ജീവിതമെന്ന വലിയ തമാശയ്ക്കുമുമ്പില്‍ ഇടയ്‌ക്കൊക്കെ ഇങ്ങനെ ചിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍...

മോള്‍ക്ക് പ്ലസ് ടുവിന് നല്ല മാര്‍ക്കൊക്കെ കിട്ടി കോളേജ് അഡ്മിഷന് കാത്തിരിക്കുകയാണ്. ആ സ്‌കൂളിലെതന്നെ ഏറ്റവും ഉയര്‍ന്ന മാര്‍ക്കായതിനാല്‍ സീറ്റ് കിട്ടുമെന്ന് ഉറപ്പുണ്ട്. മെറിറ്റില്‍ കിട്ടിയാലും അഡ്മിഷന്‍ ഫീസും ടെക്സ്റ്റും നോട്ടും യൂണിഫോമും ഒക്കെയായി ചെറുതല്ലാത്ത ഒരു സംഖ്യ വേണമല്ലോ. ഒരു കൂലിപ്പണിക്കാരന്‍ ഉപ്പായ്ക്ക് അത് വലിയ സംഖ്യയാണ്. എന്തിനുമേതിനും ടെന്‍ഷനടിക്കുന്ന എനിക്ക് ദിവസം ചെല്ലുംതോറും ടെന്‍ഷന്‍ കൂടി.
പണിയില്ല. വീട്ടുചെലവ്, വാടക, ആശുപത്രിച്ചെലവ്, എന്റെതന്നെ മരുന്നുകളുടെ ചെലവ് അങ്ങനെയങ്ങനെ ടെന്‍ഷന്‍ കൂടിക്കൂടി വന്നു. ഭാര്യയുടെ പ്രാര്‍ത്ഥനയുടെ ഫലമായിട്ടാവണം ഒരു പണി കിട്ടി. എന്റെയൊരു അകന്ന ബന്ധുവിന്റെ വീട്ടിലാണ്. അവരുടെ പുതിയ വീട് വൈറ്റ് സിമന്റ് അടിക്കാനാണ്. ഞാന്‍ പറഞ്ഞ തുകയില്‍നിന്ന് അല്‍പ്പം കുറച്ച് കരാറ് ഉറപ്പിച്ചു. ഒപ്പമുള്ള കുട്ടികളെ പണിക്ക് വിളിച്ചാല്‍ അവരുടെ കൂലി ഈ കരാര്‍ തുകയില്‍നിന്ന് പോയി, എന്റെ അത്യാവശ്യങ്ങള്‍ നടക്കില്ലെന്ന് ഉറപ്പുള്ളതുകൊണ്ട് ഞാനവരോട് കാര്യം പറഞ്ഞ്, ഒറ്റയ്ക്ക് പണി തുടങ്ങി.
തൊട്ടടുത്ത് ഉടമസ്ഥര്‍ താമസമുണ്ടായിട്ടും എന്റേത് കരാര്‍ പണിയായതിനാല്‍ ഭക്ഷണമൊന്നും തരാന്‍ പറ്റില്ലെന്ന് അവര്‍ ആദ്യമേ പറഞ്ഞിരുന്നു. രാവിലെ എഴുന്നേറ്റ് വിറകടുപ്പില്‍ ഭാര്യ ഉണ്ടാക്കിത്തരുന്ന ചോറുംകൊണ്ടാണ് ഞാന്‍ പണിക്കു പോവുന്നത്. ആറരയ്ക്ക് പണി തുടങ്ങിയാല്‍ ഒരു പതിനൊന്ന് മണിയാവുമ്പോ ഞാനാ ചോറ് തിന്നും. എന്നിട്ട് നാലുമണിവരെ പണിയെടുക്കും. ഇരുനൂറ് രൂപ വെച്ചാണ് അവിടെനിന്ന് ദിവസവും ഞാന്‍ വാങ്ങിയത്. പണം ഒന്നിച്ചുകിട്ടിയാലേ എന്റെ ആവശ്യങ്ങള്‍ നടക്കൂ. ആ വീട്ടുകാര്‍ക്കും സന്തോഷം. എഴുന്നൂറ് രൂപ ദിവസക്കൂലിയെങ്കിലും തരേണ്ടിടത്ത് ഇരുനൂറ് രൂപ തന്നാല്‍ മതിയല്ലോ.
