കുറിയേടത്തു താത്രിയുടെ അറുപത്തിയഞ്ചാമന്റെ പേര് എന്തുകൊണ്ടാണ് പുറത്തുപറയാതിരുന്നത്?

ആലങ്കോട് ലീലാകൃഷ്ണന്‍ എഴുതി മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരം' എട്ടുപതിപ്പുകള്‍ പിന്നിട്ടിരിക്കുന്നു. കേരളത്തിലെ സ്ത്രീവിമോചനചരിത്രത്തിന് നാന്ദി കുറിച്ച കുറിയേടത്ത് താത്രീസംഭവം വിശദമായി പഠിക്കുന്ന പുസ്തകത്തില്‍ നിന്നും ഒരു ഭാഗം വായിക്കാം.
കുറിയേടത്തു താത്രിയോടൊപ്പം ഭ്രഷ്ടു കല്പിക്കപ്പെട്ട അറുപത്തിനാലു പുരുഷന്മാരില്‍ ഒരേ ഒരാള്‍ മാത്രമാണ് പിന്നീട് ഭ്രഷ്ട് നീക്കി സ്വന്തം തട്ടകത്തു തിരിച്ചുവന്നത്
കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍ മാത്രം.
കലാസാധനയിലൂടെ സാധ്യമായ ഉയിര്‍ത്തെഴുന്നേല്പായിരുന്നു അത്. അവിശ്വസനീയമായ ഒരു അതിജീവനം.
അതിന്റെ പിറകില്‍, മലയാണ്മയുടെ കലാലോകത്ത് കുഞ്ചന്‍ നമ്പ്യാര്‍ക്കു ശേഷം നടന്ന, തിരസ്‌കൃതന്റെ അത്യുജ്ജ്വലമായൊരു കലാപചരിത്രവുമുണ്ട്.
കാവുങ്ങല്‍ ശങ്കരന്‍, ഭ്രഷ്ടന്‍, അറുപത്തി-
നാലിലൊരുത്തന്‍, കുരുത്തം കെട്ടോന്‍
ഭ്രഷ്ടന്നു ഭ്രഷ്ടു കലയിലും, ഇല്ലത്തെ
മുറ്റത്തവനിനി ആട്ടമില്ല
നമ്പൂരിവിട്ട കളിയാള്‍, കുറവന്റെ
നമ്പോലന്‍ പോലെ നാലമ്പലത്തില്‍
ആണ്ടി പണ്ടാരമായ് പാണ്ടിയില്‍ പോയ് പിച്ച-
തെണ്ടാം തെരുക്കൂത്തില്‍ നൊണ്ടിയാടാം.'
(ഒരു കൂടിയാട്ടത്തിന്റെ കഥ) അതാണ് കാലം.
നമ്പൂരി കയ്യൊഴിച്ചാല്‍പ്പിന്നെ കഥകളിക്കാരന് മലനാട്ടില്‍ ജീവിതമില്ല.
വേഷം കെട്ടാനവകാശമില്ലെന്നു മാത്രമല്ല, ഒരു നേരത്തെ ആഹാരമോ ഒരു നല്ല വാക്കോ പോലും ഒരിടത്തുനിന്നും കിട്ടുകയില്ല. പഴയ ആരാധകര്‍ പോലും പുഴുത്ത പട്ടിയെപ്പോലെ ആട്ടിയകറ്റും.
നമ്മുടെ എക്കാലത്തേയും മികച്ച ആ കലാകാരന്റെ അന്നത്തെ ഒഴിച്ചുപോക്ക് അത്രമാത്രം വേദനാമയമായിരുന്നു.
കലയുടെ സുവര്‍ണകിരീടം നല്‍കിത്തന്നെ വളര്‍ത്തി വലുതാക്കിയ സ്വന്തം തറവാട്ടില്‍ നിന്ന് മരിച്ചവരുടെ കൂട്ടത്തിലേയ്ക്ക് പടിയിറങ്ങുമ്പോള്‍ ശങ്കരപ്പണിക്കര്‍ അവസാനമായി കാവുങ്ങല്‍ കളരിയെ തിരിഞ്ഞുനോക്കി.
'കാവുങ്ങല്‍ വീട്ടുകാര്‍, ആട്ടകഥയിലെ
നായകര്‍, എത്ര തലമുറകള്‍!
ഉണ്ണീരി, രാവുണ്ണി, ചാത്തുണ്ണി-ഈ വണ്ണം
എണ്ണം പറഞ്ഞവരൊന്നുരണ്ടോ?'
കഥകളിയുടെ വികാസപരിണാമ ചരിത്രത്തിലെങ്ങും വലിയൊരുവിസ്മയമായി നിന്ന ഗുരുകുലം വിട്ടാണ് ശങ്കരപ്പണിക്കര്‍ പടിയിറങ്ങിയത്.
കല്ലടിക്കോടന്‍, കപ്ലിങ്ങാടന്‍ എന്നിങ്ങനെ പ്രബലവും പ്രശസ്തവുമായ രണ്ടു ചേരികളില്‍ മലനാട്ടിലെ കഥകളി സമ്പ്രദായങ്ങള്‍ കേള്‍വിപ്പെട്ടു നിന്നിരുന്ന കാലത്ത് കപ്ലിങ്ങാടന്‍ ശൈലിയുടെ ആസ്ഥാനമായിരുന്നു കാവുങ്ങല്‍ തറവാട്. കഥകളിയുടെ ആദിപിതാക്കളിലൊരാളായ കപ്ലിങ്ങാട്ടു നമ്പൂതിരിയുടെ കളിയോഗത്തില്‍ ചെണ്ടക്കാരനായിരുന്ന ഉണ്ണീരിപ്പണിക്കരാണ് കാവുങ്ങല്‍ തറവാട്ടില്‍ കഥകളി പാരമ്പര്യം തുടങ്ങിവെച്ചത്. കഥകളിയില്‍ ഇന്നുകാണുന്ന നൃത്തശില്പത്തിന്റെ സൗഭാഗ്യം പരിപൂര്‍ണമാക്കുന്നതില്‍ ഉണ്ണീരിപ്പണിക്കര്‍ കപ്ലിങ്ങാട്ടുനമ്പൂതിരിയുടെ വലങ്കയ്യായി നിന്നു പ്രവര്‍ത്തിച്ചു.
ഉണ്ണീരിപ്പണിക്കര്‍, രാവുണ്ണിപ്പണിക്കര്‍, കുഞ്ഞികൃഷ്ണപ്പണിക്കര്‍, ചാത്തുണ്ണിപ്പണിക്കര്‍, ശങ്കരപ്പണിക്കര്‍ എന്നിങ്ങനെ കേള്‍വിപ്പെട്ട അഞ്ചു തലമുറകള്‍.
സര്‍വാധികാരിയായ ഏതെങ്കിലും രാജാവിന്റെയോ നാടുവാഴി യുടെയോ രക്ഷാകര്‍തൃത്വം ലഭിക്കാതെ തന്നെ കഥകളിയില്‍ പരമ്പരാ ഗതമായ കലാവിരുതുകൊണ്ട് കാവുങ്ങല്‍ പണിക്കന്മാര്‍ കീര്‍ത്തിമാന്മാരായി.
ആ മഹാപാരമ്പര്യത്തില്‍ നിന്നാണ് കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍ ജാതിഭ്രഷ്ടനായി പുറത്തുപോയത്. തിച്ചൂര്‍ കുന്നിന്റെ നെറുകയില്‍ അന്നു പാതിരാത്രി വരെ ശങ്കരപ്പണിക്കര്‍, നിറകണ്ണുകളോടെ തന്റെ തറവാടിനെ നോക്കി, പ്രാര്‍ത്ഥനാനിരതനായി നിന്നുവത്രെ.
പാതിരാനേരത്ത് തറവാട്ടില്‍ നിന്നൊരു കൂക്കുകേട്ടു. തന്റെ സഹോദരി പ്രസവിച്ച് ആണ്‍കുഞ്ഞുണ്ടായ വാര്‍ത്ത ലോകത്തെ വിളിച്ചറിയിക്കുന്ന ശുഭസന്ദേശമായിരുന്നു അത്.
'ഇവനെ കച്ചകെട്ടിച്ചു ചൊല്ലിയാടിയ്ക്കാന്‍ ഞാന്‍ വരും' എന്നു മനസ്സില്‍ നിശ്ചയിച്ചാണത്രെ ആ പാതിരാവില്‍ ശങ്കരപ്പണിക്കര്‍ തിച്ചൂര്‍ കുന്നിറങ്ങിയത്.
തിച്ചൂരില്‍, കാവുങ്ങല്‍ തറവാടിന്റെ പുതിയ കളരിമുറ്റത്തിരുന്ന് കാവുങ്ങല്‍ ചെറിയ ചാത്തുണ്ണിപ്പണിക്കര്‍ ആ പഴയ കഥകള്‍ പറഞ്ഞു.
