'20,583 ടണ്‍ ഇരുമ്പയിരുമായി കൈരളിയുടെ തിരോധാനം; കപ്പല്‍ വാങ്ങിയത് മുക്കാന്‍ ഉദ്ദേശിച്ചുതന്നെയാണോ?'

#ജി.ആര്‍ ഇന്ദുഗോപന്‍
എം.വി കൈരളി കപ്പല്‍, ജി.ആര്‍ ഇന്ദുഗോപന്‍
എം.വി കൈരളി കപ്പല്‍, ജി.ആര്‍ ഇന്ദുഗോപന്‍

സംഭവം
1979 ജൂണ്‍ 30ന് 20,583 ടണ്‍ ഇരുമ്പയിരുമായി കിഴക്കന്‍ ജര്‍മനിയിലെ രോസ്തോക്കിലേക്ക് പുറപ്പെട്ട കേരളത്തിന്റെ എം.വി. കൈരളി എന്ന ചരക്കുകപ്പലിന്റെ തിരോധാനം.

പ്രസക്തി, ആഘാതം

കേരളത്തിന്റെ ഇതുവരെയുള്ള കപ്പല്‍യാനചരിത്രത്തില്‍ ദുരൂഹമായി അപ്രത്യക്ഷമായ ഏക കപ്പല്‍. 

45 വര്‍ഷത്തിനുശേഷവും കപ്പല്‍ എങ്ങനെ മുങ്ങി എന്നതിനു സൂചനയില്ല. ക്യാപ്റ്റനും 50 മനുഷ്യരുമാണ് അപ്രത്യക്ഷരായത്. ഇന്നും കാത്തിരിക്കുകയാണ് ഇവരുടെ കുടുംബാംഗങ്ങള്‍.

അന്നത്തെ പത്രങ്ങളില്‍നിന്നുള്ള രണ്ട് ക്വോട്ട് 'കൈരളി മുങ്ങിപ്പോയെന്ന് ഞാനൊരിക്കലും വിശ്വസിക്കില്ല. കൈരളിയുടെ തിരോധാനം ഒരു ഗൂഢാലോചനയുടെ ഫലമാണ്. കൈരളിയിലെ ഒരാളെങ്കിലും ഒരുനാള്‍ തിരിച്ചുവരും. അന്ന് സത്യം വെളിച്ചത്താകും.'

-ക്യാപ്റ്റന്‍ മറിയദാസ് ജോസഫിന്റെ ഭാര്യ മേരിക്കുട്ടി.

'എല്ലാ രക്ഷാസംവിധാനങ്ങളുമുള്ള കപ്പല്‍ പെട്ടെന്ന് മുങ്ങിയെന്നു പറയുന്നത് വിശ്വസനീയമല്ല. കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ പങ്കാളിത്തത്തോടെ നടന്ന ഒരു ഗൂഢാലോചനയുടെ ഭാഗമാണിത്.'

-കൈരളിയുടെ ചീഫ് സ്റ്റുവാര്‍ട്ടായിരുന്ന പി.സി. മാത്യുവിന്റെ ഭാര്യ ലീന.

'കൈരളി' എന്ന കപ്പലിന്റെ തിരോധാനത്തെ അവലംബിച്ചുള്ള റിഹാന്‍ റാഷിദിന്റെ നോവലാണ് എന്റെ മുന്നില്‍. ഈ നോവലിന് നിമിത്തമായത് ഞാനാണ് എന്ന് റിഹാന്‍ ആമുഖത്തില്‍ പറഞ്ഞിരിക്കുന്നു. സന്തോഷം. ഇതേ പുസ്തകത്തിന് ഒരു മുന്‍കുറിപ്പുണ്ടാക്കാനുള്ള ദൗത്യവും എന്റെ പക്കല്‍ വന്നുചേരുന്നു. അഭിമാനപൂര്‍വ്വം ഞാനത് ഏല്‍ക്കുന്നു. 

മാതൃഭൂമി ദിനപത്രത്തിന്റെ നൂറാം വാര്‍ഷിക സപ്ലിമെന്റിലേക്കാണ് 'കേരളത്തില്‍ ഒരു നൂറ്റാണ്ടിനിടെ സംഭവിച്ച ഏറ്റവും വലിയ പത്തു ദുരൂഹതകള്‍' തിരഞ്ഞെടുത്തു നല്‍കാന്‍ എന്നെ ഏല്‍പ്പിച്ചത്. സ്വാഭാവികമായും 'കൈരളി' അതില്‍ ഉള്‍പ്പെടണം. ഞാന്‍ അതേക്കുറിച്ച് പഠിച്ചിട്ടുണ്ട്. 

