ബാറ്റൺ ബോസിന്റെ ആത്മകഥ

ഉത്പത്തി
യേശു ശിഷ്യന്മാരോടൊപ്പം ജറുസലേമിലേക്കു പോകുന്നവഴി കേസറിയ ഫിലിപ്പി പ്രദേശത്ത് എത്തി. കായ്ച്ചുകിടക്കുന്ന ഒലിവുവൃക്ഷങ്ങളുള്ള മലഞ്ചെരിവാണത്. മദ്ധ്യാഹ്നവെയിൽ, ഉണങ്ങിയ കാട്ടുപുല്ലുകളെയും ചെമ്മണ്ണിനെയും തിളക്കുന്നു... കുന്നിനു താഴെ ബാർലിയും ഗോതമ്പും പാടങ്ങൾ വിളഞ്ഞ്, കൊയ്ത്ത് കാത്തുകിടക്കുന്നു. അപ്പുറത്തെ മലഞ്ചെരുവിൽ നഗരക്കെട്ടിടങ്ങൾ...
വെയിലാറാനായി ഒരു സിക്കമൂർ മരത്തണലിൽ ഇരിക്കുകയാണ് യേശു. ഇളംചുവപ്പ് വൈൻനിറമുള്ള നീണ്ട മുടിയും കവരത്താടിയും ചൂടുള്ള കാറ്റിലിളകുന്നു. യേശുവിനോടൊപ്പം പ്രധാന ശിഷ്യന്മാരുമുണ്ട്. അവർ ഗുരുവിന്റെ വചനങ്ങൾ കേൾക്കാൻ ആ മുഖത്തേക്കു നോക്കി പുൽക്കുറ്റികളിലും കല്ലുകളിലുമിരിക്കുന്നു.
അവരുടെ പ്രതീക്ഷകൾക്കു വിപരീതമായി യേശു ഒരു ചോദ്യമാണ് ചോദിച്ചത്:
‘‘ഞാൻ ആരാണെന്നാണ് നിങ്ങൾ പറയുന്നത്?’’
ചോദ്യം അവരെ കുഴക്കി. വിവിധ ദേശങ്ങളിൽനിന്ന്, വ്യത്യസ്ത ജീവിതസാഹചര്യങ്ങളിൽനിന്ന് വന്നവരാണവർ. എഴുത്തും വായനയും അറിവില്ലാത്തവരും, യഹൂദ–യവന ചിന്തകരും, റോമാക്കാരുടെ നികുതിപിരിവുകാരും, വിവാഹിതരും അവിവാഹിതരുമായ ആളുകൾ. തങ്ങൾ കണ്ടറിഞ്ഞതിനെക്കാൾ മറ്റുള്ളവർ പറഞ്ഞുകേട്ട അറിവുകളായിരുന്നു അവർക്ക് കൂടുതൽ.
എല്ലാവരും പറഞ്ഞത് യേശു മൗനമായി കേട്ടുകൊണ്ടിരുന്നു. സത്യം സത്യമായി പറഞ്ഞാൽ താനാരാണെന്ന് അവർക്കറിയില്ലെന്നായിരുന്നു ആ ശാന്തത മന്ത്രിച്ചത്...
• • •
ഇതു ക്രമാനുഗതമായ ആത്മകഥാ പറച്ചിലല്ല. പറച്ചിലിന്റെ ഒഴുക്കിനു തടസ്സം വരാതിരിക്കാൻ കാലങ്ങൾ–ഭൂതവും വർത്തമാനവും ഭാവിയും–ഇടകലർന്നുവരുന്നുണ്ടാവും. ഒപ്പം, ജീവിക്കുന്നവരും ജീവിതം അവസാനിപ്പിച്ചവരും.
ഞാൻ കണ്ടവരും ഞാനറിയാതെ എന്നെ കണ്ടവരുമായ എല്ലാവർക്കും നന്മവരട്ടെ.
അപ്പോൾ ഓർമ്മകളുടെ തുടക്കത്തിൽനിന്നുതന്നെ ആരംഭിക്കാം, അല്ലേ...
ഓർമ്മകളുടെ പ്രകാശം പരക്കുമ്പോൾ ഞാനൊരു ആടുന്ന വീട്ടിലാണ്. അവിടെ ഒരു നത്തിനെപ്പോലെ കുത്തിയിരുന്ന് ചുറ്റും നോക്കി. വലിയ മരങ്ങളുടെ ശിഖരങ്ങൾ കുടവിരിച്ചു നിൽക്കുന്നു. പൂത്തുനിൽക്കുന്ന ഇലവുമരത്തിന്റെ വലിയ ചില്ലകളിൽ കോഴികളെപ്പോലെ വലുപ്പമുള്ള പക്ഷികൾ നടക്കുന്നു. കറുപ്പും വെളുപ്പും പുള്ളികളും വലിയ ചിറകുകളും കൂർത്ത കൊമ്പുകളുമുണ്ടതിന്. ആ പക്ഷികൾ പറന്നുപോകുമ്പോൾ മലകൾ മുഴങ്ങുന്നതുപോലെത്തോന്നും. അത്രയ്ക്കു ശബ്ദമാണതിന്; മലമുഴക്കിവേഴാമ്പൽ. ഒരു ഇലക്കൂട്ടത്തിൽനിന്ന് മറ്റൊരു മരക്കൊമ്പിലേക്ക് മിന്നൽപോലെ ആ പക്ഷി പറന്നുപോകുന്നതു കാണാം. പക്ഷിയെക്കാൾ വലിയ നീണ്ടുവളഞ്ഞ മഞ്ഞകൊക്ക്.
അത്ഭുതങ്ങൾപോലെയാണ് ഞാൻ എല്ലാം മിഴിച്ചുനോക്കിക്കണ്ടത്. പറഞ്ഞാൽ വിശ്വസിക്കില്ല. നിലത്തുനിന്നും അറുപത്താറടി ഉയരത്തിലായിരുന്നു ഞാൻ.
വലിയ ഇല്ലിത്തുറുവിനു മുകളിലുള്ള ഏറുമാടം.
കുത്തിയൊഴുകുന്ന ചിന്നാറ്റിന്റെ കരയിൽനിന്ന് കുറച്ചുമാറി കൊടുങ്കാടിനു നടുവിലാണത്. മിക്കപ്പോഴും ആനക്കൂട്ടങ്ങളുടെ ചിന്നംവിളികളും ഈറ്റയും മരച്ചില്ലകളും വലിച്ചൊടിക്കുന്ന ശബ്ദങ്ങളും കേൾക്കാം; മറ്റു പലതരം കാട്ടുമൃഗങ്ങളുടെയും. വീട്ടിൽ ചാച്ചനും (കൊച്ചുകുന്നേൽ മത്തായി), അമ്മയും (തറപ്പേൽ ഏലി) ഞാനും മാത്രമാണുള്ളത്. പ്രായം മൂന്നിനും നാലിനും ഇടയിലായിരിക്കണം.
ഇല്ലിയുടെ അറ്റം മുറിച്ച് അതേ ഇല്ലി പൊട്ടിച്ച് തൈതലാക്കി വിരിച്ചാണ് തറയുണ്ടാക്കിയിരിക്കുന്നത്. പത്തുമുപ്പത് ഇല്ലികളുടെ കൂട്ടമാണത്. അതിനു മുകളിലാണ് വീട്. ഇല്ലി(മുള)ത്തൈതലാണ് തറയും ഭിത്തിയും വാതിലും ജനലും എല്ലാം. ഈറ്റയുടെ ഇലകൾകൊണ്ടാണ് മേഞ്ഞിരിക്കുന്നത്. ഒറ്റമുറി വീട്. ഏറുമാടം.
വൃക്ഷങ്ങൾക്കു മുകളിലുള്ള ഏറുമാടങ്ങൾ ഞാൻ പിന്നീട് പല കാടുകളിലും റിസോർട്ടുകളിലും കണ്ടിട്ടുണ്ട്. എന്നാൽ, ഇല്ലിക്കൂട്ടത്തിനു മുകളിലുള്ള വീടുകൾ കണ്ടിട്ടില്ല. അന്ന് മരങ്ങൾക്കു മുകളിലല്ലാതെ, ഏറ്റവും സാഹസപ്പെട്ട് ഇല്ലിക്കൂട്ടത്തിനു മുകളിൽ വീടുവെക്കാൻ കാരണം കാട്ടാനഭയമാണ്.
ആനയ്ക്ക് മരം കുത്തിമറിക്കാനും തുമ്പിക്കൈകൊണ്ട് ശിഖരങ്ങൾ ഒടിച്ച് വീടു തകർക്കാനും കഴിയും. മനുഷ്യന്റെ ഗന്ധം കിട്ടിയാൽ ഒറ്റയാൻ മരത്തിനു ചുവട്ടിൽ ചലിക്കാതെ നിൽക്കും. എത്ര വലിയ മരവും മറിക്കും. മാടത്തിനുള്ളിൽ താമസിക്കുന്നവർക്ക് ഒരിടത്തേക്കും രക്ഷപ്പെടാൻ കഴിയില്ല. അങ്ങനെ വളരെ കുടുംബങ്ങൾ മരണപ്പെട്ടിട്ടുണ്ട്. ഇല്ലിത്തുറുവാകുമ്പോൾ ആന അടുക്കുകയില്ല. ഇല്ലിച്ചുവട്ടിൽ അതിന്റെ മുള്ളുകൾ കാണും. ആന അറിയാതെ അതിൽ ചവിട്ടിയാൽ ആണികയറുന്നതുപോലെ മുള്ള് കാലിനടിയിലേക്കു കയറും. ആനയ്ക്കത് തുമ്പിക്കൈകൊണ്ട് എടുക്കാൻ പറ്റില്ല. മുള്ള് കാലിലിരുന്ന് പഴുത്ത് വ്രണമായി ആന നടക്കാനാകാതെ വീഴും. മറ്റാനകൾക്കും സഹായിക്കാൻ പറ്റില്ല. ഭക്ഷണവും വെള്ളവും കിട്ടാതെ ആന ചെരിയും! ഈ അനുഭവമുള്ളതുകൊണ്ടാണ് ആനകൾ ഇല്ലിയുടെ പരിസരത്തേക്കു വരാത്തത്.
വീടിന്റെ മുറ്റവും തൈതൽത്തട്ടാണ്. അതിലൊരു തടിപ്പലകയോ തകരഷീറ്റോ ഇട്ട് അതിൽ മൂന്നു കല്ലുകൾ വെച്ചാണ് അടുപ്പ് കൂട്ടിയിരിക്കുന്നത്. അടുപ്പ് കത്തിച്ച് ഭക്ഷണം വേവിക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ഏതെങ്കിലും കാരണവശാൽ തീ തൈതലിൽ പിടിച്ചാൽ മുള പെട്ടെന്നു കത്തും. മുറ്റവും വീടുമെല്ലാം കത്തിപ്പോകും. വെള്ളമൊഴിച്ച് തീ കെടുത്താൻ പറ്റില്ല.
വെള്ളം ചിന്നാറ്റിൽനിന്നോ അടുത്തുള്ള തോട്ടിൽനിന്നോ കിണർപോലെ ഉണ്ടാക്കിയ കുഴിയിൽനിന്നോ ആണ് എടുക്കുന്നത്.
അത് ഏണി വഴി മുകളിലെത്തിച്ചാണ് ഉപയോഗിക്കുന്നത്. തലച്ചുവടായി വെള്ളം മുകളിലേക്കു കൊണ്ടുവരുമ്പോൾ മൺകലങ്ങൾ തട്ടി താഴേക്കു വീണ് പൊട്ടിപ്പോകാറുണ്ട്. അന്ന് ലോഹപ്പാത്രങ്ങൾ കുറവാണ്. പ്ലാസ്റ്റിക് കണ്ടുപിടിച്ചിട്ടില്ല.
ഞാൻ എന്നാണ് ഏണിയിലൂടെ ഏറുമാടത്തിലേക്ക് കയറിയതെന്ന് ഓർമ്മയില്ല. ചാച്ചൻ എന്നെ എടുത്തുകൊണ്ട് കയറിയിരിക്കാം. ഇല്ലിയേണി കണ്ടിട്ടുള്ളവർക്കറിയാം, രണ്ടു കൈകളും ശ്രദ്ധയോടെ പിടിച്ചുവേണം കയറാൻ.
Read also:കൊമ്പുകൾക്കിടയിൽ ഒളിഞ്ഞിരിക്കുന്ന മനുഷ്യചരിത്രത്തിന്റെ രാഷ്ട്രീയം
എന്റെ വീട്ടിലേക്കു കയറാൻ രണ്ട് ഏണികളാണ് വെച്ചിരിക്കുന്നത്. മുപ്പത് കമ്പ് ഉയരമുള്ള ഒരു ഏണി താഴെ കുത്തിയുറപ്പിച്ചിരിക്കുന്നു. അത് ഇളകാതിരിക്കാനായി പരന്ന ഒരു വലിയ കല്ല് തടയായി വെച്ചിരിക്കുന്നു.
ആ ഏണിയുടെ മുകളിൽനിന്ന് മറ്റൊരു ഏണി കെട്ടിയുറപ്പിച്ചിരിക്കുന്നു. ആദ്യത്തെ ഏണിയുടെ ഉയരത്തിൽ മാടം വെച്ചാൽ ആനകൾ മരക്കമ്പുകൊണ്ട് തല്ലിത്തകർക്കും. പ്രതികാരത്തിന്റെ രാജാക്കന്മാരാണ് ആനകൾ. രണ്ടാമത്തെ ഏണിയുടെ മുകളിൽ ആനയ്ക്ക് ഒന്നും ചെയ്യാൻ പറ്റില്ല. ആനയ്ക്കു തട്ടിക്കളയാൻ പറ്റാത്ത സ്ഥലത്തായിരിക്കും ഏണി ഉറപ്പിച്ചിരിക്കുന്നത്. എന്നാലും ബുദ്ധിമാനായ കാട്ടാനകൾ ഏണി തകർത്ത അനുഭവങ്ങളുമുണ്ട്. മാടത്തിലുള്ളവർ ഒറ്റപ്പെട്ടുപോകും.
