'ഞാൻ ആദ്യം എത്തിയത് മതത്തിലല്ല, പ്രേമത്തിലാ; ആ അനുഭവം എന്നെ പിടിച്ചുകുലുക്കി’

#എം.എന്‍. കാരശ്ശേരി
കമലാ സുരയ്യ(മാധവിക്കുട്ടി) |ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌
കമലാ സുരയ്യ(മാധവിക്കുട്ടി) |ഫോട്ടോ: മാതൃഭൂമി ആര്‍ക്കൈവ്‌സ്‌

എം.എൻ. കാരശ്ശേരി രചിച്ച അനുസ്മരണലേഖനങ്ങളുടെ സമാഹാരമാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച തീരാത്ത വിലാപയാത്രകൾ’. പുസ്തകത്തിലെ മാധവിക്കുട്ടിയെ കുറിച്ചുള്ള ലേഖനം വായിക്കാം. 

മാധവിക്കുട്ടിയെപ്പോലെ ഇത്രയധികം വിവാദങ്ങളുണ്ടാക്കിയ വേറെ വല്ല സ്ത്രീയും കേരളീയ ചരിത്രത്തിലുണ്ടോ? അവരുടെ എഴുത്തും വർത്തമാനവും ജീവിതരീതിയും രാഷ്ട്രീയവും മതവും മരണവും ഖബറടക്കവുമെല്ലാം വൻ വിവാദങ്ങൾക്കു തിരികൊളുത്തിക്കൊണ്ടേയിരുന്നു. നാൽപ്പതാണ്ടു കാലമായി, എന്നും എപ്പോഴും അവർ നമുക്ക് ഒരു 'പ്രശ്നം' തന്നെയായിരുന്നു. ഒരു സ്ത്രീസാന്നിധ്യവും കേരളീയസമൂഹത്തെ ഇത്രമേൽ പ്രലോഭിപ്പിക്കുകയോ ഇത്രമേൽ പ്രകോപിപ്പിക്കുകയോ ചെയ്തിട്ടില്ല; ഒരു സ്ത്രീവ്യക്തിത്വത്തിനും ഇത്രയേറെ ശ്രദ്ധകൊടുക്കുവാൻ നമ്മൾ വേറെ നിർബന്ധിക്കപ്പെട്ടിട്ടില്ല.

അവരുടെ ആത്മകഥ (എന്റെ കഥ, 1973) പോലെ വിസ്ഫോടകമായ മറ്റൊന്നും അതിനുമുമ്പോ പിമ്പോ മലയാളസാഹിത്യം അറിഞ്ഞിട്ടില്ല. അവരുടെ മതംമാറ്റം (1999) പോലെ അവസാനിക്കാത്ത വാർത്താമൂല്യമുള്ള മറ്റൊന്നും നമ്മുടെ സാഹിത്യചരിത്രത്തിൽ സംഭവിച്ചിട്ടില്ല- ചേരമാൻ പെരുമാൾക്കുശേഷം ഇത്രയും പ്രശസ്തമായി ഈ നാട്ടിൽ ആര് മതം മാറിയിട്ടുണ്ട്? തന്റെ നിഷ്‌കളങ്കവും സത്യസന്ധവുമായ സവിശേഷരീതിയിൽ അവർ എഴുതുകയോ പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുമ്പോൾ 'സംഭവം' വിവാദമാവുകയാണ്. സത്യത്തിന്റെ സ്ഫോടകശേഷി നമുക്ക് കാണിച്ചുതന്നതാണ് അവരുടെ പ്രധാന നേട്ടം.

സ്വന്തം ആർത്തവരക്തത്തെക്കുറിച്ചും സ്വവർഗാനുരാഗത്തിന്റെ അനുഭവങ്ങളെക്കുറിച്ചും ദാമ്പത്യബാഹ്യവേഴ്ചകളെക്കുറിച്ചും തുറന്നെഴുതിയതാണ് എന്റെ കഥയെ കൊടുങ്കാറ്റാക്കിയതെങ്കിൽ, അതിലെ പല ഭാഗവും ഭാവനാസൃഷ്ടിയാണ് എന്നു വെളിപ്പെടുത്തിയതാണ് പുതിയ ചുഴലികൾ ഉത്പാദിപ്പിച്ചത്.

