'ഞാന്‍ പാടത്തില്ല. ഞാനും കമ്യൂണിസ്റ്റുതന്നെ'; അതായിരുന്നു ദേവരാജന്റെ മറുപടി

ദേവരാജന്‍ മാസ്റ്റോടൊപ്പം പെരുമ്പുഴ ഗോപാലകൃഷ്ണന്‍
ദേവരാജന്‍ മാസ്റ്റോടൊപ്പം പെരുമ്പുഴ ഗോപാലകൃഷ്ണന്‍

എഴുത്തുകാരനും സാസ്‌കാരിക പ്രവര്‍ത്തകനുമായ പെരുമ്പുഴ ഗോപാലകൃഷ്ണന്‍ ഇന്ന് നമ്മോട് വിടപറഞ്ഞിരിക്കുകയാണ്. മലയാളികള്‍ ഏറെ സ്‌നേഹിച്ച പി ഭാസ്‌കരന്‍, ജി ദേവരാജന്‍ എന്നീ പ്രതിഭകളുടെ ജീവിത കഥ ഏറ്റവും ഹൃദ്യമായ ഭാഷയില്‍ മലയാളികള്‍ക്ക് പകര്‍ന്നുനല്‍കിയത് പെരുമ്പുഴ ഗോപാലകൃഷ്ണനാണ്. രാഷ്ട്രീയപ്രവര്‍ത്തകനും ഗാനരചയിതവുമായ പെരുമ്പുഴയുടെ വിയോഗം മലയാളികള്‍ക്ക് കനത്ത നഷ്ടമാണ്. പെരുമ്പുഴ ഗോപാലകൃഷ്ണന്‍ രചിച്ച് മാതൃഭൂമി ബുക്‌സ് പുറത്തിറക്കിയ ജി ദേവരാജന്‍ സംഗീതത്തിന്റെ രാജശില്‍പി എന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം...

'എന്റെയും ദേവരാജന്റെയും ധിക്കാരവും തണ്ടും ഒന്നിച്ചു ചേര്‍ന്നാല്‍ ഒരു ഒ.എന്‍.വിയെ കിട്ടും.' പഴയകാല കമ്യൂണിസ്റ്റ് നേതാക്കളില്‍ പ്രമുഖനും കെ.പി.എ.സിയുടെ സ്ഥാപകരില്‍ ഒരാളും കേരളത്തിലെ പ്രഗല്ഭനായ അഭിഭാഷകനുമായ അഡ്വ. ജി. ജനാര്‍ദനക്കുറുപ്പ് രേഖപ്പെടുത്തുന്നു. ദേവരാജനെയും ഒ.എന്‍.വിയെയും ഹൃദയംഗമമായി സ്‌നേഹിക്കുന്ന ഒരാളാണ് ജനാര്‍ദനക്കുറുപ്പ്. ഒന്നിച്ചു താമസിക്കുകയും പ്രവര്‍ത്തിക്കുകയും ഒന്നിച്ചു സഞ്ചരിക്കുകയുമൊക്കെ ചെയ്തിരുന്നവരാണിവര്‍. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി നാടകത്തിലെ 'വലിയവീട്ടില്‍ കേശവന്‍ നായര്‍' എന്ന കഥാപാത്രത്തെ തന്മയത്വത്തോടെ അവതരിപ്പിച്ചിട്ടുള്ള നടനുമാണ് ജനാര്‍ദനക്കുറുപ്പ്. ഈ സഹൃദയസുഹൃത്തുക്കളോടുള്ള സ്വാതന്ത്ര്യംകൊണ്ടും ഹൃദയംഗമമായ സ്‌നേഹം കൊണ്ടും ഒട്ടൊരു തമാശയായി അദ്ദേഹം പ്രകടിപ്പിച്ച ഈ അഭിപ്രായത്തെ ദേവരാജന്‍ ഇങ്ങനെ തിരുത്തുന്നു: 'കുറുപ്പുചേട്ടന്‍ പറഞ്ഞത് ഒരളവുവരെ ശരിയാണ്. എന്നാല്‍ എന്നെയും കുറുപ്പുചേട്ടനെയും ചേര്‍ത്താല്‍ ഒരു ഒ.എന്‍.വിയെ കിട്ടും എന്നതു ശരിയല്ല. ജനാര്‍ദനക്കുറുപ്പിനെയും ഒ.എന്‍.വിയെയും ചേര്‍ത്താല്‍ കിട്ടുന്നതിനെക്കാള്‍ അഹങ്കാരിയാണു ഞാന്‍. പക്ഷേ ഒരു കാര്യം! ഞാനീ അഹങ്കാരം ആരോടും പ്രകടിപ്പിക്കാറില്ല. എന്നോടു കാണിക്കുന്നവരോടു മാത്രമേ ഉള്ളൂ.'

