നിങ്ങള്‍ ഒരു നല്ല ബംഗാളിസിനിമ കാണാന്‍ പോവുകയാണെന്ന് അച്ഛന്‍ പറഞ്ഞു; അതായിരുന്നു പഥേര്‍ പാഞ്ചലി

#വി.കെ. ചെറിയാൻ
അപര്‍ണ സെന്‍| Photo: PTI
അപര്‍ണ സെന്‍| Photo: PTI

ഇന്ത്യന്‍ സിനിമയെ ലോകഭൂപടത്തില്‍ അടയാളപ്പെടുത്തിയ സത്യജിത് റായിക്കൊപ്പം 1947-ല്‍ കല്‍ക്കട്ട ഫിലിം സൊസൈറ്റിക്ക് നാന്ദികുറിച്ചയാളാണ്, റായിയുടെ ബാല്യകാലസുഹൃത്തുകൂടിയായ 'ചിതുദാ' എന്ന ചിദാനന്ദദാസ് ഗുപ്ത. ഇരുവരും, തങ്ങളുടെ ജന്മശതാബ്ദിവര്‍ഷത്തിലേക്ക് കടക്കുകയാണെന്ന പ്രാധാന്യവും ഈവര്‍ഷത്തിനുണ്ട്. ചിതുദാ 2011-ല്‍ അന്തരിച്ചു. ഇരുവരും സിനിമയുടെ രണ്ടു കൈവഴികളിലൂടെ സഞ്ചരിക്കുക്കയും അവരുടേതായ നിലകളില്‍ ഇന്ത്യന്‍ സിനിമയുടെ പില്‍ക്കാലസഞ്ചാരപഥങ്ങളെ ആഴത്തില്‍ സ്വാധീനിക്കുകയും വഴികാട്ടികളായിത്തീരുകയും ചെയ്തവരാണ്.

റായ് സിനിമയെന്ന കലാരൂപത്തെ ജീവവായുവാക്കിയപ്പോള്‍ ചിദാനന്ദദാസ് ഗുപ്ത ചലച്ചിത്രവുമായി ബന്ധപ്പെട്ട രചനകള്‍ക്കാണ് പ്രാധാന്യം നല്‍കിയത്. ഇത്തരത്തില്‍ 1946 മുതല്‍ 2011 വരെ രണ്ടായിരത്തിലധികം ലേഖനങ്ങളെഴുതി. 1950 മുതല്‍തന്നെ വിദേശ പ്രസിദ്ധീകരണങ്ങളില്‍ ഇന്ത്യന്‍ സിനിമയെ അവതരിപ്പിച്ചയാളെന്ന ഖ്യാതിയും അദ്ദേഹത്തിനുമാത്രമുള്ളതാണ്. ബംഗാളിയിലും ഇംഗ്ലീഷിലും പുത്തന്‍ സിനിമയുടെ കാഴ്ചസംസ്‌കാരത്തെ വളര്‍ത്തുന്നതില്‍ അദ്ദേഹത്തിന് നിര്‍ണായകസ്വാധീനമുണ്ട്. എട്ട് പുസ്തകങ്ങള്‍ അദ്ദേഹം എഴുതിയിട്ടുണ്ട്. നാഷണല്‍ ബുക് ട്രസ്റ്റിനുവേണ്ടി 2001-ല്‍ അദ്ദേഹം രചിച്ച 'സത്യജിത് റായിയുടെ ലോകം' എന്ന പുസ്തകം, റായിയെപ്പറ്റി എഴുതപ്പെട്ടവയില്‍ മികച്ചതെന്ന് കരുതപ്പെടുന്നു.

എന്നാല്‍, അവര്‍തമ്മിലുള്ള ബന്ധം അത്ര ഊഷ്മളമായിരുന്നില്ല. റായിയുടെ 'അപരാജിതോ' (1956) എന്ന ചലച്ചിത്രത്തിന് ചിതുദാ നടത്തിയ നിരൂപണമായിരുന്നുവത്രേ ഇരുവരുടെയും സൗഹൃദത്തിന് അകല്‍ച്ചയുണ്ടക്കിയത്. സത്യജിത് റായി 1961-ല്‍ 'തീന്‍കന്യാ'യിലൂടെ അവതരിപ്പിച്ച നടി അപര്‍ണാസെന്‍ ചിതുദായുടെ മകളാണ്. അപര്‍ണാ സെന്‍ തന്നെയാണ് ഇരുവരുടെയും ബന്ധത്തിലെ ശൈഥില്യത്തെക്കുറിച്ചു പറഞ്ഞത്. സിനിമയിലെ രണ്ട് അതികായരുടെ ബന്ധത്തെക്കുറിച്ച്, അവരുടെ ചലച്ചിത്രവീക്ഷണത്തെക്കുറിച്ച് ഈ അഭിമുഖത്തില്‍ അപര്‍ണാ സെന്‍ മനസ്സുതുറക്കുന്നു. 1961 മുതല്‍ നിരവധി പ്രധാന ചലച്ചിത്രങ്ങളില്‍ വേഷംചെയ്തുവെന്ന സവിശേഷതയും 75-കാരിയായ, 15 സിനിമകളുടെ സംവിധായിക കൂടിയായ അപര്‍ണാ സെന്നിനുണ്ട്.

