'ശാഖയെക്കാള്‍ പ്രധാനമാണ് വേര്; കഞ്ഞിയെ നിന്ദിച്ചിട്ട് വേണ്ട ഭക്ഷണത്തിലെ പരിഷ്‌കാരം'

#എം.എന്‍. കാരശ്ശേരി
പ്രതീകാത്മക ചിത്രം | Photo: Canva
പ്രതീകാത്മക ചിത്രം | Photo: Canva

എം.എന്‍. കാരശ്ശേരിയുടെ 'എന്തിനാ മലയാളം പഠിക്കുന്നത്?' എന്ന പുസ്തകത്തിലെ ഒരു ഭാഗം വായിക്കാം... 

കേരളീയതയുടെ സാംസ്‌കാരികചിഹ്നങ്ങള്‍ പിന്നെപ്പിന്നെ പോയ്മറയുകയാണ്. വേഷം, ഭക്ഷണം, ഭാഷ, ഗൃഹനിര്‍മ്മാണരീതികള്‍, സാഹിത്യം, കലാരൂപങ്ങള്‍, പെരുമാറ്റസമ്പ്രദായങ്ങള്‍, ശരീരഭാഷ, കുടുംബസങ്കല്‍പ്പങ്ങള്‍ തുടങ്ങിയവയിലെല്ലാം 'കേരളീയത' കുറഞ്ഞുവരികയാണ്. എന്താണ് കേരളീയത? അത് നിര്‍വ്വചിക്കുക അത്ര എളുപ്പമല്ല. എങ്കിലും ധാരാളമായി കേരളീയസംസ്‌കാരത്തില്‍ കണ്ടുവരുന്നവയും കേരളീയസ്വത്വത്തിന്റെ ഭാഗമായി കേരളീയരും മറ്റുള്ളവരും തിരിച്ചറിയുന്നവയും ആയ ഏതു സംഗതിയും കേരളീയതയുടെ ചിഹ്നമാണ് എന്ന് സാമാന്യമായി പറയാം.

ഒരു ഉദാഹരണം: തെങ്ങ് പല നാട്ടിലുമുണ്ട്. എങ്കിലും അതിന്റെ ആധിക്യംകൊണ്ടും പല വഴിക്ക് കേരളീയര്‍ ആ വൃക്ഷത്തോട് കാണിക്കുന്ന ബന്ധംകൊണ്ടും അത് കേരളീയജീവിതത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. കേരളീയര്‍ വീട് മേയാന്‍ തെങ്ങോല ഉപയോഗിക്കുന്നു; അലങ്കാരത്തിനു കുരുത്തോല തൂക്കുന്നു; കരിക്ക് ഒരു വിശിഷ്ടപാനീയമായി മനസ്സിലാക്കുന്നു; തേങ്ങയില്‍നിന്നെടുക്കുന്ന വെളിച്ചെണ്ണയെ ഭക്ഷണത്തിന്റെ മുഖ്യവിഭവങ്ങളിലൊന്നായി പരിഗണിക്കുന്നു; ഐശ്വര്യത്തിന്റെ പ്രതീകമായി തെങ്ങിനെ തിരിച്ചറിയുന്നു. 

തെങ്ങിന്റെ ഏതംശവും മലയാളിജീവിതത്തില്‍ വളരെ നിലയും വിലയും ഉള്ളതാണ്. മലയാളികള്‍ 'തൈ' എന്നു പറഞ്ഞാല്‍ തെങ്ങിന്‍തൈ എന്നാണര്‍ത്ഥം. ഈ ആത്മബന്ധം കാരണമായി 'തെങ്ങ് ചതിക്കില്ല' എന്നൊരു ചൊല്ലുതന്നെ ഉരുവം കൊണ്ടിട്ടുണ്ട്. തെങ്ങ് വെറുമൊരു മരമല്ല, ഒരു പ്രതീകമാണ് എന്ന് വ്യംഗ്യം!