അഞ്ചു വര്‍ഷം മുമ്പാണ്. ചലച്ചിത്ര ഛായാഗ്രഹകനും സുഹൃത്തുമായ ജോമോന്‍ ടി ജോണും, അദ്ദേഹത്തിന്റെ ബന്ധുവും പത്രപ്രവര്‍ത്തകനുമായ ജോസി ജോസഫും കൂടി 'കൈരളിയുടെ തിരോധാന'ത്തെ സംബന്ധിച്ച് ഒരു വെബ് സീരിസിനുള്ള സാധ്യത ആരായുന്നു. അതിനെ ഒരു രാജ്യാന്തര പ്രോജക്ട് എന്ന നിലയ്ക്കാണ് ജോസി ഉള്‍ക്കൊണ്ടിരിക്കുന്നത്. പ്രോജക്ട് നടന്നില്ലെങ്കിലും ഒരു നോവലിനുള്ള സാധ്യത അതില്‍ എക്കാലവും നിലനിന്നിരുന്നതുകൊണ്ട് ഞാന്‍ അതില്‍ കുറച്ചു സമയം ചെലവഴിക്കാന്‍ തീരുമാനിക്കുന്നു. വിശദമായ ഒരു വണ്‍ലൈന്‍ എഴുതി നല്‍കി. 

പിന്നീട് ട്രൂകോപ്പി തിങ്ക് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ റിഹാന്റെ നോവലിന്റെ അറിയിപ്പു കാണുന്നു. വിഷയം കൈരളി തിരോധാനംതന്നെ. പുതിയ തലമുറയില്‍നിന്നുള്ള കഠിനാദ്ധ്വാനിയായ ഒരാള്‍ വന്നപ്പോള്‍ സന്തോഷമാണ് തോന്നിയത്. അദ്ധ്വാനത്തിനുള്ള മനസ്സാണ് ആദ്യം വേണ്ടത്. വിഷയം, വ്യാപ്തി ഒക്കെ പിന്നാലെ വന്നോളും. 

ഒരുപാട് എഴുതാന്‍ വിഷയമിരിക്കുന്ന ആളെന്ന നിലയില്‍, നമ്മള്‍ ഉദ്ദേശിക്കുന്ന വിഷയം മറ്റൊരാള്‍ സ്വീകരിക്കുമ്പോള്‍ എനിക്ക് വലിയ കൗതുകമുണ്ട്. പ്രഫഷണലായ എല്ലാവര്‍ക്കും അങ്ങനെയാണ്. എന്താണ് നിങ്ങളില്‍നിന്ന് ഭിന്നമായി അവരുടെ ആംഗിള്‍? അതാണ് പ്രധാനം. നിങ്ങളുടെ പില്‍ക്കാല രചനയില്‍, നമുക്കു തുറക്കാതെപോയ ചിന്താധാരകളെ സജീവമാക്കാന്‍ ഇത് സഹായിക്കും. 

