‘മണി ശവംവാരിയപ്പോൾ പ്രേക്ഷകർ അതിന്റെ ദുർഗന്ധമറിഞ്ഞു; മണി അന്ധനായപ്പോൾ അവർ ഇരുട്ടിന്റെ ഭാഷ പഠിച്ചു’

നടനും മിമിക്രിതാരവുമായ കലാഭവൻ മണി ഓർമയായിട്ട് ഇന്നേക്ക് 10 വർഷമാവുകയാണ്. സാധാരണക്കാർക്ക് മണി ആരായിരുന്നു എന്ന് വ്യക്തമാക്കുന്നുണ്ട് മുഹമ്മദ് അബ്ബാസിൻെറ ‘ലാസ്റ്റ് ഷോ’ എന്ന പുസ്തകത്തിൽ. ഒരു ഭാഗം വായിക്കാം.
ഏതെങ്കിലുമൊരു സിനിമാതാരത്തിന്റെ മരണത്തിൽ ഒരു കുടുംബം ഒന്നടങ്കം ദുഃഖിക്കുന്നതും അന്നു രാത്രി ഭക്ഷണം കഴിക്കാതെ, ഉറക്കം കിട്ടാതെ വിഷമിക്കുന്നതും നിങ്ങൾ കണ്ടിട്ടുണ്ടോ? ഞാൻ കണ്ടിട്ടുണ്ട്. അനുഭവിച്ചിട്ടുണ്ട്. ഒമ്പതു വർഷങ്ങൾക്കു മുമ്പാണത്. കൃത്യമായി പറഞ്ഞാൽ 2016 മാർച്ച് ആറിന്, ഞായറാഴ്ച. നടൻ മറ്റാരുമല്ല, നമ്മുടെ സ്വന്തം കലാഭവൻ മണിയാണ്. ആ കുടുംബം എന്റേതാണ്. അന്ന് എന്റെ മകന് 8 വയസ്സാണ്. മൂത്തമകൾക്ക് 15ഉം രണ്ടാമത്തെ മകൾക്ക് 11 വയസ്സുമാണ്. ശനിയാഴ്ച തന്നെ അദ്ദേഹത്തിന്റെ രോഗാവസ്ഥ ഗുരുതരമാണെന്ന വാർത്തകൾ വന്നിരുന്നു. ഭാര്യയും മക്കളും മണിയുടെ അസുഖം മാറാൻ പ്രാർത്ഥിച്ചിരുന്നു.
എന്റെ സാംസങ് ജെ 2 ഫോണിൽ ഞങ്ങളാ മരണവാർത്ത അറിയുന്നത് എട്ടുമണി കഴിഞ്ഞ സമയത്താണ്. മരണം സ്ഥിരീകരിച്ചെന്ന വാർത്തകൾ വന്നുതുടങ്ങിയപ്പോൾ ഭാര്യ ഫോൺ ഓഫാക്കിവെച്ചു. ശേഷം അന്ന് താമസിച്ചിരുന്ന വാടകവീടിന്റെ വരാന്തയിൽ ഒന്നും മിണ്ടാതെ ഞങ്ങളിരുന്നു. അപ്പോൾ കറന്റ് ഉണ്ടായിരുന്നില്ല. മെഴുകുതിരി കത്തിക്കാൻ ഭാര്യ മറന്നു. അവളുടെ ദീർഘശ്വാസം എനിക്ക് കേൾക്കാമായിരുന്നു. അഞ്ച് മനുഷ്യജീവികൾ ആ ഇരുട്ടിലും ചൂടിലും ജീവിതത്തിൽ ഒരിക്കൽപ്പോലും നേരിൽ കണ്ടിട്ടില്ലാത്ത ഒരു മനുഷ്യന്റെ മരണത്തിൽ വേദനിച്ചു. ഒരുപക്ഷേ, എന്റെ കുടുംബം മാത്രമായിരിക്കില്ല ആ ദിവസം അങ്ങനെ ദുഃഖിച്ച് ഇരുട്ടത്ത് ഇരുന്നത്. എന്താണ് ആ സങ്കടത്തിന്റെയും ദുഃഖത്തിന്റെയും കാരണം എന്നു ചോദിച്ചാൽ കുന്നിശേരി വീട്ടിൽ രാമൻ മണി എന്ന കലാഭവൻ മണി ഓരോ സാധാരണക്കാരന്റെയും വീട്ടിലെ അംഗമായിരുന്നു. ആർക്കൊക്കെയോ അയാൾ ഏട്ടനായിരുന്നു.
ചിലർക്ക് കൂട്ടുകാരനായിരുന്നു. ഇനിയും ചിലർക്ക് അനിയനായിരുന്നു. മലയാളിയുടെ നാട്ടിൻപുറങ്ങളിലും നഗരങ്ങളിലും കലാഭവൻ മണിയുടെ ഛായയുള്ള മനുഷ്യരുണ്ടായിരുന്നു. അത് അവരുടെ അയൽവാസിയോ ബന്ധുവോ ഒക്കെ ആയിരുന്നു. മണിയുടെ സിനിമകളെക്കാൾ എന്റെ ഭാര്യയ്ക്കും മക്കൾക്കും ഇഷ്ടം അദ്ദേഹത്തിന്റെ നാടൻപാട്ടുകളാണ്. മണി അതു പാടുന്ന ശൈലിയിൽ വീണുപോവാത്തവർ ഉണ്ടാവില്ല. മണിയുടെ സ്റ്റേജ് ഷോകൾ ഏറ്റവും ജനകീയമായിരുന്നു. എന്റെ ഓർമയിൽ ശീതീകരിച്ച വേദിയിൽനിന്നിറങ്ങി കാണികളുടെ ഇടയിലേക്ക് വന്ന് അവരോട് കളിച്ചും ചിരിച്ചും ഇടപഴകിയ ആദ്യത്തെ മലയാള സിനിമാതാരം കലാഭവൻ മണിയാണ്. താനൊരു താരമാണെന്ന ബോധം ഒട്ടും ബാധിക്കാത്ത മനുഷ്യനായിരുന്നു മണി.
