്നു. അദ്ഭുതം! പക്ഷേ, ആ ഉദ്യോഗത്തിന് ഒരു പ്രത്യേകതയുണ്ട്. കൃത്യമായ ശമ്പളമൊന്നുമില്ല. പത്രത്തിന്റെ ആദായംകൊണ്ട് എഡിറ്റോറിയല്‍ ബോര്‍ഡ് ജീവിച്ചുകൊള്ളണം. വരുമാനം വര്‍ധിക്കുന്നതനുസരിച്ച് ഞങ്ങളുടെ ജീവിതസൗകര്യങ്ങളും വര്‍ധിക്കാന്‍ ഇടയുണ്ട്.
ഞാന്‍ നേരേ പത്രമാഫീസിലെത്തി, അബ്ദുള്‍റഹിമാനെയും അബ്ദുള്ളയെയും പരിചയപ്പെട്ടു. അവരുടെ സ്വീകരണം ആത്മാര്‍ഥമായിരുന്നു, ഹൃദയംഗമമായിരുന്നു. ഇതില്‍ അബ്ദുള്‍റഹിമാന്‍ ശാന്തനും വിനയാന്വിതനുമായ ഒരു മധ്യവയസ്‌കനാണ്. അബ്ദുള്ള ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരനും.
'19 കൊളംബോ കോര്‍ട്ട്' എന്ന മേല്‍വിലാസത്തില്‍ വളരെ പഴക്കം ചെന്ന ഒരു കെട്ടിടത്തില്‍ കഷ്ടിച്ച് ഇരുപതടി നീളം എട്ടടി വീതിയില്‍ ഇടുങ്ങിയ ഒരു മുറിയാണ് പ്രസ്സും പത്രമാഫീസും. എഡിറ്റോറിയല്‍ സ്റ്റാഫിന്റെ താമസസ്ഥലവും അതുതന്നെയാണ്. എഡിറ്റോറിയല്‍ എഴുതുന്നതും, വാര്‍ത്തകള്‍ നിരത്തുന്നതും, പ്രൂഫ് തിരുത്തുന്നതും, റാപ്പര്‍ ഒട്ടിക്കുന്നതും എല്ലാം ഞങ്ങള്‍ തന്നെ.
രാവിലെ അഞ്ചു മണിക്ക് ഉണരും. നിരത്തുവക്കിലെ പബ്‌ളിക് കക്കൂസില്‍ മലശോധന കഴിഞ്ഞ് തെരുവിലെ പൈപ്പിന്റെ ചുവട്ടില്‍ ഇരുന്ന് കുളിക്കും. തല്‍ക്കാലത്തെ ധനസ്ഥിതി അനുസരിച്ച് എവിടെനിന്നെങ്കിലും എന്തെങ്കിലും കഴിക്കും. പിന്നെ രാത്രി പത്തുപന്ത്രണ്ടുമണിവരെ തകൃതിപിടിച്ച ജോലിയാണ്. അതുകഴിഞ്ഞ് മേശപ്പുറത്തും പത്രക്കെട്ടുകളുടെ ഇടയ്ക്കുമായി ചുരുണ്ടുകിടക്കും. ഇതാണ് റൂട്ടീന്‍. ഈ പരിതഃസ്ഥിതിയില്‍ ഞാനും ശിവരാമപിള്ളയും തമ്മില്‍ പിരിയാന്‍ നിര്‍ബന്ധിതരായി. ശിവരാമപിള്ള വീണ്ടും ഉദ്യോഗാര്‍ഥിയായി മലയായുടെ വന്‍കരയിലേക്ക് നീങ്ങി.
ആയിടയ്ക്കാണ് സിംഗപ്പൂരിലെ വേശ്യാവൃത്തിയുടെ വൈപുല്യത്തെപ്പറ്റി, ഭീകരതയെപ്പറ്റി, നഗ്നതയെപ്പറ്റി ഞാന്‍ ആദ്യമായി അറിയുന്നത്. ആ വിഷയത്തെ സംബന്ധിച്ച് ഒരു ലേഖനമെഴുതാന്‍ ഞാന്‍ തീരുമാനിച്ചു. എന്നാല്‍ എന്റെ ലേഖനം സത്യസന്ധമാകണമെങ്കില്‍ അകന്നുനിന്നു നോക്കിയാല്‍ പോരാ, അടുത്തു ചെന്ന് ശരിക്കറിയണം. പക്ഷേ, അടുക്കാന്‍ ഒരു ഭയം. മലയന്‍ വേശ്യകള്‍ നൂറുശതമാനവും ഗുഹ്യരോഗബാധിതരാണെന്നാണ് ഞാന്‍ കേട്ടിട്ടുള്ളത്. കാമസംപൂരണവും ഗുഹ്യരോഗവിതരണവും അവര്‍ ഏകകാലത്തില്‍ നിര്‍വഹിക്കുന്നവരാണ്. മലയന്‍ പൗരന്മാരില്‍ 85 ശതമാനത്തോളം ഒരിക്കലെങ്കിലും സിഫിലിസോ ഗൊണോറിയയോ പിടിപെട്ടവരാണത്രേ!
