'ഗിവ് ദാറ്റ് മാൻ എ ബൈക്ക്'; അലാസ്‌കയിലെ വയോധികന് 19 ലക്ഷം രൂപയുടെ ബൈക്ക് സമ്മാനിച്ച് പുതിന്‍

മാർക്ക് വാറൻ പുതിൻ സമ്മാനിച്ച ബൈക്കുമായി, ഇൻസൈറ്റിൽ പുതിൻ | Photos: Facebook
മാർക്ക് വാറൻ പുതിൻ സമ്മാനിച്ച ബൈക്കുമായി, ഇൻസൈറ്റിൽ പുതിൻ | Photos: Facebook

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിനും തമ്മില്‍ അലാസ്‌കയില്‍ കഴിഞ്ഞയാഴ്ച നടത്തിയ കൂടിക്കാഴ്ച ലോകമാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ അലാസ്‌കയില്‍ നിന്നുള്ള മറ്റൊരു വാര്‍ത്തയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. അലാസ്‌കയിലെ ഒരു വയോധികന് പുതിന്റെ സംഘം 22,000 ഡോളറിന്റെ (ഏകദേശം 19 ലക്ഷം രൂപ) ബൈക്ക് സമ്മാനിച്ചെന്നതാണ് ആ വാര്‍ത്ത.  

അലാസ്‌കയിലെ ആങ്കറേജ് മുന്‍സിപ്പാലിറ്റിയിലുള്ള വിരമിച്ച അഗ്നിശമനസേനാ ഉദ്യോഗസ്ഥന്‍ മാര്‍ക്ക് വാറന്‍ എന്നയാളെയാണ് പുതിന്റെ സമ്മാനം തേടിയെത്തിയത്. ഒലിവ് ഗ്രീന്‍ നിറത്തിലുള്ള, സൈഡ് കാറോട് കൂടിയ യുറാല്‍ ഗിയര്‍ അപ്പ് എന്ന മോട്ടോര്‍ സൈക്കിളായിരുന്നു മാര്‍ക്കിനായി പുതിന്‍ നല്‍കിയ സമ്മാനം. യുഎസ്-റഷ്യ ഉച്ചകോടിക്ക് ദിവസങ്ങള്‍ക്ക് മാത്രം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ ഓഗസ്റ്റ് 12-നാണ് ഈ ബൈക്ക് നിര്‍മിച്ചത്. 

പഴയ മോഡല്‍ യുറാല്‍ മോട്ടോര്‍ സൈക്കിള്‍ സ്വന്തമായുള്ളയാളാണ് മാര്‍ക്ക്. ഒരു റഷ്യന്‍ ടെലിവിഷന്‍ സംഘം അവിചാരിതമായി മാര്‍ക്ക് പഴയ യുറാല്‍ ബൈക്ക് ഓടിച്ച് പോകുന്നത് കണ്ടതാണ് വഴിത്തിരിവായത്. ടെലിവിഷന്‍ സംഘം ഉടന്‍ മാര്‍ക്കിന്റെ ചെറിയൊരു അഭിമുഖമെടുക്കുകയായിരുന്നു. 

തന്റെ സോവിയറ്റ് സ്‌റ്റൈല്‍ ബൈക്കിന് സ്‌പെയര്‍ പാര്‍ട്ടുകള്‍ കിട്ടാന്‍ വലിയ ബുദ്ധിമുട്ടാണെന്ന് അഭിമുഖത്തില്‍ മാര്‍ക്ക് പറഞ്ഞു. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് മാര്‍ക്കിന്റെ തലവര മാറിയത്. 

'അത് ഭ്രാന്തമായ രീതിയില്‍ വൈറലായി. എന്തുകൊണ്ടാണെന്ന് എനിക്ക് ഒരു ധാരണയുമില്ലായിരുന്നു. ഞാന്‍ വളരെ സാധാരണക്കാരനായ ഒരാളാണ്. യുറാല്‍ ഓടിച്ചുപോകുന്ന, തികച്ചും സാധാരണക്കാരനായ ഒരാളെ അവര്‍ അഭിമുഖം ചെയ്യുകയായിരുന്നു.' -മാര്‍ക്ക് സിഎന്‍എന്‍ ചാനലിനോട് പറഞ്ഞു. ഓഗസ്റ്റ് 15-ന് നടന്ന ഉച്ചകോടിക്ക് രണ്ടുദിവസം മുമ്പ് ഒരു മാധ്യമപ്രവര്‍ത്തകന്‍ മാര്‍ക്കിനെ വിളിച്ച് പുതിയൊരു മോട്ടോര്‍ സൈക്കിള്‍ വരുന്നുണ്ട് എന്ന് പറഞ്ഞപ്പോള്‍ അതൊരു പ്രാങ്കായിരിക്കുമെന്നാണ് താന്‍ കരുതിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 
    
ഉച്ചകോടിക്ക് ശേഷം റഷ്യന്‍ സംഘം മാര്‍ക്കിനെ ഹോട്ടലിന്റെ പാര്‍ക്കിങ് സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ആറ് റഷ്യന്‍ പ്രതിനിധികള്‍ ബൈക്കിനരികെ നില്‍ക്കുന്നുണ്ടായിരുന്നു. 'ഞാന്‍ വാ പൊളിച്ച് നിന്നുപോയി. 'നിങ്ങളെന്നെ പറ്റിക്കുകയാണ്' എന്ന് ഞാന്‍ അവരോട് പറഞ്ഞു' -മാര്‍ക്ക് പറഞ്ഞു. ബൈക്ക് ഔദ്യോഗികമായി കൈപ്പറ്റിയതായുള്ള രേഖയില്‍ ഒപ്പിടുമ്പോഴാണ് അടുത്തിടെ മാത്രം നിര്‍മിച്ച ബൈക്കാണ് ഇതെന്ന കാര്യം താന്‍ ശ്രദ്ധിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

'പ്രസിഡന്റ് പുതിന്‍ വ്യക്തിപരമായി നല്‍കുന്ന സമ്മാനമാണ് ഇത്' എന്ന് പറഞ്ഞുകൊണ്ടാണ് യുഎസ്സിലെ റഷ്യന്‍ എംബസിയിലെ ജീവനക്കാരനായ ആന്ദ്രേയ് ലെഡെനെവ് മാര്‍ക്കിന് യുറാല്‍ ബൈക്കിന്റെ താക്കോല്‍ കൈമാറിയത്. ബൈക്ക് കിട്ടിയ ശേഷം ആദ്യമായി മാര്‍ക്ക് അത് ഓടിക്കുമ്പോള്‍ പിന്നില്‍ ആന്ദ്രേയ് ലെഡെനെവും സൈഡ് കാറില്‍ മറ്റൊരാളും ഉണ്ടായിരുന്നു. 

'എനിക്ക് എന്റെ പഴയ യുറാല്‍ ബൈക്ക് തന്നെയാണ് ഇഷ്ടം. എന്നാല്‍ ഇത് അതിനേക്കാള്‍ അടിപൊളിയാണ്. എനിക്ക് പറയാന്‍ വാക്കുകള്‍ കിട്ടുന്നില്ല. ഇത് ഗംഭീരമാണ്. വളരെ വളരെ നന്ദി.' -മാര്‍ക്ക് വാറന്‍ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

Content Highlights: Putin Surprises Alaska Man With Rs 19 Lakh Bike