അപ്പോൾ അടുത്തുള്ളവർ വന്ന്, ആന പോയിക്കഴിയുമ്പോൾ പുതിയ ഏണി വെക്കും. കുടിയേറ്റക്കാർ ഏപ്പോഴും പരസ്പരം സഹായിച്ചാണ് കഴിയുന്നത്. ചിലർ ആനകളെ ഉപദ്രവിക്കുന്നതാണ് ആനപ്പകയുടെ കാരണം.
ഞാൻ മാടത്തിൽ കയറിയതെങ്ങനെയെന്നു പറഞ്ഞില്ലല്ലോ. ചാച്ചൻ എന്നെ ഒക്കത്തിരുത്തി തുണികൊണ്ട് മാറാപ്പുകെട്ടിയായിരിക്കണം മുകളിലെത്തിച്ചത്. ഒരു കൊച്ചുകുരങ്ങിനെപ്പോലെ ചാച്ചന്റെ കഴുത്തിൽ കൈകൾ ചുറ്റി മുതുകിൽ അള്ളിപ്പിടിച്ച് ഞാൻ കിടന്നിരിക്കാം. മുകളിലേക്കു കയറുന്തോറും തറ അകന്നകന്നു പോകുന്നത് ഞാനോർക്കുന്നുണ്ട്. എങ്ങാനും എന്റെ കൈ വിട്ടുപോയാൽ... ഓർക്കാൻ വയ്യ.
വീടിന്റെ അടിയിലാണ് ഏണി അവസാനിക്കുന്നത്. അവിടെനിന്ന് വീടിനകത്തേക്കു തുറക്കുന്ന ഒരു വാതിലുണ്ട്. അതിലൂടെ മാടത്തിലെത്താം. കയറിക്കഴിഞ്ഞ് മുളവാതിൽ അടച്ച് പഴയതുപോലെയാക്കും.
ഇല്ലി മറ്റു വൃക്ഷങ്ങൾപോലെയല്ലാത്തതിനാൽ കാറ്റുപിടിക്കുമ്പോൾ ഇളകും. കാറ്റത്തും പേമാരിയിലും മാടം എല്ലാ വശത്തേക്കും ആടിക്കൊണ്ടിരിക്കും. എന്നാലത് ഒടിയുകയില്ല. ഇല്ലിയുടെ ഗുണമാണത്.
ഒരു രാത്രിയിൽ ചാച്ചന്റെ ഉച്ചത്തിലുള്ള ശബ്ദം കേട്ട് ഞാനുണർന്നു. നിലവിളിപോലുള്ള ആ ശബ്ദം എന്നെ ഭയപ്പെടുത്തി. ചാച്ചനും അമ്മയും വെളിയിലെ തട്ടിൽനിന്ന് താഴേക്കു നോക്കുന്നതു കണ്ടു.
‘‘മത്തായീ... ആനയിറങ്ങീട്ടൊണ്ട്. ചിന്നാറ് നീന്തിക്കടന്ന് അക്കരെനിന്നാ വരണത്. കാടിളക്കി വരുന്നതു കേക്കാമോ?’’ അടുത്ത ഏറുമാടത്തിലെ ചേട്ടൻ വിളിച്ചുകൂവുന്നു.
‘‘ഒറ്റയാനാണോ?’’ ചാച്ചൻ അതേ ശബ്ദത്തിൽ ചോദിക്കുന്നു.
‘‘അല്ല. ഒറ്റയാനല്ല, കൂട്ടമാ...’’ മറുപടി.
ഞാൻ ചാച്ചന്റെയും അമ്മയുടെയും അടുത്തുചെന്ന് അമ്മേടെ കൈലിമുണ്ടിൽ പിടിച്ചു നിന്നു. തോളത്തുനിന്ന് ഊർന്നുവീണ നിക്കറിന്റെ വള്ളി നേരെയാക്കി.
അകലെ മാടത്തിൽ ഒരു പന്തം കത്തുന്നതു കാണാം. ഈറ്റക്കുഴലിൽ മണ്ണെണ്ണയൊഴിച്ച് തുണിത്തിരിയിട്ട് കത്തിക്കുന്നതാണ് പന്തം. അതിൽനിന്ന് നൊരികൾ ചിതറുന്നു.
‘‘കൊക്കുപിടിയോ പാത്തിക്കാലനോ ഒണ്ടോ?’’ ചാച്ചൻ.
സ്ഥിരം കാണുന്ന ചില ആനകൾക്ക് തിരിച്ചറിയാനായി പേരുകളിടും. ആനയുടെ രൂപമോ സ്വഭാവമോ ഒക്കെയായിരിക്കും പേരിന് ആധാരം. നമ്മളിപ്പോൾ അരിക്കൊമ്പൻ, ചക്കക്കൊമ്പൻ എന്നൊക്കെ പറയുന്നതുപോലെ.
‘‘ഇല്ലെന്നാ തോന്നണെ. ഒരു കൊമ്പനെ ഞാങ്കണ്ടു. ദേ... രണ്ടുമൂന്നു കൊമ്പന്മാരൊണ്ട്,’’ അയാൾ പേടിച്ചതുപോലെ പറയുന്നു.
ആനകൾ മരങ്ങൾ വലിച്ചൊടിക്കുകയോ ചവിട്ടിയൊടിക്കുകയോ ചെയ്യുന്നത് ഇരുട്ടിൽനിന്നു കേൾക്കാം.
‘‘പുതിയ കാട്ടാനക്കൂട്ടമാരിക്കും. പിടിയാനകളും കുട്ടികളുമൊണ്ടാരിക്കും,’’ അമ്മ പറയുന്നു. ‘‘കുട്ടിയാനകളൊണ്ടേൽ സൂക്ഷിക്കണം, പിടിയാന ഉപദ്രവിക്കും.’’
എന്തൊക്കെയോ ശബ്ദങ്ങൾ എനിക്കു കേൾക്കാം. മരങ്ങൾ കടയോടെ പറിച്ചെടുക്കുന്നതുപോലെയും പിഴുതെറിയുന്നതുപോലെയും.
കുട്ടിയാനകളുടെ ചീറ്റലും ചിനയ്ക്കലും കേൾക്കാമെന്നല്ലാതെ ഒന്നും ഇരുട്ടിൽ കാണാൻ പറ്റുന്നില്ല.
ഞങ്ങടെ ചുറ്റും ചില ഏറുമാടങ്ങളിൽക്കൂടി പന്തം ജ്വലിച്ചു. അവ ഇരുട്ടിൽ പൊട്ടുകൾ പോലെ കാണപ്പെട്ടു. ആളുകളുടെ ശബ്ദവും. ഇത്രയധികം ഏറുമാടങ്ങൾ അവിടെയുണ്ടെന്ന് എനിക്ക് പുതിയ അറിവായിരുന്നു. ഇന്ന് ഒരു വീട്ടിൽനിന്ന് അയൽക്കാർ അടുത്ത വീട്ടിൽ പോകുന്നതുപോലെ അന്നാരും വെറുതേ അടുത്ത മാടത്തിൽ കയറാറില്ല. എന്തെങ്കിലും കാര്യങ്ങൾ സംസാരിക്കുകയും കൃഷിയെപ്പറ്റി ചർച്ചചെയ്യുകയും ചെയ്തിരുന്നത് താഴെവെച്ചാണ്. ഏതെങ്കിലും വിരിഞ്ഞ പാറപ്പുറത്ത് വട്ടംകൂടിയിരിക്കും. ചിലർ തെറുപ്പുബീഡി വലിക്കും. ചിലർ കഞ്ചാവു വലിക്കും.
ആന വന്നാൽ ആരും സംസാരിക്കുകയില്ല. ഇത്തരം സന്ദർഭങ്ങളിൽ ആശയവിനിമയം നടത്താനാണ് വിളിച്ചുകൂവുന്നത്.
മനുഷ്യശബ്ദം കേട്ടാൽ ആന ചെവികൂർപ്പിക്കും. അസാമാന്യ ശ്രവണശക്തിയും കേൾവിയുമാണ് ഗജവീരന്മാർക്കുള്ളത്. കുട്ടിയാനകൾ കൂടെയുള്ളപ്പോൾ പറയുകയും വേണ്ട. മനുഷ്യന് മക്കളോടുള്ളതിനെക്കാൾ കൂടുതൽ കരുതലാണ് ആനകൾക്ക് കുട്ടികളെ. മനുഷ്യർ കുട്ടികളെ ഉപദ്രവിക്കുമെന്ന് ആ വലിയ ജന്തുക്കൾ ഭയപ്പെടുന്നു.
‘‘മിണ്ടല്ലേ...’’ അമ്മ എന്തോ പറയാൻ തുടങ്ങിയപ്പോൾ ചാച്ചൻ തടഞ്ഞു.
എന്റെ പേടി കൂടി.
ചാച്ചൻ താഴേക്കു ടോർച്ച് തെളിച്ചു. ആറു ബാറ്ററികളിടുന്ന നീണ്ട ഒരു ടോർച്ച് ചാച്ചന്റെ കൈയിലുണ്ട്. അതിന്റെ വെളിച്ചം ഇലവുമരത്തിന്റെ മുകളിൽനിന്ന് താഴേക്കു ചെന്നു.
ഒന്നുമെനിക്കു കാണാൻ പറ്റിയില്ല. ടോർച്ചിന്റെ വെളിച്ചം അങ്ങോട്ടുമിങ്ങോട്ടും മാറിക്കൊണ്ടിരുന്നു.
വലിയ താന്നിമരത്തിന്റെ നിഴലിലൊരു ചലനം. വെളിച്ചം ചെന്നപ്പോഴതു നിശ്ചലമായി. ചെറിയ മരച്ചില്ലകളുടെ ഇടയിലൂടെയാണ് വെളിച്ചം താഴേക്കു ചെല്ലുന്നത്. വെളിച്ചത്തിൽ കാണുന്നത് കാട്ടുമരങ്ങളുടെ ഇടതൂർന്ന ഇലകളാണ്.
മുകളിൽ നിന്നാൽ അങ്ങനെയൊരു കുഴപ്പമുണ്ട്. പലരും പന്തങ്ങൾ കെടുത്തി. വിളിയില്ല. കൂവലില്ല. ചീവീടുകളുടെ ശബ്ദം മാത്രം. ചിലയിടങ്ങളിൽ ആയിരക്കണക്കിന് മിന്നാമിനുങ്ങുകൾ ഒന്നിച്ചു തെളിഞ്ഞണയുന്നു.
‘‘പൂ...ഹോയ്...’’
ചിന്നാറ്റിന്നക്കരെയുള്ള മാടത്തിൽനിന്നാണാ ശബ്ദം കേട്ടത്! ഞാൻ അതു കേട്ടഭാഗത്തേക്കു നോക്കി.
ഒരു കാറ്റ്, മരച്ചില്ലകളെ ആനപിടിച്ചതുപോലെ ഇളക്കി.
ചാച്ചനെന്തോ പറയാൻ തുടങ്ങിയപ്പോൾ അമ്മ അടക്കിപ്പറഞ്ഞു, ‘‘മിണ്ടല്ലേ... അവിടെയൊരെണ്ണം നിപ്പൊണ്ട്.’’
ചാച്ചൻ ടോർച്ച് തെളിച്ചു. താന്നിമരച്ചുവട്ടിൽ ഒരു പിടിയും കുഞ്ഞും നിൽക്കുന്നു.
‘‘വെട്ടം കെടുത്ത്,’’ അമ്മ ശാസിച്ചു. ടോർച്ച് കെട്ടു.
‘‘ആന നമ്മളേം ഏറുമാടോം കണ്ടു,’’ അമ്മ പറഞ്ഞു.
ചാച്ചൻ ഒന്നും മിണ്ടിയില്ല.
ഞാൻ അമ്മയെ ചുറ്റിപ്പിടിച്ചു.
എങ്ങും ഇരുട്ട്. ചീവീടുകളും മിന്നാമിന്നികളും മാത്രം. താഴത്തെ ഇരുട്ടിൽ ആനക്കൂട്ടം പതിയിരിക്കുന്നു.
എത്രനേരം അങ്ങനെ ശ്വാസമടക്കി നിന്നെന്നറിയില്ല. കാട്ടിലെ തണുപ്പ് ദേഹം മരവിപ്പിക്കാൻ തുടങ്ങി.
പെട്ടെന്ന് എന്നെ അമ്പരപ്പിച്ചുകൊണ്ട് കാടിനുമുകളിൽ പ്രകാശമുണ്ടായി!
മരങ്ങളും മലയുമെല്ലാം വ്യക്തമായി കാണാൻ പറ്റി. ചിന്നാറ്റിലെ ഓളപ്പരപ്പിൽ വെളിച്ചം മരങ്ങൾക്കിടയിലൂടെ കാണാം.
മലമുകളിൽ ചന്ദ്രനുദിച്ചുനിൽക്കുന്നത് ഞാൻ കണ്ടു. അർദ്ധചന്ദ്രൻ. എന്തു വെളിച്ചമാണാ നിലാവിന്!
താഴേക്കുനോക്കിയ ഞാനൊന്നു വിറച്ചു.
കുറേ കറുത്ത പാറക്കൂട്ടങ്ങൾ അടുത്തുവരുന്നു. കാട്ടാനക്കൂട്ടം. ഒന്നിന്റെ തുമ്പിക്കൈ ഉയർന്ന് എന്റെ നേരേ വന്നു.
ചിന്നാർ
ഒന്നിനു പുറകേ രണ്ടു തുമ്പിക്കൈകൾകൂടി ഇരുളിൽനിന്ന് ഉയർന്നുവന്നു.
ജുറാസിക് പാർക്ക് സിനിമയിൽ മരത്തിനു മുകളിലിരുന്ന് കാടു നിരീക്ഷിക്കുന്ന നായകന്റെ മുന്നിലേക്ക്, നീണ്ട കഴുത്തുനീട്ടി നോക്കുന്ന ഡിനോസറുകളെപ്പോലെ...
തുമ്പിക്കൈയുടെ വശങ്ങളിൽ നിലാവുവീണപ്പോൾ കാഴ്ച കൂടുതൽ വ്യക്തവും ഭീതി നിറഞ്ഞതുമായി.
ഞാൻ അമ്മയെയും അമ്മ ചാച്ചനെയും മുറുകെപ്പിടിച്ചു.
ആരും മിണ്ടരുതെന്ന് ചാച്ചൻ വാ പൊത്തി ആംഗ്യം കാണിച്ചു. നിലവിളിക്കാൻ തോന്നിയെങ്കിലും ഞാൻ കടിച്ചുപിടിച്ചു.
രണ്ടു കൊമ്പന്മാർ ഇല്ലിത്തുറുവിനു ചുവട്ടിൽ കാവൽ നിന്നു.
മറ്റ് ആനകൾ കടന്നുപോയി; കുട്ടികളും. അവ കാട്ടുചേമ്പുകളും ബജ്റ വള്ളികളും വളർന്നുനിൽക്കുന്ന ചെറിയ തോടുകടന്ന് ചാലിലൂടെ വനത്തിലേക്കു മറഞ്ഞു.
അവസാനമാണ് ആ കൊമ്പന്മാർ ഇളകിയത്. ചിലയാളുകൾ ആനകളെ ഓടിക്കാനായി മണ്ണെണ്ണയിൽ മുക്കിയ തുണി കത്തിച്ച് ആനപ്പുറത്തേക്കെറിയും. അതു മുതുകിൽ വീണാൽ പൊള്ളലേൽക്കും. ആ തീ കെടുത്താൻ അവറ്റകൾക്കു കഴിയില്ല. പൊള്ളിപ്പഴുത്ത് വ്രണമാകും. പന്തമെറിഞ്ഞ ഏറുമാടവും ആളെയും ആനകൾ കണ്ടുവെക്കും. അയാളുടെ ഗന്ധം മനസ്സിൽ സൂക്ഷിക്കും. ഇരുപതു വർഷങ്ങൾക്കുശേഷം ചിന്നാർ വിട്ടുപോയ ആളെ മാങ്കുളത്തുവെച്ച് തിരിച്ചറിഞ്ഞു കുത്തിയ ആനയുടെ പകയെപ്പറ്റി കേട്ടിട്ടുണ്ട്.
ചാച്ചൻ ഈ മിണ്ടാപ്രാണികളെ ഉപദ്രവിക്കുകയില്ല. കൃഷിയിടങ്ങളിലേക്കു വന്നാൽ പാട്ട കൊട്ടി അകറ്റും. ആന ഞങ്ങളെ ഉപദ്രവിക്കുകയില്ലെന്ന് ചാച്ചൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, അമ്മയുടെ അഭിപ്രായം വേറെയാണ്. അതു ജന്തുക്കളാ. എപ്പഴാ മനസ്സുമാറുന്നതെന്നറിയില്ല. നമ്മൾ കരുതിയിരിക്കണം.
ആനകൾ പോയപ്പോൾ കാറ്റുവീശി, ഇല്ലിക്കൂട്ടം ആടിയുലഞ്ഞു. തൈതലുകൾ ഉരയുമ്പോൾ കറകറ സ്വരമുണ്ടാകും. ഇല്ലിപ്പാളികൾ കൂട്ടിക്കെട്ടിയിരിക്കുന്ന ഈറ്റവള്ളികളും കയറുകളും ഉരഞ്ഞുപൊട്ടി, വീടുൾപ്പെടെ എല്ലാം ചിതറി താഴേക്കുവീഴുമെന്നു തോന്നി.
പിറ്റേന്ന് താമസിച്ചാണെഴുന്നേറ്റത്. തലേ രാത്രി ഒരു സ്വപ്നംപോലെ തോന്നി. കാടുമുഴുവൻ സൂര്യപ്രകാശത്തിൽ തിളങ്ങിനിൽക്കുന്നു. പക്ഷികളുടെയും കേഴകളുടെയും ശബ്ദങ്ങൾ, ആകെയൊരു സന്തോഷം. കാട്ടുകിഴങ്ങ് പുഴുങ്ങിയത് അമ്മ ഒരു മൺചട്ടിയിൽ എടുത്ത് എന്റെ മുന്നിലേക്കു വെച്ചു. ആവിപറക്കുന്ന കിഴങ്ങ്.
പൂച്ചയെ നോക്കുന്ന എലിയെപ്പോലെ ഞാനതു നോക്കി ഇരുന്നു.
ചാച്ചൻ എങ്കറോച്ച് സ്ഥലത്തേക്കു പോയിരിക്കുന്നു. അവിടെ ഞങ്ങൾക്ക് നെല്ലും പഞ്ഞപ്പുല്ലും കൃഷിയുണ്ട്. ഞങ്ങളെന്നു പറഞ്ഞാൽ അടുത്തുള്ള നാലഞ്ച് അയൽക്കാരുടെ സംഘം വീട്ടുകാർ കൂടിച്ചെയ്യുന്നതാണ് കൃഷി.
ഈ സ്ഥലമൊന്നും ഞങ്ങടെയല്ല. കാട് കൈയേറി വെട്ടിത്തെളിച്ചതാണ്. കാടിന് ഉടമസ്ഥനാരുമില്ല. നാട്ടിൽ ഭൂമിയില്ലാത്തവർ വനം വെട്ടിത്തെളിച്ചു കൈവശപ്പെടുത്തുന്നു. കാട്ടുമൃഗങ്ങളെയും പ്രതികൂല കാലാവസ്ഥയെയും മലമ്പനിപോലുള്ള മാരകമായ രോഗങ്ങളെയും നേരിട്ടുവേണം ജീവിക്കാൻ. നൂറുപേര് കുടിയേറിയാൽ പത്തുപേര് അവശേഷിച്ചെങ്കിൽ ഭാഗ്യം. എന്നിട്ടും എന്റെ ചാച്ചനെയും അമ്മയെയുംപോലുള്ളവർ കഞ്ഞികുടിച്ചു കഴിയാൻ പറ്റുന്ന നല്ല ഭാവി സ്വപ്നം കണ്ട് കൊടുങ്കാട്ടിലെത്തി. എന്നെപ്പോലുള്ള കുട്ടികൾക്ക് അവരോടൊപ്പം പോകാനല്ലാതെ എന്തു പറ്റും? ഒരു കരടി വന്ന് കടിച്ചെടുത്തു കൊണ്ടുപോയാൽ തീർന്നു...
കൂടുതലും മീനച്ചിൽ താലൂക്കുകാരാണ് ഹൈറേഞ്ചിലേക്കു കുടിയേറിയത്.
ചാച്ചനും കൂട്ടുകാരും കാടു വെട്ടിത്തെളിച്ച് ചപ്പും ചവറുമെല്ലാം ഉണക്കി തീയിട്ടു. ഭൂമി നിരപ്പല്ല. കുന്നും ചെരിവുമൊക്കെയാണ്. അവിടെ നെൽവിത്തു വിതച്ചു. അതിനിടയിൽ ആകാശം മുട്ടുന്ന മരങ്ങളുണ്ട്. ഒരു കൊയ്ത്തുകാലം ഇന്നും മറന്നിട്ടില്ല. കരയിൽ വിതയ്ക്കുന്ന നെൽക്കൃഷിക്ക് വിരിപ്പ് എന്നാണ് പറഞ്ഞിരുന്നത്.
ഒരു മലഞ്ചെരിവു മുഴുവൻ വിരിപ്പാണ്. എന്നെക്കാൾ ഉയരമുള്ള നെൽച്ചെടികൾ. കരയിൽ വിതയ്ക്കാവുന്ന–കാറ്റിനെയും മഴയെയും പ്രതിരോധിക്കാൻ ബലമുള്ള–ഇനമാണ്. തണ്ടിനും നെല്ലിനും നീലനിറമുള്ള അതിന്റെ പേരെനിക്കറിയില്ല. കൃഷിയുടെ ചുറ്റും നടുക്കുകൂടിയും പുകപോകുന്നതു കണ്ടു. ചാച്ചൻ ഒരു മൺകലവുമായി വരുന്നുണ്ട്. അതിൽനിന്നാണ് പുക ഉയരുന്നത്. അടുത്തുവന്നപ്പോൾ നല്ല കുന്തിരിക്കത്തിന്റെ മണം. അതൊരു ചടങ്ങാണ്. കാട്ടിലും മലയിലും ഭൂതപ്രേതാദികൾ ഉണ്ടെന്ന് എല്ലാ കാലവും വിശ്വാസമുണ്ട്.
ആ വിശ്വാസത്തിന്റെ ബലത്തിലാണല്ലോ ഞാനൊക്കെ പിന്നീട് പ്രേതകഥകളെഴുതിയിട്ടുള്ളത്. അവിടത്തെ കുന്തിരിക്കമരം ഞാൻ കണ്ടിട്ടില്ല. വനത്തിലെവിടെയോ ഉണ്ട്. മറയൂരിൽ പയസ് നഗറിലെ വലിയ പാറമുകളിൽ ഞാനൊരു മരം പിന്നീടു കണ്ടു. ആ വലിയ മരത്തിൽനിന്ന് ഒലിച്ചുവീഴുന്ന പശ, തടിയിലും തറയിലും കിടപ്പുണ്ടായിരുന്നു. സുഗന്ധമുള്ള കുന്തിരിക്കം.
സുഗന്ധം പുകച്ച് ദുഷ്ടാത്മാക്കളെയും അരൂപികളെയും അകറ്റിയശേഷം അരിവാൾകൊണ്ട് കൊയ്ത്ത് ആരംഭിച്ചു.
Read also:അതിജീവനക്ഷമതയുടെ പുസ്തകം, പ്രത്യാശയുടെയും…
അമ്മയും കൂട്ടുകാരികളും മാത്രമല്ല, എല്ലാ ആണുങ്ങളും ഒത്തൊരുമിച്ചാണ് കൊയ്തത്. അവർ മുണ്ടു മടക്കിക്കുത്തി തോർത്ത് തലയിൽക്കെട്ടി തയ്യാറായി നിൽക്കുകയായിരുന്നു.
ഞാനും എന്നെപ്പോലുള്ള കുട്ടികളും കാലാ പെറുക്കിക്കൊണ്ട് പിന്നാലെ നടന്നു.
നൂറ്റാണ്ടുകളായി മനുഷ്യപാദമേൽക്കാത്ത കറുത്ത മണ്ണാണ്. അവിടെ എന്തു കുഴിച്ചിട്ടാലും വലിയ വിളവു കിട്ടും. കപ്പ പറിച്ചപ്പോൾ ആനക്കൊമ്പുപോലുള്ള കിഴങ്ങുകളാണ് കണ്ടത്. ആ കപ്പ കടപിഴുതെടുക്കാൻതന്നെ കരുത്തരായ മൂന്നുപേർ വേണ്ടിവന്നു!
ഈ കൃഷികൾ കൂടാതെ ചിലർ കഞ്ചാവും നട്ടിരുന്നു. ഉൾവനങ്ങളിലായിരുന്നു. എന്റെ ചാച്ചൻ ഒരു നീർച്ചാലിന്റെ കരയിൽ കഞ്ചാവുചെടികൾ നട്ടിരുന്നു. ചാച്ചന്റെ കൂടെ ഞാനുമുണ്ടായിരുന്നു, അതിന്റെ ചുവട്ടിൽ വെള്ളംകോരി ഒഴിക്കാൻ. ചാച്ചന്റെയും കൂട്ടുകാരുടെയും സംസാരത്തിൽനിന്നും അത് വലിയ വിലകിട്ടുന്ന സാധനമാണെന്നും, രഹസ്യമായാണ് നട്ടുവളർത്തുന്നതെന്നും മനസ്സിലായി.
പിന്നെ ഞങ്ങളവിടെ പോയപ്പോൾ ചാച്ചനെക്കാൾ വളർന്നുപന്തലിച്ച കഞ്ചാവാണ് കണ്ടത്. ഞാനതിന്റെ തണ്ടിൽ പിടിച്ചു മുകളിലേക്കു നോക്കി. ചുരുണ്ടുകൂടിയതുപോലെയുള്ള പൂക്കളാണ് കണ്ടത്. അതിനിടയിലൂടെ മേഘങ്ങളുള്ള ആകാശം. ലഹരിപിടിപ്പിക്കുന്നതുപോലെ ഒരു ഗന്ധം ആ കാറ്റിലുണ്ട്. ചാച്ചൻ കഞ്ചാവിന്റെ പൂക്കൾ പരിശോധിക്കുകയാണ്.
‘‘നല്ല ചടയൻ കഞ്ചാവാ.’’
ചാച്ചൻ എന്നെനോക്കി ചിരിച്ചു. ചാച്ചന് കൂടുതൽ കാശ് കിട്ടുമെന്നറിഞ്ഞപ്പോൾ എനിക്കു സന്തോഷമായി. കാശു കിട്ടിയാൽ ചാച്ചൻ പെരിഞ്ചാൻകുട്ടിയിൽ പോയി കടപ്പലഹാരങ്ങൾ വാങ്ങിക്കൊണ്ടുവരും. ചിലപ്പോ അമ്മയെയും എന്നെയും കൊണ്ടുപോകും. വള്ളിനിക്കറിന്റെ പിൻഭാഗം കീറിത്തുടങ്ങി.
ഞാൻ സ്വപ്നം കണ്ടു. പലഹാരത്തെപ്പറ്റിയുള്ള എന്റെ ഓർമ്മ രസകരമാണ്.
ഞാൻ ഏറുമാടത്തിലെ തൈതൽമുറ്റത്തിരുന്ന് പൂമരങ്ങളിൽ തേനീച്ചകൾ പറന്നുനടക്കുന്നത് കാണുകയാണ്. ചാച്ചൻ രണ്ടുമൂന്ന് കടലാസുപൊതികളുമായി ഏറുമാടത്തിലെത്തി.
അമ്മ പൊതികളഴിച്ചു. അരിയും ഉപ്പും മുളകുമൊക്കെയാണ്. ഞാൻ നോക്കിയത് എനിക്കു തിന്നാൻപറ്റിയതു വല്ലതുമുണ്ടോന്നാണ്. കടപ്പലഹാരത്തിന് നല്ല രുചിയാണ്. ഓർക്കുമ്പോൾ വായിൽ വെള്ളംവരും. നാലഞ്ചു കട്ട സോപ്പുകളല്ലാതെ ഒന്നുമില്ല പൊതിയിൽ.
‘‘മോൻ തിന്നോ,’’ ചാച്ചൻ സ്നേഹത്തോടെ പറഞ്ഞു.
ഞാൻ ചാച്ചനെ നോക്കി. പിന്നെ സോപ്പുകട്ടകളിലേക്കും. ഞാനതെടുത്ത് ഒന്നു ഞെക്കിനോക്കിയശേഷം കടലാസിലേക്കിട്ടു.
‘‘ഇതു സോപ്പല്ലേ?’’
ചാച്ചൻ അതൊന്നെടുത്ത് മുറിച്ച് എന്റെ വായിൽ വെച്ചുതന്നു.
ഞാനൊന്നു നക്കി, പിന്നെ കടിച്ചു. സോപ്പിന്റെ രുചിയല്ല. മധുരം! നല്ല രുചി!
ഞാനാ സോപ്പു ചവച്ചരച്ചു.
എന്റെ മുഖംകണ്ട് അമ്മ പറഞ്ഞു: ‘‘അതിന് കൊച്ച് അലുവാ കണ്ടിട്ടൊണ്ടോ മനുഷേനേ? അവങ്കരുതീത് അലക്കണ സോപ്പുകട്ടയാണെന്നാ... ഇതിന് അന്യായ വെലയായില്ലേ?’’
ഞാൻ ഹൽവ തിന്നുന്നതു നോക്കി ചാച്ചൻ ചിരിച്ചു.
എന്റെ സ്വപ്നം പെട്ടെന്നുതന്നെ പൊലിഞ്ഞു.
പരിചയമില്ലാത്ത ആരുടെയൊക്കെയോ സംസാരം കേട്ടു. അവർ കാട്ടിനുള്ളിലേക്ക് വാക്കത്തികൊണ്ട് വഴിവെട്ടി വരികയാണ്.
‘ഫോറസ്റ്റുകാര്...’ ചാച്ചൻ സ്വയം പറഞ്ഞു.
ഒരു പാറയ്ക്കുമുകളിൽ കയറിനിന്ന് ചുറ്റും നോക്കുന്ന കാക്കിധാരികളെ കണ്ടു. ഒരാൾ ഞങ്ങടെ ചുറ്റും ചൂണ്ടിക്കാണിക്കുന്നു. അവിടെനിന്നാൽ ചടയൻ കഞ്ചാവ് പൂത്തുനിൽക്കുന്നത് കാണാമായിരിക്കണം.
ഞാൻ ചാച്ചനെ നോക്കി. എന്നോട് മിണ്ടരുതെന്ന് ആംഗ്യം കാണിച്ചു. കാടിനടിയിലൂടെ കുനിഞ്ഞ് ഇലയനക്കാതെ ചാച്ചൻ എന്നെ കൊണ്ടുപോയി.
രണ്ടുദിവസം കഴിഞ്ഞ് ചാച്ചൻ അമ്മയോട് പറയുന്നതു കേട്ടു, ‘‘ഫോറസ്റ്റുകാർ എല്ലാം വെട്ടിയരിഞ്ഞുകളഞ്ഞു. ഒരു മാസംകൂടി കഴിഞ്ഞിരുന്നെങ്കിൽ നമുക്കു വെട്ടാമാരുന്നു.’’
‘‘എല്ലാരുടേം പോയോ?’’ അമ്മ.
‘‘പോയി. എന്നാല് ആരേം പിടിച്ചില്ല. ആ വറീതിന്, ഗോപാലൻ ഗാർഡിനെ അറിയാരുന്നു. അവര് ഒരു കുപ്പി കൊട്ടുവടി കുടിച്ചിട്ട് പോയി.’’
‘‘വറീതിന്റെ കഞ്ചാവ് വെട്ടിയില്ലേ ഫോറസ്റ്റുകാര്?’’
‘‘ആരേം അറിയിക്കാതെയാ അവരു വന്നത്. വെട്ടി മൂടിക്കഴിഞ്ഞാണ് അറിഞ്ഞത്. വറീതിന്റെയും ചാണ്ടീടേതുംകൂടി ഒരേക്കറാ വെട്ടിക്കത്തിച്ചത്. ഭാഗ്യത്തിന് അവരെ അറസ്റ്റു ചെയ്തില്ല...’’
‘‘കഷ്ടായിപ്പോയി. വായിലോളം വന്നതാ. പോയില്ലേ..?’’ അമ്മ പരിതപിച്ചു.
‘‘പോയതു പോയെടി ഏലീ... എന്നാ നമുക്കൊരു ചെറിയ പ്രതീക്ഷയൊണ്ട്...’’
‘‘അതെന്നതാ?’’
‘‘നമ്മളാ പാറേടെ ചോട്ടിൽ നട്ടത് അവരു കണ്ടില്ല.’’
‘‘അതെന്നാ ഒണ്ട്?’’
‘‘ഇരുപത്തിനാല് കടയൊണ്ട്. നീലച്ചടയനാ... മൂത്തുവരുന്നതേയൊള്ളൂ...’’