വി.കെ. ചെറിയാന്‍: രണ്ടുവര്‍ഷം മുന്‍പത്തെ കേരള അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലിലെ അരവിന്ദന്‍ സ്മാരക പ്രഭാഷണത്തില്‍, അച്ഛന്‍ കുട്ടിക്കാലത്ത് ഒരു സിനിമയും കാണാന്‍ താങ്കളെ അനുവദിച്ചിരുന്നില്ലെന്നും തന്റെ സുഹൃത്ത് സത്യജിത് റായ് നിര്‍മിച്ച 'പഥേര്‍ പാഞ്ചലി' എന്ന നല്ല ചിത്രമായിരിക്കണം കുട്ടികള്‍ കാണേണ്ട ആദ്യചലച്ചിത്രമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നതെന്നും താങ്കള്‍ പറഞ്ഞിരുന്നല്ലോ. എവിടെയാണ് ആ സിനിമ കണ്ടത്, അതിന്റെ അനുഭവം എന്തായിരുന്നു?

അപര്‍ണാ സെന്‍: ശരിയാണ്, കുട്ടികളായിരുന്നപ്പോള്‍ സാധാരണ ഹിന്ദി-ബംഗാളി സിനിമകള്‍ കാണാന്‍ ഞങ്ങള്‍ക്ക് അനുവാദമില്ലായിരുന്നു. ഞങ്ങളുടെ സിനിമാക്കാഴ്ച ചാപ്ലിന്‍, മാര്‍ക്‌സ് സഹോദരങ്ങള്‍ എന്നിവരുടെ, സബ്‌ടൈറ്റിലുള്ള ഇംഗ്ലീഷ് സിനിമകളില്‍ ഒതുങ്ങിയിരുന്നു. പലതും ഞങ്ങള്‍ക്ക് മനസ്സിലായിരുന്നില്ല. ബംഗാളി സിനിമകള്‍ കാണിക്കാത്തതിനെപ്പറ്റി നിരന്തരം പരാതിപ്പെട്ടപ്പോള്‍ (സ്‌കൂളിലെ കൂട്ടുകാര്‍ മുഴുവന്‍ ഉത്തംകുമാര്‍-സുചിത്ര ജോഡി സിനിമകളെപ്പറ്റി വാചാലരാകുമായിരുന്നു) അച്ഛന്‍ പറഞ്ഞു, നിങ്ങള്‍ ഉടനെ ഒരു നല്ല ബംഗാളിസിനിമ കാണാന്‍ പോവുകയാണെന്ന്. അന്ന് നിര്‍മാണം നടന്നുകൊണ്ടിരുന്ന 'പഥേര്‍ പാഞ്ചലി' എന്ന സത്യജിത് റായിയുടെ സിനിമയായിരുന്നു അത്.