ഒരു വ്യക്തിയുടെ മഹനീയങ്ങളായ ഇതര സവിശേഷതകളില്‍നിന്നാണ് പലപ്പോഴും ധിക്കാരവും അഹങ്കാരവും മറ്റും ഉടലെടുക്കുക. ഒരു പ്രത്യേക വിഷയത്തില്‍ പ്രാവീണ്യം സിദ്ധിച്ചിട്ടുള്ളവര്‍, തങ്ങള്‍ സ്വാധീനമാക്കിയിട്ടുള്ള മാധ്യമത്തോട് ആത്മാര്‍ഥത പുലര്‍ത്തുന്നവര്‍, തങ്ങളുടെ വിഷയത്തില്‍ ആഴമേറിയ അറിവു സമ്പാദിച്ചിട്ടുള്ളവര്‍- എന്നിവരൊക്കെ അതതു മേഖലകളില്‍ ചൂഷണങ്ങളോ മോഷണങ്ങളോ അവിവേകപൂര്‍ണമായ അഭിപ്രായപ്രകടനങ്ങളോ ഉണ്ടാകുമ്പോള്‍ അതിനെതിരേ 'നിര്‍ഭയമായ മനസ്സോടെ, ഉദ്ധതമായ ശിരസ്സോടെ' പ്രതികരിക്കും. അതുണ്ടായില്ലെങ്കിലാണ് അവരുടെ വ്യക്തിത്വത്തിനു ഹാനി സംഭവിക്കുന്നത്. തങ്ങളുടെ വ്യക്തിഗതമൂല്യങ്ങളോടും തങ്ങള്‍ കൈയാളുന്ന വിദ്യയോടും തൊഴിലിനോടും ആദരവും സ്‌നേഹവും ആത്മാര്‍ഥതയും ഉള്ളവരേ ഇത്തരം ധിക്കാരങ്ങള്‍ കാണിക്കാറുള്ളൂ. അതിനെ ധിക്കാരമെന്നു പറയാന്‍ പാടില്ല, ആത്മവിശ്വാസംകൊണ്ടുണ്ടാകുന്ന ഒരു ഭാവമാണ്. തെറ്റിനെ തെറ്റാണെന്നു പറയുന്നതാണല്ലോ സംസ്‌കാരം. അതിനെ ചിലര്‍ ധിക്കാരമെന്നു മുദ്രകുത്തും. എല്ലാവരെയും പ്രീണിപ്പിക്കുന്ന സമ്പ്രദായം ആത്മാര്‍ഥതയില്ലായ്മയാണ്. മുന്‍ചൊന്ന മൂന്നു പേരിലും ഇതൊക്കെ അല്പാല്പം കണ്ടേക്കാം, അതവരുടെ മഹത്ത്വപൂര്‍ണമായ വ്യക്തിത്വത്തിന്റെ ലക്ഷണമാണ്. അറിയുന്ന ഒരാള്‍ക്കേ അറിവില്ലായ്മയെ അറിയാനും അതിനെപ്പറ്റി പറയാനും ആവൂ!.