ദൂരെ, സ്മൃതികളുടെ കാവില്‍ കേൡകാട്ടുയര്‍ന്നു.
കലകള്‍ക്കു കേള്‍വിപ്പെട്ട തിച്ചൂര്‍ ഗ്രാമത്തിന്റെ കുന്നും മലയും നിറഞ്ഞ നടവഴികളില്‍ കഥയും കാലവും ഇടകലര്‍ന്നു.
ഋതുസംക്രമണത്തേരിന്റെ പിന്‍വിളക്ക് കണ്ടുമോഹിച്ച് 'താത്രി' ക്കാലത്തിന്റെ കാണാചരിത്രത്തിലേയ്ക്കിറങ്ങിപ്പുറപ്പെട്ട വഴിയറിയാത്ത തീര്‍ത്ഥാടകനായിരുന്നു ഞാന്‍. ചാത്തുണ്ണിപ്പണിക്കരാവട്ടെ, ആ കാലത്തിന്റെ തീയില്‍നിന്നുയിര്‍ത്തേഴുന്നേറ്റുവന്ന സ്വന്തം അമ്മാവനെ (സാക്ഷാല്‍ കാവുങ്ങല്‍ ശങ്കരപ്പണിക്കരെ) തൊട്ടുനിന്ന് ചരിത്രം വായിച്ച ആളും (മൃണാളിനി സാരാഭായിയുടെ നൃത്തസംഘത്തില്‍ ആശാനായിരുന്ന ചാത്തുണ്ണിപ്പണിക്കര്‍ ഇന്നത്തെ നമ്മുടെ മികച്ച കഥകളി കലാകാരന്മാരിലൊരാളുമാണ്.)
ചാത്തുണ്ണിപ്പണിക്കര്‍ പറഞ്ഞു.
'ഭ്രഷ്ടനായി തെക്കോട്ടുപോയ ശങ്കരമ്മാമന്‍ പിന്നീട് മാത്തൂര്‍ കുഞ്ഞുപ്പിള്ളയാശാന്റെ കളിയോഗത്തില്‍ച്ചേര്‍ന്നു. കൊച്ചിമഹാരാജാവിന്റെ ഭ്രഷ്ടു കല്പന തിരുവിതാംകൂറില്‍ ബാധകമായിരുന്നില്ല. കുഞ്ഞുപ്പിള്ളയാശാന്റെ സ്വാധീനശക്തികൊണ്ട് തിരുവിതാംകൂറിലെ കൊട്ടാരം കളിയോഗത്തില്‍ വരെ ശങ്കരമ്മാമന്‍ വേഷക്കാരനായി. പക്ഷേ, പോവുമ്പോള്‍ താന്‍ മനസ്സിലുറപ്പിച്ച വാക്കുപാലിയ്ക്കാന്‍ അമ്മാമന്‍ പിന്നീട് നാട്ടില്‍ തിരിച്ചുവരികതന്നെ ചെയ്തു. ശങ്കരന്‍കുട്ടിയേട്ടനെ കളരിയില്‍ ചൊല്ലിയാടിച്ചു. (അദ്ദേഹമാണ് പിന്നീട് കാവുങ്ങല്‍ ശങ്കരന്‍ കുട്ടിപ്പണിക്കരെന്നു പ്രസിദ്ധനായത്). എന്നേയും ചൊല്ലിയാടിച്ചത് ശങ്കരമ്മാമനാണ്.'
പക്ഷേ, കൊച്ചിയിലേയും മലബാറിലേയും യാഥാസ്ഥിതിക കളിയോഗങ്ങള്‍ ശങ്കരപ്പണിക്കരെ അപ്പോഴും കൂട്ടിത്തൊടാന്‍ കൂട്ടാക്കിയില്ല. അതുകൊണ്ടു തന്നെ ദാരിദ്ര്യത്തോടും അവഹേളനത്തോടുമുള്ള ഒരു സമരമായിത്തീര്‍ന്നു പിന്നീടങ്ങോട്ടുള്ള ശങ്കരപ്പണിക്കരുടെ ജീവിതം.
ശങ്കപ്പണിക്കര്‍ പക്ഷേ, ഈ ഉപരോധങ്ങള്‍ക്ക് മുന്നില്‍ തോറ്റുകൊടുക്കാന്‍ തയ്യാറായിരുന്നില്ല. അദ്ദേഹത്തിന്റെ ഉള്ളിലെ സ്വാതന്ത്രേ്യച്ഛുവായ കലാകാരനെ സംബന്ധിച്ചിടത്തോളം അരങ്ങു തന്നെയായിരുന്നു പ്രതിരോധം. യാഥാസ്ഥിതികവാഴ്ചയുടെ കണ്‍വെട്ടത്തുതന്നെ സമാന്തരമായ ഒരു കഥകളിയരങ്ങുണ്ടാക്കുവാനുള്ള വിപ്ലവശ്രമം അങ്ങനെയാണ് ശങ്കരപ്പണിക്കര്‍ തുടങ്ങിവെക്കുന്നത്. അതിനദ്ദേഹം തന്റെ സമകാലികരായ പല കലാകാരന്മാരേയും കൂട്ടുപിടിച്ചു. നാട്ടുകാരുടെ കൂടി സഹായത്തോടെ ഒരു ജനകീയകഥകളി സംഘമുണ്ടാക്കി. ആദ്യമൊക്കെ പലരും മടിച്ചുനിന്നെങ്കിലും ശങ്കരപ്പണിക്കരുടെ സൗമ്യതയും സ്ഥിരോത്സാഹവും മൂലം പ്രശസ്തമായ പലരേയും അദ്ദേഹത്തിനു തന്റെ സംഘത്തില്‍ ചേര്‍ക്കാന്‍ കഴിഞ്ഞു.
കൊയ്‌തൊഴിഞ്ഞ മുണ്ടകന്‍ പാടങ്ങളിലും വെള്ളരിക്കണ്ടങ്ങളിലുമായിരുന്നു ഈ സംഘത്തിന്റെ കളിയരങ്ങുകള്‍. കട്ടയും, കശപിശയും, ചേറും പൊടിയുമൊക്കെ നീക്കി, പാടത്ത് അരങ്ങൊരുക്കാന്‍, കൂലിയൊന്നും വാങ്ങാതെതന്നെ കര്‍ഷകത്തൊഴിലാളികള്‍ മുന്നിട്ട് നടന്നു. എല്ലാ ഒത്താശകളും ചെയ്തുകൊടുക്കാന്‍ ജാതി-മതഭേദമില്ലാതെ നാട്ടുകാര്‍ പണിക്കരോടൊപ്പമുണ്ടായിരുന്നു. അന്നോളം തങ്ങള്‍ക്ക് നിഷിദ്ധമായിരുന്ന കല തങ്ങളിലേക്കിറക്കിക്കൊണ്ടുവന്ന ശങ്കരപ്പണിക്കരോട് അവര്‍ക്ക് അളവറ്റ സ്‌നേഹവും ബഹുമാനവുമുണ്ടായിരുന്നു. നാനാജാതിമതസ്ഥരായ സാധാരണ ജനങ്ങള്‍ ശങ്കരപ്പണിക്കരുടെ 'ഊമക്കളി' കാണാന്‍ പാടത്തു വന്നുകൂടി.
കഥകളി ആസ്വാദനത്തില്‍ യാതൊരുവിധ ശാസ്ത്രീയപരിശീലനമോ പരിചയമോ ഇല്ലാത്തവര്‍ക്ക് മുന്നിലാണ് താന്‍ കഥകളി അവതരിപ്പിക്കുന്നതെന്ന് ശങ്കരപ്പണിക്കര്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ കഥകളിയിലെ മുദ്രകളേയും കലാശങ്ങളേയും മനോധര്‍മ്മങ്ങളേയും അദ്ദേഹം കൂടുതല്‍ ജനകീയമാംവിധം നവീകരിച്ചു. ഈ പരിഷ്‌ക്കരണം, സ്വതവേ 'ലോകധര്‍മ്മി'യായിരുന്ന കപ്ലിങ്ങാടന്‍ കഥകളി ശൈലിക്ക് കൂടുതല്‍ വിപുലമായ ജനസമ്മതിയും പ്രചാരവുമുണ്ടാക്കി.
'ഇല്ലത്തെ ദാസിപ്പെണ്ണല്ല കഥകളി
ചെല്ലക്കിടാത്തിയിന്നെല്ലാവര്‍ക്കും
വേരും വിളയും പെരുകി, വേനല്‍ക്കാല-
വേലയായ് ഇക്കല വേര്‍പ്പിലാടി.
കല്ലയും മാലയും ചാര്‍ത്തിയ കന്നികള്‍
കല്യാണിയാള്‍ക്കുറ്റതോഴിമാരായ്
തച്ചോളിതേനനും ഭീമനും കൃഷ്ണയും
ആര്‍ച്ചയുമൊത്തു കളിക്കളത്തില്‍.