ഒറ്റയ്ക്കായതുകൊണ്ട് നല്ല അദ്ധ്വാനമാണ്. ഉയരത്തില്‍നിന്ന് എന്ത് ആവശ്യത്തിനും താഴെയിറങ്ങണം. കഫോള്‍ഡറൊക്കെ തനിയെ താങ്ങിയെടുത്തു വെച്ചുവേണം കയറാന്‍. ഉയരത്തില്‍നിന്ന് വീണുകിടന്നാലും ആരും കാണില്ല. ആരും സഹായത്തിനില്ല. ബി.പി. കൂടുതലായതിനാല്‍ സ്റ്റൂളില്‍പോലും തനിയെ കയറരുതെന്ന് ഡോക്ടര്‍ പറഞ്ഞതാണ്. ഡോക്ടര്‍ക്ക് അങ്ങനെ പലതും പറയാം. എന്റെ അവസ്ഥയും ആവശ്യവും എനിക്കല്ലേ അറിയൂ.
കുറച്ചു നടന്നാല്‍ അവിടെയൊരു കവലയുണ്ട്. കവലയില്‍ ഹോട്ടലുണ്ട്. അതൊന്നും അവിടെയില്ലെന്നുറപ്പിച്ച് ചായ കുടിക്കാനുള്ള മോഹത്തെ ഞാന്‍ കുഴിച്ചിട്ടു. പുറംഭാഗത്ത് പൈപ്പും ക്ലിപ്പുകളും വാടകയ്ക്ക് കൊണ്ടുവന്ന് ഉയരം കെട്ടിയാണ് സാധാരണ പണിയെടുക്കാറ്. പൈപ്പിന്റെ വാടകയും അത് കൊണ്ടുവരാനുള്ള വണ്ടിക്കൂലിയും ഓര്‍ത്തപ്പോള്‍ അതും വേണ്ടെന്നുവെച്ചു. ചരിഞ്ഞ സണ്‍ ഷേഡുകളില്‍ കോണി കയറ്റിവെച്ച് ജനലില്‍ പിടിച്ചുകെട്ടി അതിന്മേല്‍ കയറിനിന്നാണ് ഞാന്‍ വീടിന്റെ പുറംഭാഗം വൈറ്റ് സിമന്റ് അടിച്ചത്.
ഇടയ്ക്ക് കോണി ഞരങ്ങും. ഇദാ... ഇപ്പോ താഴെപ്പോയി എന്ന പേടി നട്ടെല്ലിലൂടെ കയറിവരും. പക്ഷേ, പണം മിച്ചം പിടിച്ചേ പറ്റൂ. എന്റെ മകള്‍ കോളേജ് ക്യാമ്പസ് സ്വപ്നം കാണാന്‍ തുടങ്ങിയിട്ടുണ്ട്. എട്ടു ദിവസത്തെ ജോലി കഴിഞ്ഞപ്പോ ഒന്നാം അലോട്ട്‌മെന്റ് വന്നു. മകള്‍ക്ക് സീറ്റ് കിട്ടി. അവളുടെ മുഖത്ത് സന്തോഷത്തിന്റെ മുല്ലകള്‍ വിരിഞ്ഞു. പി.എസ്.എം.ഓയിലാണ് കിട്ടിയത്. പോയി വരാനും എളുപ്പമാണ്. എല്ലാംകൊണ്ടും സന്തോഷം.
ആ സന്തോഷത്തില്‍ ഞാന്‍ വഴുക്കുന്ന കോണി മറന്നു. പൊരിവെയില് മറന്നു. വിശപ്പ് മറന്നു. വൈറ്റ് സി അടിക്കണമെങ്കില്‍ ആദ്യം വെള്ളംകൊണ്ട് ചുമര് നനയ്ക്കണം. അടിച്ചുകഴിഞ്ഞിട്ടും രണ്ടു തവണ അത് നനച്ചുകൊടുക്കണം. ആദ്യത്തെ നനയേ കരാറിലുള്ളൂ. പക്ഷേ എന്റെ സന്തോഷംകൊണ്ട് ഞാന്‍ മറ്റേ രണ്ട് നനയും നനച്ചു. പണി തീരാന്‍ ഒറ്റദിവസം ബാക്കിയുള്ളപ്പോ കോണി നിരങ്ങി, കയററ്റ് താഴേക്കുപോയി. ഞാന്‍ ഒരു വിധത്തില്‍ ജനലില്‍ പിടിച്ച് രക്ഷപ്പെട്ടു.
