‘എന്റെ ഉപ്പ പോയി, വാസ്വേട്ടന്റെ എൻ.പിയും...’ എം.ടി-എൻ.പി ആത്മബന്ധത്തിന്റെ കഥ

എൻ.പി. മുഹമ്മദ്
എൻ.പി. മുഹമ്മദ്

ഇന്ന് (ജൂലൈ-1) എൻ.പി. മുഹമ്മദിന്റെ 97-ാം ജന്മദിനമാണ്. അദ്ദേഹത്തിന്റെ മകൻ എൻ.പി. ഹാഫിസ് മുഹമ്മദ് എഴുതിയ ‘എംടി-എൻപി: ഇരുകരകൾക്ക് ഒരാകാശം’ എന്ന പുസ്തകത്തിൽ നിന്ന് ഒരു ഭാഗം…

എം.ടി– എൻ.പി: ഇരുകരകൾക്ക്‌ ഒരാകാശം

ഉപ്പയുടെ മയ്യത്ത്, കഷ്ടപ്പാടുകൾക്കിടയിൽ ആഴ്ചവട്ടത്ത് ഉപ്പ പണിതുണ്ടാക്കിയ വീട്, ‘സുതല’ത്തിലെ നടുവകത്തെ മുറിയിൽ കിടത്തിയിരിക്കുന്നു. ഉപ്പ ജീവിതത്തിലേറെനേരം ചെലവഴിച്ച മുറിയാണത്. വായിക്കുകയും പലരോടും സംസാരിക്കുകയും തർക്കിക്കുകയും ചെയ്ത മുറി. ഉമ്മ ഉപ്പയോടു വാശിപിടിച്ച് ഉണ്ടാക്കിച്ച തടിച്ച ബെഞ്ചിലാണ് ഉപ്പയെ കിടത്തിയിരിക്കുന്നത്. വെള്ളത്തുണികൊണ്ട് ഉടലാകെ മൂടിയിരിക്കുന്നു. അനുശോചനമറിയിക്കാനെത്തുന്നവർക്ക് ഞങ്ങളിലാരെങ്കിലുമൊരാൾ മുഖം മറച്ച തുണിയറ്റം എടുത്തുയർത്തുന്നു. ആരൊക്കെ വന്നുപോയെന്നു തിട്ടമില്ല. പലരും അടുത്തുവന്ന് എന്റെയും ഏട്ടന്റെയും അനിയന്റെയും കൈ പിടിക്കുന്നു. ചുമലിൽ കൈ വെച്ച് ആശ്വാസവാക്കുകൾ പറഞ്ഞു. ഉപ്പ മരിച്ചുവെന്ന് വിശ്വസിക്കാനെനിക്കു കഴിഞ്ഞിരുന്നില്ല. എന്റെയും ജീവിതത്തിന്റെ ഭാഗമായി മാറിക്കഴിഞ്ഞിരുന്ന ഉപ്പ നിശ്ചലം കിടക്കുകയാണെന്നു കരുതാനാണ് ഞാൻ ശ്രമിച്ചത്. ഉച്ചനേരമായിരുന്നു അപ്പോൾ. ആ രാവിലെയുടെ തുടക്കത്തിലെപ്പോഴോ ആണ് ഉപ്പ മരിച്ചത്. കൃത്യസമയമറിയില്ല. തീവ്രപരിചരണമുറിയിലെ ഉപ്പയ്ക്കിഷ്ടമില്ലാത്ത യന്ത്രങ്ങളുടെ മുരൾച്ചകൾക്കിടയിലെപ്പോഴോ ആണ് ഉപ്പ ഒടുവിലത്തെ ശ്വാസം പുറത്തേക്കു വിട്ടത്. മണിക്കൂറുകൾ കഴിഞ്ഞിട്ടും എത്രയോ പേർക്ക് അവസാനമായി മുഖം കാണിക്കാൻ തുണിയറ്റമുയർത്തിക്കാണിച്ചിട്ടും ഉപ്പ പോയി എന്ന് വിശ്വസിച്ചിരുന്നില്ല. എനിക്കറിയാത്ത അത്തരമൊരു മിത്ഥ്യാഭ്രമത്തിൽ നടുവകത്ത് നിൽക്കുമ്പോഴാണ് ആരോ വന്നു പറഞ്ഞത്: ‘എം.ടി. വര്ണ്.’
ഓർമ്മയിലുണ്ട് ആ നേരം. അരയിലുറച്ചുനിൽക്കാത്ത മുണ്ട് വലതുകൈകൊണ്ട് കുത്തിപ്പിടിച്ച് ഉപ്പയുടെ മയ്യത്തിനരികിലേക്ക് വാസ്വേട്ടനെ ആരൊക്കെയോ അനുനയിക്കുന്നു. വാസ്വേട്ടൻ എന്നെ നോക്കുന്നു. ഞാൻ മുഖം താഴ്ത്തി. ആ നോട്ടത്തെ നേരിടാനെനിക്കാവില്ലായിരുന്നു. പിന്നോട്ടു മാറി ചുമരു പറ്റി, ആരുടെയോ കൈ പിടിച്ചു. ഏട്ടൻ നാസർ വാസ്വേട്ടന്റെയടുത്തേക്കു നീങ്ങുന്നു. വാസ്വേട്ടൻ ഏട്ടന്റെ ചുമലിൽ കൈ വെക്കുന്നു. ഏട്ടൻ വിതുമ്പി: ‘വാസ്വേട്ടാ, ഉപ്പ പോയി’. ആ നിമിഷം, ഉപ്പയുടെ മയ്യത്തിനരികെ, ആരുടെ മുന്നിലും തലകുനിക്കാത്ത മറ്റൊരാൾ, പലരും തന്നിഷ്ടക്കാരനെന്ന് ഒന്നുമറിയാതെ മുദ്രകുത്തിയ എഴുത്തുകാരൻ, ഞങ്ങളുടെ വാസ്വേട്ടൻ തളർന്നുവീണു. ആരൊക്കെയോ വാസ്വേട്ടനെയും ഏട്ടനെയും താങ്ങി ഉപ്പയുടെ കിടപ്പുമുറിയിലേക്കു കൊണ്ടുപോകുന്നു. ഉപ്പ കിടന്ന കട്ടിലിൽ വാസ്വേട്ടനെ കിടത്തുന്നു. ഏട്ടനടുത്തിരിക്കുന്നു. വാസ്വേട്ടന്റെ ഒച്ചയില്ലാത്ത വിതുമ്പൽ ഞാനറിയുന്നു. ഞാനാരുടെയോ ചുമലിൽ തല ചാരി. ആ നിമിഷം ഞാനറിഞ്ഞു. എന്റെ ഉപ്പ പോയി. വാസ്വേട്ടന്റെ എൻ.പി. പോയി.
ഈവിധം ഞാൻ വാസ്വേട്ടനെ ഒരിക്കലും കണ്ടിട്ടില്ല. പറയാനാവാത്ത ദുഃഖം കടിച്ചുപിടിച്ച് മയ്യത്ത് നമസ്‌കാരം നടന്ന പള്ളിയിലും ഖബറടക്കനേരത്തും വാസ്വേട്ടനുണ്ടായിരുന്നു.

