'ഗൗരവതരമായ സാഹചര്യങ്ങളിലും തമാശ കൈയിൽക്കിട്ടിയാൽ അത് പാഴാക്കാറില്ല, ജീവിതത്തിലും അദ്ദേഹമങ്ങനെയാണ്'

രമേഷ് പിഷാരടി, സലിം കുമാർ
രമേഷ് പിഷാരടി, സലിം കുമാർ

രമേഷ് പിഷാരടിയുടെ ചിരി പുരണ്ട ജീവിതങ്ങൾ എന്ന പുസ്തകത്തിൽ സലിം കുമാറിനെക്കുറിച്ച് വിവരിക്കുന്ന ഭാഗം. 

'ല്ല തമാശയാണെങ്കിൽ മാത്രം പറയുക, അല്ലെങ്കിൽ തമാശ പറയാതിരിക്കുക.' ദേശീയ അവാർഡ് ജേതാവ് സലിംകുമാറിന്റെ വാക്കുകളാണിത്. എന്റെ ആദ്യ ടെലിവിഷൻ പരിപാടി അദ്ദേഹത്തോടൊപ്പമായിരുന്നു. യാദൃച്ഛികമായി അതിന്റെ സ്‌ക്രിപ്റ്റെഴുത്തിലും ഭാഗമായി. തിരുവനന്തപുരം തംബുരു ടൂറിസ്റ്റ് ഹോമിൽ വെച്ച് അന്നു പറഞ്ഞ വാക്കുകൾ പരമാവധി പാലിക്കാനും ശ്രമിക്കാറുണ്ട്. മറ്റൊരാൾ നമുക്കുവേണ്ടി എഴുതുന്ന തിരക്കഥയിൽ ഈ തത്ത്വങ്ങളൊന്നും പ്രായോഗികവുമല്ല... അന്നുമുതൽ നല്ലൊരു തമാശ കേട്ടാൽ അത് സലീമേട്ടനോടു പങ്കുവെക്കാറുമുണ്ട്. സിനിമയിൽ ഒരു നായികയുടെ കല്യാണം മുടങ്ങിയിരിക്കുമ്പോൾ 'എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാർ,' എന്നും നായകൻ ആശുപത്രിയിൽ കിടക്കുമ്പോൾ 'അദ്ദേഹം അത്യാഗ്രഹവാർഡിൽ കിടക്കുകയാണ്' എന്നൊക്കെ സലീമേട്ടൻ വെച്ചുകാച്ചുന്നത് കേട്ടിട്ടില്ലേ? ജീവിതത്തിലും അദ്ദേഹം അങ്ങനെയാണ്. ഏറ്റവും ഗൗരവതരമായ സാഹചര്യങ്ങളിലും ഒരു തമാശ കൈയിൽക്കിട്ടിയാൽ അത് പാഴാക്കാറില്ല.
ഞാനുൾപ്പെടുന്ന പുതുമുഖങ്ങളെ വെച്ച് അദ്ദേഹം ആരംഭിച്ച ട്രൂപ്പിന്റെ ഓഫീസ് സലീമേട്ടന്റെ വീടുതന്നെയായിരുന്നു. പ്രോഗ്രാം കഴിഞ്ഞ് തിരിച്ചെത്തിയാൽ ബസ്സുകൾ ഓടിത്തുടങ്ങുന്ന സമയംവരെ എത്രയോ തവണ ഞാൻ ആ വീട്ടിൽ കിടന്നുറങ്ങിയിട്ടുണ്ട്. പിന്നീട് മിമിക്സ് പരേഡ് ട്രൂപ്പ് നിർത്തി നാടക ട്രൂപ്പ് തുടങ്ങി...
ഇതു രണ്ടും തുടങ്ങിയശേഷമാണ് അദ്ദേഹം ഇതിന്റെയൊക്കെ വല്ല ആവശ്യവുമുണ്ടോ എന്നു ചിന്തിച്ചുതുടങ്ങിയത്. സിനിമയിലെ ഏറ്റവും തിരക്കുള്ള നടനായി സലീമേട്ടൻ മാറി.
നോർത്ത് പറവൂരിൽനിന്നും എറണാകുളത്തേക്കു താമസം മാറാൻ സിനിമയിലുള്ള പല സുഹൃത്തുക്കളും അദ്ദേഹത്തെ നിർബന്ധിച്ചു. എന്നാൽ പുതിയ ഒരു വീട് സ്വന്തം നാട്ടിൽത്തന്നെ നിർമിക്കാനാണ് അദ്ദേഹം തീരുമാനിച്ചത്. ഒരിക്കൽ സലീമേട്ടൻ പറഞ്ഞു, 'ഞാൻ നന്നാവണം എന്നാഗ്രഹിച്ച ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം ഉണ്ട്. നല്ല കാലം വരുമ്പോൾ ഞാൻ മറ്റൊരിടത്തേക്കു മാറുന്നത് ശരിയല്ല. അവർ കാണട്ടെ. സന്തോഷിക്കട്ടെ! ഞാൻ നശിച്ചുപോണം എന്ന് ആഗ്രഹിക്കുന്നവരും ഉണ്ട്. അവരും കാണട്ടെ, ദുഃഖിക്കട്ടെ.'
സ്ഥലം വാങ്ങി അദ്ദേഹത്തിന്റെ ഇഷ്ടാനിഷ്ടങ്ങളെല്ലാം കണക്കാക്കി ഒരു പ്ലാൻ വരച്ചു. സാമാന്യം നല്ല രണ്ടുനിലവീട്... പണി തുടങ്ങി പകുതിയായപ്പോൾ സലീമേട്ടന്റെ ബാല്യകാലസുഹൃത്തും അഭ്യുദയകാംക്ഷിയുമായ ഒരാൾ വലിയ ഒരു പ്രശ്നം ചൂണ്ടിക്കാട്ടി. പുതിയ വീടിന് അല്പം അടുത്തായി ഒരു അമ്പലമുണ്ട്. സാധാരണഗതിയിൽ അമ്പലങ്ങളുടെ തൊട്ടടുത്തായി ആരും രണ്ടുനിലവീടു വെക്കാറില്ല. കാരണം, അമ്പലത്തെക്കാൾ പൊക്കം വീടിനു വന്നാൽ അത് ദൈവത്തിന് ഇഷ്ടപ്പെടില്ലത്രേ. ഇങ്ങനെയൊരു നിയമം തുടക്കത്തിലേ അറിഞ്ഞിരുന്നെങ്കിൽ എന്തെങ്കിലും ചെയ്യാം. ഇതിപ്പോൾ പണി പകുതിയായി. അഭ്യുദയകാംക്ഷി എല്ലാ ദിവസവും വന്ന് രണ്ടാംനില പൊട്ടിക്കുന്നതിനെപ്പറ്റി ക്രിയാത്മകമായ ഉപദേശങ്ങൾ കൊടുക്കുകയും ചെയ്യും.
'നമുക്ക് ഈ വീട് വല്ല അന്യമതസ്ഥനും മറിച്ചുവിറ്റാലോ? അന്യമതസ്ഥരെ ശിക്ഷിക്കാൻ നമ്മുടെ ദൈവങ്ങൾക്ക് അധികാരമില്ല. അഥവാ അങ്ങനെ സംഭവിച്ചാലും അവരെ രക്ഷിക്കാൻ അവരുടെ ദൈവമുണ്ട്. നിന്നെ രക്ഷിക്കാൻ ആരുണ്ട്. ഒന്നുകൂടെ ആലോചിച്ചു നോക്കൂ.' കൂട്ടുകാരന്റെ ഈ വാക്കുകൾ കേട്ട് സലീമേട്ടൻ പറഞ്ഞു:
'എന്തെങ്കിലും ദോഷമുണ്ടെങ്കിൽ അത് മറ്റൊരാളുടെ തലയിൽ കെട്ടിവെക്കുന്നത് ശരിയല്ല. ഈ പ്രപഞ്ചം മുഴുവൻ സൃഷ്ടിച്ച് നിയന്ത്രിക്കുന്ന ദൈവത്തിന് ഒരു പാവം സലിംകുമാർ അധ്വാനിച്ചുണ്ടാക്കിയ പൈസകൊണ്ട് രണ്ടുനിലവീടു വെക്കുന്നതിന് ഈഗോ വരേണ്ട ആവശ്യവുമില്ല. ദൈവത്തിന് എന്നെ അറിയാം.'