ആനോ എന്ന നോവലിന്റെ ആമുഖത്തിലും ഞാനിത് സൂചിപ്പിച്ചിട്ടുണ്ട്. മനോരമയുടെ ഞായറാഴ്ചപ്പതിപ്പില്‍ ഞാനെഴുതിയ 'റോമില്‍ മാര്‍പാപ്പയുമായി കൂട്ടായ ഒരു വെളുത്ത ആനക്കുട്ടിയുടെ കഥ' വന്നപ്പോള്‍ ഒരു യുവസുഹൃത്ത് സമീപിച്ചു. അയാള്‍ക്ക് അതെഴുതണം. തുടക്കക്കാരനാണ്. ഒരു കുഴപ്പവുമില്ല. 500 കൊല്ലം മുമ്പുള്ള യൂറോപ്പാണ്. നവോത്ഥാന കാലം. എന്റെ പക്കലുള്ള വിവരം തരാം. എങ്ങോട്ടാണ് റിസര്‍ച്ച് നീങ്ങേണ്ടതെന്ന സൂചനയും നല്‍കാനാകും. ആദ്യം പതിനാറാം നൂറ്റാണ്ടിലെ മലബാറിനെക്കുറിച്ച് പഠിച്ചുതുടങ്ങണം. കൊച്ചിയില്‍നിന്നു യൂറോപ്പിലേക്കുള്ള യാത്രാപാത, കത്തോലിക്കാസഭയുടെ ചരിത്രം, നവോത്ഥാന ഇറ്റലി... ഞാന്‍ കൈയിലിരുന്ന കുറേ രേഖകളുടെ കോപ്പിയെടുത്തുവെച്ചു. പിന്നെ യുവസുഹൃത്ത് എന്റെ ഫോണ്‍ എടുക്കാതായി. ആദ്യമേ ഈ ബോധ്യം നല്ലതാണ്. സിനിമപോലെ ക്ഷിപ്രപ്രസിദ്ധി ലഭിക്കുന്ന രംഗമല്ല സാഹിത്യം. ആഴത്തില്‍ പഠിച്ചുണ്ടാക്കുന്ന സങ്കീര്‍ണ്ണമായ ചരിത്രനോവലുകള്‍ക്ക്, ക്രൈം, പ്രണയംപോലെ തക്കവിധത്തിലുള്ള വായനക്കാരെ കിട്ടണമെന്നില്ല. പക്ഷേ, കിട്ടുന്നവര്‍ നല്ല ലക്ഷണമൊത്ത ഇനങ്ങളായിരിക്കും. കാതലുള്ള കക്ഷികള്‍. വല്ലപ്പോഴും അവരില്‍നിന്ന് ചില സൂചന കിട്ടും. അതാണ് ദിശ തെളിയിക്കുന്നത്. അല്ലാതെ ഉപരിപ്ലവമായ വായനയെത്തുടര്‍ന്ന് നമ്മെ സമീപിക്കുന്ന ആളുകളില്‍നിന്നല്ല. 

ഞാന്‍ ആനോ എഴുതാന്‍ തുടര്‍ച്ചയായി അല്ലെങ്കിലും പത്തു കൊല്ലമെടുത്തു. ഒരു ചെറുപ്പക്കാരന് അയാളുടെ യൗവനകാലം ഇങ്ങനെ മാറ്റിവെക്കുന്നത് മണ്ടത്തരമാണെന്ന് തോന്നിയെങ്കില്‍ തെറ്റല്ല. ചില വശങ്ങളില്‍നിന്നു നോക്കിയാല്‍ നല്ല ശരിയുമാണ്. അവര്‍ക്ക് സാഹിത്യം പറഞ്ഞതല്ല. പക്ഷേ, ഞങ്ങളില്‍ ചില 'മണ്ടന്മാര്‍', അക്ഷീണം അവരുടെ യൗവനകാലം ഉള്‍പ്പെടെ ഹോമിച്ചുതീര്‍ക്കുന്ന സംവിധാനമാണ് സാഹിത്യം. അതിന് ചില രസമുണ്ട്. അനുഭവിക്കാന്‍ കഴിയുന്നെങ്കില്‍ പിടിച്ചാല്‍ മതി. 

ഗ്രഹണശേഷി, ഗവേഷണം എന്നിവ വെച്ച് ചരിത്രത്തില്‍ പുനരെഴുത്തുകള്‍ നടത്തുന്നവര്‍ക്ക് ക്ഷമയ്ക്കൊപ്പം നല്ല ധൈര്യംകൂടി വേണം. അവിടെയാണ് റിഹാനെപ്പോലെയുള്ളവരുടെ ആത്മവിശ്വാസവും കഠിനാദ്ധ്വാനവും സാഹിത്യത്തിന് മുതല്‍ക്കൂട്ടാകുന്നത്. റിഹാന്റെ നരേഷന്‍ സത്യസന്ധവുമാണ്. ഇല്ലാത്ത തൊങ്ങലുകളോ മലമറിക്കുകയാണെന്ന മട്ടിലുള്ള വ്യാജനിര്‍മ്മിതിയോ ഇല്ല. ആവുംമട്ടില്‍, അഥവാ അതിന്റെ പരമാവധിയില്‍ പണിയെടുക്കുക എന്ന ശ്രേണിയിലുള്ള എഴുത്തുകാരില്‍ റിഹാന്‍ പെടും. ഞാനുമൊക്കെ ആ കൂട്ടത്തിലാണെന്നാണ് എന്റെ ഒരു ധാരണ.