ആത്മബന്ധത്തിന്റെ ആരംഭം

എം.ടിയും എൻ.പിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് പലരും ചോദിച്ചിട്ടുണ്ട്, പറഞ്ഞിട്ടുണ്ട്, എഴുതിയിട്ടുമുണ്ട്. എം.ടിയും എൻ.പിയും എഴുതിയത് അവരിരുവരും കൊണ്ടുനടന്ന സാഹിത്യബന്ധമാണ്. അതിനപ്പുറമുള്ള ബന്ധത്തെക്കുറിച്ച്, ആത്മബന്ധത്തിന്റെ വിസ്മയകരമായ അടരുകളെക്കുറിച്ച്‌ ഇരുവരും എഴുതിയിട്ടില്ല. എഴുതാനറിയാഞ്ഞിട്ടല്ല എന്ന് ഞങ്ങൾക്കറിയാം. പലർക്കുമറിയാം. ഒരുപക്ഷേ, എഴുതിത്തെളിഞ്ഞ രണ്ടു സർഗ്ഗപ്രതിഭകൾക്കുപോലും അക്ഷരങ്ങളിലെഴുതിപ്പിടിപ്പിക്കാനാവാത്ത പരിശുദ്ധിയാവണം ആ ഒരാത്മബന്ധമെന്ന് ഞാൻ വിശ്വസിക്കുന്നു. ഉപ്പയും വാസ്വേട്ടനും തമ്മിൽ വെച്ചുപുലർത്തിയ സ്‌നേഹത്തെ ഒരൊറ്റവാക്കുകൊണ്ട് ഇങ്ങനെ കുറിക്കാം: ശുദ്ധം. അതിനെക്കുറിച്ച് അശുദ്ധമാക്കപ്പെടുമാറ് എഴുതുന്നത്, അപൂർണ്ണമാക്കി രേഖപ്പെടുത്തുന്നത് ഉപ്പയ്‌ക്കോ വാസ്വേട്ടനോ ഇഷ്ടമാവില്ലെന്ന് ഞാൻ ഭയക്കുന്നുണ്ടുതാനും.
പഠനകാലത്തല്ല വാസ്വേട്ടനും ഉപ്പയും കണ്ടുമുട്ടുന്നത്. ഉപ്പ കോഴിക്കോട് സാമൂതിരി കോളേജിലാണ് പ്രീ യൂണിവേഴ്‌സിറ്റിക്കു പഠിക്കുന്നത്. ഉപ്പാപ്പയുടെ ദേശീയസമരത്തിലെ പങ്കാളിത്തവും ജയിൽവാസവും ഉപ്പയെ നേരത്തേ ജോലിയിൽ പ്രവേശിക്കുന്നതിനു കാരണമാക്കുകയായിരുന്നു. ഉപ്പ മൂത്തമകനായിരുന്നു. വാസ്വേട്ടൻ പാലക്കാട് വിക്ടോറിയ കോളേജിലാണ് പഠിച്ചത്. വാസ്വേട്ടൻ കോഴിക്കോട്ടെത്തുന്നത് അമ്പതുകളിലാണ്. അന്ന് ഉപ്പ സഹകരണസംഘത്തിലെ ഗുമസ്തനായിക്കഴിഞ്ഞിട്ടുണ്ട്. വാസ്വേട്ടൻ തുടക്കത്തിൽ സമാന്തര കലാലയത്തിൽ അദ്ധ്യാപകനായിരുന്നു. വാനപ്രസ്ഥം ആ നാളിന്റെ സർഗ്ഗരേഖയാണ്. വൈകാതെ വാസ്വേട്ടൻ മാതൃഭൂമി ആഴ്ചപ്പതിപ്പിൽ സഹപത്രാധിപരായി മാറി. ആ നാളുകളിലാണ് ഉപ്പയും വാസ്വേട്ടനും തമ്മിലുള്ള സൗഹൃദത്തിന്റെ ബീജാവാപം നടക്കുന്നത്. സമാനഭാവങ്ങളിൽനിന്ന് ഉയിർക്കൊണ്ട ആ സ്‌നേഹബന്ധം ചുരുങ്ങിയ കാലംകൊണ്ട് ആത്മബന്ധമായി വളർന്നിരുന്നു. ആ കാലത്താണ് അറബിപ്പൊന്ന് ഉലയിലിട്ടുരുക്കിയെടുക്കുന്നത്.

ഒടുക്കക്കുത്തിടാനാവാത്ത ബന്ധം

വാസ്വേട്ടൻ ആ കാലത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്; അറബിപ്പൊന്നിന്റെ ആമുഖക്കുറിപ്പിൽത്തന്നെ. പലേടങ്ങളിലും ആ നാളുകളെക്കുറിച്ച് അയവിറക്കിയിട്ടുമുണ്ട്. വാസ്വേട്ടൻ വൈകുന്നേരങ്ങളിൽ മാതൃഭൂമിയാപ്പീസിൽനിന്നിറങ്ങുന്നു. ഉപ്പയുടെ ഹൗസ് ബാങ്കിലെത്തുന്നു. അവിടെനിന്ന് ബാങ്ക്‌റോഡ് വഴി മാനാഞ്ചിറയിലേക്ക് നടക്കുന്നു. വഴിയിൽവെച്ചും മാനാഞ്ചിറയിലിരുന്നും മിഠായിത്തെരുവിലൂടെ നടന്നും ഇരുവരും നിർത്താതെ സംസാരിക്കുന്നു. സാഹിത്യത്തെയും കലയെയും കുറിച്ചാണവർ സംസാരിച്ചിരുന്നത്. കൈയിൽ കിട്ടുന്നതെന്തും വായിച്ചിരുന്ന കാലമാണത്. പട്ടിണികിടന്നും അവർ പുസ്തകങ്ങൾ വാങ്ങുന്നു. ഇംഗ്ലീഷ് പുസ്തകങ്ങൾ തേടിപ്പിടിക്കുന്നു. വായിച്ചു കൈമാറുകയും അതു കഴിഞ്ഞ് ചർച്ച നടത്തുകയും ചെയ്യുന്നു. പട്ടത്തുവിളയും കൂടെയുണ്ടാവും; ദേവേട്ടൻ (എം.വി. ദേവൻ) മറ്റൊരു തിളക്കമുറ്റ കണ്ണി. പിന്നെ ഇടയ്ക്ക് വന്നുചേരുന്നവരുണ്ട്. ആകാശവാണിയിലെ പി.സി. കുട്ടിക്കൃഷ്ണനും അക്കിത്തവും തിക്കോടിയനും എൻ.എൻ. കക്കാടുമൊക്കെ വന്നുംപോയും കൊണ്ടിരുന്നവർ. എഴുത്തുകാരുടെ അസാധാരണമായ ഒരു കൂട്ടായ്മയായിരുന്നു അറുപതുകളോടെ കോഴിക്കോട്ടു വേരുപിടിച്ചത്.
അന്നു തുടങ്ങിയ അവരുടെ വർത്തമാനംപറച്ചിൽ പിൽക്കാലത്ത് ഞാൻ സ്‌കൂളിലും കോളേജിലും പഠിക്കുമ്പോഴും മാറ്റമേതുമില്ലാതെ തുടരുന്നതു കണ്ടിട്ടുണ്ട്. ഉപ്പ പറയുന്നു: ‘വാസൂ, ഹെമിങ്‌വേയുടെ പുതിയ പുസ്തകം വായിച്ചുതീർത്തോ?’ വാസ്വേട്ടൻ പറയുന്നു: ‘എൻ.പീ, എന്തൊരെഴുത്താണല്ലേ അത്?’ പിന്നെ അതിനെക്കുറിച്ചുള്ള വർത്തമാനംപറച്ചിലാണ്. ഹെമിങ്‌വേയിൽനിന്ന് ഫോക്‌നറിലേക്ക് നീങ്ങുന്നു. ഫോക്‌നറിൽനിന്ന് അക്കാലത്തെ ഏതെങ്കിലും പുതിയ എഴുത്തുകാരിലേക്ക്, കേട്ടിട്ടില്ലാത്ത എഴുത്തുകാർ. അസാധാരണമായ പ്രമേയങ്ങൾ; രചനയുടെ അദ്ഭുതലോകങ്ങളിലേക്കുള്ള തീർത്ഥാടനം. അതിനിടയിൽ ഇരുവർക്കും പ്രിയപ്പെട്ട എഴുത്തുകാർ മിന്നിമറയുന്നു; ദെസ്തയേവ്‌സ്‌കി. വാസ്വേട്ടൻ കാരമസോവ് സഹോദരന്മാരിൽനിന്ന് ഒരു രംഗം ഉദ്ധരിക്കുന്നു. ഉപ്പ ടോൾസ്റ്റോയിയിലെത്തുന്നു. യുദ്ധവും സമാധാനവും ആകാശമായി ഉപ്പയുടെ ഭാഷണത്തിൽ വിരിയുന്നു. ഒരൊടുക്കക്കുത്തിടാനാവാതെ അവർ സാഹിത്യവും കലയും വിഷയമാക്കുന്നു. ഉപ്പ മരിക്കുംവരെയും അവരുടെ ഭാഷണത്തിൽ പുസ്തകങ്ങളും എഴുത്തുകാരും മാസികകളും മാത്രമായിരുന്നു. അവരുടെ ഭാഷണത്തിൽ, കുറേയേറെനേരം നീണ്ടുനിൽക്കുന്ന ഫോൺവർത്തമാനത്തിൽ മറ്റൊന്നും ഒഴുകിയെത്തുന്നില്ല. ആരോടും കാലുഷ്യമോ ശത്രുതയോ ഇല്ലാത്ത വർത്തമാനം. കപടതയോ ഒളിച്ചുവെക്കലുകളോ ഇല്ല, പരദൂഷണമില്ല. ആരെയും തൃപ്തിപ്പെടുത്താനുള്ള വിഷയങ്ങൾ സംഭാഷണത്തിലില്ല. ശുദ്ധിയുടെ ഭാഷണങ്ങളിലായിരുന്നു ആ സൗഹൃദത്തിന്റെ മേനി നിറഞ്ഞുതുളുമ്പിയത്.