കേരളം എന്ന ദേശനാമത്തില്‍ത്തന്നെ കേരവൃക്ഷങ്ങളുടെ നാട് എന്ന അടയാളമുണ്ട്. വൈലോപ്പിള്ളി പാടുകയുണ്ടായി: 'ഓരോ തെങ്ങു കാണുമ്പോഴും ഞങ്ങള്‍ കേരളത്തെ ഓര്‍മ്മിച്ചു.' അങ്ങനെ കേരവൃക്ഷം മലയാളീയതയുടെ പ്രധാനപ്പെട്ട ഒരു പ്രതീകമായിത്തീര്‍ന്നിരിക്കുന്നു. ഇങ്ങനെ ഒരു ചിത്രമോ സൂചകമോ രൂപമോ കാണുമ്പോള്‍ ഒരു പ്രത്യേക സംസ്‌കാരത്തെ ഓര്‍മ്മ വരുന്നുവെങ്കില്‍ അത് ആ സംസ്‌കാരത്തിന്റെ ചിഹ്നമാണ് എന്നു പറയാം. തെങ്ങു പോലെ കേരളീയതയുടെ മറ്റു സൂചകങ്ങളാണ് പുട്ട്, കഞ്ഞി തുടങ്ങിയ വിഭവങ്ങള്‍. കഥകളി മുതലായ ക്ലാസിക്കല്‍ കലാരൂപങ്ങളെയും ഒപ്പന മുതലായ നാടന്‍ കലകളെയും ഈ ഗണത്തില്‍ പെടുത്താം.

ആനക്കമ്പം നമ്മുടെ സംസ്‌കൃതിയുടെ മറ്റൊരു സൂചകമാണ്. അറിയാതെ ആരെങ്കിലും ചവിട്ടിപ്പോയാല്‍ തൊട്ട് നെറുകയില്‍ വെക്കുന്നത് ക്ഷമാപണത്തിനുള്ള കേരളീയ ശരീരഭാഷയാണ്. ഇങ്ങനെ ആലോചിച്ചുചെന്നാല്‍ മലയാളീയതയെ നിര്‍ണ്ണയിക്കുന്നതും ഭിന്ന ജനവിഭാഗങ്ങള്‍ രൂപംകൊടുക്കുന്നതും ആയ അനവധി സാംസ്‌കാരികചിഹ്നങ്ങള്‍ കണ്ടെത്താനാവും.

പുസ്തകത്തിന്റെ കവര്‍ പേജ്‌

ആര്‍ക്കും എളുപ്പത്തില്‍ നോക്കിയാല്‍ കാണാവുന്നതുപോലെ മലയാളികളായ ആണുങ്ങള്‍ മുണ്ടില്‍നിന്ന് പാന്റ്സിലേക്കും പെണ്ണുങ്ങള്‍ തുണിയില്‍നിന്ന് സാരിയിലേക്കും മാറിക്കൊണ്ടിരിക്കുന്നത് ഈ ചിഹ്നം മാറുന്നതിന് ഉദാഹരണമാണ്. തിരുവിതാംകൂറിലെയും മലബാറിലെയും ഗൃഹനിര്‍മാണരീതികള്‍ക്ക് പലവിധ സവിശേഷതകള്‍ ഉണ്ടായിരുന്നു. ഇപ്പോള്‍ അവയെല്ലാം ഏതു നാട്ടിലും കാണാവുന്ന ടെറസ് കെട്ടിടങ്ങളായി രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നത് വേറെ ഉദാഹരണം. വാക്കുകളിലും ശൈലിയിലും ഇംഗ്ലീഷിന്റെ കവിഞ്ഞ സ്വാധീനമുള്ള വാമൊഴിയും വരമൊഴിയും ആണ് ഇന്ന് മലയാളി ഉപയോഗിക്കുന്നത്. 

