ആ പോലീസുകാരൻ ചോദിച്ചു; 'ജാൻ മുഹമ്മദിന്റെ മകൻ തെരുവിൽ പാടിനടക്കുകയോ', അദ്ദേഹം ആ കുട്ടിയെ ഒപ്പംകൂട്ടി

എം.എസ്. ബാബുരാജിന്റെ ഭാര്യ ബിച്ചയുടെ ഓര്‍മക്കുറിപ്പുകളാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച ബാബുക്ക. പുസ്തകത്തില്‍നിന്നുള്ള ജാന്‍ മുഹമ്മദിന്റെ മകന്‍ എന്ന അധ്യായം വായിക്കാം:
ജാന്‍ മുഹമ്മദിന്റെ മകന്‍
കോഴിക്കോട്ടുകാര്‍ സംഗീതപ്രിയരാണ്. അവരുടെ ചോരയില്‍ അലിഞ്ഞുചേര്‍ന്നതാണ് സംഗീതം. ഇരുപതാംനൂറ്റാണ്ടിന്റെ ആദ്യവര്‍ഷങ്ങളില്‍ തെക്കേ ഇന്ത്യയില്‍നിന്നും വടക്കുനിന്നും മലബാറിലേക്ക് നാടകസംഘങ്ങള്‍ വരുമായിരുന്നു. മൈതാനങ്ങളിലും വിശാലമായ പറമ്പുകളിലും മാസങ്ങളോളം തമ്പടിച്ച് അവര്‍ നാടകം കളിക്കും. പുതിയ വിശേഷങ്ങള്‍ കാണാന്‍ രാത്രികാലങ്ങളില്‍ ചൂട്ടുകള്‍ കത്തിച്ച് ആള്‍ക്കൂട്ടം ഒഴുകിയെത്തും. കാലക്രമേണ കോഴിക്കോട്ടുകാരുടെ മനസ്സുകളില്‍ നാടകം ഇടംപിടിക്കാന്‍ തുടങ്ങി. നാടാകെ നാടകക്കമ്പം പടര്‍ന്നപ്പോള്‍ മുസ്‌ലിംപണ്ഡിതന്മാര്‍ വിലക്കുകളുമായി രംഗത്തു വന്നു. മുസ്‌ലിങ്ങളായ കലാസ്വാദകര്‍ നാടകത്തെ താത്കാലികമായെങ്കിലും ഉപേക്ഷിക്കാന്‍ നിര്‍ബന്ധിതരായി. എന്നാല്‍, പ്രവാചകപ്രകീര്‍ത്തനഗാനങ്ങള്‍ക്കും ഹിന്ദുസ്ഥാനി സംഗീതത്തിനും വിലക്കുണ്ടായിരുന്നില്ല. അതിനാല്‍ത്തന്നെ കോഴിക്കോടിന്റെ മുക്കുമൂലകളിലെല്ലാം ഇശലുകള്‍ ഒഴുകിത്തുടത്തി.
പാട്ടുപോലെ നല്ല ഭക്ഷണവും സത്കാരങ്ങളും ഇഷ്ടപ്പെടുന്നവരാണ് കോഴിക്കോട്ടുകാര്‍. വൈകുന്നേരംവരെ കച്ചവടവും കാര്യങ്ങളുമായി കഴിയുന്നവര്‍ സൂസൂര്യനസ്തമിച്ചാല്‍ മാളികപ്പുറങ്ങളില്‍ ഒരുമിച്ചു കൂടും. നാട് ഉറങ്ങാന്‍ തുടങ്ങുമ്പോള്‍ കോഴിക്കോട്ടെ മാളികപ്പുറങ്ങളില്‍ നിലാവിനൊപ്പം സംഗീതവും പെയ്യാന്‍ തുടങ്ങും. ഹാര്‍മോണിയവും തബലയും ഗിറ്റാറുമടക്കം ഏതാനും സംഗീതോപകരണങ്ങളുടെ അകമ്പടിയോടെയായിരുന്നു ആ പാട്ടുരാവുകള്‍. പാട്ടില്‍ ലയിച്ച് പല മാളികകളിലായി ചെറിയചെറിയ സംഘങ്ങള്‍. അവരുടെ 'വാഹ് വാഹ്' വിളികള്‍. ബീഡിയുടെ പുകയും മണവും നിറയുന്ന മാളികപ്പുറങ്ങള്‍. ആടും കോഴിയും നെയ്‌ച്ചോറുമായി സമൃദ്ധമായ സദ്യ. പാട്ടും ഭക്ഷണവുമായി തൊഴിലാളിയും മുതലാളിയും മാളികപ്പുറങ്ങളില്‍ ഒന്നിച്ചുകൂടുന്നു. പള്ളികളില്‍ നമസ്‌കരിക്കാനുള്ള ഒത്തുചേരല്‍പോലെയായിരുന്നു മാളികപ്പുറങ്ങളിലെയും. മെഹ്ഫില്‍ ദര്‍ബാറില്‍ പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമുണ്ടായിരുന്നില്ല. അതൊരു കാലമായിരുന്നു. നിലാവ് അസ്തമിച്ചാലും പാതിരാക്കോഴി കൂവിയാലും അവസാനിക്കാത്ത മെഹ്ഫില്‍ രാവുകളുടെ കാലം.