പുസ്തകത്തിന്റെ കവർ പേജ്

ഈ ഉത്തരം കേട്ട് റിയൽ എസ്റ്റേറ്റ് മേഖലയിൽ ജോലി ചെയ്യുന്ന അഭ്യുദയകാംക്ഷി തൃപ്തനല്ലാതെ മടങ്ങി. പുതിയ വീട്ടിൽ താമസം തുടങ്ങി അധികം താമസിയാതെ സലീമേട്ടന് ദേശീയ അവാർഡ് ലഭിച്ചു. ഓസ്‌കാർ നോമിനേഷന്റെ പടിവാതിലിലെത്തി. പിന്നീട് ഒരു ദുരന്തമുണ്ടായി, 2018ലെ വെള്ളപ്പൊക്കം. പറവൂർപ്രദേശങ്ങളിൽ ഒരുനിലപ്പൊക്കത്തിൽ കിലോമീറ്ററുകളോളം വെള്ളം കയറി. കൂട്ടത്തിൽ സലീമേട്ടന്റെ വീട്ടിലെയും ഗൃഹോപകരണങ്ങളും മറ്റും വെള്ളത്തിനടിയിലായി.
രണ്ടാംനിലയിൽ ഒരുപാടു പേർ അഭയം പ്രാപിച്ചു. പൊളിക്കാൻ പറഞ്ഞ സലീമേട്ടന്റെ വീട്ടിലെ അതേ രണ്ടാംനിലയിൽനിന്ന് അഭ്യുദയകാംക്ഷി പ്രാർഥിച്ചു: 'ദൈവമേ ഒരു ബോട്ടോ ഹെലിക്കോപ്റ്ററോ എത്രയും പെട്ടെന്നയയ്ക്കണേ...'

Content Highlights: Insights into Salim Kumar's philosophy on humor and life., Behind-the-scenes stories of Salim Kumar's early career and mimicry troupe., The story behind Salim Kumar's house construction in North Paravur., Reflections on faith, success, and resilience during the 2018 floods.