ഞെട്ടിക്കാൻ ടാറ്റാ പഞ്ച്; മുഖംമിനുക്കി എത്തുന്നത് ടർബോ എൻജിനോടെ, പ്രകടനത്തിലും മുന്നേറ്റം

#ഓട്ടോമൊബൈല്‍ ഡെസ്‌ക്
ടാറ്റാ പുറത്തിറക്കിയ ടീസറില്‍നിന്ന് | screengrab
ടാറ്റാ പുറത്തിറക്കിയ ടീസറില്‍നിന്ന് | screengrab

മുഖംമിനുക്കി എത്തുന്ന പഞ്ച് എസ്.യു.വിയുടെ സുപ്രധാന സവിശേഷത വെളിപ്പെടുത്തി ടാറ്റാ മോട്ടോഴ്‌സ്. ടർബോ ചാർജ്ഡ് എൻജിൻ പുതിയ പഞ്ചിൽ ഉണ്ടാകുമെന്നാണ് ടാറ്റ പുറത്തിറക്കിയ ടീസർ വ്യക്തമാക്കുന്നത്. വാഹനത്തിന്റെ ഫെയ്‌സ്‌ലിഫ്റ്റ് ലോഞ്ചിനുള്ള തയ്യാറാടുപ്പുകൾ നടത്തുന്നതിനിടെയാണ് വെളിപ്പെടുത്തൽ.

പുതിയ എസ്.യു.വിയുടെ രൂപകൽപ്പനയിലെ ഹൈലൈറ്റുകളും പ്രധാന സ്‌റ്റൈലിംഗ് അപ്ഡേറ്റുകളും പ്രദർശിപ്പിക്കുന്ന ടീസറാണ്കമ്പനി പുറത്തിറക്കിയിട്ടുള്ളത്. പഞ്ച് ഫെയ്സ്ലിഫ്റ്റിലൂടെ കാഴ്ചയിലുള്ള വെറും മുഖംമിനുക്കൽ മാത്രമല്ല, പ്രകടനത്തെ അടിസ്ഥാനമാക്കിയുള്ള വലിയ മുന്നേറ്റത്തിനും ടാറ്റ ഒരുങ്ങുന്നു എന്നാണ് വ്യക്തമാകുന്നത്. വാഹന പ്രേമികൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ടർബോ എൻജിൻ സംബന്ധിച്ച വെളിപ്പെടുത്തൽ.

അൾട്രോസ് റേസറിൽ നിന്നുള്ള പരിചിതമായ 1.2-ലിറ്റർ, 3-സിലിണ്ടർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിൻ എഞ്ചിൻ അവതരിപ്പിച്ചേക്കുമെന്ന് എൻഡിടിവി റിപ്പോർട്ടുചെയ്യുന്നു. ഇത് ഏകദേശം 118 ബിഎച്ച്പി കരുത്തും 170 എൻഎം ടോർക്കും ഉത്പാദിപ്പിക്കുന്നതാണ്. സുഖസൗകര്യങ്ങളുടെ കര്യത്തിലും പഞ്ച് നിലവാരം മെച്ചപ്പെടുത്തുമെന്നാണ് വ്യക്തമാകുന്നത്. പുതിയ സിയറയിലെ സവിശേഷതകൾ പലതും പഞ്ചിലും ഉണ്ടാകുമെന്ന് മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു. ഇതോടെകൂടുതൽ പരിഷ്‌കൃതവും മികച്ച ഡ്രൈവിങ് അനുഭവം നൽകുന്ന എസ്.യു.വിയുമായി ടാറ്റാ പഞ്ച് മാറും.

ഡിജിറ്റൽ ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിലടക്കം പുതുമകളുണ്ട്. ഇ.വിയുടെ കാര്യത്തിൽ 65W ഫാസ്റ്റ് ചാർജിങ്, ഹിൽ ഡിസന്റ് കൺട്രോൾ, പുതിയ ടച്ച് സ്‌ക്രീൻ കൺട്രോൾ പാനൽ എന്നിവയെല്ലാം സവിശേഷതകളാണ്. FATC (ഫുള്ളി ഓട്ടോമാറ്റിക് ടെമ്പറേച്ചർ കൺട്രോൾ) എസ്.യു.വിയെ കൂടുതൽ പ്രീമിയം ആക്കും.

പുതിയ അലോയ് വീലുകളും ആകർഷകമായ ടെയിൽഗേറ്റും ശ്രദ്ധേയമാണ്. ഹാരിയെർ, സഫാരി എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട ലൈറ്റ് സ്ട്രിപ്പ് ടെയിൽലൈറ്റുകളുടെ ഭാഗമാണ്. ടർബോ പെട്രോൾ എഞ്ചിൻ ടീസറിലൂടെ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ടാറ്റ പഞ്ച് നിലവിലെ മറ്റ് പവർട്രെയിൻ ഓപ്ഷനുകളോടെ തുടർന്നും ലഭ്യമാകുമെന്നാണ്കരുതുന്നത്.

Content Highlights: Tata Motors unveils Punch facelift teaser! Get ready for a powerful turbo petrol engine, exciting new features like digital cluster & FATC, and updated styling