ഈ പറയപ്പെടുന്ന ധിക്കാരം തനിക്ക് അല്പം കൂടുതലാണെന്ന് ദേവരാജന്‍തന്നെ അവകാശപ്പെടുന്നു. തന്റെ പരിപാടി അവതരിപ്പിക്കുമ്പോള്‍ ആസ്വദിക്കാനെത്തുന്നവര്‍ അതവസാനിച്ചേ പോകാവൂ എന്നദ്ദേഹം ശഠിക്കുന്നുവെങ്കില്‍ അതിന്റെ പിന്നില്‍ ഒരു ആത്മാര്‍ഥതയുണ്ട്; അര്‍ഥമുണ്ട്. സൂപ്പര്‍മാര്‍ക്കറ്റില്‍ പോയി വരുംവഴി കുടുംബവുമായി അലസമായി ഒന്നു കയറി ഇത്തിരി പാട്ടും കേട്ട് പാതിയില്‍ ഇറങ്ങിപ്പോകുന്ന ആസ്വാദകരെ ലക്ഷ്യംവെച്ച് ഇതു പറയുമ്പോള്‍ 'പോകാനും ഇരിക്കാനുമുള്ള സ്വാതന്ത്ര്യം തങ്ങളുടെതാണെ'ന്നു മനസ്സില്‍ മന്ത്രിക്കുന്നവര്‍ക്ക് ദേവരാജന്‍ ഒരു ധിക്കാരിയായേക്കാം.

ലക്ഷക്കണക്കിനു രൂപ ചെലവുചെയ്ത് താന്‍ നിര്‍മിക്കുന്ന ചലച്ചിത്രത്തിനുവേണ്ടിയുള്ള പാട്ടുകളുടെ സംഗീതസംവിധാനം മലയാളത്തിലെ ഒരു പ്രമുഖ നിര്‍മാതാവ് ദേവരാജനെ ഏല്പിച്ചു. റെക്കോഡിങ്ങിന്റെ തലേദിവസം പാട്ടുകള്‍ ഒന്നു കേള്‍ക്കണമെന്ന നിര്‍മാതാവിന്റെ സ്വാഭാവികാഗ്രഹത്തിന് സംഗീതസംവിധായകന്റെ മറുപടി, പിറ്റേദിവസം രാവിലെ സ്റ്റുഡിയോയില്‍ വന്നാല്‍ കേള്‍ക്കാമെന്നായിരുന്നു. തുടര്‍ന്നു റെക്കോഡിങ്ങിനാവശ്യമായ പണികള്‍ പൂര്‍ത്തീകരിക്കുന്ന ജോലികളില്‍ ദേവരാജന്‍ വ്യാപൃതനാവുകയും ചെയ്തു.

കാവ്യഗുണം തന്റെ സങ്കല്പസീമയുടെ ഒരു പരിധിവരെയെങ്കിലും എത്താത്ത ശീലുകള്‍ക്കു സംഗീതം നല്കാന്‍ അദ്ദേഹം മടി കാണിച്ചിട്ടുണ്ട്. സിനിമയില്‍ പാടാന്‍ അവസരം തേടി വന്ന പല പുതുസ്വരങ്ങളുടെയും ഉടമകളെ അദ്ദേഹം നൊമ്പരപ്പെടുത്തിയിട്ടുണ്ട്. സ്വരശുദ്ധിയോ ശബ്ദസ്വാതന്ത്ര്യമോ ഇല്ലാത്തവരാവാം അവര്‍. തന്റെ സങ്കല്പത്തിലുള്ള സ്വര-രാഗങ്ങളോ താന്‍ പറഞ്ഞുകൊടുക്കുന്ന ഈണമോ 'സംഗതി' കളോ എഴുപത്തഞ്ചു ശതമാനമെങ്കിലും പ്രയോഗിച്ചുകാണിക്കാനുള്ള സിദ്ധി കൈവന്നിട്ടില്ലാത്തവരാവാം. ഓരോ അവസരത്തിലും പാട്ടുകാരനെ സംഗീതം അഭ്യസിപ്പിച്ചിട്ടു സിനിമാപ്പാട്ട് പറഞ്ഞുകൊടുക്കാനാവില്ലല്ലോ. വേദനയോടെ തിരിച്ചുപോയവരുണ്ട്. ആ വാശിയില്‍ സ്വയം പരിശ്രമിച്ച് ഈ രംഗത്തു വീണ്ടും കടന്നുവന്നു ശോഭിച്ചവരുമുണ്ട്. ആ മത്സര വൈരാഗ്യബുദ്ധി ഉള്ളതാണ് നല്ലത് എന്നാണ് ദേവരാജന്റെ അഭിപ്രായം.

