പ്ലാറ്റ്‌ഫോമുകളുടെ നീളക്കുറവ്, സമയക്രമം; വേണാട് ഷൊര്‍ണൂര്‍-നിലമ്പൂർ പാതയിലോടാന്‍ കടമ്പകളേറെ കടക്കണം

ഒറ്റപ്പാലം: വേണാട് എക്‌സ്പ്രസ് നിലമ്പൂരിലേക്ക് നീട്ടുന്ന നിര്‍ദേശം നടപ്പാവാന്‍ സാങ്കേതികക്കുരുക്കുകളേറെ. വൈദ്യുതീകരണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരമായെങ്കിലും പ്ലാറ്റ്ഫോമുകളുടെ നീളക്കുറവാണ് പ്രശ്‌നമാകുന്നത്. ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയില്‍ ഭൂരിഭാഗത്തിനും പ്ലാറ്റ് ഫോമുകള്‍ക്ക് നീളക്കുറവുണ്ട്. ഒപ്പം, പാതയിലെ പല തീവണ്ടികളുടെയും സമയക്രമം പുനഃക്രമീകരിക്കേണ്ടിയും വരും.
വേണാട് എക്‌സ്പ്രസിന് 22 കോച്ചുകളാണുള്ളത്. വേണാടിന്റെ കോച്ചുകള്‍ക്ക് നീളവും കൂടുതലാണ്. നിലമ്പൂരുള്‍പ്പെടെ മിക്ക സ്റ്റേഷനുകള്‍ക്കും 18 കോച്ചുകള്‍ നിര്‍ത്താനുള്ള പ്ലാറ്റ്ഫോമുകളേ ഉള്ളൂ. നാല് കോച്ചുകള്‍ പ്ലാറ്റ്ഫോമിനുപുറത്താകും. ഇത് യാത്രക്കാര്‍ക്ക് കയറാനും ഇറങ്ങാനും ബുദ്ധിമുട്ടുണ്ടാക്കും.
റെയില്‍വേയുടെ സാധ്യതാപഠനത്തിലും ഈ പ്രശ്നം ഉന്നയിക്കപ്പെട്ടതായാണ് വിവരം. എന്നാല്‍, രണ്ട് സ്റ്റേഷനില്‍മാത്രം നിര്‍ത്തുന്ന രീതിയില്‍ സര്‍വീസ് ക്രമീകരിക്കുമെന്ന സൂചനയുണ്ട്.
തിരുവനന്തപുരത്തുനിന്ന് 5.20-നാണ് തീവണ്ടി പുറപ്പെടുന്നത്. 12.25-ന് ഷൊര്‍ണൂരിലെത്തും. ഷൊര്‍ണൂരില്‍നിന്ന് ഉച്ചയ്ക്ക് 2.35-ന് പുറപ്പെട്ട് രാത്രി 10-ന് തിരുവനന്തപുരത്തെത്തും. ഇതിനിടെ രണ്ടുമണിക്കൂര്‍ പത്തുമിനിറ്റ് സമയമാണുള്ളത്. എന്നാല്‍, ഷൊര്‍ണൂരില്‍നിന്ന് നിലമ്പൂരിലേക്ക് ഒന്നരമണിക്കൂറോളം യാത്രയുണ്ട്. അതിനാല്‍ സമയക്രമവും മാറ്റേണ്ടിവരും. കേന്ദ്ര റെയില്‍വേമന്ത്രി അശ്വനി വൈഷ്ണവിന് രാജ്യസഭാ എം.പി. പി.പി. സുനീര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് വേണാട് നിലമ്പൂരിലേക്ക് നീട്ടുന്ന ചര്‍ച്ചകള്‍ തുടങ്ങിയത്. ഇക്കാര്യത്തില്‍ കേന്ദ്രമന്ത്രിയുടെ ഉറപ്പും ലഭിച്ചിരുന്നു.
Content Highlights: Venad Express extension to Nilambur faces hurdles due to short platforms