പതിമൂന്നായിരം രൂപയ്ക്കാണ് കരാറ്. പതിനഞ്ച് ദിവസം വിശ്രമമില്ലാതെ ജോലിയെടുത്തിട്ട് ഞാനാ വീട്ടില്‍നിന്ന് മൂവായിരം രൂപയേ വാങ്ങിയിരുന്നുള്ളൂ. ബാക്കി പതിനായിരമുണ്ട്. അത് എന്റെ ആവശ്യങ്ങള്‍ക്ക് ധാരാളമാണ്. ഒടുക്കത്തെ ദിവസം രാവിലെ ആറു മണിക്ക് തുടങ്ങിയ ജോലി വൈകിട്ട് ആറു മണി വരെ നീണ്ടു. കെകാലുകള്‍ കഴുകി, ബ്രഷ് കഴുകി, അവരുടെ ബക്കറ്റുകള്‍ കഴുകി വൃത്തിയാക്കി, ഞാനാ വീടിന്റെ വരാന്തയില്‍ ചെന്നു നിന്നു.
സാധാരണ, വീട്ടുകാരന്‍ എനിക്കുള്ള ഇരുനൂറ് രൂപയും കൈയില്‍ പിടിച്ച് എന്നെ കാത്തുനില്‍ക്കാറുള്ളതാണ്. ഇന്ന് ജോലി അവസാനിക്കുന്ന ദിവസമാണെന്ന് അയാള്‍ക്കറിയാം. പക്ഷേ ആളെ കാണാനില്ല. ബെല്ലടിച്ചപ്പോള്‍ വീട്ടുകാരി വാതില്‍ തുറന്നു. മുഖത്ത് പതിവുള്ള ചിരിയില്ല. ആളെവിടെ എന്ന എന്റെ ചോദ്യത്തിന് 'പള്ളീ പോയതാണ്. ഇപ്പോ വരും' എന്നു മറുപടി പറഞ്ഞ് അവര്‍ വാതിലടച്ചു. ഞാനാ വീട്ടുമുറ്റത്തെ അരമതിലില്‍ സന്തോഷത്തോടെ ഇരുന്നു. മറ്റന്നാളാണ് മോളുടെ അഡ്മിഷന്റെ ദിവസം. ഇന്ന് കാശ് കിട്ടും. നാളെ വിശ്രമം. മറ്റന്നാള്‍, എനിക്കു പോവാന്‍കഴിയാത്ത കോളേജിലേക്കും അതിന്റെ ക്യാമ്പസിലേക്കും അവിടുത്തെ ആനന്ദങ്ങളിലേക്കും അറിവുകളിലേക്കും എന്റെ മകള്‍ക്ക് പോവാം.
ബീഡി ആഞ്ഞുവലിച്ചു. എത്ര സുന്ദരമാണ് ജീവിതം. ഇന്ന് എന്തായാലും ചിക്കന്‍ വാങ്ങണം. കുറച്ചു ദിവസമായി ഇരുന്നൂറ് രൂപകൊണ്ട് ഭാര്യ കാര്യങ്ങള്‍ തട്ടിക്കൂട്ടുന്നു. അന്തരീക്ഷം ഇരുളാന്‍ തുടങ്ങി. ബീഡിക്കുറ്റികള്‍ മുറ്റത്ത് ചിതറിക്കിടന്നു. ഒരു ചായ കുടിച്ചു വന്നാലോ എന്ന വിചാരമുണ്ടായി. ഉടന്‍ അത് തിരുത്തി. വേണ്ട, ചായ കുടിച്ചുവരുമ്പോഴേക്കും വീട്ടുകാരന്‍ വന്നുപോയാലോ? കാത്തിരിക്കാം. കാത്തിരുന്നു.