അരനൂറ്റാണ്ടു മുമ്പുതന്നെ എം.പി. പോള്‍ 'മലയാളത്തില്‍ ഐഡിയാസ് എക്സ്പ്രസ് ചെയ്യാന്‍ ഡിഫക്കല്‍ട്ടി ഇല്ലാത്തവരുടെ' ഈ പ്രവണതയെ 'കത്തുകള്‍' എന്ന ലേഖനത്തില്‍ പരിഹസിച്ചിരുന്നു. ആ സാംസ്‌കാരികവിമര്‍ശകന്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍, എന്താ കഥ? ഇങ്ങനെ പോയാല്‍, മലയാളീയതയുടെ ചിഹ്നങ്ങളെല്ലാം ഒന്നൊന്നായി കൈമോശം വന്നുപോയാല്‍, നന്നോ?

ഈ സന്ദര്‍ഭത്തില്‍ നമ്മുടെ ചര്‍ച്ചാപ്രമേയത്തെ സങ്കീര്‍ണമാക്കിത്തീര്‍ക്കുന്ന ഒരു മറുചോദ്യം ചോദിക്കാനുണ്ട്. എല്ലാ മലയാളികളെയും മൊത്തമായി പ്രതിനിധീകരിക്കുന്ന സാംസ്‌കാരികചിഹ്നങ്ങള്‍ നമുക്ക് ഉണ്ടായിരുന്നുവോ? ഇപ്പോഴും ഉണ്ടോ? ഭാഷ, ഭക്ഷണം, വേഷം, കലാരൂപങ്ങള്‍ തുടങ്ങിയ സാംസ്‌കാരികാവിഷ്‌കാരങ്ങളിലെല്ലാം പ്രദേശം, മതവിശ്വാസം, ജാതി എന്നിവകൊണ്ട് നാം പ്രത്യേകം പ്രത്യേകം വകതിരിഞ്ഞ് നില്‍പ്പായിരുന്നില്ലേ? 'കേരളീയം' എന്നു മൊത്തത്തില്‍ വ്യവഹരിക്കുവാന്‍ അവയിലെന്തുണ്ട്? കഥകളി തന്നെയെടുത്തോളൂ. 

ഫ്യൂഡല്‍ വ്യവസ്ഥയില്‍ സമ്പന്ന-സവര്‍ണ വിഭാഗത്തിന്റെ കലാരൂപമായിരുന്നില്ലേ, അത്? ഒപ്പനയോ? മലബാറിലെയും ലക്ഷദ്വീപിലെയും മുസ്ലീങ്ങളുടെ മാത്രം കലാപ്രകടനമായിരുന്നില്ലേ? വേഷം തന്നെ ഓരോ ജാതിക്കും ഓരോ മതവിഭാഗത്തിനും പ്രത്യേകം പ്രത്യേകമായിരുന്നില്ലേ? ഭാഷയോ? അതും ഇതുപോലെ വെവ്വേറെയായിരുന്നില്ലേ? അര നൂറ്റാണ്ടു മുമ്പ് വേഷം കൊണ്ടും ഭാഷകൊണ്ടും അല്ലേ, നാം 'ആളെ' തിരിച്ചറിഞ്ഞിരുന്നത്? അന്നൊന്നും നമുക്ക് 'ആള്‍' ഉണ്ടായിരുന്നില്ല; ജാതിക്കാരനോ മതക്കാരനോ മാത്രമേ ഉണ്ടായിരുന്നുള്ളൂ.

ഇപ്പറഞ്ഞതിന് ഏറ്റവും പറ്റിയ ഉദാഹരണം വേഷത്തിന്റെ പ്രധാന ഭാഗമായ തലമുടിയാണ്. എത്രയോ നൂറ്റാണ്ടു കാലം ഇവിടെ ഓരോ മതക്കാരും ഓരോ ജാതിക്കാരും ഓരോരോ മട്ടില്‍ തലമുടി വളര്‍ത്തിയും നീട്ടിയും നിറുത്തിയും വടിച്ചും വെട്ടിയും ചെരച്ചും പോന്നു. കുടുമയുടെ ഭിന്നരൂപങ്ങള്‍ അതത് ജാതിയെ പ്രഖ്യാപനം ചെയ്തിരുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാംപാതിയിലെത്തുമ്പോള്‍ കുടുമകള്‍ അപ്രത്യക്ഷമാകുന്നു, മൊട്ടത്തലകള്‍ പിന്‍വാങ്ങിത്തുടങ്ങുന്നു; ഭിന്ന ജാതിസമുദായങ്ങളിലും ഭിന്ന മതസമുദായങ്ങളിലും പെട്ടവര്‍ സമാനത വിളംബരം ചെയ്യുന്ന ആധുനികമായ പാശ്ചാത്യന്‍ 'ക്രോപ്പ്' സ്വീകരിച്ചുതുടങ്ങുന്നു. 

