ചന്ദ്രോത്സവം; ബീയാര്‍ പ്രസാദ് എഴുതിയ നോവലിലെ ഒരു അധ്യായം

പെരുമ്പടപ്പുസ്വരൂപം വാഴുന്ന പൊന്നുതമ്പുരാന്‍, രേവതി തിരുനാള്‍ സ്ഥാണുരവിവര്‍മയുടെ സാമന്തനാണ് കണ്ടങ്കോത. നാട്ടുരാജാവായ അദ്ദേഹത്തിന്റെ പൂജാബിംബമായിരുന്നു പുത്തൂരു തറവാടിന്റെ ഭരദേവതയായ ചാരുമതി! ദേവദാസികളുടെ കൂട്ടത്തില്‍ 'പല്ലക്കും പകല്‍വിളക്കും പാവാടയും' അനുവദിച്ചു കിട്ടിയ ആസ്ഥാന നര്‍ത്തകി! ദീപാരാധനയ്ക്കു നട തുറന്നതുപോലെ അവള്‍ പ്രത്യക്ഷയായപ്പോള്‍ ആരാധകര്‍ ഭക്തിപരവശരായി. ത്രിവിക്രമന്‍ പിള്ള താണു തൊഴുത് ശിശുപ്രായനായി. ചാരുമതി വരാന്തയിലേക്ക് ഇറങ്ങിവന്നു. കളി പറഞ്ഞും പരിഭവിച്ചും അനുസരണയോടെ തന്നോടൊട്ടിക്കിടന്ന ആ പഴയ ചാരുമതിയെയല്ല ഭവത്രാതന്‍ കണ്ടത്. പുരികമൊന്നുയര്‍ന്നാല്‍ കൃഷ്ണമണിയൊന്നിളകിയാല്‍ നിരവധി പരിജനങ്ങളില്‍ വലിയ ചലനങ്ങള്‍ സൃഷ്ടിക്കുന്ന, കടല്‍ച്ചുഴിപോലെ ഒരു സ്ത്രീജന്മം! അവള്‍ മുന്‍പത്തെക്കാള്‍ കൂടുതല്‍ സുന്ദരിയായിരിക്കുന്നു. അംഗവടിവുകള്‍ ഭ്രമിപ്പിക്കുംവിധം മദഭരം! അവള്‍ വരാന്തയിലേക്കിറങ്ങിവന്നു. മുറ്റത്തു വീണുകിടന്ന യുവാവ് എഴുന്നേറ്റ് ചാരുമതിയുടെ പാദങ്ങളില്‍ പിടിച്ചു. ത്രിവിക്രമന്‍ പിള്ളയ്ക്ക് തന്റെ ഭാഗം ന്യായീകരിക്കേണ്ടിയിരുന്നു. ദുര്‍ബലമായ ശബ്ദത്തില്‍ അയാള്‍ പറഞ്ഞു:
'കുറേ നാളായി ഇവനിവിടെ വന്നു കൂടിയിട്ട്. കൈയില്‍ കാല്‍ ചക്രമില്ല. കൊഴലൂത്തു കേട്ട് വല്ലവരും വല്ലതും കൊടുക്കും. പല തവണ ഇറക്കിവിട്ടതാ.
ആരും കാണാതെ പിന്നേം കേറിവരും, ശല്യം. അതുകൊണ്ടു ഞാന്‍...'
ചെറുപ്പക്കാരനെ നോക്കിക്കൊണ്ട് ചാരുമതി ഇടതു കൈ ഉയര്‍ത്തി ത്രിവിക്രമന്‍ പിള്ളയെ വിലക്കി.
'കലാകാരനാണല്ലേ?'
അയാള്‍ വിനീതനായി മുഖം കുനിച്ചു.
'കവിതയെഴുതുമോ?'
പെട്ടെന്നായിരുന്നു ഉത്തരം:
'ഉവ്വ്.'
'എങ്കില്‍ എഴുതൂ. എന്റെ മകളെ വര്‍ണിച്ചുകൊണ്ട് ഒരു കാവ്യമെഴുതൂ. നന്നെങ്കില്‍ പ്രതിഫലം നല്കും. പല നാടുകളിലും, രാജകൊട്ടാരങ്ങളിലും, കവിസദസ്സുകളിലും അതു പാടി പ്രചരിപ്പിക്കൂ. മേദിനീവെണ്ണിലാവിന്റെ പ്രശസ്തി ഭൂമിമലയാളത്തിനുമപ്പുറം പരക്കണം.'
അയാള്‍ ആവേശത്തോടെ പറഞ്ഞു:
'അതിന് എനിക്കു മേദിനീവെണ്ണിലാവിനെ കാണണം. കേട്ടു മാത്രം അറിഞ്ഞ അവളുടെ അംഗലാവണ്യം ആവോളം നുകരണം.'
ചാരുമതി പുഞ്ചിരിച്ചു:
'നാളെ കഴിഞ്ഞ് ധനുപൗര്‍ണമി. കുളിച്ചൊരുങ്ങി സര്‍വാഭരണ വിഭൂഷിതയായി അവള്‍ ക്ഷേത്രത്തിലേക്ക് അകമ്പടികളോടെ എഴുന്നള്ളും. എല്ലാവര്‍ക്കുമെന്നതുപോലെ നിനക്കും അവളെ ആവോളം കാണാം. മത്സരബുദ്ധിയോടെ എഴുതുന്ന മഹാകവികള്‍ പലരുമുണ്ടാകും. നിന്റെ കവിത അവരെ ജയിച്ചാല്‍ പണവും പെരുമയും നിനക്ക്.'
യുവാവ് ആത്മവിശ്വാസത്തോടെ ചാരുമതിയെ തൊഴുത് പിന്നാക്കം ചുവടു വെച്ച് നടന്നുപോയി. പിന്നെ മൂര്‍ച്ചയുള്ള കണ്ണുകളോടെ ത്രിവിക്രമന്‍ പിള്ളയെ നോക്കി. അയാള്‍ ചൂളിനിന്നു.
'പിള്ളേ, കലാകാരന്മാരെ പിണക്കരുത്. കലയെ ഉപാസിക്കുന്നവരാണ് ഞങ്ങള്‍. അവര്‍ വന്നാല്‍ എന്റടുക്കലേക്ക് അയച്ചാല്‍ മതി.'
'ഉത്തരവ്.'
പിള്ള വാക്കൈ പൊത്തി പിന്നാക്കം മാറി. ചാരുമതി ആള്‍ക്കൂട്ടത്തെ കണ്ണുകള്‍കൊണ്ട് ഉഴിഞ്ഞുനോക്കി. അവ ഭവത്രാതന്റെ മുഖത്ത് തറച്ചുനിന്നു.
പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട് അദ്ഭുതത്തിന്റെ വാ തുറന്ന്, പരിസരമറിയാതെ നില്ക്കുകയായിരുന്നു അയാള്‍. ഒരു നേര്‍ത്ത പരിചയഭാവം ചാരുമതിയുടെ മുഖത്തു മിന്നി. പോകാനായി തിരിഞ്ഞുനിന്ന് പിള്ളയെ വിളിച്ചു:
'ത്രിവിക്രമന്‍ പിള്ളേ, കാട്ടേടത്തുമനയിലെ ഭവത്രാതന്‍ തിരുമേനിക്ക് തെക്കേ മേടയില്‍ താമസമൊരുക്കണം. ഒരു കുറവും വരരുത്.'
'ഉത്തരവ്.'
യന്ത്രംപോലെ പിള്ള കുനിഞ്ഞുനിവര്‍ന്നു. തിരിഞ്ഞുനോക്കാതെത്തന്നെ ചാരുമതി അകത്തേക്കു കയറി. ദാസി വാതിലടച്ചു. ത്രിവിക്രമന്‍ പിള്ള പഴയ പ്രതാപം വീണ്ടെടുത്തു. അയാള്‍ ചുറ്റും നോക്കി.
'ആരാ ഭവത്രാതന്‍ തിരുമേനി?'
രാമന്‍ പെട്ടെന്നുണര്‍ന്നു. ആദ്യം കാണേണ്ടത് എന്താണെന്ന് രാമനറിയാം. പണപ്പെട്ടി ഭാരംകൂട്ടി പൊക്കിയെടുത്ത് തോളില്‍ വെച്ചു. എന്നിട്ട് വിനയപൂര്‍വം ഭവത്രാതനോടു തൊഴുതുണര്‍ത്തിച്ചു:
'ഏമാന്‍ അങ്ങത്തേ ക്ഷണിക്ക്ണു.'
സംഭവിച്ചതെന്തെന്നു വിശകലനം ചെയ്യാന്‍ സമയം കിട്ടുന്നതിനു മുന്‍പ് ഭവത്രാതന്‍ തെക്കേ മേടയിലേക്ക് ആദരപൂര്‍വം ആനയിക്കപ്പെട്ടു.
സല്ക്കാരം കെങ്കേമമായിരുന്നു. ആഡംബരപൂര്‍ണമായ മുറി. പരിചരിക്കാന്‍ ഊഴം കാത്ത് യുവതികളായ പരിചാരികമാര്‍. പാലും പഴവും കഴിച്ച് അല്പം വിശ്രമിച്ചുകഴിഞ്ഞപ്പോള്‍ ദാസിമാര്‍ വന്ന് കുളിക്കടവിലേക്ക് കൊണ്ടുപോയി. അവര്‍ തന്നെ സര്‍വാംഗം കാച്ചെണ്ണ തേപ്പിച്ചു. സമൃദ്ധമായി താളിയിട്ടു കുളിപ്പിച്ചു. തിരികെ കൊണ്ടുവന്ന് പതുപതുത്ത മെത്തയില്‍ കിടത്തി. ആഹാ! ജീവിതം ഇത്ര സുഖസമൃദ്ധമാണല്ലോ എന്നോര്‍ത്ത് ഭവത്രാതന്‍ നിര്‍വൃതിക്കൊണ്ടു. മനസ്സിന്റെ എല്ലാ സങ്കീര്‍ണതകളും അലിഞ്ഞുപോയിരിക്കുന്നു. ആയിരം സ്വര്‍ണനാണയങ്ങള്‍ എണ്ണി ത്രിവിക്രമന്‍ പിള്ളയ്ക്ക് കൊടുക്കേണ്ടി വന്നെങ്കിലെന്താ! പണം കെട്ടിപ്പൂട്ടി കൈയില്‍ വെച്ചതുകൊണ്ട് സുഖം കിട്ടുമോ? അനുഭവിക്കാന്‍ യോഗമില്ലാതെ മരിച്ചിട്ടെന്താ കാര്യം? എത്രയോ സ്വര്‍ഗീയകേളികള്‍ക്കു രംഗവേദിയായ മെത്തയാവാമിത്? ആലസ്യം കണ്ണില്‍ കനവു മെഴുകിയപ്പോള്‍ ഭവത്രാതന്‍ മയക്കത്തിലേക്ക് വഴുതി.
എത്ര സമയം ഉറങ്ങിയെന്നറിയില്ല. വിചിത്രമായൊരു മുഖരൂപമാണ് മുന്നില്‍ കണ്ടത്. പല്ലുകളെല്ലാം മുന്നിലേക്കു തള്ളി, സമൃദ്ധമായി ചിരിക്കുന്ന മുഖം! ഭസ്മക്കുറിയണിഞ്ഞ വിശാല നെറ്റിക്കു നടുവില്‍ ലഭ്യമായ എല്ലാത്തരം കുറികളുമിട്ടിട്ടുണ്ട്. ഭവത്രാതന്‍ എഴുന്നേറ്റു. ഇപ്പോളാണ് ആളെ വ്യക്തമായി കണ്ടത്. വാഴനാരുപോലെ മെലിഞ്ഞ ഒരു രൂപം! കൈയിലെ പിച്ചളത്താലത്തില്‍ ഒരു കെട്ട് വാഴനാരുമുണ്ട്. പല നിറത്തിലുള്ള കുറെയേറെ പൂക്കളും. അയാള്‍ തൊഴുതു. ഭവ്യതയോടെ ഒതുങ്ങി മാറിനിന്നു. എന്നിട്ടു സ്വയം പരിചയപ്പെടുത്തി:
'അടിയന്റെ പേരു പരണന്‍. ഇവിടുത്തെ അന്തേവാസിയാന്ന്വച്ചോ. അകത്തെ പൂജകള്‍ക്കു പൂക്കള്‍ പറിച്ചുകൊടുക്കണം. മാല കെട്ടണം.'
ഭവത്രാതന്‍ ആംഗ്യംകൂട്ടി ചോദിച്ചു:
'വിടെ കഴകക്കാരനായിരിക്കും. തൂത്തു തളി ണ്ടോ?'
'അതിനിവിടെ കുനിയാന്‍ കഴിവുള്ള ചെറുപ്പക്കാരികളുണ്ട്. അടിയന്‍ സ്ഥിരം നടുവേദനക്കാരനാന്നേ.'
'അപ്പോ തന്നെക്കൊണ്ടിവ്ടെ ശല്യോന്നുല്യ. വിശ്വസ്തന്‍ തന്നെ.'
'ആന്നേ, എന്തുണ്ടായാലും നടു വളയ്ക്കുന്ന പ്രശ്നമില്ല.'
പരണന്‍ ചിരിച്ചു. പല്ലുകള്‍ തണല്‍ വിരിച്ചു. ഇവന്‍ കൊള്ളാമെന്നു ഭവത്രാതനു തോന്നി. ഇങ്ങനൊരാളെ കൈയിലെടുക്കേണ്ടത് ആവശ്യമാണ്.
'നോം വന്നത് മേദിനീവെണ്ണിലാവിനെ കാണാനാണ്.'
'അതിനെന്താ, ക്ഷേത്രത്തിലെ ചടങ്ങുകള്‍ എല്ലാവര്‍ക്കും കാണാല്ലോ.'