ഇരുവരും ഉരുക്കിയെടുത്ത പൊന്ന്

അങ്ങനെയുള്ള വർത്തമാനം പറച്ചിലിലൊരിടത്തുവെച്ചാണ് അറബിപ്പൊന്നിന്റെ വിത്തുപാകുന്നത്. ഉപ്പയ്ക്കും വാസ്വേട്ടനും (അഴീക്കോടുമാഷിനും) ഉണ്ടായിരുന്ന മറ്റൊരു സമാനതാത്പര്യമായിരുന്നു ഡിറ്റക്ടീവ് നോവലുകളിലുള്ള താത്പര്യം. ഇയാൻ ഫ്‌ളെമിങ്ങും അഗതാക്രിസ്റ്റിയുമൊക്കെ ആ നാളിലവരുടെ പ്രധാന ഭക്ഷണമായിരുന്നു. അറുപതുകളിലാണത്. അക്കാലത്തുതന്നെയാണ് കോഴിക്കോട്ടെ കള്ളപ്പൊന്നിന്റെ കച്ചവടത്തെക്കുറിച്ചുള്ള കഥകൾ അവരുടെ സായംകാലങ്ങളിൽ വന്നുചേരുന്നത്. ഉപ്പയാണ് ഗോൾഡ് സ്മഗ്ലിങ് റാക്കറ്റിനെപ്പറ്റി ഒരു നോവലെഴുതാനാവുമെന്ന ആശയം മുന്നോട്ടുവെക്കുന്നത്. അറബിക്കല്യാണത്തെക്കുറിച്ചു കഥയെഴുതാനുള്ള മോഹം വാസ്വേട്ടനും പറഞ്ഞു.
എം.ടി. അറബിപ്പൊന്നിന്റെ ആമുഖത്തിൽ എഴുതുന്നു:
‘രണ്ടുപേർക്കുംകൂടി എഴുതിയാലെന്താ?
ആരാണ് ആ ആശയം അവതരിപ്പിച്ചതെന്ന് ഓർമ്മയില്ല എൻ.പിയോ ഞാനോ?
രണ്ടാളുംകൂടി എഴുതാൻ പറ്റുമോ?
പറ്റും.’
അങ്ങനെയാണവർ ആ തീരുമാനമെടുക്കുന്നത്. അറബിപ്പൊന്നിനെക്കുറിച്ച് രണ്ടുപേർ കൂടിയെഴുതുന്ന ഒരു നോവൽ. വിവരശേഖരണം നടത്തി, അഭിമുഖങ്ങളിലൂടെ അനുഭവങ്ങൾ ഒപ്പിയെടുത്തു. കഥ രണ്ടുപേർക്കും ഒരുപോലെ വിഷ്വലൈസ് ചെയ്യാൻ പറ്റുമെന്നറിഞ്ഞു. നോവലിന്റെ സിനോപ്‌സിസ് ഉണ്ടാക്കി. കഥാപാത്രങ്ങളെപ്പറ്റി തീരുമാനത്തിലെത്തി. അവരുടെ സവിശേഷതകൾ സൂക്ഷ്മവിശകലനംനടത്തി രൂപരേഖയുണ്ടാക്കി. ആഖ്യാനത്തിന്റെ രീതിയേതെന്നു തീരുമാനിച്ചു. ഏതു ഭാഗം വേണമെങ്കിലും രണ്ടുപേരിലാർക്കും എഴുതാമെന്ന നിലയെത്തിയപ്പോഴാണ് എഴുതിത്തുടങ്ങിയത്. കുറച്ചെഴുതിക്കഴിഞ്ഞപ്പോൾ, നാട്ടിലിരുന്ന് എഴുതിത്തീർക്കാനാവില്ലെന്നവർ തിരിച്ചറിഞ്ഞു. ദേവേട്ടന്റെ സഹായത്തോടെ നിലമ്പൂരിനടുത്തുള്ള കരുവാരക്കുണ്ടിലെ തൃക്കിരീടി മനയിലെ കളപ്പുരയിലെത്തി. ക്വാട്ടവെച്ച് രണ്ടുപേരും എഴുതിത്തുടങ്ങി. പതിനൊന്നു ദിവസംകൊണ്ടാണ് അറബിപ്പൊന്നിന്റെ ആദ്യരൂപം ഇരുവരും ഉണ്ടാക്കിയെടുത്തത്. നാട്ടിലെത്തി ഒരു കൊല്ലക്കാലെമടുത്ത് തിരുത്തിയും മാറ്റിയുമെഴുതി അവസാനരൂപത്തിലെത്തി. അസാധാരണമായൊരു സൗഹൃദത്തിന്റെ ഒന്നായിത്തീരൽ മലയാളത്തിലെ ആദ്യത്തെ കൂട്ടെഴുത്തിനെ സാദ്ധ്യവും സഫലവുമാക്കിത്തീർക്കുന്നതങ്ങനെയാണ്. ആത്മബന്ധത്തിന്റെ ശുദ്ധിയിൽനിന്നാണ് കലർപ്പില്ലാത്ത പൊന്നിന്റെ ആഭരണം ഉണ്ടാക്കിയെടുക്കുന്നത്.

