ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി; സത്യാന്വേഷിയുടെ ലോകം ലീലാ സർക്കാർ വഴി മലയാളത്തിലേക്കെത്തുമ്പോൾ

പുസ്തകത്തിന്റെ കവര്‍ പേജ്, ലീലാ സർക്കാർ
പുസ്തകത്തിന്റെ കവര്‍ പേജ്, ലീലാ സർക്കാർ

കുറ്റാന്വേഷണസാഹിത്യലോകത്ത് വിസ്മയംതീർത്ത ബംഗാളി ക്ലാസിക് കഥാപാത്രമാണ് 'ഡിറ്റക്ട്ടീവ് ബ്യോംകേഷ് ബക്ഷി'. ശരദിന്ദു  ബന്ദോപാധ്യായ സൃഷ്ടിച്ച വിഖ്യാത കുറ്റാന്വേഷണപരമ്പരയിലെ ആദ്യ പുസ്തകമായ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി' മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത് ലീലാ സർക്കാരാണ്. സുനിൽ ഞാളിയാത്ത് ഈ വിവർത്തനത്തിനെഴുതിയ മുഖവുരയും വായിക്കാം.

ലീലാ സർക്കാർ
മലയാള വായനക്കാർക്ക് പ്രത്യേകപരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്തതാണ് ലീലാ സർക്കാർ എന്ന വിവർത്തകയുടെ സാഹിത്യജീവിതം. പതിറ്റാണ്ടുകളായി ബംഗാളി സാഹിത്യത്തിന്റെ മികച്ച സൃഷ്ടികളെ മലയാളത്തിലേക്ക് ആത്മാർത്ഥതയോടെയും ഭാഷാസൗന്ദര്യത്തോടെയും കൊണ്ടുവന്ന അപൂർവ വിവർത്തകയാണ് അവർ. ഇപ്പോൾ, തൊണ്ണൂറുകളുടെ പ്രായത്തിലിരിക്കെ ശരദിന്ദു ബന്ദോപാധ്യായയുടെ പ്രശസ്തമായ 'ബ്യോംകേഷ് ബക്ഷി' കഥകളെ മലയാളത്തിലേക്ക് പൂർണമായി വിവർത്തനം ചെയ്യാനുള്ള മഹത്തായ ദൗത്യവുമായി അവർ വീണ്ടും എത്തുന്നു എന്നത് കേവലമായൊരു സാഹിത്യസംഭവമെന്നതിനേക്കാൾ മലയാള വിവർത്തനചരിത്രത്തിലെ തന്നെ ഒരു സാംസ്‌കാരികനിമിഷമാണ്.

ഇന്ത്യൻ അപസർപ്പകസാഹിത്യചരിത്രത്തിൽ ശരദിന്ദു ബന്ദോപാധ്യായയും അദ്ദേഹത്തിന്റെ ബ്യോംകേഷ് ബക്ഷിയും ഉന്നതമായൊരു സ്ഥാനം കൈവരിച്ചിട്ടുണ്ട്. 1930കളിലെ കൊൽക്കത്തയുടെ സാമൂഹികാന്തരീക്ഷത്തിൽ പിറന്ന ഈ കഥാപാത്രം സാധാരണ 'ഡിറ്റക്ടീവ്' കഥകളുടെ പരിധികളെ മറികടന്ന ഒരാളാണ്. ബ്യോംകേഷ് സ്വയം ഒരു 'ഡിറ്റക്ടീവ്' എന്നു വിളിക്കാറില്ല; 'സത്യാന്വേഷി' എന്നാണ് അദ്ദേഹം സ്വയം വിശേഷിപ്പിക്കുന്നത്. ആ വാക്കിനുള്ളിൽ തന്നെയാണ് ഈ കഥാപാത്രത്തിന്റെ മുഴുവൻ തത്വശാസ്ത്രവും അടങ്ങിയിരിക്കുന്നത്. കുറ്റവാളിയെ കണ്ടെത്തുക മാത്രമല്ല, മനുഷ്യജീവിതത്തിന്റെ മറഞ്ഞിരിക്കുന്ന സത്യങ്ങളെയും സമൂഹത്തിന്റെ ഇരുണ്ടതലങ്ങളെയും മനസ്സിന്റെ നിഗൂഢതകളെയും അന്വേഷിക്കുന്ന ഒരാളാണ് ബ്യോംകേഷ് ബക്ഷി.