'അതല്ല, അവളെ സ്വന്താക്കാനാ, ആദ്യാളായിട്ട്. എങ്ങന്യായാലും വേണ്ടില്യ, അതു നടക്കണം.'
പരണന്‍ കാര്യഗൗരവത്തിലായി. ഭവത്രാതനെ ജാലകത്തിനടുത്തേക്ക് കൈയാട്ടി വിളിച്ചു. എന്നിട്ട് പുറത്തേക്ക് കൈ നീട്ടി.
'ദാ, ഇക്കാണണ മഹാജനമെല്ലാം വന്നിരിക്കണത് അതിനാ.'
ഭവത്രാതന്‍ കാര്യത്തിലേക്ക് കടന്നു:
'പണമോ പണ്ടമോ വസ്തുവഹകളോ എത്രാന്ന്വച്ചാ കൊടുക്കാം.'
പരണന്‍ ചിരിച്ചു:
'ഏയ്... അതൊന്നും ഒരു പ്രശ്നല്ല തിരുമേനീ...'
പരണന്‍ തന്റെ പൂത്താലമെടുത്തു. അതിലെ പൂക്കള്‍ ഇളക്കിയിട്ടിട്ട് ഭവത്രാതനു നേരേ നീട്ടി:
'ഒരു പൂവെടുത്തേ,' ഭവത്രാതന് കാര്യം മനസ്സിലായില്ല.
'എന്തിന്?'
'കാര്യം പറയാം. തിരുമേനി പൂവെടുത്തേ.'
ഭവത്രാതന്‍ ഒരു പൂവെടുത്തു. പരണന്‍ അത് ഭക്തിപൂര്‍വം വാങ്ങി നെഞ്ചോടു ചേര്‍ത്ത് കണ്ണടച്ചു ധ്യാനിച്ചു. എന്നിട്ട് പറഞ്ഞു:
' ഓം... അനംഗ ദേവായ നമ. വെളുത്ത പൂവ്. അഞ്ചിതള്‍.'
'എന്ന്വച്ചാല്‍?'
'പറയാം, ഒരു ദക്ഷിണ വച്ചേ.'
'ഹേയ്, നമ്പൂരാര് ദക്ഷിണ വാങ്ങ്വല്ലാതെ കൊടുക്കാറില്ല, ശുംഭാ.'
'ന്നാ കൂല്യായിട്ട് വച്ചോ. കാര്യം അറിയ്ണ്ടേ.'
ഭവത്രാതന്‍, രാമന്റെ കൈയില്‍ കൊടുക്കാതെ പിടിച്ചുവാങ്ങി വെച്ചിരുന്ന അവന്റെ സഞ്ചിയില്‍നിന്നു നാലണയെടുത്ത് തിരുമ്മി, പരണന്റെ പാത്രത്തിലേക്കിട്ടു. അത്ര തൃപ്തിയോടെയല്ലെങ്കിലും, ഇനിയും അവസരമുണ്ടല്ലോ എന്നു കരുതി പരണന്‍ അതെടുത്തു കണ്ണില്‍ വെച്ചു. എന്നിട്ട് സന്തോഷത്തോടെ പറഞ്ഞു:
'തിരുമേനി ഭാഗ്യള്ളോനാ. കാര്യം നടക്കും.'
'എങ്ങനെ, എപ്പോ?'
'അതറിയാരുന്നെങ്കില് അടിയനിവിടെ ങ്ങനെ കെടക്ക്വോ തിരുമേനീ.'
'ടാ വിഡ്ഢിക്കൂശ്മാണ്ഡമേ, നമുക്കു ക്ഷമ നശിച്ചു. മേദിനീവെണ്ണിലാവിനെ എങ്ങനേം ഒന്നു കണ്ടേ മതിയാവൂ. അതിനെന്താ വഴീന്നു പറയ്ക.'
അകലേക്ക് എത്തിനോക്കിയിട്ട് പരണന്‍ തിടുക്കത്തില്‍ പറഞ്ഞു:
'പ്പോ മനസ്സിക്കരുതിയതേയുള്ളു, ദാ വരണൂ നമ്മുടെ നായിക!'
വേഗം താലവുമെടുത്ത് അയാള്‍ എഴുന്നേറ്റു. നെഞ്ചിടിപ്പോടെ ഭവത്രാതന്‍ എത്തി വലിഞ്ഞു പുറത്തേക്കു നോക്കി. അവിടെ പ്രത്യേകിച്ചാരെയും കണ്ടില്ല. നാലഞ്ചു ദാസിമാര്‍ അങ്ങോട്ടു വരുന്നുണ്ട്. അവര്‍ക്കു മുന്‍പേ, പഞ്ഞിപോലെ നരച്ച തലമുടി ഉച്ചിയില്‍ കൊണ്ടകെട്ടിയ ഒരു വല്യമ്മത്തള്ളയും. പരണന്റെ ശബ്ദം കേട്ടു:
'അതന്നെ. മേദിനീവെണ്ണിലാവിന്റെ മുത്തശ്ശി. ഇട്ടിയക്കി. ഇങ്ങ്ട് തന്ന്യാ വരവ്.' ഭവത്രാതന് എവിടെയോ ഒരു ഞരമ്പ് ഉളുക്കിപ്പോയി.
'ഭാ..! എണ്ണയ്ക്കു കൈനീട്ട്മ്പോ പിണ്ണാക്കാണോടാ തരണ്ത്?'
'ഇല്ലേ... ന്നെ കണ്ടാലേ അവര് ആട്ടു തൊടങ്ങൂ.'
പരണന്‍ ജനാല വഴി പുറത്തേക്കു ചാടി. ഭവത്രാതന്‍ ഇട്ടിയക്കിയെ നോക്കി. അല്പം കൂനുണ്ടെങ്കിലും തല ഉയര്‍ത്തിപ്പിടിച്ചാണു നടപ്പ്. പോയ
കാല പ്രതാപത്തിന്റെ തിരുശേഷിപ്പുകള്‍ മുഖത്തുണ്ട്. നീട്ടി വളര്‍ത്തിയ കാതില്‍ തിളങ്ങുന്ന വലിയ തോടകള്‍ ഇളകുന്നു. കഴുത്തില്‍ പ്രായത്തിനു
യോജിക്കാത്ത നവരത്നമാല. അതിനു മീതേ കണ്ഠമിറുകി മഞ്ഞച്ചരടില്‍ കോര്‍ത്ത ദേവദാസിയുടെ താലി! തൂങ്ങിയാടുന്ന മുലകള്‍ക്കു മീതെ വെറുതേ ഒരു കുറിയ മുണ്ട് വിരിച്ചിട്ടുണ്ട്. വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭവത്രാതന്‍ കണ്ട പ്രസരിപ്പിനു മാത്രം ഇപ്പോഴും കുറവൊന്നുമില്ല. വൃദ്ധ നേരേ മുറിയിലേക്കു കയറിവന്നു.
'കാട്ടേടത്തുമനയിലെ തിരുമേനിയല്യോ.'