താന്‍ തയ്യാറാക്കുന്ന സംഗീതശകലങ്ങളോ (Bits) അനുധാവനസംഗീതമോ (Background music) അണുവിട മാറ്റിവെക്കാന്‍ ഒരു ഉപകരണവാദ്യക്കാരനെയും, അയാള്‍ എത്ര കേമനായാലും, ദേവരാജന്‍ അനുവദിക്കാറില്ല. അതനുസരിക്കാന്‍ മടി കാണിച്ചിട്ടുള്ളവരെ പറഞ്ഞയച്ചിട്ടുണ്ട്. താന്‍ ഉപയോഗിക്കുന്ന സംഗീതത്തില്‍ തെറ്റും ശരിയും കണ്ടേക്കാം. പക്ഷേ, ആ സംഗീതം തന്റെതന്നെ സൃഷ്ടിയായിരിക്കും. നിര്‍മാതാക്കളുടെയോ അവരുടെ കുടുംബാംഗങ്ങളുടെയോ അഭീഷ്ടാനുസരണം സംഗീതം നല്കുന്ന ശീലവും ദേവരാജനില്ല. തന്റെ തൊഴിലിനോട് നൂറു ശതമാനം കൂറു പുലര്‍ത്തുകയും തൊഴില്‍ ചെയ്യിക്കുന്നവനു പരമാവധി പ്രയോജനവും സംതൃപ്തിയും ഉണ്ടാക്കിക്കൊടുക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയുള്ള ഇത്തരം നിലപാട് ധിക്കാരമെന്നു തെറ്റിദ്ധരിക്കപ്പെടുന്നു.

ദേവരാജന്റെ മധുരഗാനമൊന്നു കേള്‍ക്കാന്‍ താത്പര്യപ്പെട്ട സഹൃദയരെ നിരാശരാക്കിയ ആദ്യകാല ദേവരാജനെപ്പറ്റി സുഹൃത്തും സഹപ്രവര്‍ത്തകനും അവാര്‍ഡുജേതാവുമായ ഒ. മാധവന്‍ സ്വാനുഭവം ഇങ്ങനെ പങ്കുവെക്കുന്നു: 'ഞാനന്ന് കൊല്ലം എസ്.എന്‍. കോളേജില്‍ പഠിക്കുന്നു. വിദ്യാര്‍ഥി ഫെഡറേഷന്റെ സ്ഥാനാര്‍ഥിയായി ജയിച്ച് കോളേജ് യൂണിയന്‍ ചെയര്‍മാനായി വാഴുന്ന കാലം! എസ്. എഫിന്റെ മുഴുവന്‍സമയപ്രവര്‍ത്തകനാണ്. കോളേജിനു കിഴക്കുവശമുള്ള രാമകൃഷ്ണ ലഞ്ച് ഹോമില്‍ താമസിക്കുന്ന മുതുകുളം സ്വദേശിയായ കെ.പി. ദാമോദരന്‍, തൃക്കുന്നപ്പുഴ സ്വദേശിയായ ടി.കെ. ദാസ് എന്നീ രണ്ടു വിദ്യാര്‍ഥി സഖാക്കള്‍ എന്നെ അവരുടെ മുറിയിലേക്കു ക്ഷണിച്ചു.