എന്താണീ 'ആത്മകഥ?' അത്തരമൊരു അടിസ്ഥാനചോദ്യം ഉയർത്തിയത് ആ പുസ്തകമാണ്. ആത്മചരിത്രത്തിന്റെ രൂപം ഉപയോഗിച്ച് ഒരു 'കഥ' പറയുകയായിരുന്നോ മാധവിക്കുട്ടി? യാഥാർത്ഥ്യത്തിലെന്നപോലെ സങ്കൽപ്പത്തിൽ അനുഭവിച്ചതും ഒരാളുടെ അനുഭവമല്ലേ? ഒരിക്കൽ ഇതിനെപ്പറ്റി അവർ എന്നോടു പറയുകയുണ്ടായി: 'അതിലെ മാധവിക്കുട്ടി ഞാൻ സൃഷ്ടിച്ച ഒരു കഥാപാത്രം മാത്രമാണ്. എന്റെ ഇഷ്ടപ്പെട്ട കഥാപാത്രമാണവൾ. നിയന്ത്രണംവിട്ട് ഓടുന്ന അവളെ എനിക്ക് ഇഷ്ടമാണ്. അഡ്വഞ്ചറസ്!'

ആത്മകഥ എന്ന സാഹിത്യരൂപത്തെത്തന്നെ അപനിർമിക്കുന്ന ഒരംശം ഇവിടെക്കാണാം. ഏതെങ്കിലും വ്യക്തിയുടെ സ്വകാര്യജീവിതത്തിന്റെ 'ശരി'പ്പകർപ്പായിട്ടല്ല, ഇന്ത്യൻ സ്ത്രീത്വത്തിന്റെ സങ്കടങ്ങളുടെ സത്യസന്ധമായ കഥയായിട്ടാണ് ഞാനതു വായിച്ചത്- സ്ത്രീത്വത്തിന്റെ അസ്വാതന്ത്ര്യവും ദുരിതവും സ്വന്തം കഷ്ടനഷ്ടങ്ങളായി അനുഭവിക്കുമ്പോൾ പുറപ്പെടുന്ന പുസ്തകം. ലിംഗവിവേചനത്തിന്റെ എന്തൊരു നരകമാണ് 'ഭാരതസ്ത്രീകളുടെ ഭാവശുദ്ധി'യുടെ പിന്നാമ്പുറങ്ങളിൽ കത്തിയാളുന്നത് എന്ന് ലോകത്തോടു വിളിച്ചുപറയാൻ അവർ സ്വന്തം 'സത്പേര്' ഹോമിച്ചു.

മറ്റ് ഏതു സാഹിത്യരൂപം സ്വീകരിച്ചിരുന്നുവെങ്കിലും ഈ കഥനത്തിന് ഇത്രയും ഊറ്റംകിട്ടുമായിരുന്നില്ല. സ്നേഹം തേടി അലയുന്ന സ്ത്രീഹൃദയത്തിന്റെ തേങ്ങൽ ആ ഗ്രന്ഥത്തിന്റെ ഏതു പേജിൽനിന്നും ഉയരുന്നുണ്ട്. സ്വന്തം ജീവിതത്തിൽ നടത്തുന്ന സാഹസികമായ സ്നേഹാന്വേഷണമാണ് അവരെ മതംമാറ്റത്തിലെത്തിക്കുന്നത്.