കാവുങ്ങലാശാന്‍ നടത്തീ കലാപങ്ങള്‍
കാലടിപ്പാടുകള്‍ സാക്ഷ്യപത്രം.'
(ഒരു കൂടിയാട്ടത്തിന്റെ കഥ)
പാടത്തെ ചേറിലും വിയര്‍പ്പിലും കുതിര്‍ന്ന് കാവുങ്ങല്‍ ശങ്കരന്റെ കീചകനും ഭീമനും നരകാസുരനും ഹനൂമാനും ബാലിയും നക്രതുണ്ഡിയും ദിഗ്വിജയം നടത്തുന്നത് യാഥാസ്ഥിതിക കഥകളി ആസ്വാദകരെ അമ്പരപ്പിച്ചു. അവര്‍ക്ക് തടുക്കാന്‍ കഴിയാത്തതായിരുന്നു ആ ജൈത്രയാത്ര.
വലിയ കഥകളിക്കമ്പക്കാരായ നമ്പൂതിരിമാര്‍ തലയില്‍ മുണ്ടിട്ട് പാടത്തു ചെന്ന് ശങ്കരന്റെ പുതിയ ജനകീയവേഷങ്ങള്‍ കണ്ടു. അവര്‍ പൊടിപ്പും തൊങ്ങലുംവെച്ചു പറഞ്ഞു കേട്ട കഥകള്‍ നാടുനീളെ പ്രചരിച്ചപ്പോള്‍ യാഥാസ്ഥിതികര്‍ക്കും ഇല്ലപ്പറമ്പുകള്‍ വിട്ട് പാടത്തേക്ക് വരേണ്ടിവന്നു. ഉത്തമസഹൃദയരായ പല നമ്പൂതിരിമാരും മുണ്ടകന്‍പാടത്തെ അരങ്ങുകളുടെ മുന്‍നിരയില്‍ പരസ്യമായിത്തന്നെ വന്നിരിക്കാനും തുടങ്ങി.
മനമുറ്റങ്ങളിലെയും അമ്പലപ്പറമ്പുകളിലെയും ജാതിവ്യവസ്ഥാധിഷ്ഠിതമായ ഇത്തിരിവെട്ടത്തുനിന്ന് കൃഷിചെയ്യുന്ന മണ്ണിലെ ജനകീയധാരയിലേക്ക് കഥകളിയെ വിമോചിപ്പിക്കുകയാണ് ശങ്കരപ്പണിക്കര്‍ തന്റെ കലാകലാപംകൊണ്ട് ചെയ്തത്. ഒരു കല എന്ന നിലയില്‍ കഥകളി 'സെക്കുലര്‍' ആയത് അപ്പോള്‍ മുതലാണ്. അതുവഴി കഥകളിക്കും സാധാരണ മനുഷ്യര്‍ക്കുമിടയിലുണ്ടായിരുന്ന ഭ്രഷ്ടിന്റെ അതിര്‍ വരമ്പുകള്‍ അദ്ദേഹം വിച്ഛേദിച്ചു. നമ്മുടെ സാംസ്‌കാരികചരിത്രത്തിലെ സുപ്രധാനമായ ഒരു പരിവര്‍ത്തനമായിരുന്നു അത്. ഒരുപക്ഷേ, പ്രത്യയശാസ്ത്രങ്ങളും പ്രകടനപത്രികകളുമില്ലാതെ നടന്ന നിശ്ശബ്ദമായ ഒരു വിപ്ലവം.
കലാവിപ്ലവങ്ങളിലൂടെ ജനസമ്മതി നേടിക്കഴിഞ്ഞിട്ടും പക്ഷേ, തനിക്ക് ഭ്രഷ്ട് കല്പിച്ച അധികാരസ്ഥാനങ്ങളെക്കൊണ്ടുതന്നെ ഭ്രഷ്ട് ഒഴിവാക്കിക്കണമെന്ന, അല്പം കടന്ന ഒരു വാശിയും കൂടി ശങ്കരപ്പണിക്കര്‍ക്കുണ്ടായിരുന്നു.
അവസാനകാലംവരെ ശങ്കരപ്പണിക്കര്‍ ആ മോഹം മനസ്സില്‍ വെച്ചു നടന്നുവെന്ന് ചാത്തുണ്ണിപ്പണിക്കര്‍ ഓര്‍ക്കുന്നു.
'എട്ടുരൂപ അരങ്ങുപണം വാങ്ങി പാടത്ത് കളിക്കുന്ന കാലത്തൊക്കെ ഒരു കുട്ടിത്തരം വേഷമായി ഞാന്‍ ശങ്കരമ്മാമന്റെ സംഘത്തിലുണ്ട്. അന്ന് കവളപ്പാറ നാരായണന്‍നായരേയും ആശാരി കോപ്പന്‍നായരേയും കോട്ടപ്പടി മാധവപ്പണിക്കരേയുംപോലുള്ള ഒന്നാംകിടക്കാരൊക്കെ ഞങ്ങളോടൊപ്പം വരാന്‍ തുടങ്ങിയിരുന്നു. അവരോടൊക്കെ ശങ്കരമ്മാമന്‍ പറയും. 'ഭ്രഷ്ട് നീക്കി അമ്പലത്തിലും കോലോത്തും മനയ്ക്കലുമൊക്കെ ഒന്നു കേറണം. കൊച്ചിത്തമ്പുരാന്റെ കയ്യിന്ന് ഒരോണപ്പുടവയും വാങ്ങണം. അതുംകൂടി കഴിഞ്ഞേ ശങ്കരന്‍ കണ്ണടയ്ക്കൂ.'
ഒടുവില്‍ അതിനവസരമുണ്ടാക്കിക്കൊടുത്തത് വിശ്വാസപ്രമാണങ്ങള്‍കൊണ്ട് യാഥാസ്ഥിതികന്‍തന്നെയായിരുന്ന മദ്ദളവിദഗ്ദന്‍ വെങ്കിച്ചന്‍ സ്വാമി.
ചിറ്റൂര്‍ക്കുള്ള ഒരു യാത്രയ്ക്കിടയില്‍ കൊല്ലവര്‍ഷം 1111 കന്നിമാസം 10-നു കൊച്ചി മഹാരാജാവ്, രാജാ വാസുദേവരാജാവിന്റെ ക്ഷണം സ്വീകരിച്ച് കൊല്ലങ്കോട് കോവിലകം സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരുന്നു. ആ സന്ദര്‍ഭത്തില്‍ കൊച്ചി മഹാരാജാവിന്റെ മുന്‍പാകെ കാവുങ്ങല്‍ ശങ്കരപ്പണിക്കരുടെ ഒരു വേഷം അവതരിപ്പിക്കുവാനാണ് വെങ്കിച്ചന്‍സാമി ഏര്‍പ്പാടുണ്ടാക്കിയത്. 'ബകവധ'ത്തിലെ ഭീമസേനനായിരുന്നു വേഷം.
അനുജന്‍ കുട്ടികൃഷ്ണപ്പണിക്കരും പാട്ടുകാരന്‍ കേശവന്‍ നായരും ബാലനായ മരുമകന്‍ ചെറിയ ചാത്തുണ്ണിപ്പണിക്കരുമൊത്ത് ശങ്കരപ്പണിക്കര്‍ നേരത്തെത്തന്നെ വെങ്ങുനാട്ടു കോവിലകത്തെത്തി. വിളക്കുവെച്ചതോടുകൂടി നാടകശാലയുടെ ഒരു മൂലയ്ക്കുപോയി ചുട്ടിയും തേപ്പും അണിയലുമെല്ലാം കഴിച്ച് ശങ്കരപ്പണിക്കര്‍ ഒരുങ്ങിയിരുന്നു.
അപ്പോഴേക്കും രംഗമാകെ മാറി. ഏതോ ചില യാഥാസ്ഥിതിക പ്രമാണിമാര്‍ വിവരമറിഞ്ഞു കൊട്ടാരത്തിലെത്തി വലിയ ബഹളമുണ്ടാക്കി. 'കൊച്ചിത്തമ്പുരാന്റെ മുന്നില്‍ ശങ്കരനെ കളിപ്പിച്ചാല്‍ നാടകശാലയ്ക്ക് തീവെക്കും' എന്നുവരെ ഭീഷണിയുണ്ടായി. സ്വതവേ സാത്വികനായ രാജാ വാസുദേവരാജ ആകപ്പാടെ ഭയപ്പെട്ട് ശങ്കരപ്പണി ക്കരുടെ വേഷം വേണ്ടെന്നു കല്പിച്ചു. അപ്പോഴേക്കും നാടകശാലയില്‍ ഓടിയെത്തിയ ചിലര്‍ ശങ്കരപ്പണിക്കരുടെ മുഖത്തെ തേപ്പും അണിയലും ബലമായി മായ്ച്ചുകളഞ്ഞു.
