അംബേദ്കര്‍ പറഞ്ഞു: ‘തൊട്ടുകൂടാത്തവര്‍ക്കും ഹിന്ദുക്കള്‍ക്കും തമ്മിലുള്ള പോരാട്ടം ഒരിക്കലും അവസാനിക്കുകയില്ല’

സ്വാതന്ത്ര്യം ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ജാതിയുടെയും മതത്തിന്റെയും പേരില്‍ ദളിതര്‍ക്കെതിരായി അരങ്ങേറിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങളും പീഡനങ്ങളും ഒതുക്കപ്പെടലുകളും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. തന്റെ മുമ്പില്‍ വിചാരണയ്ക്കു വന്ന കേസുകളെക്കുറിച്ചും താന്‍ പ്രസ്താവിച്ച വിധികളില്‍, ഭാരതത്തിന്റെ ഭരണഘടനാശില്പികളില്‍ പ്രധാനിയായിരുന്ന ഡോ. ബി.ആര്‍. അംബേദ്കറുടെ ചിന്തകളും എഴുത്തും എത്രത്തോളം സ്വാധീനിച്ചിട്ടുണ്ടെന്നും വിവരിക്കുകയാണ് ജസ്റ്റിസ് കെ. ചന്ദ്രു ‘അംബേദ്കറുടെ പ്രകാശത്തില്‍ എന്റെ വിധിപ്രസ്താവങ്ങള്‍ എന്ന പുസ്തകത്തില്‍’. ഒരു ഭാഗം വായിക്കാം.
1944-ല്‍ മാറ്റിനിര്‍ത്തപ്പെട്ടവരുടെ (ഒതുക്കപ്പെട്ടവരുടെ) സമ്മേളനത്തില്‍ അംബേദ്കര്‍ പറഞ്ഞത് തൊട്ടുകൂടായ്മയുടെ വേര് ജാതിയിലുണ്ടെന്നാണ്.
'തൊട്ടുകൂടായ്മയുടെ വേരുകള്‍ ജാതിയിലുണ്ട്. ജാതിയുടെ വേരുള്ളത് വര്‍ണ്ണാശ്രമത്തിലാണ്. വര്‍ണ്ണാശ്രമത്തിന്റെ വേര് ബ്രാഹ്‌മണ്യത്തിലുമാണ്. ഏകാധിപത്യത്തിലും രാഷ്ട്രീയ അധികാരത്തിലുമാണ് ബ്രാഹ്‌മണ്യത്തിന്റെ വേരുകള്‍.'
തൊട്ടുകൂടായ്മയെ ഇല്ലാതാക്കാനുള്ള ഒരേയൊരു വഴി ഹിന്ദുമതത്തില്‍നിന്ന് ദളിതര്‍ പുറത്തേക്കു വരിക എന്നതു മാത്രമാണ്. തൊട്ടുകൂടാത്തവര്‍ക്കും ഹിന്ദുക്കള്‍ക്കും തമ്മിലുള്ള പോരാട്ടം ഒരിക്കലും അവസാനിക്കുകയില്ലെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.
'വളച്ചുകെട്ടില്ലാതെ പറഞ്ഞാല്‍ ഹിന്ദുക്കള്‍ക്കും തൊട്ടുകൂടാത്തവര്‍ക്കും ഇടയിലുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും. അതിനൊരവസാനമുണ്ടാവില്ല. കാരണം, ആ മതം ദളിതരെ സമൂഹത്തിന്റെ അടിത്തട്ടിലാണ് വെച്ചിരിക്കുന്നത്. സവര്‍ണരുടെ വിശ്വാസം അവരുടെ മതം അനശ്വരമാണെന്നാണ്. കാലത്തിനും സാഹചര്യങ്ങള്‍ക്കുമനുസരിച്ച് എന്തെങ്കിലും മാറ്റം വരാനുള്ള സാധ്യതകളുമില്ല. നിങ്ങള്‍ നിന്നുകൊണ്ടിരിക്കുന്നത് ആ മതത്തിന്റെ ഏറ്റവും താണ പടിയിലാണ്. എന്നെന്നും നിങ്ങള്‍ ആ പടിയില്‍ത്തന്നെയായിരിക്കും. അതുകൊണ്ട് തമ്മിലുള്ള പോരാട്ടം തുടര്‍ന്നുകൊണ്ടേയിരിക്കും.'
അദ്ദേഹം തുടരുന്നു, 'ഇതില്‍നിന്നു നിങ്ങള്‍ മനസ്സിലാക്കേണ്ടത് ഇതാണ്: നിങ്ങള്‍ മറ്റു സമൂഹങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തിക്കൊണ്ടേയിരിക്കണം. മറ്റൊരു മതത്തില്‍ നിങ്ങള്‍ ചേരുന്നില്ലെങ്കില്‍ പുറമേനിന്നുള്ള ആദരവ് ലഭിക്കുകയില്ല. കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ ഇപ്പോള്‍ നിങ്ങള്‍ ഏതു മതത്തിലാണോ, ആ മതത്തില്‍നിന്നു മാറി മറ്റൊരു സമൂഹവുമായി ഇണങ്ങിച്ചേരണം.'
