മനുഷ്യര്‍ മനുഷ്യരെത്തമ്മില്‍ മാത്രമല്ല; മൃഗങ്ങളെ, അവയുടെ ഇണകളെ പോലും തമ്മിലടിപ്പിക്കും!

ജി.ആര്‍ ഇന്ദുഗോപന്റെ ഏറ്റവും പുതിയ നോവല്‍ 'സ്‌കാവഞ്ചര്‍' മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്നു. ആഖ്യാനശൈലികൊണ്ടും പ്രമേയാവതരണം കൊണ്ടും ഉദ്വേഗം നിറയ്ക്കുന്ന വായന സമ്മാനിക്കുന്ന നോവലില്‍ നിന്നും ഒരധ്യായം വായിക്കാം.
പിറ്റേന്ന് സി.ഐ. ഓഫീസിലേക്ക് പുറപ്പെടാന്‍ നേരം, എസ.്‌ഐ. ആന്റണിയുടെ ഫോണ്‍ വന്നു: 'സര്‍, മൃഗശാലയില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങളൊക്കെ പരിശോധിച്ചു. ചെറിയൊരു പ്രശ്‌നമുണ്ട്. ഒന്നു വരണം.'
ഓഫീസില്‍ ചെന്നപ്പോ, ആന്റണി ഒരു വയസ്സായ ആളിനെ ചൂണ്ടിപ്പറഞ്ഞു: 'ഇത് സൂവിലെ ഊട്ടുപുരയുടെ ചുമതലയുള്ള കക്ഷിയാ.'
'എന്താ പ്രശ്‌നം?'
'പ്രശ്‌നമുണ്ട്. കൊലനടന്ന രാത്രിയില്‍ ആ സ്‌കാവഞ്ചര്‍ അവിടെത്തന്നെ ഉണ്ടായിരുന്നു.'
ശങ്കര്‍ വല്ലാതായി.
കോണ്‍ഫറന്‍സ് റൂം. സിസിടിവി ക്യാമറയില്‍നിന്നുള്ള എഡിറ്റു ചെയ്ത ദൃശ്യങ്ങള്‍ ലോഡു ചെയ്യുന്നതിനിടയിലുള്ള സാവകാശത്തില്‍, അച്യുത്ശങ്കര്‍ ചോദിച്ചു: 'പേര്?'
'ചെല്ലപ്പന്‍.'
'ചെല്ലപ്പന്‍ചേട്ടന്‍ മൃഗശാലയില്‍ സ്ഥിരമാണോ?'
ചെല്ലപ്പന്‍ പറഞ്ഞു: 'ആയിരുന്നു. കീപ്പറായിരുന്നു. സ്വയം താഴ്ന്നു ഗാര്‍ഡായി.'
'അതെന്താ...'
'ഓ, എന്റെ വിയര്‍പ്പ് മൃഗങ്ങള്‍ക്ക് ഇഷ്ടമല്ല. കുറേ ഇടി പിടിച്ചപ്പോ മടുത്തു. ജനിച്ച് ആറു മാസമായ ഹിപ്പോകുഞ്ഞു വരെ എടുത്തെറിഞ്ഞു, സാറേ. മൈസൂര്‍ സൂവിന് കൈമാറുന്നതിനായിട്ട് പിടിക്കാന്‍ ചെന്നതാ. അപ്പോ എനിക്കു മനസ്സിലായി. എന്റെ മണത്തിന്റെ പ്രശ്‌നമാ. പക്ഷേ റിട്ടയര്‍ ആയപ്പോ ഈ ജന്തുക്കളുടെ മണമില്ലാതെ ചോറ് എറങ്ങുന്നില്ലെന്നു വന്നു. അതുകൊണ്ട് ഭക്ഷണത്തിന്റെ കരാറുപിടിച്ചിരിക്കുന്ന ആളുടെ ശിങ്കിടിയായിട്ട് ഊട്ടുപുരയില്‍... '
'ഒരാളു തന്നെയാണോ ഈ ടെന്‍ഡറു പിടിക്കുന്നത്?'
'പിന്നല്ലാതെ... രണ്ടുമൂന്ന് ടെന്‍ഡറ് പുള്ളിയുടെ സില്‍ബന്ധികള് തന്നെ കൊടുക്കും. എല്ലാരെക്കൊണ്ടും ഒക്കൂല്ല സാറേ ഈ പണി. പനംപട്ട, എലി, ചേര ഒക്കെ ദിവസവും എവിടുന്നു സംഘടിപ്പിക്കാനാ.'