ബന്ധത്തിലടയിരിക്കുന്ന വാചാലത

എഴുപതുകളോടെ വാസ്വേട്ടൻ ചലച്ചിത്രലോകത്തേക്കുകൂടി നീങ്ങി. മലയാള തിരക്കഥാരചനയുടെ പെരുന്തച്ചനായി. എം.ടി. സ്പർശം മലയാളസിനിമയുടെ അഭിമാനമായി. ഉപ്പയ്ക്ക് ചലച്ചിത്രം പ്രിയപ്പെട്ട കലാരൂപമായിരുന്നു. ഉപ്പയുടെ സിനിമാസങ്കൽപ്പത്തിനുതകുന്ന പരുവത്തിലല്ല മലയാള ചലച്ചിത്രലോകം. ചലച്ചിത്രപ്രവർത്തകരുമായി ഉപ്പയ്ക്ക് പൊരുത്തപ്പെടുകയെന്നത് പ്രയാസകരമായിരുന്നു. രുചിയറിഞ്ഞ് ഉപ്പ പിൻവാങ്ങുകയായിരുന്നു. വെട്ടിത്തുറന്നു പറയുന്ന ഉപ്പയുടെ സ്വഭാവം ചലച്ചിത്രനിർമ്മാതാക്കൾക്ക് അരുചികരമായിരുന്നു. ഉപ്പ ചോദിക്കുമായിരുന്നു: ‘വാസു, എങ്ങനെയാണിവരെയൊക്കെ സഹിക്കുന്നത്?’ വാസ്വേട്ടൻ ചിരിച്ചുകൊണ്ടു പറയുമായിരുന്നു. ‘എൻ.പീ, കച്ചവടസിനിമയിൽ നമ്മുടെ ചെറിയ അനുരണനങ്ങളുണ്ടാക്കാനാവുമോയെന്നു നോക്കുന്നു, നമുക്ക് സ്വതന്ത്രമായി എഴുതാൻ. ജീവീക്കാനുള്ള വക സിനിമ തരും. എൻ.പിക്കറിയില്ലേ, ആർതർ മില്ലർ ഹോളിവുഡിനുവേണ്ടി എഴുതിയുണ്ടാക്കുന്ന കാശുകൊണ്ട് ജീവിച്ച് തനിക്കു പ്രിയപ്പെട്ട ഒരു നാടകമെഴുതാൻ ശ്രമിക്കുന്നു’.
ഉപ്പയ്ക്ക് വിട്ടുവീഴ്ചകൾ വശമുണ്ടായിരുന്നില്ല. ഒരു വെട്ട്, കണ്ടം രണ്ട്. മുഖം നോക്കാതെ പറയാനുള്ളതു പറയും. ആശയങ്ങളുമായി ഏറ്റുമുട്ടുമ്പോൾ ഉപ്പയുടെ ശബ്ദമുയരും. തർക്കിക്കാൻ ഉപ്പ ബഹുസമർത്ഥനായിരുന്നു. പറയുന്നതിന് ഉപ്പയ്‌ക്കൊരു യുക്തിയുണ്ടാവും. ആരേയും തോൽപ്പിക്കാനല്ല. തന്റെ നിലപാട് വ്യക്തമാക്കാൻ പടപൊരുതും. വാസ്വേട്ടൻ എമ്പാടും സംസാരിക്കില്ല. തനിക്കു സംവദിക്കാനാവാത്തവർക്കു മുന്നിൽ വാസ്വേട്ടൻ മൗനിയായിരിക്കും. മീശ പിരിച്ചോ താടിക്കു കൈകൊടുത്തോ ബീഡി വലിച്ചോ തന്റെ ലോകത്തിലങ്ങനെ മിണ്ടാതിരിക്കും. ഉപ്പയോടു വർത്തമാനം പറയുമ്പോൾ എം.ടിയുടെ ശബ്ദം തെളിയും. കനത്ത ഒച്ചയാണ് വാസ്വേട്ടന്റേത്. എന്നാൽ മൃദുലഭാഷണമാണ് വാസ്വേട്ടന്റെ മിണ്ടാട്ടത്തെ തെളിമയുറ്റതാക്കുന്നത്. ഉപ്പയും വാസ്വേട്ടനും ഒത്തുചേരുമ്പോൾ ഒന്നു ചിരിക്കപോലും ചെയ്യാത്ത സാഹിത്യകാരനെന്നു പലരും മുദ്രകുത്തുന്നയാൾ വാചാലനാകുന്നതു കണ്ടിട്ടുണ്ട്. ഉപ്പയോടു മാത്രമല്ല, അക്ബറിനോടും എന്നോടുമൊക്കെ നിർത്താതെ സംസാരിക്കുന്ന തമാശപറയുന്ന ചിരിക്കുന്ന വാസ്വേട്ടനെ അനുഭവിക്കാനായിട്ടുണ്ട്.