ആ കാലഘട്ടത്തില്‍ മതംമാറ്റത്തെ ഗാന്ധിജി ശക്തമായി എതിര്‍ത്തിരുന്നു. അദ്ദേഹത്തിനും അംബേദ്കര്‍ക്കുമിടയില്‍ ഈ വിഷയത്തെക്കുറിച്ച് വാഗ്വാദങ്ങളും വിയോജിപ്പുകളും ശക്തമായി നിലനില്‍ക്കുകയും ചെയ്തിരുന്നു. അതിനെപ്പറ്റി എന്റെ 2007-ലെ ഒരു വിധിപ്രസ്താവത്തില്‍ ഞാന്‍ പറഞ്ഞത് ഇതാണ്:
'മതം മാറുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഈ നാട്ടില്‍ പുതിയതൊന്നുമല്ല. 1920-ല്‍ത്തന്നെ ഗാന്ധിജിയും അംബേദ്കറും വ്യത്യസ്തങ്ങളായ അഭിപ്രായങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്. 1928-ല്‍ സബര്‍മതിയില്‍വെച്ചു നടന്ന Federation of International Fellowship Conference-നെപ്പറ്റി സൂചിപ്പിച്ചുകൊണ്ടാണ് അംബേദ്കര്‍ ഈ ചര്‍ച്ച ആരംഭിച്ചത്. ആ സമ്മേളനത്തില്‍ പങ്കെടുത്ത പല മതത്തില്‍പ്പെട്ട വിശ്വാസികളുടെ പ്രതിനിധികള്‍ തമ്മില്‍ത്തമ്മില്‍ ആശയവിനിമയം നടത്തിയിരുന്നു. ഗാന്ധിജിയും ആ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. അംബേദ്കറുടെ അഭിപ്രായത്തില്‍, ക്രിസ്ത്യന്‍ പാതിരിമാരുടെ പ്രവര്‍ത്തനങ്ങളെ സൂചിപ്പിച്ചുകൊണ്ട് ഗാന്ധിജിയാണ് പ്രശ്നങ്ങള്‍ക്കു തുടക്കമിട്ടത് എന്നാണ്.
ക്രിസ്ത്യന്‍ പാതിരിമാരുടെ സുവിശേഷപ്രസംഗങ്ങള്‍ കേട്ട്, അതുവഴി ജനങ്ങള്‍ ക്രിസ്തുമതം സ്വീകരിക്കുന്നതില്‍ ഗാന്ധിജിക്കുള്ള എതിര്‍പ്പിനെ ജനങ്ങള്‍ അറിയുന്നത് ഈ സമ്മേളനത്തിനു ശേഷമാണ്. തൊട്ടുകൂടാത്തവര്‍ക്കിടയില്‍ ക്രിസ്ത്യന്‍ സദ്വാര്‍ത്താസംഗമങ്ങള്‍ പെരുകിവരുന്നതിനെ ഗാന്ധിജി ശക്തമായി എതിര്‍ത്തിരുന്നു. ക്രിസ്ത്യന്‍ മിഷണറികളെപ്പറ്റിയും, തൊട്ടുകൂടാത്തവരെ അവര്‍ ക്രിസ്തുമതത്തിലേക്കു മാറ്റാന്‍ നടത്തുന്ന ശ്രമങ്ങളെപ്പറ്റിയും ചില ആശയങ്ങളുടെ അടിസ്ഥാനത്തില്‍ ഗാന്ധിജിയുമായുള്ള തന്റെ അഭിപ്രായവ്യത്യാസത്തെ ആരും തെറ്റിദ്ധരിക്കേണ്ട ആവശ്യമില്ല എന്ന നിലപാടായിരുന്നു അംബേദ്കറുടേത്. ഗാന്ധിജിയുടെ നിലപാടിനെക്കുറിച്ച് ഹരിജന്‍ 1936 ഉദ്ധരിച്ചുകൊണ്ട് അംബേദ്കര്‍ പറഞ്ഞത് ഇതാണ്:
'എന്റെ നിലപാട്... ഈ നാട്ടിലെ ഭൂരിഭാഗം ഹരിജനങ്ങള്‍ക്കും, എന്തിന് ഇന്ത്യക്കാര്‍ക്കുതന്നെ എന്താണ് ക്രിസ്തുമതം അവതരിപ്പിക്കുന്നതെന്ന്‌സമ്മാനിക്കുന്നതെന്ന് മനസ്സിലാവുകയില്ല. പൊതുവായി പറഞ്ഞാല്‍ മതംമാറ്റം എന്നത് അത് എവിടെ നടന്നാലും ആത്മീയതയ്ക്കുവേണ്ടിയായിരിക്കുകയില്ല, അവസരങ്ങള്‍ക്കുവേണ്ടിയുള്ളതായിരിക്കും. എങ്ങനെ ഒരു പശുവിന് മനസ്സിലാക്കാന്‍ സാധിക്കുകയില്ലയോ, അതേപോലെ അവര്‍ക്ക് (ഹരിജനങ്ങള്‍ക്ക്), രണ്ടു മതങ്ങളെ താരതമ്യപ്പെടുത്തി അവയുടെ ഗുണദോഷങ്ങളെ മനസ്സിലാക്കാന്‍ സാധിക്കുകയില്ല. ഹരിജനങ്ങള്‍ക്ക് അതിനുള്ള മനസ്സോ ബുദ്ധിയോ ഇല്ല.
ദൈവമുണ്ട്, ദൈവമില്ല എന്നിവ തമ്മിലുള്ള വ്യത്യാസത്തെ മനസ്സിലാക്കാനുള്ള അറിവുമില്ല' (അംബേദ്കര്‍: എഴുത്തും പ്രസംഗങ്ങളും, പേജ് 446, മഹാരാഷ്ട്ര സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പു പ്രസിദ്ധീകരണം 1990).
ഇതേ സമാഹാരത്തിലെ 450ാമത്തെ പേജില്‍ തനിക്കു പറയാനുള്ളതിനെ വ്യക്തമായി പറഞ്ഞിട്ടുണ്ട് അംബേദ്കര്‍.
'മിഷണറികളുടെ സേവനം, മോഹിപ്പിച്ച് ഇരയെ ചൂണ്ടയിട്ടു പിടിക്കാനാണെന്ന ഗാന്ധിജിയുടെ വാദത്തെ മനസ്സിലാക്കാന്‍ വലിയ ബുദ്ധിമുട്ടുണ്ട്. മിഷണറിമാരുടെ പ്രവര്‍ത്തനത്തെ കഷ്ടപ്പെടുന്ന മനുഷ്യകുലത്തിന്, അവരുടെ മതം നിര്‍ദ്ദേശിക്കുന്നതും ചെയ്യേണ്ടതുമായ, ഒഴിവാക്കാനാവാത്തതുമായ ഒരു സേവനമായി എന്തുകൊണ്ട് നമ്മള്‍ക്ക് വിശ്വസിച്ചുകൂടാ?
'ഹിന്ദുമതത്തിനുവേണ്ടി തൊട്ടുകൂടാത്തവരെ സംരക്ഷിക്കാനുള്ള ഗാന്ധിജിയുടെ അവകാശത്തെ ആര്‍ക്കും നിഷേധിക്കാനാവില്ല. എന്നാല്‍പ്പിന്നെ, മിഷണറിമാരോടു പറയേണ്ടത്, 'നിങ്ങള്‍ പണി നിര്‍ത്തിക്കോളൂ. തൊട്ടുകൂടാത്തവരെ ഞങ്ങള്‍ സംരക്ഷിച്ചോളാം. ഞങ്ങള്‍ക്ക് അതിനൊരു അവസരം തരൂ' എന്നല്ലേ? മിഷണറിമാരുടെ ഭീഷണിയെ നേരിടാന്‍ ന്യായമായ വഴികള്‍ എന്തുകൊണ്ട് അദ്ദേഹം സ്വീകരിക്കുന്നില്ലെന്നത് എന്നെ ദുഃഖിപ്പിക്കുന്നു. ആര് എന്തു പറഞ്ഞാലും എനിക്ക് ഒരു സംശയവുമില്ല എല്ലാ തൊട്ടുകൂടാത്തവരും (മതംമാറിയവരും അല്ലാത്തവരും) ക്രിസ്ത്യന്‍ മിഷണറിമാരോട് ഗാന്ധിജി നീതി പുലര്‍ത്തിയില്ല എന്നേ വാദിക്കൂ...'
ഗാന്ധിജിയുടെ ഈ മാനസികാവസ്ഥ മിഷണറികളെയോ തൊട്ടുകൂടാത്തവരെയോ തടഞ്ഞുനിര്‍ത്താനൊന്നുംപോകുന്നില്ല. ക്രിസ്തുമതം ഇന്ത്യയില്‍ വേരൂന്നിക്കഴിഞ്ഞു. ദേശീയ ആവേശംകൊണ്ടോ, സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അധികാരം ദുരുപയോഗിച്ചോ ഹിന്ദുക്കള്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചില്ലെങ്കില്‍, ക്രിസ്തുമതം ഇന്ത്യയില്‍ നിലനില്‍ക്കുമെന്നു മാത്രമല്ല, അതില്‍ ചേരുന്നവരുടെ എണ്ണം വര്‍ധിക്കുകയും നല്ല കാര്യങ്ങള്‍ക്ക് പ്രചോദനമാവുകയും ചെയ്യും.'
(ജി. രാമകുമാര്‍, അധ്യക്ഷന്‍, സംസ്ഥാന നിയമവിഭാഗം, ഭാരതീയ ജനതാപാര്‍ട്ടി, തമിഴ്നാട് v/s തമിഴ്നാട് സര്‍ക്കാര്‍ മറ്റും. 2007(6) MLJ 366 2007 (1) LT 120.)
ഈ കേസ് കോടതിയിലേക്ക് എത്തിയ കഥ വിചിത്രമാണ്. ജനങ്ങള്‍ മാത്രമല്ല രാജാക്കന്മാര്‍ മതം മാറിയതും, പിന്നീട് രാജാവിനെ കീഴ്പ്പെടുത്തിയശേഷം, മതവാദികള്‍ മറ്റു മതക്കാരെ ദ്രോഹിച്ച ചരിത്രവും ഇവിടെയുണ്ട്. പണത്തിനു വേണ്ടിയോ പ്രീതിക്കു വേണ്ടിയോ മതംമാറ്റം സംഭവിച്ചിരിക്കാമെങ്കിലും അതുകൊണ്ടൊന്നും ജാതിവ്യവസ്ഥകളെ തകര്‍ക്കാന്‍ സാധിച്ചിട്ടില്ല. മനുധര്‍മ്മമനുസരിച്ച് നാലു ജാതിവ്യവസ്ഥകള്‍ക്കു പുറമേ, അവര്‍ണ്ണജാതിക്കാരാക്കപ്പെട്ട ദളിത് ജാതിക്കാരെ വിളിക്കുന്നത് പഞ്ചമര്‍ എന്നാണ് (മനുശാസ്ത്രത്തിലെ നാലു ജാതിയിലും പെടാത്ത അഞ്ചാമത്തെ ജാതി). ഗ്രാമങ്ങളില്‍പ്പോലും തൊട്ടുകൂടാത്തവര്‍ എന്നു പറഞ്ഞ് മാറ്റിനിര്‍ത്തി, ഊരിനു പുറത്തു താമസിപ്പിച്ച്, സാമൂഹികനീതി നിഷേധിക്കപ്പെട്ട് ദ്രോഹങ്ങള്‍ക്കു വിധേയരാക്കപ്പെട്ട പട്ടികജാതിക്കാര്‍ക്കിടയില്‍ മതംമാറിയാല്‍ അവര്‍ നേരിടേണ്ടിവരുന്ന ഉപദ്രവങ്ങളില്‍നിന്നു രക്ഷപ്പെടാമെന്ന് അവരെ ബോധ്യപ്പെടുത്തിയത് പതിനേഴാം നൂറ്റാണ്ടിനുശേഷം വന്ന ക്രിസ്ത്യന്‍ മിഷണറിമാരാണ്.
കത്തോലിക്കാപാതിരിമാരുടെ മിഷണറിപ്രവര്‍ത്തനങ്ങളിലൂടെ പട്ടികജാതിയില്‍പ്പെട്ടവര്‍ക്ക് വിദ്യാഭ്യാസവും ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള അവസരവും ലഭിച്ചു. പക്ഷേ, ശക്തമായ ജാതിവ്യവസ്ഥ കാരണം മതംമാറിയ ശേഷവും തൊട്ടുകൂടായ്മ തുടര്‍ന്നുകൊണ്ടേയിരുന്നു. ദേവാലയങ്ങളില്‍ പ്രത്യേകം ഇരിപ്പിടം, ശ്മശാനങ്ങളില്‍ പ്രത്യേകം ഇടം എന്നിങ്ങനെയുള്ള സാമൂഹികദുഷ്പ്രവണതകള്‍ തുടര്‍ന്നുകൊണ്ടുമിരുന്നു.
ക്രിസ്തുമതത്തിലേക്കു മാറിയവര്‍ വീണ്ടും ഹിന്ദുമതത്തിലേക്കുതന്നെ തിരിച്ചുവരുന്ന സംഭവങ്ങള്‍ തമിഴ്നാട്ടില്‍ ഉണ്ടാവുകയും ചെയ്തു. ഇതിനെപ്പറ്റി എസ്.എ. പെരുമാള്‍ ഇങ്ങനെ എഴുതി:
സമൂഹത്തില്‍ നടക്കുന്ന സാംസ്‌കാരിക സാമൂഹിക അടിച്ചമര്‍ത്തലുകളെ എങ്ങനെ മതപരിവര്‍ത്തനം എതിര്‍ത്തുവോ, അതേപോലെത്തന്നെ മതപരിവര്‍ത്തനം സാമ്പത്തിക അടിച്ചമര്‍ത്തലുകള്‍ക്കെതിരായും നിലകൊണ്ടിരുന്നു. ഇതു സംഭവിച്ചത് തിരുനെല്‍വേലിയിലെ മതപരിവര്‍ത്തനചരിത്രത്തിലാണ്.
തിരുനെല്‍വേലി ജില്ലയിലെ കടല്‍ത്തീരഗ്രാമമായ ഇടിന്തകരയില്‍ ജീവിച്ചിരുന്ന മുക്കുവര്‍ കഴിഞ്ഞ നാനൂറു വര്‍ഷങ്ങളായി കത്തോലിക്കാ മതവിശ്വാസികളായിരുന്നു. കോളനിഭരണകാലംമുതല്‍ അവിടെയൊരു ഹീനകൃത്യം നടന്നുകൊണ്ടിരുന്നു. മുക്കുവരുടെ വലയില്‍ 'തുവി' എന്ന മത്സ്യം കുടുങ്ങിയാല്‍ അതിനെ പള്ളിയിലേക്ക് എത്തിക്കണം. മാത്രമല്ല, ചൊവ്വാഴ്ചകളില്‍ പിടിച്ച മൊത്തം മത്സ്യങ്ങളുടെ പകുതിയും പള്ളിക്കു കൊടുക്കണം. തൂത്തുക്കുടി രൂപതയുടെ ഉത്തരവായിരുന്നു അത്.
ദാരിദ്ര്യത്തില്‍ കഴിയുന്ന മുക്കുവന്മാര്‍ക്ക് ഈ ഉത്തരവ് വലിയൊരു ഭാരമായിത്തീര്‍ന്നു. 1950 മുതല്‍ മുക്കുവര്‍ക്കിടയില്‍ ഈ പ്രശ്നം നീറിക്കൊണ്ടിരുന്നു. മുക്കുവര്‍ പള്ളിമേധാവികളെക്കണ്ട് ഉത്തരവ് പിന്‍വലിക്കണമെന്ന് അപേക്ഷിച്ചു.
പക്ഷേ, മേലധികാരികള്‍ അപേക്ഷ നിരസിച്ചു. ഇതിനെത്തുടര്‍ന്ന് മുക്കുവര്‍ക്കും പള്ളിയെ അനുകൂലിക്കുന്നവര്‍ക്കുമിടയില്‍ ശത്രുതയുണ്ടായി. ഇത് സംഘര്‍ഷത്തിന് വഴിയൊരുക്കുകയും ചെയ്തു. മുക്കുവരെ പള്ളികളില്‍നിന്ന് മാറ്റിനിര്‍ത്തലും, കള്ളക്കേസുണ്ടാക്കി പോലീസുകാരെക്കൊണ്ട് പിടിപ്പിക്കലും പതിവാവുകയും ചെയ്തു. അങ്ങനെ പത്തുവര്‍ഷം കഴിഞ്ഞു.
പ്രശ്നപരിഹാരത്തിന് വഴിയൊന്നും തെളിയാഞ്ഞതിനാല്‍ മുക്കുവര്‍ സമാധാനപരമായി പ്രശ്നം അവസാനിപ്പിക്കുവാന്‍ ഹിന്ദുമതത്തിലേക്കു മാറുവാന്‍ തീരുമാനിച്ചു.
1967 ഒക്ടോബര്‍ 27-ന് മൈസൂരിലെ സരസ്വതിസ്വാമികള്‍, കോട്ടരശ് ആറുമുഖ നാവലര്‍ എന്നീ രണ്ടുപേര്‍ വരികയും ഹിന്ദു ആചാരപ്രകാരം 843 കത്തോലിക്കാമുക്കുവരെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയും ചെയ്തു. അങ്ങനെ നാനൂറു വര്‍ഷത്തോളം ക്രിസ്തുമതവിശ്വാസികളായിരുന്നവരെ ഹിന്ദുമതത്തിലേക്കു പരിവര്‍ത്തനം ചെയ്യുകയും മത്സ്യം പങ്കിടുന്നതില്‍നിന്നു മോചിപ്പിക്കുകയും ചെയ്തു. അതിനുശേഷം രൂപതയുടെ നേതാക്കള്‍ ഇടിന്തകരയിലേക്കു വരികയും പങ്കു തരേണ്ടെന്നും മതം മാറരുതെന്നും പറഞ്ഞുനോക്കിയെങ്കിലും മത്സ്യത്തൊഴിലാളികള്‍ തങ്ങളുടെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയും തിരിച്ച് വീണ്ടും ക്രിസ്തുമതത്തിലേക്കു പോകാന്‍ വിസമ്മതിക്കുകയും ചെയ്തു.
ഇടിന്തകരപോലെത്തന്നെ പല കടലോരഗ്രാമങ്ങളിലും ഇത്തരത്തിലുള്ള പങ്കിടല്‍ പള്ളിക്കും മുക്കുവന്മാര്‍ക്കുമിടയില്‍ ഉണ്ടായിരുന്നു. മതപരിവര്‍ത്തനത്തിനുശേഷം മുക്കുവന്മാരാരുംതന്നെ പങ്കു തരേണ്ടെന്ന് പള്ളികള്‍ പ്രഖ്യാപിച്ചു. കോളനിക്കാലത്ത് ആരംഭിച്ച ഇത്തരത്തിലുള്ള തെമ്മാടിത്തരങ്ങള്‍ ഇടിന്തകരപോരാട്ടത്തോടെ അവസാനിക്കുകയും ചെയ്തു.
മറ്റു മതങ്ങളില്‍പ്പെട്ടവരും ഹിന്ദുക്കളെപ്പോലെത്തന്നെ തൊട്ടുകൂടായ്മ പാലിക്കുന്നുണ്ടെന്ന് അംബേദ്കര്‍ സ്വന്തം അനുഭവത്തിലൂടെ മനസ്സിലാക്കിയിരുന്നു. പാര്‍സികളായാലും മുസ്ലിങ്ങളായാലും ക്രിസ്ത്യാനികളായാലും അവര്‍ ദളിതുകളെ ദ്രോഹിക്കുകയും തൊട്ടുകൂടായ്മ കൊണ്ടുനടക്കുകയും ചെയ്തിരുന്നു. എ. ജെയ്സണ്‍ ഒരു തമിഴ് പുസ്തകത്തില്‍ എഴുതുന്നു:
'ഹിന്ദുക്കള്‍ക്കിടയില്‍ മാത്രമാണ് ഈ തൊട്ടുകൂടായ്മയുള്ളതെന്നു കരുതിയിരുന്ന അംബേദ്കര്‍ക്ക് ഈ സത്യത്തെ അംഗീകരിക്കുവാന്‍ സാധിക്കുമായിരുന്നില്ല. ഇസ്ലാംമതത്തില്‍ തൊട്ടുകൂടായ്മയ്ക്ക് ഇടം എവിടെയാണ്? എന്തുകൊണ്ടാണവരും ഇങ്ങനെ പെരുമാറുന്നത്? അംബേദ്കര്‍ സ്വയം ചോദിച്ചു. ഹിന്ദുമതത്തില്‍ ആഴത്തില്‍ വേരൂന്നിക്കിടക്കുന്ന തൊട്ടുകൂടായ്മ എന്ന കാന്‍സര്‍രോഗം ഇപ്പോള്‍ ഒരു പകര്‍ച്ചവ്യാധിപോലെ ആയിത്തീര്‍ന്ന് മറ്റു മതങ്ങളെയും സ്വാധീനിക്കുന്നുണ്ടെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു.'
ഒരുവന്‍ ഹിന്ദുക്കള്‍ക്ക് തൊട്ടുകൂടാത്തവനാണെങ്കില്‍ പാര്‍സികള്‍ക്കും തൊട്ടുകൂടാത്തവനായിത്തീരുന്നുവെന്ന് ഒരു സംഭവത്തിലൂടെ ഞാന്‍ വിവരിച്ചു. 'ഒരുവന്‍ ഹിന്ദുവിന് തൊട്ടുകൂടാത്തവനാണെങ്കില്‍ അവന്‍ മുസ്ലിമിനും തൊട്ടുകൂടാത്തവനാണെന്ന് ഈ സംഭവം എടുത്തുകാണിക്കുന്നു' എന്ന് അംബേദ്കര്‍ പറഞ്ഞത് എത്ര സത്യം!
ഇന്ത്യന്‍ ഭരണഘടനയ്ക്ക് പിന്നീട് രൂപംകൊടുത്തപ്പോള്‍ മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യം നല്‍കപ്പെട്ടു. ആ നിയമത്തിന്റെ ആര്‍ട്ടിക്കിള്‍ 25(1) ഇങ്ങനെ പറയുന്നു:
'ആര്‍ട്ടിക്കിള്‍ 25(1), മനസ്സാക്ഷിസ്വാതന്ത്ര്യം, ഏതു തൊഴിലും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം, ഏതു മതവും സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കാനുമുള്ള ഉറപ്പു നല്‍കുന്നു.
