‘ആ പേരിട്ടത് ചില കണക്കുകൂട്ടലുകളോടെ; പക്വത വന്ന കഥാകൃത്താണെന്ന തോന്നലുമുണ്ടാവുമല്ലോ'

എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: കെ.കെ. സന്തോഷ്‌
എം.ടി. വാസുദേവന്‍ നായര്‍ | ഫോട്ടോ: കെ.കെ. സന്തോഷ്‌

മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച എം.ടി. വാസുദേവൻ നായരുടെ ജീവചരിത്രത്തിൽനിന്ന് ഒരു ഭാഗം വായിക്കാം.

'രാത്രി.
നനഞ്ഞ വയൽവരമ്പിന്റെ അരുകിൽ പുതുമഴയ്ക്ക് ജീവൻവെച്ച കറുകത്തലപ്പുകളിൽ ഉറങ്ങിക്കിടക്കുന്ന പച്ചക്കുതിരകൾ കാൽപ്പാടുകളുടെ ശബ്ദം കേട്ട് ഞെട്ടിയുണരുന്നു. കാൽവണ്ണയിൽ തട്ടി വരമ്പു ചാടുമ്പോൾ അവ നനുത്ത ശബ്ദമുണ്ടാക്കുന്നു. എന്തോ അതോർമിപ്പിക്കുന്നു.
വ്യക്തമായി പറയാൻ വയ്യ. കാരണം, മനസ്സ് അസ്വസ്ഥമാണ്. സുചരിചിതമായ, സുഖകരമായ ഈ ശബ്ദം കേട്ടതെപ്പോഴാണ്?
കുതിർന്ന മണ്ണിന്റെയും നരച്ച ഇരുട്ടിന്റെയും ഗന്ധം. ഇരുട്ടിനും രാത്രിക്കും ഗന്ധമുണ്ടെന്ന് അറിയാതെ ഒരു നിമിഷം ഓർത്തുപോവുന്നു. ചാഴിവലക്കാർ വീശാൻ വേണ്ടി നടന്നപ്പോൾ വകഞ്ഞുണ്ടാക്കിയ വഴികളിൽ തളംകെട്ടി നിൽക്കുന്ന കലങ്ങിയ വെള്ളത്തിൽ, മഴ തോർന്നെങ്കിലും മൂടിക്കെട്ടിയ മാനത്തിന്റെ വെളുത്ത പാളികൾ വീണുകിടക്കുന്നു.
ഓലച്ചൂട്ടിന്റെ വെളിച്ചം മുന്നിൽ വഴികാട്ടുന്നു.
ഇരുമ്പുപെട്ടിയും കോസറിയും ചുമന്ന് പിറകേ വരുന്ന വൃദ്ധനായ ചെറുമന്റെ കിതപ്പ് പിന്നിൽ കേൾക്കാം. വയൽവരമ്പുകൾ പിന്നിട്ട് നാട്ടുവഴിയിലേക്ക് കയറുമ്പോൾ പുഴയുടെ പിറുപിറുപ്പ് അടുത്തെത്തുന്നു.
കുറ്റിയിൽ കെട്ടിയിട്ട കടവുതോണിയുടെ ചുവട്ടിൽ ഊളിയിടുന്ന നീർക്കുത്തിന്റെ ഇക്കിളി കേൾക്കേ, നാം നിൽക്കുന്നു. ഇരുട്ടിന്റെ പുഴ. മങ്ങിയ വെളിച്ചത്തിന്റെ അനന്തത. മറുകരയിൽ അകലെ ഇരുമ്പുപാലം വിറപ്പിച്ചുകൊണ്ട് വണ്ടിച്ചക്രങ്ങൾ ഇരമ്പി ഉരുളുന്നുണ്ടോ?
കാവൽപ്പുരയുടെ അകത്തെ ബെഞ്ചിൽനിന്ന് ഉറക്കപ്പിച്ചോടെ നിഴൽപോലെ വന്ന തോണിക്കാരന് വണ്ടികളുടെ സമയത്തെപ്പറ്റി അറിയാം.
ഇതാണോ വണ്ടി? നാലരയുടെ വണ്ടി?
ചോദിക്കാൻ ധൈര്യമില്ല. കാരണം, നീ ഇന്നലത്തെ എട്ടുംപൊട്ടും തിരിയാത്ത ചെറുക്കനല്ല. അമ്പത്തിമൂന്നു നാഴിക അകലെ, പണ്ടൊരു സുൽത്താൻ കോട്ട പണിയിച്ച നഗരത്തിലേക്ക് വലിയ ക്ലാസിൽ പഠിക്കാൻ പോകുന്ന പതിനാറുകാരൻ യുവാവായിരുന്നു. ഒരു രാത്രികൊണ്ടു വളർന്നിരിക്കുന്നു.'
കാലം - എം.ടി.

സംഭവബഹുലമായ ഒരു ജീവിതയാത്രയുടെ തുടക്കമാണ് കാലത്തിന്റെ ആദ്യപുറത്തു കാണുന്ന ഈ രംഗം. നോവലിലെ നായകനായ സേതുവിന് എം.ടിയുടെ ജീവിതവുമായുള്ള ആത്മബന്ധവും പ്രസിദ്ധമാണല്ലോ.

ഒരു വർഷത്തെ സർഗാത്മകമായ ഇടവേളയ്ക്കുശേഷം എം.ടിക്ക് കോളേജ് പ്രവേശനം ലഭിക്കുന്നു. സമീപപ്രദേശങ്ങളിലെ കലാലയങ്ങളിൽവെച്ച് പ്രശസ്തവും പുരാതനവുമായ പാലക്കാട് 'ഗവ. വിക്ടോറിയ കോളേജി'ൽ അദ്ദേഹം ഇന്റർമീഡിയറ്റ് കോഴ്സിന് അപേക്ഷിച്ചു. പത്താംതരത്തിലെ മികച്ച മാർക്കിന്റെ ബലത്തിൽ പ്രവേശനം ലഭിച്ചു. കൂടല്ലൂരിൽനിന്ന് കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തി, അവിടെനിന്ന് പാലക്കാട്ടേക്ക് പാസഞ്ചർവണ്ടി കയറി. പാസഞ്ചറിന് അടുത്ത സ്റ്റേഷൻ പള്ളിപ്പുറമാണ്. പള്ളിപ്പുറത്തുനിന്ന് ഒലവക്കോട്ടേക്ക് പതിനാലണയാണ് അന്ന് യാത്രാക്കൂലി. അങ്ങനെ ഒലവക്കോട്ട് കരിവണ്ടിയിറങ്ങി നടന്ന് വിക്ടോറിയ കോളേജിന് മുന്നിലെത്തി.

വിക്ടോറിയ കോളേജിൽ പഠിക്കുക എന്നത് അദ്ദേഹത്തിന്റെ ദീർഘകാലസ്വപ്നമായിരുന്നു. അതാണ് സഫലമാവാൻ പോകുന്നത്. ഇന്റർമീഡിയറ്റ് നല്ല നിലയിൽ ജയിക്കണം. പിന്നെ, ഏതെങ്കിലുമൊരു വിഷയത്തിൽ ബിരുദം നേടി ജോലി സമ്പാദിക്കണം. ഇതായിരുന്നു മനസ്സിലെ മോഹം. വീട്ടിലെ സാമ്പത്തികാവസ്ഥയും അത്രയൊന്നും മെച്ചമായിരുന്നില്ല. എം.ടിക്കും ജ്യേഷ്ഠന്മാർക്കും പഠിക്കാനായി അച്ഛൻ സിലോണിൽനിന്നാണ് പണം അയച്ചിരുന്നത്. എസ്എസ്എൽസി കഴിഞ്ഞ് എം.ടി. കോളേജ് പ്രവേശനത്തിന് തയ്യാറെടുക്കുമ്പോഴാണ് ശ്രീലങ്കൻ സർക്കാർ പണം വിദേശങ്ങളിലേക്കയയ്ക്കുന്നതിൽ ചില നിയന്ത്രണങ്ങൾ കൊണ്ടുവന്നത്. അതനുസരിച്ച് സിലോണിൽനിന്ന് മണിയോർഡർ അയയ്ക്കാൻ പറ്റുന്ന പരമാവധി തുക ഇരുപത്തിയഞ്ചു രൂപ മാത്രമായി. എം.ടിയുടെ പഠനം ഒരു വർഷം നീളാനുണ്ടായ കാരണങ്ങളിലൊന്നും ഇതുതന്നെയായിരുന്നു.