'കൈരളി'യുടെ തിരോധാനത്തെ റിഹാനില്‍നിന്ന് വ്യത്യസ്തമായി ഞാനെങ്ങനെയാണ് സമീപിച്ചതെന്ന് വിശദീകരിക്കാം. അത്തരം ആംഗിള്‍ ഈ നോവല്‍ വായിക്കുന്ന വായനക്കാര്‍ക്ക് കൂടുതല്‍ രസം നല്‍കിയേക്കും. 

'താന്‍ കപ്പല്‍ വീണ്ടെടുത്തു നല്‍കാം. അതിനുള്ള പ്രതിഫലം കപ്പല്‍ വീണ്ടെടുത്തിട്ട് തന്നാല്‍ മതി' എന്നു പറഞ്ഞ ഒരു അപൂര്‍വ്വവ്യക്തിത്വം കൈരളിയുടെ കഥയിലുണ്ട്. തിരുവനന്തപുരത്ത് പത്രസമ്മേളനം നടത്തി കേരള സര്‍ക്കാരിനെ 'വെട്ടിലാക്കി'യ ആ വ്യക്തിയായിരുന്നു എന്റെ നായകന്‍. സര്‍ക്കാര്‍ അതിനോട് അനുകൂലമായി പ്രതികരിച്ചില്ല. മാത്രവുമല്ല, ഈ വ്യക്തി പിന്നീട് ദുരൂഹമായി അറസ്റ്റു ചെയ്യപ്പെടുകയുണ്ടായി- ഫിക്ഷനല്ല, പച്ചയായ സത്യം. 
ഒരു പത്രപ്രവര്‍ത്തകനെന്നനിലയിലും ഒരുപാട് അന്വേഷണം ഞാന്‍ 'കൈരളി'ക്കു പിന്നാലെ നടത്തിയിരുന്നു. അടിമുടി ദുരൂഹമായിരുന്നു ഈ കപ്പല്‍ വാങ്ങിയ ഇടപാട്. 

മറ്റ് സംസ്ഥാനങ്ങള്‍ക്ക് കപ്പലും കപ്പല്‍ കോര്‍പ്പറേഷനും ഉണ്ടെന്നു കണ്ട് തുടങ്ങിയ അപക്വമായ ശ്രമം. ഭരണകക്ഷിയുടെ ദുര്‍ബ്ബലമായ തുറമുഖത്തൊഴിലാളി യൂണിയന്‍ നേതാവിനെ കപ്പല്‍ വാങ്ങാന്‍ ചട്ടംകെട്ടിയെന്ന് കഥയുണ്ട്. വലിയ അഴിമതി പിന്നില്‍ നടന്നതായി സംശയിക്കപ്പെടുന്നു. ആരോ കണ്ടംചെയ്യാന്‍ വെച്ചിരുന്ന കപ്പലാണ് വാങ്ങിയതത്രേ. 

കപ്പല്‍ വാങ്ങിയത് മുക്കാന്‍ ഉദ്ദേശിച്ചുതന്നെയാണോ? അതിത്തിരി കടന്ന ചിന്തയാണ്. പക്ഷേ, പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ല. കാരണം, കണ്ടംചെയ്യാറായ കപ്പലുകള്‍ മുക്കാന്‍ എളുപ്പമാണ്. മുങ്ങിയാലേ ഇന്‍ഷുറന്‍സ് സാദ്ധ്യമാകൂ. 

ഒന്നരയിരട്ടിയായിരുന്നു ഇന്‍ഷുറന്‍സ് എന്ന് കഥയുണ്ട്. നാലു കോടിയാണ് കപ്പലിന്റെ വിലയെങ്കില്‍ ആറു കോടി. അതിന് ഇന്നത്തേതുപോലെ കണ്‍സള്‍ട്ടേഷന്‍ ഫീ കാണില്ലേ? അന്നത് ഇടനിലഫീസാണ്. കേരള സംസ്ഥാന ലോട്ടറി പോലും ഒന്നാംസമ്മാനം ഒരുലക്ഷം മാത്രമായിരുന്ന കാലമാണ്. 
ഞാന്‍ ഇതുസംബന്ധിച്ച കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു: 'കപ്പല്‍ ഒരു മനുഷ്യനെപ്പോലെയാണ്. അതിന്റെ ജാതകം വിശ്വസിക്കേണ്ട. പക്ഷേ, അതിന്റെ ആരോഗ്യം, ജീവിതചര്യകള്‍ പ്രധാനമാണ്. 1976 ഫെബ്രുവരി 13-നാണ് ഈ കപ്പല്‍ കൈമാറിയത്. 13 ഒരു അപകടംപിടിച്ച നമ്പറാണ്. പോട്ടെ, അത് അന്ധവിശ്വാസമാണ്. പക്ഷേ, കപ്പല്‍ ശരിയല്ലായിരുന്നു എന്നത് നൂറു ശതമാനം സത്യം. 

കപ്പല്‍ കൊണ്ടുവരുമ്പോള്‍ത്തന്നെ റോട്ടര്‍ഡാം തുറമുഖത്തെ ജെട്ടിയില്‍ ഇടിച്ചു. കൊച്ചിയിലേക്കു കൊണ്ടുവന്നപ്പോഴും നോര്‍വേക്കടുത്തുവെച്ച് ഒരു മീന്‍പിടിത്തക്കപ്പലിനെ ഇടിച്ചുമുക്കി. രണ്ടു കൊല്ലത്തിനുശേഷം റുമേനിയന്‍ കോണ്‍സ്റ്റാന്‍ഡയില്‍ നങ്കൂരമിട്ടു കിടക്കുമ്പോള്‍, സമീപത്ത് ഒരു ഗ്രീക്ക് കപ്പല്‍ പൊട്ടിത്തെറിച്ചുണ്ടായ ഉലച്ചിലില്‍ ക്രെയിന് സ്ഥാനചലനം സംഭവിച്ചു. എവിടെയോ കിടന്ന ഒരു പ്രേതക്കപ്പലാണ് നമ്മളുടെ സ്റ്റേറ്റ് വാങ്ങിച്ചുകൊണ്ടുവന്നത് എന്ന സംശയം ഞാന്‍ ആവര്‍ത്തിക്കുന്നു. 

അതിന്റെ ഡിസൈന്‍ പ്രശ്നമായിരുന്നു. ഡക്കില്‍നിന്ന് നോക്കിയാല്‍ എതിരെയുള്ള കപ്പല്‍ കാണാനാവില്ല. ക്രെയിന്‍ അമ്മാതിരി കുറുകെയാണ് നില്‍ക്കുന്നത്. വയര്‍ലെസിന് ചില പ്രശ്നമുണ്ട്. ബ്രോഡ് വേവ് ബാന്‍ഡില്‍ പല പ്രശ്നം. ഓപ്പറേറ്റര്‍ ഇത് ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
അപ്പോള്‍ ക്യാപ്റ്റന്‍ സമാധാനിപ്പിച്ചു: ഷോര്‍ട്ട് ബാന്‍ഡ് മതി. തിരക്കുള്ള റൂട്ടല്ലേ. 500 കിലോമീറ്റര്‍ വരെ മതി. ധാരാളമാണ്. 
വയര്‍ലസ് ഓപ്പറേറ്റര്‍ അപ്പോഴും പറഞ്ഞു: സോറി സര്‍. അതിലും ചില പ്രശ്നങ്ങളുണ്ട്. 

കാണാതായ യാത്രയ്ക്കു തലേ രാത്രിയിലെ പാര്‍ട്ടിയില്‍ തര്‍ക്കം നടന്നതായി സൂചനയുണ്ട്. 

അന്നേരം ലെയ്സന്‍ ഓഫീസറോട് ക്യാപ്റ്റന്‍ പറഞ്ഞു: വയര്‍ലസ് നന്നാക്കിയല്ലാതെ നാളെ യാത്രയില്ല. തുറമുഖഫീസ് കൂടുമെന്നും കൃത്യനിഷ്ഠ പാലിച്ചില്ലെങ്കില്‍ കപ്പലിന്റെ പേരു പോകുമെന്നും യാത്രാമദ്ധ്യേയുള്ള തമ്പായ ആഫ്രിക്കന്‍ ജിബൂട്ടി തുറമുഖത്ത് പിന്നീട് ഒരുപാട് ദിവസം കാത്തുനില്‍ക്കേണ്ടിവരുമെന്നും, തുടര്‍ന്ന് അവിടത്തെ ഏജന്റുമായി കണക്ടു ചെയ്യാന്‍ പറ്റില്ലെന്നുമുള്ള പല കാരണങ്ങള്‍ പറഞ്ഞ് ലെയ്സണ്‍ ഓഫീസറുമായി കപ്പിത്താന്‍ തര്‍ക്കമായി. കഴിച്ചുകൊണ്ടിരിക്കുന്ന പാത്രം നിലത്തെറിഞ്ഞുടച്ച് അദ്ദേഹം ദേഷ്യം തീര്‍ത്തുവത്രേ.