കടപ്പുറം, വലിയങ്ങാടി, പാളയം, പട്ടുതെരുവ്, കുറ്റിച്ചിറ പ്രദേശങ്ങളിലെല്ലാം ക്ലബ്ബുകളും മാളികപ്പുറങ്ങളും ഉണ്ടായിരുന്നു. അവിടങ്ങളിലെല്ലാം പാട്ടിനൊപ്പം സ്‌നേഹവും സൗഹാര്‍ദവും ഖല്‍ബുകളില്‍ പൂക്കാലമുണ്ടാക്കി. മനുഷ്യരെല്ലാം ഒന്നാണെന്ന് ഉറപ്പിക്കുന്നതായിരുന്നു ആ കൂടിച്ചേരലുകള്‍. ഒരു മാളികപ്പുറത്ത് കേമനായ ഒരു പാട്ടുകാരനെത്തിയാല്‍ അയാളെ പാട്ടില്‍ തോല്പിക്കാന്‍ കഴിവുള്ളവരെ തേടും മറ്റു കൂട്ടര്‍. അത് മികച്ച സംഗീതജ്ഞരെ കണ്ടെത്താനുള്ള കാരണമായി. പാട്ടുരാവുകള്‍ സജീവമായതോടെ ഹിന്ദുസ്ഥാനി സംഗീതജ്ഞര്‍ കോഴിക്കോടിന്റെ രാവുകളിലും പകലുകളിലും നിറയാന്‍ തുടങ്ങി. അവരെ സത്കരിക്കാനും താമസസൗകര്യങ്ങള്‍ ഒരുക്കാനും സംഗീതപ്രേമികളായ പ്രമാണിമാരും തറവാട്ടുകാരും മത്സരിച്ചു. മാസങ്ങളോളം നീണ്ടുനില്ക്കുന്ന സംഗീതക്കച്ചേരികള്‍. ഉസ്താദ് സദഖത്തുല്ല, അബ്ദുല്‍ കരീം ഖാന്‍, ബാംഗ്ലൂര്‍ അബ്ദുറസാഖ് തുടങ്ങിയ സംഗീതജ്ഞര്‍ മാളികപ്പുറങ്ങളിലെ സാന്നിധ്യങ്ങളായി.
ഖവാലിസംഘത്തിലെ പ്രധാനിയായിരുന്നു മട്ടാഞ്ചേരിക്കാരനായ ഗുല്‍ മുഹമ്മദ്. കുറഞ്ഞ കാലംകൊണ്ടുതന്നെ ഗുല്‍ മുഹമ്മദ് കോഴിക്കോട്ടുകാര്‍ക്കിടയില്‍ പ്രശസ്തനായി. അദ്ദേഹത്തെ വെല്ലുന്ന മറ്റൊരു സംഗീതജ്ഞനെ കണ്ടെത്താനായി മറ്റു കൂട്ടരുടെ ശ്രമം. ബറാമിയായ കോയസ്സന്‍കോയ ബോംബെയിലേക്ക് കച്ചവടത്തിനു പോകുമായിരുന്നു. അവിടെവെച്ചാണ് അദ്ദേഹം ഹിന്ദുസ്ഥാനി സംഗീതജ്ഞനായ ജാന്‍ മുഹമ്മദിന്റെ പാട്ടുകേള്‍ക്കാന്‍ ഇടയായത്. കൊല്‍ക്കത്തക്കാരനും ദഖ്‌നിവംശജനുമായിരുന്നു ജാന്‍ മുഹമ്മദ്. സംഗീതത്തിനുവേണ്ടി ജീവിതം സമര്‍പ്പിച്ച മനുഷ്യന്‍. മറാഠി സംഗീതജ്ഞന്‍ മനോഹര്‍ ബറുവയുടെ പ്രിയപ്പെട്ട ശിഷ്യന്‍. ഗുല്‍ മുഹമ്മദിനോട് എതിരിടാന്‍ പറ്റിയ ആളാണ് ജാന്‍ മുഹമ്മദെന്ന് കോയസ്സന്‍കോയ മനസ്സിലാക്കി. രണ്ടാഴ്ച കഴിഞ്ഞ് കോയസ്സന്‍കോയ കോഴിക്കോട്ടെത്തുമ്പോള്‍ കൂടെ ജാന്‍ മുഹമ്മദുമുണ്ടായിരുന്നു.