ആദ്യപ്രാവശ്യം ആ സിനിമ കാണുന്നത് ഒരു അദ്ഭുതകരമായ അനുഭവമായിരുന്നു. ഞാനും എന്റെ സഹോദരിയും ഹരിഹര്‍, സര്‍ബോജയ, അപു, ദുര്‍ഗ എന്നിവരടങ്ങിയ കുടുംബവുമായി വളരെവേഗം താദാത്മ്യം പ്രാപിച്ചു. അവരുടെ വലിയമ്മ ഇന്ദിര താക്കൂറന്‍ ഞങ്ങളുടെ പ്രിയങ്കരിയായി. സിനിമ തീര്‍ന്നിട്ടും എനിക്ക് കരച്ചിലടക്കാന്‍ കഴിഞ്ഞില്ല. എനിക്കന്ന് പത്തുവയസ്സ് തികയുന്നേയുള്ളൂ; സഹോദരിക്ക് എട്ടും. തിരിഞ്ഞുനോക്കുമ്പോള്‍ സാധാരണ ബംഗാളിസിനിമ കാണാത്തതു നന്നായി എന്നു തോന്നിയിരുന്നു. കാരണം, അതിനകത്തെ പതിവ് ചേരുവകള്‍ ഞങ്ങള്‍ക്ക് അപരിചിതമായിരുന്നു. പ്രത്യേകിച്ചും നായകനും നായികയും അവരുടെ പ്രേമരംഗങ്ങളും പാട്ടുകളുമൊക്കെ. ഞങ്ങളുടെ മുന്‍പിലെ ആ മാനുഷികകഥയെ ഞങ്ങള്‍ അതിന്റെ കഥാഗതിയനുസരിച്ച് കണ്ടുകൊണ്ട് പ്രതികരിച്ചു. മുന്‍വിധികളില്ലാതെ, മനസ്സിന്റെ അടിത്തട്ടില്‍നിന്നുള്ള പ്രതികരണമായിരുന്നു അത്.

ചലച്ചിത്രരംഗത്തെ താങ്കളുടെ തലതൊട്ടപ്പനാണല്ലോ സത്യജിത് റായ്. 'തീന്‍ കന്യാ' എന്ന അദ്ദേഹത്തിന്റെ സിനിമയില്‍ അഭിനയിപ്പിക്കുക മാത്രമല്ല, വര്‍ഷങ്ങള്‍ക്കുശേഷം '36 ചൗരംഗി' എന്ന താങ്കളുടെ ആദ്യസിനിമയുടെ തിരക്കഥ വായിച്ച് അത് നല്ലൊരു ചിത്രമാകും എന്നുപറയുകയും ചെയ്തയാളാണല്ലോ 'മണിക് ദാ'. താങ്കളുടെ പിതാവ് ചിതുദായുടെ പ്രവര്‍ത്തനമേഖലയും ഒരു പരിധിവരെ സിനിമാരംഗമാണല്ലോ. വ്യക്തിജീവിതത്തിലും സര്‍ഗാത്മകജീവിതത്തിലും അവരില്‍നിന്ന് ലഭിച്ച സ്വാധീനത്തെപ്പറ്റി ഓര്‍മിക്കാമോ?