സ്‌ക്രീനില്‍ എഡിറ്റു ചെയ്ത ദൃശ്യങ്ങള്‍ വന്നു തുടങ്ങി. അതില്‍ വലിയ ചരുവത്തിലിട്ട് എന്തോ കുഴയ്ക്കുന്ന ഒരാളെ കാണാം. അയാള്‍ ക്യാമറയ്ക്കടുത്തേക്കു വരുമ്പോ വ്യക്തമാകുന്നു. അത് പച്ചൈയാണ്.
ചെല്ലപ്പന്‍ വിശദീകരിച്ചു: 'പരുത്തിക്കുരുവും കടലപ്പിണ്ണാക്കുമൊന്നും നന്നായി കുതിര്‍ന്നില്ലല്ലോ ചെല്ലപ്പന്‍ചേട്ടാ... എന്നാ അവന്‍ ചോദിക്കുന്നത്.'
'ഇതിപ്പോ സമയമെന്തായി കാണും?' ശങ്കര്‍ ചോദിച്ചു.
ചെല്ലപ്പന്‍ ചേട്ടന്‍ ദൃശ്യം ചൂണ്ടിപ്പറഞ്ഞു: 'സമയം തെളിഞ്ഞു വരുന്നുണ്ടല്ലോ. രാവിലെ നാലു മണി.'
ദൃശ്യം ചൂണ്ടി അയാള്‍ തുടര്‍ന്നു: 'ഇപ്പോ, അവന്‍ ദാ, കുതിര്‍ത്ത തിനയും പയറും ചരുവത്തില്‍ വാരിയിടുകയാണ്. ദാ ആ ചെയ്യുന്നത് ഉപ്പും മിനറല്‍ മിക്‌സചറും ചേര്‍ക്കുന്നത്. ഞാന്‍ ആ നേരം ചോറു അടുപ്പത്തിടുകയാണ്. ഹിപ്പോപ്പൊട്ടാമസിനുള്ള ചോറാണ്. കുറച്ചു പയറും ഇടണം. കഞ്ഞിയായിട്ട് കരടിക്കും കൊടുക്കാം.'
സി.ഐ. അച്യുത്ശങ്കര്‍ പറഞ്ഞു: 'തലേന്ന് രാത്രിയില്‍ എന്താ നടന്നതെന്ന് നോക്കൂ.'
രാത്രി ഒന്‍പതരയ്ക്കു ശേഷമുള്ള ദൃശ്യങ്ങള്‍ ഇട്ടു. പത്തു മണിയായപ്പോ, പിച്ച നടന്നുവന്ന് കല്‍ക്കെട്ടില്‍ വെറും നിലത്ത് കിടന്നുറങ്ങുന്നതു കണ്ടു. കൊതുകു കടിക്കാതിരിക്കാന്‍ സ്വന്തം ലുങ്കിയെടുത്തു മൂടുന്നുണ്ട്.
എസ്.ഐ. ആന്റണി പറഞ്ഞു: 'പന്ത്രണ്ടു മണിക്ക് ഇവന്‍ എഴുന്നേറ്റ് വെള്ളം കുടിക്കുന്നുണ്ട്. ഇതല്ലാതെ രാവിലെ നാലു മണി വരെ എങ്ങോട്ടും പോയിട്ടില്ല.'
സി.ഐ. ഇറങ്ങി നടന്നു; ഒപ്പം ആന്റണിയും.
നിരാശയോടെ ശങ്കര്‍ പറഞ്ഞു: 'ശ്ശെ. ഇനി ഒന്നേന്ന് തുടങ്ങണം. അവനിപ്പോ എങ്ങനുണ്ട്?'
'ഒന്നു തൂങ്ങിയിറങ്ങിയതിന്റെ ക്ഷീണമുണ്ട്. ആ ഐപിന്റെ കയ്യീക്കിട്ടിയാ പിന്നെ...'
'ശ്ശെ? കഷ്ടമാന്നല്ലോ. ഒന്ന് വിളിപ്പിക്കണമല്ലോ അവനെ.'
ജി.ആര്‍ ഇന്ദുഗോപന്‍ എഴുതിയ ഏറ്റവും പുതിയ നോവല്‍ സ്‌കാവഞ്ചര്‍ വാങ്ങാം
പച്ചൈ വന്നപ്പോ മുടന്തുന്നുണ്ടായിരുന്നു. കവിളില്‍ നീലിച്ച പാട്. സി.ഐ. ചോദിച്ചു: 'ഹോസ്പിറ്റലില്‍ പോണോ?'
അവന്‍ പറഞ്ഞു: 'വേണ്ട.'
അച്യുത്ശങ്കര്‍ ചോദിച്ചു: 'നിനക്ക് തല്‍ക്കാലം പോകാം. എവിടാ വിടേണ്ടത്?'
'സൂ.'
'ഞാന്‍ അതു വഴിയാ. വണ്ടിയില്‍ കേറ്.'
പോകുന്ന വഴിക്ക് മസ്‌കറ്റ് ഹോട്ടലിലേക്കു കയറി. റസ്റ്റോറന്റില്‍ തിരക്കില്ലായിരുന്നു.
പച്ചൈ പറഞ്ഞു: 'എന്റെ തൊഴില്‍ അറിയാവുന്ന ആരും എന്നെ വണ്ടിയില്‍ കയറ്റാറില്ല. എന്റെ കൂടിരുന്ന് ആരും ആഹാരം കഴിക്കാറുമില്ല.'
സി.ഐ. ആഹാരത്തിനു പറഞ്ഞിട്ടു പറഞ്ഞു: 'അതൊക്കെ നിന്റെ തോന്നലാ.'
അവന്‍ പറഞ്ഞു: 'സര്‍, ഞാന്‍ എതുക്ക് പ്രാണന്‍ സാറിനെ കൊല്ലണം? ആ തൊണ്ടി, പ്രാണന്‍ സാറിന്റെ കൈയിലിരിക്കുന്ന കാലംവരെ എനിക്ക് അയാളെ ഒന്നും ചെയ്യാന്‍ പറ്റൂല്ല.'
പിന്നെ പിറുപിറുത്തു: 'ഞാന്‍ അത്രയും മണ്ടനല്ല സര്‍.'
കഴിച്ചുതീരാറായപ്പോ അവന്‍ പറഞ്ഞു: 'ആ തൊണ്ടി സര്‍ജന്‍ സാറിന്റടുത്തു പറഞ്ഞ് എനിക്കു വാങ്ങിച്ചു തരണം. എനിക്ക് ജീവിക്കണം സര്‍.'
അച്യുത്ശങ്കര്‍ പറഞ്ഞു: 'നേരിട്ട് നീയല്ലായിരിക്കും. പക്ഷേ ഈ കേസില്‍ നിനക്ക് കൈയില്ലെന്ന് എനിക്ക് ബോദ്ധ്യമാകണം. എങ്കില്‍ ഞാനത് വാങ്ങിച്ചു തരും. ഉറപ്പ്.'
അവന്‍ തലയാട്ടി.
സി.ഐ. ചോദിച്ചു: 'നിനക്ക് ആരെയെങ്കിലും സംശയമുണ്ടോ?
അവന്‍ പറഞ്ഞു: 'എന്തിനാ. എന്നെപ്പോലെ തല്ലിച്ചതയ്ക്കാനോ? വേണ്ട. സാറിനറിയാമോ. മനുഷ്യര്‍ മനുഷ്യരെത്തമ്മില്‍ മാത്രമല്ല കൂട്ടിയടിപ്പിക്കുന്നത്; മൃഗങ്ങളെയും ചെയ്യും; അവയുടെ ഇണകളെ തമ്മില്‍ പോലും അടിപ്പിക്കും. തടവറയ്ക്കുള്ളില്‍ കുറേനാള്‍ കിടന്നാല്‍ ഏതു ജന്തുവിനും പ്രാന്തുപിടിക്കും. ഇന്നാളും ചത്തു ഒരു പെണ്‍സിംഹം. ചത്തതല്ല, കൊന്നതാ. ആണ്‍സിംഹം ദേഷ്യപ്പെട്ടിരിക്കുന്ന നേരത്ത് ഒരു കൂട്ടിലാക്കിക്കൊടുത്തു. മുഖത്തിനൊരു അടി. മറിഞ്ഞു വീണപ്പോ, കഴുത്തിനൊരു കടി. പെണ്ണ് റെഡി. ചത്ത ജന്തുവിന് പരിചരണവും ഭക്ഷണവും വേണ്ട. അതിന്റെ ഭക്ഷണം കണക്കില്‍ തുടരും; പരിചരിക്കുന്നവര്‍ക്കും പണി കുറയും. പിന്നെ പുതിയ മൃഗത്തെ ഇറക്കാനുള്ള നടപടികള്‍. യാത്രകള്‍. ചരടുവലികള്‍, ഇടപാട്. എല്ലാര്‍ക്കും സന്തോഷമാ.'