കപ്പല്‍ പോയി 15 ദിവസത്തിനു ശേഷം നമ്മുടെ ലെയ്സന്‍ ഓഫീസര്‍ക്ക് ജിബൂട്ടിലെ ലെയ്സന്‍ ഓഫീസറായ ഒരു ആഫ്രിക്കക്കാരന്റെ ഫോണ്‍ വന്നു: ''ഞാനിവിടെ രണ്ടുദിവസമായി വെയ്റ്റു ചെയ്യുന്നു. എവിടെ എം.വി. കേരള?''

പിന്നെ ആരും കപ്പല്‍ കണ്ടിട്ടില്ല. 

കേരള ഷിപ്പിങ് കോര്‍പ്പറേഷന്റെ 'കേരള' എന്ന കപ്പല്‍ ഇനി കണ്ടെത്താന്‍ കഴിയില്ലെന്ന് കുറച്ചുനാള്‍ക്കുള്ളില്‍ തീരുമാനമായി. കപ്പലിനെ സത്യത്തില്‍ എഴുതിത്തള്ളുകയായിരുന്നു; തക്കവിധത്തിലുള്ള അന്വേഷണംപോലും നടത്താതെ. 

ഇന്‍ഷുറന്‍സ് കടലാസുകള്‍ നീക്കാന്‍, കപ്പല്‍ കോര്‍പ്പറേഷന്റെ പ്രതിനിധിയുടെ നിരന്തരയാത്ര നടന്നു. ഡല്‍ഹിയിലും ദുബായിലുമുള്ള ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലേക്ക്. അങ്ങനെ പലരും ഹാപ്പിയായിരുന്നു.

പലസ്തീന്‍ ലിബറേഷന്‍ ആര്‍മി, സൊമാലിയ പൈറേറ്റ് തുടങ്ങിയവയുടെ സാന്നിദ്ധ്യത്തെക്കുറിച്ച് റിഹാന്റെ ഈ നോവലും ചര്‍ച്ച ചെയ്യുന്നു. എല്‍.ടി.ടി.ഇയുടെ സാന്നിദ്ധ്യവും അവരുടെ ഇടപെടലിന്റെ സാദ്ധ്യതയും പക്ഷേ, എന്റെ അന്വേഷണത്തില്‍ കടന്നുവന്നതേയില്ല. ഒരേ വിഷയത്തില്‍ പല നറേറ്റീവ് വരുമ്പോള്‍ കാഴ്ചകള്‍ വിപുലമാകുന്നത് ഇങ്ങനെയാണ്. ബിപിന്‍ ചന്ദ്രന്‍, കപ്പിത്താന്റെ ഭാര്യയുടെ കാത്തിരിപ്പിനെ വെച്ച് 'കപ്പിത്താന്റെ ഭാര്യ' എന്ന പേരില്‍ത്തന്നെ നല്ലൊരു ആഖ്യാനവും മലയാളത്തില്‍ അടുത്തിടെ പുറത്തിറക്കിയിട്ടുണ്ട്. തുടര്‍ന്നും കൈരളിയെക്കുറിച്ച് നോവലുകള്‍, പഠനം, എഴുത്ത്, അന്വേഷണം ഉണ്ടാകണം. പരിമിതവിഭവങ്ങളും അനുഭവങ്ങളുമുള്ള നമ്മുടെ ഭാഷയ്ക്കും സാഹിത്യത്തിനും കൈരളി വലിയൊരു ഖനിയാണ്. ആര് എടുത്തുതീര്‍ത്താലും തീരാത്ത ഒന്ന്.
 
കപ്പല്‍ കണ്ടെത്താമെന്ന് തിരുവനന്തപുരത്തു പത്രസമ്മേളനം നടത്തിയ വ്യക്തിയെ, അതിന് അഞ്ചാറു കൊല്ലം മുമ്പു മാത്രം കേന്ദ്രം പ്രാബല്യത്തിലാക്കിയ കോഫേപോസ (1974-ല്‍ നിയമം വരുന്നു) ചുമത്തി അറസ്റ്റു ചെയ്യുന്നു. കള്ളക്കടത്ത്, ഫോറിന്‍ എക്സ്ചേഞ്ച് തുടങ്ങിയവയാണ് ഈ നിയമത്തിനു കീഴില്‍ വരുന്നത്. പിന്നെ അയാള്‍ മുഖ്യധാരയിലേക്ക് വന്നിട്ടേയില്ല. എന്തൊക്കെ കളിയാണ് നടന്നിട്ടുണ്ടാവുക?