ബന്ധപാശത്തിന്റെ ദൃഢത

വിഷമസന്ധികളിൽ ഉപ്പയും വാസ്വേട്ടനും പരസ്പരം ഊന്നുവടിയാകുന്നത് മനസ്സിലാക്കാനായിട്ടുണ്ട്. അവരുടെ സ്വകാര്യതകൾ പരസ്യപ്പെടുത്താനുള്ളതല്ല. അങ്ങനെയൊരു വർത്തമാനമോ എഴുത്തോ അവരിൽനിന്നുണ്ടായിട്ടുമില്ല. പക്ഷേ, ഉപ്പയുടെ പരാധീനതകളുടെ ഘട്ടങ്ങളിൽ വാസ്വേട്ടൻ എങ്ങനെ തണലായിരുന്നുവെന്നത് ഉപ്പ പറഞ്ഞിട്ടുണ്ട്. വാസ്വേട്ടന്റെ ജീവിതത്തിലെ ഒരു പ്രശ്‌നസന്ധിയിൽ ഉപ്പയോട് തീരുമാനമെടുക്കാൻ വാസ്വേട്ടൻ പറയുകയുണ്ടായിരുന്നു. ഉപ്പയെടുത്ത തീരുമാനം ഒരു ചെറുവിരൽ ശബ്ദംപോലുമുണ്ടാക്കാതെ വാസ്വേട്ടൻ അംഗീകരിക്കുകയായിരുന്നു. അതിനപ്പുറം വെളിപ്പെടുത്തുന്നതിൽ മറ്റൊരു ലോകത്തുനിന്ന് ഉപ്പയും അനിഷ്ടം കാണിച്ചേക്കും. പരസ്പരം ഇങ്ങനെ മനസ്സിലാക്കാനും ബഹുമാനം നിലനിർത്താനും തികച്ചും വ്യത്യസ്താശയങ്ങളും അഭിപ്രായങ്ങളുമുള്ള രണ്ടുപേർക്കാവുമോ എന്നു ഞാൻ സംശയിച്ചിട്ടുണ്ട്. അലസഭാഷണത്തിൽപ്പോലും ഉപ്പ വാസ്വേട്ടനെ കുറ്റപ്പെടുത്തുകയോ പഴിചാരുകയോ പരിഹസിക്കുകയോ ചെയ്തതു കേട്ടിട്ടില്ല. പടയാളിയുടെ വാളിന്റെ മൂർച്ചയുള്ള വാക്കുകളിൽ ഉപ്പ ചുടുചൊല്ല് നടത്തുന്നത് ഞാൻ എമ്പാടും അറിഞ്ഞിട്ടുണ്ട്. എതിർപ്പുകളിൽ രൂക്ഷതയുടെ മൂർച്ച പലരേയും വേദനിപ്പിക്കാറുമുണ്ട്. അസാന്നിദ്ധ്യത്തിൽപ്പോലും വാസ്വേട്ടനെക്കുറിച്ച് ആവിധം പറയുന്നതു കേട്ടിട്ടില്ല. വാസ്വേട്ടനും ഉപ്പയെക്കുറിച്ചു സംസാരിക്കുമ്പോൾ മൃദുലതയുടെ ശബ്ദമായി മാറുന്നതു കേട്ടിട്ടുണ്ട്. മറിച്ച് ഉപ്പയോടുള്ള സ്‌നേഹം വാസ്വേട്ടൻ എമ്പാടും കാണിക്കുന്നത് എന്നെയും ഏട്ടനെയും വിസ്മയപ്പെടുത്തിയിട്ടുണ്ട്. മകൾ യാരി കുട്ടിയായിരിക്കുമ്പോൾ, കുടുംബസമേതം ഞാനും അക്ബറും ‘സിതാര’യിലെത്തിയപ്പോൾ, സരസ്വതിച്ചേച്ചിയില്ലാത്ത ഒരു ദിവസം, അടുക്കളയിൽക്കേറി മക്കൾക്കു കൊടുക്കാനെന്തൊക്കെയോ എടുത്തുകൊണ്ടുവന്ന വാസ്വേട്ടന്റെ ചിത്രം ഇപ്പോഴും മുന്നിലുണ്ട്. അനിയൻ സക്കീർ കുവൈറ്റിൽ ജോലിയെടുക്കുന്നത് വാസ്വേട്ടനറിയുമോയെന്ന് അവനറിയില്ലായിരുന്നു. ഉപ്പ പറഞ്ഞിരിക്കാം. വാസ്വേട്ടൻ കുവൈറ്റിലൊരിക്കൽ ചെന്നപ്പോൾ മീറ്റിങ്ങിനുപോയ സക്കീർ വാസ്വേട്ടനോട് അവന്റെ താമസസ്ഥലത്തു ചെല്ലാൻ ക്ഷണിച്ചു. സംഘാടകരതിനു തടസ്സമായി. വാസ്വേട്ടൻ സംഘാടകരോടു പറഞ്ഞത്രേ: ‘എന്തു മാറ്റിവെച്ചാലും വേണ്ടില്ല, എനിക്ക് സക്കീറിന്റെ താമസസ്ഥലത്തു പോകണം.’ സംഘാടകർ മാത്രമല്ല സക്കീറും അന്തംവിട്ടുപോയി. വാസ്വേട്ടനോട് ഏട്ടനും എനിക്കുമുള്ള അടുപ്പം സക്കീറിനില്ലായിരുന്നു. ബിരുദപഠനം കഴിഞ്ഞ് കുറച്ചുനാൾ നാട്ടിൽ ജോലിയെടുത്ത് കുവൈറ്റിലേക്കു പോയയാളാണ് സക്കീർ. പക്ഷേ, വാസ്വേട്ടന് എന്തുകൊണ്ട് സക്കീർ വേണ്ടപ്പെട്ടവനായി എന്നത്, എനിക്കു മനസ്സിലാകും. സക്കീറിക്കാര്യം പറയുമ്പോൾ കണ്ണു നനഞ്ഞത് എന്തുകൊണ്ടെന്നുമെനിക്കറിയാം. ഏട്ടൻ നാസറിനെക്കൊണ്ട് ആക്‌സൽ മുൻതെയുടെ സാൻമിഷേലിന്റെ കഥ (The story of San Michele) വിവർത്തനം ചെയ്യിച്ചത്, അത് ഭംഗിയാക്കാനാവശ്യമായ നിർദ്ദേശങ്ങൾ നൽകിയത്, മാതൃഭൂമി ആഴ്ചപ്പതിപ്പിലതു പ്രസിദ്ധീകരിച്ചത്, പുസ്തകമാക്കാൻ നിർബ്ബന്ധിച്ചത് അദൃശ്യമായ ഒരു രക്തബന്ധത്താലാണെന്നു ഞാൻ വിശ്വസിക്കുന്നു. ആദ്യത്തെ കഥകൾ അങ്ങിങ്ങായി വന്നപ്പോൾ പതുങ്ങിയ ശബ്ദത്തിൽ ഉപ്പയും വടേരി ഹസൻക്കയുമിരിക്കുമ്പോൾ ഹാഫിസ് എഴുത്തിൽ ഉപ്പയെ തോൽപ്പിക്കണമെന്ന് ചിരിച്ചുകൊണ്ടു പറഞ്ഞത്, ബന്ധപാശത്തിന്റെ വെളിപ്പെടുത്താനാവാത്ത ദൃഢതകൊണ്ടാണെന്നു ഞാനറിയുന്നു. അദ്ധ്യാപകനായപ്പോൾ, ആദ്യ കഥാപുസ്തകത്തിന് ഇടശ്ശേരി അവാർഡ് കിട്ടിയപ്പോൾ, കല്യാണമുറപ്പിച്ചപ്പോൾ, മകൾ യാരിയുടെ കല്യാണമുറപ്പിച്ചതു പറയാൻ അവളെയുംകൊണ്ട് പോയപ്പോൾ മറ്റൊരാൾക്കും മനസ്സിലാകാത്ത രക്തബന്ധത്തിന്റെ വശ്യത അനുഭവിച്ചിട്ടുണ്ട്. യാരിയുടെ കല്യാണത്തിന് ഉപ്പയുണ്ടായിരുന്നില്ല. വേറൊരാളുടെയടുത്തുപോയി അവൾക്കനുഗ്രഹം തേടാനുമുണ്ടായിരുന്നില്ല. കല്യാണം കാണാൻ എന്റെ ഉപ്പ ഇല്ലാതിരുന്ന അവളുടെ സങ്കടം മറ്റൊരുവഴിക്കുമെനിക്ക് തീർക്കാനും കഴിയുമായിരുന്നില്ല. ഉപ്പയില്ലല്ലോ എന്നു വിഷമിക്കുന്നനേരം ഞാൻ ഓർക്കുന്ന ഒരാൾ, കാണാനാഗ്രഹിക്കുന്നയാൾ മറ്റാരുമല്ല.
സൗഭാഗ്യങ്ങളുടെ ഊഴങ്ങൾ