'ശങ്കരമ്മാമന്‍ ആകപ്പാടെ തകര്‍ന്നുപോയി. പാതി മാഞ്ഞു വികൃതമായ മുഖത്തെ ചുട്ടിക്കുമീതെ കണ്ണുനീര്‍ ധാരധാരയായി പ്രവഹിച്ചു. 'കോപ്പും കിരീടവും പെട്ടിയും ഒന്നാകെ തീയിട്ട് ആ തീയില്‍ ഇവിടെത്തന്നെ ജീവന്‍ അവസാനിപ്പിക്കുകയാണ്' എന്നു പറഞ്ഞെഴുന്നേറ്റു. എന്തുവന്നാലും കുലുങ്ങാത്ത അമ്മാവന്റെ ഈ പ്രകൃതമാറ്റംകണ്ട് ഞങ്ങളെല്ലാവരും നിലവിളിക്കാന്‍ തുടങ്ങി. ശുദ്ധഹൃദയനായ വെങ്കിച്ചന്‍ സ്വാമിയാവട്ടെ അതിലേറെ പരവശനായി. ഒടുവില്‍ സ്വന്തം പൂണൂലുതൊട്ട് സ്വാമി സത്യം ചെയ്തു. 'നാളെ, ഇവിടെയല്ലെങ്കില്‍ ചിറ്റൂര്‌വെച്ച് കൊച്ചിത്തമ്പുരാന്റെ മുന്നില്‍ ശങ്കരപ്പണിക്കര്‍ ആടും. വെങ്കിച്ചനാണു പറയുന്നത്. പണിക്കരുടെ വേഷത്തിനേ ഉള്ളൂ ഇനി വെങ്കിച്ചന്റെ മദ്ദളം.
എങ്ങിനെയാണ് വെങ്കിച്ചന്‍സ്വാമി അത് സാധ്യമാക്കിയതെന്നറിഞ്ഞുകൂടാ. പിറ്റേന്ന് ജാതിഭ്രഷ്ടിന്റെ ചരിത്രത്തിലാദ്യമായി അങ്ങനെയൊരു സംഭവമുണ്ടായി.
ഭ്രഷ്ട് കല്പിച്ചു തിരസ്‌ക്കരിച്ച രാജാധികാരത്തിന്റെ കണ്മുന്നില്‍ത്തന്നെ ഒരു കലാകാരന്‍ ഭ്രഷ്ട് തീര്‍ത്ത് വേഷം കെട്ടി. ഭ്രഷ്ടാക്കിയ അധികാരസ്ഥാനത്തുനിന്നുതന്നെ ഓണപ്പുടവയും വാങ്ങി.
ഈ സംഭവത്തെത്തുടര്‍ന്ന് പല്ലശ്ശന, തിരുവാലത്തൂര്‍ എന്നീ ദേശക്ഷേത്രങ്ങളില്‍ ഭ്രഷ്ട് നീക്കി കാവുങ്ങല്‍ ശങ്കരപ്പണിക്കരുടെ വേഷമുണ്ടായി. പിന്നെ ഏതാനും മാസമേ അദ്ദേഹം ജീവിച്ചിരുന്നുള്ളൂ. ഭ്രഷ്ടും തിരസ്‌ക്കാരവും വ്യവസ്ഥാനിരാസവും, കലാപവും, അതിജീവനവും കഴിഞ്ഞ് വീണ്ടും വ്യവസ്ഥാ സ്വീകരണത്തിലെത്തിയ സംഭവ ബഹുലമായ ജീവിതചക്രം പൂര്‍ത്തിയാക്കി കൊല്ലവര്‍ഷം 1111 മിഥുനമാസത്തില്‍ ശങ്കരപ്പണിക്കര്‍ ഈ ലോകം വിട്ടുപോയി.
ശങ്കരപ്പണിക്കരുടെ ജീവിതകലാപങ്ങള്‍ക്ക്, കുറിയേടത്തു താത്രിയുമായുണ്ടായ അവിഹിതവേഴ്ചയും ഭ്രഷ്ടും സുപ്രധാന കാരണങ്ങളായിരുന്നു. ഭ്രഷ്ടും തിരസ്‌ക്കാരവുമാണ് സ്വന്തം നിലനില്പിന്നുവേണ്ടി ഒരു വിച്ഛേദവും കലാപവുമുണ്ടാക്കാന്‍ ശങ്കരപ്പണിക്കരെ പ്രേരിപ്പിച്ചത്. അല്ലാത്തപക്ഷം വ്യവസ്ഥയുടെ പരിമിതമായ സ്വാതന്ത്ര്യങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് വ്യവസ്ഥയുടെ പരിരക്ഷ കാംക്ഷിക്കുന്ന ഒരു വിധേയകലാകാരനായി അദ്ദേഹം ചരിത്രത്തില്‍ ഒടുങ്ങുമായിരുന്നു. അവസാനകാലത്ത് തന്നെ തിരസ്‌ക്കരിച്ച പഴയ വ്യവസ്ഥയുടെ രക്ഷാപുരുഷന്മാരില്‍ നിന്ന് ലഭിച്ച അംഗീകാരം ജീവിതസാഫല്യമായി അദ്ദേഹം കരുതിയത് അതുകൊണ്ടാണല്ലോ.
താത്രിക്ക് പക്ഷേ, ഈവിധം വ്യവസ്ഥയുടെ പരിരക്ഷണത്തിലേക്ക് തിരിച്ചുചെല്ലാന്‍ കഴിയുമായിരുന്നില്ല. ചെന്നാല്‍ത്തന്നെ സ്വീകരിക്കപ്പെടുമായിരുന്നുമില്ല. വ്യഭിചാരവും വേശ്യാസംഗമവും തന്റെ മൗലികാവകാശമാണെന്നുവരെ പറയാന്‍ മടിയില്ലാതിരുന്ന അന്നത്തെ പുരുഷനെ സംബന്ധിച്ച് താത്രിയെ 'വേശ്യ'യാക്കി ചരിത്രത്തില്‍ ഒതുക്കുന്നതായിരുന്നു അഭികാമ്യം.
എന്നാല്‍ സ്ത്രീ മാത്രം വിചാരിച്ചാല്‍ അവള്‍ വേശ്യയാവില്ലെന്ന ലളിതമായ സത്യം ചരിത്രത്തെ വീണ്ടും വീണ്ടും ഓര്‍മിപ്പിക്കുകയാണ് അവള്‍ തന്റെ കലാപംകൊണ്ട് ചെയ്തത്.
കുറിയേടത്തു താത്രി ഉപകരണവും ഉദ്ദേശ്യവുമായ സ്ത്രീയായിരുന്നു.
കാരണവും കാര്യവുമായ പ്രകൃതി. ചരിത്രത്തിലായാലും പുരാണത്തിലായാലും പലപ്പോഴും അതിനിര്‍ണായകമായ കാരണമായിത്തീരാനുള്ള വിധി സ്ത്രീയുടേതാണ്. പാഞ്ചാലിയുടെ പരിഹാസച്ചിരിയായും കൈകേയിയുടെ ഇടപെടലായും മേനകയുടെ കലാപ്രകടനമായും ഇത്തരം 'സ്ത്രീകാരണ'ങ്ങള്‍ പുരാവൃത്തങ്ങളില്‍ ധാരാളമുണ്ട്.
സെമിറ്റിക് പുരാണ പ്രകാരം മനുഷ്യന്റെ ആദിപാപത്തിനും ആദിഭ്രഷ്ടിനും തന്നെ കാരണം സ്ത്രീയാണല്ലോ.
'മനുഷ്യന് ആദ്യം ഭ്രഷ്ട് കല്പിച്ചത് ദൈവം. താത്രിക്ക് ഭൂദൈവം. ഇവിടെ സാരമായ ഒരു വ്യത്യാസമുണ്ട്. ആദിയില്‍ സ്ത്രീ തനിച്ചല്ല ഭ്രഷ്ടായത്. ഇണയും തുണയുമായ പുരുഷനും കൂടെയുണ്ടായിരുന്നു. പാവം താത്രിക്ക് അവളുടേതെന്നവകാശപ്പെടാന്‍ പടിയിറങ്ങിപ്പോരുമ്പോള്‍ ഒരിണയും തുണയും ഉണ്ടായിരുന്നില്ല. അവരുമായി ബന്ധപ്പെട്ട പുരുഷന്മാരൊക്കെ ഭ്രഷ്ടായെങ്കിലും അവരിലൊരാള്‍ക്ക് പോലും താത്രിയുടെ സ്വന്തം ആണ്‍പിറന്നോനായി ജീവിക്കാവുന്ന സാഹചര്യം ഉണ്ടായില്ല'. (എം.ഗോവിന്ദന്‍)
ഗോവിന്ദന്‍ പറയുന്നത് താത്രിക്കുട്ടി എന്ന കേവല മനുഷ്യസ്ത്രീയെക്കുറിച്ചാണ്. അവള്‍ക്കുമുണ്ടായിരുന്നിരിക്കയില്ലേ സ്ത്രീത്വത്തിന്റെ കുറച്ചെങ്കിലുമൊക്കെ മോഹങ്ങള്‍.