'സഖാവിനെ കാണാന്‍ മുറിയില്‍ ഒരാള്‍ കാത്തിരിക്കുന്നു.' സസന്തോഷം ഞാന്‍ മുറിയിലേക്കു നടന്നു. മെമ്പര്‍ഷിപ്പ് എടുക്കാനായിരിക്കും. ഞാന്‍ സന്തോഷിച്ചു മുറിക്കുള്ളില്‍ കടന്നു. വേറെയും നാലഞ്ചു വിദ്യാര്‍ഥികള്‍ മുറിയിലുണ്ട്. ഒരപരിചിതന്‍! കറുത്തുമെലിഞ്ഞ ചരടുപോലുള്ള ഒരാള്‍. ദാമോദരന്‍ പരിചയപ്പെടുത്തി. 'ദേവരാജന്‍. നല്ല ഗായകനാണ്. തിരുവനന്തപുരത്തു പഠിക്കുന്നു.' അതു കേട്ടപ്പോള്‍ മെമ്പറാക്കാനുള്ള ആഗ്രഹം ഞാനുപേക്ഷിച്ചു. തിരുവനന്തപുരത്തു പഠിക്കുന്ന ആള്‍ക്കു കൊല്ലത്തു മെമ്പര്‍ഷിപ്പ് എടുക്കേണ്ട കാര്യമില്ലല്ലോ. ഗായകനല്ലേ? ശരി. നമുക്കൊരു പാട്ടു കേള്‍ക്കാം. 'ഒരു പാട്ടുപാടുന്നതില്‍ വിരോധമുണ്ടോ?' ഞാന്‍ അതിഥിയോടു ചോദിച്ചു. 'ഇല്ല.' ഏതാനും നിമിഷം ഞങ്ങള്‍ കാത്തിരുന്നു, ഇപ്പോള്‍ പാടും എന്ന പ്രതീക്ഷയില്‍. പക്ഷേ പാട്ടു വന്നില്ല. 'പാടുന്നെങ്കില്‍ വേഗമാവണം. എനിക്കല്പം തിരക്കുണ്ട്.' എന്റെ സ്വരത്തില്‍ ഇത്തിരി പരിഭവം ഉണ്ടായിരുന്നോ. എന്തായാലും പാട്ടു വന്നില്ല. ദേവരാജന്‍ മറ്റൊന്നും ഉരിയാടിയതുമില്ല. പുതിയ ഒരാളെ പരിചയപ്പെട്ട സന്തോഷം എന്നില്‍നിന്നും വിട്ടകന്നു. മാത്രമല്ല, ഒരതൃപ്തി ഉള്ളില്‍ ഉദയം ചെയ്യുകയും ചെയ്തു. അന്ന് രണ്ടു പേരും പിരിഞ്ഞതു നീരസത്തോടെയാണ്. ആ കൂടിക്കാഴ്ച ഇന്നും മറക്കാതെയിരിക്കുന്നതിനുള്ള കാരണവും അതുതന്നെ.'

