ഓൺലൈൻ ഓട്ടോ-ടാക്‌സി ഡ്രൈവർമാർക്ക് ക്ലിയറൻസ് നിർബന്ധം; കുറ്റവാളികളെ കുടുക്കാൻ പോലീസ്

തിരുവനന്തപുരം: നഗരത്തിലെ ഓൺലൈൻ ഓട്ടോ, ടാക്സികൾക്കായി ക്ലിയറൻസ് സർട്ടിഫിക്കറ്റുൾപ്പെടെ കൃത്യമായ മാനദണ്ഡങ്ങളേർപ്പെടുത്തുമെന്ന് പോലീസ്. ഇവയുടെ ഡ്രൈവർമാരിൽ കുറ്റവാളികളുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് സിറ്റി പോലീസിന്റെ തീരുമാനം. ഓൺലൈൻ ടാക്സി ഡ്രൈവർമാർക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുമെന്നും ഇതില്ലാത്തവരെ സർവീസ് നടത്താൻ അനുവദിക്കില്ലെന്നും സിറ്റി പോലീസ് കമ്മിഷണർ ഡോ. അരുൾ ആർ.ബി. കൃഷ്ണ 'മാതൃഭൂമി'യോടു പറഞ്ഞു.
കഴിഞ്ഞയാഴ്ച നഗരത്തിലെ പ്രമുഖ സൂപ്പർമാർക്കറ്റിൽനിന്ന് ഓൺലൈൻ ഓട്ടോയിൽ കയറിയ പെൺകുട്ടിയോട് ഡ്രൈവർ മോശമായി പെരുമാറാൻ ശ്രമിച്ചു. പെൺകുട്ടി ഇക്കാര്യം പോലീസിനെ അറിയിച്ചു. തുടർന്ന് നടന്ന വിശദമായ അന്വേഷണത്തിൽ ഇത്തരത്തിൽ നിരവധി ക്രമിനലുകൾ രാത്രികാലങ്ങളിൽ ഓട്ടോഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ടെന്ന് മനസ്സിലായി.
മുൻകാലങ്ങളിൽ രാത്രി ഓട്ടോറിക്ഷ ഓടുന്നവർ അതത് പോലീസ് സ്റ്റേഷനുകളിലെത്തി രജിസ്റ്ററിൽ ഒപ്പു രേഖപ്പെടുത്തണമായിരുന്നു. പിന്നീടിത് മുടങ്ങി. മാത്രമല്ല ഇപ്പോൾ അൻപതുശതമാനത്തിലേറെ ഓൺലൈൻ ഓട്ടോറിക്ഷക്കാരുമാണ്. കാപ്പ കേസ് പ്രതികളുടെ വിവരം പോലീസ് ശേഖരിച്ചപ്പോൾ അഞ്ചിലധികം കേസുകൾ ഉള്ളവർവരെ രാത്രികാലങ്ങളിൽ ഓട്ടോറിക്ഷ, ടാക്സി ഡ്രൈവർമാരായി ജോലി ചെയ്യുന്നുണ്ടെന്ന് മനസ്സിലായി. തുടർന്നാണ് നിയന്ത്രണം കർശനമാക്കാൻ പോലീസ് തീരുമാനിച്ചത്.
ഡ്രൈവർമാർ താമസിക്കുന്ന പോലീസ് സ്റ്റേഷൻ പരിധിയിൽനിന്നാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. പോലീസ് പരിശോധനാസമയങ്ങളിൽ സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ സർവീസ് നടത്താൻ അനുവദിക്കില്ല.
കുറ്റവാളികൾ ജാഗ്രതൈ
അമിതനിരക്ക് ഉൾപ്പെടെയുള്ളവയിൽ തർക്കങ്ങൾ വേണ്ടിവരില്ലെന്നതിനാലാണ് സ്ത്രീകളും കുട്ടികളുമുൾപ്പെടെ വലിയൊരു വിഭാഗം യാത്രക്കാർ ഓൺലൈൻ ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നത്. റെയിൽവേ സ്റ്റേഷൻ, തിയേറ്ററുകൾ എന്നിവിടങ്ങളിൽനിന്നെല്ലാം കൂടുതലും ഓൺലൈൻ യാത്രകൾ തിരഞ്ഞെടുക്കാറുണ്ട്.
ഇവയുടെ ഡ്രൈവർമാരിൽ ഒരു വിഭാഗം കുറ്റവാളികളാണെന്നത് യാത്രക്കാരിൽ ഞെട്ടലുളവാക്കുന്നതാണ്. പ്രശ്നക്കാരല്ലാത്ത, ഉപജീവനത്തിനുവേണ്ടി പണിയെടുക്കുന്ന തൊഴിലാളികളെക്കൂടി സംശയനിഴലിലാക്കാതിരിക്കാനാണ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കുന്നത്.
വിവരങ്ങൾ കിട്ടുക വെല്ലുവിളി
ഓൺലൈൻ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്തവരുടെ സമ്പൂർണ വിവരം ലഭ്യമാക്കുകയെന്നത് പോലീസിനും വെല്ലുവിളിയാണ്. മിക്ക ഓൺലൈൻ കമ്പനികളും ഇതരസംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചാണ് പ്രവർത്തനം നടത്തുന്നത്. ഇവരുടെ പ്രതിനിധികളോട് രജിസ്റ്റർ ചെയ്ത ഡ്രൈവർമാരുടെ വിവരങ്ങൾ അറിയിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
നിയമങ്ങളുണ്ട്
അതേസമയം, ഒരു ക്രിമിനൽ കേസിൽപ്പെടുന്നവരുടെ പോലും ലൈസൻസ് റദ്ദാക്കാനും നിയമപ്രകാരം കഴിയും. ഇതിനുള്ള ശുപാർശ പോലീസ് നൽകുകയും മോട്ടോർവാഹന വകുപ്പ് തുടർനടപടികൾ സ്വീകരിക്കുകയുമാണ് ചെയ്യുക.
'നിർഭയ' സംഭവത്തിന്റെ പശ്ചാത്തലത്തിൽ പുറപ്പെടുവിച്ച നയങ്ങളുടെ അടിസ്ഥാനത്തിൽ തങ്ങളുടെ പ്ലാറ്റ്ഫോമുകളിൽ രജിസ്റ്റർ ചെയ്യുന്ന ഡ്രൈവർമാർ ക്രിമിനൽ കേസുകളിൽപ്പെട്ടവരല്ലെന്ന് ഉറപ്പുവരുത്താനുള്ള ബാധ്യത ഓൺലൈൻ ഓട്ടോ ടാക്സി പ്ലാറ്റ്ഫോമുകൾക്കും ഉണ്ട്.
Content Highlights: Mandatory police clearance certificates for all online auto and taxi drivers in Thiruvananthapuram., Decision triggered by rising criminal incidents involving cab and auto drivers., Police investigating criminal backgrounds, including KAAPA act offenders., Online platforms held responsible for verifying driver backgrounds under Nirbhaya policy guidelines., Strict enforcement during police inspections to ensure passenger safety.