ആ മതംമാറ്റത്തിനു മുനകൾ പലതുണ്ട്:
മുത്തശ്ശിയും വിധവയുമായ ഒരറുപത്തഞ്ചുകാരി പ്രേമിക്കുന്നു, അവരുടനെ വിവാഹിതയാകാൻ പോകുന്നു എന്ന വാർത്തയായിരുന്നു ഒന്നാമത്തേത്. പ്രണയത്തിന്റെ നാനാവശങ്ങളെപ്പറ്റി കുട്ടിക്കാലംതൊട്ടേ നിരന്തരം എഴുതിപ്പോന്ന ഒരെഴുത്തുകാരി വാർദ്ധക്യത്തിന്റെ പിടിയിൽ അമർന്നുകഴിഞ്ഞ അവസ്ഥയിലും പ്രണയം പ്രഖ്യാപിക്കുന്നത് കേരളത്തിലെ നാട്ടുനടപ്പുകളെ ൈസ്വരംകെടുത്തുകതന്നെ ചെയ്തു. മുസ്ലിമായ കാമുകനെ കല്യാണം കഴിക്കാൻ വേണ്ടിയാണ് അയാളുടെ മതത്തിലേക്കു മാറുന്നത് എന്ന വെളിപ്പെടുത്തൽ മതപരിവർത്തനം ആഘോഷിക്കുന്നവരെയും കുറഞ്ഞൊന്നു വെട്ടിലാക്കി.

പുസ്തകത്തിന്റെ കവർ പേജ്

അവരൊരിക്കൽ എന്നോടു പറഞ്ഞു: 'ഞാൻ ആദ്യം എത്തിയത് മതത്തിലല്ല, പ്രേമത്തിലാ. ദാസേട്ടൻ മരിച്ചു. കുട്ടികളൊക്കെ ഓരോ വഴിക്കായി. ഞാൻ വല്ലാതെ ഒറ്റപ്പെട്ടുപോയി. ആ സമയത്ത് ഒരാളും ഞാനുമായിട്ട് അടുപ്പത്തിലായി. ആ അനുഭവം എന്നെ പിടിച്ചുകുലുക്കി. ഈ പ്രായത്തിലും ആകർഷണീയമായി എനിക്ക് ചിലതൊക്കെ ഉണ്ട് എന്ന അറിവ് വല്ലാത്തതായിരുന്നു. എന്റെ യൗവനം മടങ്ങിവന്നു. ഞാൻ ശരിക്കും കാമുകിയായി. ജീവിതം ഒരാഘോഷമായി.'

അതിലൊരു പ്രതിരോധത്തിന്റെ അംശമുണ്ട് എന്നതാണ് രണ്ടാമത്തേത്. ഇന്ത്യൻ പാരമ്പര്യം വിധവകളോടു കാണിച്ചുപോന്ന ക്രൂരമായ വിവേചനത്തെ ആ മതപരിവർത്തനം വിചാരണ ചെയ്യുന്നു. അവർ പറയുകയുണ്ടായി: 'ഞാൻ ഒരു വിധവയാ. എന്നു പറഞ്ഞാൽ എന്റെ ഭർത്താവ് ദാസേട്ടൻ മരിച്ചുപോയി. അത് എന്റെ ദുര്യോഗം. കഷ്ടകാലം. അങ്ങനെ കഷ്ടം അനുഭവിക്കുന്ന സ്ത്രീയാണ് ഞാൻ. ഈ നേരത്ത് എന്നോടു കൂടുതൽ സ്നേഹവും പരിഗണനയും കാണിക്കുകയല്ലേ വേണ്ടത്? ഹിന്ദുക്കൾ എന്താ ചെയ്യാന്നു നിശ്ചയമുണ്ടോ? അവർക്കു വിധവ അശ്രീകരമാണ്. കണികാണാൻ കൊള്ളാത്ത സാധനം. എന്റെ അയൽക്കാരികൾ രാവിലെ എന്നെ കാണും എന്നു തോന്നിയാൽ വിൻഡോസ് അടച്ചുകളയും.

അമ്പലത്തിലേക്കു പോവുമ്പഴാണെങ്കിൽ അവര് എന്നെ കണ്ടതും വീട്ടിലേക്കു തിരിച്ചോടും. ഒന്നാലോചിച്ചു നോക്കൂ, ക്രൂവൽറ്റി അല്ലേ? ഹിന്ദുക്കളുടെ കൂട്ടത്തിൽ ചിലർ ഭർത്താവിന്റെ ചിതയില് ചാടി മരിക്കും. എന്തിനാ? സ്ത്രീക്ക് ഒരു ജീവിതം ഇല്ലേ? വേണ്ടതല്ലേ? ഞാൻ നോക്കുമ്പോൾ ഇസ്ലാംമതത്തിൽ ഇങ്ങനെ ഒന്നുമില്ല. വിധവകളോട് ആ മതം കാരുണ്യം കാണിക്കും.'