ഏറെക്കഴിയാതെ ജാന്‍ മുഹമ്മദിന്റെ പാട്ട് കോഴിക്കോട്ടെ രാത്രിയാഘോഷങ്ങളിലും വിവാഹങ്ങളിലും ഒഴിവാക്കാനാവാത്ത ഇനമായി. തിരക്കേറിയപ്പോള്‍ അദ്ദേഹത്തെ കോഴിക്കോട്ടുതന്നെ താമസിപ്പിക്കാന്‍ പൗരപ്രമുഖന്മാര്‍ തീരുമാനിച്ചു. അതിനു ജാന്‍ മുഹമ്മദിനെ കല്യാണം കഴിപ്പിക്കണം. പാവപ്പെട്ട പെണ്‍കുട്ടിയെ മതിയെന്നായിരുന്നു ജാന്‍ മുഹമ്മദിന്റെ തീരുമാനം. വാഴക്കാടിനടുത്തുള്ള ഫാത്തിമയെ പെണ്ണുകണ്ടു. വെളുത്തു സുന്ദരിയായിരുന്നു ഫാത്തിമ. ഒരു വ്യാഴാഴ്ച രാവില്‍ ആ നിക്കാഹ് നടന്നു. പാളയം മാര്‍ക്കറ്റിനടുത്ത് ഒരു മാളികവീട് വാടകയ്‌ക്കെടുത്ത് അവിടെയായി ജാന്‍ മുഹമ്മദിന്റെയും ഫാത്തിമയുടെയും താമസം. സ്‌നേഹത്തിന്റെ സംഗീതം ഒഴുകിയ നാളുകള്‍. ഫാത്തിമ ഗര്‍ഭിണിയായി. ഖിലാഫത്തിന്റെ വിളിയില്‍ മലബാര്‍ ഉണര്‍ന്നെണീറ്റ കാലം. ബ്രിട്ടീഷുകാര്‍ക്കെതിരേ മാപ്പിളമാര്‍ പോരിനിറങ്ങിയ ആ നാളുകളിലൊന്നില്‍ 1921 മാര്‍ച്ച് 29ന് ഫാത്തിമ ഒരാണ്‍കുഞ്ഞിനെ പ്രസവിച്ചു. അതായിരുന്നു മുഹമ്മദ് സാബിര്‍ എന്ന ബാബുരാജ്. തുടര്‍ന്ന് രണ്ടു മക്കള്‍കൂടിയുണ്ടായി; അബ്ദുല്‍ മജീദും അബ്ദുല്‍ ജബ്ബാറും. ജബ്ബാര്‍ ചെറുപ്പത്തിലേ മരിച്ചു.
സാഹിത്യസംബന്ധമായ വാര്‍ത്തകളും ലേഖനങ്ങളും അഭിമുഖങ്ങളും വായിക്കാന്‍ വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകൂ.