'പൊതു അച്ചടക്കം, സദാചാരം, ആരോഗ്യം തുടങ്ങി ഈ വിഭാഗത്തിലുള്ള മറ്റ് ഉപവിഭാഗങ്ങള്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും മനസ്സാക്ഷിക്കനുസരിച്ച് സമത്വവും, ഏതു തൊഴില്‍ തിരഞ്ഞെടുക്കാനും ഏതു മതം സ്വീകരിക്കാനും അതനുസരിച്ച് ജീവിക്കുവാനും മതപ്രചാരണം നടത്തുവാനും അവകാശമുണ്ടെന്ന് ഉറപ്പുതരുന്നു.'
ഭരണഘടന നിലവില്‍ വന്നശേഷം, ചില സംസ്ഥാനങ്ങളില്‍ ഭരണം പിടിച്ചെടുത്ത മതച്ചായ്വുള്ള കക്ഷികള്‍ ആ സംസ്ഥാനത്ത് മതംമാറ്റം നിരോധിച്ചുകൊണ്ടുള്ള നിയമം കൊണ്ടുവന്നു. മദ്ധ്യപ്രദേശ് സംസ്ഥാനം കൊണ്ടുവന്ന നിയമത്തിന് അനുകൂലമായി സുപ്രീംകോടതി വിധി പ്രസ്താവിക്കുകയും ചെയ്തു.
(വൈ. അരുള്‍ സ്റ്റാനിസ്ലാസ് v/s മദ്ധ്യപ്രദേശ് സര്‍ക്കാര്‍ 1977(1) SCC 677 )
തമിഴ്നാട്ടില്‍ 1981-ല്‍ തിരുനെല്‍വേലി ജില്ലയിലുള്ള മീനാക്ഷിപുരത്തില്‍, നൂറ് ദളിത് കുടുംബങ്ങളില്‍നിന്നുള്ള ആയിരംപേര്‍ ഇസ്ലാംമതത്തിലേക്കു മാറിയതിനെപ്പറ്റി എസ്.എ. പെരുമാള്‍ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്:
'നാടു മുഴുവന്‍ സംസാരവിഷയമായിത്തീര്‍ന്ന മീനാക്ഷിപുരത്തെ മതംമാറ്റത്തിനു കാരണം സമൂഹം പ്രകടിപ്പിച്ച അകറ്റിനിര്‍ത്തലാണ്. മീനാക്ഷിപുരത്തെ നൂറു കുടുംബങ്ങളിലെ ആയിരംപേര്‍ 1980 ഏപ്രില്‍മാസത്തില്‍ ഇസ്ലാംമതം സ്വീകരിച്ചു. ഭൂവുടമകളായ മേല്‍ജാതിക്കാര്‍ കാണിക്കുന്ന ഈ അകറ്റിനിര്‍ത്തല്‍ കാരണമാണ് ഇതു സംഭവിച്ചത്. നൂറ്റാണ്ടുകളായി അവിടെ തൊട്ടുകൂടായ്മ നിലവിലുണ്ടായിരുന്നു. ഭൂമിയില്ലാത്ത, കൂലിക്കു കൃഷി ചെയ്യുന്നവരാണ് ദളിതുകളില്‍ മിക്കവാറും.
വളരെക്കുറച്ചുപേര്‍ മാത്രമാണ് അവര്‍ക്കിടയില്‍ സ്വന്തം ഭൂമിയുള്ള ചെറുകിടകര്‍ഷകര്‍. അവര്‍ക്ക് കോവിലുകളിലേക്കു പ്രവേശനമില്ല. ചായപ്പീടികകളില്‍ ചായ കുടിക്കാന്‍ പ്രത്യേകം പാത്രം. ചെരിപ്പിടാന്‍ പാടില്ല. വെളുത്ത ഷര്‍ട്ടിടാന്‍ പാടില്ല. സ്ത്രീപീഡനം സര്‍വ്വസാധാരണം. ദളിത് യുവാക്കളില്‍ ചിലര്‍ നല്ലപോലെ പഠിച്ച് മികച്ച ഉദ്യോഗം നഗരത്തില്‍ നേടിയെടുത്തു. നഗരത്തില്‍ ആരും അവരെ മാറ്റിനിര്‍ത്തുന്നില്ല, തൊട്ടുകൂടായ്മയില്ല. തങ്ങളുടെ നാട്ടില്‍ മീനാക്ഷിപുരത്തില്‍ നടക്കുന്ന ക്രൂരതകളെ അവസാനിപ്പിക്കുവാന്‍ അവര്‍ തീരുമാനിച്ചു; രക്തം ചിന്താതെ, സമരം നടത്താതെ. പോലീസിലുണ്ടായിരുന്ന മേല്‍ജാതിക്കാരുടെ ഒതുക്കല്‍ ശ്രമങ്ങളെയും അവര്‍ക്കു നേരിടേണ്ടിവന്നു.
അതുകാരണം, അവര്‍ ഇസ്ലാംമതക്കാരുമായി സംസാരിക്കുകയും ആ മതത്തില്‍ ചേരുകയും ചെയ്തു. രാജ്യം മുഴുവന്‍ ആ സംഭവം ചര്‍ച്ചചെയ്യപ്പെട്ടു. 1999-ന്റെ അവസാനത്തില്‍ പത്രപ്രവര്‍ത്തകനായ സായ്നാഥ് മീനാക്ഷിപുരം സന്ദര്‍ശിച്ചു. മതപരിവര്‍ത്തനം കഴിഞ്ഞ് പതിനെട്ടു വര്‍ഷത്തിനുശേഷം അവിടെ എന്തൊക്കെയാണോ സംഭവിച്ചത് അവയെല്ലാം വിലയിരുത്തി.