അവര്‍ തൊഴുതു വിനയത്തില്‍ നിന്നു. ഭവത്രാതന്‍ അവരെ പീഠത്തില്‍ പിടിച്ചിരുത്തി. കുശലപ്രശ്നങ്ങള്‍ കുറെയധികം ഊഷ്മളമായിരുന്നു. പാദം തൊട്ടുതൊഴുന്നതു മുതല്‍ കുടുമയില്‍ പിടിച്ച് നെറ്റിയില്‍ ചുംബിക്കുന്നതുമെല്ലാം അതിന്റെ ഒരു ഭാഗമായിരുന്നു.
'പുത്തൂരുകാര്‍ക്കു തിരുമേനിയെ മറക്കാന്‍ പറ്റ്വോ? അങ്ങയുടെ അനുഗ്രഹംകൊണ്ടല്യോ ഇന്നീ നിലയൊക്കെ വന്നത്!'
കാട്ടേടത്തു മനയിലെ ഭണ്ഡാരപ്പെട്ടി തുരന്നുള്ള ആ അനുഗ്രഹങ്ങളോരോന്നും ഭവത്രാതന്റെ മനസ്സിലൂടെ കടന്നുപോയി. കിഴവിയെ തന്റെ വശത്താക്കിയാല്‍ കാര്യങ്ങള്‍ക്കൊരു നീക്കുപോക്കുണ്ടായേക്കും. ഭവത്രാതന്‍ ആ വഴിക്കു കരു നീക്കി. ജീവിതച്ചതുരംഗത്തില്‍ ദേവനെ ഉള്‍പ്പെടെ പല കരുക്കള്‍ വെട്ടി തഴക്കം വന്ന ഇട്ടിയക്കി ഇളകിയിരുന്നുകൊണ്ട് പറഞ്ഞു:
'കുറേ നാളുകൂടിയിട്ടു കാണുവല്യോ, നമ്മളെങ്ങനെ കഴിഞ്ഞവരാ. ഒക്കെ മറന്നുപോയോ? ഇനീം എങ്ങനെ കഴിയണ്ടവരാ. തിരുമേനീടെ കൈകൊണ്ട് ഈ തള്ളേ ഒന്നനുഗ്രഹിക്കണം.'
ഭവത്രാതന്‍ പെട്ടി അടുത്തേക്കു നിരക്കിവെച്ചു. പൂണൂലില്‍ തൂക്കിയിരുന്ന താക്കോലെടുത്ത് അത് തുറന്നു. ഇട്ടിയക്കി അല്പമാത്രം അതിനകം കാണണമെന്നു ഭവത്രാതനും, കഴിയുന്നത്ര അതിനകം കാണണമെന്ന് ഇട്ടിയക്കിയും ഉദ്ദേശിച്ചു. അതില്‍നിന്ന് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു സ്വര്‍ണ
ക്കാപ്പ് പുറത്തെടുത്തു. ഇട്ടിയക്കിയുടെ കണ്ണുകള്‍ തിളങ്ങി. അതോടെ ഭക്തി അല്പം കൂടിയ വൃദ്ധ തൊഴുതുകൊണ്ട് കൈ നീട്ടി. ഭവത്രാതന്‍ അതവരുടെ വലതു കൈയില്‍ ഇട്ടുകൊടുത്തു. അതിന്റെ അനുഭൂതി മായും മുന്‍പേ ഭവത്രാതന്റെ അഭ്യര്‍ഥന, പെട്ടിയില്‍ തലോടിക്കൊണ്ടു പുറത്തുവന്നു:
'ന്റെ മുഴുവന്‍ അനുഗ്രഹങ്ങളും മേദിനീവെണ്ണിലാവിന് ള്ളതാ.'
'അങ്ങയുടെ നല്ല മനസ്സിനു പ്രതിഫലം ണ്ടാവും.'
'അതറിയാം. ങ്കിലും നാടകം തുടങ്ങണേനു മുമ്പ് ഒരു സൂത്രധാരന്റെ പ്രവേശനം ണ്ടാവ്വല്ലോ. അതു നാമാവണംന്നൊരാശ.'
ഇട്ടിയക്കിയുടെ കണ്ണുകള്‍ തുറിച്ചു. അതൊരു മാത്രയേ ഉണ്ടായുള്ളൂ. വേഗം പൂര്‍വസ്ഥിതി പ്രാപിച്ചു.
'തിരുമേനി വിചാരിക്കുംപോലെ കാര്യങ്ങള്‍ നടക്കും. താലികെട്ടു കഴിഞ്ഞാ മതി. അടിയനങ്ങട്ട് ചെല്ലട്ടെ.'
കുറച്ചൊരു ധൃതിയില്‍ എഴുന്നേറ്റ്, പുറത്തുനിന്നിരുന്ന യുവതികളോടൊപ്പം ഇട്ടിയക്കി പോയി. കിഴവിയുടെ വാക്കു പൂര്‍ണമായും വിശ്വസിക്കാനാവില്ലെങ്കിലും കാര്യങ്ങള്‍ക്കൊരു പുരോഗതി വരുന്നുണ്ടെന്നു ഭവത്രാതനു തോന്നി. പുറത്തു പോയിരുന്ന രാമന്‍ കറങ്ങിത്തിരിഞ്ഞു വന്നപ്പോള്‍ നിജസ്ഥിതി പറഞ്ഞു:
'ഇവ്ടെ കാര്യങ്ങള്‍ നിശ്ചയിക്കുന്നതു മുഴുവന്‍ ചാരുമതിയാ.'
പഞ്ചദശിനാളിലെ ബ്രാഹ്‌മമുഹൂര്‍ത്തത്തില്‍ പുത്തൂരുഭവനം ഉണര്‍ന്നു. തലേന്നാള്‍ ഉറങ്ങാത്തവരായിരുന്നു അവിടെ കൂടുതല്‍. മേദിനീവെണ്ണിലാവിന്റെ താലി ചാര്‍ത്തല്‍ ചടങ്ങ് ഇന്നാണ്. പള്ളിമഞ്ചത്തില്‍ മേദിനിയെ സഖിമാര്‍ താലോലിച്ചുണര്‍ത്തി. ഇന്നവള്‍ നൂറായിരം കണ്ണുകള്‍ക്കു വിരുന്നാണ്. കുളിപ്പുരമാളികയില്‍ നീരാട്ടിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്.