പ്രത്യക്ഷമായും പരോക്ഷമായും ഇന്ത്യൻ സ്ത്രീവാദത്തെ തെഴുപ്പിച്ച ഒരെഴുത്തുകാരി പല കാര്യങ്ങളിലും സ്ത്രീയോടു പ്രകടമായ വിവേചനം കാണിക്കുന്ന ഒരു മതത്തിലേക്കു മാറി എന്നതായിരുന്നു മൂന്നാമത്തേത്. മൂന്നു പതിറ്റാണ്ടു മുമ്പ് കോഴിക്കോട്ടെ കാബറേ വിരുദ്ധസമരത്തെ നിന്ദിച്ച മാധവിക്കുട്ടി പർദയുടെ മഹിമയെ വാഴ്ത്തുന്നതിലെ വിസ്മയം. ബഹുഭാര്യത്വം, വിവാഹമോചനം, അനന്തരാവകാശം തുടങ്ങിയ കാര്യങ്ങളിൽ മുസ്ലിംസ്ത്രീ നേരിടുന്ന വിവേചനങ്ങളെപ്പറ്റി നിരവധി ഉദാഹരണങ്ങൾ നിരത്തി ഞാൻ അവരോടു സംസാരിച്ചിട്ടുണ്ട്. ഒരിക്കലും ഒരിക്കലും അതൊന്നും മനസ്സിലാക്കാൻ അവർ കൂട്ടാക്കിയില്ല.

'സ്ത്രീക്ക് എന്തിനാ ഈ ദുസ്സ്വാതന്ത്ര്യം? ഒരു ഭർത്താവിനെ സ്നേഹിക്കുന്ന സ്ത്രീക്ക് അദ്ദേഹത്തിനെ അനുസരിച്ച് വീട്ടിലിരിക്കണം എന്നേ മോഹമുണ്ടാവുകയുള്ളൂ. പർദ ഇടണം എന്ന് അദ്ദേഹം പറഞ്ഞാൽ പർദ ഇടാൻ തോന്നും. യഥാർത്ഥ സ്ത്രീത്വം എന്നു പറയുമ്പോൾ അതൊരു കീഴടങ്ങൽ മാതിരിയാ,' എന്ന് അവർ പറയുന്നതുകേട്ട് ഞാൻ അമ്പരന്നിരുന്നുപോയിട്ടുണ്ട്.

വാർദ്ധക്യകാലത്ത് തന്റെ എല്ലാ ചിത്രങ്ങളെയും ആധുനിക ചിത്രകലയെത്തന്നെയും തള്ളിപ്പറഞ്ഞ പിക്കാസോവിനെയാണ് എനിക്കപ്പോൾ ഓർമ്മയായത്. യഥാർത്ഥ പിക്കാസോ ആ ചിത്രം വരച്ച ആളാണെന്നും എത്രയോ കാലം കഴിഞ്ഞ് അതിനെപ്പറ്റി ഈ ബഡായി പറയുന്ന വൃദ്ധനല്ലെന്നും കലാസ്വാദകർക്കറിയാമായിരുന്നു. യഥാർത്ഥ മാധവിക്കുട്ടി ലിംഗവിവേചനത്തെ കടപുഴക്കി എറിയുന്നവിധം ഉദാത്തങ്ങളായ രചനകൾ നടത്തിയ ആ എഴുത്തുകാരിയാണെന്നും എന്റെ മുമ്പിലിരുന്ന് ഈ വർത്തമാനം പറയുന്ന വീട്ടമ്മയല്ലെന്നും എനിക്കു വെളിവുവന്നു. അതുവരെ സമൂഹത്തിന്റെ മുഖത്തു നോക്കി ആരും പറയാൻ ധൈര്യപ്പെടാത്തത് താൻ പറയുകയാണ് എന്ന് അവർ അറിഞ്ഞിരുന്നില്ല. ബാലസഹജമായ ആർജ്ജവത്തോടെ അവർ നേരു പറയുകയാണ്. ഇപ്പറഞ്ഞതിലേക്കു ലഘുവായ ഒന്നുരണ്ടുദാഹരണം പറയാം: കേരളത്തിൽനിന്ന് പുണെയിലേക്കു താമസം മാറ്റുമ്പോൾ പലരും അവരെ കാണാൻ ചെന്നു. അതിനിടയിൽ അവർ ചോദിച്ചു: 'മുഖ്യമന്ത്രി എന്താ എന്നെ കാണാൻ വരാഞ്ഞത്?' സ്വാഭാവികമായും അതു വാർത്തയായി. അതിനോടുള്ള പ്രതികരണം ആണോ എന്നറിയില്ല, വി.എസ്. അച്യുതാനന്ദൻ ചെന്നുകണ്ടു.