'തിങ്കളാഴ്ചരാത്രിയില്‍ ഒന്നോ രണ്ടോ ഗാര്‍ഡും നീയും മാത്രമേ മൃഗശാലയില്‍ കാണൂ, അല്ലേ?'
'ങാ. തിങ്കളാഴ്ച മൃഗങ്ങളെല്ലാം പട്ടിണിയാ. പക്ഷേ അതിന് സന്തോഷമുണ്ട്. ആളില്ല. ബഹളമില്ല.'
'അന്ന് ഒന്നും കൊടുക്കില്ലേ?'
'ഇല്ല. ആഴ്ചയിലൊരിക്കല്‍ ജന്തുക്കള്‍ക്ക് ഉപവാസമാ. അന്ന് ഉപ്പിട്ട വെള്ളം മാത്രം. ഞാന്‍ വന്നതീ പിന്നെ വെള്ളം കിട്ടാതെ ജന്തുക്കള്‍ ചത്തിട്ടില്ല. ലോകജലദിനത്തിന്റന്ന് വെള്ളം കിട്ടാതെ ഒട്ടകപക്ഷി ചത്ത മൃഗശാലയാ ഇത്. '
'നീ മാത്രമേ ഉള്ളോ, അവിടെ സ്‌കാവെഞ്ചറായി...'
'അല്ല. മൂന്നു പോസ്റ്റുണ്ട്. ദിവസക്കൂലി.'
സി.ഐ. ചോദിച്ചു: 'നിനക്ക് കൊല്ലാനറിയാമോ?'
'പിന്നേ. കുളമ്പ് രോഗമൊക്കെ വന്നാല്‍ കൂട്ടക്കൊലയല്ലേ സര്‍. രോഗമില്ലേലും എണ്ണം കുറയ്ക്കും, മാനിനെയൊക്കെ. പരസ്പരം യുദ്ധം ചെയ്ത് മുറിഞ്ഞു ചത്തുപോകുമെന്ന് ഉറപ്പുള്ളതിനെയും കശാപ്പു ചെയ്യും.'
'അപ്പോ കൊല്ലാന്‍ അറപ്പില്ല. '
'എന്തിന്. പക്ഷേ ഉത്തരവു വേണം. കൊന്നതിനെ തിരിച്ചു തോണ്ടിക്കൊടുക്കുകയും ചെയ്യും.'
'അതെന്തിനാ?'
'കൃഷ്ണമൃഗത്തിന്റെ കൊമ്പില്‍ കഷായം വെച്ചു കുടിച്ചാല്‍ കൊച്ചുണ്ടാകുമെന്ന് അന്ധവിശ്വാസമുണ്ട്. അങ്ങനെ ചില ജന്തുക്കളുടെ എല്ലുചോദിച്ചു വരുന്നവരുണ്ട്. മുള്ളന്‍പന്നിയുടെ മുള്ള്, കരടിയുടെ രോമം ഇതൊക്കെ അന്വേഷിച്ച് ആളുവരും, രഹസ്യമായി. ഇതൊക്കെ വെച്ച് ജനം എന്തൊക്കെ ചെയ്യുന്നതെന്നറിയില്ല.'
'എസ്.ഐ. പ്രാണകുമാര്‍ ചത്തതില്‍ സങ്കടമുണ്ടോ?'
'ഉണ്ട്. ക്രൂരനാരുന്നേലും യജമാനന്‍ ചത്താ അതുവരും.'
'കൊല്ലണമെന്ന് തോന്നിയിട്ടുണ്ടോ, അയാളെ?
'എത്രയോ തവണ.'
'പിന്നെന്താ ചെയ്യാത്തത്?'
'പുറത്ത് എന്നെ കാത്തൊരു പെണ്ണുണ്ട്. സര്‍.'
'രക്ഷപ്പെടാന്‍ ശ്രമിക്കാത്തതെന്താ?'
'ഭയപ്പെടുത്തിക്കൊണ്ടിരുന്നു. അങ്ങേരു സ്ഥിരം പറയുമായിരുന്നു: ടാ, ഒരിക്കല്‍ മോഷണത്തിന് പിടിയിലായാല്‍, പിന്നവന്റെ ജീവിതം പോക്കാ. വൈരാഗ്യത്തോടെ ഒരു പോലീസുകാരന്‍ പിറകിലുണ്ടെങ്കില്‍ പിന്നെ പറയുകയും വേണ്ട. നിന്നെ എക്കാലവും കെട്ടാനുള്ള ആ തൊണ്ടി ബാങ്കിലെ സേഫ് ലോക്കറിലാ. കൗണ്‍സിലറുടെയും എന്റെയും ഡാവിയുടെയും പേരിലാ അത്. നിനക്ക് രക്ഷപ്പെടണമെങ്കീ ഞങ്ങളെ മൂന്നു പേരെ കൊല്ലണം. എന്നെ മൂന്നു വകുപ്പുകള്‍ പറഞ്ഞും വിരട്ടും. അതാ എനിക്ക് കാണാപ്പാഠമായി.'
വാ തുടച്ചുകൊണ്ട് സി.ഐ. ചോദിച്ചു: 'ഏതു വകുപ്പ്?'
'ആദ്യത്തേത് സി.ആര്‍.പി.സി. 48. മറ്റുള്ളവരുടെ അധികാരപരിധിയില്‍ കയറി അവരെ വേട്ടയാടാനുള്ള പോലീസിനുള്ള അവകാശം. ജീവിതത്തില്‍ ഒരു സെക്കന്‍ഡ് മനസ്സൊന്ന് പാളി, ഒരിക്കല്‍ മോഷ്ടിച്ച് കുറ്റവാളിയായാല്‍, പിന്നീട് ഏതൊരു മോഷണക്കേസുമായി ബന്ധപ്പെട്ടും അവര്‍ക്ക് വേട്ടയാടാം.' അങ്ങേര്‍ പറയും: 'ടാ നീ പെണ്ണുകെട്ടി ഇന്ത്യയിലെവിടെ സ്വസ്ഥമായി താമസിച്ചാലും, ഞാന്‍ വന്ന് നിന്നെ പൊക്കും. ഒരു വാറന്റും വേണ്ട. ഇന്ത്യയിലെവിടെയും എനിക്കു നിന്നെ പിന്തുടര്‍ന്ന് വേട്ടയാടാം.'
'പിന്നെയുമുണ്ട് രണ്ടു വകുപ്പുകള്‍. 109, 110. ഒരുത്തന്‍ ഒരിക്കല്‍ കള്ളനായാല്‍, പിന്നെ എപ്പോ പിടിച്ചോണ്ടു ചെന്നാലും പോലീസ് പറയുന്നത് മജിസ്‌ട്രേറ്റ് കേള്‍ക്കും. പട്ടാപ്പകല്‍ ചുമ്മാ നില്‍ക്കുന്ന നിന്നെപ്പിടിച്ചിട്ട് 'കുറ്റം ചെയ്യുക എന്ന ഉദ്ദേശത്തോടെ പമ്മിയിരിക്കവേ മുന്‍കുറ്റവാളിയായ പ്രതിയെ പിടിക്കുകയായിരുന്നു' എന്ന് പറഞ്ഞാല്‍ മതി. ഒരുത്തനെ കൊന്നാല്‍ 14 കൊല്ലം കഴിഞ്ഞ് ജയിലീന്ന് ഇറങ്ങാം. ഒരിക്കല്‍ കള്ളനായാലേ ഇതുപോലെ ചാകുന്നതുവരെ ഇടയ്ക്കിടെ തൂക്കി ജയിലിലിടാന്‍ പറ്റൂ. മറ്റെന്തും സഹിക്കും. ഞാനൊരു കള്ളനാണെന്ന് അറിഞ്ഞാ എന്റെ പെണ്ണ് സഹിക്കില്ല. വേണ്ട. തൊണ്ടി കിട്ടുന്നതുവരെ ഞാനീ കാട്ടത്തീ കെടന്നോളാം എന്ന് തീരുമാനിച്ചത് അതുകൊണ്ടാ. അതുകൊണ്ടാ പലതവണ അവള്‍, എന്റെ പെണ്ണ് ആ പട്ടാളക്കാരന്‍ സാറിനെ വിട്ടിട്ടും...'
'ഏതു പട്ടാളക്കാരന്‍ സാറ്?' സി.ഐ. ചോദിച്ചു.
ജി.ആര്‍ ഇന്ദുഗോപന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ വാങ്ങാം...
Content Highlights: excerpts from the novel scavenger by g r indugopan publised by mathrubhumi books