ജയറാമിന്റെ കട്ട ഫാനാണെങ്കിലും എന്റെ ഭാര്യ മൂളുന്നത് കലാഭവൻ മണിയുടെ നാടൻപാട്ടുകളും സിനിമാ പാട്ടുകളുമാണ്. മണിയുടെ ആ പ്രത്യേക ചിരി (എഴുതി ഫലിപ്പിക്കാൻ പറ്റാത്തത്) എന്റെ രണ്ടു പെൺമക്കളും എന്നെ എന്തിനെങ്കിലും കളിയാക്കേണ്ടിവരുമ്പോൾ ചിരിക്കുമായിരുന്നു. മിക്കവാറും ഞാൻ വല്ല അബദ്ധവും പറയുമ്പോഴാവും അവരാ മണിച്ചിരി ചിരിക്കുന്നത്. മണി റീമിക്സ് ചെയ്ത മാപ്പിളപ്പാട്ടുകൾ ('തോട്ടക്കാട്ടിലെ മമ്മദ് കാക്കാന്റെ കൊമ്പൻ മീശ' പോലുള്ളവ) ഒരുകാലത്ത് ഞങ്ങളുടെ ജില്ലയിലെ ബസ്സുകളിലും കല്യാണവീടുകളിലും ഗാനമേളകളിലും നിറഞ്ഞുനിന്നിരുന്നു. യേശുദാസിന്റെ പാട്ടുകൾ മൂളാത്തവർപോലും മണിയുടെ പാട്ടുകൾ മൂളുമായിരുന്നു.
എന്റെ കൂടെ പെയിന്റ് പണിയെടുത്തിരുന്ന ഭാസ്‌കരേട്ടൻ അടിമുടി കലാഭവൻ മണിയുടെ ഫാൻ ബോയ് ആയിരുന്നു. അക്ഷരം എന്ന സുരേഷ് ഗോപി സിനിമയിലെ മണിയുടെ ഓട്ടോക്കാരന്റെ ആ ചെറിയ വേഷംമുതൽ മണിയുടെ മരണശേഷം തിയറ്ററുകളിൽ എത്തിയ അനീഷ് വർമ്മയോ മറ്റോ സംവിധാനം ചെയ്ത യാത്ര ചോദിക്കാതെ വരെയുള്ള സിനിമകളെല്ലാം ഭാസ്‌കരേട്ടൻ ഒന്നൊഴിയാതെ കണ്ടിട്ടുണ്ട്. പൊരിവെയിലുംകൊണ്ട് വീട്ടുമതിലുകൾ പെയിന്റടിക്കുമ്പോൾ ഏതാണ്ട് മണിയുടെ അതേ ശബ്ദത്തിൽ ഭാസ്‌കരേട്ടൻ മണിപ്പാട്ടുകൾ പാടും. 'ഓടേണ്ട ഓടേണ്ട ഓടിത്തളരേണ്ട' എന്ന പാട്ടാണ് മിക്കപ്പോഴും പാടുക. അതു കേട്ടുനിൽക്കുന്ന വീട്ടുകാരും മറ്റെല്ലാം മറന്ന് ഭാസ്‌കരേട്ടനെ പ്രോത്സാഹിപ്പിക്കും. ചുമരുകളിൽ വൈറ്റ് സിമന്റ് അടിച്ചടിച്ച് വിരൽത്തുമ്പുകൾ പൊള്ളി മുറിയായി നീറുമ്പോൾ എനിക്ക് ആശ്വാസമായത് ഭാസ്‌കരേട്ടന്റെ മണിപ്പാട്ടുകളാണ്. നീറ്റലിന്റെ അത്തരം ദുരിതവേളകളിൽ ഞാൻ പറയും,
''ഭാസ്‌കരേട്ടാ ഇങ്ങള് ആ പാട്ട് പാടീ.''
ഏത് പാട്ടാണ് ഞാൻ ഉദ്ദേശിക്കുന്നതെന്ന് അറിയാമെങ്കിലും ഭാസ്‌കരേട്ടൻ വെയിറ്റിടും.
''ഏത് പാട്ട്? അദൊന്നും ഇപ്പോ പറ്റൂല. മൻസന്റെ കണ്ണില് വൈറ്റ് സിമന്റ് വീണ് നീറുമ്പളാ ഓന്റെ ഒര് പാട്ട്.''
''നീറ്റല് ഇൻക്കും ണ്ട് ഭാസ്‌കരേട്ടാ, അദ് മാറാനല്ലേ ഇങ്ങളോട് പാടാൻ പറയ്ണ്ടത്?''
മറ്റേത് ഗായകന്റെയും പാട്ടുകൾ മതിയാവുമായിരുന്നില്ല ഞങ്ങളുടെ നീറ്റലും വേദനയും മാറാൻ. അത് ഗാനഗന്ധർവ്വന്റേതായാൽപ്പോലും. മണിയുടെ പാട്ടുകൾക്കും ആ ശബ്ദത്തിനും മണ്ണിന്റെ മണവും രുചിയുമുണ്ടായിരുന്നു. വിയർപ്പിന്റെ ഉപ്പും ചവർപ്പുമുണ്ടായിരുന്നു. കണ്ണും വിരൽത്തുമ്പും കഴുത്തും വൈറ്റ് സിമന്റ് വീണ് പൊള്ളി നീറുമ്പോൾ ഭാസ്‌കരേട്ടൻ എനിക്ക് ഇഷ്ടപ്പെട്ട മണിപ്പാട്ട് പാടും.
ചാലക്കുടി ചന്തയ്ക്ക് പോയപ്പോ ചന്ദനച്ചോപ്പുള്ള
മീൻകാരിപ്പെണ്ണിനെ കണ്ടൂ ഞാൻ...
പാട്ടിനൊപ്പം ഭാസ്‌കരേട്ടൻ ചുവടുകൾ വെക്കും. പതിവിലും വേഗത്തിൽ ചുമരുകളിൽ വൈറ്റ് സിമന്റ് അടിക്കും. ഞാൻ അന്നേരം മണിയുടെ മുഖം മനസ്സിൽ കാണും. ഭാസ്‌കരേട്ടൻ ചാലക്കുടി പാട്ട് പാടിത്തീരുമ്പോൾ എന്റെ നീറ്റലും വേദനയും മറ്റു ജീവിതപ്രശ്നങ്ങളും ഒന്നുമല്ലാതെയാവും. കുട്ടികളില്ലാത്ത ഭാസ്‌കരേട്ടനും സരോജിനിയേച്ചിയും രാത്രികളിൽ ഇത്തിരി മദ്യത്തിന്റെ ലഹരിയിൽ ഒത്തിരി മണിപ്പാട്ടുകൾ പാടും. വീട്ടുവാടക കൊടുക്കാനില്ലാതെ, ഇനി ആരോടും കടം വാങ്ങാനില്ലാതെ മഴക്കാലരാത്രികളിൽ ഞാൻ ഭാസ്‌കരേട്ടന്റെ വീട്ടിലേക്ക് ആ പാട്ടുകൾ കേൾക്കാൻ കമ്പിയൊടിഞ്ഞ കുടയും ചൂടി നടക്കും. പിറ്റേന്ന് ഞങ്ങൾക്കു പണിയില്ല. അതിന്റെ പിറ്റേന്നും പണിയില്ല. വീട്ടുചെലവിന് എന്തു ചെയ്യുമെന്ന് രണ്ടാൾക്കും ഒരു പിടിയുമില്ല. ജീവിതമെന്ന വലിയ ചോദ്യത്തിന് മുമ്പിൽ ഉത്തരമില്ലാതെ അന്തിച്ചുനിൽക്കുമ്പോഴും ഞാനാ മഴ നനഞ്ഞ വരാന്തയിലിരുന്ന് ഭാസ്‌കരേട്ടനും സരോജിനിയേച്ചിയും പാടുന്ന മണിപ്പാട്ടുകൾ കേട്ടു. സരോജിനിയേച്ചിക്ക് ഇഷ്ടം മണിയുടെ
വരത്തന്റൊപ്പം ഒളിച്ചു ചാടിയ തങ്കമ്മേ,
നിന്റെ പരക്കംപാച്ചിലിനൊടുക്കം കിട്ടിയോ തങ്കമ്മേ
എന്ന പാട്ടാണ്.
