'തുമ്പപ്പൂ പെയ്യ്ണ പൂനിലാവേ ഏന് നെഞ്ചു നിറയണ പൂങ്കിനാവേ...''രണ്ടിടങ്ങഴി' നിറഞ്ഞുകവിഞ്ഞ പാട്ട്

കീഴാളവര്ഗ്ഗത്തിന്റെ അടിച്ചമര്ത്തലിന്റെയും ഉയിര്ത്തെഴുന്നേല്പ്പിന്റെയും വിഖ്യാതമായ സമരകഥ ചലച്ചിത്രമാക്കാനുള്ള കരാറില് ഒപ്പിട്ടുകഴിഞ്ഞപ്പോള്, കുട്ടനാടിന്റെ ഇതിഹാസകാരന് സിനിമയുടെ നിര്മ്മാതാവിനോടു പറയാന് ഒരു നിബന്ധനയുണ്ടായിരുന്നു: സിനിമയിലെ പാട്ടുകള് എഴുതുന്നത് വയലാര് രാമവര്മ്മ, ഒ.എന്.വി. കുറുപ്പ് ഇവരിലാരെങ്കിലുമല്ലെങ്കില് പി. ഭാസ്കരനായിരിക്കണം. സംഗീതം കൊടുക്കുന്നത് ദേവരാജനും.
അതു കേട്ട് മെരിലാന്റ് സുബ്രഹ്മണ്യം ഒന്നു ചിരിച്ചു. എന്നിട്ട് മറുപടി പറഞ്ഞു: 'ഇവരെല്ലാം വളരെ കഴിവുള്ള വലിയ ആള്ക്കാരാ. അവരുടെ പാട്ടുകള് എനിക്കും ഒത്തിരി ഇഷ്ടമാ. പക്ഷേ, ഞങ്ങള്ക്ക് ഇവിടെ പാട്ടെഴുതാനും കമ്പോസ് ചെയ്യാനുമൊക്കെ അറിയാവുന്ന നല്ല ആളുകളുണ്ട്. അവരായിരിക്കും ഈ പടത്തിലും മ്യൂസിക് ചെയ്യുന്നത്. സാറിന് അതു സമ്മതമാണെങ്കില് നമുക്കീ പടവുമായി മുന്നോട്ടു പോകാം. ഇല്ലെങ്കില് വേണ്ടെന്നുവെക്കാം. എല്ലാം സാറിന്റെ ഇഷ്ടം.'
തകഴി ശിവശങ്കരപ്പിള്ളയുടെ മുഖത്ത് അപ്പോഴും സംശയം ബാക്കിനില്ക്കുന്നതു കണ്ട് സുബ്രഹ്മണ്യം ധൈര്യം കൊടുത്തു.
'സാറ് വിഷമിക്കേണ്ട. മനസ്സിലുദ്ദേശിക്കുന്ന, നാടകത്തിലേതുപോലെയുള്ള പാട്ടുകള്തന്നെ നമുക്കീ പടത്തിനുവേണ്ടി ചെയ്യാം. എല്ലാവരും മൂളിനടക്കുന്ന പാട്ടുകള്!'
ചലച്ചിത്രരംഗത്തുള്ള സുബ്രഹ്മണ്യത്തിന്റെ ദീര്ഘനാളത്തെ അനുഭവസമ്പത്തിനെക്കുറിച്ച് അറിയാവുന്നതുകൊണ്ട് തകഴി പിന്നെ തര്ക്കിക്കാന് മുതിര്ന്നില്ല.
തകഴിയുടെ പ്രസിദ്ധകൃതി രണ്ടിടങ്ങഴി ചലച്ചിത്രമാക്കുന്നതിന്റെ അണിയറപ്രവര്ത്തനങ്ങള്ക്ക് അങ്ങനെ ആരംഭമായി.