1949-ൽ വിക്ടോറിയയിൽ സയൻസ് ഗ്രൂപ്പെടുത്ത് ഇന്റർമീഡിയറ്റിനു ചേർന്നപ്പോൾ പണം ആവശ്യമായി വന്നു. വിദ്യാഭ്യാസത്തിനുള്ള പഠനസഹായമെന്ന നിലയിൽ കൂടുതൽ തുക അയയ്ക്കാനുള്ള അനുമതി തേടി നാരായണൻ നായർ സർക്കാരിന് അപേക്ഷ നൽകി. സർക്കാരിൽനിന്ന് അനുവദിച്ചുകിട്ടിയ സ്പെഷ്യൽ പെർമിറ്റ് പ്രകാരം പ്രതിമാസം അറുപതു രൂപ അയയ്ക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. വിക്ടോറിയയിൽ ഇന്റർമീഡിയറ്റിന് ചേരാനുള്ള യാത്രയിൽ ബന്ധുക്കളാരും എം.ടിയെ അനുഗമിച്ചില്ല. സയൻസ് ഗ്രൂപ്പാണ് ജോലിസാധ്യതയുള്ളതെന്ന് നേരത്തേതന്നെ കേട്ടിരുന്നു. അതുകൊണ്ടുതന്നെ ഐച്ഛികവിഷയത്തെക്കുറിച്ച് അദ്ദേഹത്തിന് സംശയമേതുമുണ്ടായില്ല. കഥകളും കവിതകളും ലേഖനങ്ങളുമൊക്കെയെഴുതി സാഹിത്യത്തോട് അടുപ്പമുണ്ടായിരുന്നെങ്കിലും പഠനവിഷയം അതാകണ്ട എന്ന് അദ്ദേഹം ഉറപ്പിച്ചിരുന്നു. അച്ഛനമ്മമാർ ഒന്നിച്ചെത്തി മക്കളെ കോളേജിൽ ചേർക്കുന്ന പതിവൊന്നും അക്കാലത്തില്ലായിരുന്നു. വിക്ടോറിയയിൽ പഠിച്ചിരുന്ന മുതിർന്ന വിദ്യാർത്ഥിയായ ആനക്കര വടക്കത്ത് ബാലകൃഷ്ണമേനോന്റെ കൂടെയാണ് എം.ടി. കോളേജിൽ പ്രവേശനമെടുത്തത്. 'എന്തുകൊണ്ട് സയൻസ് ഗ്രൂപ്പ്' എന്ന പ്രിൻസിപ്പാളിന്റെ ചോദ്യത്തിന് ശാസ്ത്രാവബോധത്തിന്റെ അനിവാര്യതയെക്കുറിച്ച് അദ്ദേഹം വാചാലനായി.

ചെറിയ വാടകയ്ക്ക് താമസസൗകര്യം സംഘടിപ്പിക്കുകയായിരുന്നു അടുത്ത കടമ്പ. കോളേജ് ഹോസ്റ്റലുണ്ടെങ്കിലും അവിടെ താമസസൗകര്യം പരിമിതമായിരുന്നു. സീനിയർ വിദ്യാർത്ഥികൾക്കേ പ്രവേശനം ലഭിക്കൂ. തുടക്കക്കാർ കോളേജ് പരിസരത്ത് ബദൽസംവിധാനങ്ങൾ കണ്ടെത്തണം. കോളജിനു പുറത്തുള്ള 'നന്ദകുമാർ ഹോസ്റ്റലി'നെക്കുറിച്ച് നേരത്തേ കേട്ടിരുന്നു. പതിനാലു മുറിയുള്ള ഹോസ്റ്റലാണത്. വിക്ടോറിയ കോളേജിന്റെ സ്വന്തം കെട്ടിടമല്ല. ജൂനിയർ വിദ്യാർത്ഥികളാണ് അവിടെ പ്രവേശനം നേടിയിരുന്നത്. ബാലകൃഷ്ണമേനോന്റെ കൂടെത്തന്നെ 'നന്ദകുമാർ ഹോസ്റ്റലി'ലെത്തി വിവരങ്ങൾ തിരക്കി. ഭാഗ്യവശാൽ അവിടെ ഒരു മുറി തരമായി. പ്രതിമാസവാടക നാൽപ്പതു രൂപയോളം വരും. മറ്റൊരു സാധ്യതയില്ലാത്തതിനാൽ അവിടംതന്നെ തിരഞ്ഞെടുത്തു. മൂന്നു വർഷം നീണ്ട താമസത്തിന്റെ തുടക്കമായി അത്. ഓരോ മുറിയിലും രണ്ടും മൂന്നും വിദ്യാർത്ഥികൾ അന്തേവാസികളായുണ്ടാവും.

അക്കാലത്ത് സൈനികരുടെ മക്കൾക്ക് കോളേജിൽ ഫീസ് ഒഴിവാക്കിയിരുന്നു. എം.ടിയുടെ സഹപാഠികളിലും ഹോസ്റ്റൽനിവാസികളിലും പലരും ഇങ്ങനെ 'മിലിറ്ററി കൺസഷൻ' ലഭിച്ചവരായിരുന്നു. അദ്ദേഹത്തിന് ഹോസ്റ്റൽ ഫീസ് കഴിഞ്ഞുള്ള ഇരുപതു രൂപകൊണ്ട് കോളേജ് ഫീസും മറ്റു ചെലവുകളും നടത്തേണ്ടതായിവന്നു. അക്കാലത്തെക്കുറിച്ച് എം.ടി. മുത്തശ്ശിമാരുടെ രാത്രി എന്ന ഓർമ്മപ്പുസ്തകത്തിൽ എഴുതുന്നുണ്ട്:

'സൗകര്യമുള്ള വീടുകളിൽനിന്നു വരുന്ന വിദ്യാർത്ഥികൾ ചെലവഴിക്കുന്നതു കണ്ട് ഞാൻ അദ്ഭുതപ്പെട്ടു. ആ കൂട്ടത്തിൽ കൂടാതെ അകന്നുമാറി നിന്നു. വൈകുന്നേരം ഹോട്ടലിൽ കയറിയുള്ള അവരുടെ കാപ്പികുടി, ശനിയാഴ്ച ദിവസത്തെ സിനിമയ്ക്കു പോക്ക് ഇതിലൊന്നും എനിക്ക് അസൂയ തോന്നിയിട്ടില്ല. പക്ഷേ, ആഴ്ചയിലൊരിക്കൽ ഡോബി വരുമ്പോൾ ഓരോ മുറിയിലേക്കുമുള്ള അലക്കിയ വസ്ത്രങ്ങൾ കൊണ്ടുപോകുന്നത് തെല്ലസൂയയോടെ ഞാൻ നോക്കിനിൽക്കും. രണ്ടു ഷർട്ടും രണ്ടു മുണ്ടുമാണ് എനിക്കു കൊണ്ടുവരുന്നത്. അലക്കാൻ കൊടുക്കാനും അത്രതന്നെയേ കാണൂ. മറ്റുള്ളവർക്ക് കൊണ്ടുവരുന്ന കെട്ടുകളിൽ അഞ്ചും ആറും ഷർട്ടുകളും അത്രതന്നെ ഡബിൾ മുണ്ടുകളും ഉണ്ടാവും. അച്ഛൻ അയയ്ക്കുന്ന സംഖ്യയിൽനിന്ന് പിശുക്കി വല്ലതും വെച്ചാലേ എനിക്ക് വെക്കേഷന് നാട്ടിലേക്കു പോവാൻ പറ്റൂ.'

പുസ്തകത്തിന്റെ കവർ പേജ്

ക്രിസ്ത്യൻ വിശേഷാവസരങ്ങളായ മൈക്കിൾമസിനും ക്രിസ്മസിനും പിന്നെ മധ്യവേനലിനും മാത്രമാണ് ദീർഘാവധി കിട്ടുക. പതിനാലണ ടിക്കറ്റിന് പള്ളിപ്പുറത്തിറങ്ങി വീട്ടിലെത്താം. പക്ഷേ, കൈയിൽ ഒന്നുരണ്ടുറുപ്പികയെങ്കിലും ബാക്കിയുണ്ടെങ്കിൽ എം.ടി. ഷൊർണ്ണൂർ സ്റ്റേഷനിലാണിറങ്ങുക. അതിനൊരു ലക്ഷ്യവുമുണ്ട്. റെയിൽവേ സ്റ്റേഷനിലെ 'ഹിഗ്ഗിൻബോത്തംസ്' ബുക്സ്റ്റാളിൽനിന്ന് അതുകൊണ്ട് ഒരു പേപ്പർബാക്ക് ഇംഗ്ലീഷ് ക്ലാസിക് പുസ്തകം വാങ്ങുക!

ഇന്റർമീഡിയറ്റിന് ക്ലാസുകൾ തുടങ്ങി. തങ്ങളുടെ സഹപാഠി സാഹിത്യത്തിന്റെ ചെറിയ അസ്‌ക്യത ഉള്ളയാളാണെന്ന് കുട്ടികൾ തിരിച്ചറിഞ്ഞു. ശാസ്ത്രവിദ്യാർത്ഥികളായിരുന്നിട്ടും അവരിൽ ചിലരെങ്കിലും അദ്ദേഹവുമായി സാഹിത്യകാര്യങ്ങൾ സംസാരിക്കാൻ തയ്യാറായി. ജയകേരളത്തിലും കൗമുദിയിലും ചന്ദ്രികയിലുമൊക്കെ അച്ചടിച്ചുവന്ന സൃഷ്ടികൾ ചോദിച്ചുവാങ്ങി വായിക്കുകയുണ്ടായി. എഴുത്തിന് താത്കാലിക വിരാമമായെങ്കിലും വായനാതാത്പര്യം പുഷ്ടിപ്പെട്ട നാളുകളായി അത്.

മികച്ച പുസ്തകങ്ങളാൽ ധന്യമായ വലിയൊരു ലൈബ്രറിയാണ് വിക്ടോറിയ കോളേജിനുണ്ടായിരുന്നത്. ലൈബ്രറിയിൽ അംഗത്വമെടുക്കുന്ന ഓരോ വിദ്യാർത്ഥിക്കും രണ്ടു കാർഡുകൾ വീതം ലഭിക്കും. അതുകൊണ്ട് രണ്ടു പുസ്തകമെടുക്കാം. നിശ്ചിതദിവസത്തിനകം മടക്കിക്കൊടുക്കണം. സഹപാഠികളിൽ അക്ഷരവിരോധികളായ പലരുമുണ്ടായിരുന്നു. എം.ടി. അവരോടു സൗഹൃദം സ്ഥാപിച്ച്, ആ കാർഡുകൾ കൂടി വാങ്ങി പുസ്തകമെടുത്ത് ആവേശപൂർവ്വം വായിച്ചു. പലപ്പോഴും പത്തും പന്ത്രണ്ടും കാർഡുകൾക്കുള്ള പുസ്തകങ്ങൾ താങ്ങിപ്പിടിച്ചാവും മുറിയിലെത്തുക. പഠിക്കുന്നത് ശാസ്ത്രവിഷയങ്ങളാണെങ്കിലും വായന അധികവും ഇംഗ്ലീഷിലും മലയാളത്തിലുമുള്ള ക്ലാസിക് പുസ്തകങ്ങൾതന്നെ. വായനയുടെ ഒരു വസന്തകാലം അങ്ങനെ എം.ടിയുടെ മനസ്സിൽ പൂത്തുലഞ്ഞു.