കുടുമകള്‍ ഉപേക്ഷിച്ചു ക്രോപ്പ് ചെയ്യുന്നത് ഹിന്ദു കുടുംബങ്ങളിലും മൊട്ടത്തലയില്‍ തലമുടി വളര്‍ത്തി ക്രോപ്പ് ചെയ്യുന്നത് മുസ്ലിം കുടുംബങ്ങളിലും അക്കാലത്ത് വലിയ വിപ്ലവമായിരുന്നു. ഇപ്പോള്‍ ആരെയും തലമുടികൊണ്ട് തിരിച്ചറിയില്ല. എന്താണ് സംഭവിച്ചത്? ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തോടെ പുതുപുത്തന്‍ ആശയങ്ങളിലേക്ക് പതുക്കപ്പതുക്കെ എല്ലാ സമുദായങ്ങളും കണ്‍മിഴിക്കാന്‍ തുടങ്ങി. ഇംഗ്ലീഷ് ഭാഷാപഠനവും പാശ്ചാത്യജീവിതരീതികളുമായുള്ള പരിചയവും ഇതിന് പ്രേരകമായി. 

വിവാഹം, കുടുംബം തുടങ്ങിയ സങ്കല്‍പ്പങ്ങളില്‍ അക്കാലത്തുതന്നെ പ്രകമ്പനം സൃഷ്ടിച്ച ഇന്ദുലേഖ എന്ന കഥാനായികയില്‍ പ്രവര്‍ത്തിച്ച പ്രധാനപ്പെട്ട ഇന്ധനം 'ഇംഗ്ലീഷ്' ആയിരുന്നു. ശ്രീനാരായണഗുരു, സനഉള്ളാ മക്തി തങ്ങള്‍, അയ്യങ്കാളി, വി.ടി. ഭട്ടതിരിപ്പാട് തുടങ്ങിയ സാമൂഹികപരിഷ്‌കര്‍ത്താക്കളുടെ പ്രവര്‍ത്തനവും എഴുത്തും ഈ ഘട്ടത്തില്‍ രാസത്വരകമായിത്തീര്‍ന്നു. ബ്രിട്ടീഷുവിരോധം, ജന്മിവിരോധം, രാജവാഴ്ചാവിരോധം, സാമ്പത്തികചൂഷണവിരോധം തുടങ്ങിയ സാമൂഹികപ്രവണതകള്‍ വഴി വന്നെത്തിയ ദേശീയത, സോഷ്യലിസം, ജനാധിപത്യം, കമ്മ്യൂണിസം മുതലായ ആശയങ്ങളുടെ പ്രചാരം സമത്വത്തിന്റെയും മതേതരത്വത്തിന്റെയും ഒരന്തരീക്ഷം സൃഷ്ടിക്കാന്‍ സഹായകമായി. പൊതുനിരത്തും തീവണ്ടിയും ബസ്സും സ്‌കൂളും ആശുപത്രിയും ഹോട്ടലും സര്‍ക്കാരോഫീസും ജാതിമതഭേദചിന്തകളില്ലാതെ കൂടിക്കഴിയുന്ന ഒരു സമൂഹത്തിന്റെ സങ്കല്‍പ്പം യാഥാര്‍ഥ്യമാക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. 