എങ്ങനെ അടുക്കും, എങ്ങനെ അടുക്കാതിരിക്കും! അബ്ദുള്ള എന്റെ സഹായത്തിനെത്തി. ഒന്നു രണ്ടു രാത്രികളില്‍ ഞാനും അബ്ദുള്ളയും കൂടി 'ജലന്‍ബുസാര്‍' (വലിയതെരുവ്) എന്ന കുപ്രസിദ്ധ വേശ്യാത്തെരുവില്‍ക്കൂടി പല തവണ നടന്നു. ഉദ്ദേശം ഒരു ഫര്‍ലോങ് നീളം വരുന്ന ആ തെരുവീഥിയുടെ ഇരുവശത്തും പല പ്രായത്തില്‍ പല രൂപത്തില്‍, പല വേഷത്തില്‍ വരിവരിയായി നില്ക്കുന്ന നഗരവേശ്യകളെ കണ്ട് ഞാന്‍ നടുങ്ങിപ്പോയി. മാറു വളരാത്ത കുട്ടികള്‍ മുതല്‍ ജരാനര ബാധിച്ച വൃദ്ധകള്‍ വരെ ആ കൂട്ടത്തിലുണ്ട്. പകല്‍വെളിച്ചത്തെക്കാള്‍ പ്രകാശമാനമായ ആ തെരുവീഥിയില്‍ സന്ധ്യമുതല്‍ പാതിരാകഴിയുന്നതുവരെ ആള്‍ത്തിരക്കാണ്.
തെരുവിലേക്ക് കയറുമ്പോള്‍ മുതല്‍ ഇരുവശത്തുനിന്നു 'മൗകാ?' (വേണോ) എന്ന ചോദ്യമാരംഭിക്കും. ഏതൊരു സ്ത്രീയേയും ആര്‍ക്കും സമീപിക്കാം. അത്യാവശ്യമെന്നു തോന്നുന്ന അംഗപരിശോധനകളും നടത്താം. ഇഷ്ടംപോലെ വിലപേശാം. വില ഉറപ്പിക്കുകയോ നിഷേധിക്കുകയോ ചെയ്യാം. എല്ലാ വിലപേശലുകളും ഒരു പ്രാവശ്യത്തേക്കാണ് (സത്തുക്കാലി). ഇംഗ്ലീഷില്‍ 'ക്യാഷ്വല്‍' എന്നു പറയും. ഇതിന് ഒരു വെള്ളി മുതല്‍ അഞ്ചു വെള്ളി വരെയായിരുന്നു അന്നത്തെ മാര്‍ക്കറ്റ് റേറ്റ്. ബൂര്‍ഷ്വാസംസ്‌കാരത്തിന്റെ വേതാളതാണ്ഡവം ആ വിലപേശലുകളില്‍ ഞാന്‍ കണ്ടു.
അവസാനം ഞാന്‍ തീരുമാനിച്ചു, ഒന്നു പരീക്ഷിക്കാന്‍. രാത്രി ഏതാണ്ട് പത്തുമണിയായിക്കാണും. ഞാന്‍ 'ജലന്‍ബുസാറി'ല്‍ കയറി. വലതുവശം ചേര്‍ന്ന് നേരേ നടന്നു. തൊട്ടുതൊട്ട് തോളോടുതോള്‍ ചേര്‍ന്നുനില്ക്കുന്ന വേശ്യകളുടെ ഒരു വേലിക്കെട്ട്. 'മൗകാ' (വേണോ), 'മാരില' (വരാനേ) തുടങ്ങിയ ശബ്ദങ്ങള്‍ എന്റെ കാതുകളില്‍ അലയ്ക്കുന്നു. ഞാന്‍ ഒരറ്റം മുതല്‍ ഓരോന്നിനെയായി പരിശോധിക്കുവാന്‍ തുടങ്ങി. ചീനത്തികളാണ് ഭൂരിപക്ഷം. പിന്നെ മലയാക്കാരികള്‍. അപൂര്‍വം തമിഴത്തികളും. ഒരൊറ്റ മലയാളിയെപ്പോലും ഞാന്‍ കണ്ടില്ല.