'ഇപ്പോള്‍ മേല്‍ജാതിക്കാരുടെ തൊട്ടുകൂടായ്മാപ്രശ്നങ്ങളോ, മറ്റു വൃത്തികേടുകളോ ഒന്നുമില്ല. ആത്മാഭിമാനവും സമത്വവും നിലനില്‍ക്കുന്നുണ്ട്.' അദ്ദേഹം ഹിന്ദുവില്‍ വിശദമായി സാഹചര്യങ്ങള്‍ വിലയിരുത്തിക്കൊണ്ട് ലേഖനമെഴുതി: 'മീനാക്ഷിപുരത്തിനുശേഷം ഇസ്ലാംമതത്തിലേക്കുള്ള മാറ്റം മറ്റു പല ഇടങ്ങളിലും സംഭവിച്ചു. ഈ മതംമാറ്റങ്ങളൊന്നുംതന്നെ പണത്തിനുവേണ്ടിയായിരുന്നില്ല. ആത്മാഭിമാനത്തിനും സമത്വത്തിനുംവേണ്ടിയായിരുന്നു.'
മതം മാറിയ മീനാക്ഷിപുരത്തുകാരനായ മുഹമ്മദ് ഹനീഫ് പത്രപ്രവര്‍ത്തകനായ എ.പി. ഉദയകുമാറിനോടു പറഞ്ഞത് ഇതാണ്:
'അന്നെനിക്ക് പന്ത്രണ്ടു വയസ്സായിരുന്നു. വളരെ മുമ്പേതന്നെ മേല്‍ജാതിക്കാരുടെ അടിച്ചമര്‍ത്തലിന് വിധേയരായിരുന്നു ഞങ്ങള്‍. ഈ അവസ്ഥയില്‍ ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ടുപേരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പോലീസുകാരെ മീനാക്ഷിപുരത്തില്‍ വിന്യസിച്ചിരുന്നു. വിചാരണ എന്ന പേരില്‍ നിഷ്‌കളങ്കരായ ദളിതരെ തല്ലുകയും, മറ്റു പല വിധത്തില്‍ ഉപദ്രവിക്കുകയും ചെയ്തിരുന്നു. ആധിപത്യശക്തികളുടെ അടിച്ചമര്‍ത്തലില്‍നിന്നു രക്ഷപ്പെടാനും, പോലീസുകാരുടെ അതിക്രമത്തില്‍നിന്നു രക്ഷപ്പെടാനും ഒരു വഴിയേ മുമ്പിലുണ്ടായിരുന്നുള്ളൂ ഉയര്‍ന്ന ജാതി എന്ന അന്തസ്സ് നേടുക. വേറെയൊരു വഴിയും ഉണ്ടായിരുന്നില്ല. സമയം കളയാതെ ഏകദേശം 300 കുടുംബങ്ങള്‍ ഒരേ നേരത്ത് ഇസ്ലാം മതത്തിലേക്കു മാറി. ഇത് ഇന്ത്യ മുഴുവന്‍ സംസാരവിഷയമാവുകയും ചെയ്തു.
'വാജ്പേയി, അദ്വാനി തുടങ്ങിയ നേതാക്കള്‍ ഞങ്ങളുടെ ഊരിലേക്കു വന്ന് ഞങ്ങളുമായി സംസാരിച്ചു. പക്ഷേ, 'ഇസ്ലാമാണ് ഞങ്ങളുടെ ജീവിതത്തെ രക്ഷിക്കുന്നത്' എന്ന് ഞങ്ങള്‍ തറപ്പിച്ചു പറഞ്ഞു. അതിനുശേഷം ഞങ്ങളുടെ ജീവിതത്തില്‍ പല മാറ്റങ്ങള്‍ സംഭവിക്കുകയും ജീവിതം ഭദ്രമാവുകയും ചെയ്തു. ഞങ്ങളെ ജാതിപ്പേരു വിളിച്ച് പരിഹസിച്ചിരുന്നവര്‍ പിന്നീട് ബഹുമാനത്തോടെ 'ഭായ്' എന്നു വിളിക്കാന്‍ തുടങ്ങി. തെരുവുകളിലേക്കു കടക്കാന്‍ സമ്മതിക്കാതിരുന്നവര്‍ വീടുകളിലേക്കു വിളിച്ച് സത്കരിച്ചു. ഇസ്ലാംമതം സ്വീകരിച്ചതു കാരണം ജാതിപ്രശ്നം ഞങ്ങളെ വിട്ടൊഴിഞ്ഞു. സാഹോദര്യവും സമത്വവും വന്നുചേര്‍ന്നു. ഇപ്പോള്‍ അന്തസ്സുണ്ട്. അര്‍ഹിക്കുന്ന അംഗീകാരം ലഭിക്കുന്നുണ്ട്. ബഹുമാനിക്കപ്പെടുന്നുമുണ്ട്.'
ഇതാണ് മീനാക്ഷിപുരം റഹ്‌മത് നഗര്‍ ആയിത്തീര്‍ന്നതിന്റെ പിന്നിലെ കഥ. മീനാക്ഷിപുരത്തെപ്പറ്റി തമിഴ് കവി പാടിയത് ഇങ്ങനെ:
ആറുമുഖന്‍
അബ്ദുള്ളയായി.