മെരിലാന്റ് സ്റ്റുഡിയോയുടെ സ്വന്തം സംഗീതവിഭാഗം തിരുനയിനാര്കുറിച്ചി മാധവന് നായര്-ബ്രദര് ലക്ഷ്മണന് ടീമാണ്. പ്രധാന ഗായകര് കമുകറ പുരുഷോത്തമനും ശാന്താ പി. നായരും. ഹിന്ദി സിനിമാപ്പാട്ടുകളുടെ അതേപടിയുള്ള അനുകരണമോ അതല്ലെങ്കില് പ്രശസ്തമായ 'ആത്മവിദ്യാലയമേ'പോലെ സെമിക്ലാസിക്കല് ശൈലിയിലുള്ള പാട്ടുകളോ ആണ് സാധാരണ നീല പ്രൊഡക്ഷന്സിന്റെ പാട്ടുകളിലുണ്ടാകാറുള്ളത്. ഇത്തവണ അതു മാറണമെന്ന്പി. സുബ്രഹ്മണ്യം തീരുമാനിച്ചു. രണ്ടിടങ്ങഴിയുടെ എഴുത്തുകാരന് കൊടുത്ത വാക്കുപാലിക്കണം. ജനങ്ങളൊന്നടങ്കം ഏറ്റെടുക്കുന്ന പാട്ടുകളായിരിക്കണം.
സിഐഡിയും മന്ത്രവാദിയും ഹരിശ്ചന്ദ്രയുമൊക്കെ എടുത്തുകൊണ്ടിരുന്ന സുബ്രഹ്മണ്യം മുതലാളിയെക്കൊണ്ട്, കമ്യൂണിസ്റ്റുകാരുടെ ഭരണം വന്ന, മാറിയ രാഷ്ട്രീയ പരിതഃസ്ഥിതിയില് പുരോഗമനസ്വഭാവമുള്ള പടമെടുക്കാന് പ്രേരിപ്പിച്ചതും അതിനുവേണ്ടി രണ്ടിടങ്ങഴി എന്ന നോവല് നിര്ദ്ദേശിച്ചതുമൊക്കെ, ആകാശവാണിയില് ജോലി ചെയ്തിരുന്ന തിരുനയിനാര്കുറിച്ചിയായിരുന്നു. അന്നത്തെ റേഡിയോയില് ലൈവ് ആയിട്ടാണ് പരിപാടികള് പ്രക്ഷേപണം ചെയ്തിരുന്നത്. അതിനുവേണ്ടി പെട്ടെന്നുണ്ടാകുന്ന ആവശ്യമനുസരിച്ച് സാഹിത്യഭംഗിയും അര്ത്ഥഗഹനതയുമെല്ലാമുള്ള പാട്ടുകള് അപ്പപ്പോള് എഴുതുന്നതില് അസാധാരണ കഴിവുള്ളയാളായിരുന്നു തിരുനയിനാര്കുറിച്ചി. തിരുനയിനാര്കുറിച്ചിയോടാലോചിച്ച് പാട്ടുകളുടെ കാര്യത്തിലും സുബ്രഹ്മണ്യം ഒരു തീരുമാനമെടുത്തു.
നാടു മുഴുവന് പാടിനടക്കുന്ന 'അമ്പിളിയമ്മാവാ'യും 'ചെപ്പു കിലുക്കണ ചങ്ങാതി'യുമൊക്കെ പാടി, ജനഹൃദയങ്ങളില് പതിഞ്ഞ ആ പാട്ടുകാരി പാടട്ടെ ഇത്തവണ. രണ്ടിടങ്ങഴിയിലെ പാട്ടുകള് ഹിറ്റാകുമോയെന്നു നോക്കാം.