കപ്പല്‍ കണ്ടെത്തിയാല്‍, ഇന്‍ഷുറന്‍സ് കമ്പനിക്ക് കൊടുത്ത പണം തിരിച്ചുകൊടുക്കാന്‍ സര്‍ക്കാരിന് നിവൃത്തിയുണ്ടായിരുന്നില്ല. ഇപ്പോഴത്തെ സാമ്പത്തികസ്ഥിതിപോലെത്തന്നെ കേരളത്തിന്റെ ഗതി അന്നും. ഈ കേസില്‍ സര്‍ക്കാര്‍തലത്തിലുള്ള ഒരു 'സുകുമാരക്കുറുപ്പ്' കേസ് മണക്കുന്നു. 
സൗത്ത് വെസ്റ്റ് മണ്‍സൂണിന്റെ കാറ്റ് കൊച്ചിയിലേക്കാണ്. കപ്പലിലെ ലൈഫ് ബോട്ട് ഒരു മാസത്തിനകം കേരളത്തിനും ഗോവയ്ക്കുമിടയില്‍ ഈ കാറ്റിനൊപ്പം എത്തേണ്ടതാണ്. അതു വന്നിട്ടില്ലെന്ന് ഞാന്‍ അനുമാനിച്ചു. എന്നാല്‍ അങ്ങനൊന്ന് എത്തിയിരുന്നുവെന്നു റിയാന്‍ എഴുതുന്നു. ഫിക്ഷനാകാം, യാഥാര്‍ത്ഥ്യമാകാം. 

ക്യാപ്റ്റന്റെ ഭാര്യ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിക്ക് ഫാക്സ് അയച്ചതായ വാര്‍ത്തയുണ്ടായിരുന്നു. അതിലെ സൂചന ഇവയായിരുന്നു: കപ്പല്‍ കണ്ടെത്തിത്തരാമെന്നു പറഞ്ഞെത്തിയ ആളിനെ അറസ്റ്റു ചെയ്തത് ദുരൂഹമാണ്. കൈരളിയുടെ അന്വേഷണം നാവികസേന പൂര്‍ത്തിയാകുംമുമ്പ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷനെ സമീപിച്ചതിലും ദുരൂഹമാണ്.

ഇരുമ്പയിരുകള്‍ ഒഴിച്ചിടേണ്ട അറകളില്‍പ്പോലും അതു കുത്തിനിറച്ചു. അറബിക്കടലിലെ മണ്‍സൂണ്‍കാല കടല്‍ക്ഷോഭത്തില്‍ അയിരുകളുടെ സ്ഥാനംതെറ്റി, കപ്പല്‍ കുത്തനെ മറിഞ്ഞെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍, വാദം. എന്നാല്‍ രാജ്യാന്തര മറീന്‍ സംഘടനയുടെ പഠനത്തില്‍ അറകള്‍ ഒഴിച്ചിടുന്നതാണ് അപകടസാദ്ധ്യത. 

ഇങ്ങനെ പോകുന്നു വൈരുദ്ധ്യങ്ങള്‍... 

ഭാവിയില്‍ ഇത് ഒരു സിനിമയാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, പുതിയ പുസ്തകം എഴുതുന്ന ചെറുപ്പക്കാര്‍ക്ക് ഇതുപോലെ നടന്ന അന്വേഷണങ്ങള്‍, പുസ്തകങ്ങള്‍ സഹായകമാകും. ആകട്ടെ. അക്കൂട്ടത്തിലെ പ്രധാന നറേഷനുകളിലൊന്നാകും റിഹാന്റെ ഈ പുസ്തകം. 

(റിഹാന്‍ റാഷിദിന്റെ പുതിയ നോവല്‍ 'ഒരു നാവികന്റെ ഡയറിക്കുറിപ്പുകള്‍'ക്ക് ജി.ആര്‍. ഇന്ദുഗോപന്‍ എഴുതിയ അവതാരിക) 

Content Highlights: GR Indugopan preface for Rihan Rashid Novel Oru Navikante Diarykkurippukal