മക്കളെ നല്ല നിലയില്‍ വളര്‍ത്തണമെന്ന് നിര്‍ബന്ധമുണ്ടായിരുന്നു ജാന്‍ മുഹമ്മദിന്. കടല്‍കടന്നെത്തുന്ന സഞ്ചാരികള്‍ കൊണ്ടുവരുന്ന പളപള മിന്നുന്ന ഉടുപ്പുകള്‍ മക്കള്‍ക്കു വാങ്ങിക്കൊടുക്കും. കോട്ടും പാന്റ്‌സും ധരിച്ചായിരുന്നു ഉപ്പയോടൊപ്പം മക്കള്‍ പുറത്തിറങ്ങിയിരുന്നത്. അയല്‍ക്കാര്‍ക്കെല്ലാം അതൊരു കൗതുകക്കാഴ്ചയായിരുന്നു. മക്കളെ തന്നെപ്പോലെ സംഗീതജ്ഞരാക്കണമെന്നായിരുന്നു ജാന്‍ മുഹമ്മദിന്റെ ആഗ്രഹം. മുഹമ്മദ് സാബിറിനെയാണ് പിന്‍ഗാമിയായി മനസ്സില്‍ കണ്ടത്. സ്‌കൂള്‍ വിട്ടുവന്നാല്‍ സാബിറിന്റെ പിന്നീടുള്ള സമയം സംഗീതപഠനത്തിനു വേണ്ടിയുള്ളതായി. അഞ്ചു മണിമുതല്‍ രാത്രി എട്ടു മണിവരെ രാഗപാഠങ്ങള്‍. ഹാര്‍മോണിയത്തിലും ജലതരംഗിലും ഉപ്പതന്നെ ഗുരു. തനിക്കു കിട്ടിയ സംഗീതമെല്ലാം മകനിലേക്ക് ആ പിതാവ് പകര്‍ന്നു. മുഹമ്മദ് സാബിറിലൂടെ പാട്ടിന്റെ പുഴ തുടര്‍ന്നൊഴുകാന്‍ തുടങ്ങുകയായിരുന്നു.
സംഗീതം പഠിക്കുമ്പോള്‍ കോട്ടും പാന്റ്‌സും ധരിക്കണമെന്ന് ഉപ്പാക്ക് നിര്‍ബന്ധമായിരുന്നു. അദ്ദേഹവും നീണ്ട കോട്ടണിഞ്ഞിട്ടുണ്ടാകും. ജലതരംഗം ശരിയായി പരിശീലിച്ചില്ലെങ്കില്‍ ചൂരലുകൊണ്ട് സാബിറിന് അടി കിട്ടും. ചിലപ്പോള്‍ അടികൊണ്ട് കാലില്‍ ചോര പൊടിയും. കണ്ണു നിറയും. അതൊന്നും ആ ഉപ്പയെ പിന്തിരിപ്പിക്കില്ല. മകന്റെ രക്തത്തില്‍ സംഗീതം അലിയിച്ചുചേര്‍ക്കുന്നതില്‍ മാത്രമായിരുന്നു ശ്രദ്ധ. ആ പരിശീലനമാണ് ബാബുരാജ് എന്ന പാട്ടുകാരന് വിത്തുപാകിയത്. സംഗീതപഠനത്തിനിടയിലെ ശിക്ഷ ഉപ്പയില്‍നിന്ന് മകനെ ഒരിക്കലും അകറ്റിയില്ല. ഉപ്പയെ ജീവനായിരുന്നു സാബിര്‍ ബാബുവിന്. എന്തു പറഞ്ഞാലും അനുസരിക്കും. വീട്ടില്‍ ഉമ്മയെ സഹായിക്കും. അനുജനെ സ്‌നേഹിച്ച് കൂടെ നിര്‍ത്തും. എപ്പോഴും സന്തോഷമുള്ള വീട്. പടച്ചവന്‍ പക്ഷേ, ആ സന്തോഷത്തിനു കൂടുതല്‍ ആയുസ്സു കൊടുത്തില്ല. അസുഖം വന്ന് ഫാത്തിമ കിടപ്പിലായി. ഏറെ നാള്‍ കഴിയുംമുന്‍പേ അവര്‍ മരണത്തിനു കീഴടങ്ങി. സാബിര്‍ ബാബുവിന് അപ്പോള്‍ എട്ടു വയസ്സു മാത്രമേ ആയിരുന്നുള്ളൂ. മക്കളെ വളര്‍ത്തിവലുതാക്കാന്‍ ഒരു തണല്‍കൂടി ജാന്‍ മുഹമ്മദിന് ആവശ്യമായിരുന്നു. തലശ്ശേരിക്കാരിയായ റുഖിയ്യയെ ജാന്‍ മുഹമ്മദ് വിവാഹം കഴിച്ചു. നഷ്ടപ്പെട്ട കിനാവുകള്‍ ജാന്‍ മുഹമ്മദിനും മക്കള്‍ക്കും റുഖിയ്യ തിരികെ നല്‍കി. കോഴിക്കോട് പാളയത്തിനടുത്ത ചെറിയ വീട്ടിലേക്ക് വസന്തം വീണ്ടും വിരുന്നെത്തി. കണ്ണീരും സ്വപ്‌നങ്ങളും വില്‍ക്കുവാനായ് വന്നവന്‍ ഞാന്‍ എന്നൊരു പാട്ടുണ്ട് ബാബുക്കയുടെത്. ആ വരികള്‍ മൂപ്പരുടെ കാര്യത്തില്‍ സത്യമായിരുന്നു. ഉമ്മയുടെ മരണശേഷവും വിധി ആ കുടുംബത്തെ വേട്ടയാടിക്കൊണ്ടിരുന്നു. സന്തോഷത്തിന്റെ പകലുകള്‍ അസ്തമിച്ച് വേദനയുടെ ഇരുട്ടുപടര്‍ന്നത് പെട്ടെന്നായിരുന്നു. നാടുചുറ്റിയുള്ള സംഗീതയാത്രകള്‍ ജാന്‍ മുഹമ്മദിനെ അവശനാക്കി. ആ അവശതകള്‍ അദ്ദേഹത്തെ മരണത്തിലേക്ക് വിളിച്ചുകൊണ്ടുപോയി. സാബിര്‍ ബാബു അപ്പോള്‍ കൗമാരത്തിന്റെ തുടക്കത്തിലായിരുന്നു. ആ ഇളംചുമലിലായി കുടുംബഭാരം. സംഗീതം മാത്രമായിരുന്നു സമ്പാദ്യമായി ഉപ്പ മക്കള്‍ക്കു ബാക്കിവെച്ചിരുന്നത്. ആ പാട്ടുകൊണ്ടാണ് പിന്നീട് ആ മകന്‍ കുടുംബത്തെ പോറ്റിയത്.
പോലീസുകാരന്‍ കണ്ടെത്തിയ പാട്ടുകാരന്‍
ഡ്യൂട്ടി കഴിഞ്ഞ് സ്റ്റേഷനില്‍നിന്നിറങ്ങിയതായിരുന്നു കോണ്‍സ്റ്റബിള്‍ കുഞ്ഞുമുഹമ്മദ്. വൈകുന്നേരത്തെ ആ നടത്തം പതിവുള്ളതാണ്. ചിലപ്പോള്‍ സൈക്കിളിലായിരിക്കും സവാരി. കോഴിക്കോട്ടങ്ങാടിയിലെ ചില സംഗീതക്കൂട്ടങ്ങളിലേക്കായിരിക്കും പലപ്പോഴും ചെന്നെത്തുക. അന്ന് പട്ടാളപ്പള്ളിക്കടുത്തെത്തിയപ്പോള്‍ പതിവില്ലാതെ ഒരാള്‍ക്കൂട്ടം. സൈക്കിള്‍ റോഡരികില്‍ നിര്‍ത്തി കുഞ്ഞുമുഹമ്മദ് അങ്ങോട്ടു ചെന്നു. ഒരു ബാലന്‍ ഇരുകൈകളും വയറ്റത്തടിച്ചു പാടുകയാണ്. മനോഹരമായ ആലാപനം. അതു കേട്ട് ആളുകള്‍ ചുറ്റും കൂടിനില്ക്കുന്നു. പാട്ടു മുറുകുന്തോറും ആള്‍ക്കൂട്ടവും പെരുകുന്നു. പാട്ടുകാരന് കൂടിയവരെല്ലാം നാണയത്തുട്ടുകള്‍ കൊടുക്കുന്നു.
പാട്ടിനോടും നാടകത്തോടുമൊക്കെ പെരുത്ത് കമ്പമാണ് കുഞ്ഞുമുഹമ്മദിന്. കലാകാരന്മാരെ ബഹുമാനമാണ്. നേരം കുറെ ഇരുട്ടിയപ്പോള്‍ പാട്ട് അവസാനിച്ചു. ആളുകളെല്ലാം പിരിഞ്ഞുപോയി. കുഞ്ഞുമുഹമ്മദ് മാത്രം അവിടെ നിന്നു. എന്തോ ഒരു പ്രത്യേകത ആ കുട്ടിയില്‍ നിറഞ്ഞിരിപ്പുണ്ടെന്നൊരു തോന്നല്‍. സ്‌നേഹത്തോടെ കുഞ്ഞുമുഹമ്മദ് അവന്റെ ചുമലില്‍ പിടിച്ചു.
