'ദുഃഖനിവൃത്തിക്കായി ദൈവത്തെ തേടാതെ മദ്യം തേടുന്നതെന്തുകൊണ്ട്? ദൈവത്തിലേക്കുള്ള മാര്‍ഗ്ഗം സുഗമമല്ല!'

ഗുരു നിത്യചൈതന്യയതിയുടെ ഇതുവരെ സമാഹരിക്കപ്പെടാത്ത ലേഖനങ്ങൾ പി.ആർ ശ്രീകുമാർ എഡിറ്റ് ചെയ്ത് മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. കല, സാഹിത്യം, ശാസ്ത്രം, മതം എന്നിങ്ങനെ വിവിധ വിഷയങ്ങളെ ലളിതമായ ഭാഷയിൽ അവതരിപ്പിച്ച ദാർശനികനായ നിത്യചൈതന്യയതി ലഹരിയുടെ വിശുദ്ധവലയങ്ങൾ എന്ന അധ്യായത്തിൽ മദ്യാസക്തിയും ദൈവവിചാരവും വിചാരണ ചെയ്യുന്നു.
നാലുതരത്തിലുള്ള ആളുകള്‍ ആശാപൂര്‍വ്വം ദൈവത്തിലേക്കു തിരിയുമെന്നു ഭഗവദ്ഗീതയില്‍ പറയുന്നു. അവരെ ആര്‍ത്തന്മാര്‍, അര്‍ത്ഥാര്‍ഥികള്‍, ജിജ്ഞാസുക്കള്‍, ജ്ഞാനികള്‍ എന്നാണു തരംതിരിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും അനുകമ്പയര്‍ഹിക്കുന്നവര്‍ ആര്‍ത്തന്മാര്‍ തന്നെയാണ്.
അറിഞ്ഞുകൊണ്ടല്ല നമ്മള്‍ ഒരമ്മയുടെ വയറ്റില്‍ വന്നു ഗര്‍ഭസ്ഥനായി ശരീരമെടുത്ത് ഇഹലോകത്തിലേക്കു വരുന്നതെങ്കിലും ആ ചെറിയ യാത്രയ്ക്കിടയില്‍, അതായതു പിതാവിന്റെ ബീജത്തില്‍നിന്നും മാതൃയോനിയിലെത്തി പ്രസവിക്കപ്പെടുന്നതുവരെയുള്ള ഒമ്പതു മാസത്തിനുള്ളില്‍ ഒരു ജീവിതകാലം മുഴുവനും അനുഭവിക്കേണ്ട പല രോഗകാരണങ്ങളും ശരീരത്തിലും മസ്തിഷ്‌കത്തിലും മനസ്സിലുമൊക്കെ ഏറ്റുവാങ്ങിക്കൊണ്ടാണ് വരുന്നത്. അച്ഛനും അമ്മയും നമുക്കു സമാരാധ്യര്‍ തന്നെ. അവരാണല്ലോ നമുക്കു ജീവിക്കുവാന്‍ ഒരവസരം ഉണ്ടാക്കിത്തന്നിരിക്കുന്നത്. നാം അവരുടെ പരമ്പരയില്‍ പെട്ടവരാണ്. അച്ഛനമ്മമാരുടെ പാരമ്പര്യം ജനിതകത്തിന്റെ ചെപ്പിലടച്ചാണു നമ്മെ ഏല്‍പ്പിക്കുന്നത്. ആ ചെപ്പില്‍ എന്താണിരിക്കുന്നതെന്നു നാമറിയുകയില്ല.
ലോകത്തെവിടെയുമുള്ള കഥകള്‍ വായിച്ചാല്‍ ആര്‍ത്തന്മാരുടെ അനേകം മാതൃകകള്‍ കാണാം. മഹാഭാരതത്തിലും രാമായണത്തിലും ജാതകകഥകളിലും ആര്‍ത്തന്മാരുണ്ട്. പഴയനിയമത്തിലും പുതിയ നിയമത്തിലുമുണ്ട്. ഖുര്‍ആനിലും ഗീതയിലുമുണ്ട്. അവരുടെ വേദനയ്ക്ക് ദൈവം ഉപശമനം ഉണ്ടാക്കും എന്ന വിശ്വാസമാണു മനുഷ്യര്‍ക്കുള്ളത്. ദൈവം തനിയേ ഇറങ്ങിവരില്ല. അതുകൊണ്ട് ആ ദയാസിന്ധുവിന്റെ പേരില്‍ ദീനാവനപരായണന്മാര്‍ ചരിത്രം ഉണ്ടായ കാലംമുതല്‍ ദുഃഖത്തിനു ശമനമുണ്ടാക്കുവാന്‍ മാര്‍ഗ്ഗങ്ങള്‍ തേടിപ്പിടിക്കുന്നു. ലോകമതങ്ങള്‍ എല്ലാംതന്നെ മനുഷ്യന്റെ അവസാനിക്കാത്ത ആര്‍ത്തിക്കു വിരാമം ഉണ്ടാക്കുവാന്‍ ശ്രമിക്കുന്നവയാണ്.
ആയുര്‍വ്വേദാചാര്യന്മാര്‍ ആദ്യത്തെ ആര്‍ത്തിയായി കണ്ടത് രാഗാദിദോഷങ്ങളെയാണ്. ദീനാനുകമ്പ കാണിക്കുവാന്‍ വളരെ ആഗ്രഹിച്ചവരില്‍ നിന്നാണ് എല്ലാ ചികിത്സാ സമ്പ്രദായവും ഉണ്ടായിട്ടുള്ളത്. രോഗങ്ങളില്‍ കടുത്ത രോഗം വിശപ്പാണ്. വിശപ്പിനുള്ള മരുന്നാണ് അന്നം. അതുകൊണ്ടു രാജാക്കന്മാര്‍ അന്നദാനപ്രഭുക്കന്മാരാകാന്‍ കൊതിച്ചു. പക്ഷേ, വിശപ്പ് വയറിനു മാത്രമല്ല-ഭൂതഭൗതികമായ വിശപ്പുണ്ട്, ആദ്ധ്യാത്മികമായ വിശപ്പുണ്ട്, ആധിദൈവികമായ വിശപ്പുണ്ട്. ഇവയെല്ലാം കടുത്ത രോഗങ്ങളാണുതാനും. മനുഷ്യന്റെ വിശപ്പടക്കാന്‍ ഉപദേശിച്ചുകൊടുത്തിട്ടുള്ള മാര്‍ഗ്ഗങ്ങളാണ് വിജ്ഞാനകോശങ്ങളായി ലോകത്തില്‍ വന്നിട്ടുള്ളത്. അന്നം പോലെയാണ് ഔഷധം. അന്നവും ഔഷധവും കൊടുക്കുമ്പോള്‍ത്തന്നെ അതിനെ ഫലവത്താക്കുവാന്‍ പൂജയും പ്രാര്‍ത്ഥനയും ഉപദേശങ്ങളും കൊടുക്കാറുണ്ട്. അങ്ങനെ ഏതു മതമായാലും ആര്‍ത്തന്മാര്‍ ആദ്യം പറയുന്ന മന്ത്രം ദൈവസ്‌നേഹത്തെപ്പറ്റിയാണ്.