സിഗററ്റ് ഉപേക്ഷിച്ചും പുസ്തകങ്ങൾ ശേഖരിച്ചുവായിച്ച എം.ടി. ഇക്കാലത്തുണ്ടായിരുന്നു. പുകവലിയോട് ഒട്ടും താത്പര്യം തോന്നാത്ത ഇന്റർമീഡിയറ്റ് കാലത്താണത്. ഹോസ്റ്റലിൽത്തന്നെ താമസിച്ചിരുന്ന പ്രഭാകരൻ നമ്പ്യാർ മാഷിന് (കെ.പി. നമ്പ്യാർ) എം.ടിയോട് വാത്സല്യമായിരുന്നു. എം.ടിയുടെ വായനയോടുള്ള അടങ്ങാത്ത അഭിനിവേശം അദ്ദേഹം ശ്രദ്ധിച്ചു. വായിക്കേണ്ട പുസ്തകങ്ങൾ എം.ടിക്ക് നിർദേശിച്ചതും അവയെക്കുറിച്ച് വിശദമായ ചർച്ചനടത്തിയതും നമ്പ്യാർ മാഷായിരുന്നു. ചില സവിശേഷദിവസങ്ങളിൽ ഹോസ്റ്റലിൽ അന്തേവാസികൾക്ക് വിരുന്നു നൽകും. അതിനുശേഷം എല്ലാ കുട്ടികൾക്കും സിഗററ്റും വിതരണം ചെയ്യും.

നമ്പ്യാർ മാഷുടെ നിർദേശപ്രകാരം കീഴ്ജീവനക്കാരാണ് സിഗററ്റ് പാക്കറ്റ് തുറന്ന് ഓരോന്ന് വിദ്യാർത്ഥികളുടെ പോക്കറ്റിൽ നിക്ഷേപിക്കുക. അതു കണ്ട് മുതിർന്ന വിദ്യാർത്ഥികൾ എം.ടിയുടെ അടുത്തുവന്ന് പോക്കറ്റിൽ തൊട്ട് പറയും: 'മി. വാസുദേവൻ, ബുക്ക്ഡ്.' പുകവലിക്കാത്ത എല്ലാവരുടെയും അടുത്ത് അവരെത്തും. വിരുന്നുകഴിഞ്ഞാൽ സിഗററ്റ് മുതിർന്ന വിദ്യാർത്ഥികൾക്കു കൈമാറണം എന്നാണ് ആവശ്യം. അത്തരം സൗഹൃദങ്ങളും എം.ടിയുടെ വായനതാത്പര്യത്തിന് ഗുണംചെയ്തു. അവരുടെ ലൈബ്രറി കാർഡുകളും അദ്ദേഹത്തിനു കിട്ടി. അവധിക്കാലത്ത് മുതിർന്ന കുട്ടികൾ നാട്ടിൽ പോകുമ്പോൾ കാർഡുകൾ എം.ടി.യെ ഏൽപ്പിക്കും.

സയൻസ് ഗ്രൂപ്പെടുത്തുള്ള ഇന്റർമീഡിയറ്റ് പഠനം എം.ടിക്ക് വിചാരിച്ചപോലെ ഹിതകരമായി തോന്നിയില്ല. അദ്ദേഹം അക്കാലം ഇങ്ങനെ ഓർക്കുന്നു:

'ശാസ്ത്രവിഷയങ്ങൾക്ക് തിയറിയും പ്രാക്ടിക്കലുമൊക്കെയുണ്ടാവും. തിയറി ഒരുവിധം രസകരമായി ഉൾക്കൊള്ളാനായി. എന്നാൽ, പ്രാക്ടിക്കലാണ് ബുദ്ധിമുട്ടുണ്ടാക്കിയത്. പ്രത്യേകിച്ചും ബോട്ടണിയുടെയും സുവോളജിയുടെയും ലാബുകൾ. മണ്ണിരയെയും തവളയെയും പാറ്റയെയുമൊക്കെ കീറിമുറിച്ച് ആന്തരാവയവങ്ങളെക്കുറിച്ച് പഠിക്കേണ്ട സുവോളജി ലാബുകളാണ് എനിക്കേറെ വിഷമം സൃഷ്ടിച്ചത്. ശസ്ത്രക്രിയ ചെയ്യുമ്പോഴൊക്കെ എന്റെ മനംപുരട്ടി. ലാബിനു പുറത്തേക്കോടി ഛർദ്ദിക്കുകവരെയുണ്ടായി.'

വായന പുഷ്ടിപ്പെടുന്നതിനൊപ്പം പഴയ എഴുത്തുവഴികളിലേക്ക് എം.ടി. അപൂർവമായെങ്കിലും ശ്രദ്ധ ചെലുത്തുകയുണ്ടായി. കോളേജിൽ നടന്ന ഉപന്യാസരചനാമത്സരത്തിൽ അദ്ദേഹവും സംബന്ധിച്ചു. കുറേ വിദ്യാർത്ഥികൾ പങ്കെടുത്ത മത്സരമാണ്. കാലികമായ ഏതോ വിഷയമാണ് ഉപന്യാസമെഴുതാൻ ലഭിച്ചത്. ഏതായാലും ഒന്നാംസമ്മാനം എം.ടിക്കുതന്നെ ലഭിച്ചു. സമ്മാനമായി മികച്ച ചില പുസ്തകങ്ങളാണ് ലഭിച്ചത്. അത്രകണ്ട് വിജയിക്കാതെപോയ ചില കഥയെഴുത്തുശ്രമങ്ങളും ഇക്കാലത്തുണ്ടായി. വിക്ടോറിയ കോളേജിൽ പല കാലത്തായി പ്രശസ്തരായ എഴുത്തുകാർ പലരും വന്നുപോയെങ്കിലും ആ ഇന്റർമീഡിയറ്റ് വിദ്യാർത്ഥിക്ക് അവരുമായി ബന്ധം പുലർത്താനൊന്നും കഴിഞ്ഞില്ല. നേരത്തേതന്നെ പരിചയമുള്ള എഴുത്തുകാരൻ ജ്യേഷ്ഠതുല്യനായ അക്കിത്തമായിരുന്നു. കോളേജിൽ വന്ന് ക്ലാസെടുത്തുപോയ ഒളപ്പമണ്ണയെയും പരിചയപ്പെടാനായി.

ഏതായാലും പൊരുത്തക്കേടുകളും ഇഷ്ടക്കുറവുകളുമെല്ലാം മാറ്റിവെച്ച് എം.ടി. പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. തിയറിയും പ്രാക്ടിക്കലും നന്നായി അഭ്യസിച്ചു. മുൻവർഷത്തെ ചോദ്യപ്പേപ്പറുകൾ മുൻനിർത്തി പരിശീലനം നേടി. സമർത്ഥരായ സഹപാഠികളുടെ സഹായവും അദ്ദേഹത്തിനു ലഭിച്ചു. പരീക്ഷാഫലം വന്നപ്പോൾ എം.ടി. മികച്ച മാർക്കോടെ ഒന്നാംക്ലാസിൽ ഇന്റർമീഡിയറ്റ് പാസായി.

തുടർപഠനത്തെക്കുറിച്ചായി അടുത്ത ചിന്ത. ഡോക്ടറും എൻജിനീയറുമൊക്കെയായിരുന്നു അക്കാലത്തെ ഏറ്റവും മൂല്യമുള്ള തൊഴിലുകൾ. വിവാഹക്കമ്പോളത്തിലും ഇവർ കഴിഞ്ഞേയുള്ളൂ ബാക്കിയെല്ലാവരും. എം.ടിയുടെ ക്ലാസിൽത്തന്നെ പരീക്ഷയെഴുതുംമുമ്പേ ഡോക്ടറാവാൻ കോട്ടിട്ട് നടിച്ചു നടന്നവരുമുണ്ട്. പാലക്കാട്ടുനിന്ന് അധികം ദൂരെയല്ലാത്ത കോയമ്പത്തൂരിലാണ് മെഡിക്കൽ കോളേജ്. അവിടെപ്പോയി പഠിച്ച്, പരീക്ഷയെഴുതി ഡോക്ടർഭാഗം പഠിക്കുകയാണ് അവരുടെ ലക്ഷ്യം. പക്ഷേ, വൈദ്യപഠനം നല്ല ചെലവുവരുന്ന പദ്ധതിയാണ്. സാമാന്യം ധനികന്മാർക്കേ അതിനുള്ള കഴിവുണ്ടാവൂ. സ്വന്തം സാമ്പത്തികനില നന്നായറിയാവുന്ന എം.ടിയുടെ ചിന്ത ആ വഴിക്കൊന്നും സഞ്ചരിച്ചതേയില്ല.

കേവലം ഇന്റർമീഡിയറ്റ് വിജയംകൊണ്ട് ജോലി സമ്പാദിക്കാനാവില്ല. കുറഞ്ഞപക്ഷം ബിരുദധാരിയെങ്കിലുമാവണം. സാഹിത്യത്തോടുള്ള അഭിനിവേശം ഒരുവശത്ത്.