മെരിലാന്റിന്റെ ചിത്രങ്ങളില് അന്ന് സ്ഥിരം ആര്ട്ടിസ്റ്റുകളും സാങ്കേതികവിദഗ്ദ്ധരുമാണ്. അവര്ക്കു കൊടുത്തിരുന്നത് മാസവേതനവും. എല്ലാ ചിത്രങ്ങളിലെയും നായകന് പ്രേംനസീറും നായിക മിസ് കുമാരിയുമാണ്. രണ്ടിടങ്ങഴിയിലെ നായകകഥാപാത്രമായ കോരന്റെ വേഷത്തിന് നസീറിന്റെ പ്രകൃതവും രൂപഭാവങ്ങളുമൊന്നും ഇണങ്ങുന്നില്ലെന്നു തോന്നിയപ്പോള് മെരിലാന്റിന്റെ മറ്റൊരു സ്ഥിരം ആര്ട്ടിസ്റ്റായ ടി.എസ്. മുത്തയ്യയാണ് പി.ജെ. ആന്റണിയെക്കുറിച്ചു പറയുന്നത്. പണ്ട് കൊച്ചിയില് ഒരുമിച്ചു നാടകം കളിക്കുന്ന കാലംതൊട്ട് അടുത്ത ചങ്ങാതിയായ മുത്തയ്യ നിര്ബ്ബന്ധിച്ചതുകൊണ്ടു മാത്രം ആന്റണി ഒടുവില് സിനിമയില് അഭിനയിക്കാമെന്നു സമ്മതിച്ചു. നീലക്കുയിലിലെ നീലിപ്പുലയിയായി പ്രേക്ഷകരുടെ മനം കവര്ന്ന മിസ് കുമാരി ചിരുതയായി തിളങ്ങുമെന്നു തീര്ച്ചയായിരുന്നു. ചാത്തന്റെ റോളില് മുത്തയ്യയും മറ്റു വേഷങ്ങളില് തിക്കുറിശ്ശി, കൊട്ടാരക്കര, എസ്.പി. പിള്ള, അടൂര് പങ്കജം തുടങ്ങിയ സ്ഥിരം നടീനടന്മാരും അഭിനയിച്ചു. സുലോചനയെയും ചിത്രത്തില് അഭിനയിപ്പിച്ചാല്ക്കൊള്ളാമെന്ന് സുബ്രഹ്മണ്യത്തിന് താത്പര്യമുണ്ടായിരുന്നു.
ഒരു ദിവസംപോലും ഒഴിവില്ലാതെ മുടിയനായ പുത്രന് കളിച്ചുകൊണ്ടിരിക്കുന്ന നാളുകളാണ്. സുലോചനയില്ലെങ്കില് നാടകം മുടങ്ങും എന്ന അവസ്ഥ. അതുകൊണ്ട് അഭിനയിക്കുന്ന കാര്യത്തില് ബുദ്ധിമുട്ടുണ്ടെന്ന് സുലോചന അറിയിച്ചു; പാടാന് തയ്യാറാണെന്നും. അങ്ങനെയാണ് കെ.പി.എ.സിയുടെ അനുവാദത്തോടെ രണ്ടിടങ്ങഴിയില് സുലോചന പാടാന് പോകുന്നത്.
രണ്ടിടങ്ങഴിയില് ആകെ ഒമ്പതു പാട്ടുകളാണ്. അതില് മൂന്നെണ്ണമാണ് സുലോചന പാടേണ്ടത്.
പൂമഴ പെയ്തല്ല് പൂമരം പൂത്തല്ല്
പുന്നാരം പാടി വാ തത്തമ്മേ
വാ വാ തത്തമ്മേ...
എന്ന പാട്ട് സുലോചന തനിച്ചാണ് പാടുന്നത്.
ഓടക്കുയലൂതുന്നേ പൊന്മുളങ്കാട് - ഹൊയ്
ഓടിയൊളിച്ചുവെന്റെ ചക്കരപ്പെണ്ണേ...
കമുകറയുമായി ചേര്ന്നുള്ള ഒരു ഡ്യൂവറ്റാണ് അത്.
സുലോചനയും കമുകറയും ചേര്ന്നു പാടുന്ന ഒരു യുഗ്മഗാനംകൂടിയുണ്ടായിരുന്നു ചിത്രത്തില്. വാസ്തവത്തില് അതു പാടാനിരുന്നത് മറ്റൊരു ഗായികയാണ്; ഓള് ഇന്ത്യ റേഡിയോയിലെ കലാകാരിയും മെരിലാന്റ് ചിത്രങ്ങളിലെ മറ്റൊരു സ്ഥിരം പാട്ടുകാരിയുമായ സി.എസ്. രാധാദേവി. തിരുവനന്തപുരത്തു പ്രവര്ത്തിച്ചുവന്നിരുന്ന കലാവേദി ആയിടെ നിരവധി വേദികളില് വിജയകരമായി അവതരിപ്പിച്ച നാടകമായിരുന്നു പി.കെ. വീരരാഘവന് നായര് എഴുതിയ തൂവലും തൂമ്പയും.
വീരനു പുറമേ അടൂര് ഭാസി, ജഗതി എന്.കെ. ആചാരി, അടൂര് ഭവാനി, വഞ്ചിയൂര് മാധവന് നായര് തുടങ്ങിയവരാണ് നാടകത്തില് വേഷമിട്ടത്. ആകാശവാണിയില് പ്രവര്ത്തിച്ചിരുന്ന നടനും എഴുത്തുകാരനുമായ പി. ഗംഗാധരന് നായര് നാടകത്തില് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും നാടോടിത്തനിമയുള്ള മനോഹരഗാനങ്ങള് നാടകത്തിനുവേണ്ടി എഴുതുകയും ചെയ്തു. തൃശ്ശൂര് പി. രാധാകൃഷ്ണന് ഈണമിട്ട ആ ഗാനങ്ങള്, രാധാ ദേവിയാണ് റേഡിയോയിലും മറ്റുചില വേദികളിലും പാടി അഭിനയിച്ചത്. തേയിയുടെ വേഷമിട്ട രാധാദേവി ഗംഗാധരന് നായര് അഭിനയിച്ച കൊച്ചുകൃഷ്ണന്റെ കൂടെ ചേര്ന്നു പാടിയ ഒരു പാട്ട്, സവിശേഷശ്രദ്ധ നേടി.
ഏനെന്നും തന്തോയത്തേന്കുറുക്കി -
ക്കണ്ണില് മായാത്ത പൂക്കിനാവും നിറുത്തി
പാടവരമ്പത്തെപ്പൈങ്കിളിയെ നോക്കി-
പ്പാട്ടൊന്നു കേള്ക്കുവാന് കാത്തിരുന്ന് -ഏന-
പ്പാട്ടൊന്ന് കേള്ക്കുവാന് കാത്തിരുന്ന്...
രണ്ടിടങ്ങഴിയിലെ പാട്ടുകളൊരുക്കുമ്പോള് ഉയര്ന്നുവന്ന പ്രധാന പ്രശ്നം കുട്ടനാടിന്റെ സംസ്കാരം ഉള്ക്കൊണ്ട് സംഗീതം പകരുന്നതിലുള്ള ബ്രദര് ലക്ഷ്മണന് എന്ന സംഗീതസംവിധായകന്റെ പരിമിതികളാണ്. ചിത്രത്തിന്റെ അന്തരീക്ഷത്തിന് നാടകത്തിലെ പാട്ട് ഇണങ്ങുമെന്ന് സുബ്രഹ്മണ്യത്തിനു തോന്നി. തൃശ്ശൂര് പി. രാധാകൃഷ്ണന്റെ ഈണത്തിനൊപ്പിച്ച് വരികള് തിരുനയിനാര്കുറിച്ചിയെക്കൊണ്ട് മാറ്റിയെഴുതിച്ചു. സംഗീതസംവിധായകന്റെ സ്ഥാനത്ത് എ.ഐ.ആറിലെ സ്റ്റാഫ് ആര്ട്ടിസ്റ്റായ തൃശ്ശൂര് പി. രാധാകൃഷ്ണന്റെ പേരു വെക്കാന് അന്നുണ്ടായിരുന്ന നിയമങ്ങള് അനുവദിക്കാത്തതുകൊണ്ട് ബ്രദര് ലക്ഷ്മണന്റെ പേരാണു വെച്ചത്.
നാടകത്തിലും റേഡിയോയിലുമൊക്കെ പാടിയ താന്തന്നെയാണ് 'മുതലാളി'യുടെ പടത്തിലും ആ പാട്ട് പാടുന്നതെന്ന് രാധാദേവി കരുതി. കമുകറയോടൊപ്പം പാട്ടു പാടി പ്രാക്ടീസ് ചെയ്യാനും തുടങ്ങി. എന്നാല് സുബ്രഹ്മണ്യത്തിന്റെ തീരുമാനം മറിച്ചായിരുന്നു. ലളിതമായ വരികളും തനിമയാര്ന്ന ഈണവുംകൊണ്ട്, കൂട്ടത്തില് ഏറ്റവും മികച്ചുനില്ക്കുന്ന പാട്ട് സുലോചനയുടെ ഗ്രാമീണ ഭംഗി തുടിക്കുന്ന ആലാപനശൈലിയും കൂടിച്ചേരുമ്പോള് അതീവ സുന്ദരമാകും എന്ന് സുബ്രഹ്മണ്യത്തിന് ഉറപ്പായിരുന്നു. അങ്ങനെ രാധാദേവിയെ നിരാശപ്പെടുത്തിക്കൊണ്ടാണെങ്കിലും മലയാളത്തിലെ മനോഹരമായ ഒരു പ്രണയഗാനം പിറന്നുവീണു.
തുമ്പപ്പൂ പെയ്യ്ണ പൂനിലാവേ - ഏന്
നെഞ്ചു നിറയണ പൂങ്കിനാവേ
എത്തറ നാള് കൊതിച്ചിരുന്ന് നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന് - നിന്നെ
ഏനെന്നും തേനൂറും പൂവാണെന്ന്.
പൂവാണ് തേനാണ് നീയെന്നെല്ലാം - ഏന്
പുന്നാരം ചൊല്ലി മയക്കിയല്ല്
പുട്ടിലും കൊണ്ടേ നീ പുഞ്ചവരമ്പേല്
കൂട്ടീന്ന് പോരുവാന് കാത്തിരുന്ന് - ഏന്
പാട്ടൊന്നു കേക്കുവാന് പാത്തിരുന്ന്.
നേമത്തുള്ള മെരിലാന്റ് സ്റ്റുഡിയോയിലാണ് പാട്ടുകള് റെക്കോഡ് ചെയ്യുന്നത്. സുലോചന അവിടെച്ചെല്ലുമ്പോള് പടത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയാണ്. പി. ജെ. ആന്റണിയുമായി മാത്രമല്ല, മറ്റ് അഭിനേതാക്കളുമായും സുലോചനയ്ക്ക് അടുത്ത പരിചയമുണ്ടായിരുന്നു. മിസ് കുമാരിയെയും നേരത്തേതന്നെ അറിയാം. നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിയില് ഒരുമിച്ചഭിനയിച്ചതിനുശേഷം രണ്ടു വര്ഷം മുമ്പ് പി.ജെ. ആന്റണിയുടെയൊപ്പം ഒരു നാടകത്തിലഭിനയിക്കാന് സുലോചനയ്ക്ക് അവസരം കിട്ടിയിരുന്നു. ഇപ്പോള് ആന്റണി സ്വന്തം സമിതിയായ പി. ജെ. തിയേറ്റേഴ്സിനു (പ്രതിഭാ തിയേറ്റേഴ്സിന്റെ പുതിയ പേര്) പുറമേ കൊച്ചിയില്ത്തന്നെയുള്ള ജ്യോതി തിയേറ്റേഴ്സുമായും സഹകരിക്കുന്നുണ്ട്. രണ്ടിടങ്ങഴി വാസ്തവത്തില് ആന്റണിയുടെ ആദ്യസിനിമയല്ല. നേരത്തേ ആന്റണി അഭിനയിച്ച ഒരു പടത്തിന്റെ നിര്മ്മാണപ്രവര്ത്തനങ്ങള് പാതിവഴിയില് നിലച്ചുപോയിരുന്നു. സിനിമയുടെ കൃത്രിമവും യാന്ത്രികവുമായ രീതികളോട്, പ്രത്യേകിച്ച്, താര സമ്പ്രദായത്തോടു പൊരുത്തപ്പെടാന് ആന്റണിക്ക് അപ്പോഴും സാധിച്ചിരുന്നില്ല. അത്തരം അനിഷ്ടങ്ങളൊക്കെ ആന്റണി ഇതിനോടകം സെറ്റില്വെച്ചുതന്നെ പരസ്യമായി പ്രകടിപ്പിച്ചുകഴിഞ്ഞിരിക്കുന്നു.
അന്ന് മെരിലാന്റ് സുബ്രഹ്മണ്യത്തെപ്പോലെയുള്ള ഒരു നിര്മ്മാതാവിന്റെ മുമ്പില് മറ്റുള്ളവരാരും ഇരിക്കുന്ന പതിവില്ലായിരുന്നു. തിക്കുറിശ്ശിയെപ്പോലെയുള്ള വളരെ സീനിയറായ ആര്ട്ടിസ്റ്റുകള്പോലും 'മുതലാളി'യോടുള്ള ബഹുമാനം കാണിക്കാനായി മാറിയൊരിടത്തു നില്ക്കുകയാണു ചെയ്യുക. അത്തരം കീഴ്വഴക്കങ്ങളൊക്കെ ആന്റണി ലംഘിച്ചു. സുലോചനയോടത് പറയുകയും ചെയ്തു:'എനിക്കങ്ങനെ ഒരുത്തന്റെയും മുമ്പില് ഓച്ഛാനിച്ചു നിന്നു ശീലമില്ല സുലോചനേ. സിനിമയില്ലെങ്കില് വേണ്ട, എന്റെ കൂടെ എന്നും നാടകമുണ്ട്.'
എന്നിട്ട് സ്റ്റുഡിയോ ഫ്ളോറിനു പുറത്തുള്ള ഒരു വള്ളിക്കുടിലില് വിശ്രമിക്കുന്ന പി. സുബ്രഹ്മണ്യത്തിന്റെ അടുത്തേക്ക് സുലോചനയെ കൂട്ടിക്കൊണ്ടുപോയി. സുബ്രഹ്മണ്യം ഇരിക്കുന്നതിന്റെ മുമ്പിലായിക്കിടന്ന ഒരു കസേര വലിച്ചിട്ട് ഇരുന്നുകൊണ്ട് സുലോചനയെ പരിചയപ്പെടുത്തി. സുബ്രഹ്മണ്യം അനിഷ്ടമൊന്നും ഭാവിക്കാതെ ഉപചാരപൂര്വ്വം സുലോചനയെ സ്വീകരിച്ചിരുത്തിയിട്ട് വിശേഷങ്ങളൊക്കെ തിരക്കി.
സുലോചന പാട്ടുകള് പാടി പരിശീലിച്ചുകൊണ്ടിരിക്കുമ്പോള് സി.എസ്. രാധാദേവി അങ്ങോട്ടേക്കു വന്നു. തിരുവനന്തപുരത്ത് സുലോചനയുടെ വീടിന്റെ അടുത്തുതന്നെയാണ് രാധാദേവിയും താമസിക്കുന്നത്. പിന്നെ റേഡിയോസ്റ്റേഷനില്വെച്ചും കാണാറുണ്ട്. പണ്ടൊരിക്കല് കൈനിക്കര കുമാരപിള്ളയുടെ വേഷങ്ങള് എന്ന നാടകത്തില് രാധാദേവി അഭിനയിക്കാനിരുന്ന റോളില്, അവര്ക്കെന്തോ അസൗകര്യമുണ്ടായതുകാരണം രാധാദേവി തന്നെ ആവശ്യപ്പെട്ടിട്ട് സുലോചനയാണ് അഭിനയിച്ചത്. കൈനിക്കരയെയും പി.കെ. വിക്രമന് നായരെയും ടി.ആര്. സുകുമാരന് നായരെയുംപോലുള്ള സീനിയര് നടന്മാരുടെ കൂടെ അന്നാണ് സുലോചന ആദ്യമായി അഭിനയിക്കുന്നത്.
പാട്ടു പാടാനിരുന്നത് രാധാദേവിയാണെന്നും കുറച്ചു ദിവസത്തെ പ്രാക്ടീസ് കഴിഞ്ഞതാണെന്നുമൊക്കെ ഓര്ക്കെസ്ട്രക്കാര് പറഞ്ഞ് സുലോചന അറിഞ്ഞിരുന്നു. രാധാദേവിയെ കണ്ടയുടനേ സുലോചന അടുത്തേക്ക് ചെന്നു: 'ഞാനറിഞ്ഞിരുന്നില്ല ചേച്ചീ, ഈ പാട്ട് ചേച്ചി പാടാനിരുന്നതാണെന്ന്. ഞാന് മുതലാളിയോട് പറയാം. ചേച്ചിതന്നെ പാടിയാല് മതി.'
രാധാദേവിക്ക് ഉള്ളില് വിഷമമുണ്ടായിരുന്നെങ്കിലും സുലോചനയുടെ നല്ലമനസ്സിനു നന്ദി പറഞ്ഞുകൊണ്ട് പിന്വാങ്ങിയതേയുള്ളൂ. അതുമാത്രമല്ല, ആ പാട്ടിലെ ചില ഗ്രാമ്യമായ പദപ്രയോഗങ്ങളും വാക്കുകളും മറ്റും സുലോചനയ്ക്കാണ് തന്നെക്കാള് ഭംഗിയായി അവതരിപ്പിക്കാന് കഴിയുകയെന്ന് രാധാദേവിക്കും അറിയാമായിരുന്നു. രണ്ടിടങ്ങഴിയില് മീനാ സുലോചന (പില്ക്കാലത്ത് തിക്കുറിശ്ശിയുടെ ഭാര്യ)യുമായി ചേര്ന്ന് രാധാദേവിക്ക് ഒരു പാട്ട് പാടാനുമുണ്ടായിരുന്നു. അതുകൊണ്ട് അസ്വാരസ്യങ്ങളൊന്നുമില്ലാതെ ആ സംഭവം അവിടെ അവസാനിച്ചു.
1958-ലെ ഓണസമ്മാനമായി മെരിലാന്റ് പ്രദര്ശനത്തിനെത്തിച്ച രണ്ടിടങ്ങഴി ഭേദപ്പെട്ട ചിത്രമെന്ന അഭിപ്രായം നേടി. എല്ലാ പാട്ടുകള്ക്കും ജനങ്ങളെ ആകര്ഷിക്കാനായില്ലെങ്കിലും 'തുമ്പപ്പൂ പെയ്യ്ണ പൂനിലാവേ...' എന്ന പാട്ടിന് ജനഹൃദയത്തിലിടം നേടാനായി!
മുടിയനായ പുത്രന് തകര്ത്തു മുന്നേറിക്കൊണ്ടിരിക്കുന്നതിനിടയില് മറ്റൊരു സന്തോഷ വാര്ത്ത സുലോചനയെ തേടിയെത്തി. നാടകാഭിനയത്തിനുള്ള ആ കൊല്ലത്തെ 'കലാരത്ന'പുരസ്കാരം സുലോചനയ്ക്കും മാധവനുമാണു ലഭിച്ചത്. അഭിനയജീവിതം തുടങ്ങിയതിനുശേഷം കിട്ടുന്ന ആദ്യത്തെ അവാര്ഡായിരുന്നു അത്. സിനിമയിലെ അഭിനയത്തിനുള്ള പുരസ്കാരം കുമാരിക്കും സത്യനുമാണ് കിട്ടിയത്. പ്രേക്ഷകരുടെ സ്നേഹവും ആരാധനയും ഒരുപാട് ലഭിക്കുന്നുണ്ടെങ്കിലും ആദ്യമായി കിട്ടിയ അവാര്ഡ് സുലോചനയ്ക്ക് സന്തോഷവും ആത്മവിശ്വാസവും പകര്ന്നു.
നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കിക്കുശേഷം പി.ജെ. ആന്റണിയോടൊപ്പം സുലോചന ഒരു നാടകത്തില് അഭിനയിച്ചിരുന്നു; മട്ടാഞ്ചേരിയിലെ തൊഴിലാളികളുടെ നേര്ക്ക് നടന്ന പോലീസ് വെടിവെപ്പിനെ ആസ്പദമാക്കി ആന്റണി എഴുതിയ പാര്ട്ടിക്കാര്ഡ് എന്ന നാടകത്തിലായിരുന്നു അത്.
Content Highlights: baiju chandran book jeevithanatakam arunabham oru nataka kalam kpac sulochana