ഭാസ്‌കരേട്ടൻ ആരോടൊക്കെയോ ഇരന്നുവാങ്ങിയ കാശിനു കിട്ടിയ ഇത്തിരി ലഹരി മോന്തി മുണ്ട് മടക്കിക്കുത്തി സരോജിനിയേച്ചി ആ പാട്ടു പാടി നൃത്തംവെക്കും. ചേച്ചി തളരുമ്പോൾ ഭാസ്‌കരേട്ടൻ തുടങ്ങും. ഇടയ്ക്ക് രണ്ടാളും കൂടി എന്നെ ഡാൻസ് ചെയ്യാൻ പിടിച്ചുവലിക്കും. അന്നേരങ്ങളിൽ ഞാൻ ആലോചിക്കും, കലാഭവൻ മണിയെന്ന ചാലക്കുടിക്കാരൻ ഇതു വല്ലതും അറിയുന്നുണ്ടോ? അറിഞ്ഞാൽ, അല്ലെങ്കിൽ അതു കണ്ടാൽ എനിക്ക് ഉറപ്പുണ്ട്, മണി അവരെ രണ്ടാളെയും കെട്ടിപ്പിടിച്ച് ഉമ്മ വെക്കും. ചിലപ്പോൾ അവരോടൊന്നിച്ച് പാട്ടും പാടി ഡാൻസും കളിക്കും. ഒരു ഭാസ്‌കരേട്ടന്റെയോ സരോജിനിയേച്ചിയുടെയോ അബ്ബാസിന്റെയോ മാത്രം കഥയും ജീവിതവുമല്ല ഇത്. ഒരുപാട് മനുഷ്യർക്ക് ജീവിതമെന്ന തീപ്പൊള്ളലിന് മരുന്നായി മാറിയിട്ടുണ്ട് കലാഭവൻ മണിയെന്ന മനുഷ്യൻ.
മണിയുടേതായി ഞാൻ ആദ്യം കാണുന്ന സിനിമ സല്ലാപമാണ്. മഞ്ജു വാര്യരുടെ തകർപ്പൻ പ്രകടനത്തിനിടയിൽ അതിലെ നായകനടനെപ്പോലും വേണ്ടത്ര ശ്രദ്ധിക്കാൻ കഴിയാതെപോയ ഞാൻ രാജപ്പൻ എന്ന ചെത്തുകാരനെ ശ്രദ്ധിച്ചിരുന്നു. അയാളുടെ നടത്തവും പാട്ടും ഉള്ളിൽ പതിഞ്ഞുകിടന്നിരുന്നു. എനിക്ക് ഓർമ്മവെച്ച നാൾ മുതൽ മലപ്പുറം ജില്ലയിൽ മുസ്ലിങ്ങൾ വണ്ടിയിൽ മൈക്കു കെട്ടിയാണ് മരണമറിയിക്കുന്നത്. അതിങ്ങനെയാണ്: 'ഇന്നാലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ.' വലിയപറമ്പ് സ്വദേശി പരേതനായ തത്രം പള്ളി മുഹമ്മദിന്റെ മകൻ തത്രം പള്ളി അബ്ബാസ് എന്നവർ ഇന്നലെ രാത്രി മരണപ്പെട്ട വിവരം എല്ലാ ബന്ധുമിത്രാദികളെയും നാട്ടുകാരെയും അറിയിച്ചുകൊള്ളുന്നു. പരേതന്റെ ജനാസ നമസ്‌കാരം നാളെ കാലത്ത് പത്തു മണിക്ക് വലിയപറമ്പ് ജുമാ മസ്ജിദിൽ വെച്ച് നടത്തപ്പെടുന്നതാണ്.'
ഇത്തരം അറിയിപ്പുകൾ കേൾക്കാതെ ഒറ്റ ദിവസവും മലപ്പുറം ജില്ലയിൽ പുലർന്നസ്തമിക്കുന്നില്ല. പക്ഷേ, നോവലിലോ കഥകളിലോ സിനിമയിലോ ഒരു മുസ്ലിമിന്റെ മരണം അറിയിച്ചുകൊണ്ട് ഇത്തരം അറിയിപ്പുകളുമായി ഒരു വാഹനം കടന്നുപോവുന്നത്, കലാഭവൻ മണിയുടെ മത്സരം എന്ന സിനിമയിലാണ് ഞാനാദ്യമായി കാണുന്നത്.
കല ചിലപ്പോഴെങ്കിലും സമൂഹത്തിനു നേർക്ക് പിടിച്ച കണ്ണാടിയാവണമെന്ന നിർബന്ധം എനിക്കുണ്ട്. അതുകൊണ്ടുതന്നെ മത്സരം എന്ന സിനിമയിൽ കലാഭവൻ മണി അവതരിപ്പിച്ച കുപ്പിക്കണ്ടം ഹംസയുടെ മരണവാർത്ത അറിയിച്ചുകൊണ്ട് ഒരു വാഹനം തിരശ്ശീലയിലൂടെ കടന്നുപോയപ്പോൾ ഞാൻ അമ്പരക്കുകയും ആനന്ദിക്കുകയും ചെയ്തു. മണിക്ക് ഡബിൾ റോളായിരുന്നു ആ സിനിമയിൽ. മണി അവതരിപ്പിച്ച അത്തരം കുപ്പിക്കണ്ടങ്ങൾ എല്ലാ ദേശത്തും എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ആ സിനിമ റിലീസായതിനു ശേഷം ഹംസ എന്ന പേരുള്ള പലരെയും ഞങ്ങളുടെ ദേശം പേരിന്റെ കൂടെ കുപ്പിക്കണ്ടം ചേർത്താണ് വിളിച്ചത്.