ആ ചോദ്യത്തിലെ പൊട്ടത്തരം ഒന്നാലോചിച്ചുനോക്കൂ- അതു കേട്ട് ആളുകൾ പരിഹസിക്കുമെന്നോ, മുഖ്യമന്ത്രി ചൊടിക്കുമെന്നോ, ഇനി മുഖ്യമന്ത്രി വരാതിരുന്നാൽ താൻ നാണംകെടുമെന്നോ ഒന്നും വിചാരമില്ല. എഴുത്തുകാരെ അധികാരികൾ പരിഗണിക്കണം എന്നു മാത്രമേ ആലാചിച്ചിരിക്കൂ. 'ഇവരാരാ ഇങ്ങനെ ചോദിക്കാൻ എന്നോ മുഖ്യമന്ത്രി ഇതിനൊക്കെ നടക്കുകയാണോ' എന്നോ ആരും ചോദിച്ചില്ല. മതം മാറിയപ്പോൾ ആരോ അന്വേഷിച്ചു: 'കൃഷ്ണന്റെ കാമുകിയാണ് എന്നല്ലേ പറയാറ്. എന്നിട്ടിപ്പോഴെന്താ ഇങ്ങനെ?' അവർ പറഞ്ഞു: 'കൃഷ്ണൻ എന്നും എന്റെയൊപ്പമാണ്. ഇപ്പോൾ ചെന്നു നോക്കിക്കോളൂ, ഗുരുവായൂരിൽ കൃഷ്ണനെ കാണില്ല. ഞാൻ വിളിച്ചപ്പോൾ കൂടെപ്പോന്നു.'
 

മറ്റാരു പറഞ്ഞാലും വലിയ പുക്കാറ് ഉണ്ടാക്കുമായിരുന്ന തമാശ. ആരും പറയാൻ ധൈര്യപ്പെടാത്ത കൊച്ചുവർത്തമാനം. 'കുഞ്ഞുതാച്ചുമ്മ'യെപ്പോലെ മാധവിക്കുട്ടി, തനിക്ക് എന്തും പറയാൻ 'ലെയ്നസ്സു'ണ്ട് എന്നു വിചാരിച്ചിരുന്നു. ഈ 'ലൈസൻസ്' സ്നേഹം നൽകുന്ന അധികാരമാണ്. വൈലോപ്പിള്ളി പറഞ്ഞ സ്നേഹാധികാരശകാരഘോഷം ആ ജീവിതത്തിൽ പെരുമ്പറപോലെ മുഴങ്ങി. അതിന്റെ ഭാഷാരൂപങ്ങൾ സദാചാരത്തിന്റെ പൊള്ളത്തരെത്തപ്പറ്റിയും വിശ്വാസപരമായ അസഹിഷ്ണുതയുടെ നിരർത്ഥകതയെപ്പറ്റിയും മലയാളികളെ ഓർമിപ്പിച്ചുകൊണ്ടേയിരിക്കും എന്നു ഞാൻ പ്രത്യാശിക്കുന്നു.

Content Highlights: Exploration of Madhavikutty as a transformative figure in Malayalam literature., Analysis of 'Ente Katha' and its impact on redefining autobiographical writing., Insight into the motivations behind her controversial religious conversion., Examination of the tension between her public persona and private identity.