ഉപ്പയും വാസ്വേട്ടനും തമ്മിലുള്ള ബന്ധത്തിന്റെ ദൃഢത മനസ്സിലാക്കാൻ ഞങ്ങൾക്ക് ഒരു സൗഭാഗ്യമുണ്ടായി: ഉപ്പ, വാസ്വേട്ടൻ, എം.എം. ബഷീർ, അഴീക്കോട് മാഷ്, ഇ.വി. അബ്ദു തുടങ്ങിയവർ ഒന്നിച്ചാരംഭിച്ച ‘ക്ലാസിക് ബുക്‌ട്രസ്റ്റി’ന്റെ പ്രവർത്തനം. ബഷീറിന്റെ അനുരാഗത്തിന്റെ ദിനങ്ങളായിരുന്നു ആദ്യഗ്രന്ഥം. തത്ത്വമസി രണ്ടാമത്തെ ഗ്രന്ഥം. ആ നാളുകളിൽ, വൈകുന്നേരം കോർട്ട് റോഡിലെ ആകാശം മുട്ടിനിൽക്കുന്ന ക്ലാസിക് ബുക്‌ട്രസ്റ്റിന്റെ വിശാലമായ ഓഫീസിൽ എല്ലാവരുമെത്തും. പുസ്തകപ്രസാധനത്തിനപ്പുറം ഗൗരവപ്പെട്ട വിഷയങ്ങൾ ചർച്ചചെയ്യാനുള്ള ശ്രമമായിരുന്നു അതിനു പിന്നിലെന്ന് എനിക്കു തോന്നിയിട്ടുണ്ട്. പഴയ തർക്കങ്ങളും സംവാദങ്ങളും സടകുടഞ്ഞെണീക്കുന്നത് ആസ്വദിച്ചിരുന്നിട്ടുണ്ട്. ഒരിടവേളയ്ക്കുശേഷം ഉപ്പയും വാസ്വേട്ടനും പഴയകാലത്തിലേക്കു പോകുകയായിരുന്നു.
വാസ്വേട്ടൻ രണ്ടാമൂഴമെഴുതാനൊരുങ്ങുന്നത് ആ കാലത്താണ്. വൈകുന്നേരങ്ങളിൽ കുഞ്ഞുക്കുട്ടൻ തമ്പുരാന്റെ ഭാഷാഭാരതം വരികൾ ഉപ്പ ഉദ്ധരിക്കും. ഉപ്പയുടെ ഓർമ്മശക്തിയെ അഴീക്കോടു മാഷും വാസ്വേട്ടനും ആദരവോടെ പ്രശംസിക്കും. മഹാഭാരതചർച്ചയാണ് പിന്നെ. അപ്പോൾ തലേന്ന് വാസ്വേട്ടൻ ആവശ്യപ്പെട്ട മഹാഭാരതപുസ്തകങ്ങളുമായി എം.എം. ബഷീർ സാറെത്തുന്നു. ഒന്നും മിണ്ടാതെ വാസ്വേട്ടൻ പേജുകൾ മറിച്ച് തലകുലുക്കുന്നു. ബഷീർസാറിനോടുള്ള നന്ദി ഒരു ചിരിയിൽ വെളിപ്പെടുത്തുന്നു. രണ്ടാമൂഴത്തിന്റെ രചനയുടെ ഓരോ ഘട്ടവും ഉപ്പയ്ക്കറിയാമായിരുന്നു.
വാസ്വേട്ടൻ എഴുതിത്തുടങ്ങിയപ്പോൾ രണ്ടാമൂഴത്തിന്റെ അദ്ധ്യായങ്ങൾ ഉപ്പയ്ക്ക് എത്തിച്ചുകൊടുത്തു. ഉപ്പ ഇരുന്നയിരിപ്പിൽ അതു വായിക്കുന്നു, വാസ്വേട്ടന് ഫോൺ ചെയ്യുന്നു, അഭിപ്രായമറിയിക്കുന്നു. രണ്ടാമൂഴം പ്രസിദ്ധീകരിക്കുംമുമ്പെ മറ്റൊരാൾക്ക് വായിക്കാൻ കൊടുത്തിട്ടുണ്ടോ എന്നറിയില്ല. ഉപ്പ അത്ര താത്പര്യത്തോടെ മറ്റൊരു കൈയെഴുത്തുപ്രതി വായിച്ചിട്ടുണ്ടോ എന്നുമെനിക്കറിയില്ല. ഉപ്പയുടെ ആദ്യവായന കഴിഞ്ഞാൽ രണ്ടാമൂഴം എനിക്കായിരുന്നു. ഞാൻ ഉപ്പയോട് വായിച്ചതിനെക്കുറിച്ചു പറയും. ഉപ്പയുടെ ഫോൺവിളിയിൽ ചിലപ്പോൾ കേൾക്കാം: ‘ഹാഫിസ് പറഞ്ഞത്...’ അപ്പോഴായിരിക്കണം വാസ്വേട്ടൻ ഞാനതു വായിക്കുന്നുണ്ടെന്ന് അറിഞ്ഞിട്ടുണ്ടാവുക. ഏതോ ഒരദ്ധ്യായത്തെക്കുറിച്ച് പറയുമ്പോൾ വാസ്വേട്ടൻ ഉപ്പയോടു ചോദിച്ചു: ‘ഹാഫിസ് എന്തുപറഞ്ഞു?’
‘വല്യ കാര്യാ പറഞ്ഞത്’. ഉപ്പ തുടർന്നു. ‘കാലവും സംസ്‌കാരവും സമന്വയിപ്പിച്ചുണ്ടാക്കിയ സംഗീതം എന്നാണ് കക്ഷി പറഞ്ഞത്.’
ഉപ്പയോട് ഞാൻ ചോദിച്ചു: ‘വാസ്വേട്ടൻ എന്തു പറഞ്ഞു?’
‘വാസു ഒരു ചിരി പാസ്സാക്കി.’
ഉപ്പയിലൂടെ കിട്ടിയ വല്ലാത്തൊരു സൗഭാഗ്യമാണ് ആ വായന.
വാസ്വേട്ടന്റെ മറ്റൊരു കൃതിയുടെ ആദ്യവായനക്കാരൻ ഞാനായിരുന്നു; ദയ എന്ന പെൺകുട്ടിയുടെ. അറബിക്കഥകളിലെവിടെയോ ഒളിഞ്ഞുകിടന്ന ഒരു കല്ലെടുത്ത് രാകിരാകി വൈരക്കല്ലാക്കി മാറ്റിയ ബാലസാഹിത്യരചനയാണ് ദയ എന്ന പെൺകുട്ടി. മലർവാടി മാസികയ്ക്കുവേണ്ടി ഇ.വി. അബ്ദുസാഹിബ് വാസ്വേട്ടനെക്കൊണ്ടെഴുതിച്ച കൃതിയാണത്. മലർവാടിക്കുവേണ്ടി ചിത്രംവരയ്ക്കാൻ എന്നോടു നിർദ്ദേശിച്ചത് വാസ്വേട്ടൻതന്നെയായിരുന്നു. അങ്ങനെയാണ് ദയ എന്ന പെൺകുട്ടിയുടെ കൈയെഴുത്തുപ്രതി വായിക്കാൻ കിട്ടിയത്. അതൊരു ഭാഗ്യമായിരുന്നു. വായിക്കാനും വാസ്വേട്ടനോട് അതിനെക്കുറിച്ചു പറയാനും എന്നിട്ടതിനു വരയ്ക്കാനും കഴിഞ്ഞു. ‘മലയാളം പബ്ലിക്കേഷ’നുവേണ്ടി വാസ്വേട്ടനോട് ഞാനും അക്ബറും ഒരു പുസ്തകം തരണമെന്നു പറഞ്ഞപ്പോൾ ലഭിച്ചത് ദയ എന്ന പെൺകുട്ടി. വീണ്ടും വരയ്ക്കാനും പുസ്തകത്തിനു രൂപകൽപ്പനനടത്താനും കവർചിത്രം വരയ്ക്കാനും കഴിഞ്ഞു.