മണി അർഹിക്കുന്ന വേഷങ്ങൾ അദ്ദേഹത്തിന് മലയാള സിനിമയിൽ ലഭിച്ചോ എന്ന കാര്യം സംശയമാണ്. പക്ഷേ, കിട്ടിയ വേഷങ്ങൾ, അത് എന്ത് വേഷമായാലും ശരി, മണി മണിയുടേതായ ശൈലിയിൽ അഭിനയിച്ച് ഫലിപ്പിച്ച് കരുത്തുള്ളതാക്കി മാറ്റി. മത്സരത്തിലെ കുപ്പിക്കണ്ടം ഹംസയും അത്തരമൊരു വേഷമാണ്. പലപ്പോഴും മലയാള സിനിമയുടെ സവർണ്ണബോധം മണിക്ക് നൽകിയത് അദ്ദേഹത്തിന്റെ നിറത്തിനും ഉടലിനും ഒരു പരിധിവരെ ജാതിക്കും ചേരുന്ന വേഷങ്ങളാണ്. കരുമാടിക്കുട്ടനായും പട്ടിപിടിത്തക്കാരനായും വേലക്കാരനായും അന്ധനായും സ്വർണ്ണം അരിക്കുന്നവനായും ശവം വാരുന്നവനായും മണിയെ മലയാള സിനിമ അടയാളപ്പെടുത്താൻ നോക്കി. പക്ഷേ, ആ ചട്ടക്കൂടുകളെ അതേ കഥാപാത്രങ്ങൾ കൊണ്ടുതന്നെ കലാഭവൻ മണി പൊളിച്ചടുക്കി തിരികെ കൈയിൽ കൊടുത്തു.
പ്രേക്ഷകർ ഒരിക്കലും മണിയുടെ തൊലി നിറത്തിലോ ജാതിയിലോ നോട്ടം വെച്ചിട്ടില്ല. അവർ മണിയെ തങ്ങളിൽ ഒരാളായിട്ടാണ് സ്വീകരിച്ചത്. മണി ശവം വാരിയപ്പോൾ പ്രേക്ഷകർ ശവത്തിന്റെ ദുർഗ്ഗന്ധമറിഞ്ഞു. മണിക്ക് പേ പിടിച്ചപ്പോൾ പ്രേക്ഷകർ അതിന്റെ അഗ്‌നിപർവ്വതങ്ങളെ നെഞ്ചിലറിഞ്ഞു. മണി അന്ധനായപ്പോൾ അവർ ഇരുട്ടിന്റെ ഭാഷ പഠിച്ചു. ജാതിയും നിറവും മലയാള സിനിമയിൽ എങ്ങനെയാണ് ഇന്നും പ്രവർത്തിക്കുന്നതെന്ന് മനസ്സിലാക്കാൻ മികച്ച ഒരു പഠനംതന്നെ വേണ്ടതിനാൽ കൂടുതൽ പറയുന്നില്ല. എന്തായാലും തൊലിവെളുപ്പുള്ള ഒരു നടി മണിയുടെ നായികയായി അഭിനയിക്കില്ല എന്നു പറഞ്ഞത് വസ്തുതയാണ്. അതിനെ നമ്മൾ എത്ര പൊതിഞ്ഞുപിടിച്ചിട്ടും കാര്യമില്ല.
ആ നടിയുടെ കാര്യം, മണിയുടെ കൂടെ അവർ അഭിനയിക്കില്ല എന്ന കാര്യം അറിഞ്ഞപ്പോൾ എനിക്കുണ്ടായത് ഞെട്ടലാണെങ്കിൽ ഭാസ്‌കരേട്ടനുണ്ടായത് സങ്കടവും ദേഷ്യവുമാണ്. അന്ന് പതിവിലും കൂടുതൽ കുടിച്ച് പതിവില്ലാത്തവിധം കവലയിൽവച്ച് തുണിയുരിഞ്ഞ് തലയിൽ കെട്ടി അണ്ടർവെയറുമായി ഭാസ്‌കരേട്ടൻ നിന്ന് അലറി.
'ഏത് നായിന്റെ മോളാടീ ഇന്റെ മണിന്റെ കൂടെ അഭിനയിക്കൂലാന്ന് പറഞ്ഞത്? അനക്ക് ധൈര്യണ്ടെങ്കി ഇജ് അദ് ഇന്റെ മോത്ത് നോക്കി പറയെടീ, അന്റെ വെള്ള മോറ് ഞാൻ അടിച്ച് പരത്തി കറ് കറുത്ത അട്ടക്കരിയാക്കും.'
കാര്യമെന്താണെന്ന് ശരിക്കും പിടിത്തം കിട്ടാത്തവർ ഭാസ്‌കരേട്ടന്റെ ആ പ്രകടനം നോക്കി അന്തംവിട്ടു നിന്നു. ഞാനും മറ്റൊരാളും ചേർന്ന് മൂപ്പരെ ബലമായി പിടിച്ചുനിർത്തി തുണിയുടുപ്പിച്ചു. ഉടുപ്പിച്ച തുണി ഭാസ്‌കരേട്ടൻ പറിച്ചെറിഞ്ഞു.
'ഇജ് ആരാടീ സൈറാത്താ റാണിയോ? ആ ലോകസുന്തരി അഭിനയിക്കോലടീ ഇന്റെ മണിന്റെ ഒപ്പം. പിന്നല്ലടീ ഇജ്?'
ലോകസുന്ദരി പട്ടം നേടിയത് ഐശ്വര്യാ റായിയാണെന്ന് ഭാസ്‌കരേട്ടന് അറിയാഞ്ഞിട്ടല്ല, പതിവിലും അധികം ലഹരി ഉള്ളിൽ ചെന്നപ്പോൾ അത് സൈറാത്താ റാണിയായി മാറിയതാണ്. കവലയിൽ എവിടെനിന്നും ആ നടി ഇറങ്ങി വരാത്തതിനാൽ കുറച്ചു നേരംകൂടി അവരെ തെറി പറഞ്ഞിട്ട് ഭാസ്‌കരേട്ടൻ കരയാൻ തുടങ്ങി. തീരെ ചെറിയ കുട്ടിയെപ്പോലെ നെഞ്ചത്തും വയറ്റത്തും ഇടയ്ക്ക് ഞങ്ങളുടെ ദേഹത്തും ഇടിച്ചുകൊണ്ട് കരയുന്ന ആ മനുഷ്യനെ ഞങ്ങൾ ഓട്ടോയിൽ കയറ്റി വീട്ടിലെത്തിച്ചു.
കുടിച്ചാലും ഇല്ലെങ്കിലും കാലുറപ്പിച്ചു മാത്രം വീട്ടിലേക്കു വരുന്ന ഭർത്താവിന്റെ അന്നത്തെ ആ കോലം കണ്ട് സരോജിനിയേച്ചി അമ്പരന്നു. എന്താണ് കാര്യമെന്ന് എന്നോട് ചോദിച്ചു. അറിഞ്ഞത് ശരിയാണോയെന്ന് അന്നെനിക്ക് ഉറപ്പില്ലാത്തതിനാൽ ഞാൻ ശങ്കിച്ചാണ് മണിയുടെ ഒപ്പം അഭിനയിക്കാൻ മടിച്ച ആ നടിയുടെ കാര്യം പറഞ്ഞത്. പെട്ടെന്ന് മുമ്പിലെ ലോകം അപ്രത്യക്ഷമായപോലെ സരോജിനിയേച്ചി ശൂന്യതയിലേക്കു നോക്കിനിന്നു. പിന്നെ ഭാസ്‌കരേട്ടൻ പറഞ്ഞതിലും വലിയ തെറികൾ ആ നടി മുമ്പിലുണ്ടെന്ന ഭാവത്തിൽ മുറ്റത്തെ ഇരുട്ടിനോട് അവർ പറഞ്ഞു.
അവർക്കെന്നല്ല മണിയെ സ്നേഹിക്കുന്ന ആർക്കും അക്കാലത്ത് ആ നടിയെ രണ്ടു തെറി ഉള്ളിലെങ്കിലും വിളിക്കാതെ ഉറങ്ങാൻ കഴിഞ്ഞിട്ടുണ്ടാവില്ല. എനിക്ക് കഴിഞ്ഞിട്ടില്ല. ആ വാർത്ത ശരിയായിരുന്നു എന്ന് പിന്നീട് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. എന്തായാലും തൊലിവെളുപ്പിന്റെ അഹങ്കാരമുള്ള അവർ മലയാള സിനിമയിൽനിന്ന് പാടെ ഔട്ടായിട്ടും മണി മലയാളത്തിലും തമിഴിലും തെലുങ്കിലും നിറഞ്ഞുനിന്നിരുന്നു. മരിച്ചിട്ടില്ലായിരുന്നെങ്കിൽ ആ ചാലക്കുടിക്കാരൻ ഇന്നും മലയാളസിനിമയിലെ നിറസാന്നിധ്യമാവുമായിരുന്നു.
മണിയുടെ എക്കാലത്തെയും മികച്ച സിനിമയായ, വിനയൻ എന്ന സംവിധായകന് മലയാള സിനിമയിൽ മേൽവിലാസം ഉണ്ടാക്കിക്കൊടുത്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമ ആദ്യം ഞാൻ കോഴിക്കോട്ടെ റിലീസ് കേന്ദ്രത്തിൽനിന്ന് കണ്ടു. ആദ്യ കാഴ്ചയിൽത്തന്നെ രാമു എന്ന അന്ധഗായകൻ എന്നെ വിസ്മയിപ്പിച്ചു.
കോട്ടയ്ക്കൽ അങ്ങാടിയിലെ മേലെ ചന്തപ്പടിയിൽ ചന്തദിവസമായ ശനിയാഴ്ചകളിൽ ഒരുപാട് അന്ധന്മാർ ഭിക്ഷയ്ക്ക് ഇരിക്കുമായിരുന്നു. അവർക്കൊക്കെ വല്ലതും കൊടുത്തിട്ടേ ആരും ചന്തയിലേക്ക് കയറുകയുള്ളൂ. കയറുമ്പോൾ കൊടുക്കാൻ മറന്നവർ ചന്തക്കോള് വാങ്ങി തിരിച്ചിറങ്ങുമ്പോൾ എന്തായാലും കൊടുക്കും. അവരും പാട്ടുകൾ പാടിയിരുന്നു. കാണുന്ന അന്നുമുതൽ ഞാനവരെ ശ്രദ്ധിക്കുന്നതാണ്. അവരുടെ കാഴ്ചയില്ലാത്ത നോട്ടവും കൈകൾ എവിടെയെങ്കിലും പരതിയുള്ള ആ നടത്തവും കാലിന്റെ ചലനങ്ങളും ദേഷ്യവും സങ്കടവും കണ്ണീരും ഞാൻ ഒരുപാട് കണ്ടതാണ്.
അതെല്ലാം അതേപടി തന്നിലേക്ക് ആവാഹിച്ച് രാമുവായി മാറിയ മണി മലയാളസിനിമയിൽ അന്നുവരെ ആരും തൊടാത്ത ഉയരങ്ങളെയാണ് ആ സിനിമയിലൂടെ തൊട്ടത്. ആ തൊടലിനെ മലയാളി ഒന്നടങ്കം ഹൃദയത്തിൽ സ്വീകരിച്ചതുമാണ്. അന്ന് പ്രായം ചെന്ന പലരും ധരിച്ചത് കലാഭവൻ മണിക്ക് ശരിക്കും കാഴ്ച നഷ്ടപ്പെട്ടിട്ടുണ്ട് എന്നാണ്. കോഴിക്കോട്ടെ തിയേറ്ററിൽ സങ്കടവും സന്തോഷവും കരുണയും സഹതാപവും ദേഷ്യവും ക്രോധവും ഒരേപോലെ ഇരമ്പിയാർത്തു. ഒറ്റക്കുട്ടിപോലും സ്‌ക്രീനിൽനിന്ന് കണ്ണെടുത്തില്ല, ആ സിനിമ തീരുവോളം.
എനിക്ക് നല്ല ഓർമയുണ്ട്. കൈക്കുഞ്ഞുമായി ഭർത്താവിനൊപ്പം സിനിമയ്ക്ക് വന്ന ഒരു സ്ത്രീ തന്റെ കുഞ്ഞിനെ മടിയിലും തോളിലുമായി മാറിമാറി ഇട്ട് സിനിമ കാണുകയായിരുന്നു. സിനിമയിൽ മാത്രമായിരുന്നു അവരുടെ ശ്രദ്ധ. കുഞ്ഞിനെ അവർ മറന്നുപോയിരുന്നു. രാമു പ്രതികാരം ചെയ്യുന്ന ഒടുക്കത്തെ സീനിൽ അവരുടെ മടിയിൽനിന്ന് കുഞ്ഞ് താഴേക്ക് വഴുതി വീണു. ഭർത്താവാണ് അത് ആദ്യം കണ്ടത്. അയാളും സിനിമയിൽ മുഴുകിപ്പോയിരുന്നു. കുഞ്ഞിന്റെ കരച്ചിൽ കേട്ടാണ് അയാൾ തിരശ്ശീലയിൽനിന്ന് കണ്ണെടുത്തത്. പെട്ടെന്ന് കുഞ്ഞിനെ എടുത്തു തോളിലിട്ട് അതിന്റെ പുറത്ത് കൈകൊണ്ട് തട്ടുമ്പോഴും അയാളുടെ ശ്രദ്ധ സ്‌ക്രീനിൽത്തന്നെയായിരുന്നു. സിനിമ തീർന്ന് വീട്ടിലെത്തിയിട്ട് അയാൾ ഒരുപക്ഷേ ഭാര്യയെ വഴക്ക് പറഞ്ഞിരിക്കാം. ആ സ്ത്രീ കണ്ണീര് തുടച്ചുകൊണ്ടാണ് തിേയറ്റർ വിട്ടിറങ്ങിയത്. അത് സ്വന്തം കുഞ്ഞ് തന്റെ അശ്രദ്ധ കാരണം താഴേക്ക് ഊർന്നുവീണതിനല്ല, കലാഭവൻ മണി എന്ന നടൻ രാമു എന്ന കഥാപാത്രത്തെ ജീവനിലേക്ക് പകർത്തി അപ്പടി അഭിനയിച്ച് ഫലിപ്പിച്ചത് കണ്ടിട്ടാണ്.
സ്വന്തം കുഞ്ഞിനെപ്പോലും ശ്രദ്ധിക്കാൻ പറ്റാത്തവിധം മാതാപിതാക്കളെ തന്റെ മേൽ തളച്ചിട്ട ആ നടനവൈഭവം മറ്റൊരു നടനിൽനിന്നും നമുക്ക് കിട്ടിയിട്ടില്ല. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കോട്ടയ്ക്കലിൽ എത്തിയപ്പോൾ ഞാൻ വീണ്ടും ആ സിനിമ കണ്ടു. അപ്പോഴേക്കും പരമ്പരാഗത നിരൂപകരും ബുദ്ധിജീവികളും ആ സിനിമ പൈങ്കിളിയാണെന്ന് വിധി എഴുതിക്കഴിഞ്ഞിരുന്നു. ചില ഗഡാഗഡിയൻ നിരൂപകർ മണിയുടെ ആ അതിശയപ്രകടനത്തെ വെറും മിമിക്രിയായി വിലയിരുത്തുകയും ചെയ്തു. അന്നും ഇന്നും എന്റെ കാഴ്ചയിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനുമിലെ മണിയുടെ പ്രകടനം മിമിക്രിയല്ല, അനുകരണമല്ല, അതിഭാവുകത്വമുള്ളതുമല്ല. തികഞ്ഞ ആത്മനിയന്ത്രണത്തോടെ രാമു എന്ന അന്ധനിലേക്ക് മണി പരകായപ്രവേശനം നടത്തിയതാണ് ആ സിനിമ.
ഭാസ്‌കരേട്ടനും സരോജിനിയേച്ചിയും കോട്ടയ്ക്കലിലെ തിയറ്ററിൽനിന്ന് വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കണ്ടത് ഏഴു തവണയാണ്. എട്ടാം തവണ കാണാൻ അവരുടെ സാമ്പത്തികശേഷി അനുവദിക്കാത്തതിനാലാണ് കാണാതിരുന്നത്. പിന്നീട് അയൽപ്പക്കത്തെ ടിവിയുള്ള വീടുകളിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വന്നപ്പോഴൊക്കെ അവർ രണ്ടുപേരും അത് ഒന്നിച്ചിരുന്ന് കണ്ടു. ടിവിയിൽ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും വരുന്ന ദിവസം ഭാസ്‌കരേട്ടൻ അരപ്പണിയെടുത്ത് സരോജിനിയേച്ചിക്ക് കൂട്ടുപോവും. ഇടയ്ക്ക് രാമുവായി പരിണമിച്ച്, വരാന്തയിൽ ഒരു കണ്ണാടിയും കൈയിൽ പിടിച്ച് മുഖത്താകെ ഷേവിങ് ക്രീം പുരട്ടി പതപ്പിച്ച് ഭാസ്‌കരേട്ടൻ ഇരിക്കും. സരോജിനിയേച്ചി മൂപ്പർക്ക് ഷേവ് ചെയ്തുകൊടുക്കും. അത് കാണാനായി മാത്രം ഞാൻ പലതവണ ആ വീട്ടിലേക്കു പോയിട്ടുണ്ട്.
മലയാളിപ്രേക്ഷകർ ഒന്നടങ്കം സ്വീകരിച്ച ആ അഭിനയത്തിന് അത്തവണ മണിക്ക് അവാർഡ് കിട്ടുമെന്ന് ഞങ്ങൾ ഉറപ്പിച്ചിരുന്നു. അക്കാലത്തെ എല്ലാ പ്രേക്ഷകരും അങ്ങനെ ഉറപ്പിച്ചിട്ടുണ്ടാവും. പക്ഷേ, അവാർഡ് ലഭിച്ചത് മണിക്കായിരുന്നില്ല. സംസ്ഥാന അവാർഡ് തെന്നിപ്പോയെങ്കിലും അത്തവണത്തെ നാഷണൽ അവാർഡ് മണിക്ക് കിട്ടുമെന്നുതന്നെയാണ് എല്ലാവരും കരുതിയത്. അദ്ദേഹം അത് അർഹിച്ചിരുന്നു. മുമ്പ് പലരുടെ കാര്യത്തിലും സംസ്ഥാനപുരസ്‌കാരം കിട്ടാഞ്ഞിട്ടും ദേശീയ പുരസ്‌കാരം കിട്ടിയ അനുഭവമുണ്ട് താനും. പക്ഷേ, നാഷണൽ അവാർഡും മണിക്ക് കിട്ടിയില്ല. രണ്ടിലും പ്രത്യേക ജൂറി അവാർഡാണ് ലഭിച്ചത്.
ആ അവസരത്തിലാണ് മണിക്ക് ബോധക്ഷയം ഉണ്ടായത്. അതിനെ പല പണ്ഡിതരത്നങ്ങളും പരിഹസിച്ചുകണ്ടിട്ടുണ്ട്. പരിഹസിക്കാൻ ഒന്നുമില്ല തമ്പ്രാക്കന്മാരേ... കലാഭവൻ മണി തികച്ചും സാധാരണ മനുഷ്യനാണ്. ചാലക്കുടിയിൽ ഓട്ടോ ഓടിച്ചവനാണ്. അവിടെനിന്ന് സ്വന്തം കഴിവും അദ്ധ്വാനവുംകൊണ്ടു മാത്രം ഉയർന്നു വന്ന് മിമിക്രിയും താണ്ടി സിനിമയിലെത്തി പലതരം വിവേചനങ്ങളും നേരിട്ട്, കരിയറിലെ ഏറ്റവും മികച്ച കഥാപാത്രത്തിന് ജന്മം നൽകിയപ്പോൾ ആ മനുഷ്യൻ തനിക്ക് അർഹിക്കുന്നത് പ്രതീക്ഷിച്ചിരുന്നു. എന്തു കാരണംകൊണ്ടായാലും അർഹിച്ചത് കിട്ടാതെവരുമ്പോൾ താരപരിവേഷമില്ലാത്ത ഒരു സാധാരണക്കാരന്റെ ബോധത്തിന് ക്ഷയം വരും. അയാൾ കരഞ്ഞെന്നിരിക്കും. കാരണം അയാൾ സിനിമയിലേ അഭിനയിച്ചിട്ടുള്ളൂ. ജീവിതത്തിൽ അഭിനയിച്ചിട്ടില്ല, അങ്ങനെ അഭിനയിക്കാൻ അയാൾക്ക് കഴിയുകയുമില്ല. താരപദവി ഉണ്ടായിരുന്നിട്ടും സ്വന്തം നാട്ടിലൂടെ മുണ്ടുമുടുത്ത് പഴയ സുഹൃത്തുക്കളുടെ തോളിൽ കൈയിട്ട് നടന്നവനാണ് 'കുന്നിശേരി വീട്ടിൽ രാമൻ മണി' എന്ന ഞങ്ങളുടെ സ്വന്തം കലാഭവൻ മണി.
രാക്ഷസരാജാവ് എന്ന മമ്മൂട്ടി ചിത്രം ഓർക്കാത്തവർപോലും അതിലെ ഗുണശേഖരനെ ഓർക്കുന്നുണ്ടാവും. അങ്ങനെ എളുപ്പത്തിൽ മറക്കാൻ പറ്റുന്നതല്ല ആ വില്ലൻ കഥാപാത്രം. നായകനായ സാക്ഷാൽ മമ്മൂട്ടിയുടെ അഭിനയത്തെപോലും നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഗുണശേഖരനിലൂടെ മണി പ്രേക്ഷകർക്ക് നൽകിയത്. മണി ചെയ്ത വില്ലൻവേഷങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചതായിരുന്നു. മണി വില്ലനായ സിനിമകളിൽ അയാൾ ജയിച്ചുകാണാനാണ് ഒട്ടുമിക്ക പ്രേക്ഷകരും ആഗ്രഹിച്ചത്. കാരണം മണി മലയാളിക്ക് അത്രമേൽ പ്രിയപ്പെട്ടവനാണ്. തമിഴിൽ വിക്രമിന്റെ ജെമിനിയിൽ വില്ലനായപ്പോൾ തേജ എന്ന കഥാപാത്രം തമിഴകത്ത് സൃഷ്ടിച്ച ചലനങ്ങൾ ചെറുതല്ല. മിമിക്രിയും തമാശയുമൊക്കെയുള്ള അത്തരമൊരു വില്ലൻ തമിഴ് മക്കൾക്ക് പുതിയൊരു അനുഭവമായിരുന്നു. തമിഴിലെ അന്നത്തെ സൂപ്പർതാരങ്ങൾ തങ്ങളുടെ സിനിമകളിൽ മണി വില്ലനായി വരാൻ ആഗ്രഹിച്ചു. കാരണം, മണിയുണ്ടെങ്കിൽ, മണിയുടെ തകർപ്പൻ പ്രകടനമുണ്ടെങ്കിൽ, തങ്ങളുടെ സിനിമ നൂറു ദിവസം പിന്നിടുമെന്ന് അവർക്ക് ഉറപ്പുണ്ടായിരുന്നു.
മണി ഏതു ഭാഷയിൽ ചെയ്ത വില്ലൻവേഷങ്ങൾ എടുത്താലും അതിലൊക്കെ പ്രേക്ഷകരെക്കൊണ്ട് വില്ലത്തരത്തിന് കൈയടിപ്പിക്കുന്ന ഘടകങ്ങളുണ്ടാവും. ആ കഴിവും മണിക്ക് മാത്രം സ്വന്തമായിട്ടുള്ളതാണ്. നാലും അഞ്ചും ഇരട്ടി പ്രതിഫലം അന്യഭാഷകളിൽനിന്ന് ലഭിക്കുമ്പോഴും മാതൃഭാഷയിൽ കുറഞ്ഞ പ്രതിഫലത്തിന് മണി അഭിനയിച്ചു.
വഴങ്ങാത്തതിനെ കൂടി വഴക്കിയെടുക്കുന്ന ഉടൽഭാഷയും അർപ്പണവും കലാഭവൻ മണിക്കുണ്ടായിരുന്നു. അദ്ദേഹത്തിന്റെ സിനിമയിലാണോ കോമഡി സ്‌കിറ്റുകളിലാണോ എന്നറിയില്ല, ഇങ്ങനെ ഒരു ഡയലോഗുണ്ട്, 'അല്ല ഏട്ടാ, ഇങ്ങനെയൊക്കെ നടന്നാ മതിയോ? നമ്മക്കും മൂക്കിൽ പഞ്ഞി വെക്കണ്ടേ?' ഈ മൂക്കിൽ പഞ്ഞി വെക്കൽ പല ഗ്രാമങ്ങളിലും പിന്നീട് ഒരു സ്ഥിരംപ്രയോഗമായി മാറി. ഞങ്ങളുടെ ദേശത്തും ചെറുപ്പക്കാർ പ്രായമായവരോട് 'അല്ല കാക്കാ, ഞമ്മക്ക് മൂക്കില് പഞ്ഞി വെക്കണ്ടേ' എന്ന് ചോദിച്ചിട്ടുണ്ട്. പലപ്പോഴും അത് തമാശയായിട്ട് പ്രായമായവർ എടുത്തിട്ടുമുണ്ട്.
മണി അഭിനയിച്ച ഏതാണ്ട് എല്ലാ സിനിമകളും ഞാൻ ആവർത്തിച്ചു കണ്ടിട്ടുണ്ട്. എന്റെ തോളിൽ കൈയിട്ട് എന്നോട് ചിരിയും കളിയും അശ്ലീലവും പറയുന്ന, പലപ്പോഴും എന്നെ ചേർത്തുപിടിക്കുന്ന, എന്റെ മുറിവുകൾക്ക് ഔഷധമായി മാറുന്ന സൗഹൃദസാന്നിധ്യമായിരുന്നു എനിക്ക് കലാഭവൻ മണി. ആയിരുന്നുവെന്നല്ല, ആണ്. ഇപ്പോഴും മനസ്സ് വല്ലാതെ കലുഷമാവുമ്പോൾ ഞാൻ മണിയുടെ സിനിമയോ സ്റ്റേജ് ഷോയോ പാട്ടുകളോ എന്തെങ്കിലുമൊക്കെ കേട്ടും കണ്ടും മനസ്സിനെ തണുപ്പിച്ചെടുക്കാറുണ്ട്. അത്തരത്തിൽ തിരഞ്ഞുപോവാൻ നമുക്ക് അധികം നടൻമാരില്ല. ഉണ്ടെങ്കിൽത്തന്നെ അവർ താരപദവിയുടെ ഉയരങ്ങളിലാണ്. മണിയാവട്ടെ നമ്മുടെ തൊട്ടടുത്താണ്.
ഈ കുറിപ്പ് തുടങ്ങുമ്പോൾ ഞാൻ പറഞ്ഞ ആ രാത്രിയിൽ, മണി അന്തരിച്ച രാത്രിയിൽ ഞങ്ങളുടെ അടുക്കളയിൽ വെളിച്ചം പരന്നില്ല. മക്കൾ വിശക്കുന്നുവെന്ന് പരാതി പറഞ്ഞില്ല. ഞാനും ഭാര്യയും വിശപ്പറിയാതെ എന്തൊക്കെയോ വിചാരങ്ങളിൽ മുഴുകി ഉറങ്ങാതെ കിടന്നു. ആരും ആരോടും ഒന്നും പറഞ്ഞില്ല. മറ്റുള്ളവർ ഉറങ്ങിയിട്ടില്ലെന്ന് ഓരോരുത്തരും തങ്ങളുടെ ഉണർച്ചയിൽനിന്ന് മനസ്സിലാക്കി. അഞ്ച് അംഗങ്ങളുള്ള ഞങ്ങളുടെ കുടുംബത്തിൽനിന്ന് ഒരു അംഗം ഇല്ലാതായപോലെയാണ് ഞങ്ങൾക്ക് അനുഭവപ്പെട്ടത്. അന്നത്തെ രാത്രി ഒരുവിധം വെളുത്തുകിട്ടിയപ്പോൾ എനിക്ക് ഒന്നിനും ഒരുത്സാഹവും തോന്നിയില്ല. ഫോണിൽ വാർത്ത കേൾക്കാൻ തോന്നിയില്ല. പണിക്ക് പോവാനും തോന്നിയില്ല. പുറത്തു കാണുന്ന ഇത്തിരി പച്ചയിലേക്ക് നോക്കി ഞാനിരുന്നു. എന്റെ നെഞ്ചിൽ എന്തോ കനത്തുകിടന്നു. ഈ കുറിപ്പ് എഴുതുമ്പോഴും എന്റെ ജാലകത്തിനപ്പുറം പച്ചപ്പുകളുണ്ട്. അതിലേക്ക് നോക്കുമ്പോൾ അന്ന് അനുഭവിച്ച അതേ ശൂന്യത ഞാനിപ്പോഴും അനുഭവിക്കുന്നു.
നീണ്ട ഒമ്പതു വർഷങ്ങൾ കടന്നുപോയിരിക്കുന്നു. മണി മരിച്ചുവെന്ന് വിശ്വസിക്കാൻ എനിക്കിപ്പോഴും കഴിയുന്നില്ല. ആ കുറുമ്പൻ പുതിയ സിനിമയുടെ പോസ്റ്ററുകളുമായി തെരുവ് ചുമരുകളിൽ എപ്പോൾ വേണമെങ്കിലും പ്രത്യക്ഷപ്പെട്ടേക്കാം എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. നമുക്ക് അംഗീകരിക്കാൻ കഴിയാത്ത മരണങ്ങളെല്ലാം നമ്മളെ എന്തെങ്കിലുമൊക്കെ ഓർമ്മിപ്പിക്കും. കലാഭവൻ മണിയുടെ മരണം എന്നെ ഓർമ്മിപ്പിക്കുന്നത് ജീവിതമെന്ന ഈ മഹാദ്ഭുതത്തെ കുറിച്ചുതന്നെയാണ്. ഇതിന്റെ നടവഴികളിൽ അയാളെന്റെ കൂടെ നടക്കുന്നു. അയാൾക്കുമാത്രം കഴിയുന്ന ആ പ്രത്യേക ചിരി ചിരിക്കുന്നു. എന്നിട്ട് എന്റെ തോളിൽ കൈയിട്ട് എന്നെ ചേർത്തുപിടിക്കുന്നു. ഏതു പടുകുഴിയിൽനിന്നും കരകയറാൻ എനിക്ക് കഴിയുമെന്ന് അയാളെന്നോട് പറയുന്നു.
പ്രിയപ്പെട്ട മനുഷ്യാ... വാക്കുകൾക്ക് വഴങ്ങാത്ത രൂപകങ്ങളായി താങ്കൾ എവിടെയാണ് ഒളിച്ചിരിക്കുന്നത്? ഞങ്ങൾ മലയാളികൾ താങ്കളെ കാത്തിരിക്കുകയാണ്. എന്നെങ്കിലും ഞങ്ങളുടെ തിരശ്ശീലയിലേക്ക് നിങ്ങൾ വില്ലനായോ നായകനായോ കടന്നു വരാതിരിക്കില്ല. നിങ്ങളുടെ പ്രകടനത്തിന് കൈയടിക്കാൻ കാത്തിരിക്കുന്ന ഞങ്ങളെ നിരാശപ്പെടുത്തരുത്. ഏറ്റവും സ്നേഹത്തോടെ എല്ലാ മലയാളികൾക്കും വേണ്ടി അബ്ബാസെന്ന ഞാൻ ഇത് എഴുതി മുഴുമിപ്പിക്കുന്നു.
വരണം.…
വരാതിരിക്കരുത്…
മണിയേ...
Content Highlights: A personal and emotional remembrance of actor Kalabhavan Mani., Explores his unique connection with the common people of Kerala., Highlights his iconic roles, popular folk songs, and humble personality., Reflects on his lasting legacy in Malayalam cinema and culture.