'എന്താ നിന്റെ പേര്?'
'മുഹമ്മദ് സാബിര്‍,' അവന്‍ പറഞ്ഞു.
'നിനക്ക് വീട്ടില്‍ ആരൊക്കെയുണ്ട്?'
'ജാന്‍ മുഹമ്മദിന്റെ മകനാണ് ഞാന്‍.'
'സംഗീതകാരനായ ജാന്‍ മുഹമ്മദിന്റെ മകന്‍ തെരുവില്‍ പാടിനടക്കുകയോ?'
ഉപ്പയുടെ മരണത്തെക്കുറിച്ച് മുഹമ്മദ് സാബിര്‍ പറഞ്ഞു.
'ഇങ്ങനെ കഴിയേണ്ട ആളല്ല നീ... എന്റെ കൂടെ വാ. എനിക്ക് ചെറിയൊരു വീടുണ്ട്. അവിടെ ഉപ്പയും ഉമ്മയും സഹോദരങ്ങളുമുണ്ട്. നിന്റെ പ്രായക്കാരുമുണ്ട് കൂട്ടത്തില്‍. നിനക്ക് അവിടെ താമസിക്കാം....'
മുഹമ്മദ് സാബിര്‍ ആ നല്ല മനുഷ്യനെ കുറെ നേരം നോക്കിനിന്നു. സമ്മതമറിയിക്കുമ്പോള്‍ ആ കണ്ണുകള്‍ നിറഞ്ഞൊഴുകാന്‍ തുടങ്ങിയിരുന്നു.
അനുജന്‍ മജീദിനെയും കൂട്ടി പാളയത്തിനടുത്തുള്ള പോലീസ് ക്വാര്‍ട്ടേഴ്‌സിലേക്കു പോകുമ്പോള്‍ മുഹമ്മദ് സാബിറിന്റെ കൈയില്‍ വസ്ത്രങ്ങള്‍ പൊതിഞ്ഞ ചെറിയൊരു സഞ്ചി മാത്രമാണുണ്ടായിരുന്നത്. അവര്‍ ആ വീട്ടിലെ മക്കളായി.
കുഞ്ഞുമുഹമ്മദിന്റെ ബാപ്പ ചേലാട്ട് ഉണ്ണീന്‍ പോലീസുകാരനായിരുന്നു. അദ്ദേഹത്തിന് ഏഴു മക്കള്‍. കുഞ്ഞുമുഹമ്മദ്, കുഞ്ഞാറു, മൊയ്തീന്‍. പിന്നെ നാലു പെണ്‍മക്കള്‍. നാലു മുറികളുണ്ടായിരുന്നു വീടിന്. ഒരു മുറിയില്‍ ഉമ്മയും അനിയത്തിമാരും. മറ്റുള്ള മുറികളെല്ലാം ചെറുപ്പക്കാര്‍ക്കുള്ളതാണ്.
കാരുണ്യത്തിന്റെ ആ വീട്ടില്‍ സാബിര്‍ ബാബുവിനു തുണയായി രണ്ടു പേര്‍കൂടി വന്നെത്തി, ലെസ്‌ലിയും കെ.ടി. മുഹമ്മദും. കെ.ടി. മുഹമ്മദിന്റെ ബാപ്പ പോലീസിലായിരുന്നതിനാല്‍ ക്വാര്‍ട്ടേഴ്‌സിലാണ് അവരും താമസിക്കുന്നത്. നാടകത്തില്‍ കമ്പമുണ്ടെന്നു മനസ്സിലാക്കി മുഹമ്മദിനെ കുഞ്ഞുമുഹമ്മദ് കൂടെ കൂട്ടിയതാണ്. മൂന്നുപേരും കൂട്ടുകാരായി. സംഗീതവും കലയും കൂടിച്ചേര്‍ന്ന വളര്‍ച്ചയാണ് തുടര്‍ന്നുണ്ടായത്. കുഞ്ഞുമുഹമ്മദ് സ്ഥാപിച്ച ബ്രദേഴ്‌സ് മ്യൂസിക് ക്ലബ്ബ് അവരുടെ അഭിരുചികളെ വളര്‍ത്തിക്കൊണ്ടു വന്നു.
Content Highlights: memoir of bicha wife of ms baburaj babukka book