പരിശോധിച്ചു പരിശോധിച്ച് അവസാനം വളരെ ചെറുപ്പക്കാരിയായ ഒരു ചീനത്തിയുടെ മുന്‍പില്‍ ഞാനെത്തി. അവളുടെ തൊട്ടടുത്ത് മധ്യവയസ്‌കയായ അവളുടെ 'ആമ'യുമുണ്ട്. മിക്ക വേശ്യകളുടെയും കൂടെ അവരുടെ 'ആമ'മാരും കാണും. 'ആമ' ഒരുതരം രക്ഷാകര്‍ത്താവാണ്, ഇടനിലക്കാരിയാണ്. വിലപേശുന്നതും ഉറപ്പിക്കുന്നതും ഇവരാണ്. ഓരോ കച്ചവടത്തില്‍നിന്നും ഒരു ചെറിയ കമ്മീഷന്‍ ഇവര്‍ക്കും കിട്ടും. വേശ്യാവൃത്തിയില്‍നിന്നും പെന്‍ഷന്‍ പറ്റിയവരാണ് ഇവരില്‍ ഭൂരിപക്ഷവും. 1969-ല്‍ ഞാന്‍ എഴുതിയതും സാമ്പത്തികമായി എന്റെ ജീവിതത്തില്‍ അപ്രതീക്ഷിതമായ പരിവര്‍ത്തനം വരുത്തിയതുമായ കാപാലിക എന്ന നാടകത്തിലെ 'കടയ്ക്കാവൂര്‍ അത്ത' എന്ന കഥാപാത്രം മുപ്പതുവര്‍ഷം മുന്‍പ് ജലന്‍ബുസാറില്‍ ഞാന്‍ പരിചയപ്പെട്ട 'ആമ'യാണ്.
ആ ചീനപ്പെണ്‍കുട്ടിയുടെ മുന്‍പില്‍നിന്ന് ഞാനും ചില വിലപേശലുകള്‍ നടത്തി. അവസാനം മൂന്നു വെള്ളിക്കു കച്ചവടം ഉറപ്പിച്ചു. പിന്നെ യാതൊരു താമസവുമുണ്ടായില്ല. ഞങ്ങള്‍ നടന്നു. 'ആമ'യും കാമുകിയും മുന്‍പെ, ഞാന്‍ തൊട്ടുപിന്നാലെ. എന്റെ നെഞ്ച് പടപടാ അടിക്കുന്നു. ഒരു പത്തിരുപതടി നടന്നപ്പോള്‍ പ്രധാന നിരത്തില്‍നിന്ന് ഒരിടവഴിയിലേക്ക് കയറി. വീണ്ടും അല്പദൂരം നടന്നു. ഒരു വലിയ എടുപ്പിന്റെ പുറവാതിലില്‍ ഞങ്ങള്‍ എത്തി. 'ആമ' കതകിനു തട്ടി ചീനഭാഷയില്‍ എന്തോ പറഞ്ഞു. അകത്തുനിന്ന് അനുനാസികപ്രധാനമായ അതിന്റെ പ്രത്യുത്തരവും കേട്ടു; മരച്ചെരുപ്പിന്റെ 'കടകട' ശബ്ദവും. അതിവേഗം ആ വാതില്‍ തുറക്കപ്പെട്ടു. ഞങ്ങള്‍ അകത്തു കയറി. ഒന്നുരണ്ട് ഇടനാഴികളില്‍ക്കൂടി വളഞ്ഞുതിരിഞ്ഞു നടന്ന് ഞങ്ങള്‍ ഒരു മുറിയുടെ മുന്‍പില്‍ എത്തി. ആമ വാതില്‍ തുറന്നു.
ഞങ്ങള്‍ അകത്തു കടന്നതും ആമ പണം ആവശ്യപ്പെട്ടു. കൃത്യമായി മൂന്നു വെള്ളി ഞാന്‍ കൊടുക്കുകയും ചെയ്തു. ഒരു വളിച്ച ചിരിയോടെ വളരെ വളരെ വിനീതയായി 'ചായ കുടിക്കാന്‍ എന്തെങ്കിലും കൂടി കിട്ടിയാല്‍ കൊള്ളാം' എന്ന അഭിപ്രായം അറച്ചറച്ചാണെങ്കിലും വളരെ വ്യക്തമായിത്തന്നെ 'ആമ' എന്നെ അറിയിച്ചു. മുടിഞ്ഞുപോകാന്‍ അര വെള്ളി ഞാന്‍ കൊടുക്കുകയും ചെയ്തു.