 ഉത്തരം: എന്റെ അച്ഛനെയും മണിക്ദായെയും സ്വന്തം അച്ഛന്‍, തലതൊട്ടപ്പന്‍, എന്നതിനെല്ലാമുപരിയായി, എന്നെ ഞാനാക്കിയവര്‍, എന്റെ സര്‍ഗപ്രതിഭയെ പരിപോഷിപ്പിച്ചവര്‍ എന്നുവിളിക്കാനാണ് ഞാന്‍ ഇഷ്ടപ്പെടുന്നത്. വീട്ടില്‍ അച്ഛനും അമ്മയും, ഞങ്ങള്‍ക്ക് ലിബറലും കലാപരവുമായ ഒരു അന്തരീക്ഷമാണ് നല്‍കിയത്. പഠിപ്പിന്റെ പേരില്‍ ഒരു സമ്മര്‍ദവും അവര്‍ ചെലുത്തിയിരുന്നില്ല. പക്ഷേ, ഞങ്ങളുടെ സ്‌കൂള്‍ പാഠ്യവിഷയങ്ങളില്‍ എപ്പോഴും സഹായിച്ചിരുന്നു. ഹോംവര്‍ക്ക് ചെയ്യുന്നതിലോ ക്ലാസില്‍ മുന്‍പന്തിയിലെത്തുന്ന കാര്യത്തിലോ ഒരു നിര്‍ബന്ധവും അവര്‍ കാണിച്ചില്ല. ഈ കാര്യങ്ങളില്‍ ഞങ്ങളെ അവര്‍ വിശ്വസിച്ചു. ഞങ്ങളുടെ മുറിയില്‍നിന്ന് എപ്പോള്‍വേണമെങ്കിലും പുറത്തുവരാനും അവരുടെ ഉത്പതിഷ്ണുക്കളായ സുഹൃത്തുക്കളുടെ സംഭാഷണങ്ങളില്‍ പങ്കുചേരാനും അവര്‍ ഞങ്ങളെ അനുവദിച്ചിരുന്നു. ഞങ്ങളെ, സംഗീത, നൃത്തകലാ മേളകളില്‍ കൊണ്ടുപോയിരുന്നു. കല്‍ക്കട്ട ഫിലിം സൊസൈറ്റി പ്രദര്‍ശനങ്ങളില്‍ പങ്കെടുക്കുന്നതിന് അനുവാദം നല്‍കിയിരുന്നു. പടിഞ്ഞാറന്‍-ഹിന്ദുസ്ഥാനി സംഗീതങ്ങള്‍ കേട്ട്, കലയെപ്പറ്റിയുള്ള പുസ്തകങ്ങളില്‍ വ്യാപൃതരായി, കലാപ്രവര്‍ത്തകരുടെ ജീവിതം നയിച്ചിരുന്ന അച്ഛന്റെയും അമ്മയുടെയും ജീവിതംതന്നെയാണ് ഞങ്ങളും മാതൃകയാക്കിയിരുന്നത്. ഇംഗ്ലീഷിനും സംസ്‌കൃതത്തിനും നേടിയ മികവിന് എനിക്ക് സ്‌കൂളില്‍നിന്ന് സമ്മാനമായി ലഭിച്ച ഷേക്‌സ്പിയറിന്റെ 'ആന്റണിയും ക്ലിയോപാട്രയും', കാളിദാസന്റെ 'മേഘദൂത്' എന്നിവ ഞാന്‍ വായിച്ചത് എന്റെ അച്ഛന്റെയൊപ്പമാണ്. അവരുടെ എല്ലാ പ്രവൃത്തികളും ഞങ്ങളില്‍ ആത്മാഭിമാനം നിറയ്ക്കാന്‍ വേണ്ടിയുള്ളതായിരുന്നു. ഞങ്ങളെ കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും കുറച്ചു വിമര്‍ശിക്കുകയുമാണ് അവര്‍ ചെയ്തിരുന്നത്. അതുകൊണ്ട്, ഒരു പെണ്‍കുട്ടിയായിരുന്നിട്ടും എനിക്ക് ചെയ്യാന്‍ കഴിയാത്തതായി ഒന്നുമില്ല എന്ന ബോധം എന്നില്‍ രൂപപ്പെട്ടു. അച്ഛന് തുച്ഛവരുമാനമുള്ളപ്പോഴും എന്റെ അമ്മ കലാബോധത്തോടെയാണ് വസ്ത്രം ധരിച്ചിരുന്നതും വീട് ഒരുക്കിയിരുന്നതും. എന്റെ സൗന്ദര്യബോധം അമ്മയില്‍നിന്നും ഉത്പതിഷ്ണുത അച്ഛനില്‍നിന്നുമാണ് എനിക്ക് ലഭിച്ചത്. മരിക്കുംവരെ ഞാന്‍ അച്ഛനോട് സംവദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ അവസാനകാലത്ത്, വീല്‍ചെയറിലിരിക്കുമ്പോഴും ശരീരം തളരുമ്പോഴും അദ്ദേഹം ഒരിക്കലും തളരാത്ത, എപ്പോഴും ജാഗ്രതയുള്ള ഒരു മനസ്സ് സൂക്ഷിച്ചിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അഭിമാനനിമിഷം, ഞാന്‍ അദ്ദേഹത്തിന്റെ മനസ്സിന്റെ ഉള്‍സാക്ഷി (ആള്‍ട്ടര്‍ ഈഗോ) ആണെന്ന് അച്ഛന്‍ പറഞ്ഞ നിമിഷമാണ്. അദ്ദേഹം വിവര്‍ത്തനംചെയ്ത, കവി ജിബനാനന്ദ ദാസിന്റെ 'എന്റെ സമ്പത്തു നിനക്കായി' എന്ന പുസ്തകത്തില്‍ അച്ഛന്‍ എഴുതിയ കുറിപ്പ് എനിക്ക് എന്നും പ്രിയപ്പെട്ടതാണ്. അതെനിക്ക് അദ്ദേഹത്തില്‍നിന്നു കിട്ടിയ സ്ഥാവരജംഗമസ്വത്തുക്കളെക്കാള്‍ ഏറെ വിലപ്പെട്ടതുമാണ്.