അയ്യനാര്‍
അന്തോണിയായി.
വേറൊരു മുഖം നമ്മള്‍ കാണിച്ചുകൊടുത്തു
തമ്മില്‍ വ്യത്യാസമുണ്ടെന്നു പറഞ്ഞു
അങ്ങനെ
കൂടപ്പിറപ്പുകളെയെല്ലാം
ഒതുക്കിയതു കാരണമാണ്
ഈ അവസ്ഥ വന്നുചേര്‍ന്നത്.
മീനാക്ഷിപുരത്തു നടന്ന സംഭവം-മതംമാറ്റം- ഇന്ത്യയെയും ഹിന്ദുക്കളെയും ഞെട്ടിച്ചു. ധാരാളം ബി.ജെ.പി., ആര്‍.എസ്.എസ്സുകാര്‍നേതാക്കള്‍ തമിഴ്നാട് സന്ദര്‍ശിച്ചു. ജയലളിത മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ഒരുവര്‍ഷത്തിനുശേഷം 'Tamil Nadu prohibition of forcible conversion of Religion Act of 2002' നിലവില്‍ വന്നു. മതം മാറണമെങ്കില്‍ അതിനായി പ്രത്യേകം നിയമിക്കപ്പെട്ട അധികാരിയുടെ അനുമതി വേണമെന്നതായിരുന്നു ആ നിയമത്തിലെ ഉള്ളടക്കം. സാമ്പത്തികകാരണങ്ങള്‍ക്കായി മതം മാറുന്നത് നിരോധിക്കപ്പെട്ടു. ഭരണഘടന ജനങ്ങള്‍ക്കു നല്‍കിയ അടിസ്ഥാനപരമായ അവകാശങ്ങളുടെ ലംഘനമാണ് ആ ഉത്തരവെന്ന് മനുഷ്യാവകാശപ്രവര്‍ത്തകര്‍ പ്രസ്താവനയിറക്കി. കത്തോലിക്കാപുരോഹിതര്‍ ആ നിയമത്തെ എതിര്‍ത്ത് 24.10.2002-ന് ഒരു പ്രതിഷേധസൂചനയെന്ന നിലയ്ക്ക് തങ്ങള്‍ നടത്തിവന്നിരുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിടാന്‍ തീരുമാനിച്ചു.
ആ തീരുമാനത്തിനെ എതിര്‍ത്തുകൊണ്ട് ഭാരതീയ ജനതാപാര്‍ട്ടിയുടെ നിയമവിഭാഗം മദ്രാസ് ഹൈക്കോടതിയില്‍ ഒരു റിട്ട് പെറ്റീഷന്‍ സമര്‍പ്പിച്ചത് വിചാരണയ്ക്കു വന്നു. നാലു വ്യക്തികളും ചില സംഘടനകളും അവരോടൊപ്പം ചേര്‍ന്നു. സര്‍ക്കാരില്‍നിന്ന് ധനസഹായം ലഭിക്കുന്ന വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അവ നടത്തുന്നത് ന്യൂനപക്ഷസമുദായത്തില്‍പ്പെട്ടവരാണെങ്കില്‍പ്പോലും അവര്‍ക്ക് വിദ്യാഭ്യാസസ്ഥാപനങ്ങള്‍ അടച്ചിട്ട് നിയമത്തിനെതിരായി സമരം ചെയ്യാന്‍ അധികാരമില്ലെന്നു വാദിച്ചു.
18.6.2004-ല്‍ പൊതുജനങ്ങളുടെ എതിര്‍പ്പു കാരണം മതംമാറ്റനിയമം പിന്‍വലിക്കപ്പെട്ടു. നിയമം പിന്‍വലിച്ച സ്ഥിതിക്ക് അന്തിമവിചാരണയ്ക്കായി കേസ് 2007-ല്‍ വന്നപ്പോള്‍ തങ്ങളുടെ പരാതി പിന്‍വലിക്കാന്‍ പരാതിക്കാര്‍ വിസമ്മതിച്ചതിനാല്‍ കോടതി സ്വയം കേസ് കേള്‍ക്കാന്‍ തീരുമാനിക്കുകയും 15.3.2007-ന് വിധി പ്രസ്താവിക്കുകയും ചെയ്തു.
വക്കീലന്മാര്‍ സമരം ചെയ്യുന്നതുപോലെത്തന്നെ മറ്റുള്ള എല്ലാവര്‍ക്കും സമരം ചെയ്യാന്‍ അവകാശമുണ്ടെന്നും പരാതിക്കാര്‍ ഉന്നയിച്ച വാദങ്ങള്‍ നിലനില്‍ക്കില്ലെന്നും വിധിച്ചു. ഈ ചുറ്റുപാടിലാണ് മതംമാറ്റത്തെപ്പറ്റിയുള്ള അംബേദ്കറുടെ ആശയങ്ങള്‍ ആ വിധിപ്രസ്താവത്തില്‍ ഞാന്‍ രേഖപ്പെടുത്തിയത്.(ജി. രമണികുമാര്‍, സംസ്ഥാന നിയമവിഭാഗം, ബി.ജെ.പി. തമിഴ്നാട് മറ്റുള്ളവര്‍ v/s തമിഴ്നാട് സര്‍ക്കാര്‍, മറ്റുള്ളവര്‍ (2007), 6 MLJ 366 = 2007 (1) CLT 120.)
Content Highlights: Exploring Dr. B.R. Ambedkar`s views on eradicating untouchability through Dalit conversion from Hinduism. Justice K. Chandru`s book "My Judgments in Ambedkar`s Light" is discussed.