ഇക്കാലത്ത് മനുഷ്യന്റെ പ്രകൃതി നോക്കുമ്പോള്‍ ദൈവത്തിന്റെ നേര്‍ക്ക് ആര്‍ത്തന്മാര്‍ തിരിയുന്നതിന്റെ ഒരു രഹസ്യം നമുക്കു കണ്ടെത്താന്‍ കഴിയും. അവര്‍ അദൃശ്യമായ കരങ്ങളെയാണ് ആശ്രയിക്കുവാന്‍ ആഗ്രഹിക്കുന്നത്. അദൃശ്യരായ വരേണ്യന്മാര്‍ പണ്ടും ഉണ്ടായിരുന്നു. ഇന്ദ്രനും വരുണനും മിത്രനും യഹോവയും മറ്റും ദൃഷ്ടിക്കു ഗോചരമാകുന്നവരല്ല.
വേദങ്ങളില്‍ കൊടുത്തിരിക്കുന്ന യജ്ഞങ്ങളില്‍ ഏറ്റവുമധികം വന്ദനം ലഭിക്കുന്നത് സോമത്തിനാണ് (അറുനൂറില്‍ അധികം സൂക്തങ്ങള്‍ സോമത്തിനു നല്‍കുന്ന അംഗീകാരവും വന്ദനവും ഉള്‍ക്കൊള്ളുന്നതാണ്). യജ്ഞത്തില്‍ അഗ്നി വളരെ ഉയരത്തില്‍ ആളിക്കത്തുന്നതിനു സോമം എന്ന വീര്യമുള്ള ഒരു ദ്രാവകമാണ് ഹോമകുണ്ഡത്തില്‍ ഒഴിച്ചുകൊടുക്കുന്നത്. ദേവന്മാര്‍ക്കും അസുരന്മാര്‍ക്കും ഒരുപോലെ പ്രിയങ്കരമായ പാനീയമാണ് സോമം. യേശുക്രിസ്തു തന്റെ അവസാനത്തെ അത്താഴവിരുന്നിന് ഒരു പാനപാത്രത്തില്‍ വീഞ്ഞു നിറച്ചിട്ട്, അതു തന്റെ രക്തവും അതില്‍ മുക്കിയ അപ്പം തന്റെ മാംസവുമാണെന്നു ശിഷ്യന്മാര്‍ക്കു പറഞ്ഞുകൊടുത്തു.
പേര്‍ഷ്യന്‍ അറേബ്യന്‍ കവിതകളില്‍ ഉയര്‍ന്നു കേള്‍ക്കുന്ന ഒരു വാക്കാണ് 'ശരാബ്'-വാറ്റുചാരായം ആദ്യം ഉണ്ടാക്കിയത് അറബികളാണ്. അതിന് അവര്‍ കൊടുത്ത പേരാണ് 'അലുക്കോള്‍'. ഇങ്ങനെ ലോകത്തെവിടെയും ദൈവത്തിന്റെ സന്നിധിയില്‍ ലഹരിയുണ്ടാക്കി മസ്തിഷ്‌കത്തെ മയക്കുന്ന മദ്യം ദൈവത്തിന്റെ സ്ഥാനം മനുഷ്യഹൃദയത്തില്‍ കണ്ടെത്തി അവിടെ മദ്യാസക്തിയെ പ്രതിഷ്ഠിച്ചതില്‍ അദ്ഭുതത്തിനു വഴിയില്ല. ഇന്നും ലോകരാഷ്ട്രങ്ങളിലെ അധിനായകന്മാര്‍ ഒന്നിച്ചു പങ്കുചേരുന്ന സദസ്സില്‍ അവര്‍ക്ക് അന്യോന്യമുള്ള വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി ആദ്യം ചെയ്യേണ്ടുന്നതു മദ്യം നിറച്ച പാനപാത്രങ്ങള്‍ തമ്മില്‍ കൂട്ടിമുട്ടിച്ച് ഒച്ചയുണ്ടാക്കുകയാണ്.
ദുഃഖത്തില്‍ നിന്നും ഒരല്‍പ്പം ആശ്വാസം ലഭിക്കുന്നതിനുവേണ്ടി ആര്‍ത്തന്മാര്‍ ദൈവത്തോടു പ്രാര്‍ത്ഥിക്കുന്നു. ദൈവത്തിന്റെ നാമത്തില്‍ ശുശ്രൂഷിക്കാന്‍ കനിവു കാണിക്കുന്ന ഗുരുക്കന്മാരുടേയും വന്ദ്യന്മാരായ പുരോഹിത ശ്രേഷ്ഠന്മാരുടെയും കാല്‍ക്കല്‍ കുമ്പിട്ടു സമാധാനത്തിനുള്ള മാര്‍ഗ്ഗം തേടുന്നു. എന്നാല്‍ എപ്പോഴോ ഒരിക്കല്‍ മാത്രമായിരിക്കും ഒരുത്തന് ദൈവകൃപ ലഭിച്ച് അവന്‍ ശാന്തചിത്തനായിത്തീരുന്നത്. അതിനു മിക്കവാറും സംഗതിയായില്ലെന്നും വരും. അതുകൊണ്ട് ആര്‍ത്തന്മാര്‍ പിന്നീട് തിരിയുന്നതു മദ്യശാലയിലേക്കാണ്.
ഇന്നു ലോകത്തുള്ള സകല സിനഗോഗുകളും ക്രിസ്ത്യന്‍ ദേവാലയങ്ങളും ബുദ്ധവിഹാരങ്ങളും ഹിന്ദുക്ഷേത്രങ്ങളും മസ്ജിദുകളും ഗുരുദ്വാരകളും എല്ലാം കൂടി കൂട്ടിനോക്കിയാല്‍ അവയുടെ പത്തു മടങ്ങെങ്കിലും മദ്യശാലകള്‍ ലോകത്തുണ്ട് എന്നുള്ളതിനു സംശയമില്ല. അഞ്ജാത ദൈവം പരാജയപ്പെടുന്നിടത്തു നാം വിജയിച്ചിരിക്കുന്നു. ഈ ദുഃസ്ഥിതിയില്‍ പരിതപിച്ചു മദ്യപാനത്തില്‍ നിന്നു ദൈവകാരുണ്യത്തിലേക്കു ജനങ്ങളെ വീണ്ടെടുക്കാന്‍ കൊതിക്കുന്ന ദീനാവനപരായണരുണ്ട്. അവരുടെ ഒരു ചെറിയ സംഘം ഒരു ദിവസം ഒരു കൂടിക്കാഴ്ചയ്ക്കായി ഫേണ്‍ഹില്‍ ഗുരുകുലത്തില്‍ വന്നു. അവരുമായി നടത്തിയ സംവാദത്തിന്റെ സാരം ഞാനിവിടെ കുറിക്കട്ടെ. എന്നെ കാണാന്‍ വന്നവര്‍ സ്ത്രീപുരുഷന്മാരടങ്ങിയ ഇരുപത്തൊന്നു പേരായിരുന്നു. എല്ലാവരും അഭിമുഖത്തിനിരുന്നതിനുശേഷം അവരിലെ പ്രധാനിയുമായി ഇങ്ങനെ ഒരു സംവാദമുണ്ടായി.