രാത്രിയായിരുന്നതുകൊണ്ട് ഹരിക്കേയ്ൻ വിളക്കിന്റെ നേർത്ത വെട്ടത്തിൽ അമ്മേടെ മുഖം കാണാൻ കഴിഞ്ഞില്ല. പ്രസന്നമായിരിക്കണം.
ചിന്നാർ പശ്ചാത്തലമാക്കി ഞാൻ എഴുതിയ കൊള്ളിയാൻ എന്ന നോവൽ വാരികയിൽ പ്രസിദ്ധീകരിച്ചശേഷം പുസ്തകരൂപത്തിൽ ഇറങ്ങിയത് 2005ലാണ്.
ചിന്നാറിലും ഹൈറേഞ്ചിലും ഭീതിപടർത്തിയ കൊലയാളിയായ കൊള്ളിയാൻ ആന്റണിയുടെ കഥയാണത്. എനിക്കു പരിചിതനായ ഒരാളിൽനിന്നാണ് ‘കൊള്ളിയാൻ’ എന്ന പേരുണ്ടായത്. ചിന്നാറിലെ അമ്മമാർ പിള്ളേരെ ഉറക്കുന്നത് കൊള്ളിയാൻ വരുന്നുവെന്നു പറഞ്ഞാണ്.
ഒരിക്കൽ ചാച്ചൻ എന്റെ കൈപിടിച്ച് കാട്ടിലൂടെ നടത്തി ഒരു വെളിമ്പ്രദേശത്തെത്തി. നല്ല വീടുകൾ. കിളച്ചൊരുക്കിയിട്ടതും കൃഷിചെയ്തിരിക്കുന്നതുമായ ഭൂമി. ചിന്നാറ്റിൽനിന്ന് ഒരു കുന്നുകയറിവരുമ്പോൾ ആകാശത്ത് നക്ഷത്രങ്ങൾ പൊട്ടിവിരിയുന്നതു കണ്ടു. ബാൻഡുമേളം; പാറത്തോട് പള്ളിയിൽ പെരുന്നാളാണ്. പ്രദക്ഷിണം നടക്കുകയാണ്. അതിന്റെ കരിമരുന്നുപ്രയോഗങ്ങളാണ് പകൽ ആകാശത്തു കാണുന്നത്.
ഞാൻ ആദ്യമായാണ് പെരുന്നാൾ കാണുന്നത്. അമ്മയും കൂടെ ഉണ്ടായിരുന്നിരിക്കണം. എന്റെ ഓർമ്മയിലില്ല. പന്തും ഓറഞ്ചും വാങ്ങിച്ചു. പക്ഷേ, ഓറഞ്ചു തിന്ന രുചി ഓർക്കുന്നില്ല.
ചാച്ചന്റെ കൂടെ പലപ്പോഴും വനത്തിലൂടെ പോയിട്ടുണ്ട്. റോഡില്ല, ആളുകൾ നടക്കുന്ന ഒറ്റയടിപ്പാതയാണ്. അപ്പോൾ കണ്ടതാണ് പാറപ്പുറത്ത് ഒരു വലിയ മത്തങ്ങ, മഞ്ഞനിറത്തിൽ വിളഞ്ഞതു കിടക്കുന്നു. എന്നെക്കാൾ വലുതാണ്. അത്തരത്തിലൊന്ന് പിന്നെ കണ്ടിട്ടില്ല. അവിടെനിന്നു പോകാൻതുടങ്ങുമ്പോഴാണ് ആ ശബ്ദം കേട്ടത്. ഭൂമിക്കടിയിൽനിന്ന് ഒരമറൽ...
ചാച്ചൻ അവിടേക്കു ചെന്നു. പിന്നാലെ ഞാനും. മരങ്ങൾക്കിടയിൽ ഭൂമി വിണ്ടുകീറിയതു പോലെ ഒരു കുഴി. പച്ചനിറത്തിലുള്ള വെള്ളം. വെള്ളത്തിൽ ഒരു കൊമ്പനാന. അതെങ്ങനെയോ ആ കുഴിയിൽ വീണതാണ്. മണ്ണിടിച്ച് കുഴി നികത്താനുള്ള ശ്രമത്തിലാണ്. ചാച്ചന് ഒന്നും ചെയ്യാൻ പറ്റുമായിരുന്നില്ല. ഞങ്ങൾ പോന്നു. ആനയുടെ കഥയറിയില്ല.
മറ്റൊരിക്കൽ ചാച്ചൻ വഴിയിൽനിന്നു മാറി ഒരു പാറയിലെ വെള്ളച്ചാട്ടത്തിലേക്കു ചെന്നു. കുത്തിയൊഴുകുന്ന വെള്ളത്തിലൂടെ മുകളിലേക്കു പറക്കുന്നതുപോലെ ചാടുന്ന മീനുകൾ കല്ലേ മുട്ടി.
ചാച്ചൻ ഒരു കല്ലെടുത്ത് അതിനെ ഇടിച്ച്, പിടിച്ചു. പുന്നമരത്തിന്റെ ഇലകൾ പറിച്ച് മീനിനെ അതിൽ പൊതിഞ്ഞു. തേക്കിലപോലെ വലുതാണ് പുന്നയില.
ഞാൻ ഒറ്റയ്ക്ക് ഏറുമാടത്തിൽ കയറാൻ പഠിച്ചിരുന്നു. എനിക്ക് കയറാനും ഇറങ്ങാനും പറ്റുമെന്നു മനസ്സിലായപ്പോൾ അവർക്കും ധൈര്യമായി.
അന്നും ഇന്നും തോർത്ത് എനിക്കൊരു ബലഹീനതയാണ്. വീട്ടിലാണെങ്കിൽ എപ്പഴും ഒരു തോർത്തുണ്ടാകും.
അന്ന് ഒരു തോർത്തുമുടുത്ത് ഒന്ന് പുതച്ച്, ഒന്ന് തലയിൽ കെട്ടി മുതിർന്ന ആളെപ്പോലെ ഞാൻ ഏണികയറുകയായിരുന്നു. ഏറുമാടത്തിന്റെ വാതിലിനടുത്തെത്തിയപ്പോൾ ആരോ ഞാനുടുത്ത തോർത്തിൽ പിടിച്ചുവലിച്ചു. നോക്കിയപ്പോൾ അത് ഏണിക്കമ്പിൽ കുരുങ്ങിയിരിക്കുകയാണ്. ഞാനതെടുക്കാൻ കുനിഞ്ഞു. മുകളിലെ കൈ വിട്ടുപോയി...
Read also:മദർ മേരി Comes To Me: ഒരു മകൾ അമ്മയ്ക്കെഴുതാതെ പോയ പ്രേമലേഖനം
Content Highlights: Childhood survival in a bamboo treehouse (Erumadam) deep inside the Chinnar forest., Fascinating and dangerous nocturnal encounters with wild elephant herds., The harsh realities, struggles, and agricultural life of early Highrange settlers., Nostalgic anecdotes of forest cultivation, hidden cannabis farming, and local lore