സത്യജിത് റായിയെ എന്റെ സിനിമാജീവിതത്തിന്റെ 'തലതൊട്ടപ്പന്‍' എന്നുവിളിക്കാം. കാരണം, എന്നെ ആദ്യമായി ഒരു സിനിമയിലഭിനയിപ്പിച്ചത് അദ്ദേഹമാണ്. പക്ഷേ, വളരെക്കഴിഞ്ഞതിനുശേഷമാണ് അദ്ദേഹം എന്റെ സുഹൃത്തും ഗുരുവുമായത്. എന്റെ കുടുംബാന്തരീക്ഷം എന്നിലെ കലാകാരിയെ രൂപപ്പെടുത്തിയതിനുശേഷമാണ് 'മണിക് കാക്ക'യും ഞാനും അടുത്തറിയുന്നതുതന്നെ. അതുനടന്നത് ഞാനും അദ്ദേഹവും 1976-ലെ ദേശീയ 'അവാര്‍ഡ് ജൂറി'യില്‍ അംഗങ്ങളായിരിക്കുമ്പോഴാണ്. ജൂറിയിലേക്ക് എന്റെ പേര് നിര്‍ദേശിച്ചതുതന്നെ അദ്ദേഹമായിരുന്നു. ഡല്‍ഹിയിലെത്തിയപ്പോള്‍ ഞാന്‍ മണിക് കാക്കയോട് ചോദിച്ചു: ''എന്താണ് എന്നെ നിര്‍ദേശിക്കാന്‍ കാരണം? ഞാനൊരു മുഖ്യധാരാസിനിമാ അഭിനേത്രി മാത്രമല്ലേ. സിനിമയെ വിലയിരുത്താന്‍ എന്റെ യോഗ്യതയെന്താണ്?'' അദ്ദേഹം ചിരിച്ചുകൊണ്ട് പറഞ്ഞു: ''നീ ചിദുവിന്റെയും സുപ്രിയ(അമ്മ)യുടെയും കൂടെ കുട്ടിക്കാലംമുതലേ നല്ല ചിത്രങ്ങള്‍ കണ്ടല്ലേ വളര്‍ന്നത്. നല്ല സിനിമകളോടുള്ള ആഭിമുഖ്യവും കാഴ്ചയിലെ സത്യസന്ധതയും മതിയാകും ഒരു ജൂറി അംഗമാകാന്‍!'' ആവര്‍ഷം ഞങ്ങള്‍ ഒരുമിച്ചു സിനിമകള്‍ കണ്ടു, അതിനെപ്പറ്റി ചര്‍ച്ചചെയ്തു, സിനിമയെപ്പറ്റിയുള്ള കുറെയേറെ വ്യക്തിഗതചിന്തകള്‍ ഞങ്ങള്‍ പരസ്പരം കൈമാറുകയുംചെയ്തു. അദ്ദേഹം സിനിമയിലെ തന്റെ ആദ്യകാലപ്രയാസങ്ങളെപ്പറ്റി, ഭാര്യയുടെ ആഭരണങ്ങള്‍ വില്‍ക്കേണ്ടിവന്ന അവസ്ഥയെപ്പറ്റിയൊക്കെ സംസാരിച്ചു. ആദ്യം ഷൂട്ടുചെയ്ത കുറേ ഫിലിമുകള്‍ ഉപേക്ഷിക്കണ്ടിവന്ന അവസ്ഥയെപ്പറ്റിയും അദ്ദേഹം പറഞ്ഞു. സിനിമയിലെ 'ഇടതും വലതും' അദ്ദേഹത്തിന് വശമില്ലായിരുന്നതുകൊണ്ട് എഡിറ്റര്‍ ആ രംഗങ്ങള്‍ നിരാകരിച്ച സംഭവങ്ങള്‍ അദ്ദേഹം വിശദീകരിച്ചു. ഞാന്‍ കടന്നുപൊയ്‌ക്കൊണ്ടിരുന്ന വ്യക്തിഗതമായ പ്രശ്‌നങ്ങള്‍ സ്വാതന്ത്ര്യത്തോടെ പറയാനും ഞാന്‍ ഈ അവസരം ഉപയോഗിച്ചു. അദ്ദേഹം അതു നേരിടാന്‍ നല്‍കിയ ഉപദേശങ്ങള്‍ എനിക്കു വളരെയധികം സഹായകമായിരുന്നു.