എല്ലാ പ്രതികാരങ്ങളുമവസാനിപ്പിച്ച് പടിയിറങ്ങുമ്പോള്‍, ഭ്രഷ്ടിന്റെ അവസാന നിമിഷങ്ങളില്‍പ്പോലും, പ്രണയപൂര്‍ണമായ ഒരു രണ്ടാംജീവിതം താത്രിക്കുട്ടി മോഹിച്ചിരുന്നു എന്നു കേട്ടിട്ടുണ്ട്. അതിനവള്‍ക്ക് പ്രതീക്ഷകള്‍ക്കപ്പുറം ഒരു പ്രതീക്ഷയുമുണ്ടായിരുന്നു.
അറുപത്തിഅഞ്ചാമത്തെ പേര് സ്മാര്‍ത്തന്റേയോ മഹാരാജാവിന്റേയോ വിലക്കു പേടിച്ചല്ല താത്രിക്കുട്ടി പുറത്തു പറയാതിരുന്നത്. യഥാര്‍ത്ഥത്തില്‍ ആ പുരുഷന്‍ അറുപത്തി അഞ്ചാമനുമായിരുന്നില്ല.
പ്രതികാരത്തിന്റെ കലുഷതയിലേയ്ക്കും അശാന്തിയിലേയ്ക്കും സ്വയം കത്തിച്ചിറങ്ങുന്നതിനിടയില്‍ സംഗീതസാന്ദ്രമായ ഒരു പ്രണയം താത്രിയുടെ ജീവിതത്തെ അഗാധമായി സ്പര്‍ശിച്ചു കടന്നുപോയിരുന്നതായി ഒരു കേള്‍വിയുണ്ട്. കൊച്ചി മഹാരാജാവിന്റെ അടുത്ത ചാര്‍ച്ചക്കാരനായ ഒരു തമ്പുരാനായിരുന്നുവത്രെ ആ പ്രണയകഥയിലെ നായകന്‍. സംഗീതപ്രണയിയും കലാരസികനുമായിരുന്ന ഒരുത്തമ സുഭഗന്‍.
അദ്ദേഹവുമായി ഏതോ വിധത്തില്‍ സംഭവിച്ച ചില ഗാന്ധര്‍വസമാഗമങ്ങളുടെ സമ്മാനമായിരുന്നു അറുപത്തിയഞ്ചാമൂഴത്തില്‍ താത്രിക്കുട്ടി ഉയര്‍ത്തിക്കാട്ടിയ അടയാളമോതിരം.
കാവുങ്ങല്‍ ശങ്കരപ്പണിക്കര്‍ താത്രിക്കുട്ടിയില്‍ രതി ഒരു സൗന്ദര്യാനുഭവമാക്കി വളര്‍ത്തിയെങ്കില്‍, ഈ ഗന്ധര്‍വകാമുകന്‍ നിര്‍വേദത്തിന്റെ അലൗകികമായ പ്രണയാനുഭവമാണ് താത്രിയില്‍ സാക്ഷാത്ക്കരിച്ചത്.
അതുകൊണ്ടുതന്നെ ഭ്രഷ്ടയുടെ നികൃഷ്ടജന്മത്തിലേയ്ക്ക് പടിയിറക്കപ്പെടുമ്പോഴും ഒരു പ്രണയത്തിന്റെ കൈത്താങ്ങില്‍ അവള്‍ വിശ്വാസമര്‍പ്പിച്ചിരുന്നു. എല്ലാ മലിനീകരണങ്ങള്‍ക്കുമപ്പുറം അകളങ്കമായി നില്ക്കുന്ന തന്റെ ആത്മശുദ്ധിയെ സ്വീകരിക്കാന്‍ ഒരാള്‍ വരും എന്ന് വെറുതെയെങ്കിലും ഒരു മോഹം.
ഒരു പക്ഷേ, ശീമോന്റെ മേടയ്ക്ക് പുറത്ത് മനുഷ്യപുത്രനെ കാത്തുനിന്ന പാപിനിയായ മഗ്ദലനക്കാരിയെപ്പോലെ.
കബന്ധമായി ചുടലക്കാട്ടില്‍ കിടക്കുമ്പോഴും ഉപഗുപ്തനെ പ്രതീക്ഷിച്ച രാജഗണികയായ വാസവദത്തയെപ്പോലെ.
പക്ഷേ, തിരസ്‌കൃത ജീവിതത്തിന്റെ അനാഥരഥ്യയിലേയ്ക്ക് ഒരു പ്രണയവും, അവളുടെ കൈപിടിക്കുവാന്‍ ചെന്നില്ല. താത്രിക്കുട്ടി ക്ക് പിന്നീടെന്തു സംഭവിച്ചു എന്ന് ഒരാളും അന്വേഷിക്കാന്‍ മെനക്കെട്ടതുമില്ല.
1905-ല്‍ താത്രിക്കുട്ടി മരിച്ചില്ല എന്നത് സത്യമാണ്. മരിച്ചവരുടെ കൂട്ടത്തിലേയ്ക്ക് സമൂഹം അവളെ ഇറക്കിവിടുകയാണ് ചെയ്തത്.
സ്മാര്‍ത്തവിചാരനീതിയനുസരിച്ച് സമുദായഭ്രഷ്ടയായ സ്ത്രീയുടെ സംരക്ഷണച്ചുമതല മഹാരാജാവിനാണ്.
അശുദ്ധമായ ഏതെങ്കിലും നദീതീരത്ത് ഇത്തിരി സ്ഥലവും ഒരു വീടും.
അതാണ് വൈദിക വിധി.
അതുപ്രകാരം താത്രിക്കുട്ടിക്കും കിട്ടി പെരിയാറിന്റെ തീരത്തൊരു ചാവുനിലം എന്നു കേട്ടിട്ടുണ്ട്.
താത്രിക്കുട്ടി അവിടെ താമസിച്ചുവോ എന്നറിഞ്ഞുകൂടാ...
ഏതോ ചെട്ടിയാരുടെയോ, ആംഗ്ലോ ഇന്ത്യന്‍ ക്രിസ്ത്യാനിയുടെയോ കൂടെ പാണ്ടിനാട്ടിലേയ്ക്ക് പോയി എന്നാണ് കേള്‍വി. (മുന്‍കാലങ്ങളില്‍ ഭ്രഷ്ടരായ പല സ്ത്രീകളും പോയതു പോലെത്തന്നെ.)
പിന്നീട് മൂന്നു മക്കളുണ്ടായി എന്നും പ്രബലമായ കേട്ടുകേള്‍വിയുണ്ട്. രണ്ടു പെണ്‍മക്കളും ഒരാണ്‍കുട്ടിയും.
പെണ്‍മക്കളില്‍ ഒരാള്‍ പാലക്കാട്ടും ഒരാള്‍ മദിരാശിയിലും ജീവിച്ചിരുന്നു.
മദിരാശിയിലെ മകളുടെ മകള്‍ മലയാളത്തിലെ അതിപ്രശസ്തയായ ചലച്ചിത്രനടിയായിരുന്നു.
ഇതൊക്കെയും കേട്ട്‌കേട്ട് മിക്കവാറും എല്ലാവര്‍ക്കും അറിയാവുന്നതും സത്യമെന്ന് ഉത്തമബോധ്യം തോന്നിക്കഴിഞ്ഞിരിക്കുന്നതുമായ കേട്ടുകേള്‍വികളാണ്.
യഥാര്‍ത്ഥ സത്യം പക്ഷേ, താത്രിക്കുട്ടിയുടെ യഥാര്‍ത്ഥ കഥപോലെത്തന്നെ ദുരൂഹമാകുന്നു.
അറുപത്തിയഞ്ചോ അതിലധികമോ പുരുഷന്മാരുമായി ബന്ധപ്പെട്ടിട്ടും സന്താനങ്ങളുണ്ടാവാത്തവള്‍ക്ക് രണ്ടാം ജീവിതത്തില്‍ മൂന്നു കുഞ്ഞുങ്ങള്‍!
വിചിത്രമായ ഈ കടങ്കഥയിലൊതുങ്ങിപ്പോയിരിക്കുന്നു മലയാള മനസ്സില്‍ താത്രിക്കുട്ടിയുടെ ഭ്രഷ്ടിനു ശേഷമുള്ള ജീവിതം.
പക്ഷേ, താത്രിക്കുട്ടി കുറേക്കാലം കൂടി ജീവിച്ചിരുന്നു എന്നത് സത്യമാണ്. താനുണ്ടാക്കിയ കോലാഹലങ്ങളുടെ അനന്തരഫലങ്ങളെല്ലാം നിരീക്ഷിച്ചു കരയുകയോ ചിരിക്കുകയോ ചെയ്തിരിക്കണം അവള്‍.
എന്നാല്‍ ഭ്രഷ്ടരായ പുരുഷന്മാരോ?
ഒട്ടുമിക്കവര്‍ക്കും കുറേ കാലത്തേയ്‌ക്കെങ്കിലും ഒരുപാട് ക്ലേശങ്ങളും അപമാനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നു. ഇന്നത്തെ പെണ്‍വാണിഭങ്ങളില്‍ പ്രതികളാവുന്ന പുരുഷന്മാരെപ്പോലെ വീരനായകപരിവേഷമൊന്നും അവര്‍ക്കാര്‍ക്കും ലഭിച്ചില്ല. ചിലര്‍ സമൂഹത്തിനെ അവമതിയും പരിഹാസവും ഭയന്ന് ജാതിയും കുലവും മാറി പ്രച്ഛന്നജീവിതം നയിച്ചു. പലരും നാടും വീടും വിട്ടുപോയി.
അങ്ങനെ നാടുവിട്ടുപോയ ഒരാളുടെ ചരിത്രം എം. ഗോവിന്ദന്‍ തന്നെ ഇപ്രകാരം രേഖപ്പെടുത്തിയിട്ടുണ്ട്.
'അയാള്‍ തൃശ്ശൂര്‍ നഗരത്തില്‍ മുന്‍സിപ്പോ മജിസ്‌ട്രേട്ടോ ആയ വിവാഹിതനായ ഒരു മേനോനായിരുന്നു. സ്മാര്‍ത്തവിചാരം കഴിഞ്ഞ് അദ്ദേഹം ഭ്രഷ്ടന്മാരുടെ പട്ടികയില്‍പെട്ടപ്പോള്‍ നീതിന്യായ വകുപ്പുകാരനായ ഭര്‍ത്താവിനെ ഭാര്യയും വീട്ടുകാരും ഉപേക്ഷിക്കാനിടവന്നു. അയാള്‍ നാടുവിടാന്‍ തീരുമാനിച്ചു. അപ്പോഴും ചെറുപ്പമായിരുന്നതിനാല്‍ പാലക്കാടിന്റെ പരിസരത്തു നിന്ന് ഒരു സാധുസ്ത്രീയെ വിവാഹം ചെയ്ത് സിലോണില്‍ സ്ഥിരതാമസമാക്കി. രണ്ടു ആണ്‍മക്കളുമുണ്ടായി. കുറച്ചു കാലത്തിനുള്ളില്‍ വലിയ സമ്പാദ്യമൊന്നും ഉണ്ടാക്കിെവക്കാതെ അദ്ദേഹം ചരമമടഞ്ഞു. അദ്ദേഹത്തിന്റെ വിധവ പാലക്കാട്ടേയ്ക്കു മടങ്ങാതെ രണ്ടു കുട്ടികളുമായി തമിഴ്‌നാട്ടിലെ ഒരു നഗരത്തില്‍ വന്നുപെട്ടു. പിന്നീട് വീട്ടുജോലിയും മറ്റുമെടുത്ത് മക്കളെ പോറ്റി വളര്‍ത്തി. ആ രണ്ടു കുട്ടികളും പില്‍ക്കാലത്ത് വളരെ പേരും പെരുമയും നേടി. രണ്ടുപേരും പ്രശസ്ത നടന്മാരായി. ഒരാള്‍ ഒരു ജനതയുടെ ആകമാനം കണ്ണിലുണ്ണിയും ഭരണാധികാരിയുമായി'.
ഇങ്ങിനെ ഭ്രഷ്ടിനെ അതിജീവിക്കാന്‍ ശ്രമിച്ച പുരുഷന്മാരുടെ ചരിത്രംതന്നെ ഇതിഹാസസമം ബൃഹത്താണ്.
ആഢ്യന്മാരായ പല ബ്രാഹ്‌മണരും സമുദായത്തിലുള്ള അവരുടെ സാമ്പത്തിക സ്വാധീനവും പ്രമാണിത്തവും ഉപയോഗിച്ചാണ് ഭ്രഷ്ടിനെ മറികടക്കാന്‍ ശ്രമിച്ചത്. ചില ആഢ്യബ്രാഹ്‌മണ കുടുംബങ്ങള്‍ ഭ്രഷ്ടരായ അപ്ഫന്മാര്‍ക്ക് കിഴക്കന്‍ വനമേഖലയിലെ ഭൂമികള്‍ ജന്മാവകാശം ചാര്‍ത്തിക്കൊടുക്കുകയും അവരെ അവിടെ പുനരധിവസിപ്പിക്കുകയും ചെയ്തു. അതു പക്ഷേ, പിന്നീട് ബ്രഹ്‌മസ്വങ്ങളെ സംബന്ധിച്ചുള്ള ചില പൊളിച്ചെഴുത്തുകള്‍ക്ക് കാരണമായി. മൂസാമ്പൂരിമാര്‍ മാത്രം കൈവശം വെച്ചനുഭവിച്ചുപോന്നിരുന്ന ഇല്ലങ്ങളിലെ സ്വത്തവകാശങ്ങളെച്ചൊല്ലി അപ്ഫന്മാര്‍ ചില തര്‍ക്കങ്ങളും വ്യവഹാരങ്ങളുമുന്നയിക്കുകയും വളരെ പില്‍ക്കാലത്തുണ്ടായ ബ്രഹ്‌മസ്വം നിയമപരിഷ്‌ക്കരണങ്ങള്‍ക്കു വരെ അത് വഴിതുറക്കുകയും ചെയ്തു.
താത്രീസംഭവത്തിന്റെ ഉപഫലമായി ഇങ്ങനെ ദൂരവ്യാപകമായ ഫലങ്ങളുണ്ടാക്കിയ ഒട്ടനവധി സാമുദായികാന്തഃക്ഷോഭങ്ങളുണ്ടായി. സാമൂഹികാന്തരീക്ഷത്തില്‍ ആകപ്പാടെ സംഘര്‍ഷഭരിതമായ കലുഷതയും കൂട്ടക്കുഴപ്പവുമുണ്ടാക്കിയ സ്‌ഫോടനമായിരുന്നുവല്ലോ അത്.
കീഴാളസമുദായങ്ങളില്‍ അപ്പോഴേക്കും ചില സംഘടനകളും അവകാശബോധങ്ങളും അങ്കുരിച്ചുകഴിഞ്ഞിരുന്നതുകൊണ്ട് ബ്രാഹ്‌മണസമുദായത്തിന് മാത്രം ബാധകമായ സ്മൃതിനിയമങ്ങളനുസരിച്ചുള്ള ഭ്രഷ്ടിനെ തങ്ങള്‍ വിലവെയ്‌ക്കേണ്ടതില്ലെന്ന് ബ്രാഹ്‌മണേതര സമുദായക്കാരായ ചില ഭ്രഷ്ടരെങ്കിലും തീരുമാനിച്ചു. അതും ചില അന്തഃസംഘര്‍ഷങ്ങള്‍ക്ക് വഴിവെച്ചു. ഇംഗ്ലീഷ് വിദ്യാഭ്യാസം സിദ്ധിച്ച ചുരുക്കം ചില ഭ്രഷ്ടന്മാരുടെയും അവരുടെ ബന്ധുക്കളുടെയും പക്ഷത്തുനിന്ന് അന്നത്തെ ലോകമനുഷ്യാവകാശ ചിന്തകളുന്നയിച്ചുള്ള ചില പ്രതിരോധങ്ങളുണ്ടായി. 1905-ലെ സ്മാര്‍ത്ത വിചാരത്തില്‍ പുരുഷവിചാരണ വേണ്ടിവന്നതുതന്നെ കാലസ്ഥിതി അനുസരിച്ചുള്ള ഇത്തരം മനുഷ്യാവകാശ ചിന്തയുടെ ഇടപെടല്‍ മൂലമാണല്ലോ.
ഇങ്ങനെ അറുപത്തിനാലു പുരുഷന്മാരും അവരുടെ ബന്ധുക്കളും സ്വരക്ഷയ്ക്കു വേണ്ടി നടത്തിയ ചെറുത്തുനില്പുകള്‍ പോലും പുരോഗമനോന്മുഖമായിത്തുടങ്ങിയിരുന്ന അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ നവോത്ഥാനത്തിനുള്ള രാസത്വരകശക്തികളായി പ്രവര്‍ത്തിച്ചു. കാവുങ്ങല്‍ ശങ്കരപ്പണിക്കരെപ്പോലുള്ളവരുടെ കലാപമാവട്ടെ അതിപ്രധാനമായ സാംസ്‌കാരിക വിസ്‌ഫോടനമായിത്തീരുകയും ചെയ്തു.
ഇതിനെല്ലാമുപരിയായി, അക്കാലത്തെ മനുഷ്യസ്‌നേഹികളായ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തകര്‍ എല്ലാത്തരം പ്രതിരോധങ്ങളേയും കൂട്ടിയിണക്കുന്നതിലും പരിവര്‍ത്തനോന്മുഖമാക്കുന്നതിലും സൂക്ഷ്മമായ ജാഗ്രതയും ആത്മാര്‍ത്ഥതയും പാലിച്ചു. താത്രി ഉയര്‍ ത്തിയ കലാപത്തിന്റെ അന്തഃസ്സത്തയെ അവര്‍ മനുഷ്യാവകാശപുനഃസ്ഥാപനത്തിന്റെ ശക്തിയാക്കിത്തീര്‍ക്കുകയാണ് ചെയ്തത്.
1905-ലെ സ്മാര്‍ത്തവിചാരം കഴിഞ്ഞ് അതിന്റെ കോലാഹലങ്ങ ളൊടുങ്ങുന്നതിന് മുന്‍പുതന്നെ 1907-ല്‍ നമ്പൂതിരിയോഗക്ഷേമസഭ സ്ഥാപിതമായത് കേവലമായ യാദൃച്ഛികതമൂലമല്ല. ജീവിതശുദ്ധീകരണത്തിനും അര്‍ത്ഥവത്തായൊരു കൂട്ടായ്മയും പ്രസ്ഥാനവും തങ്ങള്‍ ക്കാവശ്യമാണെന്ന ബോധം നമ്പൂതിരിമാരില്‍ അങ്കുരിപ്പിക്കാന്‍ കുറിയേടത്തു താത്രി എന്ന കുത്സിതവൃത്തിക്കാരിയായ അന്തര്‍ജ്ജനത്തിനു കഴിഞ്ഞു എന്ന ചരിത്രസത്യം യോഗക്ഷേമസഭയുടെ ആവിര്‍ഭാവ ത്തിന് പിറകിലുണ്ട്. യോഗക്ഷേമസഭയില്‍ നിന്നാണല്ലോ ഉണ്ണിനമ്പൂതിരി പക്ഷവും നമ്പൂതിരി വിപ്ലവവും വി.ടി.ഭട്ടതിരിപ്പാടും ഇ.എം.എസ്സ്.നമ്പൂതിരിപ്പാടുമൊക്കെ വരുന്നത്.
ഇതെല്ലാം മുന്‍കൂട്ടി കണ്ടുകൊണ്ട് കുറിയേടത്തു താത്രി തന്റെ കലാപപദ്ധതി ആവിഷ്‌ക്കരിച്ചു എന്നു സ്ഥാപിക്കുകയല്ല; മറിച്ച് അശനിപാതം പോലെ വന്നുവീണു വിസ്‌ഫോടനമുണ്ടാക്കിയ താത്രീവിചാരം പില്‍ക്കാലത്തെ സാമൂഹ്യഘടനയെ ആഴത്തില്‍ പിടിച്ചുകുലുക്കാനും പുരോഗമനോന്മുഖമാക്കാനും കാരണമായി എന്ന് ഇന്ന് നാം വിലയിരുത്തുകയാണ്.
കാലാന്തരത്തില്‍ കലാപക്കാരിയായിത്തീര്‍ന്ന കുറിയേടത്തു താത്രിയുടെ കഥ പലവിധത്തില്‍ നമ്മുടെ സമൂഹത്തിന്റെ നവോത്ഥാനകഥയും വ്യഥയുമായിത്തീര്‍ന്നു.
താത്രീകലാപത്തിന്റെ ശേഷിപ്പുകള്‍
താത്രീകലാപത്തിന്റെ സുപ്രധാനമായ ശേഷിപ്പ്, നമ്പൂതിരിയോഗക്ഷേമസഭയ്ക്കുള്ളില്‍ നിന്ന് രൂപപ്പെട്ട കേരളത്തിന്റെ നവോത്ഥാനകാല സ്ത്രീവിമോചന ചരിത്രമാണ്.
1905-ലെ സ്മാര്‍ത്ത വിചാരം കഴിഞ്ഞതിനു പിന്നാലെ 1907-ല്‍ യോഗക്ഷേമസഭ സ്ഥാപിതമായതിനു പിന്നില്‍ താത്രീ കലാപത്തിന്റെ സ്വാധീനമുണ്ടായിരുന്നു എന്ന് സൂചിപ്പിച്ചുകൊണ്ട് വി.ടി. ഭട്ടതിരിപ്പാട് ഒരിക്കല്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്:
'കൊ.വ. 1080-ല്‍ കൊച്ചി മഹാരാജാവില്‍നിന്നുണ്ടായ വിളംബരം കേരളീയരെ സാമാന്യമായും നമ്പൂതിരിമാരെ പ്രത്യേകിച്ചും ഞെട്ടിപ്പിച്ചുകളഞ്ഞു. ഒരുപക്ഷേ യോഗക്ഷേമസഭാപ്രസ്ഥാനം ഉടലെടുക്കാന്‍ അതും ഒരു പ്രധാന കാരണമായേയ്ക്കാം.'
'പ്രത്യക്ഷത്തില്‍ അനുഭവമില്ലെങ്കിലും കുറിയേടത്തു താത്രിയുടെ സ്മാര്‍ത്ത വിചാരമായിരുന്നു അക്കാലത്തെ സാമൂഹ്യ യാഥാര്‍ത്ഥ്യം മനസ്സിലാക്കാന്‍ തന്നെ സഹായിച്ച ആശയപരവും ആദര്‍ശപരവുമായ പ്രധാനപ്രേരണകളിലൊന്ന് എന്നും വി.ടി.ഒരു അഭിമുഖസംഭാഷണത്തില്‍ വ്യക്തമാക്കുന്നുണ്ട്.'
'താത്രിക്കുട്ടിയെ ഞാന്‍ കണ്ടിട്ടില്ല. കാഴ്ചയില്‍ സുന്ദരിയും വിദുഷിയുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. തനിയ്ക്കഭിമതനായ ഒരു വരനെ തക്ക സമയത്ത് സ്വീകരിക്കാന്‍ സമുദായാചാരം അനുവദിച്ചെങ്കില്‍ ഈ സ്മാര്‍ത്തവിചാരത്തിന്റെ പ്രശ്‌നമേ ഉണ്ടാകുമായിരുന്നില്ലെന്നാണ് എന്റെ നിഗമനം.'
താത്രിക്കുട്ടിയ്ക്ക് മുമ്പും അന്തര്‍ജ്ജനങ്ങള്‍ക്കിടയില്‍ ലൈംഗികമായ അരാജകത്വത്തിന്റെ അരങ്ങേറ്റം അവിടവിടെ സംഭവിച്ചു കഴിഞ്ഞിരുന്നുതായി വി.ടി.തന്നെ രേഖപ്പെടുത്തി വെച്ചിട്ടുണ്ട്.
'പുലാമന്തോള്‍ പ്രദേശത്ത് കാമ്പ്രത്ത് മനയ്ക്കല്‍നിന്ന് ഒരു നാള്‍ ഋതുമതിയായ മൂന്നു പെണ്‍കിടാങ്ങള്‍ വീടുവിട്ടിറങ്ങിപ്പോയതും ട്രാവലേഴ്‌സ് ബംഗ്ലാവിലെത്തിച്ചേര്‍ന്ന പ്രശസ്ത വ്യക്തികളുമായി ലൈംഗികബന്ധം പുലര്‍ത്തിക്കൊണ്ട് കാലം കഴിച്ചു പോന്നതും എനിക്കറിയാം. അവരില്‍ രണ്ടുപേരെ പുലാമന്തോള്‍ പുഴയില്‍വെച്ച് നേരില്‍ കാണുകയും ചെയ്തിട്ടുണ്ട് ഞാന്‍.
ചളവറയിലെ അഷ്ടത്ത് എന്ന ഇല്ലത്തെ ഒരന്തര്‍ജ്ജനം ഭര്‍ത്താവ് ജീവിച്ചിരിക്കെ മനയ്ക്കലെ ഇലമുറി വാലിയക്കാരന്റെ വെപ്പാട്ടിയായി കാമചാപല്യം കാട്ടിപ്പോരുകയും ഒടുക്കം ആ കാമുകന്റെ മര്‍ദ്ദനത്താല്‍ ഭര്‍ത്താവ് മരണപ്പെടുകയും ചെയ്തിട്ടുണ്ട്. താത്രിക്കുട്ടിയുടെ സ്മാര്‍ത്തവിചാരത്തിനുശേഷം ഇത്തരം വൈകൃതങ്ങള്‍ക്ക് തെല്ലെങ്കിലും ശമനമാണുണ്ടായിട്ടുള്ളത്.'
ഇതിലൂടെ വി.ടി. തരുന്ന സൂചന വ്യക്തമാണ്.