ലേഖകന്‍: നിങ്ങളിപ്പോള്‍ ഏതു സമസ്യയ്ക്കാണ് ഉത്തരം കണ്ടുപിടിക്കാന്‍ ശ്രമിക്കുന്നത്?
ആഗതന്‍: ഞങ്ങളുടെ മുഖ്യമായിട്ടുള്ള ഉദ്ദേശ്യം മദ്യപാനത്തില്‍നിന്നും അതു ശീലിച്ചുപോയവരെ മുക്തരാക്കുക എന്നുള്ളതാണ്.
കുടിക്കുന്നവന്‍ മദ്യത്തിലെന്തായിരിക്കും അന്വേഷിക്കുന്നത്?
ആ: അവന്റെ ദുഃഖത്തെ മറക്കുവാനും പകരം ആഹ്ലാദിക്കുവാനുമുള്ള ഏതോ ഒന്ന് അവന്‍ തേടുകയാണ്.
ലേ: ലോകത്തെവിടെയും ജനങ്ങള്‍ പുരാതന കാലം മുതലേ പൊതുവേ ദുഃഖിതരാണല്ലോ. ആ ദുഃഖത്തില്‍നിന്നു മോചനം നേടുന്നതിനുവേണ്ടിയല്ലേ മതങ്ങളെല്ലാം ഉണ്ടായിട്ടുള്ളത്?
ആ: അതെ, ഭൗതികമായതില്‍നിന്ന് അല്ലെങ്കില്‍ ലൗകികമായതില്‍നിന്ന് ഈശ്വരീയതയിലേക്കു പോയാല്‍ മോചനം കിട്ടുമെന്നാണു മതങ്ങളെല്ലാം ഉദ്‌ഘോഷിക്കുന്നത്.
ലേ: അപ്പോള്‍ ദുഃഖനിവൃത്തിക്കുവേണ്ടി ദൈവത്തെയല്ലേ തേടേണ്ടത്? പിന്നെ എന്തുകൊണ്ടാണ് അവന്‍ ദൈവത്തിലേക്കു പോകാതെ മദ്യത്തിലേക്കു പോകുന്നത്?
ആ: ദൈവത്തിലേക്കുള്ള മാര്‍ഗ്ഗം പലര്‍ക്കും സുഗമമായി ലഭിക്കുന്നില്ല. അതു കൊണ്ടാണ് ദുഃഖനിവര്‍ത്തിക്കായി മനുഷ്യന്‍ ഒന്നുകില്‍ ആത്മഹത്യ ചെയ്യുകയോ അല്ലെങ്കില്‍ മദ്യം, മയക്കുമരുന്ന് എന്നിവ തേടിപ്പോവുകയോ ചെയ്യുന്നത്.
ലേ: അപ്പോള്‍ ദൈവത്തിലും മദ്യത്തിലും സാദൃശ്യപ്പെടുത്താവുന്ന, ആശ്വാസം പകരുന്ന, ഏതോ ഒന്ന് ആളുകള്‍ കാണുന്നില്ലേ?
ആ: സാദൃശ്യപ്പെടുത്താവുന്നത് ഉണ്ടോ എന്നറിയാന്‍ പാടില്ല. ദൈവത്തെ കണ്ടെത്താന്‍ ആകാത്തവര്‍ അല്ലെങ്കില്‍ ദൈവമാര്‍ഗ്ഗം ആനന്ദത്തിലേക്കു നയിക്കും എന്നറിയാത്തവര്‍ മദ്യശാലയില്‍ പോകുന്നുണ്ടെന്നറിയാം.
ലേ: ക്രിസ്തുമതത്തില്‍ ത്രിത്വത്തെപ്പറ്റി പറയുന്നുണ്ടല്ലോ. നിങ്ങള്‍ അതിനെ എങ്ങനെയാണു മനസ്സിലാക്കുന്നത്?
ആ: പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് (Father, Son and Holy Spirit).
ലേ: അപ്പോള്‍ മദ്യശാലയില്‍ പോകുന്നവരും സ്പിരിറ്റ് തന്നെയല്ലേ അന്വേഷിക്കുന്നത്?
ആ: പലതരത്തില്‍ രൂപാന്തരപ്പെടുത്തിയിട്ടുള്ള സ്പിരിറ്റുകളെ അവര്‍ മദ്യമായറിഞ്ഞു സേവിക്കുന്നു.
ലേ: അപ്പോള്‍ കമ്പോളത്തില്‍നിന്നു വിലയ്ക്കു വാങ്ങാവുന്ന സ്പിരിറ്റും ഹോളി സ്പിരിറ്റും തമ്മില്‍ എന്താണു ബന്ധം?
മത്തായിയുടെ സുവിശേഷത്തില്‍ യേശുവിന്റെ ജ്ഞാനസ്‌നാനത്തെപ്പറ്റി പറയുമ്പോള്‍ പരിശുദ്ധാത്മാവിനെക്കൊണ്ടും അഗ്നിയെക്കൊണ്ടും സ്‌നാനം ചെയ്യിപ്പിക്കുക എന്ന പരാമര്‍ശം ഹോളി സ്പിരിറ്റിനെപ്പറ്റിയാണല്ലോ. അതുപോലെ മത്തായി 28:19-ല്‍ യേശുതന്നെ ശിഷ്യന്മാരെ നിയോഗിച്ചിരിക്കുന്നത് പിതാവ്, പുത്രന്‍, പരിശുദ്ധാത്മാവ് എന്നിവയിലുള്ള വിശ്വാസത്തിലേക്കും എല്ലാവരേയും മാനസാന്തരപ്പെടുത്തുന്നതിനും വേണ്ടിയാണല്ലോ. യോഹന്നാന്‍ ഏഴാം അദ്ധ്യായം 37, 38 വായിച്ചുനോക്കുക: 'ആര്‍ക്കെങ്കിലും ദാഹിക്കുന്നുവെങ്കില്‍ അവന്‍ എന്റെ അടുക്കല്‍ വന്നു കുടിക്കട്ടെ.'
അതുതന്നെയല്ലേ മദ്യഷാപ്പില്‍ പോയി കുടിക്കുന്നവനെയും നയിക്കുന്നത്? സാധാരണ ദാഹത്തെപ്പറ്റിയല്ല യേശു പറയുന്നത്; വിശ്വാസദാഹത്തെപ്പറ്റി. കാരുണ്യ ദാഹത്തെപ്പറ്റി, ആശ്വാസദാഹത്തെപ്പറ്റി, സ്‌നേഹദാഹത്തെപ്പറ്റി ഒക്കെ ആയിരിക്കണം. ഇപ്രകാരം ദാഹിക്കുന്നവന്‍ യേശുവിനെത്തേടി ഇപ്പോഴും സഭയില്‍ വരുന്നില്ലേ?
ആ: നിശ്ചയമായും അവര്‍ വരുന്നുണ്ട്.