സ്‌നേഹസമ്മർദ്ദങ്ങളുടെ ബന്ധം

എഴുതിയത് പങ്കുവെക്കുക മാത്രമല്ല, എഴുതാൻ പോകുന്നത് പരസ്പരം പറഞ്ഞുരസിക്കുന്നതും ഉപ്പയുടെയും വാസ്വേട്ടന്റെയും ഇഷ്ടങ്ങളിൽ ഒന്നായിരുന്നു. രണ്ടാമൂഴവും 'വാനപ്രസ്ഥ'വും എഴുതുംമുമ്പേ ഉപ്പയിൽനിന്നു കേൾക്കാൻ കഴിഞ്ഞിട്ടുണ്ട്: ‘വാസു എഴുതാൻ പോകുന്ന ഒന്നിനെക്കുറിച്ചു കേൾക്കണോ...’ ഉപ്പ പറയും: ‘വാസൂ... ഇനിയെന്തായാലും എനിക്കതെഴുതണം.’ വാസ്വേട്ടൻ പറയുന്നു: ‘എഴുതണം എൻ.പീ... ആറ്റിക്കുറുക്കിയാൽ നമുക്ക് അധികമൊന്നും എഴുതാനില്ലല്ലോ.’ അങ്ങനെയൊരു പറച്ചിലിലാണ് ഉപ്പ ദൈവത്തിന്റെ കണ്ണ് എഴുതുന്നത്. ഉപ്പ എഴുതാനാശിക്കുന്നത് ഞങ്ങൾ മക്കളോടു പറയാറുണ്ട്. ഹിറ്റ്‌ലറിനെക്കുറിച്ചുള്ള നോവലെഴുതണം. ഉപ്പയുടെ യൗവനകാലം നോവലിലാക്കണമെന്ന് ഉപ്പ പറഞ്ഞിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിനെക്കുറിച്ചുള്ള നോവലിന്റെ ആദ്യരൂപം ഉപ്പ എഴുതിത്തീർത്തതാണ്. ഇതൊക്കെ എഴുതാനുള്ള പ്രേരണ ഉപ്പയ്ക്കു നൽകുമ്പോൾ ചോദ്യമുണ്ടാവും: ‘ഞാനാരോടും കരാർ ചെയ്തിട്ടില്ലല്ലോ? മരിക്കുംമുമ്പ് ഇത്രയ്ക്കു ഞാനെഴുതുമെന്ന് വാക്കു കൊടുത്തിട്ടില്ലല്ലോ..?’ ദൈവത്തിന്റെ കണ്ണ് എഴുതുമ്പോൾ ഉപ്പ പറയും: ‘വാസുവിന് ഞാനതുകൊടുക്കാമെന്നു പറഞ്ഞതാണ്...’ ആ ഒരു നോവൽ വാസ്വേട്ടനില്ലായിരുന്നെങ്കിൽ എഴുതുമായിരുന്നില്ലെന്നു തോന്നിയിട്ടുണ്ട്. ഓരോ അദ്ധ്യായങ്ങളും എഴുതി, ഞാനോ ഏട്ടനോ അനിയൻ ഫൈസിയോ വായിച്ച് അഭിപ്രായങ്ങൾ കേട്ട്, ചിലപ്പോൾ മാറ്റിയെഴുതി, പലകുറി മാറ്റിമറിച്ച് പകർപ്പുണ്ടാക്കിയാൽ പറയും: ‘വാസുവിനെ വിളിക്ക്...’ അസുഖങ്ങളുടെ വന്നുപോക്കുകൾക്കിടയിൽ ദൈവത്തിന്റെ കണ്ണു തുറന്നത് വാസ്വേട്ടന്റെ സ്‌നേഹസമ്മർദ്ദംകൊണ്ടാണെന്ന് ഞാനുറച്ചു വിശ്വസിക്കുന്നു.
അബ്ദുറഹ്‌മാൻ നോവൽ ഉപ്പ എഴുതിവെച്ചിരുന്നു. രണ്ടോ മൂന്നോ ആഴ്ചകൊണ്ട് അതെഴുതിത്തിർക്കുകയായിരുന്നു. ഞാനും അനിയനുമത് വായിച്ചതാണ്. മാറ്റിയെഴുതുന്ന കാര്യം പറയുമ്പോൾ ഉപ്പ ഒഴിവുകഴിവുകൾ പറയും. കല്യാണവും യാത്രയയപ്പുമൊക്കെ കഴിഞ്ഞെഴുതാമെന്നു പറയും. ഉപ്പയുടെ മാതൃകയാണ് അബ്ദുറഹിമാൻ സാഹിബ്. ഉപ്പയും കെ.എ. കൊടുങ്ങല്ലൂരും എസ്.കെയും പി.പി. ഉമ്മർകോയയും ചേർന്നെഴുതിയ ബൃഹത് ജീവചരിത്രഗ്രന്ഥമാണ് മുഹമ്മദ് അബ്ദുറഹ്‌മാൻ. എന്നിട്ടും ഉപ്പ പല കാരണങ്ങൾ പറഞ്ഞ് നോവൽ മാറ്റിയെഴുതുന്നതിൽനിന്നൊഴിഞ്ഞുമാറി. ചിലപ്പോൾ, അതെഴുതിത്തീർക്കണ്ടേ എന്നു പറയുമ്പോൾ എന്നോട് ഉപ്പ ദേഷ്യപ്പെട്ടിട്ടുണ്ട്. പിന്നെ ഉപ്പയുടെ അവസാനകാല രോഗസംഘർഷകാലം ഞങ്ങളതു കൈയൊഴിഞ്ഞു. ഉപ്പയെഴുതിവെച്ച നോട്ട്ബുക്കും കാണാതായി. മരണാനന്തരം ഒരിക്കലും തുറന്നുനോക്കാനിടയില്ലാത്ത ഒരു ഫയലിൽനിന്നാണ് അതു കണ്ടെത്തിയത്. നോവൽ പൂർണ്ണരൂപത്തിലുണ്ട്. പകർത്തിയെഴുതുകയോ മിനുക്കുപണിയോ ചെയ്തിട്ടില്ല. ഞങ്ങളതിന്റെ പകർപ്പെടുത്തു. എന്തു ചെയ്യണം? ഫൈസി പറഞ്ഞു: ‘വാസ്വേട്ടനോടു ചോദിക്കാം.’ ഞങ്ങൾക്ക് മറ്റൊരാളോടും അനുവാദം വാങ്ങാനില്ലായിരുന്നു. വാസ്വേട്ടന് അതു നൽകി, വാസ്വേട്ടൻ പറഞ്ഞു: ‘ഈ നോവലിനെക്കുറിച്ച് എന്നോട് പലവട്ടം പറഞ്ഞതാണ്. വായന കഴിഞ്ഞ് വാസ്വേട്ടൻ പറഞ്ഞു: ‘ഹാഫിസ് ഇത് പ്രസിദ്ധീകരിക്കാം. ഒരു കുറിപ്പ് ആമുഖമായി കൊടുക്കണം.’ വാസ്വേട്ടനെഴുതുമോ എന്ന് ഞാനാരാഞ്ഞു. വാസ്വേട്ടന്റെ നിർദ്ദേശം: ‘അത് എഴുതിയതും മാറ്റിവെച്ചതും കണ്ടെത്തിയതുമൊക്കെ ഹാഫിസ്സെഴുത്.’ അങ്ങനെയാണ് ഉപ്പയുടെ മരണാനന്തരം മുഹമ്മദ് അബ്ദുറഹ്‌മാൻ–ഒരു നോവൽ, പ്രസിദ്ധീകരിച്ചത്.
എഴുതാൻപോകുന്ന കഥകളെക്കുറിച്ചും നോവലുകളെക്കുറിച്ചും ഉപ്പയും വാസ്വേട്ടനും പറഞ്ഞിരിക്കുന്നതു കേൾക്കാൻ നല്ല രസമാണ്. പറച്ചിൽ കേൾക്കുമ്പോൾ തോന്നും, ഇതാ ഇപ്പോൾ എഴുതും. ഉപ്പയുടെ ആഗ്രഹമായിരുന്നു, പ്രവാചകപത്‌നിയായ ആയിഷയെ കേന്ദ്രകഥാപാത്രമാക്കി ഒരു നോവലെഴുതണമെന്ന്. പ്രവാചകന്റെ പ്രിയപത്‌നി, കുട്ടിയായപ്പോൾ ഭാര്യയായ പത്‌നി, അതു പ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന് ഞങ്ങൾക്കു ഭയമുണ്ടായിരുന്നു. പ്രശ്‌നമുണ്ടാക്കാനല്ല എഴുത്തുകാരൻ രചന നടത്തുന്നതെന്ന് ഉപ്പ ഉത്തരം നൽകുമായിരുന്നു. എഴുതിയില്ല ആ നോവൽ. വാസ്വേട്ടൻ ആ പിറക്കാത്ത വചനങ്ങളെക്കുറിച്ച് ഉപ്പ ജീവിച്ചിരിക്കെതന്നെ എഴുതിയിട്ടുണ്ട്. കിളിവാതിലിലൂടെ നോക്കുന്ന കാഴ്ചയിൽ ഉപ്പ നിറഞ്ഞുനിൽക്കുന്നു. ഇപ്പോഴും വാസ്വേട്ടനോടു സംസാരിക്കുമ്പോൾ, പറയാതെപോകുന്ന, എന്നാൽ വാസ്വേട്ടന്റെ ഉള്ളിൽനിന്ന് മൗനമുയരുന്ന ഒരു പൂർത്തിയാകാത്ത വാചകം കേൾക്കാം: എൻ.പിയുണ്ടായിരുന്നെങ്കിൽ...

പരിശുദ്ധിയുടെ ആകാശം

വാസ്വേട്ടനും ദേവേട്ടനും തമ്മിൽ ഒരു പിണക്കമുണ്ടായി. അത് ദേവേട്ടനെയും വാസ്വേട്ടനെയും വേദനിപ്പിച്ചിരുന്നു. ഉപ്പയ്ക്ക് സൗഹൃദം മറ്റെന്തിലും മീതെയാണ്. ഉപ്പയും എം.ജി.എസ്. സാറും അവരുടെ പിണക്കമവസാനിപ്പിക്കാൻ സുതലത്തുവെച്ച് ഒരു ഒത്തുചേരൽ ആസൂത്രണം ചെയ്തതാണ്. വാസ്വേട്ടനോടും ദേവേട്ടനോടും അതിനെക്കുറിച്ച് സംസാരിച്ചതാണ്. ഉപ്പ പറയുമായിരുന്നു, ആശയപരമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാവും. അതിൽ ഇണക്കമോ പിണക്കമോ പാടില്ല. ഉപ്പ ആരോടും സ്വന്തം അഭിപ്രായം പറയുമായിരുന്നു. സൗഹൃദം മുറിയാതിരിക്കാൻ ശ്രദ്ധിക്കുമായിരുന്നു. വാസ്വേട്ടനും ദേവേട്ടനും തമ്മിലുള്ള പ്രശ്‌നം ആശയപരമല്ലെന്നും തെറ്റിദ്ധാരണകൾ കാരണമാണെന്നും ഉപ്പ പറഞ്ഞിരുന്നു. ഉപ്പയുടെ അസുഖവും ആസ്പത്രിവാസവും തെറ്റിദ്ധാരണകൾ അകറ്റാനും പഴയ സൗഹൃദത്തിലെ കരടെടുത്തു മാറ്റുവാനും സമയം കൊടുത്തില്ല. ആസ്പത്രിയിൽ ഉപ്പയെ കാണാൻ വന്ന എം.ജി.എസ് സാർ അക്കാര്യം പറഞ്ഞതാണ്. ഉപ്പയുടെ മരണാനന്തരം എം.ജി.എസ് സാറാണ് പിന്നീടതു നിർവ്വഹിച്ചത്. ഉപ്പ എന്തുപറഞ്ഞാലും വാസ്വേട്ടൻ കേൾക്കുകയും അനുസരിക്കുകയും ചെയ്യുമെന്ന് ദേവേട്ടനും അറിയാമായിരുന്നു, അതായിരുന്നു ആ സൗഹൃദത്തിന്റെ മേന്മ. പരസ്പരം ആ വിധം തിരിച്ചറിയുകയും വിധേയത്വം സ്വകാര്യസമ്പാദ്യമാക്കി മാറ്റുകയും ചെയ്ത അദ്ഭുതമായിരുന്നു എം.ടി.–എൻ.പി. സ്‌നേഹബന്ധം.
വായനയുടെ തൂക്കുപാലം രണ്ടു ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കാൻ നിമിത്തമായി. സംവേദനത്തിന്റെ സമാനതകൾ അതൊന്നായി മാറുന്ന സന്ദർഭങ്ങളുണ്ടാക്കി. പരസ്പരവിശ്വാസവും പരസ്പരബഹുമാനവും വൻകരകളെ ലയിപ്പിച്ചു. വ്യക്തിക്കപ്പുറം രചനയെ മാനിക്കുന്ന, അതാരെഴുതിയാലും പക്ഷപാതിത്വം കാണിക്കാത്ത മനസ്സ് അവർ സ്വന്തമാക്കി. പുതിയ എഴുത്തുകാരെ അവർ കണ്ടെത്തി അംഗീകരിച്ചു. എഴുതുകയെന്നതാണ് തങ്ങളുടെ കർമ്മമെന്ന് അവർ കരുതി. അംഗീകാരങ്ങൾക്കു പിറകെ അവർ പോയില്ല. ആദരങ്ങളവരെ തേടിവന്നപ്പോൾ കൈയൊഴിഞ്ഞുമില്ല. കാലുഷ്യം കലരാത്ത, ശത്രുതയില്ലാത്ത വിചാരങ്ങളിലവർ ഒരൊറ്റ ആകാശം സ്വന്തമാക്കി– സമാനതകളില്ലാത്ത ആകാശം, പരിശുദ്ധിയുടെ ആകാശം. അതു പണിതുതന്ന ഹൃദയങ്ങൾക്ക്, കാലത്തിന് നന്ദി.

Content Highlights: On the 97th birth anniversary of renowned writer N.P. Muhammed, an emotional excerpt penned by his son N.P. Hafiz Muhammed sheds light on the profound, pure, and legendary literary friendship between his father and M.T. Vasudevan Nair.