യാഥാസ്ഥിതികത, അന്ധവിശ്വാസം, അനാചാരം, അയിത്തം തുടങ്ങിയ കെടുതികളില്‍നിന്ന് കേരളീയസമൂഹം രക്ഷപ്പെട്ടുതുടങ്ങുകയായിരുന്നു. പ്രാദേശികവും ജാതീയവും മതപരവുമായ ചിഹ്നങ്ങളില്‍നിന്ന് പുറത്തു കടന്ന് ഒരു പൊതുസമൂഹത്തിന്, ഒരു പൗരസമൂഹത്തിന് രൂപംകൊടുക്കുവാനുള്ള ബോധപൂര്‍വ്വവും അബോധപൂര്‍വ്വവുമായ ഇച്ഛയാണ് അന്ന് പ്രവര്‍ത്തിച്ചത്. കലകളിലും ഭക്ഷണത്തിലും ഉടുപുടവകളിലും നാം സമത്വം നേടാന്‍ ആഗ്രഹിച്ചു. കഥകളിയും ഒപ്പനയും എല്ലാവരും കണ്ടുരസിച്ചു; ബിരിയാണി എല്ലാവരുടെയും ആഹാരമായി; സാരി എല്ലാ പെണ്ണുങ്ങളും ഉടുത്തു. 

ഒറ്റവാക്കില്‍ പറഞ്ഞാല്‍ മലയാളിസമൂഹത്തിന്റെ ആധുനികവത്കരണത്തിന്റെ ഭാഗമായിട്ടാണ് നമ്മുടെ പല സാംസ്‌കാരികചിഹ്നങ്ങളുടെയും രൂപഭാവങ്ങള്‍ മാറിമറിഞ്ഞത്. എല്ലാവര്‍ക്കും പറ്റിയ പലതും പാശ്ചാത്യരീതികളിലാവും കണ്ടുകിട്ടിയിരിക്കുക. ക്രോപ്പ് തന്നെ നല്ല ഉദാഹരണം. കഥകളിയും ഒപ്പനയും എല്ലാവരുടെയും ആയിത്തീരുന്നത് തീര്‍ച്ചയായും നല്ലതുതന്നെ. ആധുനിക കേരളത്തിന്റെ സാംസ്‌കാരികചിഹ്നങ്ങളായിത്തീരാന്‍ പ്രാപ്തിയുള്ള രണ്ട് കലാരൂപങ്ങളായി നാം അവയെ തിരിച്ചറിഞ്ഞാല്‍ പ്രശ്നമൊന്നുമില്ല. അത്രത്തോളം ആധുനികത ആവാം; അത്രത്തോളം ആധുനികത വേണം.

സത്യത്തില്‍ പ്രശ്നമുള്ളത് ഇവിടെനിന്ന് ഒരു പടികൂടി കടന്ന് കഥകളിയും ഒപ്പനയും വിസ്മരിച്ച് ബ്രേക്ക് ഡാന്‍സ് മാത്രമാണ് കലാരൂപം എന്ന അന്ധാളിത്തത്തില്‍ എത്തിച്ചേരുന്നിടത്താണ്; കഥകളിസംഗീതവും മാപ്പിളപ്പാട്ടും അഗണ്യകോടിയില്‍ തള്ളി പോപ്പ് മ്യൂസിക് മാത്രമാണ് സംഗീതം എന്ന വിഡ്ഢിത്തത്തില്‍ എത്തിച്ചേരുന്നിടത്താണ്; കഞ്ഞി പ്രാകൃതമാണെന്നും ഓട്ട്സ് മാത്രമാണ് സംസ്‌കാരമെന്നും ഉള്ള അഭിരുചിയില്‍ എത്തിച്ചേരുന്നിടത്താണ്. ആത്മാഭിമാനമില്ലാതെ എന്ത് സംസ്‌കാരം? എന്ത് പരിഷ്‌കാരം?