ലേ: എന്നാല്‍ അവര്‍ക്കു ദാഹശമനം ഉണ്ടാകുന്നുണ്ടോ? യേശു തന്നോടു ചേര്‍ന്നുനിന്നിരുന്ന ശിഷ്യസംഘത്തില്‍ വിശ്വാസത്തിന്റെ വീഞ്ഞ് പകര്‍ന്നുകൊടുത്തില്ലേ? അപ്പോള്‍ അവര്‍ക്കു ദാഹശമനം ഉണ്ടായിക്കാണുമല്ലോ. ഇപ്പോഴത്തെ സഭകളില്‍ അപ്രകാരം ആശ്വാസം തേടി വരുന്നവര്‍ക്കു യേശു ലഭ്യനാകാതെ വരുന്നത് എന്തുകൊണ്ടാണ്?
ആ: എന്തോ പാകപ്പിഴ ഉണ്ടെന്നറിയാം. എന്താണെന്ന് അറിയില്ല.
ലേ: യോഹന്നാന്റെ സുവിശേഷം അദ്ധ്യായം ഏഴിലെ വാക്യങ്ങള്‍ വായിച്ചാല്‍ അതറിയാം. 34-ല്‍ യേശുതന്നെ പറയുന്നു: 'അതിനുശേഷം ഞാന്‍ എന്നെ അയച്ചവന്റെ അടുത്തേക്കു പോകും. നിങ്ങള്‍ എന്നെ അന്വേഷിക്കും, കണ്ടെത്തുകയില്ല.' ഞാന്‍ ആയിരിക്കുന്നിടത്തു വരാന്‍ നിങ്ങള്‍ക്കു സാധിക്കുകയില്ല. ഒരിക്കല്‍ യേശു തന്റെ പിതാവിലേക്കു പോയാല്‍ പിന്നെ അവനെ അന്വേഷിച്ചു ചെല്ലുന്നവര്‍ അവനെ കാണുകയില്ല. അവന്‍ എവിടെ എത്തിയോ അവിടെ എത്തുവാനും കഴിയുകയില്ല. യോഹന്നാന്‍ ഏഴാം അദ്ധ്യായം 39-ാം വാക്യത്തില്‍ യേശു പറഞ്ഞതായി പറയുന്നു: അവന്‍ ഹോളി സ്പിരിറ്റ് അവനെ വിശ്വസിച്ചിരുന്നവര്‍ക്കു കൊടുത്തിരുന്നില്ല. എന്നാല്‍ അവന്‍ പോയതിനുശേഷം ത്രിത്വത്തിലെ മൂന്നാമത്തേതായ ദൈവചൈതന്യത്തെ അവര്‍ക്കായി അയച്ചുകൊടുക്കുമെന്നും പറഞ്ഞു.
ഇതില്‍നിന്നെല്ലാം നാം എന്താണു മനസ്സിലാക്കേണ്ടത്? നിങ്ങള്‍ യേശുവില്‍ വിശ്വസിക്കുന്നുവെന്നും അവന്റെ ആത്മചൈതന്യത്തെ ഉള്‍ക്കൊള്ളുന്നുവെന്നും പറയുമ്പോഴും സ്‌നേഹത്തിനുവേണ്ടിയും സുരക്ഷയ്ക്കു വേണ്ടിയും ദാഹിച്ച് നിങ്ങളുടെ അടുത്തു വരുന്നവന് അതു കൊടുക്കാന്‍ കഴിയുന്നില്ല എന്ന പരമാര്‍ത്ഥമല്ലേ? ലൂക്കോസിന്റെ സുവിശേഷം 4-23-ല്‍ യേശു തന്റെ ശിഷ്യന്മാരോടു പറയുന്നതു നോക്കുക. അവന്‍ അവരോടു പറഞ്ഞു: 'വൈദ്യാ നീ നിന്നെത്തന്നെ സുഖപ്പെടുത്തുക എന്ന ചൊല്ല് ഉദ്ധരിച്ചുകൊണ്ട് തീര്‍ച്ചയായും നിങ്ങള്‍ എന്നോടു കഫര്‍ണാമില്‍ നീ ചെയ്ത അദ്ഭുതങ്ങള്‍ ഇവിടെ നിന്റെ സ്വന്തം സ്ഥലത്തും ചെയ്യുക എന്നു പറയും. എന്നാല്‍ സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഒരു പ്രവാചകനും സ്വന്തം നാട്ടില്‍ സ്വീകരിക്കപ്പെടുന്നില്ല.' അതോടൊപ്പം മത്തായിയുടെ സുവിശേഷം 9:12 നോക്കുക. ആര്‍ക്കാണു വൈദ്യസഹായം വേണ്ടതെന്നു യേശു വ്യക്തമായി പറയുന്നു. 'ആരോഗ്യമുള്ളവര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെക്കൊണ്ട് ആവശ്യം.'
നിങ്ങളിപ്പോള്‍ മദ്യപാനികളെ കാണുന്നു. അവരോടു സഹാനുഭൂതി തോന്നുന്നു. അവര്‍ രോഗികളാണ്. അവര്‍ക്കു വേണ്ടുന്ന വൈദ്യന്മാര്‍ നിങ്ങളാണ്. എന്നാല്‍ നിങ്ങളും അവരെപ്പോലെത്തന്നെ, വിശ്വാസഹീനന്മാരും ദുഃഖിതരും വഴിയറിയാത്തവരുമാണെങ്കില്‍ മത്തായിയുടെ സുവിശേഷത്തില്‍ പറഞ്ഞതുപോലെ നിങ്ങള്‍ നിങ്ങളെത്തന്നെ ആദ്യം ചികിത്സിക്കേണ്ടതല്ലേ? അപ്പോള്‍ ദുഃഖിതനു ദുഃഖമോചനം ഉണ്ടാക്കിക്കൊടുക്കുന്നവര്‍തന്നെ ആദ്യമായി സത്യവിശ്വാസിയും സന്തോഷവാനും ആയിരിക്കണം. തന്നില്‍ നിറഞ്ഞുനില്‍ക്കുന്ന ആരോഗ്യത്തിലേക്ക് അവന്‍ രോഗിയെ സ്‌നേഹത്തോടെ കൂട്ടിക്കൊണ്ടുവരികയാണു ചെയ്യേണ്ടത്.
ലേഖകന്‍: നിങ്ങളില്‍ ആരെങ്കിലും മദ്യശാലയില്‍ പോയി മദ്യപന്മാരോടു ചേര്‍ന്നിരുന്നു കുശലം പറയാന്‍ ശ്രമിച്ചിട്ടുണ്ടോ?
വന്നവരില്‍ ഒരാള്‍: ഞാന്‍ അപ്രകാരം ചെയ്തിട്ടുണ്ട്.
ലേഖകന്‍: മദ്യശാലയ്ക്കു വെളിയില്‍ വെച്ചു കാണുന്ന മദ്യപനും മദ്യശാലയില്‍ കാണുന്ന മദ്യപനും തമ്മില്‍ എന്താണു വ്യത്യാസം?
