ഞാനാദ്യം വായിക്കാന്‍ പഠിക്കുന്നത് അടിയില്‍നിന്നു മുകളിലേക്കാണ്, അതിനുകാരണമോ ആ രാജകുമാരിമാരും!

#റസ്കിൻ ബോണ്ട് / പരിഭാഷ കെ.ബി പ്രസന്നകുമാർ
റസ്കിൻ ബോണ്ട് :  Photo PTI
റസ്കിൻ ബോണ്ട് : Photo PTI

വിഖ്യാത എഴുത്തുകാരന്‍ റസ്‌കിന്‍ ബോണ്ടിന്റെ ഓര്‍മക്കുറിപ്പുകളുടെ സമാഹാരമാണ് ഹിമാലയത്തില്‍നിന്നുള്ള കുറിപ്പുകള്‍. മാതൃഭൂമി ബുക്‌സിനുവേണ്ടി കെ.ബി പ്രസന്നകുമാര്‍ പരിഭാഷപ്പെടുത്തിയ പുസ്തകത്തില്‍ നിന്നും ഒരു അധ്യായം. 

ജീവിതത്തിലുടനീളം ഞാനൊരു നടത്തക്കാരനാണ്. ഈ ദിവസംവരെ ഞാന്‍ കാര്‍, ബസ്, ട്രാക്ടര്‍, വിമാനം, മോട്ടോര്‍സൈക്കിള്‍, ട്രക്ക്, സ്റ്റീംറോളര്‍- ഇവയിലേതെങ്കിലുമൊന്നിന്റെ ഉടമയായിട്ടില്ല. അവയൊന്നും ഓടിച്ചിട്ടുമില്ല. ഇനി ഒരു തിരഞ്ഞെടുപ്പിന് നിര്‍ബന്ധിക്കുകയാണെങ്കില്‍ ഞാന്‍ സ്റ്റീംറോളര്‍ സ്വീകരിക്കും. സാവധാനമായ, ദൃഢമായ അതിന്റെ ഗതിയും തിടുക്കമില്ലാത്ത, കൃത്യതയില്ലാത്ത പ്രാപ്യസ്ഥാനങ്ങളുമാണ് അതിനു കാരണം. അതുപോലെ മറ്റു വാഹനങ്ങള്‍ സ്റ്റീംറോളറുകളെ വഴിയില്‍നിന്നു പുറത്താക്കാന്‍ ശ്രമിക്കുകയുമില്ല.

കൗമാരത്തിന്റെ ആദ്യനാളുകളില്‍ എനിക്കൊരു സൈക്കിളുണ്ടായിരുന്നു. പിന്നീട് ഞാനൊരു കാളവണ്ടിയില്‍ സഞ്ചരിച്ചുതുടങ്ങവേ, സൈക്കിളും നശിപ്പിച്ചു. ദേഷ്യംകൊണ്ട കാളവണ്ടിക്കാരന്‍ വഴിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് എനിക്കു പറഞ്ഞുതരവേ, കാളകള്‍ വിഷമിച്ച് ഓട്ടം തുടങ്ങി. നടക്കുമ്പോള്‍ പിന്നീടൊരിക്കലും ഞാനൊരു കാളവണ്ടിയില്‍ കയറിയിട്ടില്ല.

ഇന്ത്യയുടെ പടിഞ്ഞാറേ തീരത്തുള്ള ജാംനഗര്‍ എന്ന തുറമുഖനഗരം എന്റെ ആദ്യകാലസ്മൃതികളിലുണ്ട്. അന്നത് നാട്ടുരാജ്യത്തിന്റെ ഭാഗമാണ്. നിരവധി ഇന്ത്യന്‍ രാജകുമാരന്മാരുടെയും കുമാരിമാരുടെയും ഇംഗ്ലീഷ് ട്യൂട്ടറാണ് എന്റെ പിതാവ്. അവിടെയാണ് എന്റെ നടത്തം ആരംഭിച്ചത്. കാരണം, ജാംനഗറിലാകെയും വിസ്തൃതമായ പുല്‍ത്തട്ടുകളും പൂന്തോപ്പുകളും കൊട്ടാരങ്ങളുമുണ്ടായിരുന്നു. എനിക്കു നാലു വയസ്സുള്ളപ്പോള്‍ ഞാന്‍ സ്വയം അലഞ്ഞുനടന്നു. അങ്ങനെയാണ് ഞാന്‍ ആദ്യമായി ഒരു പാമ്പിനെ നേരിട്ടത്. സാധാരണ പാമ്പുകളെക്കുറിച്ച് പറയാറുള്ളതുപോലെ അത് എന്നെ കടിച്ചു കൊന്നൊന്നുമില്ല. കടന്നുപോകാന്‍ എന്നെ അനുവദിച്ചു.

മണ്ണിനോടു വളരെ ചേര്‍ന്ന് ജീവിക്കുന്നതുകൊണ്ട് ഓരോ പാദപതനവും അതിനു തിരിച്ചറിയാന്‍ കഴിയും. ഞാന്‍ അതിന് ഒരു ഭീഷണിയും ഉയര്‍ത്തുന്നില്ലെന്ന്, ആന്തരികമായി അതിന് ജ്ഞാനമുണ്ടായിവന്നിരിക്കാം. തന്റെ കാലിന്റെ പ്രയോജനമെന്തെന്ന് തിരഞ്ഞു നടക്കുന്ന ചെറിയ ഒരു ജീവി മാത്രമാണല്ലോ ഞാന്‍. വേഗത്തിലുള്ള പാമ്പിന്റെ ഇഴയലില്‍ അസൂയ തോന്നി, ഞാനും കമിഴ്ന്നു കിടന്ന് ഇഴഞ്ഞുനോക്കി. പക്ഷേ, കാലുകള്‍തന്നെയായിരുന്നു ഭേദം. എന്റെ പിതാവിന്റെ ക്ലാസ്മുറിയും ഞങ്ങളുടെ വസതിയും പഴയൊരു കൊട്ടാരത്തിന്റെ പറമ്പില്‍ത്തന്നെയായിരുന്നു. ആ കൊട്ടാരത്തില്‍ നിഗൂഢമായ ഇരുണ്ട ഇടനാഴികളും കോവണികളും അലങ്കാരസ്തൂപങ്ങളും ഗോപുരങ്ങളുമൊക്കെ ഉണ്ടായിരുന്നു. കെട്ടിടത്തിനു മുകളില്‍ ഗ്ലാസുകൊണ്ടു നിര്‍മിച്ച ഒരു മുറിയുണ്ട്. ഓരോ ചില്ലുപാളിക്കും ഓരോ നിറം. ആ മുറി എന്നെ വല്ലാതെ ആകര്‍ഷിച്ചു. അവിടെ ചെന്നു നോക്കിയാല്‍ പല നിറത്തില്‍ ലോകത്തെ കാണാം. പച്ച, റോസ്, ഓറഞ്ച്, കടുംനീല... കണ്ണാടിക്കാഴ്ചകള്‍. ലോകത്തെ ഏതു നിറത്തില്‍ കാണണമെന്ന് ഒരാള്‍ക്കു തീരുമാനിക്കാം.

എന്റെ അച്ഛന്‍ എത്രയും ഗൗരവത്തോടെ തന്റെ ജോലികള്‍ ചെയ്യുന്ന ഒരാളായിരുന്നു. ഞാന്‍ ഒരു സ്‌കൂളില്‍ ചേരുന്നതിനു മുന്‍പുതന്നെ അദ്ദേഹം എന്നെ എഴുതാനും വായിക്കാനും പഠിപ്പിച്ചിരുന്നു. ഞാനാദ്യം വായിക്കാന്‍ പഠിക്കുന്നത് അടിയില്‍നിന്നു മുകളിലേക്കാണ്. അതിനൊരു കാരണമുണ്ട്. മൂന്നു രാജകുമാരിമാര്‍ എഴുത്തും വായനയും പഠിക്കുന്നതിനു മുന്നില്‍ ഞാനൊരു സ്റ്റൂളില്‍ ഇരിക്കും; അവര്‍ വായിക്കുന്നതും എഴുതുന്നതും നോക്കി. അതിനാല്‍ എനിക്കവരുടെ പുസ്തകങ്ങള്‍ കാണാന്‍ കഴിയുന്നത് തലകീഴായാണ്. ഇപ്പോഴും ഒരു പുസ്തകം വിരസമായി തോന്നിയാല്‍ ഞാനതു തലകീഴായി പിടിച്ചാണ് വായിക്കുന്നത്.

കൊട്ടാരമൈതാനങ്ങളില്‍ വിരസതയേ ഉണ്ടായിരുന്നുള്ളൂ. പൂന്തോട്ടത്തിന്റെ സസ്യസാന്ദ്രതയുള്ള ഒരു സ്ഥലത്താണ് ഞങ്ങള്‍ കഴിഞ്ഞിരുന്നത്. മാരിഗോള്‍ഡ്, കോസ്മോസ്... ധാരാളം ചെടികള്‍. അവിടെയുണ്ടായിരുന്ന ഉപയോഗശൂന്യമായ കിണര്‍ എണ്ണമറ്റ പ്രാവുകളുടെ താവളമായിരുന്നു. അവയുടെ മൃദുവായ ശബ്ദത്തിനു നേരേ വിപരീതമാണ്, രാത്രിയില്‍ രാപ്പാടിക്കുയിലുകളുടെ ചെവി തുളയ്ക്കുന്ന കൂജനം; 'അയ്യോ എന്തൊരു ചൂടാണ്' എന്ന് അവ പറയുന്നതുപോലെ. പിന്നീട് ആരോഹണസ്വരത്തില്‍ 'ഞങ്ങളത് അറിയുന്നു', 'ഞങ്ങളത് അറിയുന്നു' എന്നവര്‍ ആവര്‍ത്തിക്കുന്നതുപോലെ.

അടുത്തുള്ള കടല്‍ത്തീരത്ത് കക്കകള്‍ ശേഖരിച്ചു നടക്കുമ്പോള്‍ മണ്ണില്‍ തുറിച്ചുനോക്കി നടക്കുന്ന ഒരു ശീലമെനിക്കുണ്ടായി. ആ ശീലം ഇക്കാലമത്രയും ജീവിതത്തില്‍ തുടരുന്നു. എന്റെ ചിന്താപ്രക്രിയകളെ സഹായിക്കുന്നതോടൊപ്പം അസാധാരണവസ്തുക്കള്‍ ശേഖരിക്കുന്നതിനും അതു കാരണമായി. നാണയങ്ങള്‍, പൊട്ടിയ വളകള്‍, മാര്‍ബിളുകള്‍, പേനകള്‍, ചില പാത്രങ്ങളും അവയുടെ ഭാഗങ്ങളും, മനോഹരമായ കല്ലുകള്‍, തൂവലുകള്‍, കടല്‍ശംഖുകള്‍, ചെല്ലികളുടെ കറുത്ത കുത്തുകളുള്ള തോടുകള്‍, ഒച്ചിന്റെ ആവരണങ്ങള്‍, പിന്നെ പഴയ കുതിരലാടങ്ങളുടെയും ആണികളുടെയും കാര്യം പറയുകയും വേണ്ട. എന്റെ ഈ കണ്ടകടശ്ശാദിവസ്തുക്കളുടെ ശേഖരം കണ്ട് ഞാനൊരു ലോഹപരിശോധനായന്ത്രവുമായാണ് നടക്കുന്നതെന്ന് കൂട്ടുകാര്‍ കളിപറയാറുണ്ട്. എന്നാല്‍ എന്റെ മൂക്കുകൊണ്ട് ഭൂമിയെ അത്രമേല്‍ മണത്താണ് നടക്കുന്നതെന്നതാണ് അതിന്റെ കാരണം, ഒരു വേട്ടപ്പട്ടിയെപ്പോലെ.

ചിലപ്പോഴൊക്കെ, എന്റെ ഈ താത്പര്യം ലക്ഷ്യസ്ഥാനം കഴിഞ്ഞും നടക്കാന്‍ ഇടയാക്കിയിട്ടുണ്ട് (അങ്ങനെയൊരു ലക്ഷ്യസ്ഥാനം എനിക്കുണ്ടെങ്കില്‍). എന്തുകൊണ്ട് അങ്ങനെ ചെയ്തുകൂടാ? അതു ചിലപ്പോള്‍ പുതിയൊരു ലക്ഷ്യത്തിലേക്ക് കൊണ്ടുചെന്നെത്തിച്ചേക്കാം. ഞാന്‍ ഇതുവരെ പരിചയിക്കാത്ത ദൃശ്യങ്ങളും ശബ്ദങ്ങളും. എന്നാല്‍ എങ്ങനെയാണോ നടത്തം അവസാനിക്കേണ്ടത് എന്നു ഞാന്‍ വിചാരിച്ചുവോ ആ വിധംതന്നെ അത് അവസാനിക്കാറുമുണ്ട്. എല്ലായ്പോഴും ഞാന്‍ മണ്ണില്‍ത്തന്നെ നോക്കി നടക്കുകയല്ല. ഓരോ അവസരത്തിലും എതിരേ നടന്നുവരുന്ന ആളുകളുടെ മുഖങ്ങള്‍ ഞാന്‍ ശ്രദ്ധിക്കാറുണ്ട്; അടുത്തു വരുന്ന പാദപതനങ്ങള്‍ ഒരു പാമ്പ് തിരിച്ചറിയുമ്പോലെ. അവര്‍ക്ക് സവിശേഷമായ എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മാത്രം.

ഒരു ചെടിക്കൂട്ടത്തിലോ മരത്തിലോ ഇരുന്നു പാടുന്ന പക്ഷിയിലാണ് എന്റെ ആദ്യശ്രദ്ധ പതിയുക. അതല്ലെങ്കില്‍ ഒരു ഭിത്തിയുടെ വിള്ളലിലോ മേല്‍ക്കൂരയിലോ അല്ലെങ്കില്‍ ആക്രിസാധനങ്ങള്‍ നിറഞ്ഞ ഒരിടത്തോ വളരുന്ന ചെടിയിലേക്കും പൂവിലേക്കും എന്റെ ശ്രദ്ധ വേഗംതന്നെ പതിയും. ഒരിക്കല്‍ ഉപേക്ഷിതമായ ഒരു ഫോര്‍ഡ് കാറിനു മുകളില്‍ ഒരു റോസാച്ചെടി വളര്‍ന്നു പുഷ്പിച്ചുനില്ക്കുന്നത് ഞാന്‍ കണ്ടു.

വളഞ്ഞുപുളഞ്ഞുള്ള നടത്തം (സിഗ്സാഗ്) ഞാനാണ് കണ്ടുപിടിച്ചതെന്നു ചിന്തിക്കാന്‍ എനിക്ക് ഇഷ്ടമാണ്. നേര്‍വരയിലൂടെയുള്ള നടത്തത്തെക്കാള്‍ അല്ലെങ്കില്‍ ഒരു ലക്ഷ്യത്തിലേക്ക് നേരിട്ടു ചെല്ലുന്ന വഴിയെക്കാള്‍ ഗതിഭേദങ്ങളാണ് ഞാന്‍ അന്വേഷിക്കുക. പൊടുന്നനേ അപരിചിതമായ വഴിമാറിനടക്കലുകള്‍, ഇടുങ്ങിയ വഴികളിലൂടെയുള്ള അലയല്‍, കാളവണ്ടികള്‍ പോകുന്ന വഴികളിലൂടെയുള്ള നടത്തം, പാടങ്ങളിലൂടെയുള്ള ഗമനം... പൊതുവേ പറഞ്ഞാല്‍ യാത്രയെ എങ്ങനെയെല്ലാം സങ്കീര്‍ണമാക്കാമോ അത്രയും...

ഈവിധത്തില്‍ സാധാരണ കാണാന്‍ കഴിയുന്നതിലേറെ കാര്യങ്ങള്‍ ഞാന്‍ കണ്ടിട്ടുണ്ട്. ഇവിടെയൊരമ്പലം, അവിടെയൊരു പള്ളി, അപ്പുറത്തൊരു മുസ്ലിം പള്ളി, പഴയൊരു പള്ളി, ഒരു റെയില്‍പ്പാത, പോത്തുകള്‍ ഇറങ്ങിക്കിടക്കുന്ന ഒരു കുളം, ഒരു പുളിമരത്തിനു ചുവട്ടില്‍ ഒരു മയില്‍... ഇപ്പോള്‍ ഞാനൊരു കടുകുപാടത്താണ്. ഉടന്‍തന്നെ ഞാന്‍ ഒരു കനാല്‍തീരത്തുകൂടി നടക്കും. കനാല്‍ എന്നെ തിരികെ നഗരത്തിലെത്തിക്കും. ഞാന്‍ മാവുകളുടെ നിരകളിലൂടെ പോയി, എന്റെ വീട്ടിലെത്തും.

സാഹസികത എത്തിച്ചേരലിലല്ല. അതു വഴിയില്‍ ലഭിക്കുന്ന അനുഭവങ്ങളിലാണ്. അതു പ്രതീക്ഷിതമല്ല. പൊടുന്നനേ അദ്ഭുതകരമായി സംഭവിക്കുന്നതാണ്. നിങ്ങള്‍ ലോകത്ത് എന്തു കാണണമെന്നത് നിങ്ങള്‍ തിരഞ്ഞെടുക്കുന്ന കാര്യമല്ല. നിങ്ങളെ കാണുന്നതിന് ലോകത്തിന് ഒരു സാധ്യത നല്കുകയാണ്.

രാത്രി വിണ്ണില്‍ നക്ഷത്രത്തില്‍നിന്നു നക്ഷത്രത്തിലേക്ക് വരകള്‍ വരയ്ക്കുന്നതുപോലെയാണത്. അപ്പോഴും മങ്ങിയ, ലജ്ജാലുക്കളായി ഒതുങ്ങിനില്ക്കുന്ന, വഴിയില്‍നിന്നു മാറിപ്പോയ നക്ഷത്രങ്ങള്‍ നല്കുന്ന സാധ്യതകളുമുണ്ട്. ആദ്യം ഇടത്തോട്ടു തിരിയുക, പിന്നെ വലത്തോട്ടും. ഞാനിപ്പോഴും എന്റെ സിഗ്-സാഗ് ഗമനത്തിലാണ്. യുക്തിക്കും ഹൃദയത്തിനുമിടയിലെ കര്‍ണരേഖ അന്വേഷിച്ചുകൊണ്ട്.

Content Highlights: ruskin bond memories translation kb prasannakumar mathrubhumi books