യൗവനാരംഭത്തിന്റെ തളിരിലക്കൂമ്പുകളില്‍ പൊതിഞ്ഞ് മേദിനിയെ അവിടേക്കു കൊണ്ടുവന്നു. സമൃദ്ധമായ ചുരുള്‍മുടിയില്‍ സുഗന്ധതൈലം പുരട്ടി ശിരസ്സിലേക്കുയര്‍ത്തി കെട്ടിവെച്ചു. വാഴക്കൂമ്പു വിടര്‍ത്തുംപോലെ വസ്ത്രങ്ങള്‍ ഓരോന്നായി അഴിച്ചു. നിലാവുറഞ്ഞ നിറമുള്ള മേനിയില്‍ നഖംകൊണ്ടുപോലും പോറാതെ സഖിമാര്‍ ചന്ദനവും മഞ്ഞളും പുരട്ടി ഉഴിഞ്ഞു. കൂമ്പിത്തുടുക്കുന്ന മൃദുമാതളങ്ങള്‍ അമരുന്നതിലിരട്ടി ബലത്തില്‍ തിരികെ വന്നുകൊണ്ടിരുന്നു. പലയിടങ്ങളിലെ രഹസ്യ കിളിവാതിലുകള്‍ തുറക്കപ്പെട്ടു. പത്തു കണ്ണുകള്‍ കന്നിലാവണ്യത്തിന്റെ തെളിനീര്‍ മോന്തുകയായിരുന്നു. താഴേക്കു കുളപ്പടവുകളിറങ്ങുമ്പോള്‍ അഴിക്കാന്‍ വിലക്കിയ പൊന്നരഞ്ഞാണം നിതംബചലനങ്ങളില്‍ ഉലഞ്ഞു. ജലനീലിമയില്‍ കാളിന്ദിയിലെ സ്വര്‍ണനാഗമായി മേദിനി മാറി. തലമുടി തുവര്‍ത്തിപ്പൊതിഞ്ഞു കെട്ടി, ദേഹം പനിനീര്‍ മുക്കി തുടച്ചു. ആഭരണങ്ങളും പട്ടുവസ്ത്രങ്ങളുമണിയിക്കാന്‍ അടുത്ത സംഘം ദാസിമാര്‍ തയ്യാറായി നില്പുണ്ടായിരുന്നു. അകം കാണാവുന്നത്ര നേര്‍ത്ത മുലക്കച്ചയ്ക്കു മുകളില്‍, കഴുത്തിലും തോളിലും ആഭരണങ്ങളണിയിക്കാന്‍ പാറക്കാട്ടുണ്ണിനങ്ങയും പരിവാരങ്ങളും തയ്യാറായി നിന്നിരുന്നു. ജലതരംഗഞെറിവെച്ച് ചുവന്ന പട്ടുടുപ്പിച്ച്, മേലരഞ്ഞാണും പാദസരവുമണിയിച്ച് മേദനിയെ പല്ലക്കിലേറ്റി പുത്തൂരേക്കു കൊണ്ടുവന്നു.
അവിടെ പുരുഷാരം തിങ്ങിനിറഞ്ഞു നിന്നു. നാടുവാഴി രേവതിതിരുനാള്‍ കണ്ടങ്കോതത്തമ്പുരാന്‍ കാലേക്കൂട്ടി എഴുന്നള്ളിയിരുന്നു. മുത്തുക്കുടകളും പല വര്‍ണക്കൊടികളും ഉയര്‍ന്നു. കുറുംകുഴല്‍ വായനക്കാരും വാദ്യക്കാരും അവരുടെ കലാപാടവം പ്രകടിപ്പിക്കാന്‍ തുടങ്ങി. വാളേന്തിയ പടയാളികള്‍ രണ്ടു നിരയായി കുതിരപ്പുറത്ത് മുന്‍പേ നീങ്ങി. മത്സരബുദ്ധിയോടെ ഒരുങ്ങിവന്ന പ്രശസ്തരായ ദേവദാസികള്‍ അവരുടെ അനുചരികള്‍ക്കൊപ്പം താലപ്പൊലിയെടുക്കാന്‍ തയ്യാറായി നിന്നു. സഹായികള്‍ ഇടയ്ക്കിടെ തൂവാലകള്‍കൊണ്ട് അവരുടെ മുഖം ഒപ്പിക്കൊടുക്കുകയും, വസ്ത്രങ്ങളും ആഭരണങ്ങളും നേരെയാക്കിയിടുകയും ചെയ്തുകൊണ്ടിരുന്നു. ബ്രാഹ്‌മണര്‍ കൂട്ടമായി ചേര്‍ന്ന് വേദമന്ത്രങ്ങള്‍ ഉരുവിടുന്ന ഘോഷം ഉയര്‍ന്നു. എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി അണിഞ്ഞൊരുങ്ങി, കൈയില്‍ പുഷ്പഫലത്തളികയുമായി മേദിനീവെണ്ണിലാവ് ഇറങ്ങിവന്നു. അവള്‍ക്കു മുത്തുക്കുട പിടിക്കുവാനും വെണ്‍ചാമരം വീശുവാനും പരിചാരികമാര്‍ തിരക്കുകൂട്ടി. ഗ്രാമവീഥികളിലൂടെ ആ മഹാഘോഷയാത്ര ക്ഷേത്രത്തിലേക്ക് പുറപ്പെടുകയായി. താലപ്പൊലിയേന്തിയ ദേവവധുക്കളുടെ അകമ്പടിയോടെ അവള്‍ ആനയിക്കപ്പെട്ടു. കേട്ടു മാത്രം അറിവുള്ള ദേവദാസികളെ ഒരു നോക്കു കാണാന്‍ സാധാരണജനങ്ങള്‍ മതിലുകള്‍ക്കും മരങ്ങള്‍ക്കും മുകളില്‍ കയറി ഇരിപ്പുപിടിച്ചു. അണിഞ്ഞൊരുങ്ങിയ പാറക്കാട്ടുണ്ണിനങ്ങ താലമെടുത്തുകൊണ്ട് മുന്‍വരിയില്‍ നടന്നു. വിയര്‍പ്പും പൊടിയും തുടച്ചും, ആരൊക്കെ കണ്ണുവയ്ക്കുന്നുണ്ടെന്നു നോക്കിയും അവളുടെ സഖിമാര്‍ കൂടെയുണ്ട്. അവരുടെ ശ്രദ്ധയിലാണ് അയാള്‍ ആദ്യം പെട്ടത്. കറുത്ത കുതിരപ്പുറത്ത് യോഗ്യനായ ഒരു യുവാവ് ഉണ്ണിനങ്ങയെത്തന്നെ നോട്ടമിട്ടു നീങ്ങുന്നു. അവരുടെ നിര്‍ദേശം കിട്ടിയപ്പോള്‍ ഉണ്ണിനങ്ങ അയാളെ പാളിനോക്കി. കൊള്ളാം, യോഗ്യന്‍തന്നെ. ഇനി പ്രാഗല്ഭ്യം വേണ്ടത് തോഴിമാര്‍ക്കാണ്. അവരതു കൃത്യമായി ചെയ്തു. ഘോഷയാത്ര ക്ഷേത്രത്തിലെത്തുംമുന്‍പേ യുവാവ് ഉണ്ണിനങ്ങയ്ക്കടുത്തെത്തി. പഞ്ചലോഹം കെട്ടിയ ഒറ്റപ്പുലിനഖം അയാളുടെ കഴുത്തില്‍ കെട്ടിയിരുന്നു. പുറംമോടികളോടും ആഭരണങ്ങളോടും ഭ്രമമില്ലാത്തവന്‍! സമ്പാദ്യം നന്നേയുണ്ടാകും. ഉണ്ണിനങ്ങ മനസ്സില്‍ അളന്നുകൂട്ടി. യുവാവ് ചുണ്ടനക്കാതെ സംസാരിച്ചു:
'പാറക്കാട്ട് ഉണ്ണിനങ്ങ, അല്ലേ?'
അവള്‍ക്കും ആ വിദ്യ വശമുണ്ടായിരുന്നു.
'അതെ. അങ്ങാരാണെന്നു മനസ്സിലായില്ല.'
'പാറക്കാട്ടു വരാം. ആരെന്നു നേരിലറിയിക്കാം, പിന്നെ മറക്കാത്തവിധം.
പോരേ?'
മയില്‍പ്പീലി പാളുന്നതുപോലെ അവളൊന്നു നോക്കി. പിന്നെ മുഖം കുനിച്ചു.
'മതി.'
കുതിര മുന്നോട്ടു നീങ്ങി. ഇങ്ങനെ പല വിനിമയങ്ങളും സമാഗമങ്ങളും സംഗമ സന്ദേശങ്ങളും ഉത്സവഘോഷങ്ങള്‍ക്കിടയില്‍ നടന്നുകൊണ്ടിരുന്നു. ക്ഷേത്രത്തിനുള്ളില്‍ ചടങ്ങുകള്‍ മുഹൂര്‍ത്തത്തിനു മുന്‍പുതന്നെ തുടങ്ങി. മണ്ഡപത്തില്‍ വെള്ളയും കരിമ്പടവും വിരിച്ച് മേദിനീവെണ്ണിലാവിനെ അതിലിരുത്തി. മുന്നില്‍ അഗ്‌നികുണ്ഡം ജ്വലിച്ചു. പൂജാരി ശ്രീകോവിലില്‍ ശിവലിംഗത്തിനു ദീപധൂപാദികള്‍ ഉഴിഞ്ഞു. മേദിനി നാടുവാഴിക്കും ഇട്ടിയക്കിക്കും ചാരുമതിക്കും ദക്ഷിണ നല്കി. മഞ്ഞള്‍ച്ചരടില്‍ കോര്‍ത്ത, താലിയുമായി പൂജാരി ഇറങ്ങിവന്നു. ത്രികോണാകൃതിയില്‍ നടുവില്‍ ഗണപതിമുദ്രയും ഇരുവശത്തു ഗോളകങ്ങളുമുള്ള അസാധാരണ താലിയാണത്. ബ്രാഹ്‌മണരോടും നാടുവാഴിയോടും മൂന്നു പ്രാവശ്യം വിളിച്ചുചൊല്ലി അനുവാദം വാങ്ങിയിട്ട് പൂജാരി മേദിനീവെണ്ണിലാവിന്റെ കഴുത്തില്‍ താലി ബന്ധിച്ചു. വായ്ക്കുരവകളും ആര്‍പ്പുവിളികളും വേദമന്ത്രങ്ങളും വാദ്യഘോഷങ്ങളും ഉച്ചത്തില്‍ മുഴങ്ങി. തൂശനിലയില്‍ വെച്ചിരുന്ന പൂമാല മേദിനി കൈയിലെടുത്തു. കാമദേവന്റെ ശരങ്ങളാകുന്ന അഞ്ചു പുഷ്പങ്ങള്‍ കോര്‍ത്ത മാല! അരവിന്ദം, അശോകം, ചൂതം, നവമാലിക, നീലോല്പലം എന്നിങ്ങനെ അഞ്ചു നിറങ്ങളിലുള്ള പൂക്കള്‍! മാലയുമായി അവള്‍
ശ്രീകോവില്‍ പടികള്‍ കയറി. ശിവലിംഗത്തില്‍ ആ മാല ചാര്‍ത്തിയപ്പോള്‍ ശംഖനാദം മുഴങ്ങി. ദേവവിഗ്രഹത്തിലണിഞ്ഞിരുന്ന മാലയെടുത്ത് പൂജാരി അവളുടെ കഴുത്തിലും ചാര്‍ത്തി. തുടര്‍ന്ന് പട്ടുവസ്ത്രം നല്കി. അതുമായി അവള്‍ ശ്രീകോവിലിനു വലംവെച്ചു. മണ്ഡപത്തില്‍ തിരികെവന്നിരുന്ന മേദിനിക്ക് മംഗല്യസമ്മാനങ്ങള്‍ നല്കാനുള്ള തിരക്കായിരുന്നു പിന്നെ. ആരോ ചാരുമതിയെ മേദിനിയുടെ അടുത്ത് കൊണ്ടിരുത്തി. അതാണത്രേ കീഴ്വഴക്കം. ഉപഹാരം കൊടുക്കുന്നവരാരെന്നും അതിന്റെ മൂല്യമെന്തെന്നും ദേവദാസിയുടെ അമ്മ ഓര്‍ത്തിരിക്കുവാന്‍ ഇതാണല്ലോ മാര്‍ഗം!
അതനുസരിച്ചാവണം ഇനിയങ്ങോട്ടുള്ള പരിഗണന. ഭവത്രാതന്‍ കൈയില്‍ കരുതിയിരുന്നത് ഒരു പാലയ്ക്കാമാലയായിരുന്നു. അത് ചാരുമതിയുടെ പ്രത്യേക ശ്രദ്ധയില്‍ പെടുത്തുവാനും അയാള്‍ക്കു കഴിഞ്ഞു. നാടുവാഴി
എഴുന്നേറ്റപ്പോള്‍ ബഹളങ്ങളെല്ലാം നിശ്ശബ്ദമായി. അദ്ദേഹത്തിന്റെ ഘനശബ്ദം മുഴങ്ങി:
'ഓം നമശ്ശിവായഃ, മഹാബ്രാഹ്‌മണര്‍ക്കും പ്രഭുക്കന്മാര്‍ക്കും വന്ദനം. ദേവദാസീപാരമ്പര്യം പേറുന്ന കുലമഹിമയുള്ള പുത്തൂരുഭവനത്തിലെ ഇട്ടിയക്കിയുടെ കൊച്ചുമകളും ചാരുമതിയുടെ മകളുമായ മേദിനീവെണ്ണിലാവ് ഈ ശുഭമുഹൂര്‍ത്തത്തില്‍ ദേവനാല്‍ താലി ചാര്‍ത്തപ്പെട്ട് ദേവവധുവും ദാസിയുമായി അവരോധിക്കപ്പെട്ടതായി ഇതിനാല്‍ നാം പ്രഖ്യാപിക്കുന്നു. അവളുടെ നൃത്തം, ഗീതവാദ്യങ്ങള്‍ക്കൊപ്പം ഈ മണ്ഡപത്തെ ധന്യമാ
ക്കട്ടെ. മേലില്‍ ദേവന്മാരെയും ഭൂദേവന്മാരെയും സേവിച്ച്, പ്രഭുക്കന്മാരെയും സാമന്തന്മാരെയും സന്തോഷിപ്പിച്ച്, സകല ജനങ്ങള്‍ക്കും ആനന്ദം പ്രദാനംചെയ്ത്, ഒരിക്കലും താലി വേര്‍പെടുത്തേണ്ടാത്ത നിത്യവധുവായി ഇവള്‍ പരിലസിക്കട്ടെ എന്നു നാം ആശീര്‍വാദം ചെയ്യുന്നു. മംഗളം ഭവന്തു.'
അനേകം കണ്ഠങ്ങളില്‍നിന്ന് ആരവങ്ങളുയര്‍ന്നു:
'മേദിനീവെണ്ണിലാവ് നീണാള്‍ വാഴട്ടെ!'
'ദേവ മാനവ ലോകങ്ങള്‍ അടക്കി വാഴട്ടെ!'
എല്ലാവരുടെയും കണ്ണുകള്‍ മേദിനിയെ പാനം ചെയ്യുകയാണ്. ചാരുമതി അത് അറിഞ്ഞാസ്വദിച്ചുകൊണ്ടുമിരുന്നു. മണ്ഡപത്തിനു മുന്നില്‍ വെച്ചിരുന്ന ചെമ്പുപാത്രം സമ്മാനങ്ങള്‍കൊണ്ടു നിറഞ്ഞു. അതു നോക്കിക്കൊണ്ടിരുന്ന ഇട്ടിയക്കി നിര്‍വൃതിയുടെ പാല്‍പ്പായസമുണ്ണുകയാണ്. ഉണ്ണിനങ്ങയ്ക്ക് അസൂയ പുകഞ്ഞുവന്നു. എങ്കിലും പുലിനഖം കെട്ടിയ ആ യുവാവ് തന്റെ മുഖത്തുതന്നെ കണ്ണുംനട്ട് ആള്‍ക്കൂട്ടത്തില്‍ പലയിടത്തും നീങ്ങുന്നത് അവള്‍ കാണുന്നുണ്ടായിരുന്നു.
മണ്ഡപത്തില്‍ ചാരുമതി എഴുന്നേറ്റപ്പോള്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായി. എന്താണവള്‍ പറയാന്‍ പോകുന്നത്. ഒരുപക്ഷേ, ഇന്നവളുടെ മണവറയില്‍ പ്രഥമ വരനായി എത്തുന്നതാരെന്ന പ്രഖ്യാപനമായിരിക്കുമോ? അങ്ങനെ പലരും ചെയ്യാറുണ്ട്. അതൊരു വലിയ പ്രഭുവോ നാടുവാഴിതന്നെയോ ആകാം. അത് അവളുടെയും കുടുംബത്തിന്റെയും അന്തസ്സ് കൂട്ടുന്ന കാര്യമാണെങ്കില്‍ നാലാളറിയുകതന്നെ വേണം. തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിക്കും അതൊരു യോഗ്യത തന്നെ. ആദ്യരാത്രിക്കുള്ള വിലപേശലിനാണ് ഭാവമെങ്കില്‍ പരസ്യപ്രസ്താവമുണ്ടാകാറില്ല. അവിടെയെത്തിയിട്ടുള്ള മറ്റു ദേവദാസികള്‍ക്കും അതറിയാന്‍ ആകാംക്ഷയുണ്ട്. കാരണം, ആദ്യയാള്‍ അത്ര കേമനാണെങ്കില്‍ തുടര്‍ന്ന് അതിലും മേലേയ്ക്ക് ഉയരാന്‍ അവള്‍ ശ്രമിക്കും. അതു തങ്ങളുടെ നിലവാരത്തെ ചെറുതാക്കുമോ എന്നാണ് ആശങ്ക. ഈ സമയത്തെ ചാരുമതിയുടെ വാക്കുകള്‍ക്ക് വളരെ പ്രസക്തിയുണ്ട്. അവള്‍ എല്ലാവരേയും നോക്കിയിട്ട് പറഞ്ഞുതുടങ്ങി:
'മഹാജനങ്ങള്‍ക്കു പ്രണാമം. നാടുവാഴും തമ്പുരാന്റെയും ഭൂമിദേവന്മാരുടെയും അനുഗ്രഹത്താല്‍ പുത്തൂര് തറവാട് ഇന്ന് ഏറെ പ്രസിദ്ധമാണ്. അമ്മയും ഞാനും പരിരക്ഷിച്ചുകൊണ്ടുപോന്ന പാരമ്പര്യം സജ്ജനങ്ങളുടെയും ഈ നാടിന്റെയും സന്തോഷത്തിനും പ്രശസ്തിക്കും വേണ്ടി സമര്‍പ്പിച്ചതായിരുന്നു. ഇനി എന്റെ മകളുടെ കാലമാണ്. അവള്‍ യൗവനത്തിലേക്ക് കാലൂന്നിയതേയുള്ളൂ. നൃത്തഗീതസാഹിത്യാദി സിദ്ധികള്‍ ജന്മനാതന്നെ അവള്‍ക്കുണ്ട്. അവയുടെ സാധകം തുടരുന്നു. തന്ത്രങ്ങളും ശാസ്ത്രങ്ങളും സ്വായത്തമാക്കിക്കൊണ്ടിരിക്കുകയാണ്. കുലധര്‍മമനുസരിച്ച് ഇന്നവള്‍ ദേവദാസിയായി പ്രഖ്യാപിക്കപ്പെട്ടുകഴിഞ്ഞു. ഈശ്വരപ്രീതിക്കു വേണ്ടി ക്ഷേത്രത്തില്‍ നൃത്തമാടുകയും, അതിലൂടെ മനുഷ്യമനസ്സുകളെ നൃത്തമാടിക്കുകയുമാണ് ഞങ്ങളുടെ ധര്‍മം. കഠിനമായ പരിശീലനങ്ങളിലൂടെ മനസ്സും ശരീരവും അതിനായി ഒരുക്കിയെടുത്തവളാണ് എന്റെ മകള്‍. ഭൂമിയില്‍ വന്നവതരിച്ച നിലാവാണവള്‍ എന്ന് ഇപ്പോള്‍ത്തന്നെ മഹാകവികള്‍ അവളെ പുകഴ്ത്തുന്നു. അവള്‍ക്കു നേടാന്‍ വലിയൊരു ലോകം മുന്നിലുണ്ട്. ഇന്നു മുതല്‍ അവളതിനുള്ള പരിശ്രമത്തിലായിരിക്കും.'
ചാരുമതിയുടെ സംഭാഷണത്തില്‍ പലര്‍ക്കും വിരക്തി തോന്നിത്തുടങ്ങിയിരുന്നു. ആരാണവളുടെ ഇന്നത്തെ വരന്‍? അവളുടെ നൃത്തമൊന്നു കാണാന്‍, അഭിനയിക്കുന്ന കലാവിദ്യകളില്‍ അഭിരമിക്കാന്‍ എപ്പോളാണ് അവസരം? ആരോടെല്ലാം ഒപ്പമാണ് അവളുടെ രതിസംഗമങ്ങള്‍? ഒരു ശയനമുറയ്ക്കുള്ള പ്രതിഫലമെന്ത്? ഇതൊക്കെയാണ് സദസ്യര്‍ ചാരുമതിയില്‍നിന്നു പ്രതീക്ഷിക്കുന്നത്. അവരുടെ മനോഗതം മനസ്സിലാക്കിയതുപോലെ ചാരുമതി തുടര്‍ന്നു പറഞ്ഞു:
'ഒരു ദേവദാസിക്കു സ്വപ്നം കാണാവുന്നതില്‍ വെച്ച് ഏറ്റവും വലിയ
യജ്ഞം, കഴിഞ്ഞ നൂറു കൊല്ലത്തിനിടയില്‍ ഈ പെരുമ്പടപ്പുസ്വരൂപത്തില്‍ ഒരു ഗണികയ്ക്കും ചെയ്യാന്‍ കഴിയാതിരുന്ന മഹായജ്ഞം മേദിനീവെണ്ണിലാവു ചെയ്യും.'
ആളുകള്‍ അമ്പരന്നു. ചാരുമതി എന്താണുദ്ദേശിക്കുന്നത്? ഈ സമയത്ത് ഇങ്ങനെയൊരു പ്രഖ്യാപനത്തിന്റെ അര്‍ഥമെന്ത്? തഴക്കവും പഴക്കവും വേണ്ടുവോളമുള്ള ഇട്ടിയക്കിക്കും, ഏറെ അനുഭവസമ്പത്തുള്ള പാറക്കാട്ട് ഉണ്ണിനങ്ങയടക്കമുള്ള വാരനാരികള്‍ക്കും ഇതു മനസ്സിലായില്ല. ചാരുമതി കാര്യങ്ങള്‍ കുറെക്കൂടി വിശദീകരിച്ചു:
'സങ്കല്പിക്കാവുതിലപ്പുറം ഭീമമായ പണച്ചെലവുണ്ടാകും. മഹാരാജാവു തിരുമനസ്സ് കല്പിച്ചനുവദിക്കണം. തമ്പുരാന്‍തന്നെ എഴുന്നള്ളിയിരുന്ന് ആധ്യക്ഷം വഹിക്കണം. ചേര പാണ്ഡ്യ ചോള കേരള നാടുകളിലെ ദേവ
ദാസികളെയെല്ലാം ക്ഷണിക്കണം. ആയിരക്കണക്കിന് ആള്‍ക്കാരുടെ അധ്വാനം വേണം. അങ്ങനെയൊരു മഹായജ്ഞം മേദിനീവെണ്ണിലാവിന്റെ പേരില്‍ നടക്കും.'
കണ്ടങ്കോതത്തമ്പുരാന്‍ ചാരുമതിയുടെ അടുത്തു വന്ന് ശബ്ദമുയര്‍ത്തി അധികാരത്തില്‍ ചോദിച്ചു:
'ചാരുമതീ, എന്തസംബന്ധമാണീ പറയുന്നത്? നടക്കാത്ത കാര്യങ്ങള് വെറുതേ...'
പൂര്‍ത്തിയാക്കുംമുന്‍പ് ചാരുമതി തറപ്പിച്ചു പറഞ്ഞു:
'നടക്കും. ചാരുമതിയാണു പറയുന്നത്. മേദിനീവെണ്ണിലാവ് ചന്ദ്രോത്സവം നടത്തും.'
'ചന്ദ്രോത്സവം! ചന്ദ്രോത്സവം!'
ആളുകള്‍ പലവട്ടം ഏറ്റുപറഞ്ഞു. ദേവദാസികളില്‍ പലരും അതു കേട്ടിട്ടുണ്ട്. അവരുടെ കുലത്തിന്റെ മാത്രമായ ഒരു മഹോത്സവം. അതെങ്ങനെ നടത്തും? ഉണ്ണിനങ്ങ അമ്പരന്നു. ആ യുവാവിന്റെ പ്രതികരണമറിയാന്‍ ചുറ്റും നോക്കിയെങ്കിലും അവനെ അവിടെങ്ങും കണ്ടില്ല. കേട്ടുകേള്‍ വിയല്ലാതെ ചന്ദ്രോത്സവത്തെക്കുറിച്ച് വിശദമായി അറിയില്ലെങ്കിലും ദേവദാസീകുലത്തിന് വലിയ ആദരവുണ്ടാക്കുന്ന ഒന്നാണതെന്ന് അവര്‍ക്കു മനസ്സിലായി. അതുകൊണ്ടുതന്നെ വംശാഭിമാനത്തിന്റെ ആവേശം അവരുടെ സിരകളില്‍ നുരഞ്ഞു. ആദ്യത്തെ മരവിപ്പിനു ശേഷം ദേവദാസികള്‍ ഉണര്‍ന്നു. നീണ്ട വായ്ക്കുരവ ഉയര്‍ന്നു.
'മേദിനീവെണ്ണിലാവ് നീണാള്‍ വാഴട്ടെ!'
'ദേവമാനവലോകങ്ങള്‍ അടക്കിവാഴട്ടെ!'
ആളുകള്‍ വീണ്ടും ശബ്ദമുയര്‍ത്തി. സംഗതി ഇത്രത്തോളം ആയപ്പോഴാണ് ഇട്ടിയക്കിയുടെ തലയ്ക്ക് വെളിവു വീണത്. എന്തൊക്കെയോ വല്യ കാര്യങ്ങള്‍ മകളു പറഞ്ഞിരിക്കുന്നു. അതു ഗുണമുള്ളതാണ്.
ആര്‍പ്പുവിളിക്കാരെ നിയന്ത്രിച്ചുകൊണ്ട് ചാരുമതി വിളിച്ചുപറഞ്ഞു:
'ഒരു പ്രധാനപ്പെട്ട കാര്യംകൂടി. ചന്ദ്രോത്സവം നടത്തണമെങ്കില്‍ എന്റെ മകള്‍ ഇനിയും പഠിക്കണം. പ്രാവീണ്യം നേടണം. അറുപത്തിനാലു കലകളിലും യോഗചര്യകളിലും കാമശാസ്ത്രത്തിലും വൈശികതന്ത്രത്തിലും അവള്‍ക്കു മുകളില്‍ ആരുമുണ്ടാകരുത്. അതുവരെ, ചന്ദ്രോത്സവം നടത്തുംവരെ, അവള്‍ കന്യകയായിരിക്കും.'
അതൊരു നടുക്കമായിരുന്നു. ഭവത്രാതന്റെ വായ് പിളര്‍ന്നുപോയി. ആള്‍ക്കൂട്ടത്തിന്റെ മര്‍മരങ്ങള്‍ നിലച്ചു. മഴ പെയ്തു തോര്‍ന്നതുപോലെ അവിടം നിശ്ശബ്ദമായി. ഇട്ടിയക്കി ബോധംകെട്ടു വീണു.
Content Highlights: beeyar prasad novel chandrolsavam excerpt