ആഗതന്‍: മദ്യശാലയില്‍ വെച്ച് അവനെ കാണുമ്പോള്‍ അവന്‍ സന്തുഷ്ടനാണ്. അവന്‍ അവിടെ തന്റെ ചുറ്റുമിരിക്കുന്നവര്‍ക്കു സമനാണെന്നു കരുതുന്നു. മദ്യശാലയ്ക്ക് വെളിയിലുള്ള സമുദായത്തില്‍ അവനെ നീചനെന്നും നികൃഷ്ടനെന്നും നിസ്സഹായനെന്നും പാപിയെന്നും മുദ്രകുത്തപ്പെടുമ്പോള്‍ മദ്യശാലയില്‍ അവന്‍ മറ്റുള്ളവര്‍ക്കു സദൃശനാണ്, ഏവര്‍ക്കും സമനാണ്. നേരത്തെ അല്‍പ്പമൊന്ന് അസഭ്യം പറയുന്നതു കേട്ടാലും അതു മദ്യപനെ സന്തോഷിപ്പിക്കുന്നതേയുള്ളു. അവന്‍ പൊട്ടിച്ചിരിക്കുകയും അസഭ്യം പറഞ്ഞവനോടു പല അശ്ലീലപദങ്ങളും ചേര്‍ത്തു പ്രതികരിക്കുകയും ചെയ്യുന്നു.
ലേഖകന്‍: അപ്പോള്‍ ദൈവസഭകളില്‍ കണ്ടെത്താന്‍ കഴിയാത്ത എന്തോ ഒന്ന് മദ്യശാലയില്‍ മദ്യം സേവിച്ചുകൊണ്ടിരിക്കുന്നവര്‍ക്ക് ഹര്‍ഷമുണ്ടാക്കുന്നുണ്ട്. തത്കാലത്തേക്കു തന്റെ പാപഭാരം താഴെ ഇറക്കിവെച്ചതുപോലെയാണ് അവനു തോന്നുന്നത്. സമുദായ മധ്യത്തില്‍ യോഗ്യനായോ പണക്കാരനായോ ശക്തനായോ കഴിഞ്ഞുകൂടുന്നവനും മദ്യശാലയില്‍ വരുമ്പോള്‍ അവനു പുറത്തേ ലോകത്തില്‍ ജീവിക്കാന്‍ കഴിയാത്ത ഒരു സാഹോദര്യം അവിടെ ലഭിക്കുന്നു. വീട്ടിലോ നാട്ടിലോ ഉള്ളവര്‍ മദ്യപന്റെ അടുത്ത് ഗൗരവമായ വിഷയങ്ങളില്‍ ഉപദേശം തേടുകയില്ലെങ്കിലും ഒരു കുടിയന്‍ വേറൊരു കുടിയനോട് ഉപദേശം തേടുകതന്നെ ചെയ്യും. അതു കൊടുക്കുമ്പോള്‍ വേറൊരുവനെ ഉപദേശിക്കുവാന്‍ താന്‍ യോഗ്യനാണെന്നുള്ള ആത്മാഭിമാനം കുടിയനില്‍ ഉണ്ടാകുന്നു. അങ്ങനെ നോക്കുമ്പോള്‍ കുടിയന്റെ സ്വര്‍ഗ്ഗം മദ്യശാലയും നരകം സാമൂഹികതയുമാണെന്നു വരുന്നില്ലേ?
കുടിയന്മാര്‍ കുടിയന്മാരോട് ഉപദേശം ചോദിക്കുന്നു. കുടിയന്മാര്‍ പ്രാമാണികരായി കുടിയന്മാര്‍ക്ക് ഉപദേശം കൊടുക്കുന്നു എന്നൊക്കെ കേട്ടാല്‍ നാം ചിരിച്ചു പോകും. എന്നാല്‍ വാസ്തവം അതാണ്. റഷ്യന്‍ പ്രസിഡന്റ് കുടിയന്മാരില്‍ അഗ്രഗണ്യനാണെന്നുള്ള കുപ്രസിദ്ധി നേടിയിട്ടുള്ള ആളാണ്. പണ്ട് സോവിയറ്റ് പ്രസിഡന്റ് ഇതര രാഷ്ട്രങ്ങളില്‍ പോകുമായിരുന്നില്ല, ഇപ്പോള്‍ അങ്ങനെയല്ല. യല്‍സിന്‍ അനേക രാജ്യങ്ങളില്‍ പോവുകയും അവിടത്തെ രാഷ്ട്രത്തലവന്മാരും രാഷ്ട്രതന്ത്രജ്ഞന്മാരും അദ്ദേഹത്തിനു സ്‌നേഹത്തോടെ മദ്യം പകര്‍ന്നു കൊടുക്കുകയും ചെയ്യുന്നു. അങ്ങനെയാണ് അവര്‍ അന്യോന്യം അഭിവാദ്യം ചെയ്യുന്നത്. അവരില്‍ അധികം പേരും വളരെ മദ്യാസക്തിയുള്ളവരാണുതാനും. എന്നാലും അവര്‍ രാഷ്ട്രത്തലവന്മാരാണ്, പ്രമാണികളാണ്. നമ്മുടെ രാജ്യത്തുതന്നെയുള്ള വ്യവസായപ്രമുഖര്‍, വ്യാപാരക്കരാറുകള്‍ ഉണ്ടാക്കുന്നതിനും കയറ്റുമതിക്കുള്ള വിദേശ മാര്‍ക്കറ്റുകള്‍ കണ്ടെത്തുന്നതിനും കൂടക്കൂടെ കോണ്‍ഫറന്‍സുകള്‍ നടത്താറുണ്ട്. എല്ലാ കോണ്‍ഫറന്‍സുകളിലും നയതന്ത്രത്തിന്റെ ഒരു പ്രധാന ഭാഗം കലവറയില്ലാതെ മദ്യം വിളമ്പുന്നതു തന്നെയാണ്.
കേരളത്തിലെ സാമാന്യം നല്ല എഴുത്തുകാരില്‍ ഒരു വലിയ പങ്ക് മദ്യം കഴിച്ചുകൊണ്ടാണ് സാഹിത്യരചനയ്ക്കുള്ള പ്രചോദനം തേടുന്നത്. എഴുതിത്തുടങ്ങിയാല്‍ പിന്നെ ഊര്‍ജ്ജം ചോര്‍ന്നുപോകാതിരിക്കാന്‍ അവസാനംവരെ അല്‍പ്പാല്‍പ്പമായിട്ടെങ്കിലും കുടിച്ചുകൊണ്ടുതന്നെയിരിക്കുമെന്ന് വളരെ അന്തസ്സോടുകൂടിയാണ് അവര്‍ പറയാറുള്ളത്.
അറുപതുകളില്‍ ഹിപ്പിപ്രക്ഷോഭണം സര്‍ക്കാരിനും കുടുംബനായകന്മാര്‍ക്കും എതിരായി ഒച്ചപ്പാടുണ്ടാക്കുന്നതുവരെ ഏത് അമേരിക്കന്‍ വീട്ടില്‍ ചെന്നാലും ആദ്യം കാണുന്നത് മുന്‍വശത്തെ മുറിയില്‍ത്തന്നെ കമനീയമായി അലങ്കരിച്ചുവെച്ചിരിക്കുന്ന വിവിധ തരത്തിലുള്ള മദ്യക്കുപ്പികളായിരുന്നു. ഹിപ്പികളുടെ കഞ്ചാവു വലിയും അവരുടെ പിതാക്കന്മാരുടെ മദ്യപാനവും രണ്ടു തട്ടിലായപ്പോള്‍ തിമോത്തി ലിയറി എന്ന മനശാസ്ത്രജ്ഞ 'ദ് പൊളിറ്റിക്‌സ് ഓഫ് സ്‌മോക്കിങ് ആന്‍ഡ് ഡ്രിങ്കിങ്' (The Politics of Smoking and Drinking) എന്ന പുസ്തകംതന്നെ എഴുതി.
