കാർ നിർമിക്കാനെടുക്കുന്ന സമയം പകുതിയായി കുറയും; പ്രവർത്തന രീതിയിൽ വൻ അഴിച്ചുപണി വരുത്താൻ സുസുക്കി

വാഹനം നിർമിക്കാൻ എടുക്കുന്ന സമയം കുറയ്ക്കാനുള്ള നീക്കങ്ങളുമായി സുസുക്കി മോട്ടോർ കോർപറേഷൻ. എൻജിനീയറിങ്, മാനുഫാക്ചറിങ് ടീമുകൾ ഒരുമിച്ചുള്ള പ്രവർത്തിക്കുന്ന സംവിധാനത്തിൽ മാറ്റം വരുത്തിയായിരിക്കും വാഹന നിർമാണത്തിന്റെ സമയം കുറയ്ക്കുകയെന്നാണ് റിപ്പോർട്ടുകൾ. 2030-ഓടെ പുതിയ വാഹനം നിർമിക്കാൻ എടുക്കുന്ന സമയം നിലവിൽ ഉള്ളതിന്റെ പകുതിയായി കുറയ്ക്കാൻ സാധിക്കുമെന്നാണ് സുസുക്കിയുടെ പ്രതീക്ഷ.
നിർമാണ സമയം കുറയ്ക്കുന്നതിനൊപ്പം ഉത്പാദന കാര്യക്ഷമത 50 ശതമാനവും വികസന കാര്യക്ഷമത 30 ശതമാനവും ഉയർത്താനുള്ള നീക്കങ്ങളും സുസുക്കി അണിയറയിൽ നടത്തുന്നുണ്ട്. 2020 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് വികസന ലക്ഷ്യങ്ങൾ കണക്കാക്കിയിരിക്കുന്നത്. ഇന്ത്യയിലെ മാരുതി സുസുക്കിയുടെ മനേസർ പ്ലാന്റിലെ പ്രവർത്തനങ്ങളാണ് ഉത്പാദന ലക്ഷ്യത്തിന് മാനദണ്ഡമാക്കിയിരിക്കുന്നത്.
പുതിയ മോഡലുകൾ വികസിപ്പിക്കുന്ന പദ്ധതികൾ വേഗത്തിലാക്കാൻ മാരുതി സുസുക്കി ശ്രമിക്കുന്ന സാഹചര്യത്തിലാണ് സുസുക്കിയുടെ ഈ പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. വാഹന വികസനത്തിനുള്ള സമയപരിധി 48 മാസത്തിൽ നിന്ന് 36 മാസമായി കുറയ്ക്കാൻ മാരുതി സുസുക്കി ലക്ഷ്യമിടുന്നതായി ഓട്ടോകാർ പ്രഫഷണൽ മുമ്പ് റിപ്പോർട്ട് ചെയ്തിരുന്നു. മൂന്ന് വർഷത്തിനുള്ള ഏഴ് എസ്‌യുവികൾ ഉൾപ്പെടെ ഒമ്പത് പുതിയ മോഡലുകളാണ് മാരുതി സുസുക്കി അവതരിപ്പിക്കാനൊരുങ്ങുന്നത്.
പെട്രോൾ, സി.എൻ.ജി, ഹൈബ്രിഡ്, ഫ്‌ളെക്‌സ് ഫ്യുവൽ, ഇലക്ട്രിക് തുടങ്ങി വിവിധ പവർട്രെയിനുകളിലുള്ള വാഹനങ്ങളാണ് മാരുതി സുസുക്കി വികസിപ്പിക്കുന്നത്. ഓരോ പവർട്രെയിനും ഉത്പാദനം ആരംഭിക്കുന്നതിന് മുമ്പുതന്നെ എൻജിനീയറിങ്, വാലിഡേഷൻ, സംഭരണം, വിതരണം എന്നീ മേഖലകളിലെ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തേണ്ടതുണ്ട്. ഈ പ്രവർത്തനങ്ങളെല്ലാം വാഹന നിർമാണ പദ്ധതിയുടെ പ്രാഥമിക ഘട്ടത്തിലേക്ക് കൊണ്ടുവരാൻ സുസുക്കി പദ്ധതിയിടുന്നുണ്ട്.
വാഹന നിർമാണത്തിലെ പ്ലാനിങ്, ഡിസൈൻ, നിർമാണം, ഗുണനിലവാര പരിശോധന, സംഭരണം തുടങ്ങിയ വിഭാഗങ്ങളെല്ലാം ഒരേ സമയം പ്രവർത്തിക്കണമെന്നാണ് സുസുക്കിയുടെ ആശയം. വിവിധ ഘട്ടങ്ങളിലായി ഉണ്ടാകാനിടയുള്ള പ്രശ്‌നങ്ങൾ വേഗത്തിൽ കണ്ടെത്തുന്നതിനും, ഓരോ ജോലികളും മറ്റ് വിഭാഗങ്ങളിലേക്ക് കൈമാറുമ്പോൾ ഉണ്ടാകാനിടയുള്ള സമയ നഷ്ടവും ഒഴിവാക്കാനാണ് ഒരേ സമയത്ത് പ്രവർത്തിക്കണമെന്ന നിർദേശം സുസുക്കി മുന്നോട്ട് വെക്കുന്നത്.
Content Highlights: Suzuki plans to cut car manufacturing time in half by 2030., Aims to increase production efficiency by 50% and development efficiency by 30%., Maruti Suzuki targets reducing vehicle development time from 48 to 36 months., Integration of engineering, manufacturing, and supply chain teams into synchronized operations.