അവിടെ എത്തിക്കഴിഞ്ഞോ എന്ന് നിങ്ങള്‍ ചോദിച്ചേക്കും. അവിടെ എത്തിക്കഴിഞ്ഞില്ലെങ്കിലും ഇന്നത്തെ പോക്ക് കണ്ടിട്ട് വഴി അതാണെന്ന് എനിക്ക് ബേജാറ് തോന്നുന്നു. മലയാളികള്‍ക്കിടയില്‍ കഞ്ഞി കുടിക്കുന്ന ശീലം വളരെ കുറഞ്ഞുപോയി. അതിഥികള്‍ക്ക് അത് വിളമ്പുന്നത് മിക്കവര്‍ക്കും അന്തസ്സിന് പോരാ. 'ആളൊരു കഞ്ഞിയാ...' എന്ന പുതിയ ശൈലിയില്‍ കഞ്ഞിയോടുള്ള അവജ്ഞ മുഴുവന്‍ അടയാളപ്പെട്ടു കിടപ്പുണ്ട്. 'അന്നം മുട്ടി' എന്ന അര്‍ത്ഥത്തില്‍ 'കഞ്ഞികുടി മുട്ടി' എന്നും, 'ഉള്ള കഞ്ഞിയില്‍ പാറ്റ വീണു' എന്നും പറഞ്ഞുപോന്നിരുന്നതില്‍ കാണുംപോലെ കഞ്ഞിയെ വളരെ വില മതിച്ചിരുന്ന മലയാളിയുടെ മൊഴിമാറ്റമാണിത്!

ആധുനികവത്കരണത്തിന്റെയും സമത്വബോധത്തിന്റെയും ജനാധിപത്യത്തിന്റെയും സാക്ഷാല്‍ക്കാരത്തിന് ആവശ്യമുള്ള പരിഷ്‌കാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുവാന്‍ നമുക്ക് ബാധ്യതയുണ്ട്. കേരളീയതയുടെ പേരില്‍ നമ്പൂതിരി കുടുമ നിലനിറുത്തണമെന്നോ ചെറുമിപ്പെണ്ണ് മാറ് മറച്ചുകൂടാ എന്നോ നാം പറയാതിരിക്കുക; ക്ഷുരകജാതിയില്‍ പിറന്നവന്‍ കുട ചൂടിക്കൂടാ എന്നോ ചെരിപ്പിട്ടുകൂടാ എന്നോ നാം പറയാതിരിക്കുക; 'കീഴ്ജാതിക്കാര്‍' എന്ന് വിളിക്കപ്പെട്ടവര്‍ക്ക് വഴി നടക്കാന്‍ പാടില്ലെന്നോ വിദ്യ നേടാന്‍ പാടില്ലെന്നോ ചായക്കടയിലിരുന്ന് ചായ കുടിക്കാന്‍ പാടില്ലെന്നോ ആരാധനാലയത്തില്‍ കടക്കാന്‍ പാടില്ലെന്നോ നാം പറയാതിരിക്കുക.

പക്ഷേ, ഇക്കൂട്ടത്തില്‍ കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയില്ലാതാവുന്ന പരിഷ്‌കാരങ്ങളെ നാം കരുതിയിരിക്കണം. രുചിഭേദത്തിനു വേണ്ടി ഓട്സും കോണ്‍ഫ്ളേക്സും കഴിക്കുന്നതില്‍ ഒരപാകതയുമില്ല. അത് കഞ്ഞിയെ നിന്ദിച്ചിട്ട് വേണ്ട. കാര്യം ലളിതമാണ്: സ്വന്തം സംസ്‌കാരത്തിന്റെ തായ്വേരുകളില്‍ ഊന്നിനില്‍ക്കുമ്പോള്‍ മാത്രമേ ഏത് സമൂഹവൃക്ഷത്തിനും വളര്‍ന്നു കവരം വീശുവാന്‍ സാധിക്കുകയുള്ളൂ. ശാഖയെക്കാള്‍ പ്രധാനമാണ് വേര് എന്നത് പ്രാഥമികപാഠമാകുന്നു.

Content Highlights: Book excerpt from 'Enthina malayalam padikkunnathu'