ഇങ്ങനെ ലോകത്തെല്ലായിടത്തും വളരെ മാന്യത നേടിയിരിക്കുന്ന മദ്യപാനത്തിനെതിരായി എത്ര യുക്തിഭദ്രതയോടെ പറഞ്ഞാലും ശാസ്ത്രീയമായ ഉദ്‌ബോധനം കൊണ്ടായാലും ഒരു പ്രയോജനവും ഉണ്ടാകുന്നതായി കാണുന്നില്ല. എന്നാല്‍ അതേസമയത്ത് ആധുനിക ജീവിതത്തിലെ മൂല്യച്യുതിയില്‍ നിന്നു രക്ഷപ്പെടണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു. ഇവിടെയാണ് ക്രിസ്തീയസഭപോലുള്ള സ്ഥാപനങ്ങള്‍ക്ക് ഏറ്റവും വലിയ പങ്ക് ഈ വിഷയത്തില്‍ വഹിക്കാന്‍ കഴിയുന്നത്.
ഫ്‌ളോറന്‍സ് നൈറ്റിംഗേലിന്റെ കാലം മുതല്‍ ഇങ്ങോട്ട് ക്രിസ്തീയസഭ ആര്‍ത്തന്മാര്‍ക്കു നല്‍കിപ്പോരുന്ന ശുശ്രൂഷ, മരുന്നിനേക്കാളും ചികിത്സാ പദ്ധതിയിലെ സാങ്കേതികതയെക്കാളും ഏറെ, ശുശ്രൂഷിക്കുന്ന നഴ്‌സിന്റെ മനോനൈര്‍മല്യത്തേയും കാരുണ്യാതിരേകത്തേയും ദൈവാര്‍പ്പിത ജീവിതത്തേയും ഉള്‍ക്കൊണ്ടിരുന്നതുകൊണ്ട് അത് ലോകത്തെവിടേയും എളുപ്പത്തില്‍ അംഗീകാരം ലഭിക്കുന്ന മാതിരിയായിരുന്നു. ഒരുകാലത്ത്, രോഗം മരണത്തെ തൊട്ടുരുമ്മി നില്‍ക്കുമ്പോഴും വെല്ലൂരില്‍ പോയാല്‍ രക്ഷപ്രാപിച്ചേക്കും എന്ന പ്രത്യാശ ഏവരിലും ഉണ്ടായിരുന്നു. ആശുപതികളിലെ സാങ്കേതികത വര്‍ദ്ധിച്ചതോടെ ലക്ഷങ്ങള്‍ മുതല്‍മുടക്കിയിട്ടു വേണം ഒരു സ്‌കാനിങ്ങ് മെഷീനോ ഒരു ഇക്കോഗ്രാഫിക്ക് മെഷീനോ സ്ഥാപിക്കാന്‍.
ഇപ്പോള്‍ സ്റ്റെതസ്‌കോപ്പു വെച്ചു പരിശോധിക്കുന്ന രീതി ഒരു രോഗത്തിനും മതിയാവുകയില്ല എന്നായി. ഡോക്ടര്‍മാര്‍ ഗള്‍ഫ് രാജ്യങ്ങളിലേക്കും മറ്റും അധികമായി പോയി ധാരാളം പണമുണ്ടാക്കുകയും അവിടെ കിട്ടുന്ന വളരെ വിലപ്പെട്ട യന്ത്രസാമഗ്രികള്‍ നാട്ടിലെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും ആശുപത്രികള്‍ക്കു സമ്പാദിച്ചുകൊടുക്കുകയും ചെയ്തതോടെ അത്യന്തം ദിവ്യവും മഹത്തരവുമെന്നു കരുതിയിരുന്ന വൈദ്യസേവനം അധാര്‍മ്മികമായ കച്ചവടവിപണിയായി മാറി. ക്ലിനിക്കലായി മരിച്ചാലും പിന്നീട് ഹാര്‍ട്ട്‌ലംഗ് മെഷീന്‍ വച്ച് ഹൃദയസ്പന്ദനം ഉണ്ടാക്കാമെന്നു വന്നതോടെ, ദൈവത്തിന്റെ രക്ഷകനെന്ന സ്ഥാനംതന്നെ മങ്ങിപ്പോയി. ഇതിനെല്ലാം പണം കൊടുത്താല്‍ മതിയെന്നു വന്നപ്പോള്‍ വിദേശനാണ്യങ്ങളുടെ വില്‍പ്പനയ്ക്കിരിക്കുന്ന ബാങ്കുകള്‍ ഡോളറിന്റെയും മാര്‍ക്കിന്റെയും യെന്നിന്റെയും വില ആകാശത്തോളം ഉയര്‍ത്തി. ഇന്നിപ്പോള്‍ പണം എത്ര ഉണ്ടായാലും രോഗഗ്രസ്തനായാല്‍ ധനവാന്‍ ദരിദ്രനാകുമെന്നല്ലാതെ രോഗം മാറുകയില്ല എന്നു വന്നപ്പോഴാണ് പ്രാര്‍ത്ഥനയ്ക്കും ധ്യാനത്തിനും വല്ല ഗുണവും ചെയ്യാന്‍ കഴിയുമോ എന്ന അന്വേഷണം മനുഷ്യമനസ്സില്‍ അധികമായി വന്നുകൊണ്ടിരിക്കുന്നത്.