മറ്റൊരു ധിക്കാരത്തിന്റെ കഥ! ജനാര്‍ദനക്കുറുപ്പ് വ്യക്തമാക്കുന്നു. (ഇത് ദേവരാജനും പറഞ്ഞിട്ടുണ്ട്).
'കോട്ടയത്ത് പാര്‍ട്ടിയുടെ സമ്മേളനം നടക്കുന്നു. അന്ന് കെ.പി.എ. സി യുടെ പരിപാടിയും ഉണ്ടായിരുന്നു. മധ്യതിരുവിതാംകൂറിലെ കമ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ ആചാര്യനാണ് സി.എസ്. ഗോപാലപിള്ള. ഞങ്ങളുടെ ഒക്കെ രാഷ്ട്രീയ ഗുരുനാഥന്‍. രാഷ്ട്രീയത്തിലെ ഭീഷ്മാചാര്യനായ അദ്ദേഹം ക്യാമ്പില്‍ വന്നു ചോദിച്ചു: 'ആരാടോ ഈ ദേവരാജന്‍?' (ആരെയും എടോ എന്നു വിളിക്കുന്നത് അദ്ദേഹത്തിന്റെ പ്രകൃതമാണ്. സ്‌നേഹം ഉള്‍ച്ചേര്‍ന്നതാണ് ആ വിളി എന്ന് ആര്‍ക്കും അറിയാം.) ഒ.എന്‍.വിയും ദേവരാജനും ഞാനും അടുത്തടുത്തിരിക്കുകയാണ്. ദേവരാജന് പറയത്തക്ക രൂപലാവണ്യമൊന്നുമില്ല. ഇന്നുള്ള നിറമോ വണ്ണമോ ഇല്ല. എന്നാല്‍ ഊര്‍ജസ്വലനാണ്.

'ഇതാണ് ഞങ്ങളുടെ ദേവരാജന്‍.' ഞങ്ങള്‍ ദേവരാജനെ സി.എസ്സിനു പരിചയപ്പെടുത്തി.
'എടോ, തന്റെ ഒരു പാട്ടു കേള്‍ക്കാനാ ഞാന്‍ വന്നത്. തന്നെപ്പറ്റി ആളുകള്‍ അഭിനന്ദിച്ചു പറയുന്നു. എനിക്കതൊന്ന് നേരില്‍ കേള്‍ക്കണം.'
പക്ഷേ ഒരു പ്രതികരണവുമുണ്ടായില്ല. 'എന്താ, താന്‍ പാടുന്നില്ലേ?'
'പാടാത്തതുകൊണ്ടറിഞ്ഞുകൂടേ പാടുന്നില്ലെന്ന്,' ദേവരാജന്റെ മറുപടി.
'ഞാന്‍ പാടത്തില്ല. ഞാനും കമ്യൂണിസ്റ്റുതന്നെ,' ദേവരാജന്റെ തുടര്‍ന്നുള്ള കമന്റ്!
ആ ഘനാന്തരീക്ഷത്തെ ലാഘവപ്പെടുത്തിയത് സംഭാഷണചതുരനും തന്ത്രശാലിയുമായ ജനാര്‍ദനക്കുറുപ്പായിരുന്നു. അന്നു ദേവരാജന് ഇത്ര പ്രശസ്തിയൊന്നും ഇല്ലാതിരുന്ന കാലമാണെന്നോര്‍ക്കണം. ഇന്നും ദേവരാജനില്‍ പ്രകടമായ മാറ്റമൊന്നും വന്നിട്ടില്ല ഇത്തരം കാര്യത്തില്‍.

തന്റെ പിന്‍മുറക്കാരായ സംഗീതസംവിധായകര്‍ക്കു നൊമ്പരമേല്‍ക്കും വിധം അദ്ദേഹം വിമര്‍ശനം എയ്തുവിട്ടിട്ടുണ്ട്. അവരില്‍ ചിലര്‍ സംഗീതമോഷണം നടത്തിയിട്ടുണ്ടെന്നുവരെ പറഞ്ഞു, കാര്യകാരണസഹിതം. ചിലര്‍ അതിന് കടുത്ത ഭാഷയില്‍ ദേവരാജനെ അധിക്ഷേപിച്ച് മാധ്യമങ്ങളില്‍ പ്രതികരിച്ചു. വെല്ലുവിളികളും പ്രതികരണങ്ങളുമൊക്കെ ഉണ്ടായി. ദേവരാജന്‍ കുലുങ്ങിയില്ല. ഒടുവില്‍ അവര്‍ 'അങ്ങാടിയില്‍ തോറ്റു' പിന്‍മാറി. സംഗീതത്തെപ്പറ്റി അവഗാഹമുള്ള ഒരാള്‍ക്കേ ഇത്തരം മോഷണചൂഷണങ്ങളെ കണ്ടുപിടിച്ചു വിമര്‍ശിക്കാനും പ്രതിവിമര്‍ശനം ഉന്നയിക്കാനും ആവൂ. മാത്രമല്ല, സംഗീതത്തിന്റെ തനിമ നഷ്ടപ്പെടുന്നത് സഹിക്കാനാവാതെ ദുഃഖിക്കുന്ന ഒരു ഹൃദയത്തിന് ഇതു പറയാതിരിക്കാന്‍ കഴിയില്ല. ഇവിടെ ആത്മാര്‍ഥതയും സംശുദ്ധിയുമാണ് അടിസ്ഥാനം. പദങ്ങളുടെയും ആശയത്തിന്റെയും വികാരത്തിന്റെയും ആഴവും വ്യാപ്തിയുമറിയാതെയും ചലച്ചിത്രമുഹൂര്‍ത്തത്തിന്റെ പൊരുള്‍ മനസ്സിലാക്കാതെയും രാഗവും സ്വരവും താളവും സന്നിവേശിപ്പിക്കുന്നതിലെ അസാംഗത്യത്തെച്ചൊല്ലിയും അദ്ദേഹത്തിന്റെ പിന്‍തലമുറക്കാരെ കുറ്റപ്പെടുത്തിയിട്ടുണ്ട്. അവര്‍ക്കൊക്കെ അരോചകമായി തോന്നിയിട്ടുമുണ്ട് ഈ വിലയിരുത്തല്‍. ദേവരാജന്‍ അതൊന്നും കണക്കാക്കാറില്ല.

ചലച്ചിത്ര സംഗീതസംവിധായകനുള്ള 1991 ലെ സംസ്ഥാന അവാര്‍ഡില്‍ പ്രതിഷേധിച്ച് ദേവരാജന്‍ നേരത്തേ തനിക്കു കിട്ടിയ അവാര്‍ഡ് തിരികെ കൊടുത്തു. പലരും പറഞ്ഞു ശരിയല്ല എന്ന്. എന്നിട്ടും അദ്ദേഹം കൊടുത്തു. അതൊരു ധിക്കാരമായി കരുതേണ്ടതില്ല. അനവധാനതയോടുള്ള പ്രതിഷേധം എന്നതാവും ശരി.
ഒരു കലാകാരന്റെ സര്‍ഗപരമായ സിദ്ധിവിശേഷത്തിനുള്ള അംഗീകാരവും അതിനുള്ള അഭിനന്ദനവുമാണല്ലോ അവാര്‍ഡുകളിലെ ഉണ്‍മ. ഇവിടെ നടന്നത് അവിവേകമാണ്. അത് ദേവരാജന്‍ ചൂണ്ടിക്കാണിക്കുന്നു.
അവാര്‍ഡ് തിരിയെ നല്കിയതിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ വിശദീകരണം ഇതാണ്:
'ഒരു അന്യഭാഷാഗാനത്തിന്റെ ഈണം, അതിന്റെ 'ബിറ്റ്‌സ്' ഉള്‍പ്പെടെ പകര്‍ത്തിയതിനാണ് അവാര്‍ഡ് നിര്‍ണയ കമ്മിറ്റി സംഗീതസംവിധാനത്തിനുള്ള അവാര്‍ഡ് നല്കിയത്. വളരെ പ്രചാരത്തിലിരുന്ന
'പിയാ മിലന് കോ ജാനാ' - (ചിത്രം : കപാല്‍ കുണ്ഡല്‍) എന്ന ഹിന്ദിപ്പാട്ടിന്റെ തനിപ്പകര്‍പ്പാണ്, 'തേന്മാവിന്‍കൊമ്പത്ത്' എന്ന ചിത്രത്തിലെ,
എന്റെ മനസ്സിനൊരു നാണം ഓ...
എന്റെ മനസ്സിനൊരു നാണം എന്ന പാട്ട്.