കേവലമായ ലൈംഗികാര്‍ത്തിയോ രതിവൈകൃതമോ കാമപൂര്‍ത്തീകരണമോ ആയിരുന്നില്ല താത്രീ കലാപത്തിന്റെ പ്രേരണകള്‍. പുരുഷ കേന്ദ്രിതമായ സവര്‍ണസമൂഹം സ്ത്രീയ്ക്കുമേല്‍ നിലനിര്‍ത്തിപ്പോന്ന ലൈംഗികാധിപത്യത്തിന്റെ നിയമവ്യവസ്ഥകളെ അതേ ആയുധംകൊണ്ട് നേരിടാനുള്ള സാമൂഹിക കലാപവാസന തന്നെയാണ് താത്രിക്കുട്ടിയെ ഇതിനൊക്കെ പ്രേരിപ്പിച്ചത്. അതുകൊണ്ടുതന്നെ സ്ത്രീയുടെ കേവലമായ ലൈംഗികസ്വാതന്ത്ര്യം ലക്ഷ്യം വെച്ചുകൊണ്ടുള്ള ഒരരാജകകലാപമല്ല, മറിച്ച് സ്ത്രീസത്തയെ സമഗ്രമായി വിമോചിപ്പിയ്ക്കാന്‍ പ്രേരിപ്പിയ്ക്കുന്ന സാമൂഹികവിപ്ലവം തന്നെയാണ് താത്രിക്കുട്ടി തുടങ്ങിവെച്ചത് എന്ന് ചരിത്രപരമായി വായിയ്ക്കാം.
സ്ത്രീയുടെ ലൈംഗികതയ്ക്കുമേല്‍ പ്രത്യക്ഷനിയന്ത്രണങ്ങളേര്‍പ്പെടുത്തിക്കൊണ്ട്, പുരുഷന് ഏതു സമയത്തും കടന്നാക്രമിച്ച് കീഴ്‌പ്പെടുത്താവുന്ന ഒരു സുഖോപകരണം മാത്രമായി നൂറ്റാണ്ടുകളോളം സ്ത്രീയെ നിര്‍വചിച്ചു നിലനിര്‍ത്തിപ്പോന്ന പുരുഷപ്രത്യയശാസ്ത്രത്തെയാണ് താത്രിക്കുട്ടി ചോദ്യം ചെയ്തത്. സ്ത്രീധനം, ബഹുഭാര്യാത്വം, മറക്കുട, ഘോഷ, ശൈശവവിവാഹം, വിദ്യാഭ്യാസനിഷേധം എന്നിങ്ങനെയുള്ള മര്‍ദ്ദനസംവിധാനങ്ങളിലൂടെ സവര്‍ണപുരുഷവര്‍ഗം ഉടമസ്ഥാവകാശം സ്ഥാപിച്ചിരുന്ന ബ്രഹ്‌മസ്വം മുതലുകള്‍ മാത്രമായിരുന്നു താത്രിക്കുട്ടിയ്ക്കു മുമ്പ് അന്തര്‍ജ്ജനങ്ങള്‍. സ്ത്രീകളുടെ ഈ ആജന്മ അടിമത്തം എന്നെന്നേയ്ക്കുമായി നിലനിര്‍ത്താന്‍ പാകത്തിലുള്ള സ്മൃതിസിദ്ധാന്തങ്ങളും ദായക്രമങ്ങളും കുടുംബഘടനയും സ്വത്തവകാശ നിയമങ്ങളുമാണ് സവര്‍ണ സമൂഹവ്യവസ്ഥ കാലങ്ങളായി നിലനിര്‍ത്തിപ്പോന്നത്. പിതാവിന്നും മൂത്തപുത്രനും മാത്രം കേന്ദ്രീകൃതാധികാരമുള്ള നമ്പൂതിമാരുടെ അന്നത്തെ പിതൃദായക്രമം അതിന്റെ ഉദാഹരണമാണ്. സ്വന്തം സമുദായത്തിലേയും കീഴ്‌സമുദായങ്ങളിലേയും സ്ത്രീകള്‍ക്കുമേല്‍ തന്റെ ഇഷ്ടത്തിനും തീരുമാനത്തി നുമനുസരിച്ച് ഏതു സമയത്തും ലൈംഗികാധിനിവേശം നടത്താനുള്ള അവകാശമാണ് മൂസ്സാമ്പൂരി എന്ന സവര്‍ണ പുരുഷന് ഈ ദായക്രമവ്യവസ്ഥകള്‍ സ്ഥാപിച്ചുനല്‍കിയിരുന്നത്.
താത്രിക്കുട്ടിയുടെ സ്മാര്‍ത്ത വിചാരത്തോടെ ഈ വ്യവസ്ഥകളെല്ലാം ഒറ്റയടിയ്ക്ക് ചോദ്യം ചെയ്യപ്പെട്ടു. ഒരു സ്ത്രീയോടൊപ്പം അറുപത്തിനാലു പുരുഷന്മാര്‍ പ്രതികളായ കേവലമായ ഒരു ലൈംഗികാപവാദകഥയായി ചുരുങ്ങിപ്പോവാതെ കേരളത്തിലെ സ്ത്രീചരിത്രത്തെ അകം പുറം മറിച്ചിട്ട ഒരു വിപ്ലവശക്തിയായി ഈ സ്മാര്‍ത്ത വിചാരം മാറ്റപ്പെട്ടത് അതുകൊണ്ടാണ്.
പില്‍ക്കാലത്ത് കേരളത്തിലുണ്ടായ സ്ത്രീ മുന്നേറ്റങ്ങളെയെല്ലാം പിന്തുണയ്ക്കാന്‍ പോന്ന സ്‌ഫോടക ശക്തി താത്രീസംഭവത്തിനുണ്ടായിരുന്നു. അതുകൊണ്ടാണ് തനിയ്ക്ക് സ്ത്രീപക്ഷത്തുനിന്നുകൊണ്ട് സമുദായത്തെ അട്ടിമറിയ്ക്കാനുള്ള ബലംതന്ന ചരിത്രശക്തി താത്രിക്കുട്ടിയായിരുന്നു എന്ന് വി.ടി. ആവര്‍ത്തിച്ച് പ്രഖ്യാപിച്ചത്:
'കേരളത്തിലെ ചരിത്രാന്വേഷിയായ ഏതൊരെഴുത്തുകാരനേയും പോലെ താത്രിക്കുട്ടി എന്ന കഥാപാത്രം എന്നെയും ഇരുത്തി ചിന്തിപ്പിച്ചിട്ടുണ്ട്. അന്നത്തെ സമുദായിക സാംസ്‌കാരിക നിലനില്‍പ്പിനെ-വിപ്ലവം എന്നു ഞാന്‍ വിളിക്കുന്നില്ല-അകം പുറം മറിയ്ക്കാന്‍ സഹായിച്ച ആ സംഭവത്തിന്റെ പ്രേരകമൂല്യങ്ങളെപ്പറ്റി സത്യസന്ധമായി വിവരിക്കാന്‍ ഞാനും ആഗ്രഹിച്ചിട്ടുണ്ട്.'
ഈ തിരിച്ചറിവുകൊണ്ടു തന്നെയാണ് വി.ടി.യുടെ നേതൃത്വത്തില്‍ നടന്ന നമ്പൂതിരിയോഗക്ഷേമസഭയുടെ പുരോഗമന നവോത്ഥാന പ്രവര്‍ത്തനങ്ങളില്‍ നമ്പൂതിരിയുടെ ബഹുഭാര്യാത്വം, സംബന്ധം, വിധവാ വിവാഹനിഷേധം എന്നിവ നിശിതമായി ചോദ്യംചെയ്യപ്പെട്ടത്. വൃദ്ധവിവാഹങ്ങള്‍ക്കു വഴങ്ങാതിരിയ്ക്കാന്‍ നമ്പൂതിരിപ്പെണ്‍ കുട്ടികള്‍ക്ക് ധൈര്യം നല്‍കുകയും ഘോഷ ബഹിഷ്‌ക്കരിച്ചു പുറത്തു കടക്കാനവരെ സഹായിക്കുകയും വിധവാ വിവാഹങ്ങള്‍ക്ക് തയ്യാറാവാന്‍ നമ്പൂതിരി യുവാക്കളെ പ്രേരിപ്പിക്കുകയും ചെയ്തുകൊണ്ടാണല്ലോ വി.ടി.പ്രസ്ഥാനം കേരളത്തിലെ ഉപരിവര്‍ഗ സമുദായത്തിലെ സ്ത്രീകളെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ചത്.
ഈ സ്ത്രീവിമോചന ചരിത്രമാണ് യഥാര്‍ത്ഥത്തില്‍ താത്രീകലാപത്തിന്റെ കാതലായ ശേഷിപ്പ്.
Content Highlights: excerpt from kuriyedath thathriyude smarthavicharangal by alankode leelakrishnan