തൊഴിൽസാധ്യതയുള്ള ശാസ്ത്രപഠനം മറുവശത്ത്. ഇതിൽ ഏതു തിരഞ്ഞെടുക്കണമെന്ന ധർമ്മസങ്കടത്തിലായി എം.ടി. ഇക്കാര്യത്തിൽ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും സഹായം തേടി. ജോലി കിട്ടണമെങ്കിൽ സയൻസ് തന്നെ പഠിക്കണം. സാഹിത്യപഠനം ഉപജീവനത്തിന് ഉതകില്ലെന്ന മുൻവിധി അവർ എം.ടിയുമായി പങ്കുവെക്കുകയും ചെയ്തു. അവരുടെ അഭിപ്രായം നിരുപാധികം സ്വീകരിച്ച എം.ടി. അങ്ങനെ വിക്ടോറിയ കോളേജിൽത്തന്നെ ഒന്നാംവർഷ ബി.എസ്‌സി. വിദ്യാർത്ഥിയായി. പഠനകാലത്ത് അകൽച്ച തോന്നിയ സസ്യ-ജന്തുശാസ്ത്രങ്ങളെ ഉപവിഷയമാക്കി രസതന്ത്രമാണ് ഐച്ഛികവിഷയമായി എടുത്തത്. ശാസ്ത്രപഠനത്തോടൊപ്പം സാഹിത്യോപാസനയും മുന്നോട്ടുകൊണ്ടുപോകാമെന്ന ആത്മവിശ്വാസം അദ്ദേഹത്തിന് ഉണ്ടായിരുന്നിരിക്കണം. രണ്ടു കാതിലും കടുക്കനിട്ട് ക്ലാസിൽ വന്നിരുന്ന എം.ടിയെ സഹപാഠികൾ ഓർക്കുന്നുണ്ട്.

ബിരുദവിദ്യാർത്ഥിയായിട്ടും എം.ടിക്കു കോളേജിലെ പ്രധാന ഹോസ്റ്റലിൽ പ്രവേശനം ലഭിച്ചത് രണ്ടു വർഷത്തിനുശേഷമാണ്. 'നന്ദകുമാർ ഹോസ്റ്റലി'ന്റെ അന്തരീക്ഷവുമായി അതിനകംതന്നെ ഇഴുകിച്ചേർന്നതിനാൽ പുതിയ താമസസ്ഥലത്തിനായി അദ്ദേഹം കഠിനശ്രമമൊന്നും നടത്തിയതുമില്ല. കഥയെഴുത്തിലേക്ക് തിരിച്ചുവന്ന കാലംകൂടിയായിരുന്നു അത്. കടലാസും കവറും സ്റ്റാമ്പുമൊക്കെയായി നല്ല പണച്ചെലവുണ്ട് കഥ ആനുകാലികങ്ങളുടെ പത്രാധിപർക്കയയ്ക്കാൻ. അങ്ങനെ ശ്രമപ്പെട്ട് അയയ്ക്കുന്ന കഥകളിൽ പലതും ശരവേഗത്തിൽ തിരിച്ചുവരികയോ, യാതൊരു പ്രതികരണവും ഇല്ലാതിരിക്കുകയോ ചെയ്യും. കഥ അച്ചടിച്ചുവരാനുള്ള തത്രപ്പാടുകളെക്കുറിച്ച് എം.ടി. ഓർത്തെടുക്കുന്നു:

'കോളേജിലെ രജിസ്റ്ററിലെല്ലാം എന്റെ പേര് 'എം.ടി. വാസുദേവൻ' എന്നു മാത്രമായിരുന്നു. ചില കണക്കുകൂട്ടലുകളോടെയാണ് ഞാനെന്റെ പേരിന്റെ കൂടെ 'നായർ' കൂട്ടിച്ചേർത്തത്. എന്റെ കഥ കിട്ടുന്ന ആനുകാലികങ്ങളുടെ പത്രാധിപന്മാർക്ക് കഥാകൃത്ത് അൽപ്പം മുതിർന്ന ആളാണെന്നു തോന്നട്ടെ എന്നു ഞാൻ കരുതി. അതുപോലെ, കഥകളയയ്ക്കുമ്പോൾ കോളേജിന്റെ വിലാസം വെക്കാതിരിക്കാനും ശ്രദ്ധിച്ചു.

ഒരു കോളേജുകുമാരനാണെന്നറിഞ്ഞാൽ വേണ്ടത്ര പരിഗണന കിട്ടാതെ പോയാലോ എന്ന ശങ്ക. 'എം.ടി. വാസുദേവൻ, ജി.വി.സി. നന്ദകുമാർ, കോളേജ് റോഡ്, പാലക്കാട്' എന്ന വിലാസം കവറിൽ ചേർത്തു. 'നന്ദകുമാർ ഹോസ്റ്റൽ' എന്ന പദം ഒഴിവാക്കിയതും നേരത്തേ പറഞ്ഞ കാരണംകൊണ്ടുതന്നെ. രചനയുടെ തലക്കെട്ടിനു കീഴേ 'എം.ടി. വാസുദേവൻ നായർ' എന്നു ചേർക്കുമ്പോൾ ഞാനൊരു പക്വത വന്ന കഥാകൃത്താണെന്ന തോന്നലുമുണ്ടാവുമല്ലോ.'

എം.ടി. വാസുദേവൻ നായർ | മാതൃഭൂമി ആർക്കൈവ്‌സ്

ഇന്റർമീഡിയറ്റ് പഠനകാലത്തുനിന്നും ബിരുദപഠനകാലത്തെത്തിയപ്പോൾ പഠനത്തെ കൂടുതൽ ഗൗരവത്തോടെ കാണാൻ എം.ടിക്കു കഴിഞ്ഞു. എത്രയും വേഗം ജോലിയിൽ കയറണം. നല്ല മാർക്കോടെ ഡിഗ്രി പൂർത്തിയാക്കിയാൽ മാത്രമേ അതിനാവൂ. തന്നെ പഠിപ്പിക്കാനെത്തിയ അദ്ധ്യാപകരിൽ ചിലരോട് അദ്ദേഹത്തിന് കൂടുതൽ ഇഷ്ടം തോന്നി. തന്നെ വായനയുടെ ലോകത്തേക്ക് ആനയിച്ച, എഴുത്തിനായി പ്രചോദിപ്പിച്ച പ്രഭാകരൻ നമ്പ്യാർ മാഷെക്കുറിച്ച് മുമ്പു പറഞ്ഞതാണ്. കർക്കശക്കാരനായിരുന്നെങ്കിലും അദ്ദേഹത്തിന് എം.ടിയടക്കം ചില വിദ്യാർത്ഥികളോട് പ്രിയമായിരുന്നു. ഒറ്റമുറിയിൽ തന്റെ വളർത്തുനായയ്ക്കൊപ്പമായിരുന്നു അദ്ദേഹത്തിന്റെ താമസം. കോളേജിൽനിന്നു വന്നാലുടൻ നായയെയുംകൊണ്ട് നടക്കാനിറങ്ങും. ആ സമയത്തും ഒഴിവുവേളകളിലുമാണ് എം.ടിയോടുള്ള സാഹിത്യസംവാദങ്ങൾ. ആൽഫ്രഡ് നോയ്സിന്റെ 'ദി ഹൈവേ മാൻ' എന്ന റൊമാന്റിക് ബല്ലാഡൊക്കെ അങ്ങേയറ്റം ആസ്വാദ്യമായി പഠിപ്പിക്കുന്ന ഇംഗ്ലീഷ് ക്ലാസായിരുന്നു രമാ രാമനുണ്ണിയുടേത്.

അങ്ങനെയിരിക്കെയാണ് ശരിക്കും സന്തോഷിപ്പിച്ച ആ വാർത്തയെത്തുന്നത്. അതുവരെ കേട്ടും വായിച്ചും മാത്രം പരിചയമുള്ള പ്രശസ്ത നിരൂപകയും അധ്യാപികയുമായ ഡോ. എം. ലീലാവതി മഹാരാജാസ് കോളേജിൽനിന്ന് സ്ഥലംമാറ്റം കിട്ടി വിക്ടോറിയയിലെത്തുന്നു! ലീലാവതി ടീച്ചറുടെ മലയാളം ക്ലാസ് അത്യാകർഷകമായിരുന്നു. എത്ര കേട്ടാലും മതിവരാത്ത ഹൃദ്യമായ അവതരണം. എം.ടിക്ക് അവർ ക്ലാസെടുത്തില്ലെങ്കിലും ആ കാവ്യാസ്വാദനം അനുഭവിക്കാനായി പലപ്പോഴും ക്ലാസിന്റെ പിൻബെഞ്ചിൽ പോയിരുന്നു. അങ്ങനെ, ഔദ്യോഗികമായല്ലെങ്കിലും ഡോ. എം. ലീലാവതി എം.ടിയുടെ ഗുരുനാഥയായി!

വിക്ടോറിയ കോളേജിലെ പഠനകാലം എം.ടിയിലെ കഥാകാരനെ കണ്ടെടുത്ത വർഷങ്ങൾ കൂടിയായി. കോളേജ് പഠനകാലത്തും അതിനു മുമ്പും എഴുതിയ അഞ്ചു കഥകൾ ചേർത്ത് രക്തം പുരണ്ട മൺതരികൾ എന്ന കന്നിസമാഹാരം പുറത്തുവരുന്നത് 1952ലാണ്. 'മോക്ഷത്തിന്റെ പടിവാതിൽ,' 'അറ്റുപോകുന്ന ബന്ധങ്ങൾ,' 'പൊരുളില്ലാത്ത കിനാവ്,' 'അഭിലാഷങ്ങൾ,' 'രക്തം പുരണ്ട മൺതരികൾ' എന്നിവയാണ് അതിലെ കഥകൾ. വിക്ടോറിയ കോളേജിലെ സുഹൃത്തുക്കൾ മുൻകൈയെടുത്ത് പാലക്കാട് കലാരാധകസംഘത്തിന്റെ ബാനറിലാണ് പുസ്തകം പുറത്തിറങ്ങിയത്. കോളേജിൽ എം.ടിയുടെ മുതിർന്ന വിദ്യാർത്ഥിയും ധനികനും കോളേജ് ക്രിക്കറ്റ് ടീം അംഗവുമൊക്കെയായ മനയ്ക്കംപാട്ട് ഉണ്ണിക്കൃഷ്ണനാണ് (എം.ജി. ഉണ്ണി) ആദ്യ പ്രസാധകനായത്. അഞ്ഞൂറു കോപ്പികളാണ് ആദ്യപതിപ്പായി അച്ചടിച്ചത്. പുസ്തകത്തിന്റെ ഭൂരിപക്ഷം കോപ്പികളും കുട്ടികൾക്കിടയിൽത്തന്നെ വിറ്റഴിഞ്ഞു. കുന്നംകുളത്തെ പുസ്തകവിൽപ്പനശാലയിൽ കുറച്ചു കോപ്പികൾ ഏൽപ്പിച്ചു. ഉണ്ണിയെക്കുറിച്ചുള്ള ഓർമ്മകൾ എം.ടി. ഇങ്ങനെ അയവിറക്കുന്നു:

'എം.ജി. ഉണ്ണിയെന്ന വ്യക്തി ഉണ്ടായിരുന്നില്ലെങ്കിൽ ഞാൻ ഉണ്ടാവുമായിരുന്നില്ല. വല്ലാത്തൊരു ജീവിതരീതിയായിരുന്നു അദ്ദേഹത്തിന്റേത്. ഉണ്ണിയുടെ അനുജനും സഹോദരിയും എന്റെ സഹപാഠികളായിരുന്നു. ക്രിക്കറ്റും ഫുട്ബോളും സിനിമയുമായിരുന്നു ഉണ്ണിക്കു ജീവിതം. വല്ലാത്ത ചീട്ടുകളിഭ്രമവുമുണ്ട്. ചീട്ടുകളിച്ച് പണം നേടുകയും നഷ്ടപ്പെടുത്തുകയുമൊക്കെ ചെയ്യും. ഹോസ്റ്റലിൽ താമസിക്കുമ്പോൾ പല കഥകളും ഉണ്ണി ഭീഷണിപ്പെടുത്തിയാണ് എന്നെക്കൊണ്ട് എഴുതിച്ചത്. കഥകളുടെ ആദ്യവായനക്കാരനും വേറാരുമല്ല. ചീട്ടുകളിച്ചും മറ്റുള്ളവരെ വിരട്ടിയും സമ്പാദിച്ച പണമാണ് രക്തം പുരണ്ട മൺതരികളുടെ പ്രസാധനത്തിന് ഉപയോഗിച്ചത്. കുറെക്കാലം കഴിഞ്ഞ് ഒരുനാൾ പ്രിയപ്പെട്ട ഉണ്ണിയുടെ മരണവാർത്തയും കേട്ടു.'

'ഓ, ഈ കറുത്ത മൺതരികൾ നോക്കൂ... രക്തം പുരണ്ട ഈ മൺതരികൾ..!
ഞാൻ ഈ മൺതരികളുടെ മുമ്പിൽ തല കുനിക്കട്ടെ!'

കേരളത്തിലെ കമ്യൂണിസ്റ്റ് മുന്നേറ്റങ്ങളുടെ പശ്ചാത്തലത്തിൽ രചിക്കപ്പെട്ട 'രക്തം പുരണ്ട മൺതരികൾ' കൗമുദി ആഴ്ചപ്പതിപ്പിലാണ് ആദ്യം അച്ചടിച്ചുവന്നത്. പാലക്കാട്ടും പരിസരങ്ങളിലും കമ്യൂണിസ്റ്റ് സമരങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് എം.ടി. ഈ കഥ രചിച്ചത്. കമ്യൂണിസ്റ്റ് നേതാക്കളുടെ ഒളിവുജീവിതവും ഇതിൽ വിഷയമായി. കമ്യൂണിസത്തെ പ്രോത്സാഹിപ്പിക്കുന്ന കഥയാണിതെന്ന ആരോപണം ഉയർന്നു. ഇതുമായി ബന്ധപ്പെട്ട് പോലീസുദ്യോഗസ്ഥർ എം.ടിയെ ചോദ്യംചെയ്യുകയുമുണ്ടായി! എന്തായാലും വായനക്കാർ ഏറ്റെടുത്ത കഥയായി ഇത്.

കേരളക്ഷേമം, ചിത്രകേരളം, ജയകേരളം, കൗമുദി ആഴ്ചപ്പതിപ്പ്, കേരളോദയം, മലയാളി, പൂമാല, ചന്ദ്രിക ആഴ്ചപ്പതിപ്പ് തുടങ്ങിയ പ്രമുഖ പ്രസിദ്ധീകരണങ്ങളിലൊക്കെ കഥകൾ അച്ചടിച്ചുവന്നിട്ടും, രക്തം പുരണ്ട മൺതരികൾ എന്ന പ്രഥമ കഥാസമാഹാരം ജനസമ്മതി നേടിയിട്ടും മാതൃഭൂമി ആഴ്ചപ്പതിപ്പ് എം.ടി. എന്ന കഥാകാരനെ തെല്ലും ഗൗനിച്ചില്ല. പ്രമുഖരുടെ രചനകൾ മാത്രം പ്രസിദ്ധീകരിക്കുന്ന ആഴ്ചപ്പതിപ്പ് എന്ന തോന്നലുണ്ടായിരുന്നതിനാൽ അതിലേക്ക് രചനകൾ അയയ്ക്കാനുള്ള ധൈര്യം വന്നില്ല എന്നും പറയാം.

മാതൃഭൂമിയിൽ കഥ അച്ചടിച്ചുവന്നാൽ മാത്രം ഒരാൾ കഥാകാരനായി അംഗീകരിക്കപ്പെടുന്ന കാലംകൂടിയായിരുന്നു അത്. അധികം വൈകാതെ മാതൃഭൂമി ആഴ്ചപ്പതിപ്പ് എം.ടി. എന്ന കഥാകാരനെ ആർഭാടപൂർവ്വം സ്വീകരിക്കുന്ന കാഴ്ചയും കാണാനായി. അതിനു നിമിത്തമായതാവട്ടെ, വിക്ടോറിയ കോളേജിലെ അവസാനകാലത്ത് എഴുതിയ 'വളർത്തുമൃഗങ്ങൾ' എന്ന ചെറുകഥയും! എം.ടി. പറയുന്നു:

'വിക്ടോറിയ കോളേജിനടുത്ത് ഒരു സർക്കസ് കമ്പനിക്കാർ ടെന്റടിച്ച് പ്രദർശനം നടത്തുന്നു. നിറഞ്ഞ സദസ്സിലാണ് ഓരോ പ്രദർശനവും. 'ഭാരത് സർക്കസാ'ണ് അരങ്ങേറുന്നത്. സർക്കസ് മാനേജർ എന്റെ സുഹൃത്തായിരുന്നു. സർക്കസിന്റെ പ്രചാരണത്തിനുള്ള നോട്ടീസുകളും പത്രക്കുറിപ്പുകളും എഴുതിക്കൊടുത്തത് ഞാനാണ്. അതിനു പ്രതിഫലമായി പകൽസമയത്ത് ടെന്റുകളിൽ ചുറ്റിനടക്കാനുള്ള അനുവാദം എനിക്കു കിട്ടി. സർക്കസ് കലാകാരന്മാരുടെ ജീവിതം അടുത്തറിയാൻ ആ അവസരം എനിക്കു പ്രയോജനപ്പെട്ടു.'

'വളർത്തുമൃഗങ്ങളു'ടെ രചന പൂർത്തിയായ സമയത്ത് മാതൃഭൂമി ദിനപത്രത്തിൽ ഒരു ചെറുകഥാമത്സരത്തിന്റെ അറിയിപ്പു വന്നു. 1953ലെ മികച്ച ചെറുകഥ കണ്ടെത്തുന്നതിനായി ന്യൂയോർക്കിലെ ഹെറാൾഡ് ട്രിബ്യൂൺ നടത്തുന്ന മത്സരത്തെക്കുറിച്ചുള്ള അറിയിപ്പായിരുന്നു അത്. ഹിന്ദുസ്ഥാൻ ടൈംസുമായി സഹകരിച്ചുകൊണ്ട് മാതൃഭൂമിയാണ് മലയാളത്തിൽ മത്സരം നടത്തുന്നത്. അതിലേക്ക് കഥകൾ ക്ഷണിച്ചിരുന്നു. തൊട്ടുമുമ്പത്തെ വർഷം മലയാളത്തിൽ ഒന്നാം സമ്മാനം നേടിയത് കെ.ടി. മുഹമ്മദിന്റെ 'കണ്ണുകൾ' എന്ന കഥയാണ്. പത്രത്തിലെ അറിയിപ്പു കണ്ട് ഒരു സുഹൃത്ത് എം.ടിക്ക് എഴുതി:

'മത്സരത്തിന്റെ അറിയിപ്പ് ഇതോടൊപ്പം അയയ്ക്കുന്നു. 'വളർത്തുമൃഗങ്ങൾ' എന്ന കഥ മത്സരത്തിനയയ്ക്കുന്നതു നന്നായിരിക്കും. നാലു സമ്മാനങ്ങളിൽ ഏതെങ്കിലുമൊന്ന് കിട്ടാതിരിക്കില്ല.'

ഏതായാലും എം.ടി. സുഹൃത്തിനെ നിരാശപ്പെടുത്തിയില്ല. കഥ മത്സരത്തിനയച്ചു. പിന്നെ അതേക്കുറിച്ച് മറന്നു. വിക്ടോറിയ കോളേജിൽനിന്ന് അതിനകം ബിരുദധാരിയായി പുറത്തിറങ്ങി. ജോലിയുടെ കാര്യം അപ്പോഴും അനിശ്ചിതത്വത്തിലാണ്. ശാസ്ത്രപഠനം ജോലി ഉറപ്പുനൽകുമെന്നൊക്കെയുള്ള പ്രസ്താവനകൾ അർദ്ധസത്യം മാത്രമാണെന്ന് അദ്ദേഹത്തിനു മനസ്സിലായി. എങ്ങനെയും ഒരു ജോലി സംഘടിപ്പിച്ചേ പറ്റൂ. അതിനായുള്ള അന്വേഷണങ്ങളിൽ ഏർപ്പെട്ടു അദ്ദേഹം.

മലബാർ ഡിസ്ട്രിക്ട് ബോർഡിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഹൈസ്‌കൂളുകളിൽ താത്കാലിക അധ്യാപകരെ നിയമിക്കുന്നുണ്ടെന്ന് എം.ടിക്ക് അറിവുകിട്ടി.

താത്കാലിക നിയമനത്തിന് ബി.ടി. ബിരുദം നിർബന്ധമില്ല. ഒന്നു ശ്രമിച്ചാൽ ആ ജോലി കിട്ടും. അരവിന്ദനെന്ന വിക്ടോറിയയിലെ സുഹൃത്തിൽനിന്നും കുട്ടമ്മാമയിൽ നിന്നും കടം വാങ്ങിയ പണംകൊണ്ട് എം.ടി. കോഴിക്കോട്ടെത്തി. അവിടെ ദിനപ്രഭയിൽ ജോലി ചെയ്യുകയായിരുന്ന ബാലേട്ടനെ ചെന്നു കണ്ട് ജോലിക്കാര്യം പറഞ്ഞു. പിയേഴ്സ്ലസ്ലി കമ്പനിയിലെ ഉദ്യോഗസ്ഥനായ മറ്റൊരു ബാലേട്ടനെയും കണ്ടു. കമ്പനിയിൽ ജോലി കിട്ടുക എളുപ്പമുള്ള കാര്യമല്ലെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും എം.ടിക്ക് പ്രതീക്ഷ നൽകുന്ന മറുപടിയാണ് അദ്ദേഹത്തിൽനിന്നുണ്ടായത്:

'നീ വിഷമിക്കേണ്ട. ഡിസ്ട്രിക്ട് ബോർഡ് സ്‌കൂളിലേക്കുള്ള അപേക്ഷ വൈകാതെ അയച്ചോളൂ. ബോർഡ് ഓഫീസിലെ സൂപ്രണ്ട് എന്റെ പരിചയക്കാരനാണ്. ഞാൻ വേണ്ടവിധം പറഞ്ഞോളാം.'

വലിയ പ്രതീക്ഷയൊന്നുമില്ലെങ്കിലും എം.ടി. നാട്ടിലേക്കു മടങ്ങി അപേക്ഷ അയച്ചു. അദ്ദേഹത്തെ അതിശയിപ്പിച്ചുകൊണ്ട് ഒരാഴ്ചയ്ക്കകം നിയമന ഉത്തരവു വന്നു! പട്ടാമ്പി ഗവ. ഹൈസ്‌കൂളിലാണ് നിയമനം. കുറച്ചു മാസങ്ങൾ മാത്രമേ അൺട്രെയിൻഡ് അദ്ധ്യാപകർക്ക് ജോലിയുണ്ടാവൂ. സ്ഥിരം നിയമനമുണ്ടാവുമ്പോൾ ജോലി ഒഴിയേണ്ടിവരും. അറുപത്തൊമ്പതു രൂപയാണ് പ്രതിമാസ ശമ്പളം. താമസവും ഭക്ഷണവുമൊക്കെ കഴിഞ്ഞാലും കുറച്ചു പണം മിച്ചംപിടിക്കാമെന്ന് അദ്ദേഹം കണക്കുകൂട്ടി. ഒട്ടും പരിചയമില്ലാത്ത പട്ടാമ്പിയിലിറങ്ങി സ്‌കൂളിലെത്തിയപ്പോൾ ആശ്വാസമായി. കുമരനെല്ലൂർ ഹൈസ്‌കൂളിലെ ഹെഡ്മാസ്റ്ററായിരുന്ന എസ്.ആർ. സുബ്രഹ്‌മണ്യ അയ്യരാണ് അവിടത്തെ പ്രധാനാധ്യാപകൻ. പരിചയം പുതുക്കിയശേഷം അദ്ദേഹം പറഞ്ഞു:

'കേശവൻ നമ്പൂതിരി മാഷിന്റെ ലീവ് വേക്കൻസിയിലാണ് വാസുദേവന് നിയമനം കിട്ടിയിരിക്കുന്നത്. ആറുമാസമെങ്കിലും മാഷ് ലീവായിരിക്കും. ടൈംടേബിളനുസരിച്ച് മാഷിന്റെ പിരീഡുകൾ വാസുദേവൻ എടുക്കണം. മാഷ് എടുത്തിരുന്ന കോംപോസിറ്റ് മാത്സാണ് പഠിപ്പിക്കേണ്ടത്. കെമിസ്ട്രിയും ബോട്ടണിയും സുവോളജിയും പഠിച്ച് ബിരുദമെടുത്ത വാസുദേവന് അതൊരു ബുദ്ധിമുട്ടാവുമോ?'
'ഇല്ല,' എം.ടി. പറഞ്ഞു.

കോംപോസിറ്റ് മാത്സ് അങ്ങേയറ്റം സങ്കീർണമായ വിഷയമായിരുന്നു. ഭാഗ്യവശാൽ കോഴിക്കോട്ടുകാരനായ രാമകൃഷ്ണൻ എന്ന ഗണിത ബിരുദധാരിയായ അധ്യാപകന്റെ സഹായം അധ്യയനത്തിൽ എം.ടിക്കു ലഭിച്ചു. എം.ടി. ജോലിക്കു ചേർന്ന ആദ്യദിവസംതന്നെയായിരുന്നു സ്‌കൂളിലെ മലയാള സമാജത്തിന്റെ ഉദ്ഘാടനവും. പ്രശസ്തരായ ഉള്ളാട്ടിൽ ഗോവിന്ദൻകുട്ടിനായരും പി.ജി. പട്ടാമ്പിയുമായിരുന്നു ചടങ്ങിന്റെ മുഖ്യാതിഥികൾ. പരിപാടി തുടങ്ങുന്നതിനു തൊട്ടുമുമ്പാണ് അനാരോഗ്യംമൂലം ഗോവിന്ദൻകുട്ടിനായർ വരുന്നില്ലെന്ന വിവരം ലഭിച്ചത്. എം.ടിയുടെ കഥകളെക്കുറിച്ച് വായിച്ചറിവുള്ള ഒരു അധ്യാപകൻ ചടങ്ങിൽ പ്രസംഗിക്കണമെന്ന് അദ്ദേഹത്തോട് അഭ്യർത്ഥിച്ചു. എം.ടി. ഒട്ടും മടിക്കാതെ ആ ക്ഷണം സ്വീകരിച്ചു. വിദ്യാർത്ഥികൾക്കു മുന്നിൽ ആളാവാനുള്ള ഒരവസരമായാണ് അദ്ദേഹം തന്റെ പ്രസംഗത്തെ കണ്ടത്.

പട്ടാമ്പി ഹൈസ്‌കൂളിലെ മറ്റ് അധ്യാപകർക്കൊപ്പം പുഴയോരത്തെ ആറു മുറികളുള്ള കെട്ടിടത്തിലെ സിംഗിൾ റൂമിൽ എം.ടിയും താമസം തുടങ്ങി. മറ്റെല്ലാവരും ചീട്ടുകളിയിൽ മുഴുകിയപ്പോൾ അദ്ദേഹം കോംപോസിറ്റ് മാത്സ് വഴങ്ങിക്കിട്ടാനുള്ള തീവ്രപരിശീലനത്തിലായിരുന്നു. ഭരതയ്യരുടെ ഹോട്ടലിൽനിന്നും അൽപ്പാഹാരം കഴിച്ച് നാളുകൾ നീങ്ങവേ, പറഞ്ഞതിലും നേരത്തേ കേശവൻ നമ്പൂതിരിമാഷ് ജോലിയിൽ തിരിച്ചുകയറി. അഞ്ചു മാസത്തെ സേവനം അങ്ങനെ അവസാനിച്ചതും എം.ടിക്ക് ചാവക്കാട് ഹൈസ്‌കൂളിൽ നിയമനം കിട്ടി. മൂന്നുനാലു മാസത്തേക്കാണ് നിയമനം. അവിടെച്ചെന്ന് ജോലിക്കു ചേർന്നു. പാട്ടിന്റെ ഗുരുനാഥൻ കിടാവുമാഷിന്റെ ചെറിയ മുറിയുടെ പാതിഭാഗത്ത് താമസം തുടങ്ങി. എന്നാൽ, പട്ടാമ്പിയിലേതുപോലെ സുഖകരമായിരുന്നില്ല ചാവക്കാട്ടെ അന്തരീക്ഷം. കർക്കശക്കാരനും ക്ഷിപ്രകോപിയുമായിരുന്ന സദാശിവയ്യരായിരുന്നു അവിടത്തെ പ്രധാനാദ്ധ്യാപകൻ. ജോലിയിൽ ചേർന്ന് ഏതാനും ദിവസങ്ങൾക്കകംതന്നെ സദാശിവയ്യരും എം.ടിയും തമ്മിൽ തെറ്റി. എന്തോ ചെറിയ കാര്യത്തിന് ഹെഡ്മാസ്റ്റർ അദ്ദേഹത്തെ എല്ലാവരുടെയും മുന്നിൽവെച്ച് കഠിനമായി ശാസിച്ചു. അത് എം.ടിക്ക് സഹിക്കാനായില്ല. ശാസന തീർന്നതും 'കമാ'ന്നൊരക്ഷരം മിണ്ടാതെ അദ്ദേഹം ഇറങ്ങിപ്പോന്നു. ക്ഷണികമായ ആ ജോലി അവസാനിപ്പിച്ച് തന്റെ ചെറിയ പെട്ടിയുമായി എം.ടി. നാട്ടിലേക്കു മടങ്ങി.

അതിനിടയിൽ, പരാജയപ്പെട്ട ഒരു തൊഴിലന്വേഷണംകൂടിയുണ്ടായി. ഹിന്ദു പത്രത്തിൽ 'വാണ്ടഡ്' കോളം അരിച്ചുപെറുക്കുന്നതിനിടയിലാണ് എം.ടി. അതു കണ്ടത്. മദ്രാസ് സർവ്വകലാശാലയിൽ നാലോ അഞ്ചോ കെമിസ്ട്രി ഡമോൺസ്ട്രേറ്റർമാരുടെ ഒഴിവുണ്ട്. മദ്രാസിൽവെച്ച് കൊളീജിയറ്റ് എഡ്യുക്കേഷൻ ഡയറക്ടർ നടത്തുന്ന മുഖാമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ശരാശരി ശമ്പളമുണ്ട്. തമിഴ്നാട്, ആന്ധ്രപ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങളിലെ കോളേജുകൾ മദ്രാസ് സർവ്വകലാശാലയ്ക്കു കീഴിൽ വരും. അതുകൊണ്ടുതന്നെ മത്സരം കനക്കും. കിട്ടാനുള്ള സാദ്ധ്യത കുറവുതന്നെ. എന്നാലും അപേക്ഷ അയച്ചു. സഹപാഠികളായ ചിലർ താംബരത്തെ 'മദ്രാസ് ക്രിസ്ത്യൻ കോളേജി'ൽ ബിരുദാനന്തരബിരുദ വിദ്യാർത്ഥികളാകയാൽ ചെലവില്ലാതെ താമസം കഴിക്കാം. ജോലി കിട്ടുക ദുഷ്‌കരമാണെങ്കിലും അവസരം പാഴാക്കേണ്ടെന്ന് വലിയേട്ടനും ഉപദേശിച്ചു.

ആറു രൂപയുടെ തീവണ്ടി ടിക്കറ്റെടുത്ത് എം.ടി. ഷൊർണ്ണൂരിൽനിന്ന് മദ്രാസിലേക്ക് വണ്ടികയറി. ഇന്റർവ്യൂ വിചാരിച്ചപോലെ നന്നായില്ല. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമൊക്കെയെത്തിയ മിടുക്കരായ ഉദ്യോഗാർത്ഥികളുമായി മത്സരിച്ചു ജയിക്കാനുള്ള കഴിവ് മലയാളികൾക്കുണ്ടായിരുന്നില്ലെന്ന് എം.ടി. പറയുന്നു. വന്നകാര്യം നടന്നില്ലെങ്കിലും മദ്രാസ് സന്ദർശനം മറ്റൊരു വിധത്തിൽ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം തീരുമാനിച്ചു. തന്റെ കഥകളും ലേഖനങ്ങളുമൊക്കെ പ്രസിദ്ധീകരിച്ച ജയകേരളത്തിന്റെ ഓഫീസ് മദ്രാസ് ട്രിപ്ലിക്കേനിലെ ബെൽസ് റോഡിലാണ്. അവിടെയൊന്ന് കയറി എഡിറ്റർ സി.കെ. അപ്പുക്കുട്ടി ഗുപ്തനെ കാണാൻ നിശ്ചയിച്ചു. ജയകേരളം അച്ചടിക്കുന്ന 'ജനതാ പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനി'യിൽ കയറിച്ചെന്നപ്പോൾ എഡിറ്റർ അവിടെയില്ല. പകരം ഒരു സഹായിയെ കണ്ടു.

തന്റെ കുറച്ചു കഥകൾ ഉൾപ്പെടുത്തി വൈകാതെ ഒരു കഥാസമാഹാരം ജയകേരളം പുറത്തിറക്കുന്നു എന്ന സന്തോഷവാർത്തയും അയാളിൽനിന്ന് എം.ടിക്കു കിട്ടി. ഇപ്പോഴത്തെ സാമ്പത്തികപ്രാരബ്ധത്തിൽനിന്നു കരകയറാനായി ചെറിയൊരു തുക 'റോയൽറ്റി അഡ്വാൻസാ'യി ആവശ്യപ്പെട്ടതും അയാളുടെ ഭാവം മാറി. പുസ്തകം അച്ചടിക്കുന്നതുതന്നെ തങ്ങളുടെ ഔദാര്യമാണെന്ന ഭാവത്തിൽ അയാൾ ആ അഭ്യർത്ഥന നിഷ്‌കരുണം തള്ളി. അപ്പുക്കുട്ടി ഗുപ്തൻ അവിടെയുണ്ടായിരുന്നെങ്കിൽ പ്രതികരണം ഇങ്ങനെയാവുമായിരുന്നില്ല എന്ന് എം.ടിക്ക് ഉറപ്പായിരുന്നു. 1954-ൽ വെയിലും നിലാവും എന്ന തലക്കെട്ടിൽ ഭൂമിയിലെ സ്വർഗ്ഗം, ഭാഗ്യം, കുറ്റവാളി, മന്ത്രവാദി, വിശക്കാത്ത ദൈവങ്ങൾ എന്നീ കഥകൾ ചേർത്ത് ജയകേരളം പുസ്തകം പ്രസിദ്ധീകരിച്ചു. അതിന്റെ ഒരു കോപ്പിയാണ് ഗ്രന്ഥകാരന് അയച്ചുകിട്ടിയത്!

ചാവക്കാട് ഹൈസ്‌കൂളിൽനിന്നും ഹെഡ്മാസ്റ്ററുമായി പിണങ്ങിപ്പിരിഞ്ഞ എം.ടി. കൂടല്ലൂരിലെത്തി. ജോലി ശരിയാവാത്തതിന്റെ കടുത്ത നിരാശ അദ്ദേഹത്തെ വേട്ടയാടി. ഹിന്ദുവിലെ തൊഴിലവസരങ്ങൾ ശ്രദ്ധാപൂർവ്വം പരതിയും അപേക്ഷകൾ അയച്ചും കാത്തിരുന്നെങ്കിലും ഫലമുണ്ടായില്ല. അങ്ങനെയിരിക്കേ, 1953-ൽ കുമരനെല്ലൂർ ഹൈസ്‌കൂളിന്റെ രജതജൂബിലി ആഘോഷം വന്നു. ആഘോഷം പതിന്മടങ്ങു പൊലിപ്പിക്കാനുള്ള ശ്രമങ്ങൾ തുടങ്ങി. പൂർവ്വവിദ്യാർത്ഥി എന്ന നിലയിൽ എം.ടിയും ആ ഉത്സാഹക്കമ്മിറ്റിയിൽ അംഗമായി. സാംസ്‌കാരികസമ്മേളനവും കലാപരിപാടികളും ആസൂത്രണം ചെയ്തിട്ടുണ്ട്. തിക്കോടിയന്റെ ജീവിതം നാടകം, അക്കിത്തത്തിന്റെ അനുജൻ പരമേശ്വരന്റെ സ്ത്രീവേഷത്തോടെ അരങ്ങേറുന്നുണ്ട്. അതിനു പുറമേ ഒരു നിഴൽനാടകവും.

സാംസ്‌കാരികസമ്മേളനത്തിലെ മുഖ്യാതിഥികൾ ജി. ശങ്കരക്കുറുപ്പും ഒളപ്പമണ്ണയുമാണ്. ശങ്കരക്കുറുപ്പിനെപ്പറ്റി കേട്ടറിയാം. അദ്ദേഹത്തിന്റെ കവിതകളിലൂടെ കൂടുതൽ അറിഞ്ഞിട്ടുമുണ്ട്. എന്നെങ്കിലുമൊരിക്കൽ നേരിട്ടു പരിചയപ്പെടണമെന്ന് തോന്നിയ അപൂർവവ്യക്തിത്വം. കുറ്റിപ്പുറം റെയിൽവേ സ്റ്റേഷനിലെത്തുന്ന കുറുപ്പുമാഷെ സ്വീകരിച്ചു കൊണ്ടുവരാൻ താൻ തയ്യാറാണെന്ന് എം.ടി. സംഘാടകരെ അറിയിച്ചു. അന്നേ ദിവസം, ടാക്സിയുമായി കുറച്ചുനേരത്തേതന്നെ അദ്ദേഹം റെയിൽവേ സ്റ്റേഷനിലെത്തി. വണ്ടി വരാൻ ഇനിയും സമയമുണ്ട്. സ്റ്റേഷനിലെ ചെറിയ പുസ്തകശാലയിൽ പത്രവും മാസികകളും തൂങ്ങിക്കിടക്കുന്നു. എം.ടി. അതിൽനിന്ന് മാതൃഭൂമി പത്രമെടുത്ത് വെറുതേ മറിച്ചുനോക്കി. 1954 ജനുവരി ഒന്നാംതീയതി, വെള്ളിയാഴ്ചത്തെ പത്രമായിരുന്നു അത്. അതിന്റെ അഞ്ചാം പേജിലെ രണ്ടു കോളം വാർത്തയിൽ അദ്ദേഹത്തിന്റെ കണ്ണുടക്കി. അദ്ദേഹത്തിന് വിശ്വസിക്കാനായില്ല. ലോകകഥാമത്സരത്തിൽ തന്റെ 'വളർത്തുമൃഗങ്ങൾ'ക്ക് ഒന്നാംസമ്മാനം! ആ വാർത്ത ഇങ്ങനെ:

'ലോക ചെറുകഥാമത്സരം- മലയാളവിഭാഗത്തിലെ ഫലം പ്രഖ്യാപിച്ചു.
ഒന്നാംസമ്മാനം മി. എം.ടി. വാസുദേവൻ നായർക്ക്.
കോഴിക്കോട്, ഡിസംബർ 31

1953-ലെ വിശ്വോത്തര ചെറുകഥ കണ്ടുപിടിക്കുന്നതിനുവേണ്ടി ന്യൂയോർക്ക് ഹെറാൾഡ് ട്രിബ്യൂൺ എല്ലാ വൻകരയിലുമുള്ള രാജ്യങ്ങളിലെ പ്രമുഖ പത്രങ്ങളുടെ സഹകരണത്തോടുകൂടി നടത്തുന്ന ലോക ചെറുകഥാമത്സരത്തിൽ ഹിന്ദുസ്ഥാൻ ടൈംസിനോടു സഹകരിച്ചുകൊണ്ട് മാതൃഭൂമി ആഴ്ചപ്പതിപ്പ് നടത്തിയ മലയാള ചെറുകഥാമത്സരത്തിൽ വിജയംവരിച്ച നാലു കഥകളുടെയും കഥാകാരന്മാരുടെയും പേരുകൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

മലയാളമത്സരത്തിൽ ഒന്നാംസമ്മാനം നേടിയത് മി. എം.ടി. വാസുദേവൻ നായർ രചിച്ച 'വളർത്തുമൃഗങ്ങൾ' എന്ന കഥയാണ്. 'ചാത്തുവിന്റെ സമ്പാദ്യം' എന്ന തലക്കെട്ടിലുള്ള മി. വി. സുബ്രഹ്‌മണ്യൻ നമ്പൂതിരിയുടെ കഥ രണ്ടാംസമ്മാനത്തിനർഹമായി. 'ചെകുത്താന്റെ മകൾ' എന്ന മി. കെ.പി. വിജയന്റെ കഥയും, 'അവർ ജീവിക്കുന്നു' എന്ന മി. എൻ. ഗോവിന്ദൻകുട്ടിയുടെ കഥയും ആണ് ക്രമത്തിൽ മൂന്നും നാലും സമ്മാനങ്ങൾ നേടിയിരിക്കുന്നത്. വിജയികൾക്ക് യഥാക്രമം 500 ക., 250 ക., 150 ക., 100 ക. എന്നിങ്ങനെ സമ്മാനത്തുകയും ലഭിക്കും.'

അന്നത്തെക്കാലത്ത് വലിയ തുകയാണ് 500 രൂപ. അതിലേറെ എം.ടിയെ സന്തോഷിപ്പിച്ചത് മാതൃഭൂമിയിൽ ആദ്യമായി തന്റെ പേര് അച്ചടിച്ചുവന്നതാണ്. അദ്ദേഹം പലയാവൃത്തി പത്രവാർത്ത വായിച്ചുനോക്കി. അപ്പോഴേക്കും തീവണ്ടിയെത്തി. ജി. ശങ്കരക്കുറുപ്പുമൊത്തുള്ള കാർയാത്രയ്ക്കിടെ സമ്മാനത്തെക്കുറിച്ചും സംസാരമുണ്ടായി. അപ്പോൾ കാര്യമായൊന്നും പ്രതികരിക്കാതിരുന്ന ശങ്കരക്കുറുപ്പ് വാർഷികസമ്മേളനത്തിലെ പ്രസംഗത്തിനിടെ എം.ടിയെ മുക്തകണ്ഠം പ്രശംസിച്ചു. സ്വന്തം നാട്ടുകാരുടെ മുന്നിൽവെച്ച് ലഭിച്ച ആ അംഗീകാരം അദ്ദേഹത്തിന്റെ മനസ്സു നിറച്ചു; കണ്ണു നനയിച്ചു. ദൂരെ മാറിനിന്ന എം.ടിയെ അടുത്തുവിളിച്ച് അഭിനന്ദിക്കുകയും തന്റെ കഴുത്തിലെ കസവുമാല അണിയിക്കുകയും ചെയ്തു മഹാകവി. തന്റെ സാഹിത്യജീവിതത്തിലെ ഏറ്റവും വലിയ അംഗീകാരമായി അദ്ദേഹം അതിനെ കണ്ടു.

എഴുന്നൂറ്റിപ്പതിനഞ്ചു കഥകളിൽനിന്ന് പ്രാഥമികപരിശോധനയ്ക്കുശേഷം നൂറ്റിയിരുപത്തിയെട്ടെണ്ണം തിരഞ്ഞെടുത്തെന്നും ഡോ. കെ. ഭാസ്‌കരൻ നായർ, കുറ്റിപ്പുഴ കൃഷ്ണപിള്ള, ഇ.എം. കോവൂർ എന്നിവരാണ് വിജയികളെ നിശ്ചയിച്ചതെന്നുമടക്കമുള്ള വിശദമായ വിവരണങ്ങളോടെ 'ലോകകഥാമത്സരം-മലയാളത്തിൽ സമ്മാനാർഹർ' എന്ന തലക്കെട്ടിൽ ഒരു മുഴുവൻ പേജ് ലേഖനം 1954 ജനുവരി മൂന്നിന്റെ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ചേർത്തിരുന്നു (പൂർണ്ണരൂപം അനുബന്ധം II(8)-ൽ വായിക്കുക).

പ്രഖ്യാപനാനന്തരം ഒരു വർഷത്തോളം കഴിഞ്ഞാണ് സമ്മാനാർഹമായ കഥകൾ മാതൃഭൂമി പ്രസിദ്ധീകരിച്ചത്. 1954 ഡിസംബർ ഇരുപത്തിയാറിന്റെ ആഴ്ചപ്പതിപ്പിൽ എം.വി. ദേവന്റെ ചിത്രീകരണത്തോടെ 'വളർത്തുമൃഗങ്ങൾ' അച്ചടിച്ചുവന്നു. പിൽക്കാലത്ത് മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അമരക്കാരനായി മാറിയ എം.ടിയുടെ മാതൃഭൂമിയിലെ ആദ്യ കഥ! വലിയ പ്രാധാന്യത്തോടെയാണ് അതു വന്നത്. ആമുഖമായി 'എന്റെ കഥ' എന്ന തലക്കെട്ടിൽ എം.ടിയുടെ സാമാന്യം ദീർഘമായ എഴുത്തനുഭവങ്ങളും ചേർത്തു. 'ഇരുപത്തൊന്നു വർഷത്തെ ജീവിതാനുഭവങ്ങൾ മാത്രമാണ് എന്റെ മുമ്പിലുള്ളത്' എന്നു തുടങ്ങുന്നു അത്. (ലേഖനം മുഴുവനായി അനുബന്ധം II(10)-ൽ വായിക്കുക).

എം.ടിയുടെ എഴുത്തുജീവിതത്തിൽ വഴിത്തിരിവായി മാറിയ 'വളർത്തുമൃഗങ്ങൾ' എന്ന കഥ ഇങ്ങനെ തുടങ്ങുന്നു:

'നേർത്ത നിലാവ് തുറന്നിട്ട ജാലകത്തിലൂടെ മുറിയുടെ അകത്തേക്ക് എത്തിനോക്കുന്നുണ്ടായിരുന്നു. മൂടൽമഞ്ഞിന്റെ മങ്ങിയ യവനികയിലൂടെ ദൂരെയുള്ള പശ്ചിമഘട്ടത്തിലെ മലനിരകൾ അവ്യക്തമായ നിഴപ്പാടുകൾപോലെ കാണാമായിരുന്നു. രാത്രിയുടെ തണുത്തുറഞ്ഞ നിശ്ശബ്ദത അന്തരീക്ഷത്തെ വലയംചെയ്തിരിക്കുകയാണ്.

ജാനമ്മ മെത്തയിൽ അനങ്ങാതെ കിടന്നു. പാതിരയായിക്കാണും. എന്നിട്ടും ഉറക്കം വരുന്നില്ല. നിശ്ശബ്ദതയുടെ മരവിച്ച മേനിയെ വേദനിപ്പിച്ചുകൊണ്ട് ദൂരെ സർക്കസ് ടെന്റിൽനിന്ന് നേർത്ത ബാൻഡുസംഗീതം ഒഴുകിവരികയാണ്. രണ്ടാമത്തെ ഷോ കഴിയാറായിരിക്കുന്നുവെന്ന് ജാനമ്മ ഓർത്തു.'

Content Highlights: Explore MT Vasudevan Nair`s formative years at Victoria College, Palakkad. Discover his passion for classic literature, early writing struggles, and breakthrough literary achievements.