ആഴ്ചപ്പതിപ്പ് വാങ്ങാം

ജൂറിച്ചുമതലകള്‍ കഴിഞ്ഞ് കല്‍ക്കട്ടയിലെത്തിയിട്ടും ഞങ്ങളുടെ സുഹൃദ്ബന്ധം തുടര്‍ന്നു. ഞാനദ്ദേഹത്തോട് ഫോണില്‍ സംവദിച്ചുകൊണ്ടേയിരുന്നു. പല സായാഹ്നങ്ങളും അദ്ദേഹത്തിന്റെ വീട്ടില്‍ ഞാന്‍ ചെലവഴിച്ചു. 'ജന ആരണ്യ' എന്ന ചിത്രത്തിന്റെ തിരക്കഥ അദ്ദേഹം എന്നോടു ചര്‍ച്ചചെയ്തത് അന്നുകിട്ടിയ ഒരു വലിയ ബഹുമതിയായാണ് എനിക്കനുഭവപ്പെട്ടത്. ആ ചിത്രത്തിന്റെ അവസാനരംഗത്തെക്കുറിച്ച് അദ്ദേഹത്തിന് വലിയ വ്യക്തതയില്ലായിരുന്നു. തന്റെ സുഹൃത്തിന്റെ സഹോദരിയെ ബിസിനസ് ആവശ്യങ്ങള്‍ക്കായി ഒരാള്‍ക്ക് കാഴ്ചവെക്കുന്ന അവസ്ഥയിലേക്ക് നായകന് എങ്ങനെ അധഃപതിക്കാന്‍ കഴിയും എന്ന ചിന്ത അദ്ദേഹത്തെ അലട്ടി. കുറെ ദിവസങ്ങള്‍ക്കുശേഷം അദ്ദേഹം എന്നെ വളിച്ചു പറഞ്ഞു: ''ആ അലച്ചിലിനൊരു പരിഹാരമായി. സുഹൃത്തിന്റെ സഹോദരിതന്നെ പൈസയ്ക്കുവേണ്ടി സ്വയം കാഴ്ചവെക്കാന്‍ തയ്യാറായാലോ...?'' എനിക്ക് ഒന്നും പറയാന്‍ തോന്നിയില്ല. പക്ഷേ, അദ്ദേഹത്തിന് തന്റെ മകളുടെ പ്രായമുള്ള എന്നോട്, അത് ചര്‍ച്ചചെയ്യാന്‍ തോന്നിയെന്നതുതന്നെ ഒരു വലിയ അംഗീകരമല്ലേ. ആ അനുഭവം ഒരു തിരക്കഥയെഴുതാന്‍ എനിക്ക് പ്രേരണയായി.  ആവര്‍ഷമാണ് ഞാന്‍ '36 ചൗരംഗി ലെയ്ന്‍' എന്ന എന്റെ ആദ്യസിനിമയുടെ തിരക്കഥ എഴുതിത്തുടങ്ങുന്നത്. പലപ്പോഴും ഞങ്ങള്‍ ഒരേ സ്റ്റുഡിയോയുടെ പല നിലകളിലുള്ള ഫ്‌ലോറുകളിലായിരുന്നു സിനിമാനിര്‍മാണത്തില്‍ ഭാഗഭാക്കായിരുന്നത്. 'ജന ആരണ്യ' അദ്ദേഹം ഇന്ദ്രപുരി സ്റ്റുഡിയോവില്‍ ചിത്രീകരിക്കുന്ന വേളയില്‍, ഞാന്‍ മറ്റൊരു മുഖ്യധാരാ ബംഗാളി ചിത്രത്തില്‍ അവിടെത്തന്നെ അഭിനയിക്കുന്നുണ്ടായിരുന്നു. എനിക്ക് ചിത്രീകരണം ഇല്ലാതിരുന്നപ്പോഴൊക്കെ അദ്ദേഹത്തിന്റെ സെറ്റില്‍ സമയം ചെലവഴിച്ചിരുന്നു. എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സിനിമയും 'ജന ആരണ്യ'തന്നെ. അദ്ദേഹത്തിന്റെ സിനിമാനിര്‍മാണശൈലി അഭിനേതാക്കള്‍ക്കുള്ള നിര്‍ദേശങ്ങള്‍, ലൈറ്റിങ് എല്ലാം സൂക്ഷ്മമായി വീക്ഷിക്കാന്‍ എനിക്ക് അവസരം ലഭിച്ചു. അക്കാലത്ത് ഒരു സംവിധായികയാകണമെന്ന് എന്റെയുള്ളില്‍ ആലോചനപോലുമില്ലായിരുന്നു.

പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച അഭിമുഖത്തില്‍ നിന്നും

അഭിമുഖത്തിന്റെ പൂര്‍ണരൂപം വായിക്കാം

Content Highlights: Aparna Sen Malayalam Interview Mathrubhumi weekly

Content Highlights: