ഗൂഗിള്‍മാപ്പ് ചതിച്ചു, വഴിതെറ്റി കാട്ടിലെത്തി; പുറത്തെത്തിക്കാന്‍ ഓഫ് റോഡ് വാഹനവുമായി ഫയര്‍ഫോഴ്‌സ്

നൂറനാട് മറ്റപ്പള്ളി കരിമാൻകാവിലെ റബ്ബർ എസ്റ്റേറ്റിൽ അപകടാവസ്ഥയിൽ അകപ്പെട്ട കാർ.
നൂറനാട് മറ്റപ്പള്ളി കരിമാൻകാവിലെ റബ്ബർ എസ്റ്റേറ്റിൽ അപകടാവസ്ഥയിൽ അകപ്പെട്ട കാർ.

ചാരുംമൂട്: ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിച്ച കാറും ഡ്രൈവറും ചെങ്കുത്തായ മലഞ്ചെരുവില്‍ അകപ്പെട്ടു. പത്തനംതിട്ട കൊടുമണ്‍ ഐക്കാട് സ്വദേശിയും ബെംഗളൂരുവില്‍ സോഫ്റ്റ്വേര്‍ എന്‍ജിനിയറുമായ ഷൈബിയാണ് നൂറനാട് മറ്റപ്പള്ളി കരിമാന്‍കാവിലെ റബ്ബര്‍ എസ്റ്റേറ്റില്‍ അപകടാവസ്ഥയില്‍ അകപ്പെട്ടത്. അടൂരില്‍നിന്ന് അഗ്‌നിരക്ഷാസേനയെത്തി വടവും ഓഫ്റോഡ് വാഹനവും ഉപയോഗിച്ച് കാര്‍ പിന്നോട്ടെടുത്താണ് രക്ഷപ്പെടുത്തിയത്.

അവധികഴിഞ്ഞ് ഞായറാഴ്ച ബെംഗളൂരുവിലേക്ക് തിരിച്ചുപോകാനിരിക്കെയാണ് ഷൈബി ഇവിടെ അകപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടുകൂടി നൂറനാട് ഭാഗത്തുനിന്ന് ഗൂഗിള്‍മാപ്പ് നോക്കി സഞ്ചരിച്ച് കുടശ്ശനാട്ടേക്ക് എളുപ്പമാര്‍ഗം പോവുകയായിരുന്നു. തുടര്‍ന്ന്, വഴിതെറ്റി ആദിക്കാട്ടുകുളങ്ങരയില്‍നിന്നു കരിമാന്‍കാവ് അമ്പലത്തിനു സമീപത്തുകൂടി മറ്റപ്പള്ളി മലയിലെ റബ്ബര്‍ എസ്റ്റേറ്റിലേക്കു പോയി. വഴിതെറ്റിയെന്നു മനസ്സിലാക്കിയപ്പോള്‍ കാര്‍ തിരിക്കാനായി മുന്നോട്ടുപോവുകയും 50 മീറ്ററോളം ചെങ്കുത്തായ സ്ഥലത്ത് എത്തപ്പെടുകയും ചെയ്തു.

വാഹനം തിരികെ കൊണ്ടുവരാന്‍ കഴിയാത്ത അവസ്ഥയില്‍ അടൂര്‍ അഗ്‌നിരക്ഷാസേനയുടെ സഹായം തേടുകയായിരുന്നു. വിജനമായ സ്ഥലത്തേക്ക് കാര്‍ പോകുന്നതു കണ്ട നാട്ടുകാര്‍ കൃത്യമായ സ്ഥലം അഗ്‌നിരക്ഷാസേനയെ അറിയിച്ചു. ഈ സ്ഥലത്ത് മുന്‍പും വാഹനങ്ങള്‍ വഴിതെറ്റി വന്നിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. ഇവിടെ മൂന്നു വാഹനങ്ങള്‍ തലകീഴായി മറിഞ്ഞിട്ടുണ്ട്.

സ്റ്റേഷന്‍ ഓഫീസര്‍ വിനോദ് കുമാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സീനിയര്‍ ഫയര്‍ ഓഫീസര്‍ ബി. സന്തോഷ് കുമാറിന്റെ നേതൃത്വത്തിലാണ് സേനയെത്തിയത്. ഡ്രൈവര്‍ സജാദ്, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫീസര്‍മാരായ സാനിഷ്, ദീപേഷ്, ഹോം ഗാര്‍ഡ് പി.എസ്. രാജന്‍ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

Content Highlights: Software engineer stranded after Google Maps leads car to a steep hill in Charumoodu