ഇതിനെയും എല്ലാ മതസ്ഥാപനങ്ങളും ഒരളവുവരെ ചൂഷണം ചെയ്തു തുടങ്ങിയിരിക്കുന്നു. അവിശ്വാസത്തില്‍നിന്നും വിശ്വാസത്തിലേക്കു തിരിയുന്നതിന് ധാര്‍മ്മികമായ ഒരു പരിവര്‍ത്തനം ആഹാരത്തിലും വിനോദങ്ങളിലും പെരുമാറ്റത്തിലും വരുത്തേണ്ടതുണ്ട്. പ്രാര്‍ത്ഥന ചൊല്ലിക്കൊടുക്കുന്നവനും ധ്യാനത്തില്‍ തത്പരനാകുന്നവനും ഉപദേശം നല്‍കുന്നവനും കുറേയെങ്കിലും ആത്മശുദ്ധി നേടിയിട്ടില്ലെങ്കില്‍ അവരെ പിന്തുടരാന്‍ ജനം കൂട്ടാക്കുകയില്ല. അത്തരം ഒരു സ്ഥിതിവിശേഷം വന്നതോടെ മതത്തിന്റെ അദ്ധ്യാത്മ നേതൃത്വം നല്‍കുന്നവരില്‍ അറിവും വിനയവും കാരുണ്യവും വര്‍ദ്ധിപ്പിക്കുന്നതിനു സ്വന്തം ആന്തരികതയിലേക്ക് നോക്കണം, ദൈവത്തെ അറിയണം, ദൈവവചനം മനസ്സിലാക്കണം എന്ന് അവിടെയും ഇവിടെയും ഒരു ന്യൂനപക്ഷം ആത്മീയ നേതാക്കന്മാര്‍ക്കെങ്കിലും തീരുമാനമായിട്ടുണ്ട്. ഈ വിഷയത്തില്‍ യേശു ഒരു നല്ല ഇടയനായും അനുകരണീയനായ ഒരു വഴികാട്ടിയായും സമൂഹത്തോട് ഉത്തരവാദിത്തം ഉള്ളവനായും ദീര്‍ഘകാലം വിശ്വസിച്ചിരുന്ന സഭകള്‍ക്ക്, നഷ്ടപ്പെട്ടുപോയ യേശുവിന്റെ പാരമ്പര്യത്തെ പുനരുജ്ജീവിപ്പിക്കുവാന്‍ വലിയ മോഹം ഇപ്പോള്‍ ഉണ്ടായിട്ടുണ്ട്. ആ വഴിക്കുള്ള പരിശ്രമം വിജയിക്കുമെന്നുള്ളതിന് ഒരു നല്ല തെളിവാണ് റെഡ്‌ക്രോസ് പരിചയിപ്പിച്ച്, ആര്‍ത്തരും ദീനരും ആയ വൃദ്ധരോഗികളുടെ സഹായത്തിനായി വീടുകളിലേക്ക് എത്തിച്ചുകൊടുക്കുന്ന ഹോം നഴ്‌സുമാരുടെ ഹൃദയാവര്‍ജ്ജകമായ പെരുമാറ്റവും അത്യന്തം ക്ഷമയോടുകൂടിയ ശുശ്രഷയും. അവര്‍ക്കു സാമ്പത്തികോന്നമനം അതുവഴിയില്ല. അതുകൊണ്ടുതന്നെ ധനമോഹത്തിലേക്കു പൊയ്‌പ്പോകുമായിരുന്ന കണ്ണിനെ ദൈനംദിന ജീവിതത്തെ സംതൃപ്തമാക്കുന്ന ഈശ്വര സാമീപ്യത്തിലേക്ക് ദിവസവും അവര്‍ കൊണ്ടുപൊയ്‌ക്കൊണ്ടിരിക്കുന്നു.
ഹോം നഴ്‌സുമാരല്ലാതെയും വളരെയധികം യാതനകളനുഭവിച്ചു രോഗശുശ്രൂഷ ചെയ്യുന്ന നഴ്‌സുമാരും കേരളക്കരയില്‍നിന്നു പല രാജ്യങ്ങളിലും പോയി പ്രവര്‍ത്തിക്കുന്നുണ്ട്. മുതലാളിത്ത രാജ്യങ്ങളില്‍ പോയി നഴ്‌സുമാരായവര്‍ക്ക് യേശുവിലുള്ള അര്‍പ്പണജീവിതം തീരെയും തേഞ്ഞുമാഞ്ഞു പോയി. ഇപ്പോള്‍ അവരും ധനികവര്‍ഗ്ഗത്തിന്റെ ഭാഗമായിത്തീര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഇപ്പോഴും ശുഭ്രവസ്ത്രം ധരിച്ച ഒരു കാരുണ്യദേവതയെപ്പോലെ നമ്മുടെ നാട്ടിലെ നഴ്‌സുമാര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് ശുശ്രൂഷകള്‍ ചെയ്യുമ്പോള്‍ അവര്‍ അവരുടെ കിടക്കയില്‍ കാണുന്നത് അവരുടെ ഹൃദയനാഥനായ യേശുവിന്റെ രൂപം തന്നെയാണ്. ഇങ്ങനെ യേശുവിന്റെ മാതൃകയെ മാനവികതയുടെ സമാശ്വാസത്തിനു വേണ്ടി കൊണ്ടുവരുവാന്‍ കഴിയുമെന്ന ഈ ഉദാഹരണം മുമ്പിലിരിക്കുമ്പോള്‍, സഭാനേതാക്കന്മാരും ക്രിസ്തീയാനുയായികളും ഹൃദയത്തില്‍ അദ്ധ്യാത്മമായ പരിവര്‍ത്തനം നേടുമെങ്കില്‍ ഇതര മതങ്ങളിലുള്ളവര്‍ക്കും ആത്മാര്‍പ്പണത്തിന്റെയും യാജ്ഞികമായ ജീവിതത്തിന്റെയും നല്ല മാതൃകകളിലേക്കു തിരിയാന്‍ അതൊരു മാതൃകയാവും. കേരളത്തെ സംബന്ധിച്ച് മദ്യം ഉത്പാദിപ്പിക്കുന്നവരല്ല അതിന്റെ ഉപഭോക്താക്കള്‍. ക്രയവിക്രയത്തിന്റെ ഗുണഭോക്താക്കളാണ് മദ്യപാനത്തെ പ്രചരിപ്പിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്നത്. എന്നാല്‍ മദ്യം ഉണ്ടാക്കുകയും കൊടുക്കുകയും ചെയ്താലേ കുടിക്കാനാളുണ്ടാകൂ. അതുകൊണ്ടാണ് ശ്രീനാരായണഗുരു മദ്യം ഉണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്നുപദേശിച്ചത്.
പണ്ടെല്ലാം ഒരു ക്ഷുരകനെ തൊട്ടാല്‍ കുളിക്കുന്ന വീടുകളായിരുന്നു കേരളത്തിലുണ്ടായിരുന്നത്. ഇന്നാണെങ്കില്‍ നഗരങ്ങളിലെ മേല്‍ത്തരം ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ബ്യൂട്ടി സലൂണ്‍ നടത്തുന്ന പുരുഷന്മാരും സ്ത്രീകളും ഒരു എന്‍ജിനീയര്‍ക്കോ ഡോക്ടര്‍ക്കോ കിട്ടുന്ന അത്രയും ശമ്പളമുള്ളവരാണ്. ബാര്‍ബര്‍ഷോപ്പ് ബ്യൂട്ടി സലൂണ്‍ ആയി മാറിയ രീതിയില്‍തന്നെയാണ് കേരളത്തില്‍ത്തന്നെയുള്ള ബ്രൂവറികള്‍ (Brewery) ഇപ്പോള്‍ ആധുനിക സാങ്കേതികതകളും ശാസ്ത്ര ഗവേഷണങ്ങളും ഒക്കെയുള്ള വൈറ്റ് കോളര്‍ ഉദ്യോഗസ്ഥന്മാരുടെ മാന്യതയുള്ള സ്ഥാപനങ്ങളായിത്തീര്‍ന്നിരിക്കുന്നത്. അതിനു തൊട്ടുപിന്നാലെ മദ്യശാലകള്‍ പുതിയ മാന്യത ആര്‍ജ്ജിക്കാതിരിക്കുകയില്ല. പണ്ടെല്ലാം നഗരത്തിനു പുറത്ത് എവിടെയെങ്കിലും ഒളിച്ചും മറഞ്ഞും നടത്തിയിരുന്ന മദ്യവില്‍പ്പന ഇന്ന് പലവ്യഞ്ജനക്കടകളുടെയും തുണികള്‍ വില്‍ക്കുന്ന കടകളുടെയും ഇടയില്‍ത്തന്നെ സ്ഥാനം പിടിച്ചിരിക്കുന്നു.
ഈ ലേഖകന്‍ ഒരിക്കല്‍ ആംസ്റ്റര്‍ഡാമില്‍ പഠിപ്പിക്കാന്‍ പോയപ്പോള്‍, പഠിപ്പിച്ചിരുന്ന സ്ഥാപനത്തിലെ എല്ലാ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും ഒരു വലിയ മദ്യോത്പാദന ഫാക്ടറി കാണുന്നതിനുവേണ്ടി ക്ഷണിച്ചിരുന്നു. അതിന്റെ ഉടമ ഹോളണ്ടിലെ രാജാവിന്റെ ഉറ്റ മിത്രവും അനേകം പൊതുസ്ഥാപനങ്ങളുടെ ആദരണീയ നേതാവുമായിരുന്നു. ഒരു വലിയ യൂണിവേഴ്‌സിറ്റി സന്ദര്‍ശിക്കുന്ന പ്രതീതിയാണ് ഞങ്ങള്‍ക്കുണ്ടായത്. ബയോ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ പലരും ഓരോ വിഭാഗത്തിലും നടക്കുന്ന ശാസ്ത്രീയമായ ഗവേഷണത്തിന്റെ പാഠം ഞങ്ങള്‍ക്ക് പറഞ്ഞുതരുന്നുണ്ടായിരിന്നു. മദ്യത്തെ വിഷമാക്കുന്ന രീതിയില്‍നിന്നും മദ്യത്തെ എങ്ങനെ ആരോഗ്യവര്‍ദ്ധനവിനു സഹായിക്കുന്ന ഒരു നല്ല പാനീയമാക്കാം എന്ന പഠനമാണ് അവര്‍ അധികവും നടത്തിയിരുന്നത്. ഒരു ദിവസം കൃത്യമായി അത് ഏതളവില്‍ എപ്പോള്‍, എങ്ങനെ ഉപയോഗിക്കുന്നത് അനാരോഗ്യകരമായിരിക്കുകയില്ല എന്നെല്ലാം ശാസ്ത്രീയമായി സിദ്ധാന്തിക്കുന്ന ലഘുലേഖകളും വളരെ മികച്ച പുസ്തകങ്ങളും അവിടെത്തന്നെ തയ്യാറാക്കുന്നുണ്ട്. അതൊക്കെ കണ്ടപ്പോള്‍ നമ്മുടെ രാജ്യത്തു മദ്യത്തോടുള്ള വിവക്ഷയോ, കല്‍പ്പനയോ അല്ല മറ്റു രാജ്യങ്ങളിലുള്ളതെന്ന് എനിക്കു തോന്നി. പൂര്‍ണ്ണമായിട്ടും മദ്യത്തിന്റെ ഉത്പാദനം നിരോധിക്കണമെന്ന് ആദര്‍ശശാലികള്‍ പറയുമ്പോള്‍ ആ വിഷയത്തെപ്പറ്റി അവര്‍ വസ്തുനിഷ്ഠമായി പഠിച്ചിട്ടുണ്ടോ എന്നു സംശയം തോന്നും. പഠിച്ചിട്ടില്ല എന്നതാണു വാസ്തവം. ആയുര്‍വേദം, അലോപ്പതി, ഹോമിയോപ്പതി എന്നീ മൂന്നു വൈദ്യശാഖകളില്‍ ഒട്ടേറെ മരുന്നുകള്‍ക്ക് ആല്‍ക്കഹോള്‍ അടിസ്ഥാനഘടകമാണ്. മദ്യഷാപ്പുകള്‍ ഇല്ലാതിരിക്കുന്ന രാജ്യത്തായാലും ഔഷധപ്രയോഗത്തിനാവശ്യമായ അത്രയും ആല്‍ക്കഹോള്‍ ഉണ്ടാക്കാതിരിക്കാന്‍ കഴിയുകയില്ല. അതിനെ ദുരുപയോഗപ്പെടുത്തുന്നു എന്നത് വേറെ ഒരു കാര്യമാണ്. ആയുര്‍വേദം പ്രയോജനമൂല്യത്തില്‍നിന്നും വിനിമയമൂല്യത്തിലേക്ക് കാലെടുത്തു കുത്തിയതിനുശേഷം ബ്രഹ്‌മി, അശോകം, ദശമൂലങ്ങള്‍, കുറുന്തോട്ടി മുതലായ ഔഷധികളും, കസ്തൂരി, ഗോരോചന എന്നീ മൃഗങ്ങളില്‍നിന്നെടുക്കുന്ന അപൂര്‍വ്വ വസ്തുക്കളും ഇന്നു മനോഹരമായി അച്ചടിച്ച ലേബലുകളില്‍ മാത്രമേയുള്ളു. ആല്‍ക്കഹോളിന്റെ അംശമില്ലാത്ത അരിഷ്ടം ഉണ്ടോ എന്നറിയാന്‍ പാടില്ല. കുടിയന്മാര്‍ക്ക് പരസ്യമായി കുടിക്കാന്‍ ഏതു പാനീയമായാലും ദശമൂലാരിഷ്ട കുപ്പിയില്‍ ഒഴിച്ചാല്‍ മതി. ഹോമിയോപ്പതിയിലെ എല്ലാ മരുന്നുകളും ആല്‍ക്കഹോളിക്ക് ടിങ്ചര്‍ കൊണ്ടാണ് മാത്രാഭേദമുള്ളതാക്കിയെടുക്കുന്നത്. ആല്‍ക്കഹോള്‍ ഒട്ടും ഉത്പാദിപ്പിക്കരുതെന്നു പറഞ്ഞാല്‍ ഹോമിയോപ്പതി എന്ന പ്രസ്ഥാനം തന്നെ നിന്നുപോകും. അലോപ്പതിയിലെ വിശപ്പുണ്ടാക്കാനുള്ള ടോണിക്കുകളെല്ലാം ആല്‍ക്കഹോളില്‍ അധിഷ്ഠിതമാണ്. ഇതേ വിസ്തൃതമായ നീരാളിപ്പിടുത്തം നടത്തുന്ന മദ്യപാനരോഗത്തെ സെമിനാറുകള്‍ കൊണ്ടോ വര്‍ക്ക്‌ഷോപ്പുകള്‍ കൊണ്ടോ തിരുത്താനാവില്ല. അതിനാല്‍ മനുഷ്യനന്മയെ ആഗ്രഹിക്കുന്നവര്‍ സ്വന്തം ജീവിതത്തെ അന്തരാത്മാവില്‍നിന്നും ആദ്ധ്യാത്മികത പ്രദാനം ചെയ്യുന്ന ആനന്ദ രഹസ്യംകൊണ്ടു സംശുദ്ധമാക്കി, മദ്യത്തിലേക്കു വീണുപോകുന്ന സഹജീവികളെ ആത്മസോദരനെപ്പോലെ കരുതി കൂട്ടായി ആത്മരക്ഷണം നടത്തണം. എങ്കില്‍ മാത്രമേ ഈ തിന്മയെ ഒഴിവാക്കുവാന്‍ കഴിയൂ.
Content Highlights: guru nithya chaithanya yathi book excerpt collected articles mathrubhumi