ശരദിന്ദുവിന്റെ രചനകളെ കാലാതിവർത്തിയാക്കുന്നത് അവയിലെ മനഃശാസ്ത്രപരമായ ആഴവും യാഥാർത്ഥ്യബോധവുമാണ്. കൊലപാതകങ്ങളും ഗൂഢാലോചനകളും നിറഞ്ഞ കഥകളായിട്ടും അവ കേവലമായ ഉദ്വേഗവായനയിൽ ഒതുങ്ങുന്നില്ല. മനുഷ്യന്റെ ദൗർബല്യങ്ങൾ, ലോഭം, ഭയം, അധികാരമോഹം, ഏകാന്തത, സാമൂഹികമാറ്റങ്ങൾ എന്നിവയെ അതിസൂക്ഷ്മമായി വായിച്ചെടുക്കുന്ന സാഹിത്യസൃഷ്ടികളായി അവ മാറുന്നു. അതുകൊണ്ടുതന്നെ ബ്യോംകേഷ് കഥകൾ ഇന്നും പുതുമയോടെ വായിക്കപ്പെടുന്നു. ആധുനിക കുറ്റാന്വേഷണപരമ്പരകൾ സാങ്കേതികവിദ്യയെയും അതിവേഗ 'ആക്ഷനെ'യും ആശ്രയിക്കുമ്പോൾ, ബ്യോംകേഷ് നിരീക്ഷണത്തെയും ചിന്തയെയും യുക്തിയെയുമാണ് ആശ്രയിക്കുന്നത്. ഈ ബൗദ്ധികസൗന്ദര്യമാണ് അദ്ദേഹത്തെ ഇന്നും വായനക്കാരുടെ പ്രിയപ്പെട്ട കഥാപാത്രമാക്കി നിലനിർത്തുന്നത്.

ഈ സമാഹാരത്തിന്റെ പ്രത്യേകത, ഇത് ഒരു വിവർത്തനം മാത്രമല്ല എന്നതാണ്. ബംഗാളി സാഹിത്യത്തിന്റെ സാംസ്‌കാരികനാഡിയെ മലയാളത്തിലേക്ക് പുനരാവിഷ്‌കരിക്കാനുള്ള ശ്രമമാണിത്. ശരദിന്ദുവിന്റെ ഭാഷയിലെ ലാളിത്യവും സംഭാഷണങ്ങളുടെ സ്വാഭാവികതയും കാലഘട്ടത്തിന്റെ അന്തരീക്ഷവും മലയാളത്തിലേക്ക് മാറ്റുക അത്ര എളുപ്പമല്ല. പക്ഷേ, ദീർഘകാല വിവർത്തനാനുഭവവും ഭാഷാപരിചയവും കൊണ്ട് ലീലാ സർക്കാർ അതിനെ അത്യന്തം സ്വാഭാവികമാക്കുന്നു. രബീന്ദ്രനാഥ ടാഗോർ മുതൽ സത്യജിത് റായ് വരെ നിരവധി ബംഗാളി എഴുത്തുകാരെ മലയാളത്തിലേക്ക് പരിചയപ്പെടുത്തിയ വിവർത്തകയുടെ കൈകളിലൂടെ ബ്യോംകേഷ് ബക്ഷി മലയാളത്തിലേക്ക് എത്തുന്നത് ഈ കൃതിക്ക് കൂടുതൽ വിശ്വാസ്യതയും സാഹിത്യഗൗരവവും നൽകുന്നു.

ഇന്നത്തെ മലയാള വായനാലോകത്തിൽ അപസർപ്പകസാഹിത്യത്തിന് വലിയ സ്വീകാര്യതയുണ്ട്. എന്നാൽ അതിൽ വലിയൊരു പങ്കും താത്ക്കാലിക ആവേശവായനകളായി മാറിപ്പോകുന്ന സാഹചര്യത്തിൽ, ബ്യോംകേഷ് ബക്ഷിപോലുള്ള ക്ലാസിക് കഥാപാത്രങ്ങളുടെ വരവ് വളരെ പ്രസക്തമാണ്. കുറ്റാന്വേഷണസാഹിത്യവും ഉയർന്ന സാഹിത്യാനുഭവവും ഒരുമിച്ച് സാധ്യമാണെന്ന് ഈ കഥകൾ തെളിയിക്കുന്നു. അതുകൊണ്ടുതന്നെ ഈ പുസ്തകം വെറും ''ഡിറ്റക്ടീവ് കഥകളുടെ'' സമാഹാരമല്ല; ഇന്ത്യൻ സാഹിത്യത്തിലെ ഒരു മഹത്തായ പാരമ്പര്യത്തെ മലയാള വായനക്കാർക്ക് പുതുതായി തുറന്നുകൊടുക്കുന്ന കൃതിയാണ്.

മലയാളത്തിൽ ഷെർലോക്ക് ഹോംസ്, ഹെർക്യൂൾ പോയ്‌റോ തുടങ്ങിയ കഥാപാത്രങ്ങൾക്ക് വലിയ വായനാപ്രിയമുണ്ടായിട്ടുണ്ടെങ്കിലും, ഇന്ത്യൻ സാമൂഹിക യാഥാർത്ഥ്യത്തിൽ നിന്ന് ജനിച്ച ബ്യോംകേഷ് ബക്ഷിക്ക് ഒരുതരം ആത്മബന്ധം അധികമുണ്ട്. കൊൽക്കത്തയുടെ തെരുവുകളും ഇടത്തരം ജീവിതങ്ങളും മനുഷ്യബന്ധങ്ങളിലെ അസ്വസ്ഥതകളും നമുക്ക് അന്യമായ അനുഭവങ്ങളല്ല. അതുകൊണ്ടുതന്നെ ബ്യോംകേഷ് വായന മലയാളിക്ക് കൂടുതൽ അടുത്ത അനുഭവമായി മാറുന്നു.

ഈ ആദ്യവോള്യം മലയാള പ്രസാധനലോകത്തിനും ശ്രദ്ധേയമാണ്. ഒരു ക്ലാസിക് പരമ്പരയെ സമഗ്രമായി അവതരിപ്പിക്കാനുള്ള ദീർഘദർശിത്വം ഇവിടെ കാണാം. ബ്യോംകേഷ് കഥകളുടെ സമ്പൂർണ വിവർത്തനം മലയാളത്തിലേക്ക് എത്തുന്നത് ഭാവിയിലെ വായനക്കാർക്കും ഗവേഷകർക്കും അപൂർവമായ ഒരു സംഭാവനയായിരിക്കും.

തൊണ്ണൂറുകളിലെത്തിനിൽക്കുന്ന പ്രായത്തിലും ഭാഷയോടും സാഹിത്യത്തോടും വിവർത്തനത്തോടുമുള്ള ലീലാ സർക്കാരിന്റെ പ്രതിബദ്ധത ഈ പുസ്തകത്തെ കൂടുതൽ പ്രചോദനാത്മകമാക്കുന്നു. സാഹിത്യം പ്രായത്തെ അതിജീവിക്കുന്ന ഒരു ജീവിതസാധനയാണെന്ന് അവർ വീണ്ടും തെളിയിക്കുന്നു. അതുകൊണ്ടുതന്നെ 'ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി'യുടെ ഈ മലയാളപതിപ്പ് ഇന്ത്യൻ ഭാഷാസാഹിത്യങ്ങൾ തമ്മിലുള്ള ദീർഘകാല സാംസ്‌കാരിക സംഭാഷണത്തിന്റെ മനോഹരമായ തുടർച്ച കൂടിയാണ്.

ബ്യോംകേഷ് ബക്ഷിയുടെ ലോകം
ഒട്ടേറെ ക്ലാസിക് കൃതികളാൽ സമ്പുഷ്ടമായ വംഗസാഹിത്യത്തിലെ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളിലൊന്നാണ് ബ്യോംകേഷ് ബക്ഷി എന്ന സത്യാന്വേഷി. ശരദിന്ദു ബന്ദോപാധ്യായയുടെ തൂലികയിൽ നിന്നും വാർന്നുവീണ ബ്യോംകേഷ് മിടുക്കനായ ഒരു കുറ്റാന്വേഷകൻ എന്നതിലുപരി പല തലമുറകളിൽ പെട്ട ബംഗാളി വായനക്കാരെ ഇന്നും ത്രസിപ്പിക്കുന്ന, കൊൽക്കത്തയുടെ ദൈനംദിന ജീവിതവ്യവഹാരങ്ങളിൽ എവിടെയെങ്കിലും വച്ച് തങ്ങൾക്ക് കണ്ടുമുട്ടാൻ കഴിഞ്ഞേക്കും എന്നൊരു തോന്നൽ വായനക്കാരിൽ ഇന്നും അവശേഷിപ്പിക്കുന്ന ഒരു അനശ്വര കഥാപാത്രം കൂടിയാണ്.

കുറ്റാന്വേഷകനായ ഒരു കഥാപാത്രമാണെങ്കിലും തെരുവുകളിൽ വച്ചോ, തിരക്കേറിയ ഓഫീസ് സമുച്ചയങ്ങളിൽ വച്ചോ, ഇടത്തരം ലോഡ്ജ് മുറികളിലോ അല്ലെങ്കിൽ രാത്രികാലങ്ങളിൽ നഗരത്തിലെ ആളൊഴിഞ്ഞ നടപ്പാതകളിലോ വച്ച് കണ്ടുമുട്ടുന്ന അനേകരിൽ ഒരാളായി ബ്യോംകേഷ് ബക്ഷി കടന്നു വന്നേക്കാമെന്ന തോന്നൽ വായനക്കാരിൽ വേരുറപ്പിക്കുന്നത്ര ഉജ്ജ്വലമായിരുന്നു ശരദിന്ദു ബന്ദോപാധ്യായയുടെ കഥാപാത്രസൃഷ്ടി.

സാധാരണക്കാർക്കിടയിൽ ജീവിച്ച് അസാധാരണ വൈഭവത്തോടെ കുറ്റകൃത്യങ്ങൾ തെളിയിച്ചിരുന്ന കുറ്റാന്വേഷകനായിരുന്നു ബ്യോംകേഷ്. അസാമാന്യ നിരീക്ഷണ പാടവവും, തികഞ്ഞ വിശകലനശേഷിയും, അപഗ്രഥന മികവുമാണ് ബ്യോംകേഷ് ബക്ഷി എന്ന സത്യാന്വേഷിയെ വംഗസാഹിത്യത്തിലെ ജനപ്രിയനായകനാക്കി മാറ്റിയത്. സൂക്ഷ്മമായി വിവരണശേഖരണം നടത്തി, യുക്തിപൂർവം അവയെ വിശകലനം ചെയ്തുകൊണ്ടാണ് ബ്യോംകേഷ് സങ്കീർണമായ കുറ്റകൃത്യങ്ങളുടെ തുമ്പ് കണ്ടെത്തുകയും അവ തെളിയിക്കുകയും ചെയ്തിരുന്നത്.

പ്രായമുണ്ടെങ്കിലും കരുത്തനായ, സദാ ബുദ്ധിസ്ഫുരിക്കുന്ന നോട്ടമെറിയുന്ന, ഒത്ത ഉയരവും, നീണ്ട നാസികയും, അമിതവണ്ണമില്ലാത്ത ശരീരവും ബ്യോംകേഷ് ബക്ഷിയുടെ ശാരീരിക സവിശേഷതകളായിരുന്നു. സ്വന്തം ശരീരഭാഷയെയാണ് ബ്യോംകേഷ് ബക്ഷി എന്ന കഥാപാത്രത്തിന് പകർന്നു നൽകിയതെന്നും, അഗതാ ക്രിസ്റ്റിയും കോനൻ ഡോയലും അപഹരിച്ച സ്വന്തം കൗമാരമാണ് അപസർപ്പകകഥകൾ എഴുതാൻ പ്രേരണയായതെന്നും ശരദിന്ദു ബന്ദോപാധ്യായ പറഞ്ഞിട്ടുണ്ട്.

1929-ലാണ് ശരദിന്ദു ബന്ദോപാധ്യായ എഴുതിത്തുടങ്ങിയെങ്കിലും 1933ലാണ് കുറ്റാന്വേഷണ രചനയിലേക്കെത്തുന്നത്. അജിത് സെൻ എന്ന ബാല്യകാല സുഹൃത്തിൽ നിന്നും പ്രേരണ ഉൾക്കൊണ്ടാണ് ബ്യോംകേഷ് ബക്ഷിയുടെ സഹായിയായ അജിത്തിനെ അദ്ദേഹം രൂപപ്പെടുത്തിയത്. കഥാഗതി എങ്ങോട്ട് തിരിയണമെന്ന കുഴപ്പം പിടിച്ച നാൽക്കവലയിലെത്തി നിന്നപ്പോഴൊക്കെ ബ്യോംകേഷ് ബക്ഷി സ്വയം വഴികാട്ടിയായി മാറിയ സന്ദർഭങ്ങൾ രചനാവേളയിൽ പലപ്പോഴും ഉണ്ടായിട്ടുണ്ടെന്ന് ശരദിന്ദു ബന്ദോപാധ്യായ രേഖപ്പെടുത്തിയിട്ടുണ്ട്. കഥാപാത്രവുമായി എഴുത്തുകാരന്റെ ഇഴചേരലിലൂടെയും ഇഴുകിച്ചേരലിലൂടെയുമാവാം അങ്ങനെയൊരു അപാരതയും സംഭവിച്ചിട്ടുണ്ടാവുക, ഒരേ കഥാപാത്രത്തെ പിന്തുടർന്ന് കഥാപ്രപഞ്ചം സൃഷ്ടിക്കുന്ന എഴുത്തുകാർക്ക് ലഭിക്കുന്ന ഒരപൂർവ സൗഭാഗ്യമാവാമത്.

കണക്കിലും കണക്കുകൂട്ടലിലും മിടുക്കനായ ബ്യോംകേഷ് ബക്ഷിക്ക് കുറ്റാന്വേഷണമെന്നത് എന്നും ബുദ്ധിപ്രയോഗിച്ചുള്ള കളിയായിരുന്നു. അതുകൊണ്ടുതന്നെ അക്രമാസക്തമായ ഒന്നും നമുക്ക് ബ്യോംകേഷ് ബക്ഷി കഥകളിൽ കണ്ടുകിട്ടില്ല. അമാനുഷിക പരിവേഷമില്ലാത്ത കഥാപാത്രങ്ങളും വായനക്കാർക്ക് പരിചിതമായ പ്രമേയപരിസരങ്ങളും സാധാരക്കാരായ മനുഷ്യരുടെ ജീവിതചുറ്റുപാടുകളുമാണ് ബ്യോംകേഷ് ബക്ഷിയുടെ കഥാപ്രപഞ്ചത്തിൽ നമുക്ക് കാണാനാവുക.

കുറ്റാന്വേഷകൻ എന്നോ ഡിറ്റക്റ്റീവ് എന്നോ ഉള്ള പേരിൽ അറിയപ്പെടാൻ ബ്യോംകേഷ് ബക്ഷി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. അതുകൊണ്ടാണ് അദ്ദേഹം താൻ താമസിച്ചിരുന്ന വീടിന്റെ മുൻവാതിലിൽ 'ബ്യോംകേഷ് ബക്ഷി സത്യാന്വേഷി' എന്നെഴുതി വച്ചിരുന്നത്. 'സത്യാന്വേഷി' എന്ന കഥയിലൂടെയാണ് ശരദിന്ദു ബന്ദോപാധ്യായയുടെ ഇതിഹാസ കഥാപാത്രം ബ്യോംകേഷ് ബക്ഷി ആദ്യമായി പ്രത്യക്ഷപ്പെടുന്നതും.

ആവർത്തനവിരസതയില്ലാതെ എഴുതപ്പെട്ട അപസർപ്പക സാഹിത്യമാണ് എന്നും കാലത്തെ അതിജീവിച്ചിട്ടുള്ളൂ. ആ രീതിയിൽ നോക്കുമ്പോഴാണ് ബ്യോംകേഷ് ബക്ഷി കാലജയിയായ ഒരു കഥാപാത്രമായും ശരദിന്ദു ബന്ദോപാധ്യായ കാലാതിവർത്തിയായ ഒരു എഴുത്തുകാരനായും ഇന്നും നിലനിൽക്കുന്നതിന്റെ രസതന്ത്രം നമുക്ക് വായിച്ചറിയാനാവുന്നത്.

മലയാളത്തിലെ ഏറ്റവും തലമുതിർന്ന വിവർത്തകയായ ലീലാ സർക്കാരിന്റെ കൈകളിലൂടെ ശരദിന്ദു ബന്ദോപാധ്യായയുടെ ബ്യോംകേഷ് ബക്ഷി കഥകൾ മലയാളത്തിൽ എത്തുന്നു എന്നത് ഒരുപോലെ ആഹ്‌ളാദകരവും അഭിമാനകരവുമാണ്. അതിനു വഴിയൊരുക്കിയ മാതൃഭൂമി ബുക്‌സിന് സ്‌നേഹാഭിവാദ്യം. 

Content Highlights: Translation of the iconic Bengali detective Byomkesh Bakshi into Malayalam by veteran translator Leela Sarkar., Byomkesh Bakshi identifies himself as a 'Satyanweshi' (Seeker of Truth) rather than a traditional detective., The stories emphasize psychological depth, logic, and social realism over modern high-action tropes., The translation preserves the 1930s Kolkata atmosphere and Saradindu Bandyopadhyay’s original narrative style., This work serves as a significant cultural bridge between Bengali and Malayalam literary traditions.