പുസ്തകം വാങ്ങാം

ഇങ്ങനെ പകര്‍ത്തുന്നത് തനതായ കലയല്ല, ശില്പവുമല്ല. എസ്.ഡി. ബര്‍മന്റെ ഒരു ബംഗാളി ഗാനത്തിന്റെ അനുകരണമായി 'നിലാപൊങ്കല്‍' എന്നു തുടങ്ങുന്ന ഒരു ഗാനംകൂടി ഉണ്ടായിരുന്നു ഇക്കൂട്ടത്തില്‍. ഞാനതിനെ എതിര്‍ത്തു. എന്റെ പിന്‍തലമുറക്കാര്‍ക്ക് അംഗീകാരം കിട്ടുന്നതില്‍ എനിക്കു സന്തോഷമേ ഉള്ളൂ. എന്നാല്‍ ഈ അവാര്‍ഡ് നിര്‍ണയം അറിഞ്ഞപ്പോള്‍ അവാര്‍ഡുകള്‍ സത്യസന്ധമോ യാഥാര്‍ഥ്യവുമായി പൊരുത്തപ്പെടുന്നതോ അല്ല എന്നു തോന്നി. പാട്ടിലെ പ്രകടമായ സാമ്യം ബോധ്യപ്പെടുത്താന്‍ ഇത് റെക്കോഡ് ചെയ്ത ടേപ്പ് ഞാന്‍ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന് അയച്ചുകൊടുത്തു. പക്ഷേ ഫലം ഉണ്ടായില്ല. ഞാന്‍ ചിന്തിച്ചു ചെയ്ത തനതായ പാട്ടുകള്‍ക്ക് നല്കുന്ന അവാര്‍ഡും ഇത്തരം 'പകര്‍ത്തലുകള്‍'ക്ക് നല്കുന്ന അവാര്‍ഡുപോലെയാണെന്ന് ജനം കരുതും. എന്റെ പാട്ടുകളെയും അതേ നിലവാരത്തില്‍ കാണും. അതുകൊണ്ട് ഞാന്‍ പ്രതിഷേധത്തോടെ എനിക്കു നേരത്തേ കിട്ടിയ അവാര്‍ഡ് തിരിയെ നല്കി. ആ പ്രതിഷേധപ്രകടനം ഗവണ്‍മെന്റിന്റെയും അവാര്‍ഡ് നിര്‍ണയ കമ്മിറ്റി അംഗങ്ങളുടെയും കണ്ണു തുറപ്പിച്ചിട്ടുണ്ടാവും എന്നാണ് എന്റെ വിശ്വാസം. തത്ത്വാധിഷ്ഠിതമല്ലാത്ത അവാര്‍ഡ് നിര്‍ണയരീതിക്കെതിരേയുള്ള പ്രതിഷേധപ്രകടനമായിരുന്നു ഇത്.'
വിമര്‍ശനവിധേയരായവര്‍ തങ്ങളുടെ വിദ്വേഷം അല്പകാലം കഴിഞ്ഞു സ്വയം ലഘൂകരിക്കുകയും ദേവരാജനോട് പൂര്‍വാധികം സ്‌നേഹാദരങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ദേവരാജന്‍ ഒരിക്കലും മനഃപൂര്‍വം മറ്റൊരാളെ അവഹേളിക്കാനോ അപകടപ്പെടുത്താനോ വേണ്ടി ചെയ്യുന്നതല്ല ഇവയൊക്കെ. ആത്മാര്‍ഥതയുള്ളതുകൊണ്ട്, ഒന്നും മറച്ചുവെക്കാനില്ലാത്ത നിഷ്‌കളങ്കതകൊണ്ട് ഇങ്ങനെ പെരുമാറുന്നു എന്നു മാത്രം. ഇനിയുമുണ്ട് കഥകളേറെ.

Content Highlights: G Devarajan biography by Perumpuzha Gopalakrishnan

Content Highlights: