പതിനേഴുകാരിക്ക് തന്ന ഷോക്ട്രീറ്റ്‌മെന്റ്, നോക്കിനില്‍ക്കേ കൈവിട്ടുപോകുന്ന ജീവിതം; അത് അഷിതയായിരുന്നു

#അഷിത/ ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌
അഷിത/ ഫോട്ടോ: അരുണ്‍ ഭാവന
അഷിത/ ഫോട്ടോ: അരുണ്‍ ഭാവന

മലയാളത്തിന്റെ പ്രിയകഥാകാരിയായ അഷിത കഥാകൃത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവുമായി നടത്തിയ സംഭാഷണങ്ങളാണ് മാതൃഭൂമി ബുക്‌സ് പ്രസിദ്ധീകരിച്ച 'അത് ഞാനായിരുന്നു' എന്ന പുസ്തകം. നിസ്സഹായവും അവഗണിക്കപ്പെട്ടതുമായ ബാല്യകൗമാരങ്ങളും സംഘര്‍ഷപൂര്‍ണമായ യൗവനവും തന്റെ രചനാവഴികളെ രൂപപ്പെടുത്തിയതെങ്ങനെയെന്ന് കഥാകാരി ഇതില്‍ പറയുന്നു. ആത്മസംഘര്‍ഷങ്ങളില്‍ കനല്‍പോലെ നീറിയെരിഞ്ഞും വേദനിച്ചും ഈ എഴുത്തുകാരി സര്‍ഗാത്മകതകൊണ്ട് ജീവിതം തിരിച്ചുപിടിച്ചതെങ്ങനെയെന്നു വെളിപ്പെടുത്തുന്ന ആത്മകഥനങ്ങളില്‍ നിന്നും ഒരു അധ്യായം അഷിതയുടെ ഓര്‍മദിനത്തില്‍ വായിക്കാം. 

ഇപ്പോള്‍ അത്യാവശ്യം നല്ല വായനക്കാരി ആണോ?
മലയാളത്തിലെ കവിതകളോട് ഇപ്പോഴും എനിക്ക് ഭയങ്കര പരിചയക്കേടാണ്. ആശാന്റെ ഒക്കെ വായിച്ചത് ഗുരുവുംകൂടി ഇടപെട്ടതുകൊണ്ടാണ്.

മലയാളകവിതകളില്‍ എക്സ്പീരിയന്‍സ് കുറവാണ് എന്നാണോ?
എക്സ്പീരിയന്‍സല്ല, എക്സ്പോഷര്‍ കുറവാണ്.

അയ്യപ്പന്റെ കവിതകള്‍ എങ്ങനെ?
ഇഷ്ടമാണ്. വായിച്ചിട്ടുണ്ട്.

അപ്പോള്‍ വായിക്കുന്നുണ്ട് കവിതകള്‍.
ഞാന്‍ എന്തും വായിക്കും. ഒരു മാസിക കിട്ടിയാല്‍ സോപ്പിന്റെ പരസ്യംപോലും വായിക്കും. പക്ഷേ, എന്തിനാ എന്നോട് കവിതകളെപ്പറ്റി ഇങ്ങനെ കുത്തിക്കുത്തി ചോദിക്കുന്നത്? ഞാന്‍ കഥ എഴുതുന്ന ആളല്ലേ?

ഇത് മലയാളിയുടെ മാത്രം ഒരു പ്രശ്നമാണ്. മറ്റു ഭാഷകളിലൊക്കെ കവിത എഴുതുന്ന ആളുകള്‍ കഥ എഴുതും, നോവല്‍ എഴുതും.
അത് മലയാളിക്കു പറ്റുകയില്ല.

അതെന്തുകൊണ്ടാണെന്നാണ് ചേച്ചിക്കു തോന്നുന്നത്?
മലയാളികള്‍ പൊതുവേ കണ്‍സ്ട്രിക്റ്റഡ് പേഴ്സണാലിറ്റീസാണ്. ഒരാളെ ഒരു സ്ലോട്ടില്‍പ്പെടുത്തിയാല്‍ പിന്നെ അയാള്‍ അവിടെനിന്ന് പുറത്തു ചാടിയാല്‍ അടിച്ചുകൊല്ലുന്നതാണ് മലയാളിയുടെ രീതി.

ഞാന്‍ ആലോചിക്കുകയായിരുന്നു ആശാന്‍ എഴുതിയ 'നളിനി', അതുപോലെതന്നെ ചില കൃതികള്‍, സ്ത്രീപുരുഷവ്യവഹാരങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്ന, അത്തരത്തില്‍ ഒരു സ്പിരിച്വല്‍ ഭാവം ഒരു കീറ് ആകാശം എന്ന ലഘുനോവലില്‍ അങ്ങനെ വായിച്ചെടുക്കാന്‍ പറ്റി.

ഞാന്‍ വിചാരിച്ചു, ആ നോവലെറ്റ് വളരെ സില്ലിയാണ് എന്ന്.
അല്ല, സില്ലിയല്ല.
ആണോ? ആണെന്നാണ് അധികം പേരും പറഞ്ഞിട്ടുള്ളത്.

അതെന്താണെന്നുവെച്ചാല്‍ അയുക്തമായിട്ട് ഇന്നും നമുക്കു വായിച്ചെടുക്കാന്‍ പറ്റില്ല. ഇന്ന് ഒരു ജനറേഷനില്‍നിന്ന് അത്തരമൊന്ന് പ്രതീക്ഷിക്കാന്‍ പറ്റുമോന്ന് എനിക്ക് സംശയമുണ്ട്. അത് എന്താണെന്നുവെച്ചാല്‍ അജയന്‍ അതിനോടൊരു ആത്മാഹുതിപോലെയാണത് ചെയ്യുന്നത്. അയാള്‍ ഭ്രാന്തനായിപ്പോകുന്നു. കാരണം, പെണ്ണുകാണാന്‍ പോയി. പിന്നെ അവിടന്നൊരു അനോണിമസ് കത്തു വരുന്നു. അപ്പൊ അത് സത്യമാണോന്ന് അന്വേഷിക്കാന്‍ പോകുന്നു. അവിടെ അയാള്‍ കുടുങ്ങിപ്പോകുന്നു. ഇത് പല കഥകളിലും ഒരു തുടര്‍ച്ചയായി വരുന്ന പ്രോസസിങ്ങായി എനിക്ക് തോന്നിയിട്ടുണ്ട്. പ്രണയത്തില്‍പ്പോലും കരുണയാണ് മുറ്റിനില്ക്കുന്നത്. അതിന്റെ അകത്ത് ബലപ്രയോഗങ്ങളോ നിര്‍ബന്ധങ്ങളോ ശാഠ്യങ്ങളോ ഇല്ലാതെ വളരെ ജെനുവിന്‍ ആയിട്ടാണ് ഉണ്ടാകുന്നത്. ഭൗതികമായി ഒന്നും ചെയ്യുന്നില്ല. അജയന്‍ അത്തരത്തില്‍ നമ്മള്‍ അമ്പരക്കുന്നുണ്ട്.
ആണോ?

അഷിത

അതായത്, ആ കഥാപാത്രം വായനക്കാരന്റെ പിടിയില്‍നിന്നും വിടുന്നു. വിട്ട് അതേസമയം യുക്തിപരവുമാണ്. അയാള്‍ കാരുണ്യവാനായ ഒരാളാണ്. അക്കാരണത്താല്‍ അയാള്‍തന്നെ ഭ്രാന്താശുപത്രിയിലേക്ക് എത്തിച്ചേര്‍ന്നു എന്നു പറയുന്നു. ഈ ആണ്‍-പെണ്‍ ബന്ധങ്ങളില്‍ ഇത്തരത്തിലുള്ള ഒരു തുടര്‍ച്ച കാണാന്‍ സാധിക്കും. മറ്റൊരു വശത്ത് സ്ത്രീകഥാപാത്രങ്ങളാണെങ്കിലും ഒട്ടുമിക്ക ആളുകളും മുറിവേറ്റവര്‍ ഏതൊക്കെയോ നിലയില്‍ ഒരു ദുരന്തകഥാപാത്രങ്ങളുടെ ശ്രേണിയിലാണ് പെടുന്നത്. ഈ നോവലെറ്റ് മാത്രം നോക്കുകയാണേല്‍ സതി, ആ ടീച്ചര്‍, ഒരു കീറ് ആകാശത്തിലെ പാര്‍വതി, മിനി, അജയന്‍, മിനിയുടെ അമ്മ, 'മേഘമല്‍ഹാറി'ലെ സുനന്ദ എന്നിവര്‍... ഈ കഥ ഒരു സാധാരണ കഥയായിട്ടാവും എഴുതിയിട്ടുണ്ടാവുക. പക്ഷേ, ഒരാള്‍ക്കതില്‍നിന്ന് വ്യക്തിത്വം മായ്ച്ചുകളയാനാകില്ല. കഥാപാത്രങ്ങളെ നിയന്ത്രിക്കുന്ന, എഴുതുന്നയാളുടെ സൗന്ദര്യശാസ്ത്രരീതികള്‍ അതില്ലാതെ ഒരക്ഷരം എഴുതാന്‍ പറ്റില്ലെന്ന് എനിക്കു തോന്നുന്നു.
ശരിയാണ് .

'മേഘമല്‍ഹാര്‍' എന്ന കഥയിലെ അവസാനത്തെ ട്വിസ്റ്റാണ് എന്നെ അദ്ഭുതപ്പെടുത്തിയിട്ടുള്ളത്. ആ ട്വിസ്റ്റോടുകൂടിയാണ് ആ കഥ വേറൊരു വിതാനത്തിലേക്ക് പോകുന്നതായി തോന്നി. ആ കഥകളിലെല്ലാം ദുരന്തങ്ങള്‍ കഥാപാത്രങ്ങളായി സ്ത്രീകളുടെ കൂടെ എപ്പോഴും ഉണ്ട്. അതെന്താണങ്ങനെ?
കരുണ തേടുന്ന ഒരു കഥാപാത്രം. അതിനെക്കുറിച്ച് ആദ്യം പറയാം. ഈ ജീവിതത്തില്‍, കുട്ടിക്കാലത്ത് പ്രത്യേകിച്ചും കരുണയാണ് എനിക്കേറ്റവും കിട്ടാതെപോയത്. അതാവും ഞാന്‍ കൂടുതല്‍ തേടിയിട്ടുണ്ടാവുക. വാട്സാപ്പില്‍ ഒരു ഡിസ്പ്ലേ പിക്ചര്‍ ഉണ്ടായിരുന്നു' 'Kindness is what turns me on.' അത് എന്നെ സംബന്ധിച്ച് വളരെ ശരിയാണ്. ആ കരുണയ്ക്കായിട്ടാണ് ഞാന്‍ ജീവിതം മുഴുവന്‍ അന്വേഷിച്ചുകൊണ്ടിരുന്നത്. സത്യംപോലെതന്നെ എനിക്ക് വളരെ പ്രധാനമാണ് കരുണ. സ്നേഹത്തെക്കാളധികം ഞാന്‍ മൂല്യം കല്പിക്കുന്നത് കരുണയ്ക്കാണ്. പിന്നെന്താ ചോദിച്ചത്? ദുരന്തം കൂടെയുണ്ടായിരുന്ന സ്ത്രീകളോ?

അതെ.
My life was tragic, ദുരന്തം എന്റെ കൂടെത്തന്നെയുണ്ടായിരുന്നു. It was never normal, ഞാന്‍ ഒരു അബ്നോര്‍മല്‍ ജീവിതം ജീവിച്ചയാളാണ്.

അതുകൊണ്ടെപ്പോഴും ഈ കഥാപാത്രങ്ങളൊക്കെ അവരുടെ ഒരംശത്തില്‍ ഉന്മാദത്തിന്റെ ചിത്രങ്ങളായി കാണാം. പൊതുവേ കഥകളില്‍ വളരെ സൈലന്റായി നില്ക്കുന്ന ഒരു ഉന്മാദം, അതു കാണാന്‍ പറ്റും. തോന്നിയിട്ടില്ലേ?
ഞാനൊരു ഉന്മാദിയല്ല. ഇനി അത് പറഞ്ഞിട്ടു വേണം ആ ലേബലുംകൂടി ചാര്‍ത്തിക്കിട്ടാന്‍!

ഉന്മാദം രണ്ടു വിധത്തിലുണ്ട്. മനസ്സിന്റെ അടിത്തട്ടില്‍ സൈലന്റായി കിടക്കുന്നതും വളരെ വിക്ഷുബ്ധമായി പ്രകടിപ്പിക്കപ്പെടുന്നതും. എനിക്കുതോന്നുന്നത് ഏറ്റവും ലളിതമായി എഴുതുന്ന ആളുകളാണ് വ്യക്തിപരമായി കോംപ്ലിക്കേറ്റഡായിട്ടുള്ളത്. വളരെ കോംപ്ലിക്കേറ്റഡായി എഴുതുന്നവര്‍ വ്യക്തിജീവിതത്തില്‍ വളരെ ലളിതമായിരിക്കും.
ഞാന്‍ കോംപ്ലിക്കേറ്റഡാണ്, സംശയം ഒന്നുമില്ല.

അതാ ഞാന്‍ പറഞ്ഞത് ഉന്മാദം പല നിലയ്ക്ക് മനുഷ്യരില്‍ വര്‍ക്ക് ചെയ്യുന്നത് കാണാന്‍ പറ്റും.
അതൊന്നും എനിക്കറിഞ്ഞൂടാ. എന്റെ ലൈഫ് കോംപ്ലിക്കേറ്റഡായിരുന്നു. അത് കഴിഞ്ഞ് ഒരു ബാലന്‍സിങ് ഉണ്ടായി. കഥകള്‍ അതിന് സഹായിച്ചിട്ടുണ്ട്.

ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്‌

ബാലന്‍സ് ചെയ്യുക എന്നു പറഞ്ഞാല്‍ സപ്രെസ് ചെയ്യുക എന്നു മാത്രമല്ലേ?
അതെ. അത് ബാലന്‍സ് ചെയ്യുക എന്നു പറയുമ്പോള്‍ എവിടെ എന്താവാം എന്നതിനെക്കുറിച്ച് അബോധത്തില്‍ ഒരു എഡിറ്റിങ് നടന്നുകൊണ്ടേ ഇരുന്നു. അങ്ങനെ എഡിറ്റ് ചെയ്താണ് ഞാന്‍ ജീവിച്ചത്. നാച്ചുറലായി ഞാന്‍ ജീവിച്ചിട്ടേ ഇല്ല. അതുകൊണ്ട് ശിഹാബ് പറഞ്ഞത് ശരിയായിരിക്കാം.

അതവിടെ ആണിയടിച്ചിരിക്കുകയാണ്. നമ്മുടെ ആണി എന്നു പറയുന്നത് നമ്മുടെ ഇന്‍സെക്യൂരിറ്റി ആണോ?
അതെ. ഡെഫിനിറ്റിലി. ഞാന്‍ കുട്ടിക്കാലം മുതലേ വളരെ ഇന്‍സെക്യൂര്‍ കുട്ടിയാണ്. പ്രായമാകുമ്പോള്‍ നമ്മള്‍ അതൊക്കെ മറികടന്ന് സെക്യൂരിറ്റി വേണമെന്നില്ലാതെ ആകും.

കഥയിലോ?
വളരെ കോണ്‍ഫിഡന്റാണ്. എന്താണ് പറയുന്നതെന്നും എങ്ങനെയാണ് പറയേണ്ടതെന്നും നല്ല ധാരണയാണ്. ഒരു ജീവിതം മുഴുവന്‍ കഥയ്ക്കായി സമര്‍പ്പിച്ചതാണ്. നോവലിലേക്ക് പോയിട്ടില്ല. വേറൊന്നുകൂടി പറയാനുണ്ട്. ഞാന്‍ പ്രീഡിഗ്രിക്ക് ആദ്യം വന്നുചേരുന്നത് വിക്ടോറിയയിലാണ്.

പാലക്കാട്?
ആ! അന്നൊക്കെ കേരളത്തില്‍ വന്നുപഠിച്ചാലേ മെഡിസിന് അഡ്മിഷന്‍ കിട്ടൂ. രണ്ടു വര്‍ഷമെങ്കിലും ഇവിടെ നിന്ന് പഠിക്കണം. അപ്പൊ ബോംബേല് ലെവെന്‍ത് സ്റ്റാന്‍ഡേര്‍ഡ് കഴിഞ്ഞ് ഞാന്‍ കേരളത്തിലേക്ക് വന്നു. എന്തിനാന്നുവെച്ചാല്‍ മെഡിസിനു ചേരണം. അത് കുട്ടിക്കാലംതൊട്ടുള്ള ഒബ്സെഷനാണ്. അപ്പൊ ഹോസ്റ്റലിലായിരുന്നു. ഹോസ്റ്റലില്‍നിന്ന് ഒരാറു മാസമൊക്കെ പഠിച്ചു. I was good atts udie. കുഴപ്പമൊന്നുമില്ല. വീട്ടുകാര്‍ക്കൊക്കെ ഭയങ്കര എക്സ്പെക്റ്റേഷനായിരുന്നു. ഇതാ വീട്ടില്‍നിന്നൊരു ഡോക്ടര്‍ വരുന്നു എന്ന മട്ടില്‍. അന്ന് ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ഡൊണേഷന്‍ കൊടുത്താല്‍ കയറാന്‍ പറ്റുമായിരുന്നു. അപ്പൊ മാര്‍ക്ക് ഇത്തിരി കുറഞ്ഞാലും മെഡിസിന് പോകാമായിരുന്നു. അങ്ങനെയിരിക്കുമ്പോ എനിക്കു തോന്നുന്നു, പരീക്ഷയ്ക്ക് മുന്‍പ് എങ്ങാണ്ട് വെച്ചിട്ട് ഒരു ദിവസം- ഇതിപ്പോ എങ്ങനെ കമ്യൂണിക്കേറ്റ് ചെയ്യുക എന്നറിയില്ല-ഞാനും എന്റെ കൂട്ടുകാരുംകൂടി ഇങ്ങനെ സണ്‍സെറ്റ് നോക്കിയിരിക്കുന്ന ഒരു പരിപാടിയുണ്ട്. ഹോസ്റ്റലിന്റെ പിന്‍വശത്ത് ചുവരും ചാരിയിട്ട്. അന്നും കുറേശ്ശ കവിതയെഴുതും. കവിത എന്നും ഉണ്ടായിരുന്നു, ഒരഞ്ചാംക്ലാസിലൊക്കെ തൊട്ട്. പക്ഷേ, സീരിയസായിട്ട് ഇംഗ്ലീഷില്‍ എഴുതുന്നത് കോളേജില്‍ വന്നപ്പോഴായിരുന്നു. കോളേജില്‍ നല്ല അപ്രീസിയേഷനായിരുന്നു. അതുകൊണ്ടാണോ എന്നറിഞ്ഞില്ല, ഞാനിങ്ങനെ നോക്കിക്കൊണ്ടിരിക്കുമ്പോ എനിക്ക് ഭയങ്കര ഷോക്കിങ് ആയിട്ട് ഒരു വെളിപാടു വരികയാണ്. മെഡിസിന്‍ അല്ല എന്റെ വഴി, അത് വളരെ ക്ലിയര്‍ ആവുകയാണ്. അതുവരെ, ഞാന്‍ കല്യാണമൊന്നും കഴിക്കില്ല, മെഡിസിനു പോകും, ഐഡിയലിസ്റ്റിക്കായ ഒരു ഡോക്ടറായിരിക്കും... അങ്ങനെയങ്ങനെ ആയിരുന്നു. അതെല്ലാം ഒറ്റ നിമിഷംകൊണ്ടങ്ങ്ട് പോവ്വാണ്. പിറ്റേ ദിവസം ഞാന്‍ എന്റെ പുസ്തകങ്ങളെല്ലാം എടുത്തിട്ട് ചെറിയച്ഛനാ എന്റെ ലോക്കല്‍ ഗാര്‍ഡിയന്‍ ആയിരുന്നത്, ചെറിയച്ഛന്റെ വീട്ടില്‍ ചെന്നിട്ട് ചെറിയച്ഛന്റെ മുന്‍പില്‍ ഒറ്റ ഏറ്! ഏതാണ്ട് നമ്മുടെ മണിച്ചിത്രത്താഴിലെ ശോഭനയെപ്പോലെ. എഴുതുന്നില്ല. വായിക്കുന്നില്ല. പഠിക്കുന്നില്ല. അപ്പൊ എന്റെ വീട്ടുകാര്‍ ചെറിയമ്മയൊക്കെയാണ് നാട്ടില്‍ തറവാട്ടില്‍ ഉണ്ടായിരുന്നത്. അവിടെക്കൊണ്ടുപോയി ആറു മാസം പൂട്ടിയിട്ടു. അച്ഛനും അമ്മയുമൊക്കെ അന്ന് ബോംബെയില്‍ ആയിരുന്നു. ഈ ആറു മാസം പൂട്ടിയിടുന്നതിന്റെ കാര്യം, തറവാട്ടിലെ പെണ്‍കുട്ടികളുടെ ആരുടെയും ഭാവി ചീത്തയാക്കണ്ട, അപ്പൊ കഴിയുന്നത്ര ഒളിപ്പിച്ചുവെക്ക്യ ഇങ്ങനെയുള്ള പരിപാടികള്‍. അപ്പൊ എന്താച്ചാല്‍, നാട്ടിന്‍പുറമല്ലേ, 'അടിക്കു മീതെ ഭ്രാന്തുമില്ല' എന്ന വിശ്വാസം കാരണം നല്ല പോലെ തല്ലും. കുറെ തല്ലു കൊള്ളുമ്പോ ഞാന്‍ ആ കൈക്കു കയറിപ്പിടിക്കും. ചിലപ്പോ കോളറിനു കുത്തിപ്പിടിക്കും. അപ്പൊ ഞാന്‍ 'വയലന്റായി, വയലന്റായി' എന്നൊക്കെ അവര്‍ ഡോക്ടറോട് ചെന്നുപറയും. വയലന്‍സുണ്ട്, അതിനെയുള്ള അവരുടെ പേടി കാണുമ്പോ എനിക്ക് ചിരി വരും. ചിരിക്കണത് പ്രശ്നായി. കുറെക്കാലത്തേക്ക് ഞാന്‍ ചിരിക്കാതിരുന്നിട്ടുണ്ട്. പൊട്ടിപ്പൊട്ടി ചിരിക്കുന്ന ഒരു ചിരിക്കുടുക്കയായിരുന്നു, ഒരുകാലത്ത് ഞാന്‍. അങ്ങനെയുള്ള ഒരാള്‍ ചിരിക്കുമ്പോ ഫാമിലി മെംബേര്‍സ് തുറിച്ചുനോക്കാന്‍ തുടങ്ങി. അത് അസഹ്യമായിരുന്നു. ഇന്നും ഉള്ളുതുറന്ന് ചിരിച്ചിട്ട് ഒരുപാടു കാലമായി. ആറു മാസം കഴിഞ്ഞപ്പോഴും ഞാന്‍ പഠിക്കാനൊന്നും കൂട്ടാക്കുന്നില്ല. അടച്ചിട്ടിരിക്കുകയാണ്. മൂന്നു നേരം മെഡിസിന്‍. 'Eskazine, pacitane എന്നീ ടാബ്ലറ്റുകള്‍. മൂന്നുനേരം മരുന്നു തരും. അതില്‍ രണ്ടു നേരമെങ്കിലും ഞാന്‍ തുപ്പിക്കളയും. ഒന്നും എഴുതാന്‍ പാടില്ല. ചെറിയ മുറിയായിരുന്നു. എഴുതിയാല്‍ ഭ്രാന്തുവരും എന്നുപറഞ്ഞ് പേനയും പേപ്പറും തരില്ല. അന്ന് ഞാനെന്റെ നഖംകൊണ്ട് ചുവരില്‍ കവിത കോറിയിട്ടുണ്ട്. അന്നൊക്കെ ഭ്രാന്താവാതെ ഇരിക്ക്യ എന്നുള്ളതായിരുന്നു ബുദ്ധിമുട്ട്. ഭ്രാന്ത് വരാതിരിക്കാന്‍ മുറ്റത്തെ പേരയ്ക്കാമരം നോക്കും, അതിന്റെ ഇല എണ്ണും. കുറെ കഴിയുമ്പോ ഭക്ഷണം അവിടെ കൊണ്ടുത്തരും. ഞാനത് ചിലപ്പോ എടുത്തെറിയും. അപ്പോപ്പിന്നെ അതെല്ലാം ഭ്രാന്തിന്റെ ലക്ഷണമാകും. സത്യത്തില്‍ സയന്‍സ് പഠിക്കണ്ട എന്നുപറഞ്ഞാല്‍ 'Ok, go and study something else' എന്നു പറയാന്‍ ഒരാളുണ്ടായിരുന്നില്ല. അതായിരുന്നു എന്റെ പ്രശ്നം. ഒരു ദിവസം ഒരു മഴ പെയ്തപ്പൊ 'ഒരു കീറ് ആകാശം' എന്ന നോവലെറ്റില്‍ പറഞ്ഞപോലെ ഞാന്‍ സൂത്രത്തില്‍ താഴേക്ക് ഓടി മഴയെ ഒന്ന് തൊടണം, മണ്ണിനെ ഒന്ന് തൊടണം. താഴത്തെത്തുന്നതിന് തൊട്ടുമുന്‍പ് എന്നെ പിടിച്ച് തിരികെ കൊണ്ടുവന്ന് പൂട്ടി. മഴ, കാറ്റ് ഇതൊക്കെ എനിക്ക് ഇന്നും വളരെ പ്രധാനമാണ്. പ്രവാസജീവിതം കഴിഞ്ഞ് ഇവരോടൊക്കെ കൂട്ടുകൂടുന്നത് അപ്പോഴാണ്. തറവാട്ടിലുള്ളവര്‍ ആറുമാസം കഴിഞ്ഞപ്പോ പറയുന്നത് കേട്ടു, 'ഇതിന്റെ കല്യാണം ഒരിക്കലും നടക്കാന്‍ പോകുന്നില്ല. പഠിക്കുകയുമില്ല. എന്താപ്പോ ഇതിനെ ചെയ്യ്യ?' അച്ഛനെയും അമ്മയെയും വിവരമറിയിച്ചു. അവര്‍ ബോംബേന്ന് ടാക്സി പിടിച്ചു വന്നു. അമ്മയെ കണ്ടപ്പോ എല്ലാം ശരിയാകും എന്ന് ഞാന്‍ വിചാരിച്ചു. പക്ഷേ, അമ്മയും ഞാനും ആയുള്ള റിലേഷന്‍ഷിപ്പ് സ്ട്രെയിന്‍ഡായിരുന്നു എപ്പോഴും.

അച്ഛന്‍ കുറച്ചുകൂടെ... അച്ഛന്‍ ഹീറോ എന്നൊക്കെ ഒരു ഇന്റര്‍വ്യൂവില്‍ പറഞ്ഞല്ലോ.

അച്ഛനെ എനിക്കിഷ്ടമായിരുന്നു. വളരെ കുട്ടിക്കാലത്ത് എല്ലാ പെണ്‍കുട്ടികള്‍ക്കും അച്ഛന്‍ ഹീറോ ആയിരിക്കും. പിന്നെയല്ലേ, മുഖംകോടിയ ഈശ്വരനെപ്പോലെ എല്ലാം തകര്‍ന്നുപോകുന്നത്. അപ്പൊ, ഞാനെന്താ പറഞ്ഞുവന്നത്? അച്ഛനും അമ്മയും ബോംബേന്ന് വന്നപ്പോ ഞാന്‍ അമ്മയുടെ അടുത്തേക്ക് ഓടി. അമ്മ പേടിച്ചിട്ട് രണ്ട് സ്റ്റെപ്പ് പിന്നാക്കം മാറി. ഷോക്കടിച്ചപോലെ ഞാനവിടെ നിന്നു. അതിനുശേഷം ഞാനൊരിക്കലും അമ്മയുടെ അടുത്തേക്ക് പോയിട്ടില്ല. അത് ഏറ്റവും പെയിന്‍ഫുള്‍ ആയ എക്സ്പീരിയന്‍സ് ആയിരുന്നു. എനിക്ക് മനസ്സിലായി, എല്ലാ വാതിലുകളും അടഞ്ഞുകഴിഞ്ഞു എന്ന്. സപ്പോസ് എന്നെ അമ്മ 'സാരല്യ, വാ' എന്നുപറഞ്ഞ് കൊണ്ടുപോയിരുന്നെങ്കില്‍ എന്ന് ഞാന്‍ പലപ്പോഴും ആലോചിച്ചിട്ടുണ്ട്. പക്ഷേ, അമ്മ ആദ്യമേ ഒരു സ്റ്റാന്‍ഡ് എടുക്കുകയാണ്. My daughter is not mentally OK. അപ്പൊത്തൊട്ട് എന്റെ ജീവിതം അവസാനമില്ലാത്ത ഇന്‍ഫിനിറ്റ് ലൂപ്പില്‍ പോവാന്‍ തുടങ്ങി. I was taken to Bombay. അവിടെ ചെന്നിട്ട് എനിക്ക് എന്താ പറയേണ്ടത്, ഇവരാരും സ്വതവേ മക്കളോട് സംസാരിക്കില്ല, എന്നോട് ഒട്ടുമില്ല. I was taken to a psychiatrist. ഒരു ഡോക്ടര്‍ പടേക്കര്‍. നോക്കൂ, എനിക്കിപ്പോഴും എല്ലാം നല്ല ഓര്‍മയാണ്. അവിടെച്ചെന്ന് കഷ്ടി അഞ്ച് മിനിറ്റ് അച്ഛന്‍ സംസാരിച്ചു. സമയമില്ലാത്ത ഡോക്ടറാണ്. പൈസയാണ് ഇമ്പോര്‍ട്ടന്റ്. ഡോക്ടര്‍ പടേക്കര്‍ 'നോ പ്രോബ്ലം, കൊണ്ടുവരൂ' എന്നുപറഞ്ഞപ്പോള്‍ ഏഴുദിവസം എന്നെ കൊണ്ടുപോയി. അവിടെ ചെന്നാല്‍ ഒരു ഇന്‍ജെക്ഷന്‍ തരുമായിരുന്നു. അച്ഛനെന്നോട് പറഞ്ഞു, 'അത് വിറ്റാമിന്‍ ഇന്‍ജെക്ഷന്‍ ആണ്.' Actually I was being given shockt reatment. ഇന്‍ജെക്ഷന്‍ തരുമ്പോള്‍ നമ്മള്‍ ബോധംകെടും. തിരിച്ചുവരുന്നത് ടാക്സിയിലാണ്. അന്ന് ടാക്സി ഒരു ലക്ഷ്വറി ആണ്. ഞാന്‍ വിചാരിക്കും ഒന്ന് ഛര്‍ദിച്ചതിന് എന്നെ ടാക്സിയില്‍ കൊണ്ടുവരുന്ന അച്ഛന് എന്നോട് എന്തൊരു സ്നേഹം! ഡോക്ടറുടെ ഇന്‍സ്ട്രക്ഷന്‍, ഒരിക്കലും ഷോക്ക് ട്രീറ്റ്മെന്റ് ആയിരുന്നു എന്ന് കുട്ടിയോട് പറയരുത് എന്നായിരുന്നു. പക്ഷേ, രണ്ടുമൂന്ന് കൊല്ലം കഴിഞ്ഞപ്പോള്‍ ഒരു ഗോസിപ്പ് പറയുന്ന രസത്തോടെ അമ്മ എന്നോടത് പറഞ്ഞു. അതായിരുന്നു ഏറ്റവും വലിയ ഷോക്ക് ട്രീറ്റ്മെന്റ്. തിരിച്ചുവന്ന് മൂന്നുവര്‍ഷം ഞാന്‍ പഠിച്ചില്ല. അത് അച്ഛനമ്മമാരെ സംബന്ധിച്ച് വലിയ പ്രശ്നമായിരുന്നു. ബ്രില്യന്റായിട്ടുള്ളൊരു കുട്ടി. ഇടയ്ക്കിടയ്ക്ക് കവിത എഴുത്തും. പഠിക്കാന്‍ താത്പര്യമില്ല. അപ്പൊ എന്തോ പ്രശ്നമുണ്ട്. ഷോക്ക് ട്രീറ്റ്മെന്റ് നടക്കുമ്പോള്‍ എനിക്ക് പതിനേഴു വയസ്സാണ്. ഒരു പെണ്‍കുട്ടി ചെറുപ്പംതൊട്ട് എങ്ങനെയായിരിക്കണം എന്ന് നിശ്ചയിക്കപ്പെടുകയാണ്. ഇത് മനസ്സിലാകണമെങ്കില്‍ ആ കാലഘട്ടം മനസ്സിലാകണം. ആള്‍ ഇന്റലിജന്റാണ്. പഠിക്കും. പക്ഷേ, വേറെ ചില എക്സ്പെക്റ്റേഷനനുസരിച്ച് മെഡിസിന് പോയില്ല. Her own decision എന്നു പറയുമ്പോള്‍ ഒരു ട്രാപ്പില്‍ ചെന്നുവീഴുകയാണ്. മൂന്നു വര്‍ഷം പഠിച്ചില്ല, ആ മൂന്നു വര്‍ഷമുണ്ടായിരുന്നെങ്കില്‍ എന്നതിന്റെ പേരില്‍ വീട്ടില്‍ I was infinitely insulted, മറ്റേ രണ്ടുപേരും എന്നെപ്പോലെ അല്ല. അവര്‍ very quiet, intelligent, well brought up കുട്ടികളാണ്. അവര്‍ എഴുതുകയുമൊന്നുമില്ല. എന്റെ വീട്ടില്‍ എഴുതുന്നത് തീരേ സമ്മതമല്ല. അപ്പൊ അവര്‍ ഒരുവശത്ത് പഠിച്ചോണ്ടിരിക്ക്യ, ഞാന്‍ പഠിക്കാണ്ടിരിക്ക്യ! ആ വീട്ടില്‍ എന്റെ സ്ഥാനം ക്രമേണ ഒരു ജോലിക്കാരിയുടെതായി മാറി. പാത്രങ്ങളെല്ലാം കഴുകുക, വസ്ത്രമലക്കുക അങ്ങനെ എല്ലാ പണികളും ചെയ്തു. പതിനേഴ് പതിനെട്ട് വയസ്സില്‍ ഞാനാദ്യത്തെ നോവല്‍ എഴുതി. എന്നുവെച്ചാ എനിക്കെവിടെയും പോകാന്‍ പറ്റില്ല, എന്നെ എവിടേക്കും വിടില്ല, ആരെയും കാണാന്‍ പറ്റില്ല. പ്രോപ്പര്‍ ഡ്രെസ്സസ് പോലുമുണ്ടായിരുന്നില്ല. ഇവര്‍ ഉണ്ടുകഴിഞ്ഞിട്ട് ഞാനുണ്ണണം, അവരുടെ പാത്രങ്ങള്‍ കഴുകണം അങ്ങനെ ചില ചിട്ടകളുണ്ടായിരുന്നു. സന്ധ്യയാകുമ്പോള്‍ ടെറസ്സില്‍ പോയി കിടക്കും. ഒരു പട്ടിക്കുട്ടി ഉണ്ടായിരുന്നു കൂട്ടിന്. ജൂലി. കുറേനേരം ആകാശം നോക്കിക്കിടക്കും. അതായിരുന്നു ഒരു ദിവസത്തിലെ ഏറ്റവും നല്ല സമയം. ബാക്കിസമയമെല്ലാം ജോലിയുണ്ടാകും. Physically abused child ആയിരുന്നു ഞാന്‍. അതിന്റെ പ്രതിഫലനംകൂടിയാണ് ആ നോവല്‍.

കഥകളിലൊക്കെ സാമൂഹിക കാലാവസ്ഥ എന്നൊരു സംഭവം ഉണ്ടല്ലോ, അത് പുറത്തല്ല മറിച്ച് കുടുംബം, ചുറ്റുപാട്, നാട്. ഇതാണ് വ്യക്തിയെ പ്രഷറൈസ് ചെയ്യുന്നത്. ചില കഥാപാത്രങ്ങളുടെ മേലെ അപവാദങ്ങള്‍. അങ്ങനെയങ്ങനെ അവിടെ വ്യക്തിക്ക് ഒരു സ്ഥാനവും ഇല്ലാതാകുന്നു.
അതെ.

വ്യക്തി കുറെ ഏകാന്തതയിലും അതിന്റെ മുറിവിലും ഒറ്റപ്പെടുന്ന ഒരു അവസ്ഥയാണ് കഥകളിലുടനീളം കാണുന്നത്.
ഒരു പെണ്‍കുട്ടി അങ്ങനെ ആയിരുന്നു, അന്ന്. ഇപ്പോഴത്തെ കുട്ടികള്‍ക്ക് അത് പറഞ്ഞാല്‍ മനസ്സിലാവില്യ.

സത്യത്തില്‍ ഈ കാലാവസ്ഥയാണ് അഷിതയില്‍ ഒരെഴുത്തുകാരിയെ സൃഷ്ടിച്ചതെന്ന് ഈ കഥകളിലൂടെ കടന്നുപോകുമ്പോള്‍ നമുക്ക് മനസ്സിലാകും. 

ഡോക്ടറാകണം എന്നുവെച്ചാല്‍ മധ്യവര്‍ഗത്തിന്റെ പ്രശ്നമാണിത്. കുറേക്കൂടി ഉയര്‍ന്നുവരാനുള്ള ഭയങ്കരമായ ഒരു ത്വരയുണ്ട്, താഴോട്ട് പൊയ്പ്പോകുമോ എന്നുള്ള ഭയങ്കരമായൊരു ഫിയര്‍ അതിലുണ്ട്. ഇതിന്റെയൊക്കെ ഒരു ഇരയാണ് വരുന്ന കഥാപാത്രങ്ങളിലൊക്കെ നമുക്ക് കാണാനായിട്ട് കഴിയുക.
ഞാനങ്ങനെയാണ്. ഓരോ ദിവസവും അതിജീവിച്ച ആളാണ്. അതിജീവിക്കാന്‍ നമ്മള്‍ കുറെ സമരസപ്പെടണം. കുറെ ഫൈറ്റ് ചെയ്ത് തോറ്റുപോയ ആളാണ് ഞാന്‍.

Content Highlights: ashitha memoir athu njanayirunnu mathrubhumi books