'ആമ' പുറത്തേക്കിറങ്ങി. വാതില്‍ അടഞ്ഞു. ഞാനും അവളും മാത്രം. ഇടുങ്ങിയ ഒരു മുറി. പഴകിയ ഒരു കട്ടിലും കിടക്കയും. കൊതുകുവല മടക്കി മേലോട്ട് ഒതുക്കിയിരിക്കുകയാണ്. ഒരു മൂലയ്ക്കായി ഒരു വാഷ്‌ബേസിനും അതു നിറയെ വെള്ളവും. ആ മുറിയിലാകെ വല്ലാത്ത ദുര്‍ഗന്ധം.
പിന്നീടു നടന്നത് വളരെ ചിട്ടപ്പെടുത്തിയ ഒരു നാടകരംഗമാണ്. എന്റെ കണ്‍മുന്‍പില്‍ വെച്ച് നിമിഷനേരത്തിനുള്ളില്‍ അതിവിദഗ്ധമായി അവള്‍ അവളുടെ കുപ്പായം അഴിച്ചുമാറ്റി. എന്നിട്ട് കട്ടിലില്‍ കയറി മലര്‍ന്നുകിടന്നു. യാതൊരുവിധ ലജ്ജയോ, അറപ്പോ, മടിയോ ഞാന്‍ കണ്ടില്ല. അതേ കിടപ്പില്‍ കഴിയുന്നതുംവേഗം ഉടുപ്പുകള്‍ അഴിച്ചുമാറ്റാന്‍ അവള്‍ എന്നെ നിര്‍ബന്ധിച്ചു. ഞാന്‍ അനുസരിച്ചു. എനിക്ക് അണ്ടര്‍വെയര്‍ അഴിക്കാന്‍ ഒരു മടി. എന്റെ പരുങ്ങലു കണ്ടിട്ട് അവളുടെ മുഖത്തൊരു പുച്ഛം. 'പാവം കൊച്ചന്‍, ആദ്യമായിരിക്കും' എന്ന ഭാവത്തില്‍ അവളൊന്നു ചിരിച്ചു. 'ലക്കാസ്ലാ' (പെട്ടെന്നാകട്ടെ), അവള്‍ ഓര്‍മപ്പെടുത്തി.
പിന്നീട് നടന്നതെല്ലാം അറയ്ക്കുന്നവിധത്തില്‍ യാന്ത്രികമായിരുന്നു. മുഖത്തെ പൗഡറും ചുണ്ടത്തെ ചെഞ്ചായവും മുടിക്കെട്ടിന്റെ ചുളിവും മായാനോ ഉലയാനോ അനുവദിക്കാത്തമട്ടില്‍ അവള്‍ രണ്ടു കൈകൊണ്ടും എന്റെ മുഖം തള്ളി അകത്തിപ്പിടിച്ചിരിക്കുകയാണ്. അതുമാത്രം... അതുമാത്രം ആകാം; അതു കഴിയുന്നതും വേഗം തീര്‍ക്കണമെന്ന നിര്‍ബന്ധവും. ഇടയ്ക്ക് എല്ലാ പ്രതിരോധനിരകളും തട്ടിമാറ്റി ഞാന്‍ ആ ഭംഗിയുള്ള മുലക്കണ്ണില്‍ പതുക്കെ ഒന്നു കടിച്ചു, പല്ല് അമര്‍ത്താതെ, നോവാതെ. അവള്‍ അത്യുച്ചത്തില്‍ വിളച്ചുകൂവി, 'മാ ഡിയാ മാക്കാന്‍ തേത്തേ!' (അമ്മേ! ദേ അവന്‍ മുല കടിക്കുന്നു.)
ഞാന്‍ ഏതോ മഹാപരാധം ചെയ്ത മട്ടിലായിരുന്നു ആ വിളി. കതകിനു പുറത്തുനിന്നും 'ഇനി ഇതാവര്‍ത്തിക്കരുത്' എന്ന 'ആമ'യുടെ താക്കീത് ഞാന്‍ കേട്ടു. അതോടെ എല്ലാം തീര്‍ന്നു. മൂന്നര വെള്ളിയും കുറെ ജീവചൈതന്യവും എന്റെ ആത്മാഭിമാനവും ഒരുമിച്ച് നഷ്ടപ്പെട്ടതായി ഒരു തോന്നല്‍. എനിക്ക് എന്നെപ്പറ്റിത്തന്നെ അറപ്പു തോന്നി. ഒരു വേശ്യയെ അന്നും ഇന്നും എനിക്കറപ്പാണ്.
Content Highlights: N N Pillai's autobiography excerpt