റേസിങ്, റീൽ ഷൂട്ടിങ്, അഡ്വഞ്ചർ; വൈറലാകാനുള്ള വാഹനാഭ്യാസത്തിൽ എംവിഡിക്ക് നിയമലംഘനത്തിന്റെ ചാകര

കാക്കനാട്: സീൻ 01: ഓടിക്കൊണ്ടിരിക്കുന്ന ആഡംബര കാർ. ഡിക്കി തുറന്ന് ഇരുകാലുകളും പുറത്തിട്ട് യുവാവിന്റെ റീൽസ് ഷൂട്ടിങ്. പിന്നാലെ വരുന്ന കാറിന്റെ ഗ്ലാമർ പകർത്താനായിരുന്നു യുവാവിന്റെ കൈവിട്ട കളി. സീൻ-02 സ്‌കൂൾ യുണിഫോമിൽ രണ്ട് കുട്ടികളുടെ ഇരുചക്രവാഹന പഠനം. പിന്നിലിരുന്ന് ബൈക്ക് ഓട്ടം പഠിപ്പിക്കുന്ന 'ആശാനും' ഓടിക്കുന്നയാൾക്കും പ്രായപൂർത്തിയായിട്ടില്ല. അന്വേഷണത്തിൽ കുട്ടി ആശാന്റെ വീട്ടിലെ ജ്യേഷ്ഠന്റെ ബൈക്ക് വീട്ടുകാർ അറിയാതെ എടുത്തായിരുന്നു രണ്ടുപേരുടെയും പരിശീലനം.
സീൻ-03) റെയ്‌സിങ് ബൈക്കിന്റെ ഇന്ധനടാങ്കിനു മുകളിൽ ഒരാൾ, ഓടിക്കുന്നയാളുടെ പുറകിൽ മറ്റൊരാൾ കൈവിട്ട് നിൽപ്പ്. മറ്റൊരു റീൽസ് ചിത്രീകരണം....വെഹിക്കിൾ ഇൻസ്‌പെക്ടർ കഴിഞ്ഞ ദിവസങ്ങളിലായി പിടികൂടിയ വ്യത്യസ്ത നിയമലംഘനങ്ങളാണിത്. ഇത് ഒരുദിവസം മാത്രം കാണുന്ന റെയ്‌സിങ് കാഴ്ചയാണെന്നു വിചാരിച്ചാൽ തെറ്റി. ഇങ്ങനെ നിയമലംഘനങ്ങൾക്ക് 'തുറന്നിട്ട' റോഡാണ് പുതിയ സീപോർട്ട് എയർപോർട്ട് റോഡ്. സീപോർട്ട് റോഡ് കളമശ്ശേരിയിൽ അവസാനിക്കുന്ന ഭാഗത്തുനിന്ന് കുറച്ചുദൂരം മാത്രം മാറിയുള്ള സീപോർട്ട് രണ്ടാംഘട്ടത്തിന്റെ ഭാഗമായി പണിപൂർത്തീകരിച്ചി ട്ടിരിക്കുന്ന എച്ച്എംടി കോളനി ഭാഗത്തെ പാതയാണ് 'പിള്ളേര്' തൂക്കിയത്.
വന്നത് ഫിറ്റ്‌നസ് പരിശോധനയ്ക്ക്
സീപോർട്ട് റോഡിൽ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധനയ്ക്കു വന്ന മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാർക്ക് ഞെട്ടിക്കുന്ന കാഴ്ചകളാണ് സമ്മാനിക്കുന്നത്. നിയമലംഘനങ്ങളുടെ അയ്യരു കളിയാണിവിടെ. അതും ഉദ്യോഗസ്ഥർ പഴയ വാഹനങ്ങളുടെ ഫിറ്റ്‌നസ് പരിശോധന നടത്തുമ്പോഴാണ് ഫ്രീക്കൻമാരുടെ ഈ തോന്ന്യവാസം. ഇതോടെ ഫിറ്റ്‌നസ് പരിശോധനാ ജോലി നിർത്തിവെച്ചാണ് വെഹിക്കിൾ ഉദ്യോഗസ്ഥർ ഈ റോഡിലെ നിയമലംഘനങ്ങൾ പിടികൂടുന്നത്.
ഒരെണ്ണം പിടികൂടിയാൽ തൊട്ടുപിന്നാലെ അടുത്ത നിയമലംഘന കേസുകൾ വന്നുകൊണ്ടിരിക്കും. കൂടുതൽ ലൈസൻസില്ലാതെ വണ്ടിയോട്ടം, അപകടകരമായ രീതിയിൽ വാഹനങ്ങളിലിരുന്ന് റീൽസ് പിടിത്തം, സൂപ്പർ ബൈക്കുകളുടെ മത്സരയോട്ടം...എന്നിങ്ങനെ പട്ടിക നീളും. ഇവിടെ നടക്കുന്ന മത്സരയോട്ടത്തിൽ പാടത്തുനിന്ന് കയറിവന്ന പോത്തിനെ ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് അപകടത്തിൽപ്പെട്ട് മരിച്ചിരുന്നു.
ഇൻഫോപാർക്ക് എക്‌സ്പ്രസ് വേയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ വാഹന ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഇൻഫോപാർക്ക് അധികൃതർ നിയന്ത്രണം ഏർപ്പെടുത്തിയതോടെയാണ് വാഹനങ്ങൾ ഓടാത്ത ഈ റോഡിലേക്ക് ഫിറ്റ്‌നസ് പരിശോധന അധികൃതർ മാറ്റിയത്. പുറമേ നോക്കിയാൽ ആർക്കും പെട്ടെന്ന് കണ്ണിൽപെടാത്ത ഈ പാത, കുട്ടി ഡ്രൈവർമാർ അവരുടെ ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടാക്കി മാറ്റുകയായിരുന്നു. ഉദ്യോഗസ്ഥർ ഫിറ്റ്‌നസ് പരിശോധന ഇങ്ങോട്ട് മാറ്റിയതോടെയാണ് അത് പൊളിഞ്ഞത്.
1.9 കിലോ മീറ്റർ, എന്താ വൈബ്
ചുറ്റും കണ്ണിനെ പച്ചപ്പണിയിക്കുന്ന പ്രകൃതി മനോഹരമായ പാടം. അതിനു നടുവിലൂടെ മനോഹരമായ പാത. എങ്ങും ശാന്തതയും സൗന്ദര്യവുമുള്ള കാഴ്ചകളും. സീപോർട്ട്-എയർപോർട്ട് റോഡിന്റെ രണ്ടാംഘട്ടമായ എച്ച്എംടി-എൻഎഡി റീച്ചാണ് പാടത്തിനു നടുവിലൂടെ കടന്നുപോകുന്നത്. 2.7 കിലോമീറ്റർ വരുന്ന ഈ പാതയുടെ 1.9 കിലോ മീറ്റർ മാത്രമാണ് നിർമാണം പൂർത്തീകരിച്ചിട്ടുള്ളത്. റോഡിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്. ഈ റോഡിൽ പ്രഭാത സവാരിക്കാരുടെയും വൈകിട്ടായാൽ ഇവിടത്തെ കാഴ്ചകാണാൻ പുറംനാട്ടുകാരുടെയും നല്ല തിരക്കാണ്.
Content Highlights: Shocking road safety violations uncovered on the Seaport-Airport Road, including dangerous stunts for reels, underage driving, and high-speed racing. Authorities cracking down.