മഗ്രിബ് നിസ്‌കാരം കഴിഞ്ഞ് പള്ളിയില്‍നിന്ന് ആളുകള്‍ വരുന്നുണ്ട്. കുഞ്ഞു സന്തോഷങ്ങളിലും സങ്കടങ്ങളിലും വല്ലാതെ മിടിക്കുന്ന എന്റെ നെഞ്ച് അപ്പോള്‍ കൂടുതല്‍ മിടിച്ചു. ഞാനതിന്റെ താളം എണ്ണി ഇരുന്നു. വീട്ടുകാരന്റെ കാറ് ഷെഡ്ഡില്‍ തന്നെ കിടപ്പുണ്ട്. അപ്പോ പുള്ളി നടന്നാവും വരിക. ഇരുണ്ട ആകാശത്തില്‍ നക്ഷത്രങ്ങള്‍ പൂക്കാന്‍ തുടങ്ങുന്നു. കുളിര്‍കാറ്റ് വരുന്നു. പതിനൊന്നു മണിക്ക് മുളക് ചമ്മന്തി കൂട്ടി, ചോറ് തിന്നതാണ്. പക്ഷേ, വിശപ്പ് തോന്നുന്നില്ല. എന്നാലും ഒരു കട്ടന്‍ ചായ കിട്ടിയാല്‍ ബീഡി വലിക്കാന്‍ നല്ല ഉഷാറുണ്ടാവും. കിട്ടാന്‍ വഴിയില്ല. ഈ പതിനഞ്ചു ദിവസത്തില്‍ ഒറ്റ ദിവസവും ഒരു കട്ടന്‍ചായപോലും ഇവരെനിക്ക് തന്നിട്ടില്ലല്ലോ എന്ന് വേദനയോടെ ഞാനപ്പോള്‍ ഓര്‍ത്തു.
കൈയിലെ ബീഡിയൊക്കെ വലിച്ചുതീര്‍ന്നിട്ടും വീട്ടുകാരന്‍ വന്നില്ല. പള്ളിയിലേക്കുതന്നെയല്ലേ പോയത്? അതോ മുങ്ങിയതാണോ? അങ്ങനെയും സംഭവിക്കാറുണ്ട്. നെഞ്ച് പിടച്ചുകൊണ്ട് ഞാന്‍ എഴുന്നേറ്റു ചെന്ന് കോളിങ് ബെല്ലില്‍ വിരലമര്‍ത്തി. ദുര്‍മുഖം വന്ന് വാതില്‍ തുറന്നു. ആള് വന്നില്ലല്ലോ എന്ന ഭാവത്തില്‍ ഞാന്‍ അവരെ നോക്കി. 'ചെലപ്പോ ഇശാ നിസ്‌കാരം കഴിഞ്ഞിട്ടേ വരൂ. അനക്ക് കാത്തുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെങ്കി പോയിട്ട് രാവിലെ വന്നോ.' എനിക്കെന്ത് ബുദ്ധിമുട്ട്? കാത്തിരിക്കാം. കാത്തിരുന്നു. തൊണ്ട വരളുന്നു. നെഞ്ചിടിപ്പ് കൂടുന്നു. എന്തോ അപകടം മണക്കുന്നുണ്ട്. പള്ളി അടുത്താണ്. അവിടെ ചെന്ന് നോക്കിയാലോ? ഏയ്, വേണ്ട. കാത്തിരിക്കാം. എന്റെ പത്തായിരം രൂപ തരാതിരുന്നിട്ട് കോടീശ്വരനായ അയാള്‍ക്കെന്ത് നേടാനാണ്? ആകെയുള്ള ഫോണ്‍ വീട്ടിലാണ്. ഭാര്യയോട് വരാന്‍ വൈകുമെന്ന് വിളിച്ച് പറയാന്‍ വഴിയൊന്നുമില്ല. ഞാന്‍ കാത്തിരുന്നു. വിശപ്പറിയാതെ... ദാഹമറി യാതെ... ഒരു കട്ടന്‍ ചായ കുടിക്കാനുള്ള മോഹത്തെ ഖബറടക്കി ഞാന്‍ കാത്തിരുന്നു. വലിച്ചിട്ട ബീഡിക്കുറ്റികള്‍ തന്നെ വീണ്ടും പെറുക്കിയെടുത്തു വലിച്ച് ഞാന്‍ കാത്തിരുന്നു. ആറരയ്ക്ക് കാത്തിരിക്കാന്‍ തുടങ്ങിയതാണ്. പത്ത് മണിയായപ്പോ വന്നുകയറിയ ആ മനുഷ്യന്‍ എന്നോടു ചോദിക്കുകയാണ്.
'ഇജ് പോയീലേ....?'
ഞാന്‍ മറുപടിയൊന്നും പറഞ്ഞില്ല. എനിക്കു ദേഷ്യമല്ല വന്നത്, സങ്കടമാണ്. പണിയെടുത്ത കാശിനാണ് ഞാന്‍ കാത്തിരിക്കുന്നത്. എരക്കാനല്ല. പതിനഞ്ച് ദിവസമായി കണ്ണില്‍ വീണ് പൊള്ളുന്ന വൈറ്റ് സിമന്റിന്റെ നീറ്റല്‍ ആ നിമിഷങ്ങളില്‍ ഞാന്‍ ഒന്നിച്ചറിഞ്ഞു.
'അന്റെ നക്കാപ്പിച്ചിം കൊണ്ടു ഞാന്‍ നാട് വിട്ടു പോവൊന്നും ല്ല. അനക്ക് പോയിട്ട് നാളെ വന്നാ പോരായിരുന്നോ?'
പോരായിരുന്നു. ഞാനത് പറഞ്ഞു.
'എനിക്ക് കാശ് കിട്ടിയിട്ട് അത്യാവശ്യണ്ട്. അതാണ് കാത്തിരുന്നത്.'
'അന്റെ ഒര് അത്യാവശ്യം...'
അതും പറഞ്ഞ് ആ മനുഷ്യന്‍ അകത്തേക്കു കയറിപ്പോയി. ഞാനാ മുറ്റത്തെ വെളിച്ചത്തിലേക്ക് പറന്നുവരുന്ന ചെറുജീവികളെ നോക്കി നിന്നു. എന്നെ കാണാഞ്ഞ് ഭാര്യയാകെ ബേജാറായിട്ടുണ്ടാവും. ബി.പി കൂടി ഞാന്‍ എവിടെയെങ്കിലും തലകറങ്ങി വീണിട്ടുണ്ടാവുമോ എന്ന് അവള്‍ പേടിക്കുന്നുണ്ടാവും. മോള് ഉപ്പ വരാന്‍ കാത്തിരിക്കുന്നുണ്ടാവും. ഞാന്‍ വരാതെ അവള്‍ക്ക് ഉറങ്ങാന്‍ കഴിയില്ല. കൈയില്‍ കുറച്ച് നോട്ടുകളുമായി അയാള്‍ പുറത്തേക്ക് വന്നു. ഞാനത് വാങ്ങി എണ്ണിനോക്കി. അയ്യായിരം രൂപയേ ഉള്ളൂ. 'കയ്യില് ഇല്ലടാ. ബാക്കി ഞാന്‍ നാളെ ബാങ്കിന്ന് എടുത്തുതരാം.'
എനിക്കത് വിശ്വസിക്കാന്‍ കഴിയില്ല. തുറന്നിട്ട വാതിലിനപ്പുറം മേശയില്‍ ചിതറിക്കിടക്കുന്ന നോട്ടുകളും പഴ്‌സും ഞാന്‍ കാണുന്നുണ്ട്. ഞാന്‍ പറഞ്ഞു:
'എന്റെ മോളെ കോളേജില് ചേര്‍ക്കാനുള്ളതാണ്. അതിനാണ് ഞാനീ കാശ് വാങ്ങാതെ കൂട്ടിവെച്ചത്. എനിക്കത് കിട്ടണം.'
'ഈ രാത്രീലാ ഇജ്ജ് ഓളെ കോളേജില് ചേര്‍ക്കാന്‍ പോണ്ടത്? നാളെ വന്ന് വാങ്ങിച്ചോ.'
'പോര,' ഞാന്‍ പറഞ്ഞു. 'എനിക്കിപ്പോ കിട്ടണം. ആ മേശപ്പൊറത്ത് കെടക്ക്ണത് കാശല്ലേ...?'
എന്റെ വാക്കുകള്‍ ഇടറുന്നുണ്ടായിരുന്നു. അകത്തേക്ക് ചൂണ്ടിയ വിരലും എന്റെ ദേഹമാകെയും വിറയ്ക്കുന്നുണ്ടായിരുന്നു. ആ മനുഷ്യന്റെ ഭാവം മാറി. സ്വരം മാറി.
'ഇന്റെ കുടീല് അങ്ങനെ പല പൈസിംണ്ടാവും. ചെലപ്പൊ സ്വര്‍ണ്ണ കട്ടണ്ടാവും. അതൊക്കെ നോക്കാനും പറയാനും ഇജ് ആരാടാ നായേ?'
അയാള്‍ എന്റെ ഷര്‍ട്ടില്‍ കുത്തിപ്പിടിച്ചു. വേദനയും സങ്കടവും കാരണം ഞാനാകെ ഉലഞ്ഞുനില്‍ക്കുകയാണ്. ഞാനാ കൈ തട്ടിമാറ്റി. പണിയെടുത്ത കൂലി ചോദിക്കുമ്പോള്‍ മറുപടിയായി നായേന്നുള്ള വിളി കേള്‍ക്കേണ്ട ഗതികേടിലായിപ്പോയി എന്നതല്ലാതെ മറ്റൊരു തെറ്റും ഞാന്‍ ചെയ്തിട്ടില്ല. ഈ രാത്രിയില്‍ മടങ്ങിപ്പോയി നാളെ വന്നാല്‍ ഇയാളുടെ പൊടിപോലും കാണാന്‍ കിട്ടില്ല.
ഇന്ന് കിട്ടിയില്ലെങ്കില്‍ ഈ പണം പിന്നെ ഒരിക്കലും കിട്ടാനും പോവുന്നില്ല.
'മുഴുവന്‍ കാശും കിട്ടിയിട്ടേ ഞാനിവിടുന്ന് പോവൂ. ഇന്ന് പണി തീരുമെന്നും കാശ് മുഴുവന്‍ ഇന്ന് വേണമെന്നും ഞാന്‍ നിങ്ങളോട് രണ്ടീസം മുമ്പ് പറഞ്ഞതല്ലേ?'
'എന്നാ ഇജ് കായി കിട്ടീട്ട് പോയാ മതി.'
അയാള്‍ അകത്തേക്ക് കടന്ന് വാതില്‍ അമര്‍ത്തിയടച്ചു. വരാന്തയിലെയും മുറ്റത്തെയും ലൈറ്റ് അണച്ചു. എന്തുചെയ്യണമെന്നറിയാതെ ഞാനാ വരാന്തയില്‍ നിന്നു. ഒന്നുകില്‍ എനിക്കാ വാതിലില്‍ മുട്ടി ബഹളമുണ്ടാക്കാം. അയാള്‍ വാതില്‍ തുറന്നാല്‍ തൊട്ടടുത്ത കവലയിലുള്ള ഏറ്റിഎമ്മില്‍ പോയി പണം എടുത്ത് തരാന്‍ പറയാം. അയാളത് ചെയ്യില്ല. അങ്ങനെ ചെയ്യുന്ന ആളായിരുന്നെങ്കില്‍ മറ്റ് പണിക്കാര്‍ പറഞ്ഞതിലും എത്രയോ കുറഞ്ഞ തുകയ്ക്ക് ഈ പണി കരാറെടുത്ത എനിക്ക് ഇന്നത്തെ ദിവസം പണം മുഴുവന്‍ കണക്ക് തീര്‍ത്തുതരുമായിരുന്നു.
നാളെ വന്നാലും കിട്ടാന്‍ പോണില്ല. എന്റെ തലയ്ക്കുള്ളിലെ ഭ്രാന്തിന്റെ വിത്തുകള്‍ മുളപൊട്ടുംമുമ്പ് എനിക്ക് വീടെത്തണം. വീടെത്തിയേ പറ്റൂ. ആ ഇരുട്ടിലൂടെ ഞാന്‍ നടന്നു. ഒന്നും രണ്ടും അടിയല്ല, അഞ്ച് കിലോമീറ്റര്‍ നടന്നു. വീടെത്തിച്ചേരുമ്പോള്‍ എന്റെ മകള്‍ ഉറക്കം പിടിച്ചിരുന്നു. ഭാര്യ വാടക ക്വാര്‍ട്ടേഴ്‌സിന്റെ വരാന്തയില്‍ എന്നെയും കാത്ത് ഉള്ള ചോറുപോലും തിന്നാതെ വിശന്നിരിക്കുകയാണ്. അവളെ കണ്ടതും അവള്‍ എന്നെ തൊട്ടതും, എല്ലാ നിയന്ത്രണങ്ങളും വിട്ട് ഞാന്‍ കരഞ്ഞു. തീരെ ചെറിയ കുട്ടിയെപ്പോലെ ഉറക്കെയുറക്കെ കരഞ്ഞു.
എന്റെ മകളുടെ ഡിഗ്രി കോഴ്‌സ് അവസാനിക്കാറായി. ഈ മൂന്നു വര്‍ഷത്തിനിടയില്‍ പലതവണ ഞാന്‍ ആ മനുഷ്യന്റെ വീട്ടിലേക്ക് പോയി. ലോക്ക്ഡൗണ്‍ കാലത്ത് അക്കണ്ട ദൂരമത്രയും ഒരു അഞ്ഞൂറ് രൂപയെങ്കിലും കിട്ടിയാലോ എന്നു കരുതി വെയിലും കൊണ്ടു നടന്നുതന്നെ പോയി. കിട്ടിയില്ല. അന്നത്തെ രാത്രി എന്റെ തലയ്ക്കുള്ളില്‍ ഭ്രാന്തിന്റെ മുള പൊട്ടാതിരിക്കാന്‍, ഭാര്യ എന്നെ ചേര്‍ന്ന് കിടന്നു. എല്ലാ വേദനകള്‍ക്കും അപമാനങ്ങള്‍ക്കും നൊമ്പരങ്ങള്‍ക്കും നടുവില്‍ അവളെന്നെ ചേര്‍ത്തുപിടിച്ച പിടിത്തങ്ങള്‍ക്ക്, കണ്ണീരുപ്പുമായി എന്റെ നെറ്റിയില്‍ പതിഞ്ഞ ചുംബനങ്ങള്‍ക്ക് പകരം നല്‍കാന്‍ എന്റെ കൈയില്‍ ഒന്നുമില്ല. ഈ ഭൂമി മുഴുവന്‍ പകരമായി കൊടുത്താലും അത് പോരാതെ വരും.
പിറ്റേന്ന് ഭാര്യ പറഞ്ഞതനുസരിച്ച് ഞാനാ മനുഷ്യന്റെ വീട്ടിലേക്ക് പോയി. അയാള്‍ മണ്ണാര്‍ക്കാടുള്ള തന്റെ റബ്ബര്‍ത്തോട്ടത്തിലേക്ക് പോയിരുന്നു. മടങ്ങിവരാന്‍ ഒരാഴ്ചയാവുമെന്ന് പറഞ്ഞ ആ സ്ത്രീയുടെ മുഖത്തേക്ക് ഞാന്‍ തുറിച്ചുനോക്കി. പിന്നെ ചിരിച്ചു. ഒരു ഭ്രാന്തനുമാത്രം ചിരിക്കാന്‍ കഴിയുന്ന ചിരി. ആ ചിരി ബസ്സില്‍ കയറിയിട്ടും നിന്നില്ല. എന്തോ തമാശ ആസ്വദിച്ച് ചിരിക്കുകയാവും ഞാനെന്ന് ബസ്സില്‍ ഇരുന്നവര്‍ കരുതിയിരിക്കണം.
ജീവിതമെന്ന ഈ വലിയ തമാശയ്ക്കുമുമ്പില്‍ ഇടയ്‌ക്കൊക്കെ എനിക്ക് ഇങ്ങനെ ചിരിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍, ഉടുതുണി ഉരിഞ്ഞിട്ട് വെയില്‍വഴികളിലൂടെ ഓടേണ്ടിവരും. ആ ചിരിയുടെ തുടര്‍ച്ച മൂന്നു വര്‍ഷങ്ങള്‍ക്കുശേഷം ഇത് എഴുതുംമുമ്പ് ഞാന്‍ ചിരിച്ചു. ഭാര്യ എന്നെ തുറിച്ചുനോക്കിയില്ല. അവള്‍ക്കറിയാം, ഇത്തരം ചിരിവാല്‍വുകള്‍ ഇടയ്‌ക്കൊക്കെ തുറന്നുവിട്ടില്ലെങ്കില്‍ ഞാന്‍ മുഴുഭ്രാന്തിലേക്ക് നടന്നുകയറുമെന്ന്.
(മുഹമ്മദ് അബ്ബാസിന്റെ 'വിശപ്പ് പ്രണയം ഉന്മാദം' എന്ന പുസ്തകത്തില്‍നിന്ന്.)
Content Highlights: Mohammed Abbasm, Visappu pranayam unmadam, Book excerpt, Mathrubhumi books